വൈക്കം: ആത്മീയ കാഴ്ചപ്പാടാണ് വൈക്കം സത്യഗ്രഹികളെ ഒന്നിപ്പിച്ചതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി. ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തില്‍ സമാപന സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. ഹിന്ദുക്കളെ ഒറ്റപ്പെടുത്തുന്ന മറ്റൊരു അയിത്തം കേരളത്തില്‍ രൂപപ്പെട്ടിട്ടുണ്ട്. ഈ അയിത്തത്തെ ഇല്ലാതാക്കാന്‍ ഒറ്റക്കെട്ടായുള്ള പോരാട്ടം ആണ് കേരളത്തില്‍ നടക്കേണ്ടത്. വൈക്കം സത്യഗ്രഹത്തിന്റെ ഉള്ളടക്കം ഹൈന്ദവ ഐക്യം ആയിരുന്നെന്ന യാഥാര്‍ത്ഥ്യത്തെ തമസ്‌കരിച്ചു കൊണ്ടുള്ള പ്രചരണങ്ങളും ആഘോഷങ്ങളുമാണ് ഇപ്പോള്‍ നടക്കുന്നത്. ഹിന്ദു സമൂഹത്തിനുള്ളില്‍ ജാതി കാലുഷ്യം ഉണ്ടാക്കുന്നതിനാണ് വ്യാജ ചരിത്രകാരന്മാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമാപന സമ്മേളനത്തില്‍ നിയുക്ത പ്രസിഡന്റ് ആര്‍.വി. ബാബു അധ്യക്ഷനായി. മുഖ്യ രക്ഷാധികാരിയായി ചുമതലയേറ്റ ശശികല ടീച്ചര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു, ജന. സെക്രട്ടറി കെ. ഷൈനു, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ആര്‍. സോമശേഖരന്‍ എന്നിവര്‍ സംസാരിച്ചു. പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു.