ആലപ്പുഴ: വളരുന്ന വഴികളിലെ പ്രതിസന്ധികളെയും പരിഹാസങ്ങളെയും വളമാക്കി മാറ്റി ഉയരേണ്ടവരാണ് നമ്മളെന്ന് ഗാനരചയിതാവും കവിയുമായ രാജീവ് ആലുങ്കല്‍ പറഞ്ഞു. രാഷ്ടീയ സ്വയംസേവക സംഘം സംഘശിക്ഷാവര്‍ഗ് (ദക്ഷിണ കേരളം) ആലപ്പുഴ അറവുകാട് ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും അച്ചടക്കമുള്ള സംഘടനയുടെ ഏറ്റവുമറ്റത്തെ ഒരു തുള്ളിയാവാന്‍ സാധിച്ചു എന്ന കൃതാര്‍ത്ഥത അനുഭവിക്കാന്‍ ഭാഗ്യം ലഭിച്ചവരാണ് സ്വയംസേവകര്‍. എനിക്ക് ഇടം ഉള്ളതുപോലെ തന്നെ നിനക്കും ഇടം ഉണ്ടെന്നുള്ള തിരിച്ചറിവും അംഗീകാരവും ആണ് സാമൂഹ്യ ജീവിതത്തിന്റെ ആധാരം. അദ്ദേഹം തുടര്‍ന്നു.
ഭാരതത്തെ പരമവൈഭവത്തില്‍ എത്തിക്കുക എന്ന മഹത്തായ പ്രവര്‍ത്തനമാണ് രാഷ്ട്രീയ സ്വയംസേവക സംഘം നടത്തുന്നതെന്ന് ആര്‍എസ്എസ് പ്രാന്തകാര്യകാര്യ അംഗവും ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അധ്യക്ഷനുമായ പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. വര്‍ഗ്ഗില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആത്മകേന്ദ്രീകൃത ഭാവത്തില്‍ നിന്നും മനുഷ്യനെ സമാജ കേന്ദ്രീകൃത ഭാവത്തിലേക്ക് ഉയര്‍ത്തണം, അതിനായി ആശയപ്രചരണം മാത്രമല്ല ആശയങ്ങളെ ജീവിതത്തിന്റെ ഭാഗമായി മാറ്റണം അദ്ദേഹം തുടര്‍ന്നു. വര്‍ഗ് സര്‍വാധികാരി ആലപ്പുഴ ജില്ലാ സഹസംഘചാലക് ആര്‍.സുന്ദര്‍ അദ്ധ്യക്ഷത വഹിച്ചു. ശിബിര കാര്യവാഹ് സ്വാഗതം പറഞ്ഞു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ നിന്നും 430 പ്രവര്‍ത്തകരാണ് വര്‍ഗ്ഗില്‍ പങ്കെടുക്കുന്നത്. മെയ് 20ന് വര്‍ഗ്ഗ് സമാപിക്കും. ആര്‍എസ്എസ് അഖില ഭാരതീയ സഹപ്രചാര്‍ പ്രമുഖ് നരേന്ദ്രകുമാര്‍, പ്രാന്തകാര്യവാഹ് ടി.വി. പ്രസാദ് ബാബു, എസ്. അജയകുമാര്‍, എം.ആര്‍ പ്രസാദ്, ഡോ.എന്‍.ആര്‍.മധു ഉള്‍പ്പെടെ പ്രമുഖര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും.