ചരിത്രസംഭവങ്ങളെ തന്റേതായ ശൈലിയില്‍ ആവിഷ്‌ക്കരിക്കാനുള്ള ചാതുര്യം പ്രദര്‍ശിപ്പിച്ച എഴുത്തുകാരനാണ് വി.കെ.എന്‍. അദ്ദേഹത്തിന്റെ പെണ്‍പട എന്ന നോവലിലും ഇതാണ് കാണുന്നത്. 18-ാം നൂറ്റാണ്ടിലെ മലബാറിന്റേയും കൊച്ചിയുടേയും ചരിത്രത്തെ 20-ാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിലിരുന്ന് പുനരാവിഷ്‌കരിക്കുകയാണ് നോവലിസ്റ്റ്. മലബാറും കൊച്ചിയും കീഴടക്കി ടിപ്പു ആലുവാപ്പുഴ കടന്ന് തിരുവിതാംകൂറിലേക്ക് പ്രവേശിക്കാന്‍ കാത്തുനില്‍ക്കുന്ന 1790കളിലാണ് സായിപ്പ് രഹസ്യമായി കുതിരപ്പുറത്ത് പാലക്കാട് വഴി ഭാരതപ്പുഴയുടെ മറുകരയിലെത്തുന്നത്. തലസ്ഥാനമായ ശ്രീരംഗപ്പട്ടണം ഇതിനിടയില്‍ ഈസ്റ്റിന്ത്യാ കമ്പനിയുടെ പിടിയിലായി. ടിപ്പുവാണെങ്കില്‍ ആലുവാ തീരത്ത്. മഴക്കാലമായതുകൊണ്ട് കുതിരപ്പടയ്ക്ക് തിരുവിതാംകൂറിലേക്ക് കടക്കാനും കഴിയുന്നില്ല. ഉടന്‍ ശ്രീരംഗപ്പട്ടണത്തിലേക്ക് മടങ്ങുകയാണ് ചെയ്തത്. ടിപ്പു ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് കീഴടങ്ങിയതാണ് 1794ലെ ശ്രീരംഗപട്ടണം ഉടമ്പടി.
ഈ സമയത്താണ് കഥാനായകനായ ഹാമില്‍ട്ടണ്‍ സായിപ്പ് പാലക്കാട് എത്തുന്നത്. ആനച്ചതുരത്തില്‍ കോപ്പുണ്ണി നായരുടെ തറവാട്ടില്‍ പ്രവേശിച്ചു. മാടമ്പിയുടെ ഭാഗിനി വാതില്‍ മറഞ്ഞുനിന്ന് സായിപ്പിന്റെ വീരോചിതമായ വരവ് കണ്‍കുളിര്‍ക്കെ ആസ്വദിച്ചു. എന്നാല്‍ മരുമകന്‍ ചാത്തുണ്ണിനായര്‍ക്ക് ആ വരവ് അത്ര ഇഷ്ടപ്പെട്ടില്ല. മൈസൂര്‍ സുല്‍ത്താന്റെ കുതിരപ്പടയുടെ മുന്നില്‍ പിന്‍തിരിഞ്ഞോടുന്ന നായര്‍ പടയാളിയുടെ ഉപബോധമനസ്സിലെ ശത്രുതയുടെ സ്ഫുരണമായിരിക്കണം സംഭവം.
15-ാം നൂറ്റാണ്ടിലെ പോര്‍ച്ചുഗീസ് അധിനിവേശത്തോടെതന്നെ നായര്‍ പട അസ്തവീര്യരായി കഴിഞ്ഞിരുന്നു. തോക്കും പീരങ്കിയുമായാണ് അവര്‍ വന്നത്. ഒരു മായന്‍കുട്ടിയുടെ വെടിയേറ്റിട്ടാണ് തച്ചോളി ഒതേനന്‍ മരിക്കുന്നത്. 18 അടവും തുളുനാടന്‍ വിദ്യയും ഫലിക്കാതായി. 18-ാം നൂറ്റാണ്ടില്‍ മൈസൂര്‍ സുല്‍ത്താന്മാര്‍ വന്നത് കുതിരപ്പടയും പീരങ്കിയുമായാണ്. വയനാടു മുതല്‍ പാലക്കാട് വരെ വഴിവെട്ടുന്നതുതന്നെ പീരങ്കി വണ്ടി ഉന്തിക്കൊണ്ടു പോകാനാണ്. കണ്ണൂരും പാലക്കാടും തൃശ്ശൂരും കോട്ടകള്‍ കെട്ടി.
അങ്കം മതിയാക്കി നായന്മാരും തീയ്യന്മാരും കൃഷിയിടങ്ങളിലേക്ക് മടങ്ങി. നാടുവാഴികള്‍ ആശ്രിതന്മാരായി. കളരികള്‍ അനാഥങ്ങളുമായി.
ആനച്ചതുരത്തിലെ കോപ്പുണ്ണി നായര്‍ സാമൂതിരി തിരുമനസ്സിലെ പടനായകന്മാരില്‍ ഒരാള്‍, ഏറാള്‍പ്പാടിന്റെ കാര്യസ്ഥന്‍, പാലക്കാട് രാജാവിന്റെ സുഹൃത്ത്, കൊച്ചിയില്‍ ശക്തനുമായി മുഖമുള്ളവന്‍ സര്‍വ്വോപരി നാട്ടുപ്രമാണി. കോപ്പുണ്ണി നായര്‍ക്കു പിറകെ വൈദ്യന്‍ തെയ്യനുമുണ്ട്. അവര്‍ണ്ണനെങ്കിലും വ്യുല്പന്നനും അഷ്ടാംഗഹൃദയജ്ഞനും. വിളിച്ച ദിക്കിലാണ് ധന്വന്തരിയെന്ന് വി.കെ.എന്‍. വിശേഷിപ്പിക്കുന്നു.
തെക്കെ മലബാറില്‍ ഭാരതപ്പുഴ തീരത്തെ കോപ്പുണ്ണി നായരുടെ ഭവനത്തിലിരുന്ന് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രതിനിധിയായ സായിപ്പ് ടിപ്പുവിനെതിരെ പടയാളികളെ എങ്ങനെ പരിശീലിപ്പിക്കണമെന്ന് വിശദീകരിക്കുന്നു. പുഴയ്ക്ക് അക്കരെ തിരുവില്വാമലയിലുള്ള ഒരു ഒളിത്താവളം കോപ്പുണ്ണിനായര്‍ നിര്‍ദ്ദേശിക്കുന്നു. പൂതക്കുറിശ്ശി നായരുടെ കാടാണ് അത്. ടിപ്പുവിന്റെ സുഹൃത്തായ രാമവര്‍മ്മ ശക്തന്‍ തമ്പുരാന്റെ തട്ടകത്തില്‍ ടിപ്പുവിനെതിരെ അവിടുത്തെ നായന്മാരെ ഉപയോഗിച്ച് എങ്ങനെ പരിശീലനം നടത്താമെന്ന് സായിപ്പ് ചോദിക്കുന്നു.
മാപ്പിള നേരിട്ട് വരുമ്പോള്‍ സായിപ്പേ, ഞങ്ങള്‍ നായന്മാരും മലയാള ബ്രാഹ്‌മണരും സാമൂതിരി തിരുമനസ്സും ശക്തന്‍ മഹാരാജാവും എല്ലാം ഒറ്റക്കെട്ടായി കമ്പനിയുടെ ഭാഗത്താണ്.’’
കോപ്പുണ്ണി നായര്‍ തിരുവില്വാമലയിലെ പൂതക്കുറിശ്ശി നായരുടെ സഹായത്തോടെ മരുമകന്‍ ചാത്തുണ്ണി നായരുടെ വള്ളുവനാട്ടിലെ നിലവും പുരയിടവും തിരിച്ചുകിട്ടാന്‍ പാലക്കാട് ചെന്ന് ടിപ്പുവിന്റെ ഉദ്യോഗസ്ഥനായ തുക്രിദാറെ സമീപിക്കുന്നു. ശക്തനുവേണ്ടപ്പെട്ടയാളായതുകൊണ്ട് തുക്രിദാര്‍ അവ വിട്ടുകൊടുത്ത് ഉത്തരവിറക്കി. ശ്രീരംഗപ്പട്ടണത്തിനെതിരെ യാതൊന്നും പ്രവര്‍ത്തിക്കരുതെന്നേ ആ ഉദ്യോഗസ്ഥന് നിര്‍ദ്ദേശിക്കാനുള്ളൂ. കൊച്ചിയിലെ പടനായര്‍ പൂതക്കുറിശ്ശി ജാമ്യം നിന്നതുകൊണ്ടുമാത്രമാണ് താന്‍ വഴങ്ങിയതെന്നു തുക്രിദാര്‍ ഓര്‍മ്മിപ്പിച്ചു.
ബാക്കി സ്വത്തുക്കള്‍ തിരിച്ചുകിട്ടാന്‍ ടിപ്പുവിന്റെ കോഴിക്കോട് ഗവര്‍ണര്‍ അര്‍ഷദ് ബെഗ്ഗിന്റെ വെപ്പാട്ടി ചിന്നമ്മു വഴി കോപ്പുണ്ണി നായര്‍ ശ്രമിക്കുന്നുണ്ടെന്ന് മേയര്‍ ഹാമില്‍ട്ടന് അറിയാം. നായര്‍ സ്ത്രീകള്‍ പല വിവാഹങ്ങളില്‍ ഏര്‍പ്പെടുന്നത് ടിപ്പു സുല്‍ത്താന്‍ നിരോധിച്ചിരുന്നു. മലബാറിലെ സാമൂഹ്യജീവിതത്തില്‍ ഇത് വലിയ പ്രത്യാഘാതമാണ് ഉളവാക്കിയത്. ടിപ്പുവിന്റെ ഉദ്യോഗസ്ഥന്മാര്‍ക്ക് സംബന്ധ വിവാഹം, നായര്‍ വിവാഹരീതി എന്നിവയെക്കുറിച്ച് ശരിയായ ധാരണയായിരുന്നില്ല. ബഹുഭര്‍ത്തൃത്വത്തെക്കുറിച്ചും (polyandry)ബഹുഭാര്യത്വത്തെക്കുറിച്ചുമുള്ള (polygamy) ഇസ്ലാമിക കാഴ്ചപ്പാടായിരുന്നു അവരെ നയിച്ചിരുന്നത്. യുദ്ധോപജീവികളായ നായന്മാരും തീയ്യന്മാരും അങ്കത്തില്‍ മരിച്ചാല്‍ അനാഥകളാകുന്നത് അവരുടെ അപ്പോഴത്തെ ഭാര്യമാരാണ്. അതുകൊണ്ടായിരിക്കണം ബഹുഭര്‍ത്തൃത്വം അനി വാര്യമായത്.
മേനോന്‍ എന്ന് പില്‍ക്കാലത്ത് ചേര്‍ക്കുമെങ്കിലും പാലക്കാട് രാജാവ് നായന്മാര്‍ക്ക് താഴെയാണ്. കാട്ടുജാതിയില്‍പ്പെട്ട സ്ത്രീക്ക് നായാട്ടിനുവന്ന കൊച്ചിയിലെ രാജാവിന്റെ വംശപരമ്പരയായാണ് അവര്‍ അറിയപ്പെടുന്നത്. തിരൂര്‍ രാജവംശമാണവര്‍. സാമൂതിരി വിലക്കേര്‍പ്പെടുത്തിയതുകൊണ്ട് മലയാള ബ്രാഹ്‌മണരുടെ (നമ്പൂതിരിമാരുടെ) വൈദിക കര്‍മ്മം അവര്‍ക്ക് നിഷേധിക്കപ്പെട്ടു. അങ്ങനെയാണ് 18 ഗ്രാമം പട്ടന്മാരെ പാണ്ടിനാട്ടില്‍നിന്ന് കൊണ്ടുവരുന്നത്. പാലക്കാട് കല്‍പ്പാത്തി, കൊടുവായൂര്‍ എന്നിവിടങ്ങളില്‍ അവരുടെ അഗ്രഹാരങ്ങള്‍ ഇപ്പോഴുമുണ്ട്. പാലക്കാട് രാജാവ് സാമൂതിരിയെവിട്ട് ഹൈദരാലിയുടെ കൂടെനിന്നതാണ് സാമൂതിരിയെ പ്രകോപിപ്പിച്ചത്.
സായിപ്പിനേയും കൂട്ടി കോപ്പുണ്ണി നായര്‍ പുഴ കടന്ന് പൂതക്കുറിശ്ശിയെ കാണാന്‍ മാടഭൂപന്റെ നാട്ടിലെത്തി. (പഴയ കൊച്ചി രാജ്യത്തിലെ തിരുവില്വാമലയില്‍). പഴയന്നൂര്‍ തൊടാതെ കൊണ്ടാഴിയില്‍നിന്ന് എഴുന്നള്ളത്തുപാതയിലൂടെ വന്നു എന്നൊക്കെ പിതാമഹന്‍ അടക്കമുള്ള കൃതികളിലും എഴുതിയിട്ടുണ്ട്. കുലദേവതയായ പഴയന്നൂര്‍ ഭഗവതിയുടെ ശാപം മൂലം കൊച്ചി രാജാക്കന്മാര്‍ പഴയന്നൂര്‍ ചവിട്ടാതെയാണത്രെ തിരുവില്വാമലയില്‍ എത്തുക. അതിനായി ഭാരതപ്പുഴയുടെ തീരത്തുള്ള കൊണ്ടാഴിയില്‍നിന്ന് ചീരക്കുഴി പുഴയിലൂടെ കടത്തുകടന്ന് തിരുവില്വാമലയില്‍ പ്രവേശിക്കും. അവിടെനിന്ന് വില്വാദ്രിനാഥ സവിധത്തിലെത്താന്‍ വെട്ടിയ പാതയാണ് എഴുന്നള്ളത്തുപാത. പെണ്‍പടയുടെ കാലത്തൊന്നും ഇതില്ല. ഇത്തരം സന്ദര്‍ഭത്തിലാണ് വി.കെ.എന്‍. മനോഗതംപോലെ ചരിത്രസംഭവങ്ങളെ വളച്ചൊടിക്കുന്നതും ഹാസ്യവിഷയമാക്കുന്നതും.
ഇരുപത് വയസ്സായിട്ടും തന്റെ മരുമകള്‍ കല്ല്യാണിക്ക് മംഗല്യയോഗം ഉണ്ടാകാത്തത്തില്‍ കോപ്പുണ്ണിനായര്‍ക്ക് മനോവിഷമമുണ്ട്.
കൊച്ചി രാജാവും കോഴിക്കോട് സാമൂതിരിയും തമ്മില്‍ കൊച്ചിയില്‍പ്പെട്ട തിരുവില്വാമക്ഷേത്രത്തെക്കുറിച്ച് തര്‍ക്കം നിലനിന്നിരുന്നു. ക്ഷേത്രത്തിന്റെ ദേവസ്വം ഭൂമികള്‍ ഇരുനാടുകളിലുമായി പരന്നുകിടക്കുകയാണ്. ശാന്തിനിയമനത്തിലും നമ്പൂതിരി ഇല്ലങ്ങള്‍ തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. സാമൂതിരിയും ഹൈദറും തമ്മിലുള്ള യുദ്ധവും സാമൂതിരി കൊട്ടാരത്തിന് തീ കൊളുത്തി ആത്മാഹുതി ചെയ്ത സംഭവവും കോപ്പുണ്ണി നായര്‍ ഹാമില്‍ട്ടണ് വിശദീകരിച്ചുകൊടുക്കുന്നുണ്ട്.
പൂതക്കുറിശ്ശി ഭവനം എട്ടുകെട്ടാണ്. സാധാരണ തറവാടുകളും മനകളും നാലുകെട്ടുമാത്രമാണ്. മൈസൂര്‍പ്പട കടന്നുകയറിയപ്പോള്‍ സാമൂതിരി കൊട്ടാരത്തിന് തീ കൊളുത്തി ആത്മാഹുതി ചെയ്തുവെന്നാണ് നാം പഠിച്ചിട്ടുള്ളത്. അത് ഓലമേഞ്ഞതുകൊണ്ടാണ് എളുപ്പത്തില്‍ തീ പടര്‍ന്നത്. വള്ളുവനാട്ടില്‍നിന്ന് പടപേടിച്ചു വന്ന നായന്മാരുടെ വീടുകളും പൂതക്കുറിശ്ശിയുടെ ഭവനത്തിന് സമീപമായുണ്ട്.
ടിപ്പുവിന്റെ കാലം മുതല്‍ തിരുവാതിരയാഘോഷം ഇല്ലാതായി. കന്യകമാര്‍ ഭാരതപ്പുഴയില്‍ ഇറങ്ങി പാട്ടുപാടി നീരാടാതായി. കല്യാണി ആനച്ചതുരത്തില്‍ സായിപ്പിനോടൊപ്പം ക്രീഡിച്ച് രാത്രികളെ ധന്യമാക്കി. ടിപ്പുവിന്റെ കോഴിക്കോട്ടെ ഗവര്‍ണര്‍ അര്‍ഷാദ് ബെഗ്ഗിന്റെ വെപ്പാട്ടി ചിന്നമ്മു ചുനങ്ങാട്ട് വന്നതും തിരുവാതിര തലേന്നാണ്. അവളെ കാണാന്‍ ആനച്ചതുരത്തിലെ കോപ്പുണ്ണിനായര്‍ ഭാര്യാ വീട്ടിലേക്കെന്നും പറഞ്ഞ് യാത്ര തിരിച്ചിരുന്നു. സായിപ്പും മരുമകളും മാത്രം വീട്ടില്‍….
കോപ്പുണ്ണി വീട്ടിലില്ലെന്നറിഞ്ഞ് ശാന്തിക്കാരന്‍ മഹന്‍ നമ്പൂതിരി രാത്രി സംബന്ധത്തിന് കല്ല്യാണിയെ കാണാന്‍ വന്നു. തിരിച്ചുപോകാന്‍ അവള്‍ കിളിവാതിലൂടെ പറഞ്ഞുനോക്കി. ക്ഷുഭിതനായ നമ്പൂതിരി കുതിരയെ പുറത്തു കെട്ടിയിരിക്കുന്നതു കണ്ട് ധ്വര അകത്തുണ്ടെന്ന് മനസ്സിലാക്കി. ഉടനെ ടിപ്പുവിന്റെ ജോലിക്കാരെക്കൂട്ടിക്കൊണ്ടുവന്നു. അന്തരീക്ഷം മോശമാകുമെന്ന് മനസ്സിലാക്കി ധ്വരയെ കട്ടിലിനടിയില്‍ ഒളിപ്പിച്ച് വന്നവരുടെ മുന്നില്‍ കല്യാണി സത്യസന്ധയായി നിന്നു. മഹന്‍ നമ്പൂതിരി വിഡ്ഢിയായി തിരിച്ചുപോയി.
കോഴിക്കോട്ടെ കോവിലകങ്ങളിലേക്ക് തവളക്കണ്ണന്‍ അരി കാളവണ്ടികളില്‍ പോയിരുന്നത് ഒറ്റപ്പാലത്തിനു സമീപമുള്ള ചുനങ്ങാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നായിരുന്നു. ഒരിക്കല്‍ ഒരമ്മയും പതിനാറ് തികയാത്ത മകള്‍ ചിന്നമ്മുവും അവര്‍ക്കൊപ്പമുണ്ടായിരുന്നു. അവര്‍ അവിടെ തങ്ങി. കോഴിക്കോട്ടെ ചെറുപ്പക്കാരെ കീഴടക്കി. നഗരം ടിപ്പുവിന് കീഴടങ്ങിയപ്പോള്‍ ചിന്നമ്മു കോവിലകങ്ങള്‍ വിട്ട് മൈസൂരിലേക്ക് കൂറുമാറി.
ടിപ്പു സുല്‍ത്താന്റെ ഗവര്‍ണറായി സത്യവാചകം ചൊല്ലി അധികാരമേറ്റ അര്‍ഷദ് ബെഗ് സാഹിബിന് സ്ഥാനമൊഴിഞ്ഞയാള്‍ ചിന്നമ്മുവിനെക്കൂടി ഏല്‍പ്പിച്ചത് സിറാജ് ദൗളയുടെ ബീവിമാരെ മിര്‍ ജാഫര്‍ ക്ലൈവ് സായിപ്പിന് ഏല്‍പ്പിച്ചുകൊടുത്തതിനോട് വി.കെ.എന്‍. താരതമ്യം ചെയ്യുന്നു. ഓണം, വിഷു, തിരുവാതിരകളില്‍ ചിന്നമ്മു ചുനങ്ങാട് ആര്‍ഭാടത്തോടെ വന്നുപോകും.
ചിന്നമ്മു സായിപ്പിനെ കാണാന്‍ രഹസ്യമായി വരുമെന്ന് കോപ്പുണ്ണി നായര്‍ ധ്വരയെ അറിയിച്ചു. എന്നാലിത് മരുമകള്‍ കല്ല്യാണിക്ക് രസിച്ചില്ല. നിങ്ങള്‍ ബിലാത്തിക്കാര്‍ മഹാസൂത്രശാലികളാണെന്നതു ശരിതന്നെ. എന്നാല്‍ ചിന്നമ്മുവിനെ സായിപ്പ് സൂക്ഷിച്ചോ. നാട്ടാരെ തൊപ്പിയിടീച്ച തുലിക്കനെ തൊപ്പിയിടീച്ചവളാണ്.
ചിന്നമ്മുവിനെ ഉച്ചയ്ക്ക് പ്രതീക്ഷിച്ചെങ്കിലും അവള്‍ മഞ്ചലില്‍ വന്നത് സന്ധ്യയോടെയാണ്. അന്നവിടെ തങ്ങി പുലര്‍ച്ചയ്ക്ക് മടങ്ങാനായിരുന്നു പ്ലാന്‍. മൈസൂരും ഈസ്റ്റ് ഇന്ത്യാ കമ്പനിയും തമ്മിലുള്ള ബന്ധം അവള്‍ക്ക് നന്നായറിയാം. രാജ്യകാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് സായിപ്പുമൊത്ത് പുലരുംവരെ ശയിച്ചു. സമകാലിക ചരിത്രത്തോടൊപ്പം താന്‍ ശയിക്കുകയാണെന്നാണ് സായിപ്പിന് തോന്നിയത്.
ഇതിനിടെ കല്ല്യാണിക്ക് കുളി തെറ്റിയെന്ന് ആദ്യമവള്‍ക്കും പിന്നീട് വേലക്കാരിക്കും മനസ്സിലായി. അലസിപ്പിക്കേണ്ടെന്നും മറ്റൊരു സംബന്ധം വേണ്ടെന്നും അവള്‍ നേരിട്ടുതന്നെ വൈദ്യന്‍ തെയ്യനോട് പറഞ്ഞു. അമ്മാവന്‍ കോപ്പുണ്ണിനായരോട് വൈദ്യന്‍തന്നെ ഇതുപറഞ്ഞ് പൂതക്കുറിശ്ശി പടമൂത്താരുടെ മരുമകന്‍ രെക്കുണ്ണി നായരെ മരുമകള്‍ക്ക് സംബന്ധം ആലോചിച്ചാലോ എന്നു ചോദിക്കുകയും ചെയ്തിരുന്നു.
പകുതി മനസ്സോടെ അവള്‍ പുടമുറിക്ക് (സംബന്ധ വിവാഹം) സമ്മതിച്ചെങ്കിലും രെക്കുണ്ണി നായരെ പുതുമാരനായി കാണാന്‍ കല്യാണിക്ക് വിഷമമുണ്ട്. രെക്കുണ്ണിയെ കൂട്ടാതെ ഗര്‍ഭിണിയായ അവള്‍ മഞ്ചലില്‍ വേലക്കാരി കുട്ടിപ്പാറുവിനെക്കൂട്ടി പാലക്കാട് ആലിയാവറെ കണ്ടു.
‘‘പുരുഷന്മാര്‍ കുതിരാന്‍ മലമുകളിലാണ്. സുല്‍ത്താന്‍ പാദുഷയ്‌ക്കെതിരെ കലാപം നടത്താന്‍ പുറപ്പെടുന്നവരെ അമര്‍ച്ചചെയ്തുവരികയാണ്. തുക്രിദാര്‍ക്ക് സന്തോഷമായി. അവള്‍ ചോദിച്ചു പടിഞ്ഞാട്ട് പട നീക്കം തുക്രിദാര്‍ ചെയ്തത് ചിന്നമ്മുവിന്റെ വാക്ക് കേട്ടല്ലേ… എന്നാലിത് ഗവര്‍ണര്‍ അറിഞ്ഞിട്ടില്ല. അവള്‍ കോഴിക്കോട് ഖജനാവ് കൊള്ളയടിച്ച് സ്വര്‍ണ്ണവും രത്‌നങ്ങളുമായി ചുനങ്ങാട്ടെത്തി.’’
എട്ടു കുതിരകളില്‍ ഭടന്മാരുമായി തുക്രിദാര്‍ ഉടന്‍ ചുനങ്ങാട്ടേക്ക് തിരിച്ച് ചിന്നമ്മുവിനെ കൈകാര്യം ചെയ്തു. അത്രയ്ക്കു പകയുണ്ടായിരുന്നു കല്യാണിക്ക് ചിന്നമ്മുവിനോട്.
ടിപ്പുവിന്റെ ഭരണം അവസാനിച്ചു. കമ്പനിയുടെ ഭരണം നിലവില്‍വന്നു. പഴയ ജന്മിമാര്‍ക്ക് അവരവരുടെ ഭൂമികള്‍ തിരിച്ചുകിട്ടി. ഹാമില്‍ട്ടണ്‍ പൂതക്കുറിശ്ശിയെ മറന്നില്ല. എന്നാല്‍ അപ്പോഴേക്കും ഗോപാലനച്ചന്‍ മരിച്ചിരുന്നു. അവകാശിയായി രെക്കുണ്ണി നായര്‍ മുന്നോട്ടുവന്നു. കൂടെ തെയ്യനുമുണ്ടായിരുന്നു. ഹാമില്‍ട്ടണ്‍ കുതിരപ്പുറത്ത് അകമ്പടിയില്ലാതെയാണ് വന്നത്. ആനച്ചതുരത്തിലെ പടിപ്പുര മുതല്‍ സ്വീകരണം ഏര്‍പ്പാടാക്കിയിരുന്നു. പഴയ കട്ടിലിലിരുന്നപ്പോള്‍ കല്യാണിയെ അന്വേഷിച്ചു.
നീലക്കണ്ണും ചുരുളന്‍ മുടിയുമായ മൂന്നു വയസ്സുകാരനെ വിരല്‍ത്തുമ്പില്‍ പിടിച്ചാണ് കല്യാണി കടന്നു വന്നത്. സായിപ്പിന് എല്ലാം മനസ്സിലായി. കാടും നിലവും പതിച്ചുനല്‍കിയ കടലാസ് ചുരുള്‍ നല്‍കി. ഇനിയൊരു തിരിച്ചുവരവില്ലെന്ന് ഹാമില്‍ട്ടണ്‍ പറഞ്ഞപ്പോള്‍ അന്നവിടെ തങ്ങണമെന്ന് അവള്‍ ആഗ്രഹം പ്രകടിപ്പിച്ചു. സായിപ്പ് സന്തുഷ്ടനായി.
മൈസൂര്‍ പടയോട്ടം മലബാറിലും കൊച്ചിയിലും വരുത്തിയ സാമൂഹ്യമാറ്റം, ഭൂമിയുടെ ഉടമസ്ഥാവകാശത്തിന്റെ പ്രശ്‌നങ്ങള്‍, സ്ത്രീ – പുരുഷ സദാചാരം ഇതെല്ലാം പെണ്‍പടയില്‍ കടന്നുവരുന്നു. സ്ത്രീകള്‍ക്ക് സമൂഹത്തിലുണ്ടായിരുന്ന ഉയര്‍ന്ന സ്ഥാനവും പുരുഷന്മാര്‍ വെറും ആജ്ഞാനുവര്‍ത്തികളാകുന്നതും കാണാം. വി.കെ.എന്‍. ഈ സാമൂഹ്യസാഹചര്യത്തെ ഹാസ്യ വിഷയമാക്കിയെന്നു മാത്രം.