നാഗ്പൂര്‍: ആശയരംഗത്തെ പോരാട്ടത്തിന് വീടുകളില്‍ തയ്യാറെടുപ്പ് നടക്കണമെന്ന് രാഷ്ട്രസേവികാ സമിതി പ്രമുഖ് സഞ്ചാലിക ശാന്തക്ക. വൈചാരികരംഗത്ത് ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന ശക്തികള്‍ കരുത്താര്‍ജിക്കുകയാണ്. അവയെ ചെറുത്തുതോല്പിക്കണമെങ്കില്‍ നമ്മുടെ ദര്‍ശനങ്ങളില്‍ അടിയുറച്ച ബോധ്യം അനിവാര്യമാണ്. ഓരോ വ്യക്തിയും വൈചാരികമായി ജാഗ്രത പുലര്‍ത്തുകയും ആ രംഗത്ത് പോരാളിയുടെ മനസ് ആര്‍ജിക്കുകയും വേണം, ശാന്തക്ക പറഞ്ഞു. നാഗ്പൂരിലെ ഭോസ്ല സൈനിക വിദ്യാലയത്തില്‍ സേവികാസമിതി പ്രവീണ്‍ ശിക്ഷാവര്‍ഗിന്റെ സമാപന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഭാരതീയ സംസ്‌കൃതിയെ സംരക്ഷിച്ച് പുരോഗതിയിലേക്ക് മുന്നേറാനുള്ള വഴി തുറക്കാന്‍ രാഷ്ട്രസേവികാ സമിതിക്ക് ഉത്തരവാദിത്തമുണ്ടെന്ന് പരിപാടിയില്‍ മുഖ്യാതിഥി ആയ പംഡവാനി ഗായിക പദ്മശ്രീ ഉഷാ ബാര്‍ലി പറഞ്ഞു. സ്വയം സംരക്ഷണത്തിന് സാമര്‍ത്ഥ്യം നേടിയവരാണ് സേവികമാര്‍. ഝാന്‍സിയിലെ റാണി ലക്ഷ്മിബായിയെ പോലെ രാഷ്ട്രത്തിനായി സമര്‍പ്പിക്കാന്‍ എല്ലാവരും തയ്യാറാകണം, ഉഷാ ബാര്‍ലി പറഞ്ഞു.
രാഷ്ട്ര സേവികാ സമിതി പ്രമുഖ് കാര്യവാഹിക സീതാ ഗായത്രി, വര്‍ഗ് അധികാരി കമല്‍ ജി ധിംഗ്ര എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു. ജൂണ്‍ 8ന് നാഗ്പൂരിലെ ഭോസ്ല മിലിട്ടറി സ്‌കൂളില്‍ ആരംഭിച്ച പ്രവീണ്‍ ശിക്ഷാ വര്‍ഗില്‍ രാജ്യത്തെ 31 സംഘടനാപ്രാന്തങ്ങളില്‍ നിന്നായി 84 സേവികമാരാണ് ശിക്ഷാര്‍ത്ഥികളായി പങ്കെടുത്തത്.