ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്ര കണ്ടപ്പോള്‍ സിപിഎമ്മുകാര്‍ കോടിയേരി ബാലകൃഷ്ണനെ ഓര്‍ത്തു. ബംഗളൂരുവില്‍ മരിച്ച ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം വിമാനമാര്‍ഗ്ഗം തിരുവനന്തപുരത്തുകൊണ്ടുവന്ന് റോഡ് മാര്‍ഗ്ഗം നാടിന്റെ ആദരവ് ഏറ്റുവാങ്ങിയാണ് പുതുപ്പള്ളിയിലെത്തിയത്. അതിന് ഏതാനും മാസം മുന്‍പ് മരിച്ച കോടിയേരി സഖാവിന് സമാനമായി വിലാപയാത്ര നല്‍കാനുള്ള അവസരം നഷ്ടമായതിന്റെ വിഷമം പലര്‍ക്കും ഉണ്ടായി. കാരണഭൂതനായവരോട് അമര്‍ഷവും.
ചെന്നൈയില്‍ മരിച്ച കോടിയേരിയുടെ മൃതദേഹം നേരെ കണ്ണൂരിലേക്ക് എയര്‍ ആംബുലന്‍സില്‍ കൊണ്ടുവന്ന് സംസ്‌ക്കരിക്കുകയായിരുന്നു. തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിനു വെക്കണമെന്ന കുടുംബാംഗങ്ങളുടെ ആവശ്യം നടപ്പായില്ല. ഉറ്റ സഖാവിനു നല്‍കുന്ന ആദരവിനേക്കാള്‍ ഉടയവര്‍ക്കൊപ്പമുള്ള വിദേശയാത്രക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍ഗണന നല്‍കിയതായിരുന്നു കാരണം. കോടിയേരിയുടെ ചിതയിലെ തീ അണയും മുന്‍പേ പിണറായി കുടുംബ സമേതം യൂറോപ്പിലേയ്ക്ക് പറന്നു.ഫിന്‍ലന്‍ഡ്, നോര്‍വെ, യു.കെ എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര. മന്ത്രിമാരായ പി.രാജീവ്, വി.ശിവന്‍കുട്ടി, വി.അബ്ദുറഹിമാന്‍, വീണാ ജോര്‍ജ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
മുഖ്യമന്ത്രി വിദേശയാത്ര നടത്തുമ്പോള്‍, സര്‍ക്കാരിന്റെ നാഥനായ ഗവര്‍ണറെ കണ്ട് യാത്രാ പരിപാടികള്‍ വിശദീകരിക്കുകയും രേഖാമൂലം വിശദാംശങ്ങള്‍ കൈമാറുകയും ചെയ്യുന്നതാണ് കീഴ്വഴക്കം. എന്നാല്‍ അതു ലംഘിച്ചു. ഔദ്യോഗികമായി യാത്രയെക്കുറിച്ച് അറിയിച്ചില്ല. കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കണ്ണൂരില്‍ എത്തിയപ്പോഴാണ് മുഖ്യമന്ത്രി യാത്രയെക്കുറിച്ച് പറഞ്ഞത്. പത്തുദിവസം യൂറോപ്യന്‍ പര്യടനത്തിലായിരിക്കുമെന്ന് അറിയിച്ചു.ഗവര്‍ണര്‍ യാത്രാമംഗളങ്ങള്‍ നേരുകയും ചെയ്തു. യാത്ര വിവാദമായപ്പോള്‍ നാട്ടില്‍ തിരിച്ചെത്തി പത്രസമ്മേളനം വിളിച്ച് ‘ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ ഗുണങ്ങള്‍ വിദേശയാത്ര കൊണ്ട് ഉണ്ടായെന്ന്’ പിണറായി വിജയന്‍ പറഞ്ഞിരുന്നു.
‘പഠന ഗവേഷണ മേഖലകളിലെ സഹകരണം, കേരളീയര്‍ക്ക് പുതിയ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തല്‍, പ്രവാസി ക്ഷേമത്തിനായുള്ള ഇടപെടലുകള്‍, മലയാളി സമൂഹവുമായുള്ള ആശയവിനിമയം, സംസ്ഥാനത്തേക്കു കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുക-ഇവയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യങ്ങളായി കണ്ടിരുന്നത്. വികസനമെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു യാത്ര. വിദ്യാഭ്യാസ, വ്യവസായ മേഖലകളില്‍ നേട്ടമുണ്ടാക്കാനാകും. യു.കെയിലേക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കാന്‍ കരാര്‍ ഒപ്പുവച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെയാണ് കരാര്‍ ഒപ്പുവച്ചത്. ആരോഗ്യ മേഖലയില്‍ മൂവായിരത്തിലധികം പേര്‍ക്ക് ബ്രിട്ടനില്‍ ജോലിക്ക് സാധ്യത തെളിഞ്ഞു. ആരോഗ്യ മേഖലയില്‍ കേരളം കൈവരിച്ച മുന്നേറ്റത്തിനുള്ള അംഗീകാരമാണിത്. അടുത്ത മൂന്നു വര്‍ഷം യു.കെയില്‍ 42,000 നഴ്സുമാരെ ആവശ്യമുണ്ട്. ആരോഗ്യ ഇതര മേഖലകളില്‍ ഉള്ളവര്‍ക്കും യു.കെ കുടിയേറ്റം സാധ്യമാകും’ എന്നും മുഖ്യമന്ത്രി വിശദീകരിച്ചു
ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ ഗുണങ്ങള്‍കിട്ടി എന്ന് അവകാശപ്പെട്ടെങ്കിലും യാത്രക്ക് എത്രരൂപ ചെലവിട്ടു എന്ന ചോദ്യത്തില്‍ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടി. മുഖ്യമന്ത്രിയുടെ വിദേശയാത്രയുടെ കണക്കുകള്‍ അതീവ രഹസ്യമായി സൂക്ഷിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. വിവരാവകാശമോ നിയമസഭാ ചോദ്യമോ വന്നാലും മറുപടി നല്‍കേണ്ടതില്ലെന്ന് നിര്‍ദ്ദേശിച്ചു. ലണ്ടനില്‍ മുഖ്യമന്ത്രിയും സംഘവും ഹോട്ടല്‍ താമസത്തിനും ഭക്ഷണത്തിനും നഗരയാത്രകള്‍ക്കുമായി ചിലവിട്ടത് 43.14 ലക്ഷം രൂപയാണെന്ന് ലണ്ടന്‍ ഹൈക്കമ്മിഷനില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം വിവരം ലഭിച്ചു. എന്നിട്ടും വിദേശത്ത് ഉല്ലാസയാത്ര നടത്താന്‍ ഖജനാവിലെ പണം ധൂര്‍ത്തടിച്ചതിന്റെ കണക്കറിയിച്ചില്ല. കണക്കറിയിച്ചില്ലെങ്കിലും മുഖ്യമന്ത്രി നടത്തിയ വിദേശയാത്രകള്‍ കൊണ്ട് സംസ്ഥാനത്തിന് എന്ത് ഗുണമുണ്ടായെന്നും ആരും വ്യക്തമാക്കിയിട്ടില്ല.
മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദര്‍ശനം പൂര്‍ണ പരാജയമായിരുന്നു. തോട്ടവിള പരിപാലനം, പുഷ്പ, ഫലമേഖലയില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് തുടങ്ങിയ മേഖലയില്‍ ചില കമ്പനികള്‍ സഹകരണ വാഗ്ദാനം നല്‍കിയെങ്കിലും തുടര്‍നടപടികളുണ്ടായില്ല. വെനിസ്, ആംസ്റ്റര്‍ഡാം, ലണ്ടന്‍ എന്നിവിടങ്ങളില്‍ കറങ്ങിയ മുഖ്യമന്തിയുടെ പര്യടനം നിഷ്ഫലമായിരുന്നു. ലോക ബാങ്കും ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്കും പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് വാഗ്ദാനം ചെയ്ത തുക മുഖ്യമന്ത്രിയുടെ യുറോപ്യന്‍ പര്യടന നേട്ടമായി ഉയര്‍ത്തിക്കാണിക്കാന്‍ ശ്രമം നടന്നെങ്കിലും വിജയിച്ചിട്ടില്ല. ജനീവയുടെ മാലിന്യ സംസ്‌കരണ സംവിധാനം സംസ്ഥാനത്തിന് പ്രയോജനപ്പെടുത്താന്‍ ധാരണയിലെത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. വിദ്യാഭ്യാസ മേഖലയില്‍ സ്വിറ്റ്സര്‍ലന്‍ഡുമായി സഹകരണത്തിന് ധാരണയെത്തിയെന്ന വാഗ്ദാനവും നിഷ്ഫലമായി…കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും സോഷ്യല്‍ വര്‍ക്കര്‍മാക്കും യു.കെയിലേക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്നതിന് വേണ്ടിയുള്ള ഇടപെടല്‍ നടത്തിയെന്നും യു.കെയും കേരളവും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. പിന്നീട് അത് മാറ്റി യു.കെയിലെ ഹംബര്‍ & നോര്‍ത്ത് യോക്ക് ഷെയര്‍ ഹെല്‍ത്ത് & കെയര്‍ പാര്‍ട്ടണര്‍ഷിപ്പുമായി നോര്‍ക്ക റൂട്ട്സ് ധാരണാപത്രം ഒപ്പ് വച്ചു എന്നാക്കി. ഹെല്‍ത്ത് & കെയര്‍ പാര്‍ട്ട്ണര്‍ഷിപ്പ് സ്റ്റാറ്റിയൂട്ടറി സ്ഥാപനം മാത്രമാണ്. ഇതിലൂടെ ആരെയും ജോലിക്ക് അയക്കാനാകില്ല.
മുഖ്യമന്ത്രി കുടുംബസമേതം നടത്തിയ ജപ്പാന്‍ യാത്രയില്‍ മന്ത്രിമാരായ ഇ.പി.ജയരാജന്‍, എ.കെ.ശശീന്ദ്രന്‍ ഉള്‍പ്പെടെ 13 അംഗ സംഘം ഉണ്ടായിരുന്നു. കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ശാക്തീകരണം സംബന്ധിച്ച് പഠിക്കാന്‍ ആരോഗ്യമന്ത്രിയും ഉദ്യോഗസ്ഥവൃന്ദവും സ്വിറ്റ്സര്‍ലന്‍ഡിലും പോയി. പ്രളയാനന്തരം കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് പണം കണ്ടെത്തുന്നതിന് മുഖ്യമന്ത്രി ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഒരു ഡസനിലേറെ മന്ത്രിമാര്‍ വിദേശയാത്രക്ക് അനുമതി തേടിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെ മുഖ്യമന്ത്രിയും നോര്‍ക്ക സെക്രട്ടറിയുമാണ് വിദേശത്തേക്ക് പോയത്. ഗള്‍ഫ് സന്ദര്‍ശനവേളയില്‍ പത്ത് ദിവസത്തിലേറെ സ്വകാര്യ ആവശ്യങ്ങള്‍ക്കും മുഖ്യമന്ത്രി യു.എ.ഇയില്‍ തങ്ങി. പ്രത്യേക അപേക്ഷ നല്‍കിയാണ് മുഖ്യമന്ത്രി സുഹൃത്തുക്കളേയും ബന്ധുക്കളേയും കാണാന്‍ യു.എ.ഇയില്‍ തങ്ങിയത്. വിദേശയാത്രകളില്‍ രാജ്യദ്രോഹ കേസില്‍ പ്രതിയായ സ്വര്‍ണ്ണക്കള്ളക്കടത്തുകാരി സ്വപ്നയെ എന്തിന് ഒപ്പം കൂട്ടി എന്നതിന് ഇതേവരെ മറുപടി നല്‍കിയിട്ടില്ല.
ദുബായില്‍ വ്യവസായ സമൂഹവുമായി നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്തത് നിലവില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പ്, ആസ്റ്റര്‍, ഡി.പി വേള്‍ഡ് കമ്പനികളാണ്. കേരളത്തില്‍ ഈ കമ്പനികള്‍ നേരത്തെ പ്രഖ്യാപിച്ച മുതല്‍മുടക്ക് യോഗത്തില്‍ ആവര്‍ത്തിക്കുകയായിരുന്നു. വിദ്യാഭ്യാസ രംഗത്തെ സഹകരണം ഉറപ്പാക്കുകയാണ് ജപ്പാനില്‍ പോയ മുഖ്യമന്ത്രിയുടെ ലക്ഷ്യം. സര്‍വകലാശാലാ മേധാവികളെ നിയോഗിക്കേണ്ട കാര്യത്തിനാണ് പരിവാര സമേതം മുഖ്യമന്ത്രി ജപ്പാനിലെത്തിയത്.
ഒന്നാം പിണറായി സര്‍ക്കാരിലെ 17 മന്ത്രിമാര്‍ കറങ്ങിയത് 27 രാജ്യങ്ങളിലാണ്. എല്ലാവരും കൂടി വിദേശയാത്രകള്‍ നടത്തിയത് എണ്‍പതു പ്രാവശ്യം. രണ്ടാം പിണറായി സര്‍ക്കാരും വിദേശകറക്കം തുടര്‍ന്നു. ഏറ്റവും കൂടുതല്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച കേരളാ മുഖ്യമന്ത്രിമാരില്‍ പിണറായി വിജയന്‍ നമ്പര്‍ വണ്‍ ആയി. 30 വിദേശ സഞ്ചാരം. 14 രാജ്യങ്ങള്‍. പിണറായി വിജയന്റെ വിദേശ സന്ദര്‍ശന റെക്കോര്‍ഡ് മറികടക്കുക പ്രയാസം. ചികിത്സയ്ക്കായി അഞ്ച് പ്രാവശ്യമാണ് അമേരിക്കന്‍ യാത്ര നടത്തിയിരിക്കുന്നത്. രണ്ടു തവണ സ്വകാര്യ സന്ദര്‍ശനവും മൂന്ന് തവണ ചികിത്സയ്ക്കുമാണ് അമേരിക്കയില്‍ പോയത്. 8 തവണ യു.എ.ഇ സന്ദര്‍ശിച്ചിട്ടുണ്ട്. ബഹറിന്‍, നെതര്‍ലന്‍ഡ്സ്, സ്വിറ്റ്സര്‍ലണ്ട്, ഫ്രാന്‍സ്, ബ്രിട്ടന്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, ഫിന്‍ലന്‍ഡ്, നോര്‍വെ, ക്യൂബ, ഇന്തോനേഷ്യ. തുടങ്ങി മുഖ്യമന്ത്രി കാഴ്ചകണ്ട രാജ്യങ്ങളുടെ പട്ടിക നീളുകയാണ്.
അമേരിക്കന്‍ യാത്രക്കിടയില്‍ ന്യൂയോര്‍ക്കില്‍ പൊതുവഴിയില്‍ ഇരുമ്പു കസേരയിട്ട് ഇരുന്നതും ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ മണിയടിച്ചതും കാറല്‍ മാര്‍ക്സിന്റെ പ്രതിമയില്‍ മാലയിട്ടതും ക്യൂബയിലെത്തിയ ദിവസം അവിടെ പ്രളയം ഉണ്ടായതുമൊക്കെ മുഖ്യമന്ത്രിയെ ട്രോളാനുളള വിഷയമായി.
ഇപ്പോള്‍ വിനോദ സഞ്ചാരത്തിനായി ഇന്തോനേഷ്യ, സിംഗപ്പൂര്‍, യുഎഇ എന്നീ രാജ്യങ്ങളിലൂടെയുള്ള സകുടുംബയാത്രയിലാണ് മുഖ്യമന്ത്രി. കേരളം കൊടുംചൂടില്‍ വെന്തുരുകുകയും, അത് സഹിക്കാനാവാതെ മനുഷ്യര്‍ പിടഞ്ഞുവീണ് മരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ശീതളച്ഛായ തേടി മുഖ്യമന്ത്രി വിദേശ രാജ്യങ്ങളിലേക്ക് പറന്നിരിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തുന്നതിന് ആരും എതിരല്ല. എന്നാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അതീവ രഹസ്യമായി യാത്ര നടത്തിയത് എന്തിനെന്ന് മനസ്സിലാകുന്നില്ല? ഭരണഘടനാ സ്ഥാനത്തിരിക്കുന്നവര്‍ എന്ത് ചെയ്യുമ്പോഴും സുതാര്യത ഉറപ്പാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അത് പലവിധ സംശയങ്ങള്‍ക്കും ഇടവരുത്തും. മുഖ്യമന്ത്രിയെന്ന നിലയ്ക്ക് പിണറായി ഇതിന് മുന്‍പ് നടത്തിയ വിദേശയാത്രകളും പലതരത്തില്‍ വിവാദമായിട്ടുണ്ട്. ഇതുസംബന്ധിച്ച പല ദുരൂഹതകളും ഇപ്പോഴും നീങ്ങിയിട്ടില്ല. ഔദ്യോഗിക യാത്രകള്‍പോലും മറ്റ് ചില കാര്യങ്ങള്‍ക്ക് മറയാക്കുന്നു എന്ന സംശയം ജനങ്ങള്‍ക്കുണ്ട്. മുഖ്യമന്ത്രിയുടെ വിദേശയാത്രകളിലൊക്കെ യുഎഇ ലക്ഷ്യസ്ഥാനമാകുന്നത് എന്തുകൊണ്ടാണ്? മുഖ്യമന്ത്രിയുടേത് സ്വകാര്യ സന്ദര്‍ശനമായതിനാല്‍ അത് ആരാണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്? മുഖ്യമന്ത്രിമാര്‍ വിദേശയാത്ര നടത്തുമ്പോള്‍ പകരക്കാരന് ചുമതല നല്‍കുന്നത് പതിവ് രീതിയാണ്. പിണറായി വിജയന്‍ മാത്രം ഇതിന് തയ്യാറാവാത്തത് എന്തുകൊണ്ടാണ്? ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ’ഇന്‍ഡി’സഖ്യത്തിലെ പ്രമുഖ നേതാവ് രാജ്യം വിടുന്നത് രാഷ്ട്രീയ ധാര്‍മ്മികതയോ? ചോദ്യങ്ങള്‍ പലതും ഉയരുന്നുണ്ട്. ഉത്തരം മാത്രം കിട്ടുന്നില്ല.