ഐസക് അസിമോവ് (Issac Asimov) എഡ്ഗര്‍ റൈസ് ബറോസ് (Edger Ric Burroughs) ജൂള്‍സ് വെര്‍നേ (Jules Verne) ബ്രാഡ് ബറി (Ray Bradbury) Duglas Adam (ഡുഗ്ലാസ് ആഡം) അലക്‌സാണ്ടര്‍ വെല്‍റ്റ് മാന്‍(Alexander Veltman) എന്നീ പേരുകള്‍ പാശ്ചാത്യ സാഹിത്യത്തില്‍ പ്രശസ്തമായിരിക്കുന്നത് അവരുടെ ശാസ്ത്ര കല്പിതകഥകളുടെ (Science Fiction) പേരിലാണ്. ആ മേഖലയിലെ വായനക്കാര്‍ക്ക് ഇവര്‍ സുപരിചിതരാണെങ്കിലും സാധാരണ വായനക്കാരായ മലയാളികള്‍ക്ക് മുഖ്യമായും പരിചയം ഇവരില്‍ രണ്ടുപേരെയാണ്. അതില്‍ മുഖ്യം എഡ്ഗര്‍ റൈസ് ബറോസാണ്. അദ്ദേഹത്തെ അത്ര പരിചയമില്ലാത്തവര്‍ക്കും ബറോസിന്റെ കഥാപാത്രം ‘ടാര്‍സനെ’ പരിചയമുണ്ടാവും. കേരളത്തിന്റെ കുട്ടികള്‍ക്ക് പ്രിയങ്കരമായ കഥാപാത്രങ്ങളില്‍ ഒന്നാണ് ടാര്‍സണ്‍. ടാര്‍സനാണ് എഡ്ഗറിനെ പ്രശസ്തനാക്കിയതെങ്കിലും അദ്ദേഹം അറിയപ്പെടുന്ന ഒരു സയന്‍സ് ഫിക്ഷന്‍ എഴുത്തുകാരനാണ്. നമ്മുടെ പാഠപുസ്തകങ്ങളില്‍ പോലും ഇടംപിടിച്ച മറ്റൊരു സയന്‍സ് ഫിക്ഷന്‍ എഴുത്തുകാരന്‍ ഐസക് അസിമോവാണ്.
അഞ്ഞൂറിലധികം കൃതികള്‍ എഴുതിയതായി പറയപ്പെടുന്ന അസിമോവിന്റെ രചനാലോകം ഒരുതരത്തില്‍ ഒരത്ഭുതമാണ്. ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ ബയോകെമിസ്ട്രി പ്രൊഫസര്‍ ആയിരുന്ന അസിമോവ് 1992 ഏപ്രില്‍ 6ന് അന്തരിച്ചു. പാശ്ചാത്യര്‍ സയന്‍സ്ഫിക്ഷന്‍ രംഗത്തെ റോബര്‍ട്ട് എ ഹൈന്‍ ലൈന്‍ (Robert A Heinlein) ആര്‍തര്‍ (സി) ക്ലാര്‍ക്ക് (Arthur C. Clarke) എന്നിവരോടൊപ്പം ഐസക്കിനേ യും ചേര്‍ത്ത് ‘ബിഗ്ത്രീ’ ആയാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ രാജ്യാന്തര പ്രശസ്തി ലഭിച്ച ശാസ്ത്ര കല്പിത കഥാകാരന്‍ ഐസക് അസിമോവാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. ഐസകിന്റെ ഫൗണ്ടേഷന്‍ സീരീസ് (Foundation series), Robot series (റോബോട്ട് സീരീസ്) തുടങ്ങിയ പരമ്പരകളും ഗാലക്ടിക് എമ്പയര്‍ (Galactic Empire) പോലുള്ള നോവലുകളും എല്ലാം വളരെ പ്രശസ്തമാണ്. ലോകം മുഴുവന്‍ അസിമോവിന് വായനക്കാരുണ്ട്.
നമ്മുടെ മലയാളത്തില്‍ എഴുത്തിലും വായനയിലും തീരെ പുരോഗമിക്കാത്ത ഒരു മേഖലയാണ് സയന്‍സ് ഫിക്ഷന്‍ എന്നു പറയാം. കാരണം നമ്മള്‍ ശാസ്ത്രത്തിനു തീരെ പ്രാധാന്യം കൊടുക്കാത്ത ഒരു സമൂഹമാണ്. ശാസ്ത്രജ്ഞന്മാരെ ബഹുമാനിക്കുന്ന കാര്യത്തില്‍ മലയാളികള്‍ വളരെ പിന്നിലാണ്. സിനിമാതാരങ്ങളാണ് എല്ലാം എന്നു കരുതുന്ന ഒരു തട്ടുപൊളിപ്പന്‍ സമൂഹമാണ് നമുക്കുള്ളത്. മലയാളത്തിലെ നടന്മാരേക്കാളും രജനി, വിജയ് തുടങ്ങിയ തമിഴിലെ നടന്മാര്‍ അഭിനയിക്കുന്ന മോശം ചലച്ചിത്രങ്ങളുടെ മുന്നില്‍ വായപൊളിച്ചിരിക്കുന്ന ശരാശരി കേരളീയന്‍ പരിഹാസ്യമായ നമ്മുടെ സാമൂഹ്യസ്ഥിതിയുടെ പ്രതിഫലനമാണ്. രജനിയുടെ ‘യന്തിരന്‍’ പോലുള്ള ഒരു സയന്‍സ് ഫിക്ഷന്‍ എന്റര്‍ടൈനര്‍ ഒരിക്കലും നിര്‍മ്മിക്കാന്‍ നമ്മുടെ കേരളത്തിനു കഴിയില്ല. കാരണം നമ്മുടെ ധനസ്ഥിതി തന്നെ. യൂറോപ്പിലെ കേരളം പോലുള്ള ചെറുരാജ്യങ്ങളാണ് പല വമ്പന്‍ പ്രോജക്ടുകളും ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതെന്ന് നമ്മള്‍ ചിന്തിക്കണം.
എല്ലാവരും സയന്‍സ് ഫിക്ഷന്‍ എഴുതണമെന്നോ എല്ലാവരും അത്തരം കൃതികള്‍ വായിക്കണമെന്നോ ഈ പറഞ്ഞതിലര്‍ത്ഥമില്ല. ഇതെഴുതുന്നയാളിനു വായിക്കാന്‍ തീരെ താല്പര്യമില്ലാത്ത ഒരു മേഖലയാണത്. താല്പര്യമുള്ളവര്‍ എഴുതട്ടേ വായിക്കട്ടേ. ശാസ്ത്രം നിത്യജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുന്ന പാശ്ചാത്യസമൂഹത്തില്‍ ഡസന്‍കണക്കിന് സയന്‍സ് ഫിക്ഷന്‍ എഴുത്തുകാരുണ്ട്. അവര്‍ക്കൊക്കെ വായനക്കാരുമുണ്ട്. നമുക്ക് പേരിനുപോലും അങ്ങനെയൊരെഴുത്തുകാരനില്ല. ഇല്ലാത്തതിനു കാരണം നമുക്കു ശാസ്ത്രം എന്നു പറയുന്നത് ഇപ്പോഴും ശാസ്ത്രസാഹിത്യ പരിഷത്ത് പ്രചരിപ്പിക്കുന്ന ചുണ്ണാമ്പും പുളിയും കൊണ്ട് നിറംമാറ്റിക്കാണിക്കുന്ന ചെപ്പടി വിദ്യയാണ്. കമ്പ്യൂട്ടര്‍ വന്നപ്പോള്‍ സമരം ചെയ്തു പടി കടത്തിയതാണ് കേരളത്തിന്റെ ശാസ്ത്രബോധം. ഈ മനോഭാവം മാറേണ്ടതുതന്നെ. ഭാഷാപോഷിണി വാര്‍ഷികപ്പതിപ്പ് ‘സയന്‍സ്ഫിക്ഷന്‍’ കഥകളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വ്യത്യസ്തമായ ഒരു ചുവടുവെയ്പാണിതെന്നു പറയാം. കഥകളെ കൂടാതെ സയന്‍സ്ഫിക്ഷനെ കുറിച്ചുള്ള ഒരു പഠനവുമുണ്ട്.
‘ഏട്ടിലപ്പടി പയറ്റിലിപ്പടി’ എന്നൊരു ചൊല്ലുണ്ട്. പൊതു സമൂഹത്തില്‍ ആനുപാതികമായി വളരാതെ എഴുത്തില്‍ മാത്രം ഒരു വളര്‍ച്ചയും നിലനില്‍ക്കില്ല. സയന്‍സ്ഫിക്ഷന്‍ പൊതുവെ ആസ്വദിക്കപ്പെടണമെങ്കില്‍ സമൂഹത്തിലെ ശാസ്ത്രസാങ്കേതിക ബോധവും താല്പര്യവും വളര്‍ന്നിരിക്കണം. സാങ്കേതിക വിദ്യാഭ്യാസത്തിനും വലിയ വളര്‍ച്ചവേണ്ടിവരും. സാങ്കേതിക വിദ്യാഭ്യാസത്തില്‍ ഉയര്‍ന്ന സ്ഥാനം ആര്‍ജ്ജിച്ച ഒരു എലൈറ്റ് ക്ലാസ് രൂപപ്പെട്ടാലേ സയന്‍സ്ഫിക്ഷന്‍ പോലുള്ള എഴുത്തുകള്‍ക്ക് വായനക്കാരെ കിട്ടുകയുള്ളൂ. കേരളത്തില്‍ അതൊന്നുമില്ല. ചായക്കടകളിലിരുന്നു രാഷ്ട്രീയം തര്‍ക്കിക്കുന്ന മലയാളിക്ക് ഇന്നും വലിയ മാറ്റമൊന്നും വന്നിട്ടില്ല. അത്തരം സമൂഹത്തില്‍ എന്തു സയന്‍സ്ഫിക്ഷന്‍.
കലാകൗമുദിയില്‍ (ജൂണ്‍ 02-09) ജയാ ജി നായരുടെ കവിത ‘മറുവാക്ക്’ സുഗത കുമാരി ടീച്ചറിന് തിലോദകമായെന്നു പറയാം. ഹൃദ്യമായ രചന. പാനയുടെ താളത്തില്‍ ചൊല്ലാമെങ്കിലും സര്‍പ്പിണിയുടെ കൃത്യമായ അക്ഷരക്രമമൊന്നും പാലിക്കുന്നില്ല. ചില വരികളില്‍ 11നു പകരം 12 അക്ഷരമുണ്ട്. ഗുരുവിന്റെ സ്ഥാനത്ത് രണ്ടു ലഘുപ്രയോഗിക്കുന്നതു കൊണ്ടാണിത്. ഭാഷാവൃത്തങ്ങളില്‍ അതൊക്കെ സാധ്യമാണല്ലോ. ബോധപൂര്‍വ്വം അത്തരം ലഘുപ്രയോഗങ്ങള്‍കൊണ്ട് ചങ്ങമ്പുഴയും മറ്റും കവിതക്ക് വലിയചാരുത സൃഷ്ടിച്ചിട്ടുമുണ്ടല്ലോ. ഇന്നത്തെ കവിതയില്‍ വൃത്തവിചാരത്തിനു പ്രസക്തിയില്ലെങ്കിലും ഈണത്തിലെഴുതുന്ന കവിതകളിലെ അക്ഷരവിന്യാസത്തെ ശ്രദ്ധിക്കുന്നതു രസമുളവാക്കുന്ന സംഗതിയാണ്. അര്‍ത്ഥത്തില്‍ മാത്രമല്ലല്ലോ കവിത രൂപപ്പെടുന്നത് ശബ്ദത്തിലും ചിലതുണ്ട്. മാത്രവുമല്ല വൃത്തത്തിലും താളത്തിലും മാത്രം കവിതയെഴുതിയ വ്യക്തിയായിരുന്നു സുഗതകുമാരി. കവിത താളത്തിലേ പാടുള്ളൂ എന്ന അഭിപ്രായവും ടീച്ചര്‍ക്കുണ്ടായിരുന്നു.
”പാരിജാതം മണക്കുന്ന രാത്രിയില്‍
ജനല്‍തുറന്നിരുട്ടത്തേയ്ക്കു നോക്കവേ
എങ്ങുനിന്നോ കുഴല്‍വിളിക്കുന്നുവോ
നീള്‍മയില്‍പ്പീലി പാറിവന്നെത്തിയോ”
നല്ല വരികളാണ്. എന്നാല്‍ ഇതില്‍ രണ്ടാമത്തെ വരിയില്‍ മാത്രമനുഭവപ്പെടുന്ന താളഭംഗം വായനയില്‍ കല്ലുകടിയുണ്ടാക്കുന്നു. മറ്റു മൂന്നു വരികളും 11 എന്ന അക്ഷരക്രമം പാലിക്കുന്നുണ്ട്. അവയെ പാടിനീട്ടി താളം ക്രമപ്പെടുത്താം എന്നാല്‍ രണ്ടാംവരിയില്‍ ഒരക്ഷരം കൂടുതലായതിനാല്‍ (12) അവിടെ കൃത്യമായ താളഭംഗം അനുഭവപ്പെടുന്നു. മറ്റു വരികളെപ്പോലെ 11 അക്ഷരത്തില്‍ ആ വരിയും ക്രമപ്പെടുത്താവുന്നതേയുള്ളൂ. ”ഇരുട്ടത്തേയ്ക്കൂ” എന്നതിനുപകരം ‘ജനല്‍ തുറന്നിരുട്ടത്തു നോക്കവേ’ എന്നിങ്ങനെ എഴുതിയിരുന്നെങ്കില്‍ അക്ഷരം 11 ആകുമായിരുന്നു. എങ്കില്‍ താളഭ്രംശം അനുഭവപ്പെടുമായിരുന്നില്ല. ജനല്‍ എന്ന ഉറുദു പദത്തിന്റെ തത്ഭവമായ് ജനലിനുപകരം ജാലകം എന്ന പദമായിരുന്നു ഈ കവിതയില്‍ കൂടുതല്‍ യോജിക്കുന്നത്. മൊത്തത്തില്‍ കാല്പനികമായ ഒരു ഭാവമാണ് കവിതയ്ക്കുള്ളത്. അതിന് അനുയോജ്യം ജാലകമാണ്. മാത്രവുമല്ല രാത്രിയില്‍ പുറത്തേയ്ക്കു നോക്കിയാല്‍ ഇരുട്ടുതന്നെയാകുമല്ലോ കാണുന്നത് മറ്റൊന്നും കാണാനാവില്ലല്ലോ. വേണമെങ്കില്‍ നിലാവുകാണാം, അല്ലെങ്കില്‍ നക്ഷത്രം, പിന്നെ നിലാവിലൂടെയുള്ള കാഴ്ചകളോ, വെളിച്ചമുണ്ടെങ്കില്‍ അതിലൂടെയുള്ള കാഴ്ചകളോ കാണാം. എന്നാല്‍ രാത്രിയാണെന്നു പറഞ്ഞുകഴിഞ്ഞതിനാല്‍ പുറത്തേക്കു നോക്കി എന്നു മാത്രം പറഞ്ഞാല്‍ മതിയാകും. ജനല്‍തുറന്നു പുറത്തേയ്ക്കു നോക്കുന്നതാണ് ഉചിതം. ‘ഇരുട്ടത്തു നോക്കുമ്പോള്‍’ ചെറിയ ഒരു പുനരുക്തിദോഷം നമുക്കു മനസ്സില്‍ തോന്നാം. ഒരു കവിയുടെ വരി മറ്റൊരാള്‍ പരിഷ്‌ക്കരിക്കുന്നത് കാവ്യമര്യാദയ്ക്കു ചേര്‍ന്നതല്ല. എങ്കിലും ഒരല്പം അധികസ്വാതന്ത്ര്യമെടുത്ത് ആ വരി ഇങ്ങനെയൊന്നു പരിഷ്‌കരിക്കുന്നു. ‘പാരിജാതം മണക്കുന്ന രാത്രിയില്‍
ജാലകം തുറന്നൊന്നങ്ങുനോക്കവേ’
‘പാരിജാതം’ എന്നത് അനുസ്വാരത്തില്‍ അവസാനിക്കുന്നതിനാല്‍ ‘ജാലകം’ എന്ന അനുസ്വാരാന്ത്യപദം കൂടുതല്‍ ഭംഗിയുളവാക്കും. ഇത്തരത്തില്‍ പദങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ സൂക്ഷ്മമായ ആലോചനയൊന്നും ഇന്നത്തെ കവികളാരും നടത്തുന്നില്ല. ആശാനും വൈലോപ്പിള്ളിയുമൊക്കെ ചെയ്തതുപോലെ വാക്കിനുവേണ്ടി കാത്തിരിക്കുന്ന കവികള്‍ ഇന്നില്ല. ഇന്ന് കവിത അര്‍ത്ഥത്തില്‍ മാത്രമാണ്. ശബ്ദത്തിന്റെ സാധ്യത ആരും പ്രയോജനപ്പെടുത്തുന്നതേയില്ല. പദസ്വീകരണത്തിന്റെ ഗൗരവമെത്രമാത്രമെന്ന് ഓര്‍മ്മിപ്പിക്കാന്‍ ഈ വരി ചൂണ്ടിക്കാണിച്ചുവെങ്കിലും കവിത മൊത്തത്തില്‍ മനോഹരമായ രചനയാണെന്ന് തീര്‍ത്തു പറയാവുന്നതാണ്.
മാതൃഭൂമിയില്‍ ചുള്ളിക്കാടിന്റെ അതിമനോഹരമായ ഒരു രചനവായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം തോന്നുന്നു (മാതൃഭൂമി ജൂണ്‍ 9-15). ‘പൊടി’ എന്ന രചന സൂക്ഷ്മമായ നിരീക്ഷണത്താല്‍ ധന്യമാണ്. വളരെകാലത്തിനുശേഷം ചുള്ളിക്കാടിന്റെ പ്രതിഭയ്ക്ക് അനുയോജ്യമായ ഒരു രചന വായിക്കാന്‍ കഴിഞ്ഞിരിക്കുന്നു. ബാലചന്ദ്രന്റെ ആദ്യകാല രചനകളുടെ ഗൗരവമോ സൂക്ഷ്മതയോ ഈയടുത്തു കണ്ട രചനകളിലൊന്നും കാണാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ‘പൊടി’ അങ്ങനെയല്ല. എല്ലാ അര്‍ത്ഥത്തിലും മികവുറ്റ രചന. സാഹിത്യ അക്കാദമി ഈയടുത്തകാലത്ത് തുച്ഛമായ പ്രതിഫലം നല്‍കി അദ്ദേഹത്തെ അവഹേളിച്ചതിനാല്‍ ക്ഷുഭിതനായപ്പോള്‍ പ്രതിഭ ഉണര്‍ന്നതാകാം. അദ്ദേഹത്തിന്റെ ‘ക്ഷുഭിതമേധ’യില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട പ്രതിഭാപ്രവാഹമാണ് ഈ ചെറുകവിത എന്നു വേണമെങ്കില്‍ പറയാം.
വിഷയ സ്വീകരണത്തില്‍ത്തന്നെ വലിയ പുതുമയും സൂക്ഷ്മതയും ഉണ്ട്. ‘പൊടി’ ഒരു നിസ്സാര സംഗതിയാണെങ്കിലും അതൊരുമിച്ചുകൂടി തലമുറകളെത്തന്നെ മുക്കിക്കളയുന്നുണ്ട്. സഹസ്രാബ്ദങ്ങള്‍ നമുക്കു മുന്നില്‍ പൊടിയടിഞ്ഞു മറഞ്ഞു കിടക്കുകയാണ്. അതിനെയൊക്കെ പൊടിമാറ്റി പുറത്തേയ്‌ക്കെടുക്കാന്‍ ഇത്തരം പ്രതിഭാസ്പര്‍ശങ്ങള്‍ ആവശ്യമാണ്. സൂകരപ്രസവം പോലെ നിരന്തരം എഴുതി പ്രതിഭ മറഞ്ഞുമാഞ്ഞുപോകുന്നത് ചിലരില്‍ കാണുമ്പോള്‍ അപൂര്‍വ്വമായി മാത്രം രചനകള്‍ നടത്തി സര്‍ഗ്ഗശേഷി വികസിപ്പിക്കുന്നതാണ് വായനാസമൂഹത്തിന് ചാരിതാര്‍ത്ഥ്യം പകരുന്നത്. ഇത്തരം രചനകള്‍ വീണ്ടും നടത്തി ചുള്ളിക്കാട് നമ്മുടെ വായനയുടെ നിമിഷങ്ങളെ കൂടുതല്‍ ഭാസുരവും ധന്യവുമാക്കട്ടേ എന്നു നമുക്ക് ആശംസിക്കാം.