കോണ്‍ഗ്രസ് ഭരണകാലത്തെ കറുത്ത അധ്യായങ്ങളില്‍ ഒന്നായിരുന്നു വിഷവാതകം ശ്വസിച്ച് ആയിരങ്ങള്‍ ചത്തൊടുങ്ങിയ ഭോപ്പാല്‍ ദുരന്തം. 1984 ഡിസംബര്‍ രണ്ടിനാണ് അമേരിക്കന്‍ കമ്പനിയായ യൂണിയന്‍ കാര്‍ബൈഡില്‍ നിന്ന് വിഷവാതകം ചോര്‍ന്ന് ആളുകള്‍ കൂട്ടത്തോടെ മരിക്കാനിടയായത്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍ സിംഗ് മധ്യപ്രദേശ് മുഖ്യമന്ത്രിയും ആയിരുന്നപ്പോഴാണ് ലോകത്തെ നടുക്കിയ ഈ ദുരന്തം ഉണ്ടായത്. ലോകത്തിന്റെ ചരിത്രത്തില്‍ മുന്‍പ് ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. 3000 പേര്‍ മരിച്ചു എന്നാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചതെങ്കിലും 15,000 പേര്‍ക്ക് ജീവന്‍ നഷ്ടമായി എന്നാണ് കണക്കാക്കപ്പെടുന്നത്. പതിനായിരക്കണക്കിനാളുകള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായി.
1975 ല്‍ ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് ഭരണഘടനയെ അട്ടിമറിച്ച് പൗരസ്വാതന്ത്ര്യം കവര്‍ന്ന അടിയന്തരാവസ്ഥയിലാണ് ഭോപ്പാലില്‍ അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകയായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിക്ക് ലൈസന്‍സ് നല്‍കിയത്. അന്നത്തെ കേന്ദ്ര വ്യവസായ വികസന മന്ത്രിയുടെ എതിര്‍പ്പ് മറികടന്നായിരുന്നു ഇത്. കാലഹരണപ്പെട്ട സാങ്കേതിക വിദ്യയാണ് യൂണിയന്‍ കാര്‍ബൈഡിന്റേത് എന്നു പറഞ്ഞായിരുന്നു വ്യവസായ വകുപ്പ് എതിര്‍ത്തത്. സാങ്കേതിക വിദ്യയുടെ തകരാര്‍ തന്നെയാണ് പിന്നീട് കൊടിയ ദുരന്തത്തിലേക്ക് നയിച്ചത്.
ലോകത്തിന്റെ വ്യവസായ ചരിത്രത്തില്‍ സമാനതകളില്ലാത്ത ദുരന്തമായിരുന്നു ഭോപ്പാലില്‍ സംഭവിച്ചത്. യൂണിയന്‍ കാര്‍ബൈഡിന്റെ പ്ലാന്റില്‍ നിന്ന് വിഷവാതകത്തിന്റെ പുകച്ചുരുളുകള്‍ പുറത്തേക്ക് വമിക്കുകയായിരുന്നു. കീടനാശിനികള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടി ശേഖരിച്ചതായിരുന്നു മീഥൈല്‍ ഇന്‍സോസിനേറ്റ് (എംഐസി) എന്ന വിഷവാതകം. പതിവുരീതിയിലുള്ള അറ്റകുറ്റപ്പണികള്‍ ചെയ്യുന്ന തൊഴിലാളികള്‍ വാതകക്കുഴലില്‍ ചോര്‍ച്ച കണ്ടെങ്കിലും കാര്യമാക്കിയില്ല. പിന്നീട് ടാങ്ക് തകര്‍ന്ന് മാരകമായ എംഐസി വന്‍തോതില്‍ അന്തരീക്ഷത്തില്‍ പരക്കുകയായിരുന്നു. അപകടം മനസ്സിലാക്കിയ ജീവനക്കാര്‍ ഫാക്ടറിയിലെ സുരക്ഷാസംവിധാനം പ്രവര്‍ത്തിപ്പിച്ച് ദുരന്തത്തിന്റെ അളവ് കുറയ്ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കാരണം സുരക്ഷാ സംവിധാനങ്ങളൊന്നും പ്രവര്‍ത്തനക്ഷമമായിരുന്നില്ല.
ആന്‍ഡേഴ്‌സനെ വിട്ടയയ്ക്കുന്നു
പ്ലാന്റിന്റെ മൂന്നു വശത്തുമുള്ള ചേരികളില്‍ താമസിക്കുന്നവരാണ് ദുരന്തത്തിന്റെ ആദ്യ ഇരകളായത്. മുന്നറിയിപ്പ് നല്‍കാന്‍ വൈകിയത് ദുരന്തത്തിന്റെ ആഴം വര്‍ദ്ധിപ്പിച്ചു. വിഷവാതകം ശ്വസിച്ചവര്‍ ശ്വാസംമുട്ടി ഛര്‍ദ്ദിക്കാന്‍ തുടങ്ങി. ഒറ്റരാത്രിയില്‍ 3000 പേര്‍ ചത്തൊടുങ്ങി. ഒരാഴ്ചക്കുള്ളില്‍ 8000 പേരും മരിച്ചു. പിന്നീടങ്ങോട്ട് മരിച്ചവരുടെ സംഖ്യ 15000-20000 കടന്നു. 1981 ലും 1982 ലും ഈ ഫാക്ടറിയില്‍ വാതകച്ചോര്‍ച്ച ഉണ്ടായെങ്കിലും കമ്പനി അധികൃതര്‍ അത് അവഗണിച്ചതാണ് വലിയ ദുരന്തത്തിന് വഴിവച്ചത്.
യൂണിയന്‍ കാര്‍ബൈഡിന്റെ പ്ലാന്റില്‍ നിന്ന് 40 ടണ്‍ വിഷവാതകമാണ് ഭോപ്പാല്‍ നഗരത്തിലേക്ക് ചോര്‍ന്നത്. ഇത് ശ്വസിച്ച ജനങ്ങള്‍ തെരുവില്‍ മരിച്ചുവീഴുകയായിരുന്നു. സംഭവിക്കുന്നത് എന്തെന്ന് ജനങ്ങള്‍ക്ക് മനസ്സിലായില്ല. എല്ലാവരും ജീവനുവേണ്ടി പരക്കം പായുകയായിരുന്നു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലല്ലായിരുന്നു ഈ ഫാക്ടറിയെങ്കില്‍ മരണ സംഖ്യ ഇത്ര അധികമാകുമായിരുന്നില്ല.
ദുരന്തം നടക്കുമ്പോള്‍ യൂണിയന്‍ കാര്‍ബൈഡിന്റെ സിഇഒ ആയിരുന്ന വാറന്‍ ആന്‍ഡേഴ്‌സനെ രാജ്യം വിടാനും, മറ്റു കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതിരിക്കാനും വഴിയൊരുക്കുകയാണ് കോണ്‍ഗ്രസിന്റെ ഭരണത്തിലുള്ള കേന്ദ്ര സര്‍ക്കാരും മധ്യപ്രദേശ് സര്‍ക്കാരും ചെയ്തത്. രാജ്യം ഭരിച്ച ആരുംതന്നെ ഇത്തരമൊരു നീചകൃത്യം ചെയ്തിട്ടില്ല. കേസിന്റെ അന്വേഷണത്തിന് ആന്‍ഡേഴ്‌സന്റെ സാന്നിധ്യം രാജ്യത്ത് ആവശ്യമില്ലെന്ന് മുഖ്യമന്ത്രി അര്‍ജുന്‍ സിംഗ് പ്രഖ്യാപിച്ചു. ആന്‍ഡേഴ്‌സനെ രക്ഷപ്പെടാന്‍ അനുവദിച്ചുവെന്ന് മാത്രമല്ല അതിനായി കാറും വിമാനവും മറ്റും ഒരുക്കിക്കൊടുക്കുകയും ചെയ്തു. വിഷവാതക ദുരന്തത്തിനിരയായി കരയുന്ന കുഞ്ഞുങ്ങളുടെയും അവരുടെ വേദനിക്കുന്ന മാതാപിതാക്കളുടെയും മുഖങ്ങള്‍ ഈ നീചകൃത്യം ചെയ്യുന്നതില്‍നിന്ന് കോണ്‍ഗ്രസ് നേതാക്കളെ പിന്തിരിപ്പിച്ചില്ല.
ആന്‍ഡേഴ്‌സനെ വിട്ടയയ്ക്കാന്‍ എന്തായിരുന്നു മുഖ്യമന്ത്രിയായിരുന്ന അര്‍ജുന്‍ സിംഗിന്റെമേലുള്ള സമ്മര്‍ദ്ദം? ആരാണ് ഇതിന് സമ്മര്‍ദ്ദം ചെലുത്തിയത്? അര്‍ജുന്‍ സിംഗിന്റെ ഇതുസംബന്ധിച്ച മൗനത്തിന് നിരവധി അര്‍ത്ഥതലങ്ങള്‍ ഉണ്ടായിരുന്നു. രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരും, അര്‍ജുന്‍ സിംഗ് മുഖ്യമന്ത്രിയായ മധ്യപ്രദേശ് സര്‍ക്കാരും ആന്‍ഡേഴ്‌സനെ രക്ഷപ്പെടുത്താന്‍ ആസൂത്രിതമായ ഗൂഢാലോചന നടത്തി. നിഷ്‌കളങ്കരായ ആയിരക്കണക്കിന് ആളുകളുടെ ജീവനെടുത്ത സംഭവത്തിലെ മുഖ്യപ്രതിയായിരുന്നു ആന്‍ഡേഴ്‌സന്‍.
എന്താണ് സംഭവിച്ചതെന്ന് അര്‍ജുന്‍ സിംഗ് 2012 ല്‍ പ്രസിദ്ധീകരിച്ച ‘മണല്‍ ഘടികാരത്തിലെ ഒരുതരി’ എന്ന ആത്മകഥയില്‍ സൂചിപ്പിക്കുന്നുണ്ട്. രാജീവ് ഗാന്ധിയുടെ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന പി.വി. നരസിംഹറാവുവിനെയാണ് സിംഗ് കുറ്റപ്പെടുത്തുന്നത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരുന്ന ആര്‍.ഡി. പ്രധാന്‍ വഴി ആഭ്യന്തരമന്ത്രി നരസിംഹറാവു ആണത്രേ ഇത് ചെയ്തത്. അന്നത്തെ മധ്യപ്രദേശ് ചീഫ് സെക്രട്ടറി ബ്രഹ്‌മസ്വരൂപിനെ ഫോണില്‍ വിളിച്ച് ആന്‍ഡേഴ്‌സനെ വിട്ടയയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു പ്രധാന്‍. ”കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശപ്രകാരം ആഭ്യന്തര സെക്രട്ടറി ആര്‍.ഡി പ്രധാനാണ് ബ്രഹ്‌മസ്വരൂപിനെ (ചീഫ് സെക്രട്ടറി) ഫോണില്‍ വിളിച്ച് ആന്‍ഡേഴ്‌സന്റെ മോചനം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടത്” എന്നാണ് ആത്മകഥയില്‍ അര്‍ജുന്‍ സിംഗ് എഴുതിയിട്ടുള്ളത്.
അര്‍ജുന്‍ സിംഗിന്റെ രാഷ്ട്രീയ കുതന്ത്രം
വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അര്‍ജുന്‍ സിംഗ് ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ നടത്തിയത്. അതുവരെ ഇക്കാര്യം രഹസ്യമാക്കിവച്ചുകൊണ്ട് നെഹ്‌റു കുടുംബത്തെ ബ്ലാക്ക് മെയില്‍ ചെയ്ത് മധ്യപ്രദേശ് രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും മുതലെടുപ്പ് നടത്തി. ആത്മകഥയില്‍ മുഴുവന്‍ കാര്യങ്ങളും അര്‍ജുന്‍ സിംഗ് വെളിപ്പെടുത്തിയില്ല. ആരാണ് നരസിംഹറാവുവിനെ അരുതാത്തത് ചെയ്യാന്‍ പ്രേരിപ്പിച്ചത് എന്ന കാര്യം ബോധപൂര്‍വ്വം മറച്ചുപിടിച്ചു. ഇത് പ്രധാനമന്ത്രി രാജീവ് ഗാന്ധിയായിരുന്നു. ഇക്കാര്യം അന്നേ വെളിപ്പെട്ടിരുന്നെങ്കില്‍ ലോകത്തിനു മുന്നില്‍ വലിയൊരു കുറ്റവാളിയായി രാജീവ് നില്‍ക്കുമായിരുന്നു. രാജീവിന്റെ മരണശേഷം നെഹ്‌റു കുടുംബത്തെ വിരട്ടി പ്രധാനമന്ത്രി പദവിയിലെത്താന്‍ നരസിംഹറാവുവും ഈ രഹസ്യം ഉപയോഗിച്ചിരിക്കണം. കോണ്‍ഗ്രസ് സംസ്‌കാരത്തിന്റെ ഭാഗമാണ് ഇത്തരം മാനിപ്പുലേഷനുകള്‍. അര്‍ജുന്‍ സിംഗ് ഇക്കാര്യത്തില്‍ ഒരു താപ്പാനയുമായിരുന്നു.
അര്‍ജുന്‍ സിംഗ് രഹസ്യം മുഴുവന്‍ വെളിപ്പെടുത്തുമോയെന്ന് കോണ്‍ഗ്രസ് നേതൃത്വം ഭയന്ന സന്ദര്‍ഭങ്ങളുണ്ട്. ഭോപ്പാല്‍ വാതക ദുരന്തവുമായി ബന്ധപ്പെട്ട് രാജീവ് ഗാന്ധിയുടെ പങ്ക് ഒരുവിധം മൂടിവയ്ക്കാന്‍ കഴിഞ്ഞുവെങ്കിലും പാര്‍ട്ടിയിലെ ചേരിപ്പോരിനിടെ അര്‍ജുന്‍ സിംഗ് അത് വിളിച്ചുപറയാതിരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് യാതൊരു ഉറപ്പുമില്ലായിരുന്നു. രാജ്യസഭയില്‍ ഭോപ്പാല്‍ വാതക ദുരന്തം സംബന്ധിച്ച ചര്‍ച്ച നടന്നപ്പോള്‍ അന്ന് മാനവ വിഭവശേഷി വികസന മന്ത്രിയായിരുന്ന അര്‍ജുന്‍ സിംഗ് ഇതിനെക്കുറിച്ച് എന്താണ് പറയാന്‍ പോകുന്നതെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ആശങ്കപ്പെടുകയുണ്ടായി. സഭയിലേക്ക് ഒരു വീല്‍ചെയറില്‍ വന്ന അര്‍ജുന്‍ സിംഗ് സംസാരിച്ചു തീരുന്നതുവരെ ധനമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജി സീറ്റില്‍ അനങ്ങാതിരിക്കുകയായിരുന്നു. അര്‍ജുന്‍ സിംഗ് സംസാരിച്ചു കഴിഞ്ഞപ്പോഴാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ശ്വാസം നേരെ വീണത്. ആന്‍ഡേഴ്‌സനെ വിട്ടയച്ചതില്‍ തനിക്ക് പങ്കില്ലെന്ന് പറഞ്ഞ സിംഗ്, തന്റെ രാഷ്ട്രീയ എതിരാളിയായ നരസിംഹറാവുവിനെതിരെയാണ് വിരല്‍ചൂണ്ടിയത്. എന്നാല്‍ പ്രധാനമന്ത്രി രാജീവ് അറിയാതെ ആഭ്യന്തരമന്ത്രിയായിരുന്ന നരസിംഹറാവു ഇത് ചെയ്യുമോ എന്ന കാര്യത്തെക്കുറിച്ച് അര്‍ജുന്‍ സിംഗ് തന്ത്രപരമായ മൗനം പാലിച്ചു. ദല്‍ഹിയിലെ സിഖ് കൂട്ടക്കൊലയില്‍ രാജീവ് ഗാന്ധിക്കുള്ള പങ്ക് മറച്ചുപിടിക്കാന്‍ ഡോ.മന്‍മോഹന്‍ സിംഗ് ആഭ്യന്തരമന്ത്രിയായിരുന്ന നരസിംഹറാവുവിനു മേല്‍ പഴിചാരിയതുപോലെയാണ് അര്‍ജുന്‍ സിംഗും പ്രവര്‍ത്തിച്ചത്. അര്‍ജുന്‍ സിംഗില്‍നിന്നാവണം ഈ തന്ത്രം മന്‍മോഹന്‍ സിംഗ് പഠിച്ചത്. തനിക്ക് അധികാരം ഇല്ലാതിരുന്ന കാലത്തും നെഹ്‌റു കുടുംബത്തെയും കോണ്‍ഗ്രസിനെയും വരുതിയില്‍ നിര്‍ത്താന്‍ അര്‍ജുന്‍ സിംഗ് ഭോപ്പാല്‍ വാതക ദുരന്തത്തില്‍ കുറ്റവാളിയായ ആന്‍ഡേഴ്‌സനെ വിട്ടയച്ചതില്‍ രാജീവിനുള്ള പങ്ക് സമര്‍ത്ഥമായി ഉപയോഗിച്ചു.
”ഹൗസ് അറസ്റ്റോ അറസ്റ്റോ എന്തുമാവട്ടെ, ജാമ്യം ലഭിക്കുകയോ ലഭിക്കാതിരിക്കുകയോ ചെയ്യട്ടെ, അതൊക്കെ എന്തായിരുന്നാലും എനിക്ക് വീട്ടിലേക്ക് പോകാനാവും” എന്നാണ് ദുരന്തം സംഭവിച്ചതിനെ തുടര്‍ന്ന് ഉയര്‍ന്ന കനത്ത പ്രതിഷേധത്തിനിടയിലും വാറന്‍ ആന്‍ഡേഴ്‌സന്‍ ടെലിവിഷനില്‍ പ്രതികരിച്ചത്. ഇതുതന്നെയാണ് മുഖ്യമന്ത്രിയായിരുന്ന അര്‍ജുന്‍ സിംഗും പറഞ്ഞത്. ”ആരെയെങ്കിലും പ്രോസിക്യൂട്ട് ചെയ്യാനോ വിചാരണ ചെയ്യാനോ പീഡിപ്പിക്കാനോ ഉദ്ദേശിക്കുന്നില്ല.” ആയിരക്കണക്കിന് പേര്‍ പിടഞ്ഞുവീണു മരിച്ചിട്ടും അതിനുത്തരവാദികളായ ആളുകളുമായി കോണ്‍ഗ്രസ് നേതൃത്വം രഹസ്യധാരണ ഉണ്ടാക്കി എന്നാണല്ലോ ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്.
1984 ഡിസംബര്‍ ഏഴിന് ആന്റേഴ്‌സനെ അറസ്റ്റ് ചെയ്ത് വിട്ടയച്ച ദിവസം തന്നെ യൂണിയന്‍ കാര്‍ബൈഡ് അമേരിക്കന്‍ പത്രങ്ങളില്‍ ഒരു പ്രസ്താവന കൊടുത്തിരുന്നു. അതില്‍ ഇങ്ങനെ പറയുകയുണ്ടായി: ”ഒരു കമ്പനി (യൂണിയന്‍ കാര്‍ബൈഡ്) തലസ്ഥാനമായ ഡാന്‍ബറിയില്‍ ഒരു പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. ആന്‍ഡേഴ്‌സനെ രക്ഷിക്കാമെന്ന ഉറപ്പിന്റെ ലംഘനമാണ് അറസ്റ്റ്. സര്‍ക്കാരില്‍ നിന്ന് സുരക്ഷിത പാത സംബന്ധിച്ച ഉറപ്പ് ലഭിച്ചതിനുശേഷമാണ് വാറന്‍ ആന്‍ഡേഴ്‌സന്‍ അവിടേക്ക് പോയത്.” ആന്‍ഡേഴ്‌സനെ രക്ഷപ്പെടാന്‍ അനുവദിച്ചത് രാജീവ് ഗാന്ധി സര്‍ക്കാര്‍ തന്നെയാണെന്ന് ഇതില്‍നിന്ന് വ്യക്തമാണല്ലോ.
ഇരകളോട് കൊടുംക്രൂരത
വാറന്‍ ആന്‍ഡേഴ്‌സനെ സ്വതന്ത്രനാക്കിയതും, അമേരിക്കയിലേക്ക് തിരിച്ചുപോകാന്‍ അനുവദിച്ചതും ഒരു ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് അമേരിക്കന്‍ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഗോര്‍ബോണ്‍ സ്ട്രീബ് പറഞ്ഞപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും സര്‍ക്കാരും മൗനം പാലിച്ചു. അറസ്റ്റിലായ ആന്‍ഡേഴ്‌സനെ മോചിപ്പിക്കാന്‍ ഇടപെടണമെന്ന് താന്‍ ആവശ്യപ്പെട്ടതായാണ് സ്ട്രീബ് പറഞ്ഞത്. ഇതുകൊണ്ടുകൂടിയാവാം കടുത്ത നടപടികള്‍ എടുക്കാതെ യൂണിയന്‍ കാര്‍ബൈഡിനെ സംരക്ഷിക്കുന്ന നയം കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വീകരിച്ചത്. വാതക ദുരന്തം ഉണ്ടായശേഷം വളരെ തിരക്കിട്ട് കേന്ദ്രസര്‍ക്കാര്‍ ‘ഭോപ്പാല്‍ വാതക ചോര്‍ച്ച ദുരന്ത നിയമം- 1985’ എന്നൊരു നിയമം കൊണ്ടുവന്നു. ഇതു പ്രകാരം വാതക ദുരന്തവുമായി ബന്ധപ്പെട്ട കേസുകളില്‍ രാജ്യത്തിനകത്തോ പുറത്തോ ഉള്ള ഏതൊരു വ്യക്തിയെയും പ്രതിനിധീകരിക്കാനുള്ള അവകാശം കേന്ദ്രസര്‍ക്കാരിനായിരുന്നു. ഇതും പ്രതികളെ സംരക്ഷിക്കാനായിരുന്നു.
ക്രമസമാധാനം മുന്‍നിര്‍ത്തിയാണ് ആന്‍ഡേഴ്‌സനെ ഭോപ്പാലില്‍ നിന്ന് മാറ്റിയതെന്ന വാദത്തില്‍ കഴമ്പില്ല. രാജ്യത്തെ മറ്റേതെങ്കിലും ജയിലില്‍ പാര്‍പ്പിക്കാമായിരുന്നു. അതീവ ഗുരുതരമായ കുറ്റകൃത്യം ചെയ്തയാളെ ഭാരതം വിടാന്‍ അനുവദിക്കരുതായിരുന്നു. ആന്‍ഡേഴ്‌സനെ കോടതിയില്‍ ഹാജരാക്കിയില്ല. ഒരു കോടതിയുടെയും ഉത്തരവില്ലാതെയാണ് അയാള്‍ക്ക് കോണ്‍ഗ്രസ് സര്‍ക്കാര്‍ സുരക്ഷിതപാത ഒരുക്കിയത്. ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരകളോട് അതി ഭീകരമായ അനീതി കാണിച്ചതിനാല്‍ ഭാരതത്തില്‍ മാത്രമല്ല, ലോകമെമ്പാടും പ്രതിഷേധം ഉയരുകയുണ്ടായി. ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ദുരന്തത്തിന്റെ മുപ്പത്തിയെട്ടാം വാര്‍ഷികത്തില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പോലും 40 എംപിമാര്‍ ഒപ്പിട്ട പ്രമേയം അവതരിപ്പിക്കുകയുണ്ടായി. അന്ന് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇതും കണ്ടില്ലെന്നു നടിച്ചു.
നിയമത്തിന്റെ അപര്യാപ്തതകൊണ്ടും, തെളിവുകള്‍ ഹാജരാക്കുന്നതില്‍ വീഴ്ച വരുത്തിയതുകൊണ്ടും പ്രതികളായ എട്ടുപേര്‍ക്ക് രണ്ട് വര്‍ഷത്തെ കുറഞ്ഞ ശിക്ഷ മാത്രമാണ് വിചാരണ കോടതി നല്‍കിയത്. അമേരിക്കയിലെ വിര്‍ജീനിയയില്‍ സമാനമായ ഒരു ദുരന്തം സംഭവിച്ചിരുന്നു. ഇതിന്റെ തെളിവുകള്‍ ഹാജരാക്കിയില്ലെന്ന് വിചാരണ കോടതിജഡ്ജി വിമര്‍ശിക്കുകയുണ്ടായി. നഷ്ടപരിഹാരമായി 470 ദശലക്ഷം യുഎസ് ഡോളര്‍ മാത്രം മതിയെന്ന് കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചു. അറ്റോര്‍ണി ജനറല്‍ 500 ദശലക്ഷം യുഎസ് ഡോളര്‍ വേണമെന്ന് പറഞ്ഞെങ്കിലും സുപ്രീംകോടതി 470 ദശലക്ഷം ഡോളറായി നിശ്ചയിച്ചു. ഭോപ്പാല്‍ ദുരന്തവുമായി ബന്ധപ്പെട്ട സിവിലും ക്രിമിനലുമായ എല്ലാ നിയമ നടപടികളും അവസാനിപ്പിക്കാമെന്നും സര്‍ക്കാര്‍ സമ്മതിക്കുകയുണ്ടായി. വിഷവാതക ദുരന്തത്തില്‍ 3000 പേര്‍ മരിക്കുകയും 10000 നും 40000 നും ഇടയ്ക്കുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് സര്‍ക്കാര്‍ പറഞ്ഞതനുസരിച്ചാണ് കോടതി നഷ്ടപരിഹാരം നിശ്ചയിച്ചത്. സര്‍ക്കാരിന്റെ ഈ കണക്ക് തികച്ചും തെറ്റും ക്രൂരമായ തമാശയുമായിരുന്നു. സര്‍ക്കാര്‍ പറഞ്ഞതിനേക്കാള്‍ അഞ്ചിരട്ടി കൂടുതലായിരുന്നു മരിച്ചവരുടെയും പരിക്കേറ്റവരുടെയും സംഖ്യ. അഞ്ച് ലക്ഷം പേരെയാണ് ദുരന്തം ബാധിച്ചത്. നഷ്ടപരിഹാര തുക ഉയര്‍ത്തണമെന്ന് ചില സന്നദ്ധ സംഘടനകള്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ ഒന്നാം യുപിഎ സര്‍ക്കാര്‍ അതിനെയും എതിര്‍ത്തു.
രാജീവ് ഗാന്ധിയുടെ കറുത്ത കരങ്ങള്‍
വാറന്‍ ആന്‍ഡേഴ്‌സനെ വിട്ടയച്ചതിനു പിന്നിലെ പ്രധാന വില്ലന്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി തന്നെയായിരുന്നു. രാജീവിന്റെ പങ്ക് പുറത്തുവരാതിരിക്കാനാണ് പരസ്പരം ശത്രുക്കളായിരുന്നിട്ടുപോലും അര്‍ജുന്‍ സിംഗും പി.വി. നരസിംഹറാവുവും ഒരുമിച്ച് ശ്രമിച്ചത്. രാജീവിന്റെ താല്‍പ്പര്യമനുസരിച്ചു തന്നെയാണ് ഇരുവരും പ്രവര്‍ത്തിച്ചത്. ആന്‍ഡേഴ്‌സനെ വിട്ടയയ്ക്കാന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിയെ ഫോണ്‍ വിളിച്ച് ആവശ്യപ്പെടുകയായിരുന്നുവെന്നും, താന്‍ അക്കാര്യം അറിഞ്ഞത് വളരെ കഴിഞ്ഞാണെന്നും അര്‍ജുന്‍ പറയുന്നതിന് തീരെ വിശ്വാസ്യതയില്ല.
ഭോപ്പാലില്‍തന്നെയാണ് മുഖ്യമന്ത്രിയും താമസിച്ചിരുന്നത്. വിഷവാതകം ചോര്‍ന്ന വിവരം അറിഞ്ഞയുടന്‍ അര്‍ജുന്‍ സിംഗ് ഭോപ്പാലിന് പുറത്തുള്ള തന്റെ കേര്‍വ ധാം കൊട്ടാരത്തിലേക്ക് ഓടിപ്പോയി. പ്രതിസന്ധിഘട്ടത്തില്‍ ഭരണസംവിധാനത്തെ നയിക്കാന്‍ ആരുമുണ്ടായിരുന്നില്ല. കേസില്‍ വിധിപറഞ്ഞ വിചാരണ കോടതി അര്‍ജുന്‍ സിംഗിന്റെ കോണ്‍ഗ്രസ് സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. രാജ്യം വിടാന്‍ ആന്‍ഡേഴ്‌സന്‍ കയറിയ വിമാനത്തിന് പറക്കാന്‍ അനുമതി നല്‍കിയത് അര്‍ജുന്‍ സിംഗിന്റെ ഓഫീസില്‍ നിന്നായിരുന്നുവെന്ന് പൈലറ്റ് മൊഴി നല്‍കുകയുണ്ടായി.
എന്തുകൊണ്ടാണ് ആന്‍ഡേഴ്‌സനെ വിട്ടയയ്ക്കാന്‍ രാജീവ് ഗാന്ധി താല്‍പ്പര്യമെടുത്തതെന്ന് അറിയുമ്പോഴാണ് എത്രമാത്രം മനുഷ്യവിരുദ്ധവും രാജ്യവിരുദ്ധവുമായാണ് ഈ ഭരണാധികാരി പ്രവര്‍ത്തിച്ചതെന്ന് വ്യക്തമാവുക. ആദില്‍ ഷെഹ്‌രയാര്‍ എന്നൊരു സുഹൃത്ത് രാജീവിനുണ്ടായിരുന്നു. തുര്‍ക്കി, ഇന്തോനേഷ്യ, ഇറാന്‍, ഇറാഖ്, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ ഭാരതത്തിന്റെ അംബാസഡറായിരുന്ന മുഹമ്മദ് യൂനുസിന്റെ മകനായിരുന്നു ആദില്‍. നെഹ്‌റു കുടുംബവുമായി യൂനുസിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഇതു സംബന്ധിച്ച നിരവധി കഥകളുമുണ്ട്. 1981 ല്‍ അമേരിക്കയിലെ മിയാമിലുള്ള ഹോട്ടല്‍ മുറി അഗ്നിക്കിരയാക്കിയ കേസില്‍ പ്രതിയായ ഷെഹ്‌രയാര്‍ അറസ്റ്റിലായി. 90 ലക്ഷം രൂപ പിഴയടക്കണമായിരുന്നു. 243000 യുഎസ് ഡോളറിന്റെ ഒരു തട്ടിപ്പു കേസില്‍ ഷെഹ്‌രയാര്‍ വിചാരണ നേരിടുകയും വേണമായിരുന്നു. യുഎസ് കോടതി 35 വര്‍ഷം തടവിനു വിധിച്ച ഇയാളെ ഫ്‌ളോറിഡ ജയിലിലടച്ചു. അമേരിക്കന്‍ സന്ദര്‍ശനത്തിനുപോയ രാജീവ് ഗാന്ധിയുമായി യുഎസ് പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍ ഷെഹ്‌രയാറിന്റെ തടവിനെക്കുറിച്ച് ചര്‍ച്ച നടത്തിയെന്ന് 1985 ല്‍ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഇതിനുശേഷം ഷെഹ്‌രയാറിനെ മോചിപ്പിച്ച് രാജീവിനൊപ്പം വിടുകയായിരുന്നു.
ഇത് സ്വാഭാവികമായി സംഭവിച്ചതല്ല. വാറന്‍ ആന്‍ഡേഴ്‌സനെ വിട്ടയക്കുന്നതിന് പ്രത്യുപകാരമായി ആദില്‍ ഷെഹ്‌രയാറിനെ ജയില്‍ മോചിതനാക്കാമെന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ വ്യവസ്ഥയുണ്ടാക്കുകയായിരുന്നു. ഇതൊക്കെ അറിഞ്ഞുകൊണ്ടുതന്നെയാണ് നരസിംഹ റാവുവും അര്‍ജുന്‍സിംഗും ആന്‍ഡേഴ്‌സനെ രാജ്യം വിടാന്‍ സഹകരിച്ച് പ്രവര്‍ത്തിച്ചത്. തന്റെ കുടുംബസുഹൃത്തിനെ രക്ഷിക്കാന്‍ സ്വന്തം രാജ്യത്തെ ആയിരക്കണക്കിന് മനുഷ്യരുടെ ജീവന് രാജീവ് ഗാന്ധി യാതൊരു വിലയും കല്‍പ്പിച്ചില്ല. ഇത്രയും നിഷ്ഠൂരനായ ഒരു ഭരണാധികാരിയെ ഭാരതത്തിലെന്നല്ല, ലോകചരിത്രത്തില്‍പ്പോലും കാണാന്‍ പ്രയാസമാണ്.
മുന്‍ സോവിയറ്റ് യൂണിയന്റെ ഭാഗവും, ഇപ്പോള്‍ ഉക്രൈനില്‍ ഉള്‍പ്പെടുന്നതുമായ ചെര്‍ണോബിലില്‍ വന്‍ ആണവദുരന്തമുണ്ടായത് 1986 ലാണ്. ഭോപ്പാല്‍ വാതക ദുരന്തമുണ്ടായി രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍. ചെര്‍ണോബില്‍ ദുരന്തത്തെക്കുറിച്ചും, 2003 ല്‍ സംഭവിച്ച കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെക്കുറിച്ചും ആശങ്കപ്പെട്ടുകൊണ്ടിരുന്ന ദേശീയ-മലയാള മാധ്യമങ്ങള്‍ പലതും പതിനായിരങ്ങളുടെ ജീവനെടുത്ത ഭോപ്പാല്‍ ദുരന്തത്തെക്കുറിച്ച് പറയുന്നത് നിര്‍ത്തിയതിനു പിന്നില്‍ ഒരു കോണ്‍ഗ്രസ് കണക്ഷനുണ്ട്. കുടുംബാധിപത്യത്തെ ജനാധിപത്യമായും, കുടുംബാധിപത്യത്തിന്റെ ഉല്‍പ്പന്നമായിരുന്ന രാജീവ് ഗാന്ധിയെ നന്മനിറഞ്ഞവനായും ഉയര്‍ത്തിക്കാട്ടാനുള്ള താല്‍പ്പര്യമാണിത്.
(തുടരും)