അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്തുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കുശേഷം ആനുകാലികങ്ങളിലൂടെ കടന്നുപോയപ്പോള്‍ തോന്നിയ ചില ചിന്തകളാണ് ഞാനീ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇടത് ചരിത്രകാരന്മാര്‍ക്കും അവര്‍ക്ക് ഊന്നുവടിയായി നില്‍ക്കുന്ന ഇസ്ലാമിസ്റ്റുകള്‍ക്കും ലഭിച്ച കനത്ത പ്രഹരമാണ് ഈ വിധി എന്ന് നിസ്സംശയം പറയാം. അഞ്ചാംഗ ഭരണഘടനാ ബെഞ്ചിന്റെ എകകണ്ഠമായ ഈ വിധിയില്‍ ഏറെ നിര്‍ണായകമായത് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ (എ.എസ്.ഐ) യുടെ കണ്ടെത്തലുകളാണ്. ബാബ്‌റി മസ്ജിദിനടിയില്‍ ബൃഹത്തായ ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ ഉത്ഖനനത്തില്‍ ലഭിച്ചിരുന്നു. ബാബറിന്റെ നിര്‍ദ്ദേശ പ്രകാരം മിര്‍ ബാഖി പണിത ഈ മസ്ജിദിന്റെ മധ്യ താഴികക്കുടത്തിന് കീഴിലെ സ്ഥാലത്തായിരുന്നു ശ്രീരാമന്‍ ജനിച്ചത് എന്ന് പണ്ടുകാലം മുതല്‍ക്കേ ഹിന്ദുക്കള്‍ വിശ്വസിച്ചു പോന്നിരുന്നു. ഈ മസ്ജിദിന് പുറത്ത് കാലാകാലങ്ങളായി ഹിന്ദുക്കള്‍ പൂജകള്‍ നിര്‍വ്വഹിച്ചിരുന്നു എന്നും രേഖകളില്‍ നിന്ന് കോടതി മനസ്സിലാക്കി. കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ മൂന്ന് മാസത്തിനകം ഒരു പുതിയ ട്രസ്റ്റ് രൂപീകരിക്കണമെന്നും ക്ഷേത്രത്തിന്റെ നിര്‍മാണച്ചുമതല അവര്‍ക്കായിരിക്കും എന്നും കോടതി വിധിയെഴുതി. മുസ്ലിങ്ങള്‍ക്ക് പള്ളി പണിയാനായി അയോദ്ധ്യയില്‍ തന്നെ അഞ്ചു ഏക്കര്‍ ഭൂമി നല്‍കണമെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. അങ്ങനെ ഭാരതത്തിന്റെ മകുടിയില്‍ കളങ്കമായി നിന്ന ഒരേട് തിരുത്തപ്പെട്ടു.
അധിനിവേശത്തിന്റെ ചരിത്രം
ഭാരതത്തിലേക്കുള്ള അധിനിവേശത്തിന്റെ ചരിത്രം ആരംഭിക്കുന്നത് എ.ഡി 712 സിന്ധിലേക്ക് വന്ന മുഹമ്മദ് ബിന്‍ ഖാസിമിലൂടെയാണ്. ശേഷം പതിനൊന്ന് പന്ത്രണ്ട് നൂറ്റാണ്ടുകളിലായി മഹമൂദ് ഗസ്‌നിയും, മുഹമ്മദ് ഘോറിയും സമ്പന്നമായ ഈ ദേശത്തെ കൊള്ളയടിക്കാനും ഈ രാഷ്ട്രത്തിന്റെ സംസ്‌കൃതിയെ തകര്‍ക്കാനുമായി പടയോട്ടങ്ങള്‍ നടത്തി. മഹമൂദ് ഗസ്‌നി മുതല്‍ ടിപ്പു വരെയുള്ളവര്‍ എത്രയെത്ര ക്ഷേത്രങ്ങളാണ് ആക്രമിച്ചത്. അയോദ്ധ്യയും കാശിയും മഥുരയും അതില്‍ പ്രധാനമായ മൂന്നെണ്ണം മാത്രമാണ്. എത്രതവണയാണ് ഗുജറാത്തിലെ സോമനാഥ ക്ഷേത്രം അധിനിവേശ ശക്തികള്‍ തച്ചുതകര്‍ത്തത്? പക്ഷെ, ഓരോ തവണയും മുന്‍കാല പ്രൗഢിയോടെ ആ ക്ഷേത്രം വീണ്ടും ഉയര്‍ന്നുവന്നു. ഡല്‍ഹി സുല്‍ത്താനേറ്റ് സ്ഥാപകന്‍ മുഹമ്മദ് ബിന്‍ തുഗ്‌ലഖ് ഡല്‍ഹിയില്‍ പണിത കുത്തബ് മീനാറിന് അനുബന്ധമായി നില്‍ക്കുന്ന കാവത്ത്-ഉള്‍-ഇസ്ലാം (അര്‍ഥം: ഇസ്ലാമിന്റെ ശക്തി) മസ്ജിദ് പണിയുന്നതിനായി 27 ക്ഷേത്രങ്ങള്‍ തകര്‍ത്തിരുന്നു എന്നതാണ് ചരിത്രം. മധ്യകാലത്ത് പണിത ഓരോരോ മസ്ജിദിനും മിനാരത്തിനും കീഴില്‍ ഇങ്ങനെ ഹൈന്ദവ ബിംബങ്ങള്‍ കണ്ടെത്താനാവും. അതില്‍ ക്ഷേത്രങ്ങളുണ്ട്; നളന്ദയില്‍ കത്തിയമര്‍ന്ന അമൂല്യ ഗ്രന്ഥങ്ങളുണ്ട്; കൂടെ ഒരു രാഷ്ട്രത്തിന്റെ ആത്മാഭിമാനവുമുണ്ട്.
അയോദ്ധ്യാ വിധിക്കുശേഷം ഒരുപക്ഷെ മാധ്യമങ്ങള്‍ ഉയര്‍ത്തിയ ചോദ്യം കാശിയെയും മഥുരയെയും പറ്റിയാണ്. കാശിയിലെ ജ്ഞാന വ്യാപി മസ്ജിദ് ഹൈന്ദവ ക്ഷേത്രം തകര്‍ത്തു നിര്‍മ്മിച്ചതാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാക്കാന്‍ സാധിക്കും. മസ്ജിദിനുള്ളില്‍ കിഴക്കോട്ട് ദര്‍ശനമായി നന്ദിയുടെ ഒരു വിഗ്രഹം ഇപ്പോഴുമുണ്ട്. ഔറംഗസിബിന്റെ കാലത്താണ് കാശി വിശ്വനാഥക്ഷേത്രം തകര്‍ത്ത് അവിടെ ജ്ഞാന വ്യാപി മസ്ജിദ് പണിതത്. മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെയും ചരിത്രം ഇതുതന്നെയാണ്. ഗുരുസാഗരത്തില്‍ ഒ.വി വിജയന്‍ എഴുതിയത് പോലെ ‘നിരാലംബങ്ങളായ ദൈവസങ്കല്‍പ്പങ്ങളെ തച്ചുടയ്ക്കാന്‍ വന്ന താര്‍ത്താരിയും, മുഗളനും…’. നൂറ്റാണ്ടുകളോളം അവരാ ശ്രമം തുടര്‍ന്നു. പക്ഷെ, ഒടുവിലെ വിജയം ധര്‍മ്മത്തിന് മാത്രം.
ഹിന്ദുവിന്റെ സ്വാഭിമാനം
1980-കളില്‍ വിശ്വഹിന്ദുപരിഷത്തിന്റെ (വി.ച്ച്.പി) രംഗപ്രവേശനത്തോടെയാണ് അയോദ്ധ്യാ വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചാവിഷയമായത്. 1990 സെപ്റ്റംബറില്‍ ലാല്‍ കൃഷ്ണ അദ്വാനി നയിച്ച രഥയാത്രയില്‍ അദ്ദേഹം പറയുകയുണ്ടായി: ”മുസ്ലിങ്ങള്‍ക്ക് മക്ക എന്താണോ ക്രിസ്ത്യാനികള്‍ക്ക് വത്തിക്കാന്‍ എന്താണോ അതാണ് ഹിന്ദുക്കള്‍ക്ക് അയോദ്ധ്യ”. ആ യാത്രയില്‍ ആകമാനം ഉയര്‍ന്ന മുദ്രാവാക്യമായിരുന്നു ‘മന്ദിര്‍ വഹി ബനായെംഗെ'(ക്ഷേത്രം അവിടെ തന്നെ പണിയും). മുലായം സിംഗ് യാദവ് മുഖ്യമന്ത്രി ആയിരിക്കെ അയോദ്ധ്യയില്‍ കര്‍സേവയ്‌ക്കെത്തിയവര്‍ക്കുനേരെ ഉത്തര്‍ പ്രദേശ് പോലീസ് നിറയൊഴിക്കുകയും ആ വെടിവെപ്പില്‍ കര്‍സേവകര്‍ക്ക് അത്യാഹിതം സംഭവിക്കുകയും ചെയ്തു. ശേഷം 1992 ഡിസംബര്‍ 6-ന് കര്‍സേവയില്‍ കെട്ടിടം തകര്‍ക്കപ്പെട്ടു.
ആയിരക്കണക്കിന് ഹൈന്ദവ ക്ഷേത്രങ്ങളാണ് ഇന്ത്യയുടെ ഇസ്ലാമിക അധികാര കാലഘട്ടത്തില്‍ തകര്‍ക്കപ്പെട്ടത്. ഇടതുപക്ഷ ചരിത്രകാരന്മാര്‍ തയ്യാറാക്കിയ നമ്മുടെ പാഠപുസ്തകങ്ങളില്‍ സുല്‍ത്താന്മാരും മുഗളന്മാരും മഹാന്മാരായി അവരോധിക്കപ്പെടുന്നു. അയോദ്ധ്യാ വിഷയം ഇത്രയേറെ വഷളാക്കിയത് ഇപ്പറഞ്ഞ ഇടതുപക്ഷ ചരിത്രകാരന്മാരാണെന്ന് പ്രമുഖ പുരാവസ്തു വിദഗ്ധനും രാമജന്മഭുമിയില്‍ ഉത്ഖനനം നടത്തി ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയ കെ.കെ മുഹമ്മദ് സാക്ഷ്യപ്പെടുത്തുന്നു. അയോദ്ധ്യാ വിധിക്കുശേഷം മുസ്ലിം സമുദായത്തില്‍ നിന്ന് വിധിക്കെതിരെ യാതൊരു തരത്തിലുമുള്ള അമര്‍ഷവും പുറത്തുവന്നിരുന്നില്ല (ഒവൈസിയെയും മുസ്ലിം ലീഗിനെയും ഒഴിവാക്കുന്നു). തുടക്കം മുതല്‍ക്കു തന്നെ ഷിയാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വാസിം റിസ്‌വി രാമക്ഷേത്രം പണിയുന്നതിന് അനുകൂലമായിരുന്നു. പുണ്യപാവനമായ അയോദ്ധ്യയില്‍ ഉയരേണ്ടത് ശ്രീരാമ ക്ഷേത്രമാണ് എന്ന പൊതുബോധം അവിടെയും പ്രകടമാണ്.
ഹിന്ദുത്വമെന്തെന്ത് രാഷ്ട്രം തിരിച്ചറിയുന്നു
2014-നു ശേഷം ഭാരതത്തിന്റെ രാഷ്ട്രീയമണ്ഡലത്തില്‍ വരുന്ന മാറ്റങ്ങള്‍ ചില സൂചനകള്‍ നല്‍കുന്നുണ്ട്. മതേതരത്വത്തെ പറ്റി പ്രബോധനങ്ങള്‍ നടത്തുകയും ഹൈന്ദവ സമൂഹത്തെ ‘ഹിന്ദു തീവ്രവാദം’ എന്ന പദമുപയോഗിച്ച് അപമാനിക്കുകയും ചെയ്ത കോണ്‍ഗ്രസ് നേതൃത്വം തിരഞ്ഞെടുപ്പ് കാലത്ത് ക്ഷേത്രങ്ങളില്‍ പൂജ ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. ജമ്മു കാശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന 370-ാം വകുപ്പ് റദ്ദാക്കിയതിനെ കോണ്‍ഗ്രസ് പാര്‍ട്ടി എതിര്‍ത്തപ്പോളും ഭൂപീന്ദര്‍ സിംഗ് ഹൂഡ, ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ അനുകൂലിച്ചിരിന്നു. ഇപ്പോള്‍ അയോദ്ധ്യയിന്‍ ബൃഹത്തായ ഒരു ക്ഷേത്രം വേണമെന്ന് ആവശ്യപ്പെടുന്നത് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് ആണ്. കോഴിക്കോട്ടെ ചില മുസ്ലിം സംഘടനകള്‍ മാവോയിസ്റ്റുകള്‍ക്ക് സഹായം ചെയ്യുന്നുണ്ടെന്ന് കേരളത്തില്‍ സി.പി.ഐ.എം നേതൃത്വം അടുത്തിടയ്ക്ക് സമ്മതിച്ചിരുന്നു. കഴിഞ്ഞ മണ്ഡലകാലത്ത് ധാര്‍ഷ്ട്യം കാണിച്ച കേരള സര്‍ക്കാര്‍ ഇത്തവണ യുവതീ പ്രവേശനത്തില്‍ പിന്നോട്ട് പോയിരിക്കുന്നു. മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ വര്‍ഗീയ കക്ഷി എന്ന് കോണ്‍ഗ്രസ് എല്ലാക്കാലവും പരിഹസിച്ച ശിവസേനയുമായി ചങ്ങാത്തം കൂടുന്നത് വരെയെത്തി കാര്യങ്ങള്‍. ബംഗാളില്‍ മമത ബാനര്‍ജി ഇസ്ലാമിക തീവ്രവാദത്തെ കുറിച്ച് സംസാരിച്ചു തുടങ്ങി. ആന്ധ്രയില്‍ ജഗന്‍മോഹന്‍ റെഡ്ഡി നടത്തുന്ന ക്രൈസ്തവവത്ക്കരണത്തെ നിശിതമായി വിമര്‍ശിക്കുന്നത് ഇപ്പോള്‍ ചന്ദ്രബാബു നായിഡു ആണ്. അതെ, ഭാരതത്തിന്റെ പൊതുമണ്ഡലം ഹിന്ദുത്വമാവുകയാണ്. ഹൈന്ദവ ദര്‍ശനങ്ങളെ പരിഹസിച്ച്, ഹിന്ദുത്വത്തെ തള്ളിക്കളഞ്ഞ് രാഷ്ട്രീയത്തിലേര്‍പ്പെടാന്‍ ഒരു കക്ഷിക്കും കഴിയാന്‍ സാധിക്കാത്ത സമയം വരുന്നു.
നമ്മുടെ ചരിത്രം തിരിച്ചുപിടിക്കേണ്ട സമയം
ഭാരതീയമായ എല്ലാം അധമമാണെന്നുള്ള പാശ്ചാത്യ ചിന്താധാരയാണ് ഭാരതത്തിന്റെ ചരിത്രമെഴുതിയ ഒട്ടുമിക്ക ചരിത്രകാരന്മാരെയും മുന്നോട്ട് നയിച്ചത്. രാമജന്മഭൂമിയില്‍ ഒരു ക്ഷേത്രമുണ്ടായിരുന്നില്ല എന്നാണവര്‍ എല്ലാക്കാലത്തും പറഞ്ഞിരുന്നത് 2003-ല്‍ ഉത്ഖനനത്തില്‍ ലഭിച്ച വസ്തുക്കള്‍ കണ്ട് അവര്‍ പറഞ്ഞു അത് ബുദ്ധമതവും ആയി ബന്ധപ്പെട്ടതാണെന്ന്. ഭാരതത്തിന്റെ ഹൈന്ദവ സംസ്‌കൃതിയെ എല്ലാക്കാലവും അവര്‍ അവഗണിച്ചുപോരുന്നു. ചരിത്രകാരന്‍ ആവാനുള്ള യോഗ്യത ഹിന്ദുത്വത്തിനെതിരെയും ഹൈന്ദവ സംഘടനകള്‍ക്കെതിരെയും നുണകള്‍ പ്രചരിപ്പിക്കുക എന്നതാണെന്ന് തോന്നും നവലിബറല്‍ ബുദ്ധിജീവികളുടെ ചേഷ്ടകള്‍ കണ്ടാല്‍. ഈ രാഷ്ട്രത്തിന്റെ യഥാര്‍ത്ഥ ചരിത്രത്തെ മലീമസമാക്കി വരും തലമുറയെ സ്വത്വത്തില്‍ നിന്ന് അകറ്റി നിര്‍ത്തുക എന്നതാണ് അവരുടെ ലക്ഷം. അത് പ്രതിരോധിക്കപ്പെടേണ്ടത് തന്നെയാണ്. ഒരു നുണ നൂറാവര്‍ത്തി ഉരുവിട്ട് അത് സത്യമായ് മാറ്റുന്ന ഗീബല്‍സിയന്‍ തന്ത്രത്തിന്റെ ഭാരതത്തിലെ പ്രയോക്താക്കളാണ് ഇവിടുത്തെ ഇടതുപക്ഷ ചരിത്രകാരന്മാര്‍. അയോദ്ധ്യ എന്ന ഒറ്റ വിഷയത്തില്‍ ഇത്രയേറെ നുണകള്‍ പടച്ചുവിടാമെങ്കില്‍, ഇതേ ആള്‍ക്കാര്‍ എഴുതിയ ഇന്ത്യന്‍ ചരിത്രത്തില്‍ എത്രത്തോളം വസ്തുത ഉണ്ടായിരിക്കും എന്നത് നമുക്ക് ഊഹിക്കാവുന്നതേയുള്ളു.
സുപ്രീംകോടതിയുടെ അയോദ്ധ്യാ വിധി ആധുനിക ഇന്ത്യന്‍ ചരിത്രത്തിന്റെ സുവര്‍ണ നിമിഷമായി വരുന്നകാലം അടയാളപ്പെടുത്തും എന്നത് തീര്‍ച്ചയാണ്. സാംസ്‌കാരിക അധിനിവേശത്തിന്റെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിയാന്‍ അയോദ്ധ്യയില്‍ ഉയരാന്‍ പോവുന്ന ഭവ്യ രാമക്ഷേത്രത്തിലൂടെ ഹൈന്ദവസമൂഹത്തിന് സാധിക്കും. ദൃഢമായിക്കൊണ്ടിരിക്കുന്ന ആ ഹൈന്ദവ ബോധത്തിന് ഈ രാഷ്ട്രത്തിന്റെ അഖണ്ഡതയെ സംരക്ഷിക്കാനുമാവും. രാമായണത്തില്‍ ശ്രീരാമന്‍ ലക്ഷണനോട് പറയുന്നുണ്ട് ‘ജനനീ ജന്മഭൂമിശ്ച സ്വര്‍ഗാദപി ഗരീയസി'(പെറ്റമ്മയും പിറന്നനാടും സ്വര്‍ഗത്തേക്കാള്‍ മഹത്തരം’. ഈ ചിന്തയാവട്ടെ ഈ രാഷ്ട്രത്തെ മുന്നോട്ടു നയിക്കുന്നത്.
———————————————————————————————-
Reference books
1. Meenakshi Jain, Rama and Ayodhya, Delhi, 2013
2. Sita Ram Goel (edit.), Hindu Temples : What happened to them?, New Delhi, 1991
3. R.N Munshi, The History of Kutb Minar, Bombay, 1911
4. Romila Thapar, Bipan Chandra, K.N Panikkar, Harbans Mukhya, e.t.c, The Political Abuse of History: Babri Masjid-Rama Janmabhumi Dispute, Social Scientist, 1990 (Article)
(ഹൈദരാബാദ് സര്‍വ്വകലാശാലയിലെ രണ്ടാം വര്‍ഷ എം.എ ചരിത്ര വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)