ആംഗ്ലോ-ജര്‍മ്മന്‍ കുതന്ത്രത്തെ എല്ലാതരത്തിലും പിന്തുടര്‍ന്നതും ഇന്നും അതിനെ സജീവമാക്കി നിലനിര്‍ത്തിപ്പോരുന്നതും മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികരും എഴുത്തുകാരുമാണ് എന്നു പറഞ്ഞുവല്ലോ. ബിപല്‍ ചന്ദ്ര, റൊമില ഥാപ്പര്‍, ആര്‍.എസ്.ശര്‍മ്മ, ഇര്‍ഫാന്‍ ഹബീബ്, സതീഷ് ചന്ദ്ര, ഡി.ഡി.കൊസാംബി തുടങ്ങിയവര്‍ ഈ വിഭാഗത്തില്‍ പെടുന്നു. ഭാരതീയമായ എന്തിനേയും ഇകഴ്ത്താനും വൈദേശികമായതിനെയെല്ലാം പുകഴ്ത്താനുമുള്ള വ്യഗ്രത ഇവിടുത്തെ മാര്‍ക്‌സിയന്‍ പണ്ഡിതരുടെ നീക്കങ്ങളില്‍ കാണാം. ഹിന്ദുപാരമ്പര്യം എന്നൊന്നില്ല എന്നവര്‍ ശഠിക്കുന്നു. പരമേശ്വര്‍ജിയും ഇ.എം.എസ്സും തമ്മിലുണ്ടായ ദര്‍ശനസംവാദത്തില്‍ ഇ.എം.എസ്സ് എടുത്ത നിലപാട് മാര്‍ക്സിസ്റ്റുകളുടെ ഈ സമീപനത്തെ വ്യക്തമാക്കുന്നു. അതിന്റെ മറ്റൊരു പ്രധാന തെളിവാണ് സഞ്ജയ് സുബ്രഹ്‌മണ്യത്തിന്റെ (Is Indian Civilization A Myth, 2013) ‘ഇന്ത്യ ഒരു സിവിലിസേഷന്‍ അല്ല കൊള്ളക്കൊടുക്കലുകള്‍ അരങ്ങേറിയ ഒരു നാല്‍ക്കവല ആണ്’ എന്ന വാക്കുകള്‍. ആംഗ്ലോ-ജര്‍മ്മന്‍ പണ്ഡിതന്മാര്‍ തുടങ്ങിവെച്ചതും പിന്നീട് അവരെ പിന്തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികര്‍ നാളിതുവരെ നടത്തിവരുന്നതുമായ അത്തരം പഠനങ്ങളും പ്രചരണങ്ങളും തന്നെ ആണ് നാം നമ്മെപ്പറ്റി ഒരു വീണ്ടുവിചാരത്തിനു തയ്യാറാകണം എന്നതിനു പ്രസക്തി ഏകുന്നത്.
(7) ജനിതകം കൊണ്ടുള്ള പകിടകളി: ഛിദ്രശക്തികള്‍ക്ക് ഏറ്റവും പ്രയോജനപ്പെട്ട ഈ കല്ലുവെച്ച നുണയെ നിലനിര്‍ത്താന്‍ മറ്റെല്ലാ വഴികളും പരാജയപ്പെട്ട നിലക്ക് ഇതിന്റെ വക്കീലന്മാര്‍ ഇന്നു ജനിതകശാസ്ത്രത്തെ (Genetics) കൂട്ടുപിടിക്കുന്നത് കാണാം. അതിനു മതിയായ തെളിവുകളാണ് ടോണി ജോസഫിന്റെ ഏര്‍ളി ഇന്ത്യന്‍ (2018), ആര്‍.ബാലകൃഷ്ണന്‍ എഴുതിയ ‘ഒരു നാഗരികതയുടെ യാത്ര: സിന്ധു വൈഗയിലേക്ക്’ തുടങ്ങിയ പുസ്തകങ്ങളും മാതൃഭൂമി (ആര്യവല്‍ക്കരണം അധിനിവേശമോ കുടിയേറ്റമോ, എ. എം. ഷിനാസ്, 2019, ജൂണ്‍ 16) പോലുള്ള വാരികകളിലും മാസികകളിലും വരുന്ന ലേഖനങ്ങളും നവമാധ്യമങ്ങളിലും മറ്റും വരുന്ന പ്രഭാഷണങ്ങളും.
സി.രാജേഷ് ‘സൈന്ധവ ഭാഷായനം ഇന്‍ഡോ- യൂറോപ്യന്‍ ഭാഷാ പൂര്‍വഭൂമി’ എന്നൊരു ലഘുപുസ്തകം ഡോ.ബി.എസ്. ഹരിശങ്കര്‍ എന്ന പുരാവസ്തുശാസ്ത്രജ്ഞന്റെ ശ്രദ്ധേയമായ അവതാരികയോടുകൂടി മലയാളത്തില്‍ (വേദ ബുക്‌സ്) എഴുതിയിട്ടുണ്ട്. അതില്‍ ജനിതകം കൊണ്ടുള്ള ഈ പകിടകളിയുടെ പൊള്ളത്തരം വസ്തുതകളുടെ പിന്‍ബലത്തോടെ വെളിച്ചത്ത് കൊണ്ടുവരുന്നുണ്ട്.
പ്രസ്തുത പുസ്തകത്തില്‍ നിന്നും ഇന്ന് അവലംബിച്ചുപോരുന്ന അതിസങ്കീര്‍ണ്ണമായ പഠനരീതിയുടെ ഒരു രൂപരേഖ നമുക്കു മനസ്സിലാക്കാം- ”ജനിതകമിശ്രണം നിരീക്ഷിക്കാനാവുന്നത് പിതൃപരമ്പര വഴി പകര്‍ന്ന് കിട്ടുന്ന വൈ- ക്രോമസോം ജനിതകത്തിനാണ്. Y ക്രോമസോമില്‍ നിരീക്ഷിക്കപ്പെട്ട R1a എന്ന പേരില്‍ അറിയപ്പെടുന്ന ഒരു പ്രത്യേക മ്യൂട്ടേഷന്‍ (mutation) ശ്രേണി യൂറോപ്പിലേയും ഏഷ്യയിലേയും ഇന്‍ഡോ യൂറോപ്യന്‍ ഭാഷകള്‍ സംസാരിക്കുന്ന ഭൂരിഭാഗം ജനങ്ങളുടേയും ജനിതകഘടനയില്‍ കണ്ടുവരുന്നു. അതിനാല്‍ ഈ സൂചകം പ്രോട്ടോ ഇന്‍ഡോ യൂറോപ്യന്‍ ഭാഷാമാതാവിന്റെ മൂലദേശത്തെ കണ്ടെത്താന്‍ സഹായിക്കുന്നതായി ജനിതകഗവേഷകര്‍ ഗണിക്കുന്നു. സ്ഥാപിതമായmutation rate ഉപയോഗിച്ച് ഈ ജനിതകസൂചകത്തിന്റെ ഉത്ഭവകാലം നിര്‍ണ്ണയിക്കുന്നു. തുടര്‍ന്ന്, പുരാവസ്തു പര്യവേക്ഷണങ്ങളില്‍ നിന്നു ലഭിക്കുന്ന പ്രാചീന മനുഷ്യ ജനിതക സാമ്പിളുകളുടെ വിശകലനത്തിലൂടെ പ്രസ്തുതസൂചകം ഉളവായ ദേശം അനുമാനിക്കപ്പെടുന്നു. ഇതാണ് നരവംശ ജനിതക പാരമ്പര്യ പഠന പ്രക്രിയയുടെ ഏകദേശരൂപം.”
അതില്‍ തന്നെ മറ്റൊരിടത്തു പറയുന്നത് ഇതാണ് – ”നരവംശ ജനിതക പാരമ്പര്യ പഠനത്തിന് പ്രധാനമായും അവലംബം മാതാവു വഴി സന്തതികള്‍ക്കു പൊതുവായി ലഭിക്കുന്ന മൈറ്റോകോണ്ഡ്രിയല്‍ ഡി.എന്‍.എ.യും ( Mitochondrial DNA- mtDNA), പിതാവ് വഴി പുരുഷസന്തതികളിലേക്ക് മാത്രം പകരുന്ന വൈ-ക്രോമസോമും (Y chromosome) ആണ്.
സിന്ധു നാഗരിക പ്രദേശങ്ങളില്‍ നിന്നു ലഭിച്ച ജനിതകപഠനങ്ങള്‍ വെളിവാക്കുന്നത് ഭാരതീയരില്‍ മാതാവ് വഴി പകര്‍ന്നു കിട്ടുന്ന ജനിതകം (mt DNA) പതിനായിരക്കണക്കിനു വര്‍ഷങ്ങളോളം സ്ഥായിയായി കലര്‍പ്പില്ലാതെ തുടര്‍ന്നു വന്നുവെന്നാണ്.”
(8) നവമാര്‍ക്‌സിസം: വോക്കിസം, കള്‍ച്ചറല്‍ മാര്‍ക്‌സിസം എന്നെല്ലാം അറിയപ്പെടുന്ന ഈ പുതുപുത്തന്‍ മാര്‍ക്‌സിസത്തിന്റെ ആത്യന്തികലക്ഷ്യം ലോകമെമ്പാടുമുള്ള സാമൂഹ്യജീവിതത്തെ തകര്‍ത്ത് അരാജകത്വം സൃഷ്ടിക്കുക എന്നതാണ്. അതിന്റെ വക്താക്കള്‍ സമൂഹത്തിലെ യുവതലമുറയെ ആണ് വലവീശി പിടിക്കാന്‍ ശ്രമിക്കുന്നത്. സാമൂഹ്യജീവിതം നിലനില്‍ക്കാന്‍ അതാതു സമൂഹത്തിലെ എല്ലാവരും പാലിക്കേണ്ട ചില പൊതുമൂല്യാചരണങ്ങള്‍ ഉണ്ട്. ഈ മൂല്യങ്ങളുടെ പ്രസക്തിയേയും ആചരണത്തേയും അതിപ്രാകൃതം, അശാസ്ത്രീയം, ഏകാധിപത്യപരം, അമാനവികം എന്ന തരത്തില്‍ സമര്‍ത്ഥമായി അവതരിപ്പിച്ച് അവയോടുള്ള പ്രതിബദ്ധതയെ തകര്‍ക്കുക എന്നതാണ് അവരുടെ പ്രവര്‍ത്തനതന്ത്രം. രാജീവ് മല്‍ഹോത്രയും വിജയാ വിശ്വനാഥനും ചേര്‍ന്നെഴുതിയ ‘സ്‌നേക്ക്‌സ് ഇന്‍ ദ ഗംഗ: ബ്രേ ക്കിംഗ് ഇന്ത്യ 2.0’ എന്ന ശ്രദ്ധേയമായ പുസ്തകത്തില്‍ മാര്‍ക്‌സിസത്തിന്റെ ഈ പുതിയ അവതാരത്തിന്റെ എല്ലാവശങ്ങളേയും വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
ഈ അടുത്ത കാലത്ത് കേരളക്കരയില്‍ നമ്മള്‍ കണ്ട ഗുരുവായൂര്‍ അമ്പലത്തിലെ പാചകവിവാദം, തൃപ്പൂണിത്തുറയിലെ കാലുകഴുകിച്ചൂട്ടുവിവാദം, കൂടല്‍മാണിക്യത്തിലെ നൃത്തവിവാദം, കലോത്സവത്തിലെ സസ്യഭക്ഷണവിവാദം, ഗണപതിവിവാദം, ചുംബനസമരം, സനാതനധര്‍മ്മവിവാദം, ‘എന്റെ ശരീരം എന്റെ ഇഷ്ടം’എന്ന മുദ്രാവാക്യം എന്നിങ്ങനെയുള്ള വിവാദങ്ങളുടെ ഘോഷയാത്ര ഈ സാംസ്‌കാരിക മാര്‍ക്‌സിസത്തിന്റെ ആസൂത്രിതസൃഷ്ടികളാണ്.
(9) പൊളിച്ചെഴുത്ത് – ഡോ. എസ്. എന്‍. സദാശിവന്‍ തന്റെ ‘എ സോഷ്യല്‍ ഹിസ്റ്ററി ഓഫ് ഇന്ത്യ’ എന്ന പുസ്തകത്തിലെ ‘ദി ആര്യന്‍ ഇന്‍വേഷന്‍ ഓഫ് ഇന്ത്യ’ എന്ന ഒന്നാം അദ്ധ്യായത്തില്‍ മേല്‍പ്പറഞ്ഞ അബദ്ധവാദങ്ങളെ യുക്തിയുക്തം ഖണ്ഡിക്കുന്നുണ്ട്. അതിലെ പ്രസക്തഭാഗങ്ങള്‍ ചുരുക്കത്തില്‍ ഇപ്രകാരമാണ് – ”ഒരു രാജ്യത്തിന്റെ മഹത്വം കണ്ടെത്തേണ്ടത് അതിന്റെ സംസ്‌കാരം, നാഗരികത എന്നിവയിലാണ്. അവയെ അളക്കേണ്ടത് ദേശീയജനത അനുഭവിക്കുന്ന സ്വാതന്ത്ര്യത്തില്‍ നിന്നും ഉരുത്തിരിയുന്ന സര്‍ഗവൈഭവം (Creativity), തനിമ (originality), കണ്ടെത്തലിനുള്ള കഴിവ് (inventiveness) എന്നിവയിലൂടെയാണ്. എല്ലാ നാഗരികതകളും മനുഷ്യമനസ്സിന്റെ വിശാലത, മാനവഭാവനയുടെ തിളക്കം, ചിന്താശേഷിയുടെ സമൃദ്ധി എന്നിവയെ വ്യത്യസ്ത തോതുകളില്‍ പ്രതിനിധാനം ചെയ്യുന്നു. നാഗരികത കൂടുതലും ഭൗതികപുരോഗതിയുമായി ബന്ധപ്പെട്ടതാണ്. സംസ്‌കാരമാകട്ടെ ബൗദ്ധികവും മാനസികവും സദാചാരപരവുമാണ്. ഒരു നാഗരികതയുടെ ഉയര്‍ച്ച എന്നാല്‍ സംസ്‌കാരത്തിന്റെ ഔന്നത്യമാണെന്നു കരുതേണ്ട. അതുപോലെ നാഗരികതയുടെ പിന്‍ബലമില്ലാതെ തന്നെ സംസ്‌കാരവും തളിര്‍ക്കാം. സംസ്‌കാരവും നാഗരികതയും പരസ്പരസഹായകങ്ങളാകാമെങ്കിലും അവ പരസ്പരാശ്രിതങ്ങളാകണമെന്നില്ല. സംസ്‌കാരം മനുഷ്യനെ ഗുണപരമായി ഔന്നത്യങ്ങളിലെത്തിക്കാനായി മാനസികവും സദാചാരപരവും ബൗദ്ധികവും സൗന്ദര്യാത്മകവുമായ സംസ്‌കരണങ്ങളില്‍ ഊന്നുമ്പോള്‍ നാഗരികത ജീവിതശൈലി, ഭൗതിക സൗകര്യങ്ങള്‍ എന്നിവയിലെ പരിവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നു. സംസ്‌കാരം അന്തര്‍മുഖമാണ്, നാഗരികത ബഹിര്‍മുഖവും. ഇവ രണ്ടിന്റെയും സന്തുലിതാവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഒരു ജനതയുടെ സാമൂഹ്യവും, സാമ്പത്തികവും, രാജനൈതികവും, മതപരവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് അവശ്യം വേണ്ട സാഹചര്യം ഒരുങ്ങുന്നത്. ഈ സന്തുലിതത്വം എത്രയുണ്ടോ അത്രയും ആ സാഹചര്യവും അനുകൂലമാകും.
സിന്ധുതട നാഗരികത കണ്ടെത്തും മുമ്പ് ഭാരത ചരിത്രം ആരംഭിച്ചിരുന്നത് ‘ബലിഷ്ഠരും നാടോടികളും കീഴടക്കുന്നവരുമായ ആര്യന്മാര്‍’ എന്ന ഗോത്രക്കാര്‍ ഭാരതത്തെ ആക്രമിച്ചതു തൊട്ടായിരുന്നു. സിന്ധുനദീതീരത്തു തഴച്ചു വളര്‍ന്നു നിന്ന ആ നാഗരികതയുടെ കണ്ടെത്തലോടെ ആര്യന്മാരുടെ വരവിനു മുമ്പ് ഭാരതംനാഗരികമായി അങ്ങേയറ്റം പരിതാപകരമായ നിലവാരത്തിലായിരുന്നു എന്നും ഭാരതത്തിന്റെ സാംസ്‌കാരിക ഖജനാവ് കാലിയായിരുന്നെന്നുമുള്ള വിവാദത്തിനു വിരാമമായി. ചരിത്രബോധത്തിന്റെ ഇല്ലായ്മയും ഐതിഹ്യങ്ങളെ ചരിത്രമായി തെറ്റിദ്ധരിച്ചതും ഇന്ത്യന്‍ സമൂഹത്തിന്റെ എടുത്തുപറയേണ്ട ദൗര്‍ബല്യമാണ്. തന്മൂലം പാരമ്പര്യജ്ഞാനം ആര്‍ജിക്കുന്നതില്‍ മുഴുകിയ അവര്‍ അന്വേഷണത്വരയില്ലാത്ത, ചരിത്രപഠനം എന്ന ആശയത്തെക്കുറിച്ചു പോലും തികഞ്ഞ അജ്ഞത പുലര്‍ത്തുന്ന സമൂഹമായി.
അനിവാര്യമായും തന്മൂലം ഭാരത ചരിത്രം പാശ്ചാത്യ പണ്ഡിതന്മാരുടെ ഗൗരവപൂര്‍ണ്ണമായ ഗവേഷണത്തിനുള്ള ഇഷ്ടവിഷയമാകുകയും അവര്‍ക്കു സമ്പാദിക്കാന്‍ കഴിഞ്ഞ തെളിവുകളുടെ പിന്‍ബലത്തില്‍ തോന്നിയ രീതിയില്‍ അതിനെ പ്രാവര്‍ത്തികമാക്കുകയും ചെയ്തു. ഹാരപ്പയിലും മോഹന്‍ജദാരോയിലും ഉദ്ഖനനം നടത്തുന്നതിനും മുമ്പുതന്നെ അവര്‍ ഭാരതചരിത്രം സംബന്ധിച്ച്പല സിദ്ധാന്തങ്ങള്‍ക്കും രൂപം കൊടുത്തുകഴിഞ്ഞിരുന്നു. അവയില്‍ ചിലതെങ്കിലും ആര്യന്മാരുടെ വരവിനെകുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്നു. ഈ അടുത്ത കാലത്തുണ്ടായ ചിലത് ആര്യന്മാരുടെ ആഗമനത്തെ പാടെ തള്ളിക്കളയുന്നുമുണ്ട്.
ആദ്യകാലത്തെ പാശ്ചാത്യ ചരിത്രകാരന്മാരെല്ലാവരും തന്നെ ആര്യന്മാര്‍ മദ്ധ്യേഷ്യന്‍ ഗോത്രമാണ്, യുദ്ധോത്സുകരാണ്, കുതിരപ്പുറത്തു സഞ്ചരിക്കുന്നവരാണ്, അവര്‍ രണ്ടു വിഭാഗങ്ങളായി പിരിഞ്ഞ് ഒരു കൂട്ടര്‍ പല പാശ്ചാത്യനാടുകളിലും, പ്രത്യേകിച്ച് സ്‌കാന്‍ഡിനേവിയന്‍ നാടുകളായ ജര്‍മ്മനിയിലും ഇംഗ്ലണ്ടിലും, വാസമുറപ്പിച്ചപ്പോള്‍ മറ്റേക്കൂട്ടര്‍ ഹിന്ദുക്കുഷും അഫ്ഗാന്‍ പര്‍വ്വതപഥങ്ങളും താണ്ടി ഭാരതത്തില്‍ പ്രവേശിച്ച് അവിടുണ്ടായിരുന്ന ആദിമനിവാസികളെ ഓടിച്ച് ഇന്ത്യയുടെ വടക്കു- പടിഞ്ഞാറു ഭാഗത്ത്ആധിപത്യമുറപ്പിക്കുകയും ആ പ്രദേശത്തിന് ആദ്യം ബ്രാഹ്‌മണാവര്‍ത്തമെന്നും പിന്നീട് ആര്യാവര്‍ത്തമെന്നും പേരു നല്‍കുകയും ചെയ്തു എന്ന ആര്യസിദ്ധാന്തത്തെ പൂര്‍ണ്ണമായും അംഗീകരിച്ചിരുന്നു.
ആദ്യം തന്നെ പറയട്ടെ, മെഡോസ് ടെയ്‌ലര്‍ ചൂണ്ടിക്കാട്ടിയതുപോലെ, ആര്യന്‍ ഗോത്രമോ ഗോത്രങ്ങളോ ആദ്യം ഭാരതത്തിലേക്കു കടന്നുകയറിയ കാലം നിര്‍വചിക്കുന്നതില്‍ ഈ സിദ്ധാന്തത്തിന്റെ പ്രഗല്‍ഭസംയോജകര്‍ പോലും തീര്‍ത്തും പരാജയപ്പെട്ടു. ആ വംശം (റേസ്) തന്നെ അവ്യക്തമായിരിക്കേ, അതുമായി ബന്ധപ്പെടുത്തിയ കാലഗണന തീര്‍ത്തും ഊഹങ്ങളുടെയും ഭാവനകളുടെയും സന്തതി മാത്രമാകുമല്ലോ.
ചരിത്രം എന്നത് സംസ്‌കാരത്തിന്റെയും നാഗരികതയുടെയും സൂക്ഷ്മമായ ഇഴുകിച്ചേരല്‍ ആണെന്നിരിക്കേ ആര്യന്‍ ആക്രമണത്തിന്റെയോ, ആര്യവംശത്തിന്റെയോ ലക്ഷണങ്ങള്‍ പഠിക്കാന്‍ കിട്ടുന്ന വിവരശകലങ്ങള്‍ നാഗരികതയെ കുറിക്കുന്നതല്ല മറിച്ച് ഏറിവന്നാല്‍ ആര്യന്‍ എന്ന പേരില്‍ ഉറപ്പില്ലാതെ ഒരുമിച്ചു ഗണിക്കുന്ന ഏതോ സംസ്‌കാരത്തെയാണ്‌സൂചിപ്പിക്കുന്നത്.
പുരാവസ്തുശാസ്ത്രം (ആര്‍ക്കിയോളജി) ആര്യവംശത്തെക്കുറിച്ചോ അവരുടെ ജീവിതത്തിന്റെ ഏതെങ്കിലും വശത്തെക്കുറിച്ചോ തെളിവു നല്‍കുന്നില്ല. ഇക്കാര്യത്തില്‍ അതു പൂര്‍ണ്ണമായും നിശ്ശബ്ദമാണ്. ആര്യന്മാരുമായി ബന്ധപ്പെട്ട കാലഗണനയുടെ കാര്യത്തിലും അഭിപ്രായൈക്യം ഇല്ല. ഡൊണാള്‍ഡ് എ. മക്കന്‍സി പറയുന്നത് – ഈ ആക്രമണം എത്ര അളവോളം സാംസ്‌കാരികം എന്നതിനേക്കാള്‍ വംശീയമായിരുന്നു എന്നു നിശ്ചയിക്കാന്‍ വിഷമമാണ് – എന്നാണ്. മാത്രമല്ല ആദ്യമായി, ഇന്ത്യയാണ് പാശ്ചാത്യസമൂഹങ്ങളുടെ ആദിമവംശത്തിന്റെ ജന്മദേശം, എന്ന ചരിത്രപരമായി പ്രാധാന്യമുള്ള ഒരു ഊഹാധിഷ്ഠിത സിദ്ധാന്തം ഷ്‌ളെഗല്‍ എന്ന പണ്ഡിതന്‍ ‘ലാംഗ്വേജ് ആന്‍ഡ് ദി വിസ്ഡം ഓഫ് ദി ഹിന്ദൂസ്’എന്ന തന്റെ പുസ്തകത്തില്‍ (1808) മുന്നോട്ടു വെക്കുകയും ചെയ്തു.
പ്രസിദ്ധ ഈജിപ്‌റ്റോളജിസ്റ്റും ഫിസിസിസ്റ്റും ആയ ഡോക്ടര്‍ തോമസ് യങ്ങ് ‘ഇന്‍ഡോ-യൂറോപ്യന്‍’ എന്ന സങ്കരപദം 1813-ല്‍ ഉപയോഗിച്ചതിനു ശേഷമാണ് ആര്യന്മാര്‍ എന്നത് ഒരു വംശത്തിന്റെ പേരായി പ്രചാരത്തില്‍ വരുന്നത്. ജര്‍മ്മന്‍ ഭാഷാ ശാസ്ത്രജ്ഞനായ ക്‌ളാപ്രോത്ത് 1823- ല്‍ തികച്ചും വംശീയാര്‍ത്ഥത്തില്‍ ‘ഇന്‍ഡോ-ജെര്‍മാനിക്’ എന്ന, കുറെ ഭാഷകളുടെ കൂട്ടത്തെ സൂചിപ്പിക്കുന്ന പദമുണ്ടാക്കിയതും ഇതിന് സഹായകമായി. ഈ രണ്ടുപദങ്ങളും, ആര്യന്മാരാണ് പാശ്ചാത്യരുടെയും ഇന്ത്യക്കാരുടെയും പൊതുപൂര്‍വികര്‍ എന്ന ആശയത്തിന്റെ ഉല്‍ഭവത്തിനും വികാസത്തിനും ആധികാരികത നല്‍കാന്‍ ചരിത്രകാരന്മാരെയും ഭാഷാശാസ്ത്രജ്ഞരെയും ബഹുഭാഷാ പണ്ഡിതരെയും നിര്‍ബ്ബന്ധിതരാക്കി. അതിനും മുമ്പ്, 1786-ല്‍, കല്‍ക്കട്ടാ സുപ്രീംകോടതിയുടെ ചീഫ്ജസ്റ്റിസും ഏഷ്യാറ്റിക് സൊസൈറ്റിയുടെ പ്രസിഡന്റുമായിരുന്ന സര്‍ വില്ല്യം ജോണ്‍സ് ഗ്രീക്ക്, ഗോഥിക്, ലാറ്റിന്‍, കെല്‍റ്റിക്, ഓള്‍ഡ് പെര്‍ഷ്യന്‍, സംസ്‌കൃതം എന്നിവ ഒരു ഭാഷാകുടുംബമാണ്എന്ന കാഴ്ചപ്പാട് മുന്നോട്ടു വെച്ചു. ഇത്, ഈ ഭാഷകള്‍ സംസാരിക്കുന്ന സമൂഹങ്ങള്‍ ഒരേ വംശക്കാരാകാമെന്ന നിഗമനത്തിനു വഴിവെച്ചു. ഭാഷാപരമായ സാദൃശ്യം എപ്പോഴും സാമൂഹ്യമായ ഏകതയുടെ കൃത്യമായ സമവാക്യമാകണമെന്നില്ല.
ഉദാഹരണത്തിന് മലയാളത്തിന്റെ കാര്യമെടുക്കാം. അതിന്റെ വ്യാകരണപരമായ ഘടനയുടെ വിവിധവശങ്ങള്‍ പരിശോധിച്ചാല്‍ മറ്റ് ഇന്ത്യന്‍ ഭാഷകളെ അപേക്ഷിച്ച് ഇംഗ്ലീഷ് ഭാഷയുമായി അതിന് വളരെയേറെ അടുപ്പമുണ്ടെന്നു കാണാം-പ്രത്യേകിച്ചും ലിംഗ, സംഖ്യകളെക്കുറിക്കുന്ന വര്‍ത്തമാനകാലത്തിന്റെ നേരിയ വ്യത്യാസമൊഴികെയുള്ള ക്രിയാപ്രയോഗങ്ങള്‍ എന്നിവയില്‍. ഭാഷാപരമായ ഈ സാദൃശ്യം വംശീയമായ (എത്‌നിക്) സാദൃശ്യത്തേക്കാളേറെ മലയാളികളും ഇംഗ്ലീഷുകാരും തമ്മിലുള്ള വംശീയമായ വലിയ വൃത്യാസത്തെയാണല്ലോ കാണിക്കുന്നത്. മറ്റൊരു ഉദാഹരണമെടുക്കാം. അമേരിക്കന്‍ ഇന്ത്യക്കാര്‍, ഐസ്ലാന്‍ഡുകാര്‍, നീഗ്രോകള്‍ എന്നീ കൂട്ടര്‍ ഇംഗ്ലീഷാണല്ലോ മാതൃഭാഷയായി കരുതി സംസാരിക്കുന്നത്. പക്ഷെ അവര്‍ക്ക് കെല്‍റ്റ്സ്, ട്യൂട്ടണ്‍സ്, ഏംഗിള്‍സ്, സാക്‌സണ്‍സ്, നോര്‍മന്‍സ് (Celts, Teutons, Angles, Saxons, Normans) എന്നിവയുടെ സങ്കരസമൂഹമായ ഇംഗ്ലീഷുകാരുമായി വംശപരമായി ഒരുതരത്തിലുള്ള ബന്ധവുമില്ലല്ലോ.
(തുടരും)