തിരുവനന്തപുരം: സംസ്ഥാനത്ത് പോളിടെക്‌നിക് ഫലം പ്രഖ്യാപിക്കുന്നതിലെ കാലതാമസം പരിഹരിക്കണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപസാദ്. അവസാന വർഷ വിദ്യാർത്ഥികളുടെ റിസൾട്ട് പ്രഖ്യാപിക്കുന്നതിലെ കാലതാമസം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപി പരാതി നൽകി. ഡയറക്ടർ ഓഫ് ടെക്‌നിക്കൽ എജ്യൂക്കേഷനാണ് എബിവിപി സംസ്ഥാന സെക്രട്ടറി പരാതി നൽകിയത്.
ജോലിയിൽ പ്രവേശിക്കാനും ബിടെക് പോലുള്ള ഉന്നത വിദ്യാഭ്യാസത്തിനുളള പ്രവേശന നടപടികൾ ആരംഭിക്കാനും റിസൾട്ട് പ്രഖ്യാപിക്കേണ്ടത് അത്യാവശ്യമാണ്. ഫലപ്രഖ്യാപനം വൈകുന്നതും വെബ്‌സൈറ്റിന്റെ തകരാറും വിദ്യാർത്ഥികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ നിലപാടിന്റെ ഉദാഹരണമാണ് ഫലപ്രഖ്യാപനം വൈകുന്നതെന്നും എബിവിപി ചൂണ്ടിക്കാട്ടി.
റിസൾട്ട് പ്രഖ്യാപിക്കാതെ വിദ്യാർത്ഥികളുടെ തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതും തുടർപഠനത്തിനുള്ള അവസരം ഇല്ലാതാക്കുന്നതുമായ സമീപനത്തിൽ നിന്ന് സർക്കാർ പിന്മാറണം. അതുകൊണ്ട് റിസൾട്ട് പ്രഖ്യാപനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കണമെന്നും അല്ലെങ്കിൽ പ്രതിഷേധങ്ങളുമായി എബിവിപി രംഗത്തിറങ്ങുമെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.