പോയ നൂറ്റാണ്ടില്‍ മതത്തിന്റെ പേരില്‍ സൃഷ്ടിക്കപ്പെട്ട ഒരു രാജ്യമാണ് പാകിസ്ഥാന്‍. ആ രാജ്യത്തിന്റെ രാഷ്ട്രപിതാവായി വാഴ്ത്തപ്പെടുന്ന മുഹമ്മദലി ജിന്ന ഒരു സന്ദേഹവാദിയായിരുന്നു (Agnostic). ഇസ്‌ലാം മതം ആചരിക്കുന്നതില്‍ ഒട്ടും തല്‍പ്പരനല്ലാത്ത ജിന്ന ഒരു മുസ്‌ലിം രാജ്യത്തിന്റെ പിതാവായി മാറിയത് വലിയ വൈരുദ്ധ്യമാണ്. ഇസ്രായേല്‍ ജൂതരാഷ്ട്രമാണ്, ആ രാജ്യത്തിന്റെ ശില്‍പികളായ ബെന്‍ഗുറിയാനും മോഷേദയാനും തീര്‍ത്തും നിരീശ്വരവാദികളായിരുന്നു. മുഹമ്മദലി ജിന്നയുടെ ജീവചരിത്രമെഴുതിയ ആര്‍.എം.യൂസഫ് ഖാന്‍ ഇസ്‌ലാമാബാദിലെ അറിയപ്പെടുന്ന പത്രപ്രവര്‍ത്തകനും 30 വര്‍ഷത്തോളം The Dawn എന്ന പാകിസ്ഥാനി ഇംഗ്ലീഷ് പത്രത്തില്‍ സ്ഥിരം കോളമിസ്റ്റുമായിരുന്നു. മുഹമ്മദലി ജിന്ന എഴുതിയ The Legendary Hero എന്ന പുസ്തകം അറുപതുകളില്‍ ഇന്ത്യയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഈ പുസ്തകത്തില്‍ നിന്നുള്ള ഒരു ഉദ്ധരണി (Quote) എപ്പോഴും ഇന്ത്യന്‍ സോഷ്യലിസ്റ്റുകളുടെ കുലകൂടസ്ഥനായ ഡോ.രാംമനോഹര്‍ ലോഹ്യ ഉദ്ധരിക്കാറുണ്ട്. ജിന്നയോട് ഒരു ബ്രിട്ടീഷ് പത്രലേഖകന്‍ ചോദിച്ചു ”Are you hate Hindus” (താങ്കള്‍ ഹിന്ദുക്കളെ വെറുക്കുന്നുണ്ടോ?) ജിന്നയുടെ മറുപടി ”How can i hate Hindus? I too belong to the same stocks” (എനിക്ക് ഹിന്ദുക്കളെ വെറുക്കാന്‍ കഴിയില്ല ഞാനും ഒരു ഹിന്ദുവല്ലേ?). യുറോപ്യന്‍ ജീവിതരീതി സ്വായത്തമാക്കിയ ജിന്ന പള്ളിയില്‍ (Mosque) പോയതിന് പോലും തെളിവില്ല. പക്ഷേ പാകിസ്ഥാനില്‍ അദ്ദേഹത്തിന് മഖ്ബറയുണ്ട് (ശവകുടീരം). ഈ മഖ്ബറയില്‍ പ്രാര്‍ത്ഥനയ്ക്കായി പതിനായിരങ്ങള്‍ എത്തുന്നു.
പാകിസ്ഥാന്‍ ഒരു മുസ്‌ലിം രാഷ്ട്രമായിട്ടും, അവിടെ ന്യൂനപക്ഷവിഭാഗങ്ങളില്‍ പ്രധാനപ്പെട്ട ഷിയാ വിഭാഗത്തെ സുന്നിവിഭാഗങ്ങള്‍ നിഷ്‌ക്കരുണം കൊന്നൊടുക്കുന്നു. പാകിസ്ഥാനില്‍ 22 ശതമാനം ഷിയാ വിഭാഗക്കാരുണ്ട്. ബലൂചിസ്ഥാനിലും സിന്ധ് പ്രദേശത്തും ഷിയാ വിഭാഗങ്ങള്‍ തിങ്ങിതാമസിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പതിനായിരക്കണക്കിന് ഷിയാവിഭാഗക്കാരെ സുന്നി വിഭാഗക്കാര്‍ അരിഞ്ഞുതള്ളി. ഓരോ വര്‍ഷവും നൂറുകണക്കിന് ഷിയാ പള്ളികള്‍ സുന്നികള്‍ തകര്‍ക്കുന്നു. ഇപ്പോള്‍ ഷിയാ വിഭാഗവും തിരിച്ചടിക്കാന്‍ തുടങ്ങി. 2011ല്‍ മുഹറം വേളയില്‍ 500 ഷിയാ വിശ്വാസികളെ സുന്നിവിശ്വാസികള്‍ കൊന്നുതള്ളി. പാക് മനുഷ്യാവകാശ കമ്മീഷന്‍ പുറത്തു വിട്ട കണക്കാണിത്. ഷിയാവിഭാഗക്കാരില്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്നത് ഹസാരഷിയാക്കളെയാണ്. മംഗോള്‍ വംശത്തില്‍ പെട്ട അവരെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയില്ല. പാകിസ്ഥാനില്‍ സുന്നികള്‍ മൂന്ന് വിഭാഗങ്ങളായി പിരിഞ്ഞു. അതില്‍ ‘സിഹാഹ സഹാബ്’, ‘ലഗ്ക്കറെ ജാംഗ്‌വി’, ‘സഹാ വാല്‍വി’ തുടങ്ങിയ സുന്നികള്‍ തീവ്രവിഭാഗത്തില്‍ പെട്ടവരാണ്. പാകിസ്ഥാനില്‍ റാവല്‍പിണ്ടിയിലും ഗില്‍ജിത്ത് ബാള്‍ട്ടിസ്ഥാനിലും ഷിയാവിഭാഗത്തെ ബസ്സില്‍ നിന്ന് വലിച്ചിറക്കി പച്ചയായി വെട്ടിനുറുക്കുന്നു. ലോകമെമ്പാടുമുള്ള സുന്നി വിഭാഗക്കാരില്‍ വലിയൊരുഭാഗം ഷിയാ വിഭാഗത്തെ ‘കാഫിര്‍’ എന്നാണ് വിളിക്കുന്നത്. ”അവിശ്വാസികളായ ഷിയാവിഭാഗത്തെ കൊന്നാല്‍ സ്വര്‍ഗ്ഗം കിട്ടും” എന്ന് ഒരു പാകിസ്ഥാനി സുന്നിഭക്തന്‍ ഈ ലേഖകനോട് അബുദാബിയില്‍ വെച്ച് പറഞ്ഞത് ഓര്‍ക്കുന്നു. ഷിയാവിഭാഗവും സുന്നിവിഭാഗവും വായിക്കുന്ന ആത്മീയഗ്രന്ഥം ഖുറാന്‍ തന്നെയാണെന്നത് മറ്റൊരു വസ്തുത.
അഹമ്മദിയാ വിഭാഗം
അഹമ്മദിയാ ഖാതിയാനി വിഭാഗത്തെ ലോകമുസ്‌ലിം രാഷ്ട്രങ്ങളില്‍ ‘കാഫിര്‍’ എന്ന് പേരിട്ട് നിരോധിച്ചിരിക്കുന്നു. പാകിസ്ഥാനില്‍ നിരോധനമില്ല, പക്ഷേ 1970ല്‍ സുല്‍ഫിക്കര്‍ അലി ബൂട്ടോവിന്റെ കാലത്ത് അവരെ പീഡിപ്പിച്ചിരുന്നു. ഭാരതത്തില്‍ മാത്രമാണ് അവര്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഭാരതത്തില്‍ അഹമ്മദിയാവിഭാഗം ആത്മീയ പ്രവര്‍ത്തനം നടത്താന്‍ തുടങ്ങിയത്. മുഹമ്മദ് നബിയെ അവര്‍ അംഗീകരിക്കുന്നു, ഖുറാന്‍ അംഗീകരിക്കുന്നു, പക്ഷേ മീര്‍സാഗുലാം ഒരു ആധ്യാത്മിക പുരുഷനാണ് എന്ന അവരുടെ വാദത്തെ സുന്നി-ഷിയാവിഭാഗങ്ങള്‍ അംഗീകരിക്കുന്നില്ല. 1979ല്‍ ഫിസിക്‌സിന് നൊബേല്‍ സമ്മാനം കിട്ടിയ പാകിസ്ഥാനി ശാസ്ത്രകാരന്‍ ഡോക്ടര്‍ അബ്ദുല്‍ സലാം ഖാതിയാനി വിഭാഗത്തില്‍ പെട്ട ഒരാളായിരുന്നു. നൊബേല്‍ സമ്മാനം കിട്ടുമ്പോള്‍ അദ്ദേഹം ഓക്‌സ്‌ഫോര്‍ഡില്‍ ഫിസിക്‌സ് അധ്യാപകനായിരുന്നു. അദ്ദേഹം മരിച്ചപ്പോള്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ അദ്ദേഹത്തിന്റെ ഭൗതിക ശരീരം എല്ലാ ഔദ്യോഗിക ബഹുമതികളോടും കൂടി ലാഹോറില്‍ മറവു ചെയ്തു. ഒരു വര്‍ഷം അദ്ദേഹത്തിന്റെ ശവകുടീരം പോലീസ് സംരക്ഷണത്തിലായിരുന്നു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഈ ശവകുടീരം സുന്നിവിഭാഗം തകര്‍ത്തുകളഞ്ഞു. സര്‍ക്കാര്‍ വീണ്ടും ഇത് പണി കഴിപ്പിച്ചു. രാജ്യത്തെ പ്രശസ്തിയുടെ നെറുകയില്‍ എത്തിച്ച വിശ്വവിഖ്യാതനായ ഒരു ശാസ്ത്രകാരനുപോലും അവിടെ രക്ഷയില്ല. ഭാരതത്തിലെ ഏ.പി.ജെ. അബ്ദുല്‍ കലാമിനെ മഹാഭൂരിപക്ഷം ഇസ്‌ലാം മതവിശ്വാസികളും അംഗീകരിക്കുന്നില്ല. കാരണം അദ്ദേഹം സര്‍വ്വമതങ്ങളുടേയും ആശയം സൂക്ഷ്മമായി പഠിച്ചാല്‍ ഒന്നു തന്നെയാണെന്ന് വാദിച്ച വ്യക്തിയായിരുന്നു.
പ്രേംനസീര്‍
സൂഫിമിസ്റ്റിക്കായ ബഷീറും തന്റെ ജീവിതംകൊണ്ട് മഹത്വത്തിന്റെ കിരീടം ഏറ്റുവാങ്ങിയ പ്രേംനസീറും കേരളത്തിലെ സെക്കുലര്‍ മുസ്‌ലിം വിഭാഗത്തിലെ നക്ഷത്രങ്ങളാണ്. കഴിഞ്ഞവര്‍ഷം ഹൈദരാബാദില്‍ നിന്ന് പുറത്ത് വന്ന The Greatest humanists of 20th century (ഇരുപതാം നൂറ്റാണ്ടിലെ മനുഷ്യസ്‌നേഹികള്‍) എന്ന പുസ്തകത്തില്‍ അവര്‍ പ്രേംനസീറിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എം.ടി.വാസുദേവന്‍ നായര്‍ പറഞ്ഞത് ”നടനെന്ന നിലയിലല്ല, വ്യക്തിപരമായി നസീറിന് തുല്യമായി മനുഷ്യസ്‌നേഹത്തിന്റെ പ്രതീകമായി മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ല” എന്നാണ്. ഓ.എന്‍.വിയും ശ്രീകുമാരന്‍ തമ്പിയും യേശുദാസും എം.കൃഷ്ണന്‍നായരും ഇത് ആവര്‍ത്തിക്കുന്നു. ലോകത്തിലേറ്റവും കൂടുതല്‍ ചലച്ചിത്രങ്ങളില്‍ അഭിനയിച്ച ഈ മനുഷ്യന്‍ മരിച്ചപ്പോള്‍ സ്വന്തം വീടുപോലും ഉണ്ടായില്ല. അദ്ദേഹത്തിന്റെ ഉപ്പ പണികഴിപ്പിച്ച വീട്ടിലാണ് അദ്ദേഹം താമസിച്ചത്. താന്‍ ദിവസേന 20 മണിക്കൂര്‍ ജോലി ചെയ്ത് ഉണ്ടാക്കിയ പണം മുഴുവന്‍ അദ്ദേഹം ജാതിയും മതവും നോക്കാതെ ദാനം ചെയ്തു. സിനിമ പരാജയപ്പെടുമ്പോള്‍ നിര്‍മ്മാതാക്കള്‍ക്ക് വാങ്ങിച്ച പണം തിരിച്ചുകൊടുത്ത ഒരേ ഒരു നടന്‍ ഇന്ത്യന്‍ സിനിമയില്‍ നസീര്‍ ആയിരുന്നു. പക്ഷേ തന്റെ സമുദായത്തില്‍പ്പെട്ട പണ്ഡിതവര്‍ഗ്ഗം അദ്ദേഹത്തെ അംഗീകരിച്ചില്ല. ശരീയാ തിയറിയുടെ പേരില്‍ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന ഖബറിടത്തില്‍ തീവ്ര മുസ്‌ലിം വിഭാഗം ടാര്‍ ഒഴിച്ചു. ശരീയ നിയമപ്രകാരം മീസാന്‍ കല്ലിന്റെ മുകളില്‍ (Tomb Stones) പേരെഴുതാന്‍ പാടില്ല. ഇപ്പോഴും സുന്നി, ജമാഅത്ത് ഇസ്‌ലാമി വിഭാഗങ്ങള്‍ തമ്മില്‍ ഈ വിഷയത്തില്‍ അന്തരമുണ്ട്.
സത്രീധനം
മുസ്‌ലിം രാജ്യങ്ങളില്‍ പുരുഷന്‍ സ്ത്രീക്ക് സ്ത്രീധനം(dowry) കൊടുക്കണം. ‘മഹര്‍’ എന്നാണിത് അറിയപ്പെടുന്നത്. മിഡിലീസ്റ്റില്‍ ഈ ലേഖകന്‍ മൂന്ന് രാഷ്ട്രങ്ങളില്‍ ഇംഗ്ലീഷ് അധ്യാപകനായി ജോലിചെയ്തിട്ടുണ്ട്. അവിടെ പാവപ്പെട്ട അറബികള്‍ക്ക് മഹര്‍ കൊടുക്കാന്‍ ഗവണ്‍മെന്റ് പണം കൊടുക്കുകയാണ് ചെയ്യുന്നത്. ഏഷ്യന്‍ രാജ്യങ്ങളില്‍ പാകിസ്ഥാനിലും ഇന്തോനേഷ്യയിലും മറ്റും, പുരുഷാധിപത്യ സമൂഹമാണ്. ഇവിടെ പുരുഷന്‍ സ്ത്രീധനം സ്ത്രീകളില്‍ നിന്ന് വാങ്ങുന്നു. സ്ത്രീധനം ക്രിസ്തുമതത്തിലില്ല, ഹിന്ദുമതത്തില്‍ അതുണ്ടെങ്കിലും, മുസ്‌ലിങ്ങളില്‍ ശരീഅത്ത് കല്‍പ്പിച്ചതിന് വിരുദ്ധമായി ഇതെങ്ങനെ സംഭവിക്കുന്നു? ഇതിനെതിരെ പുരോഗമന പ്രസ്ഥാനം എന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകള്‍ കേരളത്തില്‍ എന്ത് ചെയ്തു?
ഷാബാനുകേസ്
മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഷാബാനുബീഗം 1987ല്‍ സുപ്രീംകോടതിയെ സമീപിച്ച സംഭവം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു കഴിഞ്ഞു. ഷാബാനു എന്ന അറുപതുകാരിയെ ഭര്‍ത്താവ് നിഷ്‌ക്കരുണം ‘തലാഖ്’ (Divorce) ചൊല്ലി ജീവിതത്തില്‍ നിന്ന് പറിച്ചെറിഞ്ഞു. അവരുടെ വിവാഹം കഴിച്ച 2 പെണ്‍കുട്ടികള്‍ ദൂരത്താണ് താമസിക്കുന്നത്. വീടും, സ്ഥലവുമെല്ലാം ഭര്‍ത്താവിന്റെ പേരിലാണ്. ഇസ്‌ലാമിക ശരീയാ പ്രകാരം ഒരു സെന്റ് ഭൂമിപോലും ഷാബാനുവിന് കിട്ടില്ല. ഇത്തരം സംഭവം ഏത് വിഭാഗത്തില്‍ നടന്നാലും വിവാഹമോചിതയായ സ്ത്രീക്ക് ‘ജീവനാംശം’ (Maintenance) കൊടുക്കണം എന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തവരില്‍ മധുലിമായെ, ഇ.എം.എസ്സ്, അരങ്ങില്‍ ശ്രീധരന്‍, രാജേശ്വരറാവു, മുരളീ മനോഹര്‍ ജോഷി, മധുദന്തവാദെ തുടങ്ങിയവരെല്ലാം ഉണ്ടായിരുന്നു.
രാജീവ്ഗാന്ധിയും ആരിഫ് മുഹമ്മദ് ഖാനും
ഷാബാനുകേസിലെ സുപ്രീം കോടതി വിധി നടപ്പില്‍ വരുത്താന്‍ രാജീവ് ഗാന്ധി തയ്യാറാകണം എന്നാവശ്യപ്പെട്ട് സമരത്തിന് തയ്യാറായ ഇ.എം.എസ്സിന്റെ പിന്മുറക്കാര്‍ ഇന്ന് മുസ്‌ലിം വോട്ടിന് വേണ്ടി കളം മാറ്റിചവിട്ടുന്നു. രാജീവ് ഗാന്ധിയാണ് ഈ സുപ്രീംകോടതി വിധി മരവിപ്പിച്ചത്. ഈ വിധി വന്നയുടന്‍ ഭാരതത്തിലെ മുസ്‌ലിം പണ്ഡിതന്മാര്‍ കൂട്ടത്തോടെ (ഷിയാവിഭാഗം ഒഴികെ) രാജീവ് ഗാന്ധിയെ പോയികണ്ടു. പാര്‍ലമെന്റിലെ തന്റെ മൃഗീയഭൂരിപക്ഷം ഉപയോഗിച്ച് അദ്ദേഹം ഈ നിയമത്തെ മറികടന്നു. ഇതിനെതിരെ മന്ത്രിസ്ഥാനം രാജിവെച്ച് പുറത്ത് വന്ന രക്തസാക്ഷിയാണ് ഇന്നത്തെ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സെമിറ്റിക് മതങ്ങളില്‍ പ്രത്യേകിച്ച് ക്രിസ്തുമതത്തിലും, ഇസ്‌ലാം മതവിഭാഗങ്ങളിലും നിലനില്‍ക്കുന്ന ലിംഗ നീതിയില്ലായ്മക്കെതിരെ പോരാടാന്‍ സി.പി.എം. ഇ.കെ.നായനാരുടെ കാലഘട്ടം വരെ തയ്യാറായിരുന്നു. പിണറായിയുടെ കാലം വന്നപ്പോള്‍ by hook or the crook (ഏത് തരത്തിലും) അധികാരം പിടിക്കുക എന്നതായി പാര്‍ട്ടി പരിപാടി. കേരളരാഷ്ട്രീയ ചരിത്രത്തില്‍ സുപ്രീംകോടതി ജയിലിലടച്ച ആര്‍.ബാലകൃഷ്ണപിള്ളയെ ജയിലില്‍ നിന്ന് പുറത്ത് വന്നയുടന്‍ മാലയിട്ട് സ്വീകരിച്ച് പുതിയ ഒരു വകുപ്പുണ്ടാക്കി മിനിസ്റ്റീരിയല്‍ പോസ്റ്റിലേക്ക് കൊണ്ടുപോയ പാര്‍ട്ടിയില്‍ ഇപ്പോള്‍ ഗോവിന്ദന്‍ മാസ്റ്ററാണ് ശരീഅത്ത് നായകനായി പ്രത്യക്ഷപ്പെടുന്നത്.
നാലും കെട്ടും….
ഇ.എം.എസ്സ് 1985ല്‍ ഇസ്‌ലാമിക ശരീഅത്ത് നിയമം കാലഘട്ടത്തിനനുസരിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മലപ്പുറം ജില്ലയിലെ മുസ്‌ലിം ലീഗുകാര്‍ പ്രകടനം നയിച്ചത് ‘ഒന്നും കെട്ടും, രണ്ടും കെട്ടും, വേണ്ടിവന്നാല്‍ ഇ.എം.എസ്സിന്റെ ഓളെയും കെട്ടും’ എന്നു പറഞ്ഞാണ്. നാല്‌കെട്ടിന് ഇസ്ലാം പറയുന്ന നിബന്ധനകള്‍ ഇവരാരും പാലിക്കാറില്ല. ശാരീരികമായും സാമ്പത്തികമായും പുരുഷന്‍ കേമനായിരിക്കണം. 4 സ്ത്രീകളേയും സമഭാവനയോടെ കാണാന്‍ കഴിയണം. ഇതൊക്കെ ഈ കാലഘട്ടത്തില്‍ പ്രായോഗികമാണോ എന്ന് ഇസ്‌ലാമിക പണ്ഡിത വിഭാഗം ചിന്തിക്കണം. മുഹമ്മദ് നബിയുടെ ഭാര്യമാര്‍ തമ്മില്‍ തന്നെ അഭിപ്രായവ്യത്യാസമുണ്ടായി എന്ന് തെളിയിക്കുന്ന ധാരാളം ഹദീസ്സുകളുണ്ട്. ഇസ്‌ലാമില്‍ അടിമസ്ത്രീ, ഉടമ സ്ത്രീ എന്നീ രണ്ട് വിഭാഗങ്ങളായി സ്ത്രീകളെ തരംതിരിച്ചിട്ടുണ്ട്. അടിമ സ്ത്രീകള്‍ക്ക് അവരുടെ ലിംഗവും അതിന് മുകളില്‍ പൊക്കിളിന്റെ ഭാഗവും മറച്ചാല്‍ മതി. ആ കാലഘട്ടത്തിലെ ഉയര്‍ന്ന ഗോത്ര വിഭാഗക്കാര്‍ക്ക് സ്ത്രീകളുടെ നഗ്നമേനി കാണാനുള്ള അവസരമായിരുന്നു ഇത്. അടിമത്തം (Slavery) ഇസ്‌ലാം നിരോധിച്ചിട്ടില്ല.
അലിയുടെ കുട്ടികള്‍
ഇസ്‌ലാമിന്റെ നാലാമത്തെ ഖലീഫ അലി ആദ്യം കല്യാണം കഴിക്കുന്നത് മുഹമ്മദ് നബിയുടെ മകള്‍ ഫാത്തിമയെയാണ്. അവര്‍ ഒന്നിച്ച് നാലര വര്‍ഷം ജീവിച്ചു. ഫാത്തിമ മരിച്ചുപോയി. അലി വീണ്ടും രണ്ട് സ്ത്രീകളെ കല്യാണം കഴിച്ചു. അതില്‍ ഒരു സ്ത്രീ മരിച്ചു പോയി. അലി വീണ്ടും ഒരു കല്യാണം കൂടി കഴിച്ചു. ആകെ 21 കുട്ടികള്‍ അലിക്കുണ്ടായിരുന്നു. ആ കാലഘട്ടത്തില്‍ ജനസംഖ്യ വളരെ കുറവായിരുന്നു. കൂടാതെ എല്ലാ മത നേതാക്കളും ഉയര്‍ന്ന വിഭാഗത്തില്‍ പെട്ടവരും ഇത്തരത്തില്‍ വിവാഹം ചെയ്തിരുന്നു. പക്ഷേ ഇതെല്ലാം ഇപ്പോഴും ചെയ്യുന്നത് ഇസ്‌ലാമിന്റെ കണ്ണില്‍ ശരിയാണ്. ഇത്തരം താലിബാനിസത്തിനെതിരെ പോരാടാന്‍ സി.പി.എം എന്ന വിപ്ലവ പാര്‍ട്ടി തയ്യാറാകുന്നില്ലെന്നതാണ് അതിശയകരം.
എരുമേലി പേട്ടതുള്ളല്‍
മതങ്ങളുടെ ബഹുസ്വരത അംഗീകരിക്കുന്ന ചില പണ്ഡിതവിഭാഗങ്ങള്‍ ഇസ്ലാമിലുണ്ട്. ശബരിമല അയ്യപ്പഭക്തന്മാര്‍ വാവരുടെ ശവകുടീരം (മഖ്ബറ) സന്ദര്‍ശിച്ചാണ് മുന്നോട്ട് നീങ്ങുന്നത്. പതിനായിരക്കണക്കിന് മുസ്‌ലിം ഭക്തന്മാരും അയ്യപ്പഭക്തരെ അനുഗമിക്കുന്നു. ഈ സമ്പ്രദായം കേരളത്തിലെ മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമാണ്. കേരളത്തിലെ സുന്നി വിഭാഗങ്ങള്‍ ഇത് അംഗീകരിക്കുന്നു, പക്ഷേ മറ്റ് ചില വിഭാഗങ്ങള്‍ ശരീയാ പോയിന്റ് ഓഫ് വ്യു എടുത്താലും, ഏകദൈവ വിശ്വാസത്തിന്റെ പേരിലായാലും ഇത് തെറ്റാണ് എന്ന് വാദിക്കുന്നു.
കേരളത്തിലെ അറിയപ്പെടുന്ന ഒരു മുജാഹിദ് പണ്ഡിതനും ‘നിച്ച് ഓഫ് ട്രൂത്ത്’ എന്ന പ്രസ്ഥാനത്തിന്റെ വക്താവായും പ്രയോക്താവായും അറിയപ്പെടുന്ന ഒരാള്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ ഭാര്യ അറിയാതെ മറ്റൊരു കല്യാണം കഴിച്ചു. ഇത് ഒരു വര്‍ഷം കഴിഞ്ഞാണ് അദ്ദേഹത്തിന്റെ ആദ്യ ഭാര്യ അറിയുന്നത്. അവര്‍ മാധ്യമങ്ങളോട് ഈ ശരീയത്ത് നിയമത്തിന്റെ അപാകതയെകുറിച്ച് പറഞ്ഞപ്പോള്‍ ഭര്‍ത്താവായ പണ്ഡിതന്റെ മറുപടിയാണ് ”ഇസ്‌ലാമിയാ ശരീയത്തില്‍ ആദ്യ ഭാര്യ അറിയാതെ വിവാഹം കഴിക്കാം, പിന്നീട് അറിയിച്ചാല്‍ മതി എന്നത്.” ഇത്തരം ഇരുണ്ട, അഭിശപ്തമായ നിയമങ്ങളാണ് ശരീഅത്തിലുള്ളത്. അതിനെ പിന്തുടരാന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് കഴിയുമോ? ഈ ലേഖകന്റെ വീടിനടുത്ത് പഴയ സോഷ്യലിസ്റ്റ് നേതാവ് കെ.എം.സൂപ്പിയുടെ കുടുംബം താമസിക്കുന്നുണ്ട്. കെ.എം. സൂപ്പിയുടെ മൂത്തമകന്‍ അഷറഫ് എന്ന വ്യക്തിക്കിപ്പോള്‍ 61 വയസ്സായി. അദ്ദേഹം 50 വയസ്സായപ്പോള്‍ തന്റെ വീടും സ്ഥലവും, തന്റെ ഒരേ ഒരു മകള്‍ക്ക് എഴുതിവെച്ചു. ഇതിന് കാരണം തിരക്കിയപ്പോള്‍ പലരും ഞെട്ടി, കെ.എം.സൂപ്പിയുടെ മകന്‍ അഷറഫ് തന്റെ പിതാവ് ജീവിച്ചിരിക്കുമ്പോള്‍ താന്‍ മരിച്ചുപോയാല്‍ സ്വത്തുക്കള്‍ മുഴുവന്‍ പിന്നീട് കൈകാര്യം ചെയ്യുക പിതാവായിരിക്കും. തന്റെ ഭാര്യയ്ക്കും, പെണ്‍കുട്ടിക്കും പിതാവിന് താല്‍പര്യമില്ലെങ്കില്‍ കൊടുക്കാതിരിക്കാം. ഈ ശരീഅത്ത് നിയമത്തിനെതിരെയാണ് ആഴ്ചകള്‍ക്ക് മുന്‍പ് നവമാര്‍ക്‌സിസ്റ്റ് ബുദ്ധിജീവി പി.കെ.പോക്കര്‍ തന്റെ ഭാര്യയെ ഉപേക്ഷിച്ച് ഒരു ദിവസം കഴിഞ്ഞപ്പോള്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം തിരിച്ചെടുത്തത്.