കളിയും ചിരിയും കുറുമ്പും കുസൃതിയുമില്ലാത്ത കുട്ടിക്കാലത്തെപ്പറ്റി ചിന്തിക്കാനാവുമോ? അമ്പാടിക്കണ്ണന്‍ അത്രമേല്‍ പ്രിയങ്കരനാവുന്നത് അന്യാദൃശമായ ബാലലീലാവിലാസങ്ങള്‍കൊണ്ടാണല്ലോ. ‘ബാലസ്താവല്‍ ക്രീഡാസക്ത:’ എന്ന ആചാര്യസാക്ഷ്യം ബാല മന:ശാസ്ത്രത്തിന്റെ അടിസ്ഥാനസൂക്തമാണ്. പഠനം പോലും കളികളിലൂടെയാവണമെന്ന നയം അങ്ങനെ രൂപപ്പെട്ടതാണ്. കുട്ടിമനസ്സിന് പൊട്ടി മുളയ്ക്കാനും പൂവിട്ടു വിലസാനും സ്വതന്ത്രമായ കളിമുറ്റങ്ങളും കളിക്കൂട്ടങ്ങളും വേണം. ബാല്യത്തെ സമ്പന്നമാക്കുന്ന കളിയനുഭവങ്ങള്‍ വ്യക്തിത്വവികസനത്തില്‍ നിര്‍ണായകങ്ങളാണെന്ന് ഇന്നു തെളിയിക്കപ്പെട്ടിരിക്കുന്നു. പഠനകാലം പോലെ തന്നെ അവധിക്കാലവും കുട്ടിയുടെ സര്‍വതോമുഖമായ വികാസത്തിന് അനിവാര്യമാണ്. എന്നാല്‍ വീടും വിദ്യാലയവും പൊതുസമൂഹവും കുട്ടികളുടെ അവധിക്കാലത്തെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കാണുന്നുണ്ടോ? പഠനത്തിനും ജീവിതപുരോഗതിയ്ക്കുമുള്ള വിലയേറിയ സമയത്തെ നഷ്ടപ്പെടുത്തുന്ന, ശപിക്കപ്പെട്ട ഇടവേളയായിട്ടാണ് മിക്ക മുതിര്‍ന്നവരും അവധിയെ വിലയിരുത്തുന്നത്. മുകളിലേക്കു വളരണമെങ്കില്‍ ചെടിക്ക് അടിയിലേക്കു പടരുന്ന വേരുകള്‍ ഉണ്ടാവണമല്ലോ. അവധിക്കാലം അങ്ങനെയൊരു വേരിറക്കലിന്റെ വേളയാണ്. ഇലയും ചില്ലയും പൂവും കായുമെല്ലാം പൊടിച്ചു വരാനുള്ള വേരുറപ്പ് സമ്പാദിക്കലാണത്. മുട്ട വിരിയിക്കാനുള്ള അടയിരിപ്പുപോലെ അറിവിനെ വിരിയിച്ചെടുക്കാനുള്ള അടയിരിക്കലാണ് അവധികള്‍. സ്വതന്ത്രസുന്ദരമായ അവധിക്കാലം ഓരോ കുട്ടിയുടെയും ജന്മാവകാശമാണെന്ന തിരിച്ചറിവ് ഇനിയെങ്കിലും ശക്തമാവേണ്ടിയിരിക്കുന്നു.
കുട്ടിക്കാലത്തിന്റെ വര്‍ണനാതീതമായ സര്‍ഗോത്സവകാലമാണ് മദ്ധ്യവേനലവധിയെന്നു വിളിക്കുന്ന ഏപ്രില്‍, മെയ് മാസങ്ങള്‍. മാര്‍ച്ച് 31 ന് പള്ളിക്കൂടമടച്ചാല്‍ ആര്‍പ്പുവിളിച്ച് ആഘോഷത്തോടെയാണ് മടക്കം. ഇന്നത്തെപ്പോലെ പുസ്തകം കീറിയെറിയലൊന്നും പണ്ടില്ല. തൊട്ടുതാഴെയുള്ള കുട്ടികള്‍ക്ക് പഠിക്കാന്‍ ഇതേ പാഠപുസ്തകം വേണമല്ലോ. അതു സൂക്ഷിച്ചുവയ്ക്കും. എന്നിട്ട് തലനിറച്ച് എണ്ണ തേച്ച് ഒരു മുങ്ങിക്കുളി. അന്ന് സ്വസ്ഥമായുറങ്ങും. രാവിലെ നേരത്തേ എഴുന്നേല്ക്കണം. ആരും വിളിക്കേണ്ടിവരില്ല. ഏപ്രില്‍ ഒന്നാണ്. ഒരുപാടു പേരെ പറ്റിക്കാനുണ്ട്. അതിനുള്ള പുതിയ ചില സൂത്രങ്ങളും കരുതിക്കൊണ്ടാണ് ഉണരുന്നത്. ഇന്നത്തേപോലെ ഫോണ്‍ വിളിയൊന്നുമില്ല. കൂട്ടുകാരെ നേരിട്ടു പോയികാണണം. കളിസ്ഥലം കണ്ടുപിടിക്കണം. തുറന്ന മൈതാനങ്ങളും മേച്ചില്‍പ്പുറങ്ങളും കൊയ്‌തൊഴിഞ്ഞ പാടവും ആറ്റുമണപ്പുറവും നാട്ടുകുളങ്ങളുമെല്ലാം കുട്ടികളുടെ കളരവം കൊണ്ടു നിറയും. നാട്ടുമാവുകളുടെ ചോട്ടിലാണ് വിശ്രമസങ്കേതം. ഓരോ കൊമ്പിലെ മാങ്ങയ്ക്കും ഓരോ രുചി. എല്ലാം തല്ലിപ്പൊട്ടിച്ചു പങ്കുവച്ചേ കഴിക്കൂ. ചിലരുടെ കീശയില്‍ ഉപ്പുപരലുണ്ടാവും. വഴിയില്‍ നിന്നു പൊട്ടിച്ച കാന്താരിമുളകും കരുതിയിട്ടുണ്ടാവും. കണ്ണിമാങ്ങ മുതല്‍ പഴമാങ്ങ വരെ എല്ലാം തിന്നും. ഇടശ്ശേരി എഴുതിയതുപോലെ അന്ന് കല്ലുകള്‍ക്കൊക്കെ ചിറകു മുളയ്ക്കും. നിലത്തുറയ്ക്കാതെ അവ മാങ്കൊമ്പുതോറും പറന്നു നടക്കും. നാട്ടിലെ പറങ്കിമാവുകളെല്ലാം കുട്ടികളുടെ പൊതുസ്വത്താണ്. പറങ്ങാപ്പഴം കഴിച്ചു ദാഹം തീര്‍ക്കാം. കശുവണ്ടി വിറ്റ് പന്തു വാങ്ങാം. അങ്ങനെ പകല്‍ മുഴുവന്‍ ആടിപ്പാടി അലഞ്ഞ് അവധി ആഘോഷമാക്കാന്‍ പ്രകൃതി ദേവത കുട്ടികളെ അനുഗ്രഹിച്ചു കൊണ്ടിരുന്നു.
അവധിക്കാലത്താണ് വിഷു വരുന്നത്. കൈനിറയെ വിഷുക്കൈനീട്ടം കിട്ടും. അവധി സമ്പന്നമാക്കാനുള്ള ബോണസാണ് വിഷുക്കൈനീട്ടം. അത് എന്തു ചെയ്യണമെന്ന് കുട്ടികളാണ് തീരുമാനിക്കുന്നത്. മറ്റാര്‍ക്കും അതിനുമേല്‍ അധികാരമില്ല. മീനം മേടം മാസങ്ങളില്‍ മിക്ക പ്രദേശത്തും ഉത്സവമുണ്ടാവും. ഉത്സവപ്പറമ്പില്‍ വിവിധയിനം കളിപ്പാട്ടങ്ങളെത്തും. കൊതിയൂറുന്ന മധുരവിഭവങ്ങള്‍ നിരത്തിവച്ചിരിക്കും. ഇതൊന്നും മുതിര്‍ന്നവരോടു പറഞ്ഞാല്‍ മനസ്സിലാവണമെന്നില്ല. വിഷുക്കൈനീട്ടമാകുന്ന മൂലധനത്തിന്റെ പ്രസക്തി ഇവിടെയാണ്. മിക്ക കുട്ടികളും സൈക്കിള്‍ പരിശീലിക്കുന്നത് ഇക്കാലത്താണ്. അമ്പതുപൈസയ്ക്ക് ഒരു മണിക്കൂര്‍ സമയം സൈക്കിള്‍ വാടകയ്ക്കു കിട്ടും. അതെടുത്താണ് പരിശീലനം. പൈസയില്ലാത്തവര്‍ കശുവണ്ടി കൊടുത്തും കാര്യം നേടും. അതിനും നിവൃത്തിയില്ലാതെ വരുമ്പോള്‍ നാലു സൈക്കിളിന് കാറ്റടിച്ചു കൊടുത്തിട്ട് അതിന്റെ പ്രതിഫലമായി അര മണിക്കൂര്‍ അവകാശം പറ്റും. എന്തായാലും വീട്ടുകാരെ ആശ്രയിക്കാതെ, മിക്കപ്പോഴും അറിയിക്കുകകൂടി ചെയ്യാതെ എല്ലാവരും സൈക്കിള്‍ സാക്ഷരത നേടിയിരിക്കും. സൈക്കിള്‍ മാത്രമല്ല, നീന്തല്‍, മരം കയറ്റം, ചെസ്സ്, കാരംസ് ഇവയൊക്കെ വീട്ടുകാരറിയാതെ സ്വയമേവ വശമാക്കിയെടുക്കാന്‍ അവധിക്കാലത്തെ കുട്ടിക്കൂട്ടത്തിനു കഴിയുമായിരുന്നു. ഒന്നാലോചിച്ചാല്‍ വിദ്യാലയത്തിലിരുന്നു നേടുന്ന പുസ്തകജ്ഞാനത്തെക്കാള്‍ എത്രയോ മൂല്യമുള്ളതാണ് ജീവിതത്തിനു പ്രയോജനം ചെയ്യുന്ന ഇത്തരം കഴിവുകള്‍. സ്വയം അധ്വാനിച്ച് സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റുക, ഒരുമിച്ച് നിന്ന് എല്ലാവര്‍ക്കും പ്രയോജനമുണ്ടാക്കുക, കുറഞ്ഞ വിഭവം കൊണ്ട് പരമാവധി നേട്ടമുണ്ടാക്കുക മുതലായ ജീവിതനൈപുണികള്‍ സ്വായത്തമാക്കാന്‍ അവധിക്കാലം ഏറെ സഹായിച്ചിരുന്നു.
അവധിക്കാലത്ത് വീടും സജീവമാകും. ഓലമാറ്റിക്കെട്ടുന്നതും കുമ്മായം പൂശുന്നതും കിണറുകള്‍ തേവി വൃത്തിയാക്കുന്നതും ഇതേ സമയത്താണ്. ഇന്നത്തെ വീടുകളില്‍ പെയ്ന്റിംഗും മറ്റ് അറ്റകുറ്റപ്പണികളുമാവും ഉണ്ടാവുക. ഗ്രാമങ്ങളില്‍ കൃഷിയിറക്കുന്ന കാലമാണ്. വേനല്‍ കടുക്കുന്നതോടെ വെള്ളം കിട്ടാനില്ലാതെവരും. ദൂരെ നിന്ന് വെള്ളം കൊണ്ടുവരണം. ഒന്നിടവിട്ട ദിവസങ്ങളില്‍ ദൂരെയുള്ള ജലാശയത്തില്‍ പോയി തുണിയലക്കണം. ഇക്കാര്യങ്ങളിലെല്ലാം മുതിര്‍ന്നവരുടെ കൈയാളായി കുട്ടികളുണ്ടാവും. ഓലമെടയാനും കിണറ്റില്‍ നിന്നു വെള്ളം വലിക്കാനും കുമ്മായംനീറ്റാനും തലച്ചുമടായി വെള്ളം കൊണ്ടുവരാനും വിളകള്‍ നനയ്ക്കാനും ഉത്സാഹം കാട്ടുന്നത് കുട്ടികളാണ്. പെണ്‍കുട്ടികള്‍ പാചകവിദ്യയില്‍ പയറ്റിത്തെളിയുന്നത് അവധിക്കാലത്താണ്. ചമ്മന്തിയരയ്ക്കാന്‍ പഠിച്ചാല്‍ ബിരുദം കിട്ടിയ മട്ടാണ്. ആദ്യത്തെ ലക്ഷണമൊത്ത ദോശ ചുട്ടെടുത്തത് അവധിക്കാലത്തെ അവിസ്മരണീയ സംഭവമായിരിക്കും. മുതിര്‍ന്നവരോടൊപ്പം കൃഷിപ്പണിയിലേര്‍പ്പെടുന്ന കുട്ടികളുമുണ്ടാവും. പയറും പാവലും പടവലവുമൊക്കെ നട്ടു നനച്ച് പരിപാലിക്കാനും ചന്തയില്‍ കൊണ്ടുപോയി വിറ്റ് ആദായം പങ്കിട്ടെടുക്കാനും ശീലിക്കുന്നത് അവധിക്കാലത്താണ്. കന്നുകാലികളെയും മറ്റു ജീവികളെയും ഇണക്കി വളര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് മറ്റൊരു കാര്യം. പറമ്പിലെ ഒട്ടുമിക്ക സസ്യലതാദികളും കുട്ടികള്‍ക്ക് സുപരിചിതമാണ്. ഓരോന്നിന്റെയും ഗുണദോഷങ്ങള്‍ നിശ്ചയമുണ്ട്. ആട്ടാം പുഴുവും ചൊറുതനവും ചാരും തൊടാതെ വിഷക്കല്ലും കരീലാഞ്ചിയും കട്ടകാരമുള്ളും കൊള്ളാതെ പശുക്കിടാവിനു പാല്‍വള്ളി തേടിയും ആട്ടിന്‍കുട്ടിയ്ക്കു തോലു തേടിയും കുന്നും മലയും കയറി നടക്കുന്ന കുട്ടികള്‍ ഒരു ക്ലാസിലുമിരിക്കാതെ ജൈവവൈവിധ്യം അനുഭവിച്ചറിയുന്നവരാണ്.
കുടുംബത്തോടൊപ്പം യാത്രപോകാനുള്ള ഭാഗ്യവും അവധിക്കാലമാണ് സമ്മാനിക്കുന്നത്. അവധിക്ക് അമ്മവീട്ടില്‍ പോവാത്തവരായി ആരുമുണ്ടാവില്ല. അവിടെയുള്ള സമപ്രായക്കാരായ ബന്ധുജനങ്ങളും അവരുടെ ചങ്ങാതിമാരും ഒക്കെ ചേര്‍ന്ന് നാലഞ്ചുദിവസം കളിച്ചു തിമിര്‍ക്കും. ഓരോ നാട്ടിലെ ഭാഷാഭേദവും രുചിഭേദവും ശൈലീഭേദവും ആവോളം ആസ്വദിക്കും. പുതിയ കളികള്‍ കൈമാറും. ചിലപ്പോള്‍ ഒന്നോ രണ്ടോ സിനിമകള്‍ കാണും. അങ്ങനെ പുത്തനറിവുകളുടെ നിറകുടമായിട്ടാണ് ഓരോ കുട്ടിയും മടങ്ങിയെത്തുന്നത്. ഇനി ചിലര്‍ക്ക് മറ്റിടങ്ങളിലേക്കു വിനോദയാത്ര പോവാനും അവധിക്കാലം അവസരമാവാറുണ്ട്. ഓരോ യാത്രയും അനൗപചാരികമായ വിദ്യാഭ്യാസമാണെന്ന് വളരെനാള്‍ കഴിയുമ്പോള്‍ ബോധ്യമാവും.
ഇവിടെ വിവരിച്ച അവധിവിശേഷങ്ങളെല്ലാം ഇങ്ങിനിവരാതെവണ്ണം മറഞ്ഞുപോയ പൂര്‍വകാലസുകൃതങ്ങളാണ്. ഇന്ന് നാട്ടിന്‍ പുറത്തുപോലും പൊതുസ്ഥലങ്ങളില്ല. നാട്ടിലെ കുട്ടികള്‍ എവിടെ ഒത്തുകൂടും എങ്ങനെ അവര്‍ കളിച്ചു വളരും എന്ന് ആരും ചിന്തിക്കുന്നില്ല. വിദ്യാലയങ്ങളില്‍പോലും വേണ്ടത്ര കളിസ്ഥലമില്ല എന്ന സത്യം ഈയിടെ കോടതിയുടെ ശാസനയിലൂടെ വെളിപ്പെട്ടിരിക്കുകയാണ്. കളിസ്ഥലമില്ലാത്ത വിദ്യാലയങ്ങളുടെ അര്‍ഹത ചോദ്യം ചെയ്യപ്പെടേണ്ടതുതന്നെയാണ്. ക്ലാസ് മുറിയില്ലെങ്കില്‍ മരച്ചുവട്ടിലിരുന്നും പഠിക്കാം. കളിസ്ഥലമില്ലെങ്കില്‍ അത് കുട്ടികളുടെ ഇടമാവുന്നതെങ്ങനെ? നീന്തല്‍ക്കുളവും കളിസ്ഥലവും എല്ലാ പഞ്ചായത്തിലും യാഥാര്‍ത്ഥ്യമാവുന്ന കാലം എന്നു വരും! കൃഷിയില്‍നിന്ന് ബിസിനസിലേക്ക് ചുവടുമാറ്റിയ സമൂഹത്തില്‍ അവധിയുടെ രസമൊക്കെ കിട്ടാക്കനിയായി. ഇന്നൊരു കുട്ടിയ്ക്കും പ്രകൃതിയിലലിയുന്ന മനസ്സില്ല. പാലൈസ് നുണയാന്‍ വില്പനക്കാരന്റെ സൈക്കിള്‍ തള്ളിക്കൊടുക്കേണ്ടുന്ന അവസ്ഥയുമില്ല. ആലിപ്പഴവും അപ്പൂപ്പന്‍താടിയും ആര്‍ക്കും പരിചയമില്ല. കിളിത്തട്ടുകളിയും ഗോലികളിയും അക്കുകളിയും അമ്മാനപ്പാട്ടുമെല്ലാം കാലഹരണപ്പെട്ടു. മൊബൈല്‍ഗെയിമും കാര്‍ട്ടൂണ്‍വീഡിയോയും പകലുറക്കവും നൈറ്റ് ചാറ്റിംഗുമായി കുട്ടികള്‍ അന്തമില്ലാത്ത തമോനിദ്രയില്‍ വീണുപോയിരിക്കുന്നു. അവശേഷിച്ചവര്‍ രക്ഷാകര്‍ത്താക്കളുടെ നിര്‍ബന്ധിതകോച്ചിംഗ് തടവറകളില്‍ ശ്വാസംമുട്ടിക്കിടക്കുന്നു. ചുരുക്കത്തില്‍ അകവും പുറവും ഒരുപോലെ തരിശായ ഒരവധിക്കാലമാണ് ഇന്നത്തെ ബാല്യം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
അവധിക്കാലക്ലാസുകള്‍ എന്ന വിചിത്രമായ പദം അടുത്തകാലത്തായി വളരെയധികം പ്രചരിക്കുന്നു. വിദ്യാലയങ്ങളുടെ ബിസിനസിന്റെ ഭാഗമായി അടുത്ത അദ്ധ്യയന വര്‍ഷത്തിലെ പാഠങ്ങള്‍ അവധിക്കാലം മുതല്‍ പഠിപ്പിച്ചുതുടങ്ങും. കുട്ടികളെ ചാക്കിട്ടു പിടിക്കുന്ന വൃത്തികെട്ട നയത്തിന്റെ തുടര്‍ച്ചയാണിത്. സ്വന്തം കുട്ടികളെ മറ്റാരും തട്ടിക്കൊണ്ടുപോകുന്നില്ല എന്ന് ഉറപ്പാക്കാനും ചാക്കിലാക്കിയ കുട്ടികള്‍ ചാടിപ്പോവാതിരിക്കാനുമുള്ള കലാപരിപാടിയാണ് അവധിക്കാല ക്ലാസുകള്‍. സര്‍ക്കാര്‍ ഇതു നിരോധിച്ച് ഉത്തരവിറക്കിയെങ്കിലും ക്ലാസ് എന്നു പേരു മാറ്റി അതു തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. കുട്ടികളെ ഐ.എ.എസ് കാരാക്കാം എന്ന വാഗ്ദാനവുമായി സിവില്‍ സര്‍വീസ് കോച്ചിംഗ് ക്ലാസുകള്‍ മിക്ക വിദ്യാലയങ്ങളിലുമുണ്ട്. എല്‍.പി തലം മുതല്‍ മെഡിക്കല്‍/ എന്‍ജിനിയറിംഗ് എന്‍ട്രന്‍സ് പരീക്ഷാപരിശീലനവും ആരംഭിക്കുന്നു. രക്ഷിതാക്കളുടെ അശാസ്ത്രീയമായ സ്വാര്‍ത്ഥതയും ദുരയുമാണ് ഈ വ്യവസായത്തെ പരിപോഷിപ്പിക്കുന്നത്. കുട്ടിയെ കളക്ടറോ ഡോക്ടറോ എന്‍ജിനീയറോ ആക്കിയേ അടങ്ങൂ എന്ന വാശി ഒടുവില്‍ ചെന്നെത്തുന്നത് എവിടെയാണ്! തുമ്പിയെക്കൊണ്ടു കല്ലെടുപ്പിക്കുക എന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാല്‍ കുഴിയാനയ്ക്കു നെറ്റിപ്പട്ടം കെട്ടുന്ന ബുദ്ധിശൂന്യതയാണ് ഇന്നു പരക്കെ കാണുന്നത്. കുഞ്ഞുണ്ണിമാഷിന്റെ കവിതയ്ക്ക് ഇങ്ങനെയൊരു പാഠഭേദമാകാമെന്നു തോന്നുന്നു.
‘ജനിക്കും മുതലെന്‍ കുട്ടി ഡോക്ടറാവാന്‍ പഠിക്കണം
അതിനാല്‍ ഭാര്യതന്‍ പേറ്
കോച്ചിംഗ് സെന്ററിലാക്കി ഞാന്‍’ സ്വകാര്യട്യൂഷന്‍ സെന്ററുകളാണ് അവധിയെ കാര്‍ന്നുതിന്നുന്ന മറ്റൊരു വിഭാഗം. പഠനസഹായി എന്ന നിലവിട്ട് സമാന്തര സ്‌ക്കൂള്‍ എന്ന രൂപഭാവങ്ങളോടെ പ്രവര്‍ത്തിക്കുന്ന വന്‍കിട സ്ഥാപനങ്ങള്‍ ഞായര്‍ ഉള്‍പ്പെടെ എല്ലാ ദിവസവും രാവിലെ മുതല്‍ സന്ധ്യവരെ കുട്ടികള്‍ക്കു ക്ലാസ് നിശ്ചയിക്കുന്നു. സ്‌ക്കൂള്‍ തുറന്നാലും ശനിയും ഞായറും ഇതു തുടരും. പാവം കുട്ടികള്‍! അവര്‍ ക്ലാസ് മുറിയില്‍ നിന്ന് ട്യൂഷന്‍ സെന്ററിലേക്കും അവിടെ നിന്ന് കോച്ചിംഗ് സെന്ററിലേക്കും ഓട്ടമാണ്. എല്ലാവരും തരുന്ന നോട്ടുകള്‍, വര്‍ക്ക്ഷീറ്റുകള്‍, ഗൃഹപാഠങ്ങള്‍ പരീക്ഷകള്‍, ശകാരങ്ങള്‍, ടാര്‍ജറ്റുകള്‍ എല്ലാം കൂടി വശംകെട്ട് അല്പമൊരു മന:സുഖത്തിനു വേണ്ടി അരുതാത്ത വഴികളിലേക്കു വഴുതി വീഴുന്നു. ഈ പീഡനങ്ങള്‍ അവസാനിപ്പിച്ചേ മതിയാവൂ. ചില മാനദണ്ഡങ്ങള്‍ എല്ലാക്കാര്യത്തിലും ഉണ്ടാവണം. ഏതു പ്രായം മുതല്‍ കോച്ചിംഗ് ആവാം? എത്ര സമയം വരെയാവാം? ഇടവേളകള്‍, വിശ്രമം, ഉറക്കം, ഉല്ലാസം ഇവയ്‌ക്കൊക്കെ എത്രത്തോളം അവസരങ്ങളുണ്ട്? ഇതെല്ലാം പരിഗണിച്ച് ഈ വിഷയത്തില്‍ ബാലസൗഹൃദപരവും ശാസ്ത്രീയവുമായ നയം രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. കുട്ടിയുടെ ധാര്‍മ്മികവും സാംസ്‌ക്കാരികവും സര്‍ഗ്ഗാത്മകവുമായ ആവശ്യങ്ങള്‍ കൂടി പരിഗണിക്കപ്പെടണം. സമഗ്രമായ വ്യക്തിത്വവികാസത്തില്‍ ഊന്നിയുള്ള സമീപനമാണ് നയരൂപീകരണത്തില്‍ സ്വീകരിക്കേണ്ടത്. ഓരോ ദിവസവും എട്ടു മണിക്കൂര്‍ വീതം വിജ്ഞാനത്തിനും വിനോദത്തിനും വിശ്രമത്തിനും നീക്കിവെക്കാനുണ്ട് എന്നിരിക്കെ വിനോദത്തിനും വിശ്രമത്തിനുമുള്ള കുട്ടികളുടെ അവകാശത്തെ നിഷേധിക്കുന്നത് നീതികേടാണ്. അതേ അനുപാതത്തില്‍ ചിന്തിക്കുമ്പോള്‍ ഒരു വര്‍ഷത്തില്‍ രണ്ടു മാസത്തെ പൂര്‍ണമായ വിശ്രമത്തിനും അവര്‍ക്ക് ന്യായമായ അവകാശമുണ്ട്. നാനാവിധത്തില്‍ കവര്‍ന്നെടുക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ അവകാശം പൂര്‍ണമായി പുന:സ്ഥാപിക്കാന്‍ ഉചിതമായ അവധിസംരക്ഷണനിയമം അനിവാര്യമായിരിക്കുന്നു.
കുട്ടികള്‍ നാളത്തെ പൗരന്മാരല്ല. അവര്‍ ഇന്നത്തെ പൗരന്മാര്‍ കൂടിയാണ്. സമൂഹത്തില്‍ അവര്‍ കൂടി ചേര്‍ന്നു നിര്‍വഹിക്കേണ്ടുന്ന അനേകം കര്‍ത്തവ്യങ്ങളുണ്ട്. ഉത്സവാഘോഷങ്ങളിലും ടൂര്‍ണമെന്റുകളിലും ക്ലബുകളുടെയും മറ്റും വാര്‍ഷിക കാര്യക്രമങ്ങളിലും കുട്ടികള്‍ കേവലം കാഴ്ചക്കാരല്ല. അവര്‍ പങ്കാളികളാണ്. അവരുടെ വിശ്വാസത്തിനും ആശയത്തിനും കഴിവുകള്‍ക്കും യോജിച്ച സംഘടനകളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനും സാമൂഹ്യജീവിതത്തിന്റെ നല്ലപാഠങ്ങള്‍ സ്വാംശീകരിക്കാനും കുട്ടികള്‍ക്ക് അവസരമുണ്ടാവണം. മദ്ധ്യവേനലവധിയാണ് അതിനെല്ലാമുള്ള അവസരം. എന്നാല്‍ ഇന്ന് അദ്ധ്യയനവര്‍ഷം സെമസ്റ്ററുകള്‍ക്ക് വഴിമാറിയപ്പോള്‍ പൊതു അവധി എന്നത് ഏതാണ്ട് ഇല്ലാതായി. ഒന്നാം സെമസ്റ്ററിന്റെ പരീക്ഷയ്ക്കു മുന്‍പേ രണ്ടാം സെമസ്റ്റര്‍ ആരംഭിക്കും. ഒരാളുടെ പഠനകാലം മറ്റൊരാള്‍ക്ക് പരീക്ഷക്കാലവും ഇനിയൊരാള്‍ക്ക് ഇടവേളക്കാലവുമായിരിക്കും. എല്ലാവര്‍ക്കും കൂടിയുള്ള അവധി ഓര്‍മ്മകളില്‍ മാത്രം. അതിന്റെ ഫലമോ? ക്ലബുകളും വായനശാലകളും പ്രവര്‍ത്തനരഹിതമായി. ഒരു സാമൂഹ്യകാര്യത്തിനും ചെറുപ്പക്കാരില്ലാതായി. അവര്‍ നാടിന്റെ ഭാഗമല്ലാതായി. അവരുടേതുമാത്രമായ സ്വകാര്യലോകങ്ങളില്‍ മതിഭ്രമത്തിന്റെ ലഹരിയുമായി അവര്‍ സ്വയം നശിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് പൊതു അവധിയുടെ സാമൂഹ്യപ്രാധാന്യം തിരിച്ചറിഞ്ഞ് ഉചിതമായ നടപടികള്‍ കൈക്കൊള്ളാന്‍ ഇനിയും അമാന്തിച്ചുകൂടാ.
കവി വി.മധുസൂദനന്‍ നായരുടെ ബാലശാപങ്ങള്‍ എന്ന കവിത ആരംഭിക്കുന്നത് ഇങ്ങനെയാണ്’
‘ഞാന്‍ കെട്ടിയ കളിവീടെന്തിനിടിച്ചുതകര്‍ത്തൂ നീ
ഞാന്‍ കൂട്ടിയ കഞ്ഞീംകറിയും തൂവിയതെന്തിനു നീ
ഞാന്‍ വിട്ടൊരു കൊച്ചോടത്തിനെ മുക്കിയതെന്തിനു നീ
ഞാന്‍ വിട്ടു പറത്തിയ പട്ടമറുത്തതുമെന്തിനു നീ’
അവരുടെ സ്വപ്‌നങ്ങളും ഉല്ലാസങ്ങളും മുളയിലേ നുള്ളിയ
നമ്മള്‍ അവര്‍ക്കു പകരം കൊടുത്തത് യാന്ത്രികമായ നിര്‍മ്മിതബുദ്ധി മാത്രം. ആരെയും തിരിച്ചറിയാത്ത സ്വാര്‍ത്ഥതയുടെ ഇരുട്ടുമാത്രം. ശമിക്കാത്ത തൃഷ്ണകള്‍ വേട്ടയാടുന്ന അശാന്തമായ മനസ്സു മാത്രം. കവി എഴുതുന്നതിങ്ങനെ:
‘നീ തന്നതു യന്ത്രത്തലയും പൊട്ടുന്ന ബലൂണും മാത്രം
നീ തന്നതു പെരുകും വയറും കുഞ്ഞിത്തലനരയും മാത്രം
നാലതിരും ചുവരുകള്‍ മാത്രം നാദത്തിനു യന്ത്രം മാത്രം
മാറുന്ന വെളിച്ചം മാത്രം മാറാത്ത മയക്കം മാത്രം’
ബാലശാപങ്ങള്‍ നമ്മുടെ ശിരസ്സില്‍ ഇടിത്തീ പോലെ പതിക്കും എന്ന കവിയുടെ ദീര്‍ഘദര്‍ശനം യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. കളിയും ചിരിയും കരച്ചിലുമായി കഴിഞ്ഞിരുന്നവര്‍ യന്ത്രങ്ങളായിരിക്കുന്നു. ആ പ്രേതരൂപങ്ങള്‍ നമ്മെ ഭയപ്പെടുത്തിത്തുടങ്ങിയിരിക്കുന്നു. 2047 ല്‍ ഭാരതസ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കേണ്ടുന്നവരാണ് ഇന്നത്തെ കുട്ടികള്‍. അവരുടെ അഭ്യുദയമാണ് രാഷ്ട്രത്തിന്റെ വെഭവം. അത്രയുമെങ്കിലും ദീര്‍ഘവീക്ഷണത്തോടെ ചിലതു ചെയ്തു തുടങ്ങുവാന്‍ സമയമായിരിക്കുന്നു.
(ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷനാണ് ലേഖകന്‍)