‘മാനസമിത്രവടകം’ മാനസിക രോഗത്തിന് ആയുര്‍വ്വേദത്തില്‍ നല്‍കുന്ന ഒരു തരം മരുന്നാണ്. ആ പേരില്‍ തനൂജ ഭട്ടതിരി കലാകൗമുദിയില്‍ (ജൂണ്‍ 16-23) ഒരു കഥ എഴുതിയിരിക്കുന്നു. പേര് വ്യത്യസ്തതയുള്ളതായതുകൊണ്ട് പെട്ടെന്നു ശ്രദ്ധിക്കപ്പെടും. കഥയിലുള്ള ഉള്ളടക്കവും വ്യത്യസ്തതയുള്ളതുതന്നെ. പ്രസവാനന്തര വിഷാദരോഗം (Postpartum Blues) അടിസ്ഥാനമാക്കിയാണ് കഥ. തീര്‍ച്ചയായും പുതുമയുള്ളതാണ് ഇതിവൃത്തം. എന്നാല്‍ അതിനെ മുറുക്കമുള്ള ഒരു അവതരണം വഴി നല്ല ഒരു കഥയാക്കാന്‍ തനൂജ ഭട്ടതിരിക്കു കഴിയുന്നില്ല. ആയുര്‍വേദത്തെക്കുറിച്ച് അറിവൊന്നുമില്ലാത്തവര്‍ഈ മാനസമിത്രവടകം എന്തെന്നു പിടികിട്ടാതെ ആകെ വിഷമിക്കും.
പത്തുവര്‍ഷം ഭരിച്ച ഒരു പാര്‍ട്ടിയ്‌ക്കെതിരെ ഭരണവിരുദ്ധ വികാരം ഉണ്ടാകുന്നത് സ്വാഭാവികം. ‘അമ്മയെ തല്ലിയാലും രണ്ടുണ്ടുപക്ഷം’ എന്നതാണ് മനുഷ്യരുടെ മാനസികാവസ്ഥ. എത്ര മെച്ചപ്പെട്ട ഭരണമായാലും കുറച്ചു കഴിയുമ്പോള്‍ ജനത്തിനു മടുക്കും. അതിന് ഒരുപാടു ഘടകങ്ങളുണ്ടാവും. തങ്ങള്‍ അനധികൃതമായി ആവശ്യപ്പെട്ട ചില നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്തു കൊടുക്കാത്തതിന്റെ പേരിലുള്ള പക, ആഗ്രഹിച്ച സ്ഥാനങ്ങള്‍ ലഭിക്കാതെ പോയവരുടെ എതിര്‍പ്പ് തുടങ്ങി പല താല്പര്യങ്ങളും നിലവിലുള്ള ഭരണത്തിനെതിരെ ചിന്തിക്കാന്‍ മനുഷ്യരെ പ്രേരിപ്പിക്കും. സ്വാര്‍ത്ഥ താല്പര്യങ്ങളാല്‍ പ്രചോദിതരാണ് സാധാരണ മനുഷ്യര്‍. അവര്‍ രാഷ്ട്രനന്മയെ കണക്കാക്കി സ്വന്തം താല്പര്യങ്ങള്‍ ഉപേക്ഷിക്കാറില്ല. ഇത്തരം വ്യക്തി പരമായ ഇഷ്ടങ്ങള്‍ മെച്ചപ്പെട്ട ഭരണത്തെയും പലപ്പോഴും അട്ടിമറിക്കാറുണ്ട്.
മനുഷ്യസമൂഹം എപ്പോഴും യുക്തിപൂര്‍വ്വം അല്ല പെരുമാറുന്നതെന്ന് ലോകത്തെ മനസ്സിലാക്കിക്കാനാണ് ‘ജൂലിയസ് സീസര്‍’ നാടകമെഴുതിയതു വഴി ഷേക്‌സ്പിയര്‍ ശ്രമിച്ചത്. ആദ്യം ബ്രൂട്ടസിനെ അഭിനന്ദിക്കുകയും സീസറിനെ ശപിക്കുകയും ചെയ്ത ജനത വളരെ പെട്ടെന്നായിരുന്നു തിരിച്ചു ചിന്തിച്ചത്. മാര്‍ക്ക് ആന്റണിയുടെ സമര്‍ത്ഥമായ പ്രഭാഷണം കേട്ടുകഴിഞ്ഞപ്പോള്‍ പെട്ടെന്നു തന്നെ അവര്‍ ബ്രൂട്ടസിനെതിരെ തിരിഞ്ഞു. ഇതാണ് ആള്‍ക്കൂട്ടത്തിന്റെ മനശ്ശാസ്ത്രം. അതു മനസ്സിലാക്കി കൂര്‍മബുദ്ധികളായ അധികാരക്കൊതിയന്മാര്‍ വൈകാരികമായി അവരെ ഇളക്കി വിടുന്ന തന്ത്രങ്ങള്‍ പ്രയോഗിക്കും. ഇതൊന്നുമില്ലാതെ നല്ല ഭരണം മാത്രം കാഴ്ചവച്ചതുകൊണ്ട് ജനങ്ങള്‍ എപ്പോഴും കൂടെ നില്‍ക്കണമെന്നില്ല. എന്നാല്‍ ബുദ്ധിപൂര്‍വ്വം ആലോചിച്ച് ഭരണത്തെ വിലയിരുത്തി വോട്ടു ചെയ്യുന്ന ഒരു ന്യൂനപക്ഷമുണ്ട്. അവരെ വഴി തെറ്റിച്ചു വിടാന്‍ ഇത്തരം വൈകാരികക്കസര്‍ത്തുകള്‍ക്ക് എപ്പോഴും കഴിഞ്ഞെന്നു വരില്ല.
മോദി ഭരണത്തിനെതിരെ ജാതിയെ ആയുധമാക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ജാതിസെന്‍സസ് വേണമെന്നും സംവരണം അട്ടിമറിക്കാന്‍ പോകുന്നെന്നുമൊക്കെ പ്രതിപക്ഷം പ്രചരിപ്പിച്ച നുണകള്‍ ഒരു വിഭാഗം ആളുകള്‍ വിശ്വസിച്ചു. അങ്ങനെയൊരു ചെറുന്യൂനപക്ഷം മാറി ചിന്തിച്ചപ്പോള്‍ മോദിയുടെ ഭൂരിപക്ഷത്തില്‍ ചെറിയ കുറവുണ്ടായി. എങ്കിലും 300 നടുത്ത് സീറ്റു നല്‍കി അവര്‍ ഭരണപക്ഷത്തിന് തുടര്‍ച്ച അനുവദിച്ചു. ‘വീണതുവിദ്യ’ എന്ന മട്ടില്‍ ഇടതുപക്ഷം മോദിയുടെ ഭൂരിപക്ഷം കുറഞ്ഞതിനെ ചൂണ്ടിക്കാട്ടി ആശ്വസിക്കുകയാണ്, ദേശാഭിമാനിയിലെ ‘തോറ്റതു മോദി, ജയിച്ചതു ജനാധിപത്യം’ എന്ന ലേഖനത്തിലൂടെ. വി.ബി.പരമേശ്വരന്‍ (ജൂണ്‍ 23) എഴുതിയിരിക്കുന്ന ലേഖനത്തില്‍ പക്ഷേ ഇടതുപക്ഷം ചിത്രത്തിലേ ഇല്ലാത്തതിനെകുറിച്ച് ഒന്നും പറയുന്നില്ല.
ഇന്റര്‍നെറ്റില്‍ നിന്നാണ് ജോണ്‍മിലാസിന്റെ (John Milas) “Short Story as Modernist with Human Brain’ എന്ന ചെറിയ കഥ വായിച്ചത്. കഥ ആരംഭിക്കുന്നത് ഇങ്ങനെയാണ്,””His Brain was cold as hell and soggy like a wet basket ball” (അയാളുടെ തലച്ചോറ് നരകം പോലെ തണുത്തതും നനഞ്ഞ ബാസ്‌കറ്റ് ബാള്‍ പോലെ ഈറനുമായിരുന്നു). ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി ലുക്കീമിയ വന്നു മരിച്ച ഒരാളിന്റെ തലച്ചോറ് പഠനാര്‍ത്ഥം എടുത്തു പരിശോധിക്കുന്നതാണ് കഥയിലുള്ളത്. അത്തരം സന്ദര്‍ഭങ്ങളിലൂടെ കടന്നുപോയിട്ടുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരുപക്ഷേ സന്ദര്‍ഭം കൂടുതല്‍ അനുഭവവേദ്യമായിരിക്കും. മെഡിക്കല്‍ വിദ്യാര്‍ത്ഥിയാകുന്നതിനെ ഭയത്തോടെ കണ്ടിരുന്ന ഒരാളായിരുന്നു ഈ ലേഖകന്‍. മെഡിക്കല്‍ എക്‌സിബിഷനുകളില്‍ മനുഷ്യാവയവങ്ങള്‍ ഒട്ടൊരു തമാശയോടെ എടുത്തുകാണിക്കുന്ന വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥികളെ തെല്ലൊരു അസൂയയോടും കുറച്ചൊക്കെ അറപ്പോടും നോക്കിനിന്നിട്ടുണ്ട്. മിലാസിന്റെ കഥ വായിക്കുമ്പോള്‍ അതെ അനുഭവം കണ്‍മുന്നില്‍ സംഭവിക്കുന്നതായി തോന്നുന്നു. തകഴിയുടെ ‘വെള്ളപ്പൊക്കത്തില്‍’ പോലെ, കാരൂരിന്റെ പൂവമ്പഴം പോലെ കൂടുതല്‍ ഒന്നും പറയാതെ ഒരു അനുഭവം പകര്‍ന്നു തരാന്‍ ഈ ചെറിയ കഥയ്ക്ക് കഴിയുന്നു.
ദേശാഭിമാനി വാരികയില്‍ ലോകപ്രശസ്തനായ മലയാളി ന്യൂറോസര്‍ജന്‍ ഡോക്ടര്‍ കെ.രാജശേഖരന്‍ നായരുമായി എന്‍.ഇ.സുധീര്‍ നടത്തുന്ന അഭിമുഖം വായിച്ചപ്പോഴാണ് മിലാസിന്റെ കഥ ഓര്‍മ്മ വന്നത്. തലച്ചോറിനെ ലോജിക്കല്‍ പാര്‍ട്ട് എന്നും ഇമോഷണല്‍ പാര്‍ട്ട് എന്നും യുക്തിയുടേയും വികാരത്തിന്റേയും രണ്ടുഭാഗങ്ങളായി പകുത്തു കാണിക്കുകയാണ് മിലാസിന്റെ കഥയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥി. രാജശേഖരന്‍ നായര്‍ തലച്ചോറിന്റെ രഹസ്യങ്ങളുടെ അനന്തമായ കലവറകളിലേയ്ക്കു നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. പ്രപഞ്ച രഹസ്യങ്ങളെ മനുഷ്യനൊരിക്കലും പൂര്‍ണമായി നിര്‍ദ്ധാരണം ചെയ്യാന്‍ കഴിയുന്നില്ല എന്നതുപോലെ നമ്മുടെ തലച്ചോറും ഒരിക്കലും സമ്പൂര്‍ണ വിശകലനത്തിനു വഴങ്ങുമെന്നു തോന്നുന്നില്ല.
മനുഷ്യ മസ്തിഷ്‌ക്കത്തെക്കുറിച്ച് വലിയ ഗവേഷണങ്ങള്‍ നടത്തിയ വില്‍ഡര്‍ പെന്‍ഫീല്‍ഡ് എന്ന അമേരിക്കന്‍-കനേഡിയന്‍ ന്യൂറോ സര്‍ജനെക്കുറിച്ച് എനിക്ക് ആദ്യം അറിവുകിട്ടിയത് അന്തരിച്ചു പോയ പി.കേശവന്‍ നായരില്‍ നിന്നാണ്. അദ്ദേഹത്തിന്റെ കൃതികളില്‍ നിന്നും തലച്ചോറിന്റെ ടെംപോറല്‍ ലോബിനെ(Temporal Lobe) ഉത്തേജിപ്പിച്ച് പെന്‍ഫീല്‍ഡ് നടത്തിയ പരീക്ഷണങ്ങളെക്കുറിച്ച് ചില സൂചനകള്‍ കിട്ടിയിരുന്നു. മനുഷ്യന്റെ ഓര്‍മ, വികാരം എന്നിവയെക്കുറിച്ചുള്ള പൊതുധാരണകളെ പലതിനേയും അദ്ദേഹം ചോദ്യം ചെയ്തതായി പറയപ്പെടുന്നു. മോണ്‍റിയല്‍ പ്രൊസീഡ്യൂര്‍ (Montreal Procedure) എന്ന പേരില്‍ അറിയപ്പെടുന്ന പെന്‍ഫീല്‍ഡിന്റെ മസ്തിഷ്‌ക്ക ശസ്ത്രക്രിയാ രീതിയും പ്രശസ്തമായിരുന്നു. രോഗിയെ സമ്പൂര്‍ണമായി മയക്കാതെ ലോക്കല്‍ അനസ്തീഷ്യ മാത്രം നല്‍കി തലയോട്ടി ഇളക്കി പെന്‍ഫീല്‍ഡ് ശസ്ത്രക്രിയകള്‍ ചെയ്യുമായിരുന്നുവത്രേ!
രാജശേഖരന്‍ നായരും സൈക്ക്യാട്രിയും ന്യൂറോളജിയും തമ്മില്‍ വേര്‍പെടുത്തിയതിനെ ചോദ്യം ചെയ്യുന്നുണ്ട്. മനുഷ്യമസ്തിഷ്‌ക്കത്തെക്കുറിച്ച് കൂടുതല്‍ അറിയുമ്പോള്‍ മനസ്സിനു പ്രത്യേകമായ ശാസ്ത്രശാഖ ആവശ്യമില്ലെന്നു വന്നേക്കാം. ന്യൂറോട്രാന്‍സ്മിറ്ററുകളുടെ ഏറ്റക്കുറച്ചിലുകള്‍ തന്നെ തലച്ചോറില്‍ വലിയ വലിയ മാറ്റങ്ങളുണ്ടാക്കുന്നതായി കണ്ടെത്തിയപ്പോള്‍ മനസ്സ് തലച്ചോറിലെ രാസത്വരകങ്ങളാല്‍ നിയന്ത്രിക്കാനാവും എന്ന ധാരണ വന്നിരുന്നു. കൃത്രിമമായി അവയുടെ ഉത്പാദനത്തെ നിയന്ത്രിക്കുമ്പോള്‍ തന്നെ സൈക്കോളജി ന്യൂറോളജിക്കു കീഴടങ്ങാന്‍ തുടങ്ങുന്നതായി പലരും ധരിച്ചു. എന്നാല്‍ മസ്തിഷ്‌ക്കവും മനസ്സും ഇന്നും പൂര്‍ണ്ണമായി പിടിതരുന്നതേയില്ല. അന്ധന്മാര്‍ ആനയെ കണ്ട കഥ പോലെയാണ് പല ഗവേഷണങ്ങളും എന്നതാണ് സത്യം. മനുഷ്യന് ആത്മാവുണ്ടോ അതിന്റെ ഇരിപ്പിടം മസ്തിഷ്‌ക്കമാണോ എന്നൊക്കെ ഗവേഷണം നടത്തിയ പെന്‍ഫീല്‍ഡിന് കൃത്യമായ ഒരുത്തരവും നല്‍കാനായില്ല. മനസ്സും തലച്ചോറും തമ്മിലുള്ള ബന്ധത്തെപ്പോലും സമ്പൂര്‍ണ്ണമായി അദ്ദേഹത്തിനു സ്ഥാപിച്ചെടുക്കാനായില്ലത്രേ!
ഹൃദയത്തില്‍ ഒരു കൂട്ടം നാഡീകോശങ്ങളുണ്ടെന്നും മനസ്സിന്റെ ഇരിപ്പിടം ഹൃദയമാണെന്നും വാദിക്കുന്ന പുതിയ ചില ഗവേഷകരെക്കുറിച്ചു ചില ജേണലുകളില്‍ പറയുന്നുണ്ട്. അതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ എന്നറിയില്ല. ചിന്ത, ഓര്‍മ എന്നിവ തലച്ചോറിലും വികാരങ്ങള്‍ ഹൃദയത്തിലും എന്നിങ്ങനെയാണ് ഇവരുടെ നിഗമനം. അങ്ങനെയാണെങ്കില്‍ ഹൃദയം മാറ്റിവയ്ക്കുന്നതോടുകൂടി ഒരാളിന്റെ വൈകാരിക ഘടന അടിമുടി മാറേണ്ടതല്ലേ? അങ്ങനെ സംഭവിച്ചതായി ആരും പറഞ്ഞു കേട്ടിട്ടില്ല. ഒരുപക്ഷേ അങ്ങനെയൊരു മാറ്റം ഉണ്ടായിട്ടുണ്ടെങ്കില്‍ത്തന്നെ ആ വ്യക്തിപോലും അതു തിരിച്ചറിയുകയുമില്ല.
ഓര്‍മയെക്കുറിച്ച് ചില ഗവേഷകര്‍ പറയുന്നത് വെള്ളത്തില്‍ ഒന്നും എഴുതാനോ വരയ്ക്കാനോ കഴിയാറില്ല എന്നു സാധാരണ പറയുന്നതുപോലെ 80% വെള്ളം കൊണ്ടു നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന മനുഷ്യമസ്തിഷ്‌ക്കത്തിലും ഒന്നും സൂക്ഷിച്ചു വയ്ക്കാനാവില്ല എന്നാണ്. ഓര്‍മകള്‍ രേഖപ്പെടുത്തിവയ്ക്കാനോ സൂക്ഷിച്ചു വയ്ക്കാനോ മനുഷ്യമസ്തിഷ്‌ക്കത്തിന് കഴിയില്ലെന്ന് ഈ പുതിയ ഗവേഷകര്‍ വിശ്വസിക്കുന്നു. പുറത്തുണ്ടാകുന്ന ഉദ്ദീപനങ്ങള്‍ക്കനുസരിച്ച് പ്രപഞ്ചശരീരത്തില്‍ നിന്നും തലച്ചോര്‍ ഓര്‍മ്മകള്‍ പിടിച്ചെടുക്കുകയാണത്രേ! ഒരു റേഡിയോ റിസീവര്‍ ചെയ്യുന്നതുപോലെ. ഗവേഷകരുടെ നിഗമനങ്ങളും വിലയിരുത്തലുകളും അനന്തമായി ഇങ്ങനെ നീളും എന്നല്ലാതെ പ്രപഞ്ച പ്രതിഭാസങ്ങളുടെ പിന്നാമ്പുറങ്ങള്‍ പൂര്‍ണ്ണമായും വായിച്ചെടുക്കാന്‍ മനുഷ്യന് ഒരുകാലത്തും കഴിയുമെന്നുതോന്നുന്നില്ല. അന്‍പതുവര്‍ഷങ്ങള്‍ക്കു മുന്‍പ് ശാസ്ത്രജ്ഞന്മാര്‍ നടത്തിയ ചില അവകാശവാദങ്ങള്‍ ഓര്‍മ വരുന്നു. അവയൊക്കെ ഇപ്പോഴും അവകാശവാദങ്ങളായിത്തന്നെ തുടരുന്നു. മനുഷ്യന് ഈശ്വരനാകാന്‍ കഴിയില്ല.