ചോപ്പിന്റെ ഉച്ചയില്‍ ഗോപ വെളിച്ചപ്പാട് കൊടുങ്ങല്ലൂരമ്മയില്‍ ലയിച്ച് തുള്ളുമ്പോഴാണ് കുടുംബ കാവില്‍ തൊഴുതു നില്‍ക്കുന്ന ഉണ്ണിമായയിലേക്ക് അമ്മ കേറിയത്. അവളുടെ ശരീരം വല്ലാതെ വിറച്ചു തുടങ്ങിയപ്പോള്‍ വെളിച്ചപ്പാടിന്റെ വാള്‍ അറിയാതെ കൈവിട്ട് താഴെ വീണു. പിന്നെ എത്ര നോക്കീട്ടും കൈ ഉറക്കുന്നില്ല.കാലുകള്‍ തെന്നി മാറുന്നു.
എന്താ പറ്റിയത് എന്ന കൂട്ടത്തിലാരുടെയോ ചോദ്യത്തെ അയാള്‍ കേള്‍ക്കാതെ വിട്ടു. പതുക്കെ കാവിന്റെ ഒരു കോണില്‍ തളര്‍ന്നിരുന്നു. ഉണ്ണിമായയുടെ തുള്ളല്‍ കണ്ട് വകയിലെ അച്ഛന്‍ പെങ്ങള്‍ ഭവാനിയമ്മ രണ്ടു കൈകളും നെഞ്ചിലേക്ക് വെച്ച് തുറിച്ച കണ്ണുകളോടെ ആകാശത്തേക്ക് നോക്കി.
അമ്മേ, കാക്കണേ!
ഉറക്കെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല.
ദ് അദെന്നാ, അമ്മേടെ വിളി തന്ന്യാ-തൊടി കടന്ന് വന്ന മുത്യാര് ഉറപ്പിച്ചു. ഭവാനിയമ്മക്ക് കണ്ണില്‍ ഇരുട്ട് കയറി.
ഉണ്ണിമായ വീണു.
വെളിച്ചപ്പാടിന്റെ തൊണ്ട വരണ്ട്, നാവ് നീട്ടി. ആരോ കൊടുത്ത വെള്ളം ഒന്നിച്ച് കുടിച്ചു തീര്‍ത്തു.
പരവേശം മാറ്ണില്ല.
വിളിക്കേണ്ട, നല്ലോണം ഒന്ന് ഉറങ്ങിക്കോട്ടെ – ഉണ്ണിമായയെ നോക്കി മുത്യാര് ഭവാനിയമ്മോട് പറഞ്ഞ് പുറത്തേക്കിറങ്ങി.
ഭഗോതിയുടെ തീരുമാനമാണ് എല്ലാം, നി ആരാന്നും-
ഇടനാഴിയിലൂടെ പതുക്കെ നടന്നു പോയ മുത്യാര് പറഞ്ഞത് ഭവനായിയമ്മുടെ ഇടനെഞ്ചില്‍ കൊളുത്തി വലിച്ചു.
പിറ്റേന്ന് രാവിലെ അങ്ങാടിയില്‍ ബസ്സിറങ്ങിയ വെളിച്ചപ്പാട് കോമന്റെ ചായക്കടയിലേക്ക് നീണ്ടു. ചൂട് ചായ ഇളകുന്ന മേശപ്പുറത്ത് വെച്ചപ്പോഴാണ് മണിയന്‍ ഉണ്ണിമായയെ കൊടുങ്ങല്ലൂരമ്മ വിളിച്ച കാര്യം ചെവില്‍ പറഞ്ഞത്. ഗ്ലാസ്സില്‍ പിടിച്ച കൈയ്യിനോട് ചേര്‍ന്ന് നിന്ന ചൂടിനെ വെളിച്ചപ്പാട് അറിഞ്ഞതേയില്ല. അകം ചുട്ടുപൊള്ളുകയായിരുന്നു. ഗ്ലാസ്സിനെ അങ്ങോട്ടും ഇങ്ങോട്ടും നീക്കിക്കൊണ്ട് തെളിയാത്ത നോട്ടം നോക്കിയിരുന്നു. ചായേന്റെ ചൂട് പോവും വെളിച്ചപ്പാടേ – കോമന്റെ പറച്ചില്‍ വെറുതെയായി.
ഏറെ നേരം അതേ ഇരുപ്പ് തന്നെയായിരുന്നു. പിന്നെ ഒരു ഉള്‍വിളി പോലെ പെട്ടെന്ന് എണീറ്റ് നേരെ വേഗത്തില്‍ നടന്നു.
ആരോടും ഒന്നും പറഞ്ഞില്ല. ഒന്നും ചോദിച്ചതുമില്ല. പഴയ ഗേറ്റ് കടന്ന് ഉമ്മറത്തെ ചാരു കസേരയില്‍ നീണ്ട് ഇരുന്നു. അല്‍പ്പം കഴിഞ്ഞ് വെറുതെ പുറത്തേക്ക് വന്ന ഭവാനിയമ്മ ആദ്യം ഒന്ന് അമ്പരന്നു.പിന്നെ ഒന്ന് കൂടി നോക്കി ആളെ ഉറപ്പാക്കി ചോദിച്ചു – വന്നിട്ട് ഏറെ നേരായോ. മറുപടി ഉണ്ടായില്ല. കുളിച്ച് വന്നാല്‍ കഴിക്കാം.
മറുപടി ഇല്ല. ചുറ്റുപാടും വെറുതെ ഒന്ന് കണ്ണോടിച്ച് അവര്‍ അകത്തേക്ക് കേറി.
ഉണ്ണീ, അച്ഛന്‍ എത്തീട്ടോ-മച്ചു മുറിയിലേക്ക് നോക്കി പറഞ്ഞു.
മറുപടി വന്നില്ല. അച്ഛനെ കാണണമെന്ന് ഒരു നിമിഷം ഉണ്ണിമായക്ക് തോന്നി പിന്നെ വേണ്ടാന്ന് തോന്നി. വയ്യ, അച്ഛനെ കണ്ടാല്‍ പിടികിട്ടില്ല ഉറപ്പ്. അവള്‍ നിറഞ്ഞ കണ്ണുകളിലൂടെ ചുറ്റും നോക്കി. അയാള്‍ പതുക്കെ ബാഗിലെ വലിയ പൊതിക്കെട്ടെടുത്തു. കുപ്പിവളകളും ചാന്തും പിന്നെയും ഏറെ സാധനങ്ങള്‍. കാലങ്ങളായി ഉള്ള പതിവാണ്. ഭരണിക്ക് പോയ് വരുമ്പോ ഉണ്ണിക്ക് ദെല്ലാം വേണം. ഇപ്പത്തെ കുട്ട്യോള് ദൊക്കെ ഇടോ ന്ന് ചോദിച്ചാ ചിരിച്ചോണ്ട് മറുപടി പറയും ന്നാലും അദ് വേണം ന്ന്. പതിവ് തെറ്റിയില്ല. ഭരണിപ്പറമ്പില് ചെന്നപ്പോ തന്നെ ഇതൊക്കെ വാങ്ങി. വാങ്ങിയതൊക്കെ കടും നിറങ്ങളാണ്. അറിയാതെയാണെങ്കിലും കാര്യങ്ങള്‍ക്കൊക്കെ ഒരു ചേര്‍ച്ച കൂടുതല്‍ ഉണ്ടായിരുന്നു.
വിളിച്ചിട്ടും അവള്‍ വിളി കേട്ടതല്ലാതെ പുറത്തേക്ക് വന്നില്ല. വരരുതേ ന്ന് തന്നെയായിരുന്നു അയാള്‍ക്കും. പൊതികളെല്ലാം ഭവാനിയമ്മയുടെ കയ്യില്‍ കൊടുത്തു. മുഖം കൊടുക്കാതിരിക്കുവാന്‍ അവരും നന്നേ ശ്രമിച്ചു.
കുളി കഴിഞ്ഞ് കിടന്നു. മനസ്സിലെ ആധി ഉറക്കം കൊടുത്തതേയില്ല. ഇതിനിടയിലെപ്പോഴോ ഉണ്ണിമായ പുറത്ത് വന്ന് അയാളെ ഒന്ന് പാളി നോക്കി വേഗത്തില്‍ തിരിച്ചുപോയി. വൈകുന്നേരം വെറുതെ കല്ലുകള്‍ കുളത്തിലേക്ക് ഇട്ട് സമയം നീക്കുന്ന ഉണ്ണിമായയിലേക്ക് പെട്ടെന്ന് അച്ഛന്റെ മുഖം തെളിഞ്ഞു വന്നു.അവളുടെ കണ്ണുകള്‍ നിറഞ്ഞു. ഒരൊറ്റ കല്ല് ശക്തിയായി കുളത്തിലേക്കിട്ട് അവള്‍ തിരിഞ്ഞു നടന്നു. മുറ്റത്തു നിന്ന് ഉമ്മറത്തേക്ക് കയറുമ്പോള്‍ മുന്‍പില്‍ അച്ഛന്‍.
ഉണ്ണിക്ക് മേടിച്ചതാ. വെറുതെ കണ്ടപ്പോ മേടിച്ചതാ, പട്ട് പാവാട. നെറം ചോപ്പെന്നേ.
കയ്യിലെ കവര്‍ നീട്ടിയപ്പോള്‍ ഒറ്റ കരച്ചിലിനെ തുറന്നു വിട്ട് അവള്‍ അകത്തേക്ക് ഓടിപ്പോയി. പിന്നെ വീടിനകം ശൂന്യത നിറഞ്ഞ് നിന്നു.ആരും അധികം ഒന്നും പറയാറില്ല. ഏതാനും വാക്കുകളില്‍ എല്ലാം ഒതുങ്ങും. തല്‍ക്കാലം നാല് ദിവസം കൂട്ടിന് വന്ന അച്ഛന്‍ പെങ്ങള്‍ പോകണോ, പോകണ്ടയോ എന്നറിയാതെ ഏതാനും ദിവസങ്ങള്‍ നീക്കി. പക്ഷെ അധികനാള്‍ നില്‍ക്കാനാവില്ല.വീട്ടില് പരസഹായമില്ലാതെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാത്ത കെട്ടിയോനും മക്കളും മാത്രാ ഉള്ളത്. രണ്ടൂസത്തെ കാര്യല്ലെന്ന് കരുതി വന്നതായിരുന്നു. കൊല്ലോം പതിവാ ഇത്.
ന്റെ കുട്ടി നെഞ്ചുരുകണ്ടാ, അരുതാത്തതൊന്നും ഭഗോതി നടത്തില്ല -നെറുകില്‍ ഉമ്മ നല്‍കി, കണ്ണ് തുടച്ച് അച്ഛന്‍ പെങ്ങള്‍ പറഞ്ഞിറങ്ങി. പരസ്പരം മുഖം കൊടുക്കാതെ, ഒന്നും മിണ്ടാതെ ഉണ്ണിമായയും അച്ഛനും രാത്രിയുടെയും പകലിന്റെയും ഒപ്പം നടന്നു. ആരുടെ ചുവടാണ് നില്‍ക്കുകയെന്നറിയാതെ അവരുടെ ഉള്ളം പിടഞ്ഞു. അച്ഛനെ കാക്കണേ ന്ന് അവള്‍ കൊടുങ്ങല്ലൂരമ്മയോട് കരഞ്ഞു പറഞ്ഞുകൊണ്ടേയിരുന്നു. മകളെക്കുറിച്ചുള്ള ആധിയില്‍ വെളിച്ചപ്പാട് തളര്‍ന്നു. അമ്മയെ കാണാത്ത കുട്ടിയായ അവളായായിരുന്നു എല്ലാം. കണ്ണുനിറയാതെ എന്നും അവളിരിക്കണം അത്രയേ പ്രാര്‍ത്ഥിച്ചുള്ളൂ എന്നും. പക്ഷേ ഇപ്പോ ആ കണ്ണ് തോരുന്നേയില്ല. എന്തിനായിരുന്നു ഇത്. അയാള്‍ തലയില്‍ കൈ രണ്ടും വെച്ച് ഒന്ന് പൊട്ടിക്കരയാന്‍ ശ്രമിച്ചു. അകത്തെ ജനാലയിലൂടെ വന്ന വെളിച്ചത്തിലൂടെ നോക്കി ഉണ്ണിമായ കൂട്ടുകാരനച്ഛന്റെ കൈ പിടിച്ചു നടന്ന വഴികളിലേക്ക് നോക്കി. കോമന്റെ കടയിലെ ചായയും ചൂട് ദോശയും, അമ്പലപ്പറമ്പിലെ യന്ത്ര ഊഞ്ഞാലും, വാലിപ്പുഴയിലെ വിസ്തരിച്ച നീന്തിക്കുളിയും, സൈഡ് സീറ്റിലിരുന്നുള്ള ഭഗവതി ബസ്സിലെ യാത്രയും. എത്ര സുന്ദരമായിരുന്നു. ഇനി ഒന്നും വരില്ല. തിരിച്ചുവരാതെ പോയതിനെ ഓര്‍ത്ത് കരയാന്‍ വയ്യാതെ അവള്‍ ഏങ്ങി നിന്നു. തൊടിയിലെ കാവില്‍ വിളക്കു വെക്കുന്നതു പോലും പലപ്പോഴും നേരം തെറ്റിയായിരുന്നു. ഉണ്ണിമായയാണ് പതിവ് സമയം ഓര്‍മ്മിപ്പിക്കാറ്. അവളിപ്പോള്‍ സമയം നോക്കാറെയില്ല. അയാളാവട്ടെ സമയം തെറ്റിയ അവസ്ഥയിലുമാണ്. വല്ലപ്പോഴും പുകയുന്ന അടുക്കളയിലേക്ക് അയാള്‍ ഒന്ന് കറയി. വിശപ്പില്ല, ഒരു കട്ടന്‍ ചായ മതി. അത് മാത്രം. തിളച്ചുമറിയുന്ന വെള്ളത്തെ നോക്കി ഇനി എന്ത് ചെയ്യണമെന്നറിയാതെ നിന്നു. ഒന്നും ഓര്‍മ്മയില്‍ വന്നില്ല ഇത്തിരി നേരം. തീ കെട്ടു. ഉയര്‍ന്ന വെള്ളം തിരിച്ചിറങ്ങി.
ചായ വേണ്ട.
അയാള്‍ വെറും കയ്യോടെ അടുക്കള വിട്ടിറങ്ങുമ്പോഴാണ് വാര്യരും കൂട്ടരും കേറി വന്നത്. ഉത്സവത്തിന്റെ കൊടികേറ്റായി. വെളിച്ചപ്പാടിനെ ഓര്‍മ്മിപ്പിക്കേണ്ടതില്ല ന്നറിയാം. ന്നാലും ഒന്ന് നേരില്‍ പറയാനിറങ്ങിയതാ. വാര്യര്‍ പറഞ്ഞതിന് മറുപടി പറയാന്‍ വൈകി.
ഇത്തവണ….. അത് പൂര്‍ത്തിയാക്കാതെ അയാള്‍ പുറത്തേക്ക് അലക്ഷ്യമായി നോക്കിയിരുന്നു.
അല്ല എന്താപ്പോ ആ പറഞ്ഞിന്റെ പൊരുള്‍ – തിരിച്ചു നടക്കുമ്പോള്‍ വന്നവരിലൊരാള്‍ സംശയത്തോടെ ചോദിച്ചു.
അത്… മകള്‍ക്കും ഭഗോതി ടെ വിളി വന്നൂത്രെ-മറ്റാരോ പറഞ്ഞു.
അതിന്?
അദെന്നെ കാര്യം. ഒരു വീട്ടിലെ ഒരാളെയേ ഭഗോതി വെളിച്ചപ്പാടായി വിളിക്യാ. രണ്ടാള്‍ക്ക് വിളി വന്നാ അതിലൊരാള്‍ അടുത്ത ഭരണി തീണ്ടില്യാ ത്രെ-
കൂട്ടത്തതിന് വന്ന ആ ശബ്ദത്തിന് ഇത്തിരി സങ്കടത്തിന്റെ തണുപ്പുണ്ടായിരുന്നു.
അതേയോ?
ഒക്കെ വിശ്വാസാ.
പിന്നെ ആരും ഒന്നും പറഞ്ഞില്ല.
വന്നവര്‍ പടി കടന്ന് പോവുന്നത് ഉണ്ണിമായയുടെ കണ്ണില്‍ പെട്ടു. കൂട്ടത്തിലെ ഒരാളുടെ തിരിഞ്ഞുനോട്ടം അവളുടെ കണ്ണുനിറച്ചു. പോക്കുവെയിലേറ്റ് അച്ഛന്‍ കൊണ്ടുവന്ന വളകള്‍ കൈകളിലിട്ട് അവള്‍ വെറുതെ നോക്കി. ചാന്ത് രണ്ടു കൈകളിലും എടുത്ത് മുഖമാകെ തേച്ചു. അച്ഛന്റെ മുഖം അവളില്‍ നിറഞ്ഞ് നിന്നപ്പോള്‍ രണ്ടു കൈകളും കൂട്ടിയിടിച്ചു. വളകള്‍ പൊട്ടി രക്തം ഒഴുകി തുടങ്ങിയപ്പോഴാണ് കാവില്‍ തുള്ളുന്ന അച്ഛനെ കണ്ടത്. അവള്‍ ഇറങ്ങിയോടി കാവിലെത്തി. അച്ഛന്‍ ഉറഞ്ഞു തുള്ളുന്നു. അവള്‍ ഉറക്കെ അച്ഛാന്ന് വിളിച്ചു. അയാള്‍ കേട്ടില്ല. അയാള്‍ ഉച്ചസ്ഥായിയിലായി. വാള്‍ ആഞ്ഞു വീശി. ഒന്നല്ല രണ്ടുവട്ടം. രക്തം ചീറ്റിത്തെറിച്ചു. വീണ്ടും വാള്‍ ആഞ്ഞുവീശിയ അയാളുടെ കയ്യില്‍ നിന്ന് ഉണ്ണിമായ വാള്‍ തട്ടിയെടുത്തു.
വാള്‍ ആഞ്ഞു വെട്ടി. പലവട്ടം.
അമ്മേ…. ആ വിളി ഉയരങ്ങളിലേക്ക് നീണ്ടു പോയി.
അവിടെയാകെ ചോപ്പ് നിറഞ്ഞൊഴുകി.