കോഴിക്കോട്: തനത് സംസ്‌കാരത്തെ നശിപ്പിച്ച് അധിനിവേശം നടത്തിയ കപട സംസ്‌കാര വാദികളോട് കലഹിക്കുന്ന അങ്കിളും കുട്ട്യോളും എന്ന സിനിമ മെയ് 10ന് തിയേറ്ററുകളില്‍ എത്തുകയാണ്. കുട്ടികളെ സ്വയം സുരക്ഷിതരാവാനും സംരക്ഷണം ഒരുക്കാനും പ്രാപ്തരാക്കുന്നതാണ് സിനിമയുടെ പ്രമേയം. തനതു സംസ്‌കാരം ഇല്ലാത്തതല്ല മറിച്ച് അന്യസംസ്‌കാരം അമിതമായി അടിച്ചേല്‍പ്പിക്കപ്പെട്ടതാണ് പുതിയ തലമുറ വഴിതെറ്റാന്‍ കാരണമെന്ന് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ച ജികെഎംപിള്ള പറഞ്ഞു. 31 ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തീകരിച്ച സിനിമ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വച്ചാണ് ചിത്രീകരിച്ചത്.
സിനിമയുടെ പ്രചരണാര്‍ത്ഥം വയനാട് മീനങ്ങാടിയില്‍ നിന്നും തുടങ്ങി തിരുവനന്തപുരം വരെ യാത്ര നടത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് കേസരിയിലും സംഘം എത്തിച്ചേര്‍ന്നു. സ്‌നേഹബോധിയുടെ തണലില്‍ നടന്ന ചടങ്ങില്‍ കേസരി മുഖ്യ പത്രാധിപര്‍ ഡോ.എന്‍.ആര്‍. മധു പ്രഭാഷണം നടത്തി. ചെറിയ സിനിമകള്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും മദ്യപാനവും പുകവലിയും കാരണം സ്റ്റാറ്റിയൂട്ടറി വാണിങ്ങില്ലാത്ത ഒരു സീനുമില്ലാത്ത സിനിമകള്‍ ആഘോഷിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു ജന്മഭൂമി ന്യൂസ് എഡിറ്റര്‍ എം.ബാലകൃഷ്ണന്‍, കേസരി സഹ പത്രാധിപര്‍ ടി. സുധീഷ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.