ലഖ്‌നൗ: മഹാകുംഭമേള ഇക്കുറി പതിനായിരം ഏക്കറില്‍ വ്യാപിപ്പിക്കുമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കഴിഞ്ഞ ദിവസം കുംഭമേളയുടെ ഒരുക്കങ്ങള്‍ക്കായി പ്രയാഗ് രാജില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാര്‍ഗനിര്‍ദേശപ്രകാരം 2019ല്‍ കുംഭമേള വിജയകരമായി സംഘടിപ്പിച്ചു. ഇത്തവണ പ്രതീക്ഷകള്‍ ഏറെയാണ്. കോടാനുകോടി ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷകളും കണക്കിലെടുത്ത് മഹാകുംഭമേള അതിന്റെ മഹത്വത്തിന് അനുസൃതമായി സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ക്കിങ്, പാലങ്ങള്‍, ഘട്ടുകള്‍, തെരുവ് വിളക്കുകള്‍, ശൗചാലയങ്ങള്‍ തുടങ്ങിയവയുടെ എണ്ണം വര്‍ധിപ്പിക്കും. ഭക്തരുടെയും വിനോദസഞ്ചാരികളുടെയും സുരക്ഷയ്ക്ക് മുന്‍ഗണന നല്കും. ബിജ്നോര്‍ മുതല്‍ ബല്ലിയ വരെ ഗംഗയില്‍ ഒരിടത്തും മാലിന്യം കലരരുതെന്ന് യോഗി ആദിത്യനാഥ് നിര്‍ദേശം നല്കി. മലിനജല ശുദ്ധീകരണ പ്ലാന്റുകള്‍ക്കൊപ്പം ബന്ധപ്പെട്ട എല്ലാ ജില്ലകളിലും ക്ലീന്‍ ഗംഗാ സമിതികള്‍ സജീവമാക്കാനും നിര്‍ദേശമുണ്ട്.
ഏഴ് നദീമുഖ റോഡുകള്‍, 14 ആര്‍ഒബികള്‍, ഏഴ് പഴയ ഘാട്ടുകള്‍, ആറുവരിപ്പാലം, വിമാനത്താവളം എന്നിവയുടെ നിര്‍മാണം ഒക്ടോബറോടെ പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി.കൈയേറ്റങ്ങള്‍ പൂര്‍ണമായും ഒഴിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പ്രയാഗ്രാജ് വികസന അതോറിറ്റി തുടരും. ഗതാഗത വകുപ്പ് ഏഴായിരത്തിലധികം പുതിയ സര്‍വീസുകള്‍ ആരംഭിക്കും. ഹരിത പ്രയാഗ്രാജ്- ഹരിത മഹാകുംഭം എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനം നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.