Friday, January 27, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

ധന്യത വറ്റിയ മലയാളനോവല്‍

റഷീദ് പാനൂര്‍

Print Edition: 6 December 2019

സാമൂഹിക മാറ്റത്തിന്റെ ചാലക ശക്തിയാണ് നോവലുകളും കഥകളുമെന്ന് മാര്‍ക്‌സിയന്‍ നിരൂപകര്‍ പറയുന്നു. പക്ഷേ ആഴമില്ലാത്ത സാമൂഹ്യചിത്രങ്ങളെ തിരിച്ചും മറിച്ചും നോക്കി ഒരു സാഹിതിക്കും ഏറെക്കാലം നിലനില്‍ക്കാന്‍ കഴിയില്ല. തകഴിയും, കേശവദേവും, എസ്.കെ. പൊറ്റെക്കാട്ടും ചെറുകാടും കെ.സുരേന്ദ്രനും മലയാറ്റൂര്‍ രാമകൃഷ്ണനും ലളിതാംബിക അന്തര്‍ജനവും എഴുതിയ എണ്ണമറ്റ കഥകളില്‍ നിന്നും നോവലുകളില്‍ നിന്നും കലാപരമായി ഔന്നത്യം പുലര്‍ത്തുന്ന എത്ര രചനകള്‍ തിരഞ്ഞെടുക്കാനാകും? സാമൂഹ്യസ്പന്ദനങ്ങള്‍ അതേപടി പകര്‍ത്തിയതുകൊണ്ട് മാത്രം അത് കലയാവുകയില്ല എന്ന സത്യം വായനക്കാര്‍ക്കറിയാം. സാമൂഹ്യ ജീവിതത്തിന്റെ അന്തര്‍ഭാഗത്തേക്ക് ഇറങ്ങിത്തിരിക്കാന്‍ സാമൂഹ്യശാസ്ത്രപരമായും മനഃശാസ്ത്രപരമായും, ഉള്‍ക്കാഴ്ചയുള്ള എഴുത്തുകാര്‍ക്ക് മാത്രമേ കഴിയുകയുള്ളൂ. ‘വിത്തുകാള’യും, ‘പാപികളും’, എഴുതിയവര്‍ പറഞ്ഞ് നടന്നത് ”ഞങ്ങള്‍ തൂലികയെ പടവാളാക്കാന്‍ പോകുന്നു” എന്നാണ്. കെ.പി.ജിയുടെയും, തിരുനെല്ലൂര്‍ കരുണാകരന്റേയും രചനകള്‍ ഇന്ന് സോഷ്യളോജിക്കല്‍ നിരൂപകര്‍ പോലും പഠനത്തിനെടുക്കാത്തത് എന്തു കൊണ്ടാണ്? സാമൂഹ്യമാറ്റം തോക്കിന്‍കുഴലിലൂടെ മാത്രമല്ല സാഹിത്യരചനയിലൂടെയും ആകാം എന്ന് പ്രഖ്യാപിച്ച കമിറ്റ്‌മെന്റ് സാഹിത്യത്തിന്റെ വക്താക്കള്‍ ഒരു മികച്ച വിപ്ലവ നോവലുകള്‍ പോലും മലയാളത്തില്‍ സംഭാവന ചെയ്തില്ല.

തകഴിയും ദേവും പൊറ്റെക്കാട്ടും മലയാള നോവല്‍ സാഹിത്യചരിത്രം പഠിക്കുന്ന കുട്ടികള്‍ക്ക് അനിവാര്യമാണ്. പക്ഷേ ഇവരുടെ സമ്പൂര്‍ണ്ണകൃതികള്‍ വായിക്കാന്‍ തുനിയുന്ന മികച്ച സൗന്ദര്യശിക്ഷണം വായനയിലൂടെ കിട്ടിയ ഒരാസ്വാദകന്‍ ഇവരുടെ മിക്ക കൃതികളും മാറ്റിവെക്കും. സമൂഹത്തിന്റെ മുഖത്ത് നോക്കി ചിലത് അത്യുച്ചത്തില്‍ വിളിച്ച് പറഞ്ഞാല്‍ അത് കലയാവുകയില്ല. കലയുടെ ജൈവവികാസത്തിനാവശ്യമായ സൗന്ദര്യപരമായ മെറ്റബോളിസം ഉള്ളതുകൊണ്ടാണ് ബഷീര്‍ കൃതികളും കാരൂര്‍ക്കഥകളും, ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നത്. മനുഷ്യചരിത്രമെന്ന മഹാപ്രവാഹത്തെ കലയുടെ മൂശയിലൂടെ നിര്‍മ്മിച്ച് എപിക് ഡയമെന്‍ഷനുള്ള കൃതികള്‍ എഴുതിയ മിഖായേല്‍ ഷൊളവ്, മാക്‌സിംഗോര്‍ക്കിയും ടര്‍ജനീവും വിശ്വനോവല്‍ സാഹിത്യത്തില്‍ ആല്‍പ്‌സ്പര്‍വ്വതം പോലെ ഉയര്‍ന്നു നില്‍ക്കുന്നു.

മലയാളനോവല്‍ സാഹിത്യത്തിന്റെ ഗതിമാറ്റിയത് എം.ടിയും കോവിലനും ഉറൂബും സി.രാധാകൃഷ്ണനും പി.വത്സലയും എന്‍.പി. മുഹമ്മദുമാണ്. വ്യക്ത്യാനുഭവങ്ങളുടെ സങ്കീര്‍ണ്ണമേഖലകളും അവിടെ ഉയര്‍ന്നമരുന്ന ലോലഭാവങ്ങളുടെ ശോണ മുഹൂര്‍ത്തങ്ങളും തേടി നോവല്‍ സാഹിത്യത്തിന്റെ ഇടുങ്ങിയ വഴികളെ ഈ എഴുത്തുകാര്‍ വിശാലമാക്കി. മലയാളനോവല്‍ സാഹിത്യം കലാപരമാണ് എന്ന ധീരമായ പ്രഖ്യാപനമായിരുന്നു എം.ടിയുടെ ‘കാല’വും കോവിലന്റെ ‘ഏഴാമെടങ്ങളും’ ഉറൂബിന്റെ ‘സുന്ദരികളും, സുന്ദരന്‍മാരും.’ ഈ നോവലുകളുടെ അടിത്തറയിലാണ് പിന്നീട് ആധുനിക എഴുത്തുകാരായ ഓ.വി. വിജയനും ആനന്ദും കാക്കനാടനും സേതുവും പുനത്തിലും എം. മുകുന്ദനും അവരുടെ ഗോപുരങ്ങള്‍ പണിതത്.

സമൂഹത്തിന്റെ പരന്ന ദൃശ്യങ്ങള്‍ പകര്‍ത്താതെ വ്യക്തിയിലേക്ക്, ആധുനിക മനുഷ്യന്റെ ജീവിത സങ്കീര്‍ണ്ണതകളിലേക്ക്, ലോകമഹായുദ്ധങ്ങള്‍ ചാരമാക്കിയ ഭൂമിയിലെ മനുഷ്യാവസ്ഥയെക്കുറിച്ചാണ് മലയാളത്തിലെ ആധുനിക എഴുത്തുകാര്‍ എഴുതിയത്. ഓ.വി.വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ മലയാള നോവല്‍ സാഹിത്യത്തെ ഇളക്കിമറിച്ചു. ദര്‍ശനത്തിലും ഭാഷയിലും നവീനതയിലും ഇത്രമാത്രം ഗഹനതയുള്ള മറ്റൊരു നോവല്‍ മലയാളത്തില്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. ‘ഖസാക്കിന് മുകളില്‍ മലയാളം പറന്നില്ല’ എന്ന് അടുത്തകാലത്ത് നിരൂപകന്‍ വി.സി. ശ്രീജന്‍ പറഞ്ഞത് തീര്‍ത്തും ശരിയാണ്. ആനന്ദിന്റെ ‘ആള്‍ക്കൂട്ട’വും കാക്കനാടന്റെ ‘ഉഷ്ണമേഖല’യും മലയാളത്തില്‍ ആധുനികതയ്ക്ക് അടിത്തറയിട്ടു. പുനത്തിലും സേതുവും എം.മുകുന്ദനും മികച്ച രചനകള്‍ നടത്തിയിട്ടുണ്ട്. പക്ഷേ ഈ എഴുത്തുകാരുടെ എല്ലാ രചനകളും മേന്മയുള്ളവയല്ല. ആധുനികതയുടെ തത്വശാസ്ത്രപരമായ ആഴം മനസ്സിലാക്കിയ എഴുത്തുകാരനാണ് എം. മുകുന്ദനെന്ന് പറയാന്‍ കഴിയില്ല. എം. മുകുന്ദന്റെ ആദ്യകാല നോവലുകളിലെല്ലാം അസ്തിത്വദുഃഖം കഥാപാത്രങ്ങള്‍ക്ക് അകാരണമായി ഉണ്ടാകുന്നു.

‘ഖസാക്കിന്റെ ഇതിഹാസ’വും,’ആള്‍ക്കൂട്ട’വും ‘പാണ്ഡവപുരവും’, ‘ഉഷ്ണമേഖല’യും, ‘സ്മാരകശില’കളും മറ്റേത് തലത്തിലും വ്യാഖ്യാനിക്കാന്‍ സാധ്യതയുള്ള കൃതികളാണ്. ‘കാഫ്കാസ്‌ക്’ (Kafkaesque) രചനാ രീതിയുടെ പ്രത്യേകത അകാരണമായ ഭീതി യും, അപമാനവീകരണത്തി ന്റെ (de-humanisation) ഒറ്റപ്പെടലുമാണ്. കത്തിമുനയിലൂടെ തെന്നി നീങ്ങുന്ന ജീവിതമാണ് അയണസ്‌കോയും മാക്‌സ്ഫ്രീഷും കാഫ്കയും സാമുവല്‍ബക്കറ്റും സാര്‍ത്രേയും ആവിഷ്‌കരിച്ചത്. ഇന്ത്യന്‍ സാഹചര്യത്തില്‍ ആധുനികതയ്‌ക്കെന്ത് പ്രസക്തിയെന്ന് ചോദിച്ച പി.ഗോവിന്ദപിള്ളയ്ക്കും പവനനും എന്‍.ഇ. ബാലറാമിനും കെ.പി.അപ്പന്‍ നല്‍കിയ മറുപടി രസകരമായിരുന്നു. ജൂത മത്തിന്റെ തകര്‍ച്ച സൃഷ്ടിച്ച ശൂന്യതയില്‍ നിന്നാണ് യേശുദേവന്‍ ‘ബൈബിള്‍’ എന്ന വിശുദ്ധഗ്രന്ഥത്തിന് അടിത്തറയിട്ടത്. യേശുവിന്റെ ദര്‍ശനം മറ്റേന്തോ ആയി പരിണമിച്ച് ഗോത്ര സമൂഹമായി പരസ്പരം മല്ലടിച്ച് മരിക്കുന്ന അറബികളുടെ ബാര്‍ബാറിക് രീതിക്കെതിരെ ഒരു ടെസ്റ്റ്‌ഡോസായി മുഹമ്മദ്‌നബി വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ചു. പക്ഷേ ഇന്ന് ക്രിസ്തുമതവും, ഇസ്ലാം മതവും പിരിച്ചുവിടണമോ? യേശുവും മുഹമ്മദും അഭിമുഖീകരിച്ച സാമൂഹ്യക്രമം മാറിയിരിക്കുന്നു. ഏത് ദര്‍ശനത്തിനും ഏത് കാലത്തും നിലനില്‍ക്കാനാവശ്യമായ ന്യൂക്ലിയസ്സുകള്‍ ഉണ്ടാകും. മാര്‍ക്‌സ് കണ്ട ലോകമല്ല ഇന്നുള്ളത്. പക്ഷേ ഗോര്‍ക്കിയുടെ കൃതികള്‍ പകര്‍ത്തിയ മനുഷ്യാവസ്ഥയ്ക്ക് ഇന്നും പ്രസക്തിയുണ്ട്. മലയാള നോവല്‍ സാഹിത്യത്തിലെ ലാന്‍ഡ്മാര്‍ക്കായ പല നോവലുകളും എഴുതപ്പെട്ടത് ആധുനികതയുടെ കാലത്താണ്. ആധുനികതയ്ക്ക് ശേഷം മലയാളനോവല്‍ സാഹിത്യത്തില്‍ നല്ല നോവലുകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ പുതിയ ഭാവുകത്വപരിണാമത്തിന് വഴിയൊരുക്കിയ കൃതികള്‍ ഉണ്ടായില്ല.

ഉത്തരാധുനികത
എല്ലാകാലത്തും, ഏത് ഭാവുകത്വപരിണാമകാലത്തും, വായിക്കാനാവുന്ന കൃതികളെഴുതിയ പി.കെ.ബാലകൃഷ്ണനും സി.രാധാകൃഷ്ണനും കോവിലനും ഒരു പ്രത്യേക മൂവ്‌മെന്റിന്റെ വക്താക്കളല്ല. ”സ്വര്‍ഗ്ഗം നിലനിലനില്‍ക്കുന്നില്ല, അത് തീര്‍ന്നു പോകുന്നു, പക്ഷേ നരകം നിലനില്‍ക്കുന്നു.” എന്ന് കെ.പി. അപ്പന്‍ പറഞ്ഞത് അതേപടി അംഗീകരിക്കാന്‍ കഴിയില്ല. ആധുനികതയുടെ കാലത്തുണ്ടായ നാലാംതരം നോവലുകള്‍ക്കും കെ.പി. അപ്പന്‍ പഠനമെഴുതി. കാരണം അന്യഥാബോധവും മൃത്യുവാഞ്ഛയും ഒറ്റപ്പെടലും ചിത്രീകരിച്ചതുകൊണ്ട് മാത്രം. ഉത്തരാധുനികതയുടെ കാലം തൊണ്ണൂറുകള്‍ക്ക് ശേഷമാണ്. പഴയ ആധുനിക എഴുത്തുകാര്‍ അസ്തിത്വദുഃഖത്തോട് വിടപറഞ്ഞതും ഈ കാലഘട്ടത്തിലാണ്. ഓ.വി.വിജയന്‍ ആത്മജ്ഞാനത്തിന്റെ ഉള്‍ത്തലങ്ങളിലേക്കും, സേതു മാജിക്കല്‍ റിയലിസത്തിലേക്കും. എം. മുകുന്ദനും പുനത്തിലും വാണിജ്യവല്‍ക്കരിക്കപ്പെട്ട മനുഷ്യബന്ധങ്ങളുടെ കഥകളും നോവലുകളും എഴുതി. ഈ കാലഘട്ടം നയിക്കാന്‍ സി.വി.ബാലകൃഷ്ണനും എന്‍.പ്രഭാകരനും, യു.കെ.കുമാരനും അക്ബര്‍ കക്കട്ടിലിനും അംബികാസുതന്‍ മാങ്ങാടിനും കഴിഞ്ഞില്ല. സൈബര്‍ യുഗമാണ് ഉത്തരാധുനിക എഴുത്തുകാര്‍ കൈകാര്യം ചെയ്ത തീമുകളിലൊന്ന്. പി.സുരേന്ദ്രനും എന്‍.എസ്. മാധവനും, ഉത്താരധുനിക കാലഘട്ടത്തിന്റെ ശിരസ്സായി മാറിയ ഫെയിസ്ബുക്കും, ഇന്റര്‍നെറ്റും, വാട്ട്‌സ് ആപ്പും വരുത്തിയ മാറ്റങ്ങള്‍ അതിശക്തമായി ചിത്രീകരിച്ചു. സൈബര്‍ കാലം മനുഷ്യജീവിതത്തില്‍ സൃഷ്ടിച്ച മാറ്റം എങ്ങിനെ സമയരേഖയിലാടുന്ന റോബോട്ട്‌സുകളായി രൂപം മാറിയെന്ന കാഴ്ച ഒരു ശരാശരി കുടുംബത്തില്‍ പ്രകടമാണ്. ആധുനികതയുടെ പ്രഹേളികാ സ്വഭാവം വിട്ട് ശക്തമായ ജീവിത ചിത്രീകരണങ്ങളുമായി റിയലിസത്തെ പുതിയ ഭാവത്തില്‍ വീണ്ടെടുക്കാനുള്ള ശ്രമം ഈ കാലഘട്ടത്തിലുണ്ടായി. ആഗോളവത്ക്കരണമായിരുന്നു ഉത്തരാധുനികര്‍ കൈകാര്യം ചെയ്ത മറ്റൊരു വിഷയം. നോവലിനെ വാനയക്കാരുടെ ജനാധിപത്യ റിപ്പബ്ലിക്ക് ആക്കിമാറ്റാന്‍ കക്കട്ടിലിനും സി.വി.ബാലകൃഷ്ണനും മറ്റും കഴിഞ്ഞു എന്ന സത്യം മറച്ചുവെക്കുന്നില്ല. പക്ഷേ ഈ കാലയളവില്‍ ലാറ്റിനമേരിക്കന്‍ ഭ്രമകല്‍പ്പനകളുടെ അറ്റം കാണാത്ത തുരുത്തുകള്‍ മലയാള നോവലുകളിലും കഥകളിലും കാണാന്‍ കഴിയും. ‘മനുഷ്യനൊരു ആമുഖ’ത്തിലും, ‘ആരാച്ചാറി’ലും, ‘ആലാഹയുടെ പെട്ടക’ത്തിലും ആടുജീവിതത്തിലും മാര്‍കേസിയന്‍ ശൈലി തളം കെട്ടിനി ല്‍ക്കുന്നു.

ലാറ്റിനമേരിക്കന്‍ സ്വാധീനം
കമിറ്റ്‌മെന്റ് സാഹിത്യം എം. സുകുമാരന്റെ കലയ്ക്ക് മുകളില്‍ പറന്നില്ല. പക്ഷേ ഇടതുപക്ഷം ഏറെ വാഴ്ത്തുന്ന ലാറ്റിനമേരിക്കന്‍ കൃതികളാണ് കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലമായി നമ്മുടെ നോവലിസ്റ്റുകളെ സ്വാധീനിച്ചത്. വി. രാജകൃഷ്ണന്‍ എഴുതിയതുപോലെ ”ആധുനിക ലാറ്റിനമേരിക്കന്‍ എഴുത്തുകാരന്റെ ഭാവനയെ മഥിക്കുന്ന വിഷയങ്ങളിലൊന്ന് ആ നാടുകളില്‍ നിലവിലുള്ള വിചിത്രവും വിഷമാകുലവുമായ രാഷ്ട്രീയ പരിതഃസ്ഥിതികളാണ്. വര്‍ത്തമാനകാലദുരന്തത്തിന്റെ എല്ലാ അനിവാര്യതയോടും കൂടി ആധുനിക ലാറ്റിനമേരിക്കന്‍ എഴുത്തുകാരന്റെ ചിന്തകളെ വരിഞ്ഞുമുറുക്കുന്നത് ചൂഷണത്തിന്റെ അഗ്നിയില്‍ വെന്തുരുകുന്ന ലാറ്റിനമേരിക്കന്‍ മനസ്സാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ എഴുതപ്പെട്ട രാഷ്ട്രീയ നോവലുകളില്‍ പലതും റഷ്യയില്‍ നിന്നാണെങ്കില്‍ രണ്ടാം പകുതിയില്‍ എഴുതപ്പെട്ട രാഷ്ട്രീയ നോവലുകള്‍ ഏറെയും സംഭാവന ചെയ്തത് സ്പാനിഷ് ഭാഷയാണ്. ബോര്‍ഹസ്സും, ഗാര്‍ഡിയാമാര്‍കേസും വാര്‍ഗാസ്‌യോസയും അലഹോകാര്‍പെന്ററിയും നെരൂദയെപ്പോലെ ഇന്ന് മലയാളികള്‍ക്ക് സുപരിചിതമാണ്.

പെഡ്രോപരാമോ
വിപ്ലവത്തേയും കലാപത്തേയും ജനകീയ മുന്നേറ്റത്തെയും എങ്ങിനെ കലയാക്കാം എന്ന് റൂഫോയുടെ പെഡ്രോപരാമോ നമ്മെ പഠിപ്പിക്കുന്നു. 1980ല്‍ പരിഭാഷ വന്നതോടെ വി.പി.ശിവകുമാറും ടി.ആറും, ജയനാരായണനും ഈ നോവലിനെ ജനകീയമാക്കി. മെക്‌സിക്കോ നഗരത്തില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ചൂഷണവും സാമ്പത്തിക അസമത്വങ്ങളും ചിത്രീകരിക്കുന്നതിന് മാജിക്കല്‍ റിയലിസമാണുപയോഗിക്കുന്നത്. ലാറ്റിനമേരിക്കന്‍ മാജിക്കല്‍ റിയലിസത്തെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്ന ആദ്യ നോവലാണിത്. നീതിയും നിയമവും കടന്നുവരാത്ത ഒരുഗ്രാമത്തെ റൂഫോ ഫോക്കസ്സ് ചെയ്യുന്നു. നോവലിന്റെ സിരാകേന്ദ്രം പരാമോ എന്ന ഭൂ ഉടമയാണ്. ഈ ഭൂ ഉടമയെ വായനക്കാര്‍ നേരിട്ട് കാണുന്നില്ല. സേതുവിന്റെ ”ജനാബ് കുഞ്ഞിമൂസ്സഹാജി” എന്ന കഥയിലെ കുഞ്ഞിമൂസ്സഹാജിയെന്ന കഥാപാത്രം എങ്ങിനെയാണ് വായനക്കാരെ ഫീല്‍ ചെയ്യിക്കുന്നത് എന്ന് അത് വായിക്കാത്ത ഒരാള്‍ക്ക് മനസ്സിലാകില്ല. ഈ ലാന്‍ഡ്‌ലോര്‍ഡിനെ അമര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നവരുടെ മനസ്സില്‍ കൂട്‌കെട്ടിയ ഓര്‍മകള്‍ അരുവികള്‍ പോലെ ഒഴുകുന്നു. ഈ ഒഴുക്കിലാണ് പരാമോ എന്ന സാത്താനിക് രൂപത്തെ നാം കാണുന്നത്. ഒരാള്‍ തന്നെയാണോ പരാമോ അതോ അനേകം ആളുകള്‍ ആ പേരില്‍ അറിയപ്പെടുന്നതാണോ എന്ന് വായനക്കാര്‍ക്കറിയില്ല. നോവല്‍ മുന്നോട്ടുപോകുന്തോറും ഈ രൂപം നമ്മുടെ മനസ്സില്‍ രാക്ഷസാകാരംപൂണ്ട് നിലകൊള്ളുന്നു. പ്രത്യക്ഷത്തില്‍ പുതുമയില്ലാത്ത ഈ തീമിന് തിളക്കം വരുന്ന നറേറ്റീവ് സ്റ്റൈലിന്റെ പുതുമകൊണ്ടാണ്. യുക്തിപരമായ അടുക്കോ ചിട്ടയോ ഇല്ലാത്ത സംഭവങ്ങള്‍ ബോധധാര രീതിയില്‍ വായനക്കാരുടെ മുന്‍പില്‍ ചുരുള്‍ നിവരുന്നത്. വര്‍ത്തമാനവും ഭാവിയും ഭൂതകാലവും കീഴ്‌മേല്‍ മറിയുന്നു. നോവലിസ്റ്റ് സൃഷ്ടിക്കുന്ന ഭ്രമകല്‍പ്പനയുടെ അതിരുകളില്ലാത്ത ലോകത്ത് ശാപഗ്രസ്തമായ ഒരുഗ്രാമം തെളിഞ്ഞു വരുന്നു. ശൈലിയുടെ മാന്ത്രികതയാണ് ഉപരിതലത്തിലൂടെ റൂള്‍ഫോ വിവരിക്കുന്ന ഭൂവിഭാഗത്തിന്റെ പേടിപ്പെടുത്തുന്ന വന്യമായ സൗന്ദര്യം വായനക്കാരെ ഹോണ്ട് ചെയ്യുന്നത്. ‘The autumn of the Patriarch’ (വംശാധിപന്റെ ജീവിതസായാഹ്നം) The President, Cyclone തുടങ്ങിയ വിപ്ലവ നോവലുകള്‍ വായിച്ചവര്‍ക്ക് മലയാളത്തിലെഴുതപ്പെട്ട വിപ്ലവനോവലുകള്‍ എന്ന് പേരിട്ട് വിളിക്കുന്ന മുദ്രവാക്യസമാനമായ കൃതികളോട് പുച്ഛം തോന്നാതിരിക്കില്ല. സക്കറിയായും എന്‍.എസ്. മാധവനും സാറാജോസഫും അയ്മനം ജോണും മാജിക്കല്‍ റിയലിസത്തിന്റെ ഹാംഗ്ഓവറില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ പറ്റാതെ ഒരു വൃത്തത്തിനകത്ത് കറങ്ങുകയാണ്.

സമകാലിക മലയാളനോവലുകള്‍
കഴിഞ്ഞ പത്ത് വര്‍ഷത്തെ മലയാളനോവല്‍ സാഹിത്യം പഠിച്ചാല്‍ അത്യപൂര്‍വ്വമായ ഒരുനോവലും ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. സാഹിത്യ നിരൂപകന്‍ എം.കെ. ഹരികുമാര്‍ എഴുതിയ 3 നോവലുകള്‍ ശ്രദ്ധേയമാണ്. ”ജലച്ഛായ”, ”വാന്‍ഗോഗിന്”, ”ശ്രീനാരായണ” തുടങ്ങിയ വ്യത്യസ്ത റെയിഞ്ചുകളില്‍ പടര്‍ന്നു നില്‍ക്കുന്ന നോവലുകള്‍ വറ്റിവരണ്ടുപോയ നവമലയാള നോവല്‍ സാഹിത്യത്തിന് പുതുമ നല്‍കുന്നു.

”ജലച്ഛായ” ആഖ്യാനശൈലിയിലും അവതരണത്തിലും നൂറുശതമാനം വേറിട്ടുനില്‍ക്കുന്ന നോവലാണ്. വെള്ളത്തില്‍ ചാലിച്ചെഴുതുന്ന ചിത്രത്തെയാണ് ജലച്ഛായ ചിത്രം എന്നുപറയുന്നത്. ജലച്ഛായത്തിന്റെ ആര്‍ദ്രത മനുഷ്യമനസ്സുകളെ കുളിരിന്റെ പുതിയ അനുഭവത്തിലേക്ക് കൊണ്ടുപോകുന്നു. വര്‍ണ്ണങ്ങളും രൂപങ്ങളും നിഴലുകളും ജലച്ഛായയില്‍ കലര്‍ന്ന് അവ പെരുകി പെരുകി വരുന്നു. കാറ്റിലിളകുന്നു. ഈ നോവലിന്റെ അവതാരികയില്‍ ഡോക്ടര്‍ അജയ്‌ശേഖര്‍ പറയുന്നതുപോലെ ”ജലച്ഛായ” സങ്കീര്‍ണ്ണമായ ഒരു ജൈവലാവണ്യനിര്‍മ്മിതിയാണ്. രൂപശില്‍പത്തിലും ആഖ്യാനത്തിലും മാത്രമല്ല കഥാപാത്ര നിര്‍മ്മിതിയിലും ഒരു പുതിയ സംസ്‌കാരിക പരിസരം നിര്‍മ്മിക്കാന്‍ ഈ നോവലിന് കഴിയുന്നു. കേരള ചരിത്രത്തിന്റെ ഇടുങ്ങിയ ഊടുവഴിയിലൂടെയാണ് കഥാനായകന്‍ സഞ്ചരിക്കുന്നത്. ചരിത്രവും ഭാവനയും മിത്തും മാജിക്കല്‍ റിയലിസത്തിന്റെ അറ്റം കാണാത്ത ഭ്രമകല്‍പനകളായി വായനക്കാരനെ വേട്ടയാടുന്നു. പ്രദേശപുരാണങ്ങളിലേക്കും വ്യക്തികളുടെ മാനസിക വിഹ്വലതകളിലേക്കും ചുരുങ്ങിപ്പോയ മലയാളനോവല്‍ സാഹിത്യത്തെ ഹരികുമാര്‍ കഥനത്തിന്റെ അത്യാധുനികമായ കാഴ്ചപ്പാടിലേക്ക് നയിക്കുന്നു. കേരളാ ക്രൈസ്തവ സഭയുടെ വര്‍ത്തമാനകാലവും ഭൂതകാലവും മൂര്‍ച്ചയേറിയ കത്തികൊണ്ട് മുറിച്ചെടുക്കുന്ന ഹരികുമാര്‍ സ്വയം സാമൂഹ്യ വിമര്‍ശനത്തിന്റെ കുപ്പായമണിയുന്നു. കീഴാള വിഭാഗത്തിന്റെ ആത്മീയതയും ദളിത ക്രൈസ്തവരുടെ സാമൂഹ്യ ഇടപെടലുകളും പ്രതിഫലിപ്പിക്കുന്ന ഈ കൃതിയുടെ ബഹുസ്വരത ചര്‍ച്ച ചെയ്യാന്‍ നമ്മുടെ നിരൂപകര്‍ തയ്യാറാകാത്തത് ഈ നോവലിന്റെ നവഭാവുകത്വത്തെ വ്യാഖ്യാനിക്കാന്‍ അവര്‍ക്ക് കഴിവില്ല എന്നതിന്റെ തെളിവാണ്.

”ശ്രീനാരായണായ” എന്ന ബൃഹത്തായ നോവല്‍ ഇതുവരെ ഗുരുവിനെ എഴുത്തുകാര്‍ അന്വേഷിച്ചതില്‍ നിന്ന് വ്യത്യസ്തമാണ്. ഗുരു തന്റെ മനുഷ്യന് ദൈവികതയുടെ ഉള്‍ക്കാഴ്ച നല്‍കിയ പ്രവാചകനാണ്. ഈ അപൂര്‍വ്വലാവണ്യത്തെ അതിന്റെ ജ്വലിക്കുന്ന സൗന്ദര്യത്തോടെ ഹരികുമാര്‍ ഈ കൃതിയില്‍ ആവിഷ്‌കരിക്കുന്നു. മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത തരത്തില്‍ നോവലിസ്റ്റ് സത്യാന്വേഷിയായി മാറുന്നു. ദൈവത്തെ അറിയാന്‍ ഭാരതത്തിലെ ഋഷിവര്യന്മാര്‍ പല മാര്‍ഗ്ഗങ്ങളും അവലംബിച്ചിട്ടുണ്ട്. പരമഹംസരുടെ വഴിയല്ല രമണമഹര്‍ഷിയുടേത്. ഗുരുവിന്റെ ജീവിതത്തിലും രചനകളിലും പുതിയ ഉള്‍ക്കാഴ്ച തേടുന്ന നോവലിസ്റ്റ് എന്താണ് ശിവം എന്ന് കൃതിയില്‍ തിരയുന്നത് അനുഭൂതിയെയാണ്. ഭാരതീയ ദര്‍ശനവും ഗുരുവിന്റെ ദൈവസങ്കല്‍പവും പുതിയ പരിപ്രേക്ഷ്യത്തിലൂടെ കാണാന്‍ സഹായിക്കുന്ന ഈ കൃതി അത്യന്തം നവീനമാണ്. മലയാളഭാഷയില്‍ എഴുതപ്പെട്ട മികച്ച മിസ്റ്റിക്ക് നോവലുകളില്‍ ഒന്നാണിത്.

സമുദ്രശില

‘മനുഷ്യന് ഒരു ആമുഖം’ എന്ന അതിപ്രശസ്തമായ നോവലിന്റെ തുടര്‍ച്ചയായി സമുദ്രശിലയെ കാണാന്‍ കഴിയും. മഹാഭാരതത്തില്‍ നിന്നും, രാമായണത്തില്‍ നിന്നും കഥാപാത്രങ്ങളും, കഥാസന്ദര്‍ഭവങ്ങളുമെടുത്ത് നവീനമായി വ്യാഖ്യാനിക്കുന്ന രീതി സര്‍വ്വസാധാരണമാണ്. ഭീമനെ ഡി മിസ്റ്റിഫൈ ചെയ്ത എം.ടി.യും കര്‍ണ്ണനെ നായകനാക്കിയ പി.കെ. ബാലകൃഷ്ണനും, ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു കഴിഞ്ഞു. സുഭാഷ് ചന്ദ്രനും ഭാരതീയ ഇതിഹാസങ്ങളിലാണ് കണ്ണും നട്ടിരിക്കുന്നത്. സൃഷ്ടി-സ്ഥിതി-സംഹാരം എന്നീ അധ്യായങ്ങളായി തിരിച്ച ഈ നോവല്‍ ഇതിഹാസഭാവനയ്ക്ക് പുതിയ ഭാഷ്യം ചമക്കാനുള്ള ശ്രമമാണ്. വ്യാസകഥാപാത്രമായ ‘അംബ’യെ പുനര്‍സൃഷ്ടിച്ചുകൊണ്ട് ഇന്നത്തെ ലോകത്ത് സ്ത്രീത്വത്തിനേറ്റ മുറിവ് പരിശോധിക്കുകയാണ് സുഭാഷ് ചന്ദ്രന്‍ ചെയ്യുന്നത്. സ്ത്രീയാണ് കൂടുതല്‍ വലിയ മനുഷ്യന്‍ എന്ന കേന്ദ്ര പ്രമേയത്തിനും, ‘സമുദ്രശില’യെന്ന കേന്ദ്രരൂപകത്തിനും ചുറ്റുമായി പടര്‍ന്നു കയറിയ ഈ നോവല്‍ നവീന ഭാവുകത്വത്തിന് ലഭിച്ച അപൂര്‍വ്വമായ ഉപലബ്ധിയാണ്.

ബാങ്കിംഗ് ലോകമെന്ന മഹാസാഗരം

ബാങ്കിംഗ് ലോകം മലയാള നോവല്‍ രംഗത്ത് സമഗ്രമായി ചര്‍ച്ച ചെയ്യപ്പെട്ടില്ല. നമ്മുടെ ആധുനിക എഴുത്തുകാരുടെ കുലപതിയായ സേതു ബാങ്കിംഗ് രംഗത്ത് ശ്രദ്ധേയനായിരുന്നു പക്ഷേ അദ്ദേഹം തന്റെ നോവലുകളിലും കഥകളിലും ബാങ്കിംഗ് ലോകം കൊണ്ടുവന്നില്ല. കെ.പി.സുധീരയും പയ്യന്നൂര്‍ സതീഷ് ബാബുവും കെ.പി. രാമനുണ്ണിയും ബാങ്ക് ജീവനക്കാരായിരുന്നു. പക്ഷേ അവരുടെ രചനാലോകത്ത് ബാങ്കിന്റെ ഇടനാഴികളിലെ കറുത്ത നിഴലുകള്‍ പ്രത്യക്ഷപ്പെട്ടില്ല. ബാങ്കിംഗും മനുഷ്യനും അതിബൃഹത്തായ കാന്‍വാസിലൂടെ വരച്ചുകാണിക്കുന്നതാണ് ‘മുഷിയാത്ത നോട്ടുകളും’. ‘അല്‍പ്പം മുഷിഞ്ഞ നോട്ടുകളും’, മനുഷ്യനും സമൂഹവും ബാങ്കിംഗ് എന്ന പ്രതിഭാസത്തിന് ചുറ്റും കറങ്ങുന്നതിന്റെ ചിത്രം സൂക്ഷ്മമായി എഴുത്തുകാരന്‍ പ്രകാശന്‍ ചുനങ്ങാട് വരച്ചിടുന്നു. ബാങ്ക് മാനേജരായി വിരമിച്ച ചുനങ്ങാട് കാലത്തേയും, സമകാലിക ജീവിതത്തേയും സൂക്ഷ്മമായി അപഗ്രഥിക്കുന്നതില്‍ ലബ്ധ പ്രതിഷ്ഠരായ എഴുത്തുകാരെ പിന്നിലാക്കുന്നു. കാലപ്പഴക്കത്തില്‍ പുതിയ നോട്ടുകള്‍ക്ക് അസ്തിത്വം നഷ്ടപ്പെട്ട് പഴയനോട്ടുകള്‍ ആകുന്ന പ്രതിഭാസം സാധാരണമാണ്. അതുപോലെ മനുഷ്യനും അദ്ദേഹത്തിന്റെ അസ്തിത്വം നഷ്ടപ്പെട്ട് ഒറ്റപ്പെടലിന്റേയും അന്യഥാ ബോധത്തിന്റേയും ഇരുള്‍മുറിയില്‍ അകപ്പെടുന്നു.

ബാങ്കിംഗ് വിഷയമാക്കി ആയിരത്തോളം പേജുകള്‍ എഴുതിയ പ്രകാശന്‍ ചുനങ്ങാട് തന്റെ ജീവിതത്തിന്റെ ബാല്യവും മധ്യാഹ്നവും ചിലവഴിച്ചത് കേരളത്തിലും കേരളത്തിന് വെളിയിലുള്ള വ്യത്യസ്ത ബാങ്കുകളിലുമാണ്. അനുഭവത്തിന്റെ കടല്‍ നീന്തിക്കടന്ന നോവലിസ്റ്റിന് ബാങ്കിംഗ് തന്റെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ്. നോവലിസ്റ്റ് വാസുദേവന്‍ എന്ന കഥാപാത്രമായി മാറുന്നു. ആദ്യ നിയമനം കോഴിക്കോടായിരുന്നു. കോഴിക്കോടന്‍ ഡയലക്ട് ഒപ്പിയെടുക്കുന്നതിലും നോവലിസ്റ്റിന് നല്ല വൈദഗ്ദ്ധ്യമുണ്ട്. ഓരോ ബ്രാഞ്ചിലെത്തുമ്പോഴും ആ പ്രദേശത്തിന്റെ ഭൂമിശാസ്ത്രവും സാംസ്‌കാരിക പൈതൃകവും ഒപ്പിയെടുക്കുന്നതില്‍ നോവിലിസ്റ്റിന്റെ കഴിവ് അനിതരസാധാരണമാണ്. ഗൃഹാതുരയും ഗ്രാമനൈര്‍മല്യവും നിറഞ്ഞ മനുഷ്യബന്ധങ്ങളുടെ കഥ ബാങ്കിംഗ് മേഖലയുമായി വിളക്കിചേച്ചര്‍ക്കുന്ന പ്രകാശന്‍ ചുനങ്ങാടിന്റെ രീതി ഏറെ പുതുമയുള്ളതാണ്. പൂക്കളുടെ സൗമ്യഗന്ധവും മനുഷ്യമനസ്സുകളുടെ വിറയലും ചിത്രീകരിക്കുന്ന ഈ കൃതി ബാങ്കിംഗ് മേഖല മനുഷ്യസ്‌നേഹത്തിന്റെ ഒരാശ്രമമായാണ് ചിത്രീകരിക്കുന്നത്. ഈ ആശ്രമത്തിലെത്തുന്ന കസ്റ്റമേഴ്‌സെല്ലാം പല രീതിയിലുള്ള ജീവിതവ്യഥകളുടെ കത്തുന്ന തീയില്‍ പെട്ടവരാണ്. ജീവിതം വഴിമുട്ടി പെരുവഴിയില്‍ ഇരുട്ടിലൂടെ നീങ്ങുന്നവര്‍ക്ക് കൈത്താങ്ങായി മാറിയ ബാങ്കിംഗ് അനുഭവം പ്രകാശന്‍ പറയുമ്പോഴാണ് ആത്മബോധവും മനുഷ്യസ്‌നേഹവും വളര്‍ത്തുന്നതില്‍ ബാങ്കിന്റെ പ്രാധാന്യം വായനക്കാര്‍ അറിയുന്നത്.

പടക്കാറ്റ്

മലയാളനോവല്‍ സാഹിത്യത്തിന്റെ ഭൂമിക സൗദിഅറേബ്യന്‍ മതാധികാരത്തിലേക്കും ഏകാധിപത്യത്തിലേക്കും ഭീകരവാദത്തിലേക്കും എത്തിയതിന്റെ സൂചന നല്‍കുന്ന നോവലാണ് ഏ.പി. അഹമ്മദിന്റെ ”പടക്കാറ്റ്.” സൗദിയില്‍ അധ്യാപകനായിരുന്ന അഹമ്മദ് തനിക്കന്യമായിരുന്ന സൗദിഅറേബ്യന്‍ മരുപ്രദേശത്തിന്റെ വന്യമായ സൗന്ദര്യവും, ഇന്നത്തെ സൗദി ചെറുപ്പക്കാരുടെ മനസ്സിലേക്ക് പടരുന്ന തീവ്രവാദത്തിന്റെ വേരുകള്‍ സെക്‌ടേറിയനിസത്തിന്റേയും ഭരണാധികാരികളുടെ ഉരുക്ക് മുഷ്ടികളുടെയും അടയാളമാണെന്ന് കണ്ടെത്തുന്നു. ലോക മുസ്ലിം തീവ്രവാദത്തിന് വളമേകുന്ന ഒരു ചെറിയ വിഭാഗം സൗദി ചെറുപ്പക്കാരുടെ മനസ്സിനെയാണ് ഏ.പി. തുറന്നു കാണിക്കുന്നത്. ഏ.പി. അഹമ്മദ് പറയുന്നതുപോലെ ”പത്തുവര്‍ഷത്തോളം നീണ്ടുനിന്ന പ്രവാസം എനിക്ക് ആഘോഷമായി, അനുഗ്രഹമായി, ഒടുവില്‍ നെഞ്ചിനുള്ളില്‍ ഒരു മണല്‍ക്കൂന ഏറ്റുവാങ്ങി നാട്ടിലേക്ക് മടങ്ങി.” വിശ്വാസത്തിന്റെ വിശുദ്ധതീര്‍ത്ഥങ്ങളില്‍ മതം മയക്കുമരുന്നായും, സെക്‌ടേറിയന്‍ രക്തമായും പ്രത്യക്ഷപ്പെട്ട സൗദിയുടെ ഭൂതകാലത്തിലേക്ക് ഈ നോവല്‍ വെളിച്ചം വീശുന്നു.

മഹാരണ്യവും ഉഷ്ണരാശിയും
റിയലിസത്തെ അതിശക്തമായി തിരിച്ചുകൊണ്ടുവരുന്ന രണ്ട് നോവലുകളാണ് കെ.എസ്. രാജശേഖരന്‍ എഴുതിയ ‘മഹാരണ്യ’വും കെ.വി. മോഹന്‍കുമാറിന്റെ ‘ഉഷ്ണരാശി’യും. മനുഷ്യബന്ധങ്ങളുടെ കണ്ണികളറ്റു പോകുമ്പോള്‍ പിടയുന്ന മനസ്സുകളുടെ നൊമ്പരം പകര്‍ത്തുന്ന മഹാരണ്യത്തില്‍ ഭൂത വര്‍ത്തമാനങ്ങള്‍ കെട്ടുപിണഞ്ഞു കിടക്കുന്നു. ഈ കൃതിയില്‍ എടുത്തു പറയത്തക്ക ഒരു പ്രത്യേകത കാപട്യമില്ലാത്ത സുതാര്യമായ ആഖ്യാനരീതിയാണ്. ജീവിതം കാലം പോലെ ഒഴുകുന്നത് അനായാസമായി രാജശേഖരന്‍ ഏതാനും വാക്കുകളില്‍ കുറിച്ചിടുന്നു. നോവല്‍ സങ്കല്‍പത്തേയും ശൈലിയേയും ഇതിവൃത്തത്തെയും തകിടം മറിക്കുന്ന കൃതികള്‍ മലയാളത്തില്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ഉണ്ടായില്ല. വിപ്‌ളവമുദ്രാവാക്യമായി മാറുന്ന കമ്മിറ്റ്‌മെന്റ് നോവലുകളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്ന നോവലാണ് ഉഷ്ണരാശി. ബിമല്‍മിത്രയുടെയും ആശാപൂര്‍ണ്ണദേവിയുടേയും രചനാസങ്കേതം ഓര്‍മ്മിപ്പിക്കുന്ന മോഹന്‍ കുമാറിന്റെ ശൈലി വായന അനായാസമാക്കുന്നു. അടിമകളും അടിയാന്മാരുമായ ഒരു ജനതയ്ക്ക് മേല്‍ പ്രഭുക്കന്മാര്‍ (Land Lords) നടത്തിയ അതിഭീകരമായ ചൂഷണങ്ങള്‍ക്ക് ഭരണകൂടം നല്‍കിയ പിന്തുണ ഈ നോവല്‍ തുറന്നു കാണിക്കുന്നു. ചരിത്രവും, യാഥാര്‍ത്ഥ്യവും ജീവിതവും വിഷ്വലല്‍സായി മിന്നി മറയുന്ന അനുഭവമാണീകൃതി വായനക്കാരിലുണ്ടാക്കുന്നത്. ജയപ്രകാശ് പാനൂര്‍ എഴുതിയ യുയുത്‌സുവും മികച്ച നോവലാണ്.

Tags: ഉത്തരാധുനികതനോവല്‍
Share4TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

ഇന്ത്യയ്‌ക്കെതിരെ ബ്രിട്ടനൊപ്പം (മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍ 17)

ചരിത്രം രചിച്ച കാശി-തമിഴ് സംഗമം

രാഹുലിന്റെ അനുകരണയാത്ര

റിപ്പബ്ലിക് ദിനവും ആര്‍.എസ്.എസ്സും

ലഹരിക്കടത്തിന്റെ ആഗോള ഇടനാഴികള്‍

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • മൗനതപസ്വി - ടി. വിജയന്‍ ₹180
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

സ്വയം കൊല്ലുന്ന രാഹുല്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies