കോഴിക്കോട്: അര്‍പ്പണ മനോഭാവമുള്ള തൊഴിലാളികളാണ് രാജ്യപുരോഗതിക്ക് കരുത്തേകുന്നതെന്ന് ബിഎംഎസ് ദേശീയ സെക്രട്ടറി വി. രാധാകൃഷ്ണന്‍ പറഞ്ഞു. തൊഴില്‍ ആരാധനയാണെന്ന കാഴ്ചപ്പാടോടെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലാളി സംഘടനയാണ് ബിഎംഎസ്. 1,64,00,000 ത്തില്‍ പരം അംഗങ്ങള്‍ ഉള്ള സംഘടനയായി അത് വളര്‍ന്നുകഴിഞ്ഞു. ബിഎംഎസ് സ്ഥാപകന്‍ ദത്തോപാന്ത് ഠേംഗ്ഡിയുടെ പേരില്‍ കോഴിക്കോട് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ സ്വാഗതസംഘ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എ.കെ.ബി. നായര്‍ അധ്യക്ഷത വഹിച്ചു. മാതൃഭൂമി ചെയര്‍മാന്‍ പി.വി. ചന്ദ്രന്‍, അളകാപുരി ഹോട്ടല്‍ എംഡി എ. വിജയന്‍ എന്നിവരെ ആദരിച്ചു. നിധി സമാഹരണത്തിലേക്കുള്ള ആദ്യ സംഭാവന കെ. ഗംഗാധരനില്‍ നിന്ന് എ.കെ.ബി. നായര്‍ ഏറ്റുവാങ്ങി. ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ പദ്ധതി വിശദീകരിച്ചു.
കോഴിക്കോട് വിഭാഗ സഹസംഘചാലക് എ.കെ. ശ്രീധരന്‍ മാസ്റ്റര്‍, ഗുരുവായൂരപ്പന്‍ കോളജ് റിട്ട. പ്രിന്‍സിപ്പല്‍ പ്രൊഫ. സുമതി ഹരിദാസ്, ബിഎംഎസ് മുന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ കെ. ഗംഗാധരന്‍, മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍, ജില്ലാ സെക്രട്ടറി ടി.എം. പ്രശാന്ത്, സി.പി. രാജേഷ്, പി. ശശിധരന്‍, ഇ. ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു.