നെഹ്‌റു കുടുംബത്തിന്റെ മുന്‍ഗണനയില്‍ ഒരിക്കലും രാജ്യതാല്‍പ്പര്യം വരുമായിരുന്നില്ല. സ്വതന്ത്ര ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു വിശ്വപൗരനാവാനുള്ള വ്യഗ്രതയില്‍ രാജ്യതാല്‍പ്പര്യം നിരന്തരം വിസ്മരിച്ചു. മുന്നറിയിപ്പുകളെ അവഗണിച്ച് കമ്യൂണിസ്റ്റ് ചൈനയുമായി സൗഹൃദത്തിന് ശ്രമിച്ച നെഹ്‌റുവിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റി. ‘ഇന്ത്യ-ചീന ഭായി ഭായി’ എന്ന മുദ്രാവാക്യത്തില്‍ മയങ്ങി സ്വന്തം രാജ്യത്തിന്റെ നിലനില്‍പ്പുപോലും നെഹ്‌റു അപകടപ്പെടുത്തി. 1962 ലെ കടന്നാക്രമണം മുതല്‍ വഞ്ചനയുടെ ഒരു പരമ്പരതന്നെ ചൈനയില്‍ നിന്നുണ്ടായിട്ടും നെഹ്‌റു കുടുംബവും അവര്‍ നേതൃത്വം നല്‍കിയ കോണ്‍ഗ്രസിന്റെ ഭരണകൂടങ്ങളും പിന്മാറിയില്ല. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും സോണിയ ഗാന്ധി നിയന്ത്രിച്ച മന്‍മോഹന്‍സിംഗിന്റെയും സര്‍ക്കാരുകള്‍ ചൈനയ്ക്കുവേണ്ടി സ്വന്തം രാജ്യത്തിന്റെ താല്‍പ്പര്യങ്ങളെ പലതരത്തില്‍ ഒറ്റുകൊടുത്തു.
കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള 10 വര്‍ഷത്തെ യുപിഎ ഭരണം രാജ്യസുരക്ഷയ്ക്ക് വലിയ ഭീഷണിയായിരുന്നു. ഭാരതത്തോട് ചരിത്രപരമായിത്തന്നെ ശത്രുത പുലര്‍ത്തുന്ന ചൈനയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന വിധത്തിലാണ് യുപിഎ സര്‍ക്കാര്‍ ഓരോ നടപടിയും സ്വീകരിച്ചുപോന്നത്. അതിര്‍ത്തി പ്രശ്‌നത്തിലായാലും, രാജ്യാന്തര വേദികളില്‍ എടുക്കുന്ന തീരുമാനങ്ങളിലായാലും വാണിജ്യ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിലായാലും ചൈനയോട് തീവ്രമായ ആഭിമുഖ്യമാണ് യുപിഎ സര്‍ക്കാര്‍ പ്രകടിപ്പിച്ചത്. അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് ചൈനയെ വരുതിക്ക് നിര്‍ത്തുകയും, തുല്യനിലയില്‍ പെരുമാറുകയും ചെയ്തതു വഴി ഉണ്ടായ അനുകൂല അന്തരീക്ഷവും നേട്ടങ്ങളും നിലനിര്‍ത്താന്‍ യുപിഎ സര്‍ക്കാരിന് കഴിഞ്ഞില്ല. അതിനുള്ള താല്‍പര്യവുണ്ടായിരുന്നില്ല. മാത്രമല്ല രാഷ്ട്രത്തിന്റെ ആത്മാഭിമാനം പോലും പണയപ്പെടുത്തുന്ന സമീപനമാണ് യുപിഎ സര്‍ക്കാര്‍ സ്വീകരിച്ചത്.
ഒന്നാം യുപിഎ സര്‍ക്കാരിലെ ഇടതു പാര്‍ട്ടികളുടെ പ്രത്യേകിച്ച് സിപിഎമ്മിന്റെ പങ്കാളിത്തം എല്ലാ നിലക്കും ഇതിന് അനുകൂലമായിരുന്നു. 2004 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പരസ്പരം എതിര്‍ത്ത് മത്സരിച്ചിരുന്ന കോണ്‍ഗ്രസിനെയും ഇടത് പാര്‍ട്ടികളെയും ഒരുമിപ്പിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ചൈനയുടെ അദൃശ്യഹസ്തങ്ങള്‍ പ്രവര്‍ത്തിച്ചു എന്നാണ് കരുതപ്പെടുന്നത്. മന്ത്രിസഭയില്‍ ചേര്‍ന്നില്ലെങ്കിലും ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിലുള്ള സിപിഎം ചൈനയുടെ ട്രോജന്‍ കുതിരയെ പോലെയാണ് പ്രവര്‍ത്തിച്ചതെന്ന് ആക്ഷേപം ഉയര്‍ന്നു. ഭരണത്തെ നിയന്ത്രിക്കാന്‍ യുപിഎ – ഇടത് ഏകോപന സമിതിക്ക് രൂപം നല്‍കിയതിനു പിന്നിലും ചൈനയുടെ തന്ത്രപരമായ നീക്കം ഉണ്ടായിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. തങ്ങള്‍ക്ക് ഹാനികരമാകുന്ന ഒരു തീരുമാനവും യുപിഎ സര്‍ക്കാരില്‍ നിന്ന് ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്താന്‍ ഇതുവഴി ചൈനയ്ക്ക് കഴിഞ്ഞു. അടല്‍ ബിഹാരി വാജ്‌പേയിയുടെ സര്‍ക്കാര്‍ രാജസ്ഥാനിലെ പൊഖ്രാനില്‍ അണുബോംബ് പരീക്ഷിച്ചത് കോണ്‍ഗ്രസും സിപിഎമ്മും ഒരുപോലെയാണ് എതിര്‍ത്തത്. മുഖ്യമായും ചൈനയുടെ താല്‍പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. രാഷ്ട്രവിരുദ്ധമായ ഈ നയത്തിന്റെ തുടര്‍ച്ചയായിരുന്നു യുപിഎ സര്‍ക്കാര്‍ ചൈനയുമായി ബന്ധപ്പെട്ട് എടുത്തിരുന്ന എല്ലാ തീരുമാനങ്ങളും.
സിനോ-സോണിയ റിലേഷന്‍
ചൈനയുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനുവേണ്ടിതന്നെയാണ് ഒന്നാം യുപിഎ സര്‍ക്കാരില്‍ നിന്ന് ഇടതു പാര്‍ട്ടികള്‍ പിന്മാറിയത്. പ്രധാനമന്ത്രി മന്‍മോഹന്‍ മുന്‍കയ്യെടുത്ത് ഉണ്ടാക്കിയ ഭാരത്-യുഎസ് ആണവ സഹകരണ കരാര്‍ ചൈനയുടെ താല്‍പ്പര്യത്തിന് എതിരായിരുന്നു. ഇടത് കക്ഷികള്‍ കരാറിനെ എതിര്‍ത്തതും ഇതുകൊണ്ടാണെന്ന് പകല്‍പോലെ വ്യക്തവുമായിരുന്നു. സര്‍ക്കാരിനെ നിയന്ത്രിക്കുന്ന ആളായിരുന്നിട്ടും സോണിയ മൗനം പാലിച്ചതിന്റെ കാരണവും മറ്റൊന്നല്ല. അമേരിക്കയെ പിണക്കിയാല്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്ന ഉപദേശവും ലഭിച്ചിരിക്കാം. ഇടത് പാര്‍ട്ടികള്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച ശേഷവും കോണ്‍ഗ്രസ് ഭരണം ചൈനയെ പ്രീണിപ്പിക്കുന്നത് തുടര്‍ന്നു എന്നതാണ് സത്യം. രണ്ടാം യുപിഎ സര്‍ക്കാരിന്റെ നയവും ഇതില്‍നിന്ന് വ്യത്യസ്തമായിരുന്നില്ല. സിനോ-ഇന്ത്യന്‍ റിലേഷന്‍ ആയിരുന്നില്ല, സിനോ-സോണിയ റിലേഷന്‍ ആയിരുന്നു യുപിഎ ഭരണകാലത്ത് നിലനിന്നത്. പ്രധാനമന്ത്രിയുടെ കസേരയില്‍ ഡോ.മന്‍മോഹന്‍സിംഗ് ആയിരുന്നുവെങ്കിലും സൂപ്പര്‍ പ്രധാനമന്ത്രിയായിരുന്ന സോണിയയുമായി ഊഷ്മളമായ ബന്ധം സ്ഥാപിക്കാന്‍ വളരെ നേരത്തെതന്നെ ചൈനയ്ക്ക് കഴിഞ്ഞിരുന്നത് കാര്യങ്ങള്‍ എളുപ്പമാക്കി. ബീജിംഗില്‍ നടന്ന ഒളിമ്പിക്‌സില്‍ പ്രധാനമന്ത്രി ആയിരുന്നിട്ടും മന്‍മോഹന്‍സിംഗിനെ അല്ല, തങ്ങളുടെ സ്വന്തം സോണിയെയാണ് ചൈന ഔദ്യോഗികമായി ക്ഷണിച്ചത്. താനാണ് ഭാരതത്തിന്റെ യഥാര്‍ത്ഥ ഭരണാധികാരി എന്ന ഭാവത്തിലാണ് സോണിയ രാജ്യത്തിനകത്തും പുറത്തും പെരുമാറിയിരുന്നത്.
സിനോ-സോണിയ ബന്ധത്തിലൂടെ ഭാരതത്തിന്റെ താല്‍പര്യങ്ങള്‍ ചൈനയ്ക്ക് അടിയറവയ്ക്കുന്ന നിരവധി സംഭവങ്ങള്‍ യുപിഎ ഭരണകാലത്ത് നടന്നു. രാജ്യരക്ഷയെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത്. പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ ഇതിനെല്ലാം കൂട്ടുനില്‍ക്കുകയും ചെയ്തു. കോണ്‍ഗ്രസിലെ ചൈനാ അനുകൂലികളായ മണിശങ്കരയ്യരെപ്പോലുള്ള നേതാക്കള്‍ തന്നെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തപ്പോഴൊക്കെ മന്‍മോഹന്‍സിംഗ് മൗനിബാബയായി തുടര്‍ന്നു. മന്‍മോഹന് അറിയാമായിരുന്നു ഈ നേതാക്കള്‍ക്ക് ചൈനയുടെയും സോണിയയുടെയും പിന്തുണയുണ്ടെന്ന്. പ്രധാനമന്ത്രിയായി തുടരണമെങ്കില്‍ ഇവരുടെ ആട്ടും തുപ്പും സഹിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.
ഒരു സൈനിക മേധാവിയുടെ ധീരത
അതിര്‍ത്തിയില്‍ നിരന്തരമായ നുഴഞ്ഞുകയറ്റങ്ങള്‍ ഉണ്ടായിട്ടും യുപിഎ സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചതിന് നിരവധി ഉദാഹരണങ്ങളുണ്ട്. 2008 ല്‍ വെസ്റ്റേണ്‍ എയര്‍ കമാന്‍ഡിന്റെ മേധാവിയായിരുന്ന പ്രണാബ് കുമാര്‍ ബാര്‍ബോറ ഇതു സംബന്ധിച്ച് ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തല്‍ നടത്തുകയുണ്ടായി. 1962 ലെ ചൈനയുടെ കടന്നാക്രമണകാലത്ത് ലഡാക്കില്‍ ദൗലത്ത് ബേഗ് ഓള്‍ഡി എന്ന പേരില്‍ ഒരു എയര്‍ സ്ട്രിപ്പ് നിര്‍മ്മിച്ചിരുന്നു. സമുദ്രനിരപ്പില്‍ നിന്നും 17,000 അടി ഉയരത്തിലുള്ള ഇത് 1965 നു ശേഷം ഉപയോഗിച്ചിരുന്നില്ല. 1966 ലെ ഭൂകമ്പത്തില്‍ ഇതിന് ചില കേടുപാടുകളും സംഭവിച്ചിരുന്നു.
അതിര്‍ത്തിയിലേക്ക് വെറും എട്ട് കിലോമീറ്റര്‍ മാത്രമുള്ള ഈ എയര്‍ സ്ട്രിപ്പിന് തന്ത്രപരമായ വലിയ പ്രാധാന്യമുണ്ട്. ചൈനയുടെ നുഴഞ്ഞുകയറ്റത്തെ അങ്ങേയറ്റം പ്രതികൂലമായ സാഹചര്യത്തില്‍ ചെറുത്തുകൊണ്ടിരുന്ന സൈനികര്‍ക്ക് സഹായമാവുന്ന വിധത്തില്‍ ഈ എയര്‍ സ്ട്രിപ്പ് പുനരുജ്ജീവിപ്പിക്കാന്‍ അനുവദിക്കണമെന്ന് വ്യോമസേന ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും യുപിഎ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. എല്ലായ്‌പ്പോഴും യാതൊരു കാരണവും കാണിക്കാതെ ‘വേണ്ട’ എന്നു പറഞ്ഞുകൊണ്ടിരുന്നു. യഥാര്‍ത്ഥത്തില്‍ ഇത് പറഞ്ഞത് യുപിഎ സര്‍ക്കാര്‍ ആയിരുന്നില്ല, ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ആയിരുന്നു. പ്രതിരോധ മന്ത്രിയായിരുന്ന എ.കെ. ആന്റണിക്ക് ഇതൊന്നും ഒരു പ്രശ്‌നമേ ആയിരുന്നില്ല.
സര്‍ക്കാര്‍ അനുമതി ലഭിക്കില്ലെന്ന് ഉറപ്പായത്തോടെ 2008 ല്‍ ബാര്‍ബോറ വളരെ രഹസ്യമായി ഒരു ചെറുവിമാനത്തില്‍ ദൗലത്ത് ബേഗ് ഓള്‍ഡി വ്യോമത്താവളത്തില്‍ ഇറങ്ങി അവിടെ ചെയ്യേണ്ടതായ ചില കാര്യങ്ങള്‍ ചെയ്തു. ആളെ നന്നായി അറിയാമായിരുന്നതുകൊണ്ട് പ്രതിരോധ മന്ത്രി എ.കെ. ആന്റണിയുടെ അനുമതി ഇതിന് വാങ്ങിയിരുന്നില്ല. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് പിന്നീട് സര്‍ക്കാര്‍ ചോദിച്ചപ്പോള്‍ വളരെ കൃത്യമായിരുന്നു ബാര്‍ബോറയുടെ മറുപടി: ”സൈനികര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കേണ്ടത് വ്യോമസേനയുടെ ഉത്തരവാദിത്തമാണ്. ഭാരതത്തിന്റെ ഭൂപ്രദേശത്ത് ഇത് ചെയ്യാനുള്ള വിവേചനാധികാരം സൈന്യത്തിനുണ്ട്.” ഇതായിരുന്നു ആ മറുപടി.
അഞ്ച് വര്‍ഷത്തിനുശേഷം 2013 ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണകാലത്ത് വ്യോമസേനയുടെ ഒരു സൂപ്പര്‍ ഹെര്‍ക്കൂലിയസ് ട്രാന്‍സ്‌പോര്‍ട്ട് വിമാനം ദൗലത്ത് ബേഗ് ഓള്‍ഡിയില്‍ ഇറങ്ങി അതിന്റെ ഉപയോഗക്ഷമത തെളിയിച്ചു. ചൈനയെ നേരിടുന്നതില്‍ ഈ എയര്‍ സ്ട്രിപ്പിന് നിര്‍ണായകമായ പങ്കുവഹിക്കാനുണ്ട്. സൈനികര്‍ക്ക് സഹായം എത്തിക്കാന്‍ കരസേനയും ഈ ചെറു വിമാനത്താവളം ഉപയോഗിക്കാന്‍ തുടങ്ങി.
വാഹനഗതാഗതത്തിനു പറ്റുന്ന റോഡുകള്‍ ഇല്ലാതിരുന്നതാണ് 1962 ലെ ചൈനയുടെ കടന്നാക്രമണകാലത്ത് നമ്മുടെ സൈനികര്‍ക്ക് വിനയായത്. ഒരാഴ്ചയോളം കാല്‍നടയായി സഞ്ചരിച്ചു വേണമായിരുന്നു അവര്‍ക്ക് അതിര്‍ത്തിയില്‍ എത്താന്‍. ഈ പ്രയാസം ഒഴിവാക്കാന്‍ 1999 ല്‍ 72 റോഡുകള്‍ നിര്‍മ്മിക്കാന്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ സര്‍ക്കാര്‍ തീരുമാനിച്ചു. 2012 പണിതീര്‍ക്കാന്‍ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ അതിര്‍ത്തിയിലൂടെയും യഥാര്‍ത്ഥ നിയന്ത്രണ രേഖയോട് ചേര്‍ന്നുമുള്ള ഈ റോഡുകളുടെ നിര്‍മ്മാണം ബോധപൂര്‍വം വച്ചുതാമസിപ്പിച്ചു. മോദി സര്‍ക്കാരിന്റെ 2016 ലാണ് ഇതില്‍ 22 റോഡുകള്‍ പൂര്‍ത്തിയാക്കിയത്. പാരിസ്ഥിതികമായ അനുമതിയില്ലെന്നു പറഞ്ഞാണ് യുപിഎ സര്‍ക്കാര്‍ റോഡ് നിര്‍മ്മാണം വൈകിപ്പിച്ചത്.
അതിര്‍ത്തി രക്ഷയിലും അഴിമതി
ഒന്നാമത്തെയും രണ്ടാമത്തെയും യുപിഎ സര്‍ക്കാരുകളില്‍ ഏറെക്കാലവും മന്‍മോഹന്‍ സിംഗിനായിരുന്നു പരിസ്ഥിതി മന്ത്രാലയത്തിന്റെ ചുമതല എന്നത് ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. സ്ഥലം ഏറ്റെടുക്കുന്നതിലെ പ്രശ്‌നങ്ങള്‍, നിര്‍മ്മാണ സാമഗ്രികള്‍ എത്തിക്കാനുള്ള പ്രയാസങ്ങള്‍, തൊഴിലാളികളുടെ കുറവ്, വെള്ളപ്പൊക്കം പോലുള്ള പ്രകൃതിദുരന്തങ്ങള്‍ എന്നിവ റോഡ് നിര്‍മ്മാണം മന്ദഗതിയില്‍ ആക്കാനുള്ള കാരണങ്ങളായി യുപിഎ സര്‍ക്കാര്‍ കണ്ടുപിടിച്ചിരുന്നു. ദേശസ്‌നേഹം ഇല്ലാത്തതാണ് യഥാര്‍ത്ഥ പ്രശ്‌നമെന്ന് ആര്‍ക്കാണ് ഊഹിക്കാന്‍ കഴിയാത്തത്?
അഴിമതിക്ക് കുപ്രസിദ്ധിയാര്‍ജിച്ചതാണല്ലോ 10 വര്‍ഷത്തെ യുപിഎ ഭരണം. അതിര്‍ത്തിയില്‍ സൈനിക നീക്കത്തിനുള്ള റോഡ് നിര്‍മ്മാണവും അഴിമതി മുക്തമായിരുന്നില്ല. ലേ മുതല്‍ ദൗലത്ത് ബേഗ് ഓള്‍ഡി വരെയുള്ള 255 കിലോമീറ്റര്‍ റോഡിന്റെ നിര്‍മ്മാണം 2000 ല്‍ ആരംഭിച്ചതാണ്. 320 കോടി നിര്‍മ്മാണ ചെലവ് വരുന്ന ഈ റോഡ് 2012ല്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഗുണമേന്മ ഉറപ്പുവരുത്തിയല്ല ഈ റോഡ് നിര്‍മ്മിച്ചിട്ടുള്ളതെന്ന് സിവിസിയുടെ നിര്‍ദ്ദേശപ്രകാരം ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനര്‍ (സിടിഇ) നടത്തിയ പരിശോധനയില്‍ പിന്നീട് കണ്ടെത്തുകയുണ്ടായി. ഓരോ മഴക്കാലത്തും നദിയിലെ വെള്ളം പൊങ്ങുമ്പോള്‍ ഈ റോഡ് പലയിടങ്ങളിലും തകരാറിലാവും. 120 കോടി രൂപയുടെ അഴിമതി ഈ പദ്ധതിയില്‍ നടന്നതായാണ് സിടിഇ കണ്ടെത്തിയത്. ഈറോഡ് പലയിടത്തും പിന്നീട് പുനര്‍നിര്‍മിക്കേണ്ടതായി വന്നു.
പ്രതിരോധ മന്ത്രിയായിരുന്ന എ.കെ. ആന്റണി പാര്‍ലമെന്റില്‍ നടത്തിയ കുപ്രസിദ്ധമായ ഒരു പ്രസംഗം യുപിഎ സര്‍ക്കാര്‍ ചൈനയെ എത്രമാത്രം ഭയപ്പെട്ടിരുന്നുവെന്നും, രാജ്യസുരക്ഷയെ എത്രമാത്രം അപകടപ്പെടുത്തിയിരുന്നുവെന്നും വ്യക്തമാക്കുന്നുണ്ട്. ”അതിര്‍ത്തി വികസിപ്പിക്കാതിരിക്കുക. അതാണ് ഏറ്റവും നല്ല പ്രതിരോധമെന്ന നയമാണ് സ്വതന്ത്രഭാരതം വര്‍ഷങ്ങളോളം സ്വീകരിച്ചത്. വികസിച്ച അതിര്‍ത്തിയെക്കാള്‍ വികസിക്കാത്ത അതിര്‍ത്തിയാണ് സുരക്ഷിതം. വളരെ വര്‍ഷങ്ങളോളം അതിര്‍ത്തിയില്‍ റോഡ് നിര്‍മാണവും വ്യോമത്താവള നിര്‍മാണവുമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ ആ സമയത്ത് ചൈന തങ്ങളുടെ അതിര്‍ത്തിപ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയായിരുന്നു. ഇതിന്റെ ഫലമായി അവര്‍ നമ്മളെക്കാള്‍ മുന്നിലെത്തി. അതിര്‍ത്തിയിലെ അവരുടെ അടിസ്ഥാന സൗകര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അവര്‍ വളരെ മുന്നിലാണ്. ഞാന്‍ ഇക്കാര്യം സമ്മതിക്കുന്നു. ഇത് ചരിത്രത്തിന്റെ ഭാഗമാണ്.”ഇതാണ് ആന്റണി പറഞ്ഞത്.
യുപിഎ സര്‍ക്കാരിന്റെ മാത്രമല്ല, നെഹ്‌റുവിന്റെ കാലം മുതലുള്ള കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അതിര്‍ത്തി സംരക്ഷിക്കുന്നതില്‍ വരുത്തിയ ഗുരുതര വീഴ്ചയാണ് ആന്റണിയുടെ വിടുവായത്തത്തിലൂടെ വെളിപ്പെട്ടത്. അതിര്‍ത്തിയില്‍ ഒരു നയത്തിന്റെ ഭാഗമായി നമ്മള്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെന്ന് ആന്റണി പറയുന്നത് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് മാത്രമാണ് ബാധകം. സൈനികര്‍ക്ക് സഞ്ചരിക്കാന്‍ ജീപ്പുപോലും ഇല്ലാതിരുന്നത് കൊണ്ടാണല്ലോ 1962 ല്‍ ചൈനയെ ചെറുക്കാന്‍ നമുക്ക് കഴിയാതിരുന്നത്. ചൈനയുടെ മുന്നില്‍ വിറച്ചുനില്‍ക്കുന്ന ഈ സമീപനമായിരുന്നില്ല വാജ്‌പേയി നേതൃത്വംനല്‍കിയ എന്‍ഡിഎ സര്‍ക്കാര്‍ സ്വീകരിച്ചത്. പൊഖ്‌റാനിലെ ആണവ പരീക്ഷണം ചൈനയെ ലക്ഷ്യമിട്ടായിരുന്നു. അമേരിക്ക അടക്കമുള്ള വന്‍ശക്തികളുടെ സമ്മര്‍ദ്ദത്തിനു കീഴടങ്ങാതെയാണ് വാജ്‌പേയി സര്‍ക്കാര്‍ ഇത് ചെയ്തത്. ചൈനയാണ് ഭാരതത്തിന്റെ ഒന്നാമത്തെ ശത്രുവെന്ന് പ്രഖ്യാപിക്കാനുള്ള ധൈര്യവും ആര്‍ജ്ജവവും അന്നത്തെ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിന് ഉണ്ടായിരുന്നു. ആന്റണിയില്‍നിന്ന് വളരെ അകലമുണ്ടായിരുന്നുവല്ലോ ഫെര്‍ണാണ്ടസിന്.
(തുടരും)