എവിടുന്നാണ് എല്ലാറ്റിന്റെയും തുടക്കം? വളരെ ചെറുതില്‍ നിന്ന്… വളരെ വളരെ ചെറുതില്‍ നിന്ന്…ഒരു സൂചിമുനയെക്കാള്‍ ചെറുതില്‍ നിന്ന്… നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയാത്തത്ര ചെറുതില്‍ നിന്ന്…. ഒരു കടുകുമണിയെ ഒരു കോടി തുല്യ കഷണങ്ങളാക്കി എന്ന് വിചാരിക്കുക, അതിലൊന്നിന്റെ വലിപ്പത്തിനേക്കാള്‍ ചെറുതില്‍ നിന്നാണ് തുടക്കം.
ഭൂമിയും ചന്ദ്രനും സൂര്യനും ഗ്രഹങ്ങളും നക്ഷത്രങ്ങളും, എന്തിന് കോടാനുകോടി നക്ഷത്രവ്യൂഹങ്ങളും ആ വലിപ്പത്തിനകത്ത് ഉറഞ്ഞു കൂടിക്കിടക്കുകയായിരുന്നു. അതിനും പുറകിലോട്ട് പോയാല്‍ ഏതാണ്ട് 13.8 ബില്ല്യന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നലെകള്‍ ഇല്ലാത്ത ഒരു ദിവസം നമുക്കുണ്ടായിരുന്നു… (a day without yesterday). പിറകില്‍ മറ്റൊരു നിമിഷമില്ലാത്ത ഒരു നിമിഷം നമുക്കുണ്ടായിരുന്നു. സ്ഥലവും കാലവുമില്ലാത്ത ഒരു അത്ഭുത ബിന്ദു. അതിനു പിറകില്‍ ഒന്നുമില്ല. കാലവും സമയവുമില്ല. ഒരു ശൂന്യ ഏകത്വം….. (singularity) ശാസ്ത്രത്തിന് എന്നും പിടികൊടുക്കാത്ത ഒരു മായിക ബിന്ദു ….. അവിടുന്നിങ്ങോട്ടുള്ളതെല്ലാം മനുഷ്യന്‍ കൃത്യമായി മെനെഞ്ഞെടുത്തു.
ലോസ്ഏഞ്ചല്‍സിനടുത്തുള്ള മൗണ്‍ഡ് വില്‍സണ്‍ (Mount Wilson Observatory) കുന്നുകളിലേക്ക് എഡ്വിന്‍ ഹബിള്‍ ((Edwin Hubble) എന്ന ചെറുപ്പക്കാരന്‍ വാനനിരീക്ഷണത്തിനായി പോയി. മൗണ്‍ഡ് വില്‍സണ്‍ ഒബ്‌സര്‍വേറ്ററിയില്‍ നക്ഷത്രങ്ങളുടെ ലോകത്ത് അദ്ദേഹം ഉറങ്ങാതിരുന്നു. വെറും 100 ഇഞ്ച് വലിപ്പമുള്ള ടെലസ്‌കോപ്പിലൂടെ അദ്ദേഹം നടത്തിയ നിരീക്ഷണങ്ങള്‍ ശാസ്ത്രലോകത്തെ പിടിച്ചുലച്ചു. സൂര്യനടക്കമുള്ള നമ്മുടെ സൗരയൂഥം വിശാലമായ സര്‍പ്പിള ക്ഷീരപഥത്തിന്റെ (Spiral Milkyway Galaxy) ഭാഗം മാത്രമാണെന്ന് കണ്ടെത്തി. നമ്മുടെ ക്ഷീരപഥം (Milky way Galaxy) കോടാനുകോടി നക്ഷത്രക്കൂട്ടങ്ങളില്‍ ഒന്നു മാത്രമാണെന്ന് കണ്ടെത്തി. ഏറ്റവും പ്രധാനമായി ലോകം നിശ്ചലവും അചഞ്ചലവുമായ ഒന്നല്ല…. വീണ്ടും വീണ്ടും വളര്‍ന്നു കൊണ്ടിരിക്കുന്നു നക്ഷത്രക്കൂട്ടങ്ങളെല്ലാം പരസ്പരം വളരെ വേഗത്തില്‍ അകന്ന് കൊണ്ടിരിക്കുന്നു (expanding universe) എന്ന ഞെട്ടിപ്പിക്കുന്ന വിവരം തന്റെ പ്രബന്ധങ്ങളിലൂടെ ഹബിള്‍ പുറത്തുവിട്ടു.
നക്ഷത്രക്കൂട്ടങ്ങള്‍ അകന്നുകൊണ്ടിരിക്കുന്ന വേഗത കൃത്യമായി നിര്‍ണ്ണയിക്കാനും ഹബിളിനു കഴിഞ്ഞു. അകലുകയെന്നാല്‍ നമ്മുടെ പ്രപഞ്ചത്തില്‍ സ്ഥലം നിരന്തരമായി നിര്‍മ്മിക്കപ്പെടുന്നു എന്നര്‍ത്ഥം. വിസ്മയിപ്പിക്കുന്ന മറ്റൊരു കാര്യം ഇന്നും അകന്നുകൊണ്ടിരിക്കുകയെന്നാല്‍…. ഇന്നലെകളില്‍ ഈ നക്ഷത്രക്കൂട്ടങ്ങളെല്ലാം കൂടുതല്‍ അടുത്തടുത്ത് ആയിരുന്നിരിക്കണം. അഥവാ ഇവയെല്ലാം ഒരേ സ്ഥലത്ത് നിന്ന് തുടങ്ങിയതാവണം …. ഇന്നും വികസിച്ചു കൊണ്ടിരിക്കുന്ന മഹാ പ്രപഞ്ചം എവിടെ നിന്ന് നോക്കിയാലും വികസിച്ചു കൊണ്ടിരിക്കുന്നു. സമയം കൃത്യമായി അളന്നെടുത്തപ്പോള്‍ നമ്മുടെ ഭൂതകാലത്തില്‍ ഏകദേശം 13.8 ബില്ല്യന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അഭൂതപൂര്‍വ്വമായ ഒരു ശൂന്യ ഏകത്വം. അതില്‍ നിന്നാണ് തുടക്കം.
തുടക്കത്തില്‍ ഒരു വിസ്‌ഫോടനമായിരുന്നു……. ഒരു മഹത്തായ വിസ്‌ഫോടനം (big bang). നമുക്ക് പരിചയമേ ഇല്ലാത്ത ഒരു തരം വിസ്‌ഫോടനം. മറ്റെല്ലാ വിസ്‌ഫോടനവും പോലെ അതിന് ഒരു പ്രഭവകേന്ദ്രം ഉണ്ടായിരുന്നില്ല (There is no centre). അത് എല്ലായിടത്തും ഒരു പോലെ സംഭവിച്ചു.ഒരേ സമയത്ത് അത് അനന്തമാണെന്നോ അല്ലെന്നോ പറയാനാവാത്ത അവസ്ഥ. ശൂന്യ ഏകത്വത്തില്‍ നിന്ന് (singularity) ലോകം പിറന്നു വീണു. പിന്നെ നിരന്തരമായ വികാസം. തിരിഞ്ഞു നോക്കിയപ്പോള്‍ ഏകദേശം 13.8 ബില്ല്യന്‍ വര്‍ഷങ്ങള്‍. അത്രയും വയസ്സേ ആയുള്ളൂ നമ്മുടെ ദൃശ്യപ്രപഞ്ചത്തിന്. എല്ലാം ചെറിയ സ്ഥലത്ത് നിറച്ചാലുള്ള ചൂട് നമുക്കൂഹിക്കാവുന്നതേയുള്ളൂ. എന്നാല്‍ ഈ പ്രപഞ്ചത്തെ ഒരു ബിന്ദുവില്‍ കുത്തി നിറച്ചാല്‍ എന്തായിരിക്കും അവസ്ഥ? അത്തരം കൊടുംചൂടില്‍ നിന്നാണ് തുടക്കം. ലോകം പിറന്നു വീണതിന്റെ അതിനു ശേഷമുള്ള ആദ്യ നിമിഷത്തിന്റെ നൂറിലൊരംശത്തിന് ശേഷം (After First 1/100 th of the second) ഇവിടുത്തെ ചൂട് ഏകദേശം നൂറായിരം മില്ല്യന്‍ (hundred thousand million 10 11o C beg necen tgile) ഡിഗ്രി സെല്‍ഷ്യസ് ആണെന്ന് കൃത്യമായി കണക്കുകൂട്ടിയെടുത്തു.
ചൂട്….. ഇന്നു കാണുന്ന ഏതു നക്ഷത്രത്തിന്റെ അകത്തുള്ള ചൂടിനേക്കാളും കൂടുതലായിരുന്നു. ഇന്നു കാണുന്ന ഒരു പിണ്ഡത്തിനും നിലനില്‍ക്കാന്‍ കഴിയാത്ത ചൂടാണത്. ഒരു പരമാണുവിനും നിലനില്‍ക്കാനാവാത്തത്ര ചൂട്…. പേരിടാനാവാത്തത്ര (elementary particles) എണ്ണമറ്റ കണങ്ങള്‍ അതിവേഗത്തില്‍ സഞ്ചരിച്ച നിമിഷാര്‍ദ്ധങ്ങള്‍. പ്രകാശത്തിന് തുല്യമായ വേഗത്തില്‍ പിണ്ഡം സഞ്ചരിച്ച നിമിഷങ്ങള്‍…. മരണമില്ലാത്ത പ്രകാശ വേഗം. ഊര്‍ജ്ജത്തിന്റെതെന്നോ പിണ്ഡത്തിന്റെതെന്നോ തിരിച്ചറിയാനാവാത്ത ലോകം.
ലോകത്തിന്റെ സകലമാന ഊര്‍ജ്ജവും പിണ്ഡവും അനശ്വരമായ ശൂന്യഏകത്വത്തില്‍ നിന്ന് (great singularity) പുറത്ത് വന്ന് ഒരു ബിന്ദുവില്‍ കേന്ദ്രീകരിച്ച നിമിഷം. നിമിഷത്തിന് പിന്നില്‍ മറ്റൊരു നിമിഷമില്ലാത്ത നിമിഷം. എല്ലാം പ്രകാശമാനമായിരുന്നു….. ഊര്‍ജ്ജത്തിന് പിണ്ഡത്തെയും തിരിച്ചും നിര്‍മ്മിക്കാന്‍ കഴിയും. ഊര്‍ജ്ജവും പിണ്ഡവും ഒന്നാണെന്ന് പറഞ്ഞ മഹാനായ ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ മഹത്തായ സമവാക്യം (E=mc2 m=mass, c=velocity of light) സമയം തുടങ്ങിയ കാലത്ത് എല്ലാം ഊര്‍ജ്ജമായിരുന്നെങ്കില്‍ ക്രമേണ ലോകം സ്ഥലം സ്വയം നിര്‍മ്മിച്ച് വികസിക്കാന്‍ തുടങ്ങി. ലോകം കൊടും ചൂടില്‍ നിന്ന് തണുത്തു തുടങ്ങി. ഓരോ തരം പിണ്ഡനിര്‍മ്മിതിക്കും അനുകൂലമായ ചൂടുണ്ട്. മഹാവിസ്‌ഫോടനത്തിന്റെ പുകയുന്ന തീച്ചൂളയില്‍ ഇലക്‌ട്രോണുകളും, പ്രോട്ടോണുകളും, ന്യൂട്രോണുകളും നിര്‍മ്മിക്കപ്പെട്ടു. ചൂട് എന്നാല്‍ ഒരുതരം വേഗതയാണ്. പദാര്‍ത്ഥങ്ങള്‍ കൂട്ടിയിടിച്ച് പുതിയത് നിര്‍മ്മിക്കപ്പെടണമെങ്കില്‍ അവ തമ്മില്‍ പരസ്പര പ്രവര്‍ത്തനം (strong interaction)) നടക്കണമെങ്കില്‍ ഒരു മിതമായ വേഗതയുണ്ട്,അഥവാ മിതമായ ചൂടുണ്ട്. അങ്ങനെ അനുകൂലമായ ചൂടെത്തിയപ്പോള്‍ ചെറുകണങ്ങള്‍ കൂടിച്ചേര്‍ന്ന് ഇലക്‌ട്രോണുകളും പ്രോട്ടോണുകളും ഉണ്ടായി. അനുകൂലമായ ചൂടെത്തിയപ്പോള്‍ ഇലക്‌ട്രോണും പ്രോട്ടോണും കൂടിച്ചേര്‍ന്ന് ലോകത്തെ ആദ്യത്തെ പരമാണു (atom) ഹൈഡ്രജന്‍ പരമാണു നിര്‍മ്മിക്കപ്പെട്ടു. പിന്നെ ഹീലിയവും ….98% പദാര്‍ത്ഥങ്ങളും (matter) നിര്‍മ്മിക്കപ്പെട്ടു. ചെറിയ പരമാണുക്കള്‍ക്കനുസൃതമായ ചൂടു മാത്രമേ ഈ തീച്ചൂളയ്ക്ക് നല്‍കാന്‍ കഴിഞ്ഞുള്ളൂ. ചൂട് നിലനില്‍ക്കുന്ന സമയവും പ്രധാനമായിരുന്നു. ലോകത്തിന്റെ സകലമാന പദാര്‍ത്ഥങ്ങളും (പിണ്ഡങ്ങളും) ഹൈഡ്രജന്റെയും ഹീലിയത്തിന്റെ രൂപത്തിലായിപ്പോയി…. അപ്പോഴേക്കും പരമാണുക്കള്‍ അകന്നു കഴിഞ്ഞിരുന്നു. ചൂട് കുറഞ്ഞു തുടങ്ങിയിരുന്നു. മറ്റൊന്നും നിര്‍മ്മിക്കാന്‍ കഴിയാതെ തീച്ചൂള പുകഞ്ഞു കൊണ്ടേയിരുന്നു. മഹാവിസ്‌ഫോടനത്തിന്റെ തീച്ചൂളയില്‍ നിന്ന് ആണവ സംയോജനസ്‌ഫോടനത്തിലൂടെ, (Nuclear Fusion reaction) മറ്റൊന്നും നിര്‍മ്മിക്കാന്‍ കഴിയാതായി. അകന്നു പോയ പരമാണുക്കള്‍ക്ക് വേണ്ട വേഗത്തില്‍ കൂട്ടിയിടിക്കാന്‍ കഴിയാതെ തളര്‍ന്നിരുന്നു.
ലോകത്തിന്റെ ഭാഗ്യമോ നിര്‍ഭാഗ്യമോ ആയിക്കൊള്ളട്ടെ ചിന്നിച്ചിതറിയ പരമാണുക്കള്‍ പ്രധാനമായും ഹൈഡ്രജന്‍, അവയുടെ സാന്ദ്രത വ്യത്യാസം കാരണം കുമിഞ്ഞു കൂടാന്‍ തുടങ്ങി…. ആ സാന്ദ്രതാ വ്യത്യാസം പ്രപഞ്ചസൃഷ്ടിയുടെ അടിക്കല്ലുകളായ സ്ഥല—കാലത്തെത്തന്നെ വളച്ചൊടിക്കാന്‍ തുടങ്ങി… ന്യൂട്ടന്റെ ഭാഷയില്‍ ഗുരുത്വാകര്‍ഷണം കൂടി അവ ചെറിയ ഗോളങ്ങളെ രൂപപ്പെടുത്തുവാന്‍ തുടങ്ങി. പ്രധാനമായും ഹൈഡ്രജന്‍ ഗോളങ്ങള്‍. ആ ഗോളങ്ങള്‍ പിന്നെയും പരമാണുക്കളെ ആകര്‍ഷിച്ച് കൂടുതല്‍ കൂടുതല്‍ ചുരുങ്ങാന്‍ തുടങ്ങി. ഗോളത്തിനകത്ത് ചൂട് കൂടാന്‍ തുടങ്ങി.. ഹൈഡ്രജന്‍ പരമാണുക്കള്‍ വളരെ വേഗത്തില്‍ അതിശക്തമായി കൂട്ടിയിടിക്കാന്‍ തുടങ്ങി. അവ കൂട്ടിയിടിച്ച് ഒട്ടിച്ചേര്‍ന്ന് പുതിയ പരമാണുക്കള്‍, ഹീലിയം പരമാണുക്കള്‍ രൂപപ്പെടാന്‍ തുടങ്ങി. നാമതിനെ ആണവ സംയോജന സ്‌ഫോടനം (Nucleus Fusion reaction) എന്ന് വിളിച്ചു. ആ സ്‌ഫോടനത്തില്‍ നഷ്ടപ്പെട്ട പിണ്ഡത്തിന് തുല്യമായി ഊര്‍ജ്ജം പുറത്തേക്കൊഴുകി. സൂര്യനടക്കം കോടാനുകോടി നക്ഷത്രങ്ങളുടെ ഊര്‍ജ്ജസ്രോതസ്സായി അത് മാറി. ആകാശം പ്രകാശമാനമായി. കോടിക്കണക്കിന് നക്ഷത്രക്കുട്ടങ്ങളുണ്ടായി. മഹാ വിസ്‌ഫോടനത്തെ വിശ്വസിക്കാന്‍ അത്രയെളുപ്പം ശാസ്ത്രലോകം തയ്യാറായില്ല. ആകാശം നോക്കിയാല്‍ നമുക്കും അങ്ങനെയേ തോന്നൂ. അചഞ്ചലവും അനശ്വരവുമായ ലോകം (static universe). ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ സ്വന്തം സമവാക്യങ്ങളെ ഭയന്നു. അത് ഉത്‌ബോധിക്കുന്നത് സ്‌ഫോടനം നടന്നുകൊണ്ടിരിക്കുന്ന സദാ വികസിച്ചു കൊണ്ടിരിക്കുന്ന ഒരു ലോകം. ആ ലോകത്ത് പൊട്ടിത്തെറിച്ച് കൊണ്ടിരിക്കുന്ന ഏതോ ചീളില്‍ സ്ഫടിക ഗോളത്തില്‍ നാം മനുഷ്യര്‍ … പിന്നെയും എല്ലാം ഒരു വേള എല്ലാം ചുരുങ്ങി ചെറുതാവാം… വീണ്ടുമൊരു ബിന്ദുവില്‍ അവസാനിച്ചേക്കാം. മറ്റൊരു അനശ്വര ഏകത്വ ബിന്ദു….. അത്തരമൊരു ലോകത്തെ വിശ്വസിക്കാന്‍ ആര്‍ക്കും പ്രയാസം തോന്നും. താന്‍ നിര്‍മ്മിച്ച സമവാക്യത്തെ തന്നെ ഒരു വേള അദ്ദേഹം മാറ്റിയെഴുതി. ആ സമവാക്യത്തില്‍ ‘കോസ്‌മോളജിക്കല്‍ കോണ്‍സ്റ്റന്റ്’ എന്ന ഏച്ചുകൂട്ടല്‍ നടത്തി. പക്ഷേ കാലം ആരെയും കാത്തുനിന്നില്ല. ഐന്‍സ്റ്റീന്റെ പഴയ സമവാക്യം ഉപയോഗിച്ചു തന്നെ ചിലര്‍ നമ്മുടെ ഭൂതകാലത്തെ നിര്‍വചിച്ചു. മഹാവിസ്‌ഫോടന ശേഷം ചൂട് ഏകദേശം 3000oC ആവുന്നത് വരെ ലോകം ഇരുണ്ടുകിടന്നു. ചെറിയ സ്ഥലത്ത് ഒതുങ്ങിക്കൂടിയ പിണ്ഡത്തിന്റെ അതിസാന്ദ്രത കാരണം ദൂരത്തെ താണ്ടാനാവാതെ പ്രകാശം ചിന്നിച്ചിതറിക്കിടന്നു. പ്രകാശത്തിനു സഞ്ചരിക്കാന്‍ പറ്റാത്ത ഒരു ലോകം ഇരുണ്ടുകിടന്നു.
ഏകദേശം 3000oC ചൂടില്‍ താഴെയെത്തുമ്പോഴേക്ക് പരമാണുക്കള്‍ പരസ്പരം അകന്നുതുടങ്ങിയിരുന്നു സാന്ദ്രത കുറഞ്ഞു. പദാര്‍ത്ഥങ്ങള്‍ക്കിടയിലൂടെ പ്രകാശം ചൂളമിട്ട് പറക്കാന്‍ തുടങ്ങി. അന്നു തൊട്ടിന്നോളമുള്ള പ്രകാശമാണ് നാം കാണുന്നത്. അതുമാത്രമാണ് നമ്മുടെ ദൃശ്യപ്രപഞ്ചം. അതിനപ്പുറമുള്ളതൊന്നും നമുക്കറിയാന്‍ കഴിയില്ല.
അതിന് നമ്മള്‍ ദൃശ്യപ്രപഞ്ചത്തിന്റെ അവസാന ഭിത്തി (surface of last scattering) എന്ന് വിളിച്ചു. ലോകത്തിന്റെ ചൂട് 3000oC ആയ അന്ന് തൊട്ടാണ് പ്രകാശം നിരന്തരമായി പ്രവഹിക്കാന്‍ തുടങ്ങിയത്. അത് നടന്നത് ഏകദേശം 13.8 ബില്ല്യന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ്. ആകാശത്തില്‍ നാം കാണുന്ന നക്ഷത്രങ്ങള്‍ ഓരോന്നും ഇന്നത്തേതാകണമെന്നില്ല. കോടാനുകോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് അവിടെ നിന്ന് പുറപ്പെട്ട പ്രകാശമാണ് നാം കാണുന്നത്.
അമേരിക്കയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ റാല്‍ഫ് ആല്‍ഫര്‍ (Ralf Alphar)) തന്റെ ഉപദേശകനായ ജോര്‍ജ്ജ് ഗാംമോ (George Gamov) വുമായി ചേര്‍ന്ന് ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചു. അവസാന പ്രതിഫലനത്തിന്റെ ഭിത്തി 3000oC ആണെങ്കില്‍ അതിന്റെ ഫോസിലുകളായ മൈക്രോവേവ് തരംഗ പശ്ചാത്തലം ഇന്നും ഇവിടെ ബാക്കിയുണ്ടാവണം. അതേ വേഗത്തില്‍ വികസിക്കുകയാണെങ്കില്‍ വിസ്‌ഫോടന ചൂളയുടെ ഇന്നത്തെ ചൂട് 3oK തൊട്ട് 13oK വരെ ആകാമെന്ന് അവര്‍ ശഠിച്ചു. മൈക്രോവേവ് തരംഗ പശ്ചാത്തലമായി ആ ചൂട് ഇവിടെ നിലനില്‍ക്കുമെന്ന് അവര്‍ വാദിച്ചു. മുറിയില്‍ വെറുതെ തുറന്ന് വച്ച ചായക്കപ്പ് പോലെ നമ്മുടെ ലോകവും തണുത്തുകൊണ്ടിരിക്കണം.
വര്‍ഷങ്ങള്‍ കടന്നു പോയി ….. ഏകദേശം പതിനേഴ് വര്‍ഷങ്ങള്‍ക്ക്… അര്‍നോ പെന്‍സിയാസും (Arno Penzias) റോബര്‍ട്ട് വില്‍സണും (Robert Wilson) പ്രശസ്തമായ ബെല്‍ ലബോറട്ടറിയുടെ ആന്റിന എന്‍ജിനീയര്‍മാരായിരുന്നു. ബലൂണ്‍ ഉപഗ്രഹത്തില്‍ നിന്നുള്ള റേഡിയേഷന്‍ പിടിച്ചെടുക്കുക എന്നതായിരുന്നു അവരുടെ പ്രവര്‍ത്തന ദൗത്യം. ആകാശത്തിലേക്ക് തങ്ങളുടെ ആന്റിന തിരിച്ച് വെക്കുമ്പോള്‍, പ്രതീക്ഷിക്കാത്ത ഒരു അപശബ്ദം തങ്ങളുടെ റിസീവര്‍ ഉപകരണത്തില്‍ പതിയുന്നത് അവര്‍ ശ്രദ്ധിച്ചു. തങ്ങളുടെ ആന്റിനയുടെ കഴുത്തില്‍ കൂടുവെച്ച പ്രാവുകളെയും പ്രാവിന്റെ കാഷ്ടത്തെയും അവര്‍ സംശയിച്ചു. മീറ്ററുകള്‍ നീളമുള്ള ആന്റിന അഴിച്ച് പ്രാവിന്‍ കാഷ്ടം തുടച്ച് മാറ്റി പ്രാവിനെ പിടിച്ചു, … ആന്റിന പുനസ്ഥാപിച്ചു എന്നിട്ടും അപശബ്ദം നിലയ്ക്കുന്നില്ല. ആന്റിനയുടെ പല പ്രവര്‍ത്തന ഭാഗങ്ങളെയും കൂടുതല്‍ കൃത്യതയോടെ അവര്‍ പുനഃസ്ഥാപിച്ചു. എന്നിട്ടും അപശബ്ദം നിലയ്ക്കുന്നില്ല. പിന്നെ അവര്‍ തിരിച്ചറിഞ്ഞു. തങ്ങള്‍ക്കു ലഭിച്ചു കൊണ്ടിരുന്നത് അപശബ്ദമല്ല… മഹാവിസ്‌ഫോടനത്തിന്റെ ഫോസിലുകളാണെന്ന്, 4oK ചൂടില്‍ ഇന്നും പുകഞ്ഞുകൊണ്ടിരിക്കുന്ന തീച്ചൂളയുടെ പശ്ചാത്തല വികിരണമാണെന്ന്. അവരുടെ കണ്ടെത്തലിന്റെ പ്രാധാന്യം 1978 ലെ നോബല്‍ പുരസ്‌കാരമായി അവരിലേക്കെത്തിച്ചേര്‍ന്നു. യഥാര്‍ത്ഥത്തില്‍ പെന്‍സിയാസിന്റെയും വില്‍സന്റെയും കണ്ടുപിടുത്തത്തിന്റെ പ്രാധാന്യം അവരെ ബോദ്ധ്യപ്പെടുത്തിയത് പി.ജെ.ഇ പിബിള്‍സ് (PJE Peebles) എന്ന ശാസ്ത്രജ്ഞനായിരുന്നു. എല്ലാവരും മറന്ന മഹാവിസ്‌ഫോടനത്തെ പൊടി തട്ടിയെടുത്ത ആളായിരുന്നു ആ മഹാന്‍. അദ്ദേഹം പറഞ്ഞു, ”തുടക്കത്തിലെ കൊടും ചൂടില്‍ പരമാണു നിര്‍മ്മാണം നടക്കുമ്പോള്‍ പ്രപഞ്ചം അതിശക്തമായ വികിരണങ്ങളാല്‍ സമ്പുഷ്ടമായിരുന്നിരിക്കണം. എന്നാല്‍ മാത്രമേ ഇന്നു കാണുന്നത്ര ഹൈഡ്രജന്‍ ഈ പ്രപഞ്ചത്തില്‍ ബാക്കിയാവൂ (3/4 ഭാഗം ഹൈഡ്രജന്‍)”. ആ അര്‍ത്ഥത്തില്‍ പ്രപഞ്ചത്തിന്റെ ഇന്നത്തെ ചൂട് പ്രവചിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. പ്രപഞ്ച രഹസ്യത്തിന്റെ അടിത്തട്ടിലേക്ക് വിരല്‍ ചൂണ്ടിയ ആ കണ്ടുപിടുത്തത്തിന് വര്‍ഷങ്ങള്‍ക്ക് ശേഷം, 2019 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌ക്കാരത്തിന് അദ്ദേഹം അര്‍ഹനായി. മഹാവിസ്‌ഫോടനം ഒരു സത്യമാണെന്ന് തെളിയിക്കപ്പെട്ടു. എല്ലാം നിശ്ചലമാണെന്നും അനശ്വരവും അചഞ്ചലവുമാണെന്നും സ്ഥാപിക്കാന്‍ ഐന്‍സ്റ്റീന്‍ തന്റെ സമവാക്യത്തില്‍ വരുത്തിയ ഏച്ചുകൂട്ടല്‍ ‘കോസ്‌മോളജിക്കല്‍ കോണ്‍സ്റ്റന്റ്’നെ അദ്ദേഹം തന്നെ തള്ളിപ്പറഞ്ഞു. ”എനിക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം”.
ഒരു നക്ഷത്രത്തിന്റെ മരണശയ്യയില്‍ അത് അവസാനമായി ഒരുപാട് വിഹ്വലതകള്‍ കാണിക്കുന്നു. നക്ഷത്രങ്ങളുടെ അവസാനഘട്ടങ്ങളില്‍ (വാര്‍ദ്ധക്യത്തില്‍), അവ അതിശക്തമായ പ്രകാശത്തോടെ പൊട്ടിത്തെറിക്കുന്നു. ഈ വിസ്‌ഫോടനത്തെ ”സൂപ്പര്‍നോവ” എന്നു വിളിക്കുന്നു. ഈ സൂപ്പര്‍നോവകളുടെ സമയത്താണ് ഒട്ടുമിക്ക പരമാണുക്കളും നിര്‍മ്മിക്കപ്പെടുന്നത്. മഹാനായ ശാസ്ത്രജ്ഞന്‍ അലന്‍ സാന്‍ഡേജ് ഒരിക്കല്‍ പറഞ്ഞു. ”ഒരര്‍ത്ഥത്തില്‍ നാം മനുഷ്യരെല്ലാം സഹോദരങ്ങളാണ്. നാമെല്ലാം ഇവിടെ വന്നിരിക്കുന്നത് ഒരേ സൂപ്പര്‍നോവയിലൂടെയാണ.്” കോടാനുകോടി നക്ഷത്രക്കൂട്ടങ്ങള്‍ അടങ്ങിയതാണ് നമ്മുടെ മഹാപ്രപഞ്ചം. നമ്മുടെ സ്വന്തം നക്ഷത്രക്കൂട്ടത്തിന്റെ പേരാണ് ക്ഷീരപഥം. എല്ലാമെല്ലാം നിര്‍മ്മിച്ചത് പരമാണുക്കള്‍കൊണ്ട് നിരന്തരമായ സൂപ്പര്‍നോവകള്‍ നടന്നുകൊണ്ടിരിക്കുന്നു. അതായത് പരമാണു സൃഷ്ടി നടന്നുകൊണ്ടേയിരിക്കുന്നു. കണക്കനുസരിച്ച് നിമിഷം പ്രതി ആയിരത്തില്‍ പരം സൂപ്പര്‍നോവകള്‍ ഈ പ്രപഞ്ചത്തില്‍ നടക്കുന്നു. ആകാശത്തിന്റെ മാന്ത്രികച്ചൂള ഇന്നും എന്നും സജീവമാണ്.
സാമാന്യ ബുദ്ധി …. അത് നമ്മുടെ നിലനില്‍പ്പിനായി പ്രകൃതിദത്തമായി പരിണമിച്ചുണ്ടായതാണ്…. (അതുപയോഗിച്ചാണ് ഒരു സാധാരണ മനുഷ്യന്‍ ലോകത്തെ അളക്കാന്‍ ശ്രമിക്കുന്നത്). ഈ സാമാന്യബോധം ഉപയോഗിച്ചാണ് നാം ഒരു ആപ്പിള്‍/ഓറഞ്ച്/പഴം പഴുപ്പെത്തിയോ എന്ന് തീരുമാനിക്കുന്നത്. അല്ലെങ്കില്‍ നമ്മുടെ ജീവനു ഭീഷണിയായ തരത്തില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. നമ്മുടെ ഇന്ദ്രിയങ്ങളുടെ കഴിവിന്റെ പരിമിതികള്‍, നമ്മുടെ സാമാന്യ ബോധത്തിലും യുക്തിയിലും കലര്‍ന്നിരിക്കുന്നുണ്ടാവണം. അതുകൊണ്ട് ഇന്ദ്രിയങ്ങളുടെ പരിമിതികള്‍ സാമാന്യ ബോധത്തിലും പ്രതിഫലിക്കുന്നു.
നമുക്ക് നമ്മുടെ കാഴ്ചയുടെ കാര്യമെടുക്കാം. ഒരു തലനാരുവരെ കാണാന്‍ നമുക്ക് പ്രയാസമില്ല. എന്നാല്‍ അതിന് താഴോട്ട് നമുക്ക് എത്ര വരെ കാണാം? എത്ര ചെറുത് നമുക്ക് നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാവും…. ഇവിടെയാണ് ആധുനിക ഭൗതിക ശാസ്ത്രജ്ഞമാരില്‍ അഗ്രഗണ്യനായ റിച്ചാര്‍ഡ് ഫിലിപ്പ് ഫെയ്ന്‍മാന്‍ (Richard Phillip Feynman) ന്റെ വാക്കുകള്‍ പ്രസക്തമാക്കുന്നത്. അദ്ദേഹം പറഞ്ഞു ”താഴോട്ട് നോക്കൂ, തുറക്കപ്പെടാത്ത ഒരുപാട് രഹസ്യങ്ങള്‍, അറകള്‍ ഇനിയും ബാക്കിയാണ്.” താഴോട്ട് എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് നമ്മുടെ കണ്ണുകള്‍ക്ക് ഗോചരമല്ലാത്ത ചെറുതിലേക്കാണ്. വളരെ അകത്തേക്ക്, ഈ ലോകത്തിലെ എല്ലാം നിര്‍മ്മിച്ചിരിക്കുന്നത് പരമാണുക്കള്‍ (atoms) കൊണ്ടാണ്. അതിനെ വീണ്ടും വിഭജിക്കാം എന്ന് കണ്ടെത്തി. അതിനകത്തുള്ള കണികകളുടെ നിയമങ്ങള്‍ അഥവാ സിദ്ധാന്തങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. നമ്മുടെ യുക്തിക്ക് അഥവാ സാമാന്യ ബോധത്തിന് തീരെ പരിചയമില്ലാത്തതാണെന്ന് കണ്ടെത്തി. ഉള്ളിന്റെ ഉള്ളില്‍ എല്ലാം വിഭിന്നമാണ് ഇനിയും കണ്ടെത്താന്‍ ബാക്കി നില്‍ക്കുന്ന ഒരു വിശാല ലോകം നമുക്കായി കാത്തിരിപ്പുണ്ട്.
ആറ്റം (പരമാണു) എന്ന കണ്ടെത്തലിന്റെ പ്രസക്തി മാനവരാശി നിലനില്‍ക്കുന്നിടത്തോളം നീണ്ടു നിലനില്‍ക്കുമെന്ന് തോന്നുന്നു. ഈ ലോകം സങ്കീര്‍ണ്ണമാണെന്നത് നമ്മുടെ തോന്നല്‍ മാത്രമാണെന്നും ഈ സങ്കീര്‍ണ്ണത മുഴുവന്‍ ആറ്റങ്ങളുടെ ക്രമമാറ്റവും സമ്മിശ്രണവും (per10 mutation & combination) കൊണ്ട് സൃഷ്ടിക്കപ്പെട്ടതാണെന്നും ബോദ്ധ്യമാകും. മറ്റൊരര്‍ത്ഥത്തില്‍ ഈ ഭൗതിക ലോകം വളരെ ലളിതമാണ്. ചെറുതായി വ്യത്യാസമുള്ള 118 (ഏറ്റവും പുതിയ കണക്ക് പ്രകാരം) തരം പരമാണു. ആ പരമാണുക്കളുടെ കൂടിച്ചേരലും ക്രമപ്പെടലും മാത്രമാണ് ലോകം. അത് കൊണ്ടായിരിക്കാം ഫെയ്ന്‍മാന്‍ ഒരിക്കല്‍ പറഞ്ഞത് ഈ മാനവരാശിയുടെ എല്ലാ അറിവും ഒരിക്കല്‍ നമുക്ക് നഷ്ടപ്പെടുമെന്ന് വിചാരിക്കുക. പക്ഷേ ഒരു വാചകം മാത്രം നമുക്ക് അടുത്ത തലമുറയിലേക്ക് കൈമാറാനാവുമെങ്കില്‍ ഏത് വാചകമായിരിക്കണം നാം കൈമാറേണ്ടത്? ”എല്ലാം നിര്‍മ്മിച്ചിരിക്കുന്നത് പരമാണുക്കള്‍ കൊണ്ടാണ്”…… ആ ഒറ്റ വാചകത്തില്‍ നിന്ന് പുതിയ തലമുറ എല്ലാം ശാസ്ത്ര നേട്ടങ്ങളും തിരിച്ചുപിടിച്ച് കൊള്ളും.
എന്നും മനുഷ്യനെ വിസ്മയിച്ച മായികതയാണ് നക്ഷത്രങ്ങള്‍… യുഗങ്ങള്‍ക്കുമുമ്പ് അവയെ നാം ദൈവങ്ങളായി കണ്ടു. കവി ഭാവനകളില്‍ നിറഞ്ഞു…പിന്നെയും കാലം പുരോഗമിച്ചപ്പോള്‍ ശാസ്ത്രം വളര്‍ന്നു…. നമ്മില്‍നിന്ന് വ്യത്യസ്തമായി അവിടെ ഒന്നുമില്ലെന്ന് കണ്ടെത്തി. നമ്മളെ നിര്‍മ്മിക്കുന്നത് പരമാണുക്കള്‍ കൊണ്ടാണെങ്കില്‍, അതേ തരം പരമാണുക്കള്‍കൊണ്ടാണ് നക്ഷത്രങ്ങളെയും നിര്‍മ്മിക്കുന്നത് എന്ന് കണ്ടെത്തി. നമ്മളെപ്പോലെ തന്നെ അവയ്ക്കും ജനനവും ബാല്യവും യൗവ്വനവുമുണ്ട് … എന്തിന് നമ്മുടെ നിലനില്‍പ്പിനാധാരമായ സൂര്യനും ഒരു നാള്‍ കത്തിത്തീരും.
നിങ്ങളെടുക്കുന്ന ഓരോ ശ്വാസത്തിലും നിങ്ങള്‍ നക്ഷത്രങ്ങളോട് കടപ്പെട്ടിരിക്കുന്നു. അതെ… നിങ്ങളുടെ ശ്വാസോച്ഛ്വാസത്തിലെ ഓരോ പരമാണുവും നിര്‍മ്മിക്കപ്പെട്ടത് നക്ഷത്രങ്ങളുടെ തീച്ചൂളയിലാണ്. നിങ്ങളുടെ രക്തത്തിലെ ഇരുമ്പ്, നിമിഷം പ്രതി ശ്വാസകോശത്തില്‍ നിറയുന്ന ഓക്‌സിജന്‍, എല്ലുകളിലെ കാല്‍സ്യം, മജ്ജ, മാംസം ചുറ്റും കാണുന്ന എല്ലാമെല്ലാം … പാചകം ചെയ്യപ്പെട്ടത് നക്ഷത്രങ്ങളുടെ അടുപ്പിലാണ്… നാമെല്ലാം നക്ഷത്രങ്ങളില്‍ നടന്ന ആണവ വിസ്‌ഫോടനത്തിന്റെ അവശേഷിപ്പുകള്‍ മാത്രമാണ്. വിരോധാഭാസമായിത്തോന്നാം, ലോകം മുഴുവന്‍ ഇന്ന് ആണവ പരീക്ഷണങ്ങള്‍ക്കും ആണവ വിസ്‌ഫോടന പരീക്ഷണങ്ങള്‍ക്കും എതിരായി നില്‍ക്കുമ്പോഴും, ഇതിനുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ മുഴുവന്‍ യുഗാന്തരങ്ങള്‍ക്ക് മുമ്പ് നടന്ന ആണവ വിസ്‌ഫോടനത്തിന്റെ മാലിന്യങ്ങളുടെ കൂടിച്ചേരല്‍ മാത്രമാണ്. നമ്മുടെ നിര്‍മ്മാണത്തിന്റെ അടിവേരുകള്‍ തിരഞ്ഞ് പോയാല്‍ നാം എത്തിച്ചേരുന്നത് മഹാവിസ്‌ഫോടനത്തിലും പിന്നെ നക്ഷത്രങ്ങളിലുമാണ്. നമ്മുടെ ശരീരത്തിലെ ഓരോ പരമാണുവിനെയും അത് നമ്മിലേക്കെത്തിയ കഥ പറയാന്‍ അനുവദിക്കുകയാണെങ്കില്‍ ഹോളിവുഡ് സിനിമകളെ നിഷ്പ്രഭമാകുന്ന കഥ പറയാനുണ്ടാവും, തീര്‍ച്ച….. ഒരര്‍ത്ഥത്തില്‍ ഈ മഹാപ്രപഞ്ചത്തെ നിര്‍മ്മിച്ച അക്ഷരങ്ങളാണ് (Alphabets of Nature)) പരമാണുക്കള്‍. അവയില്‍ 99% വും പാചകം ചെയ്യപ്പെട്ടത് നക്ഷത്രങ്ങളുടെ മാന്ത്രിക തീച്ചൂളയിലാണ്. ബാക്കിയുള്ളവ പാചകം ചെയ്യപ്പെട്ടത് മഹാവിസ്‌ഫോടനത്തിന്റെ ചൂളയിലും. കോടാനുകോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് നക്ഷത്രങ്ങളില്‍ രൂപപ്പെട്ട് പരിണമിച്ച് ഈ നിലയിലെത്തിയ പരമാണുക്കളുടെ കൂട്ടായ്മയാണ് നാം…. ആ കൂട്ടായ്മ അതിന്റെ തന്നെ അസ്തിത്വത്തെ തിരഞ്ഞുനടന്നു. അതാണ് ശാസ്ത്രം. ഇതെല്ലാം ഇങ്ങനെ ആയതെങ്ങിനെ എന്ന അന്വേഷണം. എന്നാല്‍ ഒന്നാമത്തെ നിമിഷം ആരു നിര്‍മ്മിച്ചു എന്നത് ഇന്നും മായികമായ മരീചികയായി നിലനില്‍ക്കുന്നു.
ഒന്നാമത്തെ നിമിഷത്തെ നിര്‍മ്മിച്ചത് ദൈവമാണെങ്കില്‍ ആ ദൈവത്തെ ആരു നിര്‍മ്മിച്ചു? ചോദ്യം അനന്തമായി തുടരും. ലോകസൃഷ്ടിയുടെ രഹസ്യങ്ങള്‍ വലുതിലും ചെറുതിലും ഇടകലര്‍ന്നിരിക്കുന്നു എന്ന് അടുത്തിടെ അന്തരിച്ച വിശ്വവിഖ്യാതനായ ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് നമ്മോട് പറഞ്ഞു. ഒന്നാമത്തെ നിമിഷത്തില്‍ നിന്ന് ദൈവത്തെ അകറ്റി നിര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചുകൊണ്ടേയിരുന്നു. ലോകത്തെ മുഴുവന്‍ നിര്‍ണ്ണയിക്കാനുള്ള ശാസ്ത്രം നമുക്കുണ്ടായിട്ടും നമ്മുടെ ഉപഗ്രഹമായ ചന്ദ്രനില്‍ വരെ എത്താനെ നമുക്കിതുവരെ കഴിഞ്ഞിട്ടുള്ളൂ. മാനവരാശിക്കും ശാസ്ത്രത്തിനും ഇനിയുമൊരുപാട് വളരാനുണ്ട്………….നാമിപ്പോഴും ശാസ്ത്രത്തിന്റെ ശൈശവഘട്ടത്തിലാണ.് യുഗങ്ങള്‍ കഴിയുമ്പോള്‍ വരും തലമുറ ചന്ദ്രനിലേക്ക് വിനോദയാത്ര പോകുമായിരിക്കാം…… വികസിക്കുന്ന പ്രപഞ്ചം ചുരുങ്ങുന്ന പ്രപഞ്ചത്തിലേക്ക് ഗതിമാറിയേക്കാം. എല്ലാം ഒരു ബിന്ദുവില്‍ അവസാനിച്ചേക്കാം…….. സമയം പിന്നോട്ട് സഞ്ചരിച്ചിരിച്ചേക്കാം…….. ജനിക്കുന്നതിന് മുമ്പേ മരണം സംഭവിച്ചേക്കാം… അറിയുന്തോറും അറിയാന്‍ ബാക്കി നിര്‍ത്തി പ്രകൃതി നമ്മളെ അവളിലേക്കടുപ്പിച്ചു കൊണ്ടിരിക്കുന്നു…… നിരന്തരം ശാസ്ത്രം പ്രവഹിച്ചുകൊണ്ടിരിക്കുന്നു.