ഭാരതത്തിന്റെ ഭാഗമായി കിട്ടിയ കശ്മീരിന്റെ മറ്റേ പങ്കിന്റെ ‘പ്രധാനമന്ത്രി’യായി, തനിക്കു പ്രിയങ്കരനായ ഷേക്ക് അബ്ദുള്ളയെ വാഴിക്കാനുള്ള ചരടുവലികളെല്ലാം നെഹ്രു നടത്തി. അന്നു നടന്ന തിരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേടിയ 75 സീറ്റുകളില്‍ 73-ലും എതിരാളികളില്ലാതെയാണ് ജനപ്രതിനിധികള്‍ തിരഞ്ഞെടുക്കപ്പെട്ടത്. എതിര്‍ത്തു മത്സരിക്കാന്‍ തയ്യാറായ മുസ്ലീങ്ങളല്ലാത്ത രണ്ടു സ്ഥാനാര്‍ത്ഥികള്‍ക്ക് സ്വന്തം ജീവനുപോലും ഭീഷണമായ വിരട്ടലുകളെയാണ് നേരിടേണ്ടി വന്നത്. ഭയന്നുപോയ അവര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചു. ഈ തിരഞ്ഞെടുപ്പിന്റെ സാധുത പാസ്സാക്കാന്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ പിന്നീട് പ്രമേയമെത്തിയപ്പോള്‍ ഡോ.ശ്യാമപ്രസാദ് മുഖര്‍ജിയെപ്പോലുള്ളവരുടെ എതിര്‍പ്പുകളുണ്ടായിരുന്നിട്ടും അന്നത്തെ 364 എം.പിമാരുടെ പിന്തുണയോടെ നെഹ്രു പ്രസ്തുത തിരഞ്ഞെടുപ്പിന്റെ സാധൂകരണം നേടിയെടുക്കുകയാണുണ്ടായത്! കശ്മീരിന്റെ പ്രത്യേക പദവിക്കുവേണ്ടി പിന്നീട് ‘ആര്‍ട്ടിക്കിള്‍ 306-എ’യുടെ തണലുകൂടി, ഷേക്കിനെ സന്തോഷിപ്പിക്കാന്‍ തരമാക്കിക്കൊടുത്തു നെഹ്രു. ഈ ആര്‍ട്ടിക്കിള്‍ 306-എ യാണ് പില്‍ക്കാലത്ത് മോദി സര്‍ക്കാര്‍ സ്‌ക്രാപ്പ് ചെയ്ത് ഇല്ലാതാക്കിയ ആര്‍ട്ടിക്കിള്‍ 370-ന്റെ മുന്നോടി.
ആര്‍ട്ടിക്കിള്‍ 370-ലൂടെ കശ്മീരിന്റെ സ്വയംഭരണാവകാശം നെഹ്രു ഉറപ്പു വരുത്തി. അതിന്റെ കൂടെ, 35-എ എന്ന മറ്റൊരു അനുച്ഛേദം കൂടിയുണ്ടാക്കി മറ്റു സംസ്ഥാനക്കാര്‍ക്ക് കശ്മീരില്‍ ഭൂമി വാങ്ങി കുടിയേറാനുള്ള അവകാശത്തിനുകൂടി അദ്ദേഹം കൂച്ചുവിലങ്ങിട്ടു പൂട്ടി. ഭൂമി വാങ്ങി താമസിക്കുന്നതിനും സര്‍ക്കാരുദ്യോഗങ്ങളില്‍ നിയമിക്കപ്പെടുന്നതിനും പഠനത്തിനുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേടുന്നതിനും ഉള്ള അവകാശങ്ങള്‍ ഈ ആര്‍ട്ടിക്കിളിലൂടെ കശ്മീരികള്‍ക്ക് മാത്രമായി നെഹ്രു നിജപ്പെടുത്തി നിര്‍ത്തി. കശ്മീരി സ്ത്രീകള്‍ അന്യസംസ്ഥാനക്കാരായ പുരുഷന്മാരെ വിവാഹം ചെയ്താല്‍ ആ സ്ത്രീകള്‍ക്ക് അവരുടെ ഭൂസ്വത്തിന്മേലുള്ള അവകാശം നഷ്ടപ്പെടുമെന്ന് വ്യവസ്ഥ കൊണ്ടുവന്നു. (കശ്മീരിയല്ലാത്ത ഒരാളെ വിവാഹം കഴിച്ചതുകൊണ്ട് തനിക്കു നഷ്ടമായ അവകാശങ്ങളത്രയും തിരിച്ചു കിട്ടാന്‍ ശശി തരൂര്‍ തന്റെ അധികാരമുപയോഗിക്കണമെന്നാവശ്യപ്പെട്ടതുകൊണ്ടായിരുന്നു ശശി-സുനന്ദാ പുഷ്‌ക്കര്‍ ബന്ധത്തില്‍ ആദ്യത്തെ അസ്വാരസ്യം ഉടലെടുത്തത് എന്നു പറയപ്പെടുന്നുണ്ട്. സുനന്ദാ പുഷ്‌ക്കര്‍ ജന്മംകൊണ്ട് കശ്മീരിയായിരുന്നുവല്ലൊ). വിദേശകാര്യത്തിലും വാര്‍ത്താവിനിമയത്തിലുമല്ലാതെ മറ്റൊരു തുറയിലും കേന്ദ്രസര്‍ക്കാര്‍ കശ്മീരില്‍ കൈകടത്തില്ലെന്ന് വ്യവസ്ഥ ചെയ്യപ്പെട്ടു. പ്രതിരോധം ഭാരതത്തിന്റെ ചെലവിലാക്കാനും വ്യവസ്ഥകളുണ്ടായി.
അന്നത്തെ രാഷ്ട്രപതിയായിരുന്ന ബാബു രാജേന്ദ്രപ്രസാദ്, നെഹ്രുവിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങിയായിരുന്നു ഈ ആര്‍ട്ടിക്കിളില്‍ കയ്യൊപ്പ് ചാര്‍ത്തിയത്. രാഷ്ട്രത്തിന്റെ ഭദ്രതയ്ക്കും ഐക്യത്തിനും തീര്‍ച്ചയായും ഭാവിയില്‍ തുരങ്കം വയ്ക്കുമെന്നും അനുച്ഛേദം 370 തന്നെ, ഭരണഘടനയുടെ കാഴ്ചപ്പാടു പ്രകാരം, ജമ്മുകശ്മീരിനുള്ള താല്ക്കാലികമായ ഒരു സാന്ത്വനം മാത്രമാണെന്നും അറിയാമായിരുന്നിട്ടും രാജേന്ദ്രപ്രസാദിനെപ്പോലുള്ള ഒരാള്‍ പ്രസ്തുത അനുച്ഛേദത്തില്‍ ഒപ്പു ചാര്‍ത്തിയത് ഭരണഘടനപ്രകാരം രാഷ്ട്രപതിയുടെ അധികാരപരിധി കേവലം ഒരു റബ്ബര്‍സ്റ്റാമ്പിന്റേതു മാത്രമാണെന്ന ബോധ്യം കൊണ്ടായിരിക്കണം.
പിന്നീട്, കശ്മീരിനു മാത്രമായി ഒരു ഭരണഘടനയുണ്ടാക്കിത്തരാന്‍ ആവശ്യെപ്പട്ട് അംബേദ്കറെ സമീപിക്കാന്‍ നെഹ്രു അബ്ദുള്ളയോടാവശ്യപ്പെട്ടു. അതിനു വിധേയനായി അംബേദ്കറെ സമീപിച്ച അബ്ദുള്ളയോട് അംബേദ്കര്‍ പൊട്ടിത്തെറിക്കുകയാണ് ചെയ്തത്: ‘മി.അബ്ദുള്ള, പ്രത്യേക പദവിയുള്ള താങ്കളുടെ സംസ്ഥാനത്തിനു വേണ്ട പ്രതിരോധം ഭാരതത്തിന്റെ ചെലവിലൊരുക്കിത്തരണം എന്നു താങ്കള്‍ പ്രതീക്ഷിക്കുന്നു. കശ്മീരിന്റെയും കശ്മീരികളുടെയും ഉന്നമനത്തിനുള്ള വഴികള്‍ ഭാരതത്തിന്റെ ചെലവിലൊരുക്കിത്തരണം എന്നു താങ്കള്‍ പ്രതീക്ഷിക്കുന്നു. കശ്മീലെ പൗരന്മാര്‍ക്ക് മറ്റു ഭാരതപൗരന്മാേെപ്പാലെയുള്ള തുല്യാവകാശങ്ങള്‍ ഭാരതത്തിലുമുണ്ടാവണം എന്നു താങ്കള്‍ പ്രതീക്ഷിക്കുന്നു. പക്ഷേ, ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് കശ്മീരിന്റെ മണ്ണില്‍ ഒരവകാശവുമുണ്ടാവാന്‍ പാടില്ല താനും! എന്തൊരു വിചിത്രമായ മനോഗതിയാണിത്? ഞാന്‍ ഭാരതത്തിന്റെ നിയമമന്ത്രിയാണ്. എന്റെ നാടിനെ പിന്നില്‍നിന്നു കുത്താന്‍ എന്നെക്കൊണ്ടാവില്ല'(Mr. Abdullah, you want India should defend Kashmir, India should develop Kashmir and Kashmiris should have equal right as citizens of India, but you don’t want India and any citizen of India to have any rights in Kashmir. I am the Law Minister of India. I cannot betray the interest of my country”) എന്നുപോകുന്ന അംബേദ്ക്കറിന്റെ വസ്തുതാനിഷ്ഠമായ വാക്ശരങ്ങള്‍ ഷേക്ക് അബ്ദുള്ളയുടെ ചെവിക്കല്ലു തകര്‍ത്തു. അദ്ദേഹം മനസ്സില്‍ പടുത്തുയര്‍ത്തിയ സ്വപ്‌നങ്ങളുടെ ആകാശസൗധങ്ങളെല്ലാം ഞൊടിയിടയില്‍ ചീട്ടുകൊട്ടാരംപോലെ തകര്‍ന്നുവീണു.
ഇതറിഞ്ഞു ക്ഷുഭിതനായ നെഹ്രു, ഗോപാല്‍സ്വാമി അയ്യങ്കാരോട് കശ്മീരിനനുകൂലമായ ഒരു പ്രത്യേക വകുപ്പ് ഡ്രാഫ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയും അങ്ങനെ തയ്യാറാക്കപ്പെട്ട ഡ്രാഫ്റ്റ് അദ്ദേഹം പ്രത്യേകതാല്പര്യത്തോടുകൂടിത്തന്നെ പാര്‍ലമെന്റില്‍ പാസ്സാക്കിയെടുക്കുകയും ചെയ്തു. ഈ ഡ്രാഫ്റ്റനുസരിച്ച്, ഒരു കശ്മീര്‍ പൗരന്, ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളിലുള്ള പൗരന്മാര്‍ക്കുള്ള അതേ അവകാശം ഭാരതത്തിന്റെ മണ്ണിലെല്ലായിടത്തും ലഭ്യമാവുമെങ്കിലും ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളിലുള്ള പൗരന്മാര്‍ക്ക് കശ്മീരിന്റെ മണ്ണില്‍ ഒരവകാശവും ഉന്നയിക്കാനാവില്ല എന്നുള്ള വിചിത്രമായ അവസ്ഥ കശ്മീരില്‍ വന്നുചേര്‍ന്നു. മാത്രവുമല്ല, ‘രണ്‍ബിര്‍ പീനല്‍കോഡ്’ (Ranbir Penal Code) എന്ന പേരില്‍ സമാന്തരമായ ഒരു ഭരണഘടനയുണ്ടാക്കി, ഭാരതത്തിന്റെ ഭരണഘടനയെ കശ്മീരിന്റെ മണ്ണില്‍ ദുര്‍ബലമാക്കുകയും ചെയ്തു, നെഹ്രുവിന്റെ സഹായത്തോടെ ഷേക്ക് അബ്ദുള്ള.
കശ്മീര്‍ പ്രശ്‌നം ഐക്യരാഷ്ട്രസഭയിലെത്തിക്കുക എന്ന, നെഹ്രുവെടുത്ത തെറ്റായ ഒരു തീരുമാനംകൊണ്ട്, കാലങ്ങളോളം രക്തം മണക്കുന്ന ബലിമണ്ണായി നിലനില്ക്കാന്‍ കശ്മീര്‍ എന്ന ഉദ്യാനഭൂമി വിധിഗതമായി. അന്ന് ഐക്യരാഷ്ട്രസഭ വിധിച്ച ഹിതപരിശോധന (Plebisite) നടത്താന്‍ കാലമിത്രയൊക്കെ കടന്നുപോയിട്ടും ഭാരതത്തിനോ പാകിസ്ഥാനോ വിധി പുറപ്പെടുവിച്ച സെക്യൂരിറ്റി കൗണ്‍സിലിനോ കഴിഞ്ഞിട്ടില്ലെന്നുള്ളതാണ് വിചിത്രമായ സത്യം! ഐക്യരാഷ്ട്രസഭയുടെ ഭൂപടത്തില്‍ ഭാരതത്തോടോ പാകിസ്ഥാനോടോ ചേര്‍ന്നല്ല കശ്മീരിന്റെ സ്ഥാനം അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്. അവരുടെ ഭാഷ്യത്തില്‍, ഇന്നും UNMOGIP–യുടെ മേല്‍നോട്ടത്തിലുള്ള ഭൂപ്രദേശമാണത്. United Nations Military Operation Group India Pakistan എന്നതിന്റെ സംക്ഷിപ്തരൂപമാണ് UNMOGIP. പട്ടേലിന്റെ നിര്‍ദ്ദേശം അംഗീകരിച്ചുകൊണ്ട് കേവലം നാല്പത്തെട്ടു മണിക്കൂറുകള്‍ക്കുള്ളില്‍ പൂര്‍ണ്ണവിരാമമിടാന്‍ സാധിക്കുമായിരുന്ന ഒരു പ്രശ്‌നം ദശകങ്ങള്‍ കടന്നുപോയിട്ടും പരിഹരിക്കാനാവാതെ കിടക്കുന്നതിന്റെ ബാധ്യത തീര്‍ച്ചയായും എഴുതിച്ചേര്‍ക്കേണ്ടത് നെഹ്രുവിന്റെ പറ്റുപുസ്തകത്തില്‍ തന്നെയാണ്.
കശ്മീര്‍ പ്രശ്‌നം ഐക്യരാഷ്ട്രസഭയിലെത്തിച്ച നെഹ്രുവിന്റെ നടപടി ഫലം കാണാതെ പോയതിനെക്കുറിച്ച്, പിന്നീട് കേന്ദ്രമന്ത്രിയായി അധികാരമേറ്റ കോണ്‍ഗ്രസ്സുകാരനായ നട്‌വര്‍ സിങ്ങ് ഇങ്ങനെയാണ് അഭിപ്രായം രേഖപ്പെടുത്തിയത്: ‘കശ്മീര്‍ പ്രശ്‌നം, അതിര്‍ത്തിത്തര്‍ക്കങ്ങളും കടന്നുകയറ്റങ്ങളും ചര്‍ച്ചചെയ്യുന്ന, ഐക്യരാഷ്ട്രസഭയുടെ ഏഴാം ചാപ്റ്റര്‍ പ്രകാരമായിരുന്നു യഥാര്‍ത്ഥത്തില്‍ ചര്‍ച്ച ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, ഐക്യരാഷ്ട്രസഭയുടെ സുരക്ഷാകൗണ്‍സിലിലാണ് നെഹ്രു കശ്മീര്‍ പ്രശ്‌നം ഉന്നയിച്ചത്. അതുപോലെത്തന്നെ കശ്മീരില്‍ ജനഹിതപരിശോധന നടത്താമെന്ന അദ്ദേഹത്തിന്റെ വാഗ്ദാനവും വലിയൊരബദ്ധമായിരുന്നു. ആത്യന്തികമായി പറഞ്ഞാല്‍, കശ്മീരിനെ വ്യക്തിപരമായ ഒരു വിഷയമായാണ് നെഹ്രു കൈകാര്യം ചെയ്തത്. 1950 ഡിസംബര്‍ 15-ന് പട്ടേല്‍ മരിച്ചു. പട്ടേല്‍ ചെറുപ്പക്കാരനായിരുന്നുവെങ്കില്‍ കാര്യങ്ങള്‍ വ്യത്യസ്തമാവുമായിരുന്നു.’ (മാതൃഭൂമി 10- 12- 2019. വാരാന്തപ്പതിപ്പ്. ‘അരികെ ആദരവോടെ’ എന്ന ശീര്‍ഷകത്തില്‍ മനോജ് മേനോന്‍ നട്‌വര്‍സിങ്ങുമായി നടത്തിയ അഭിമുഖത്തില്‍).
പണ്ഡിറ്റ് നെഹ്രുവുമായി ആത്മാര്‍ത്ഥബന്ധം പുലര്‍ത്തിയിരുന്ന ആളാണ് നട്‌വര്‍സിങ്ങ്. നെഹ്രുവാണ് നട്‌വര്‍സിങ്ങിനെക്കൊണ്ട് ഐഎഫ്എസ് എടുപ്പിച്ച് വിദേശകാര്യവകുപ്പിലെ ഉയരങ്ങളിലേക്ക് കയറ്റിവിട്ടത്. ആ വിധത്തില്‍ നെഹ്രുവിനോട് കടപ്പാടുള്ള നട്‌വര്‍സിങ്ങ്, നെഹ്രുവിന്റെ അബദ്ധങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അതിലെ വാസ്തവികതയുടെ തിളക്കത്തിന് തീക്ഷ്ണത കൂടുമല്ലൊ.
കശ്മീര്‍ വിഷയത്തില്‍ ഭാരതത്തിന്റെ സേനാധിപന്മാരെക്കാളധികം നെഹ്രു വിശ്വസിച്ചിരുന്നത് വെള്ളക്കാരന്റെ തലച്ചോറിനെയായിരുന്നു എന്ന് സൂക്ഷ്‌മൈകദൃക്കുകള്‍ക്ക് കണ്ടെത്താന്‍ കഴിയും. ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലെ ക്രമസമാധാനപ്രശ്‌നങ്ങള്‍ ആഭ്യന്തരമന്ത്രികൂടിയായിരുന്ന പട്ടേല്‍ പ്രശംസനീയമായി കൈകാര്യം ചെയ്തപ്പോള്‍ കശ്മീര്‍ സ്വന്തം ശ്രദ്ധയില്‍ത്തന്നെ വേണമെന്ന് അദ്ദേഹം ശാഠ്യം പിടിച്ചു. മൗണ്ട് ബാറ്റണ്‍ പ്രഭുവിനോടും ബ്രിട്ടീഷ് ജനറല്‍മാരോടും കൂടിയാലോചിച്ചുകൊണ്ടായിരുന്നുവത്രെ നെഹ്രു കശ്മീരിനു ബാധകമായ പല തീരുമാനങ്ങളും എടുത്തിരുന്നത്. തുടക്കകാലങ്ങളില്‍ കശ്മീരിനെ പാകിസ്ഥാനോടു ചേര്‍ക്കാന്‍ ബ്രിട്ടീഷുകാര്‍ പദ്ധതിയിട്ടിരുന്നുവെന്നും ജമ്മു കശ്മീരിന്റെ ഭാഗമായ ഗില്‍ഗിറ്റ്-ബള്‍ട്ടിസ്താന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ വേണ്ട തന്ത്രങ്ങളും ആയുധങ്ങളും നല്കി ആ നാടിനെ സഹായിച്ചിരുന്നു എന്നുമുള്ള വസ്തുതകള്‍ നാടറിഞ്ഞ ഉണ്മയാണല്ലൊ. അത്തരത്തിലുള്ള ഒരു നാടിന്റെ പ്രതിനിധികളുടെ ഉപദേശം എത്തരത്തിലുള്ളതായിരിക്കുമെന്ന് ഊഹിക്കാന്‍ വലുതായൊന്നും ആയാസപ്പെടേണ്ട ആവശ്യമില്ലല്ലൊ.
കശ്മീര്‍ പ്രശ്‌നം കാരണം പില്‍ക്കാലത്ത് പൊട്ടിപ്പുറപ്പെട്ട രണ്ടു യുദ്ധങ്ങളുടെ പുരാവൃത്തമെഴുതിച്ചേര്‍ക്കാന്‍ ഭാരതത്തിന്റെ ചരിത്രപുസ്തകത്തില്‍ പിന്നെയും താളുകള്‍ ചേര്‍ക്കേണ്ടി വന്നു. താഷ്‌ക്കന്റ് കരാര്‍ ഒപ്പുവെച്ചതിനു ശേഷം ദുരൂഹ പരിതഃസ്ഥിതിയില്‍, ലാല്‍ ബഹാദൂര്‍ ശാസ്ത്രി എന്ന ആത്മാര്‍ത്ഥതയും ദേശസ്‌നേഹവുമുള്ള പ്രധാനമന്ത്രിയെ ഭാരതത്തിനു നഷ്ടപ്പെടാനിടയായതും കശ്മീര്‍പ്രശ്‌നത്തിന്റെ പാര്‍ശ്വഫലം തന്നെയായിരുന്നു.
നെഹ്രു അക്കാലത്ത് പ്രദര്‍ശിപ്പിച്ച കെടുകാര്യസ്ഥതകൊണ്ടുതന്നെയാണ് ജമ്മുവിലെ 85800 ചതുരശ്ര കിലോമീറ്ററോളം മണ്ണ് പാകിസ്ഥാനും, 37244 ചതുരശ്ര കിലോമീറ്ററോളം മണ്ണ് ചൈനയും കൈക്കലാക്കിയത്.
സ്വാതന്ത്ര്യസമ്പാദനവേളയില്‍ ഭാരതത്തിന്, അമേരിക്ക തങ്കത്താമ്പാളത്തില്‍ വെച്ചുനീട്ടിയ ‘യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗത്വം’ എന്ന പിറന്നാള്‍ സമ്മാനവും ഈയവസരത്തില്‍ ചരിത്രാന്വേഷികള്‍ ഓര്‍ത്തെടുക്കേണ്ടിയിരിക്കുന്നു. പ്രസ്തുത അംഗത്വം നിഷേധിച്ച്, ചൈനയ്ക്കു നല്കാന്‍ ഒത്താശ ചെയ്ത നെഹ്രു, താന്‍ ചെയ്യുന്നത് ഒരു വലിയ മണ്ടത്തരമാണെന്ന് അന്ന് തിരിച്ചറിഞ്ഞില്ല. ഇന്ന് ഭീകരവാദത്തിനടക്കം പാകിസ്ഥാനെ പിന്തുണച്ച് ‘ഓശാന’ പാടിക്കൊണ്ട് യു എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ ‘കുഞ്ഞിരാമന്‍’ കളിച്ചുകൊണ്ടിരിക്കുകയാണ് ചൈന. ദീര്‍ഘദര്‍ശനക്കുറവുകൊണ്ട് നെഹ്രു നഷ്ടപ്പെടുത്തിയ ഈ പദവിയൊന്നു മാത്രം മതിയായിരുന്നു കശ്മീര്‍ പ്രശ്‌നത്തിന് നിരന്തരമായ ഒരു പരിഹാരം ഭാരതത്തിന് നിഷ്പ്രയാസം കരഗതമാക്കാന്‍! ഇന്ന്, ഒരിക്കലും ലഭ്യമാവില്ലെന്നുറപ്പുള്ള, ചൈനയുടെ ദാക്ഷിണ്യംകൂടിയുണ്ടെങ്കിലേ ഭാരതത്തിന് കശ്മീര്‍ പ്രശ്‌നത്തിന് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്താനാവുകയുള്ളു എന്നുള്ളതാണ് ദാരുണമായ സത്യം. നെഹ്രു, ഈ വരുംവരായ്കകളെയെല്ലാം അറിഞ്ഞുകൊണ്ടു ചെയ്ത ഒരപരാധമല്ല ഇതെങ്കിലും അക്കാരണംകൊണ്ട് അപരാധം, അപരാധമാവാതാവുകയില്ലല്ലൊ.
പിന്നീട്, 90,000 പട്ടാളക്കാരുടെ തലയ്ക്കു വില പറഞ്ഞുകൊണ്ട് പാക്കധീന കശ്മീര്‍ തിരിച്ചുപിടിക്കാനുള്ള സുവര്‍ണ്ണാവസരം കൈവന്നു കൂടിയിട്ടും സിംലാ കരാറിന്റെ സമയത്ത്, അന്നത്തെ പ്രധാനമന്ത്രിയും നെഹ്രുവിന്റെ പുത്രിയുമായിരുന്ന ഇന്ദിരയും പക്വതയില്ലാത്ത തീരുമാനങ്ങളാണ് കൈക്കൊണ്ടത്. വെറുമൊരു കരാറുകൊണ്ട് പാകിസ്ഥാന്‍, ബംഗ്ലാദേശൊഴികെ തങ്ങള്‍ക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിച്ചു. വാസ്തവത്തില്‍ അന്നത്തെ പാക് ഭരണാധികാരിയായ ഭൂട്ടോയ്ക്കുപോലും ഭാരതത്തോട് നേര്‍ക്കുനേര്‍ നില്‍ക്കാന്‍ ഭയമായിരുന്നു. കശ്മീര്‍, തന്നെ ഒരുപാട് അസ്വസ്ഥനാക്കുന്നുണ്ടെന്നും യുദ്ധത്തിലൂടെ കശ്മീര്‍ പിടിച്ചെടുക്കുക എന്നുള്ളത് അത്യാഗ്രഹിയുടെ പകല്‍ക്കിനാവുപോലെ അസാധ്യമാണെന്നും 1971-ല്‍ ഭൂട്ടോ അഭിപ്രായപ്പെട്ടിരുന്നു. കശ്മീരികളുടെ അവകാശങ്ങള്‍ക്കുവേണ്ടി നമുക്ക് പൊരുതാനാവില്ലെന്ന് താന്‍ പാകിസ്ഥാനില്‍ ഒരുപാട് തവണ പറഞ്ഞിട്ടുണ്ടെന്നും അഭിപ്രായ വോട്ടെടുപ്പ് അതിനൊരു പരിഹാരമാണെങ്കിലും സമ്മര്‍ദ്ദത്തിലൂടെ അങ്ങനെയൊന്ന് പ്രാവര്‍ത്തികമാക്കാന്‍ പ്രയാസമാണെന്നും അതേ വര്‍ഷംതന്നെ ഭൂട്ടോ ഇന്ദിരാഗാന്ധിയോടു പറഞ്ഞതായി രാഷ്ട്രീയ നിരീക്ഷകര്‍ രേഖപ്പെടുത്തിയിട്ടുണ്ട് (Indira Gandhi: The Emergency And Indian Democracy-PN.Dhar).
ഈ യുദ്ധത്തില്‍ ഭാരതം പിടിച്ചെടുത്തിന്റെ മൂന്നില്‍ രണ്ടുഭാഗവും ഭാരതത്തിനു തന്നെ വിട്ടുതരാന്‍ തയ്യാറായിക്കൊണ്ടാണ് ഭൂട്ടോ സിംലാ കരാര്‍ ചര്‍ച്ചയ്‌ക്കെത്തിയതെന്ന് 1972 ജൂലായ് മൂന്നാം തീയതി കരാറിലൊപ്പിട്ട ശേഷം ഭൂട്ടോയെ ചുറ്റിപ്പറ്റിയുള്ള വിശ്വസ്തവൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. കശ്മീരിന്റെ ജനസംഖ്യയിലെ അഞ്ചില്‍ നാലു ഭാഗവും ജീവിക്കുന്നത് ഇവിടെയാണെന്നോര്‍ക്കണം.
Political And Business Weekly യുടെ 1995 മെയ് 15 ലക്കത്തില്‍ ഗോഹര്‍ എഴുതിയ, ‘Mr Bhuto Fooled Your PM’ എന്ന ലേഖനത്തില്‍, ‘എങ്ങനെയാണ് താങ്കള്‍ ഇന്ദിരയെപ്പോലെ ധാര്‍ഷ്ട്യമുള്ള ഒരു നേതാവിന്റെ കയ്യില്‍ നിന്ന് പകരമായൊന്നും നഷ്ടപ്പെടുത്താതെ ഇത്രയും വലിയ, ഏറെക്കുറെ തൊണ്ണൂറായിരത്തോളം വരുന്ന പട്ടാളത്തടവുകാരെ നിഷ്പ്രയാസം രക്ഷപ്പെടുത്തി കൊണ്ടുപോയതെ’ന്ന ഒരു പത്രപ്രതിനിധിയുടെ ചോദ്യത്തിന്, ‘അടയിരിക്കുന്ന പക്ഷി അറിയാതെ അത് ചൂടു കൊടുത്തുകൊണ്ടിരിക്കുന്ന മുട്ടകള്‍ തോണ്ടിയെടുക്കാനുള്ള വിരല്‍വഴക്കമുള്ള വ്യക്തിയാണ് യഥാര്‍ത്ഥ രാഷ്ട്രീയക്കാരന്‍’ എന്നു ഭൂട്ടോ മറുപടി പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്. കശ്മീര്‍ വിഷയത്തില്‍ നെഹ്രുവിന്റെ പുത്രിയായ ഇന്ദിരാഗാന്ധിക്കു പിണഞ്ഞ അതിരുകളില്ലാത്ത രാഷ്ട്രീയാബദ്ധത്തിന്റെ യഥാര്‍ത്ഥപരിച്ഛേദം ഭൂട്ടോയുടെ ഈ പ്രസ്താവനയില്‍ നിലീനമായിക്കിടക്കുന്നുണ്ടല്ലൊ.
1980-കളുടെ അവസാന കാലഘട്ടത്തില്‍ ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിക്ക് ചൈന ഇജഋഇ എന്നു പേരു ചാര്‍ത്തി പദ്ധതികളൊരുക്കുമ്പോള്‍ പാകിസ്ഥാനു മുമ്പില്‍ ആ നാട് അവതരിപ്പിച്ച ഒരഭ്യര്‍ത്ഥന ഇതോടു ചേര്‍ത്തു വേണം വായിക്കാന്‍. പാക് അധിനിവേശ കശ്മീര്‍ ഒന്നുകില്‍ ചൈനയ്ക്ക് കൈമാറുക. അല്ലെങ്കില്‍ അതൊരിക്കലും നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുക. അതുമല്ലെങ്കില്‍, ഇന്ത്യയുടെ കശ്മീരിനെക്കുടി അടര്‍ത്തിയെടുത്തു സ്വന്തമാക്കി ഭാരതത്തിന് CPEC മേഖലയെ അപ്രാപ്യമാക്കിത്തീര്‍ക്കുക എന്നുള്ളതൊക്കെയായിരുന്നു ചൈന അന്ന് പാകിസ്ഥാനു കൊടുത്ത നിര്‍ദ്ദേശങ്ങള്‍. അതിനുവേണ്ടി കശ്മീരിന്റെ മണ്ണില്‍ത്തന്നെ ചില വിഘടനവാദികള്‍ക്ക് ധനസഹായം നല്കി നിരന്തരം ഭാരതത്തിന് തലവേദന സൃഷ്ടിക്കാനും ചൈനയ്ക്കു കഴിഞ്ഞു. പാകിസ്ഥാന്‍ നിയമവിരുദ്ധമായി കയ്യടക്കിവച്ചിരിക്കുന്ന ഭാരതത്തിന്റെ മണ്ണായ ബള്‍ട്ടിസ്ഥാന്‍-ഗില്‍ജിത്ത് മേഖലയിലൂടെ വേണം ചൈനയ്ക്ക് ഈ ഇടനാഴിയിലേക്ക് പ്രവേശിക്കാന്‍. 1959-79 കാലഘട്ടത്തില്‍ ചൈന നിര്‍മ്മിച്ച കാരക്കോരം ഹൈവേ പദ്ധതിക്ക് പുനര്‍ജ്ജീവന്‍ കൊടുത്ത് അതിനെ ചൈനാ-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ ഭാഗമാക്കാനുള്ള കഠിനപ്രയത്‌നത്തില്‍ വ്യാപൃതമാണ് ചൈന. പാക്കധിനിവേശ കശ്മീര്‍ ഇന്ത്യക്ക് തിരിച്ചു ലഭിച്ചാല്‍ പാക് അധീന കശ്മീരിലൂടെ ചൈന പദ്ധതിയിട്ട സര്‍വ്വ പദ്ധതികളും പൊളിഞ്ഞു പാളീസാവും എന്ന ഭയമാണ് ഇങ്ങനെയൊരു നിര്‍ദ്ദേശത്തിന് ചൈനയെ പ്രേരിപ്പിച്ചത്.
1947-ല്‍ ഭാരതം സ്വതന്ത്രമായപ്പോള്‍, അന്നത്തെ നേപ്പാള്‍ പ്രധാനമന്ത്രിയായിരുന്ന മാതൃകാപ്രസാദ് കൊയ്‌രാള തന്റെ രാജ്യത്തെ ഹൈന്ദവസംസ്‌കാരത്തിന്റെ പൈതൃകഭൂമിയായ ഭാരതത്തോടു ചേര്‍ക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. സ്വാതന്ത്ര്യം ലഭിച്ച ഉടനെത്തന്നെ അതിര്‍ത്തികള്‍ വിസ്താരപ്പെടുത്താന്‍ ശ്രമിക്കുന്ന ദുരാഗ്രഹിയായി ലോകനേതാക്കള്‍ തന്നെ വിലയിരുത്തുമെന്നു ഭയന്ന് ആ അവസരവും നഷ്ടപ്പെടുത്തുകയാണ് നെഹ്രു ചെയ്തത്.
അന്ന് സ്വല്പം രാഷ്ട്രീയദീര്‍ഘദൃഷ്ടിയും രാജ്യതന്ത്രവും നെഹ്രു പ്രദര്‍ശിപ്പിച്ചിരുന്നുവെങ്കില്‍ ഇന്ന് ഭാരതത്തിനെതിരായുള്ള ചൈനയുടെ കുതന്ത്രങ്ങളുടെ വിളവെടുപ്പുഭൂമിയായി നേപ്പാളെന്ന ഹൈന്ദവഭൂമി മറുപിറവിെയടുക്കുമായിരുന്നില്ല. പാകിസ്ഥാനും ചൈനയും നല്കുന്ന ചെറുതും വലുതുമായ സഹായങ്ങള്‍ കൈപ്പറ്റാന്‍ വേണ്ടി, ചൈനയുടെ മാവോയിസ്റ്റ് കുതന്ത്രങ്ങള്‍ പയറ്റുന്ന നേപ്പാള്‍ ഇന്ന് ഭാരതത്തിനെതിരെ തിരിയാന്‍ മടി കാണിക്കുന്നില്ലെന്നുള്ളതാണ് വാസ്തവം ആ രാജ്യം മാവോയിസ്റ്റുകളുടെ വരുതിയിലായതിനു ശേഷം, ഭാരതത്തില്‍നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന സകല അനുകൂല്യങ്ങളുടെയും സുഖം നുകര്‍ന്നുകൊണ്ട് നമ്മുടെ ശത്രുരാജ്യമായ ചൈനയോട് വളരെ പരസ്യമായിത്തന്നെ കൂറു പുലര്‍ത്തുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.
ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ നേപ്പാള്‍ പ്രതിജ്ഞാബദ്ധമാണെന്ന് 2022 ഡിസംബറില്‍ അധികാരത്തിലെത്തിയ നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പക മല്‍ ദഹല്‍, അക്കാലത്ത് നേപ്പാള്‍ സന്ദര്‍ശനത്തിനെത്തിയ ചൈനീസ് പ്രതിരോധമന്ത്രി ചാങ് വാന്‍ ക്വാനുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞിരുന്നതോര്‍ക്കുക. ഒറ്റച്ചൈനാനയത്തെ നേപ്പാള്‍ മാനിക്കുന്നതായും അന്ന് പുഷ്പക പറഞ്ഞിരുന്നുവെന്നതും നേപ്പാളിന്റെ പ്രായേണയുള്ള ചൈനീസ് ചായ്‌വിനുള്ള തെളിവുകളെ ബലപ്പെടുത്തുന്നുണ്ട്.
ഏഷ്യയെ യൂറോപ്പും ആഫ്രിക്കയുമായി ബന്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട്, പഴയ സില്‍ക്ക് പാതയും ജലപാതയും പുനരുജ്ജീവിപ്പിക്കാനുള്ള ചൈനയുടെ സംവിധാനമായ ‘വണ്‍ വേ വണ്‍ ബെല്‍റ്റ്’ പദ്ധതിയില്‍ ഭാഗമാവാന്‍ നേപ്പാള്‍ താല്പര്യം പ്രകടിപ്പിച്ചതായും പത്രറിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പോരാത്തതിന്, ഭാരതത്തിനകത്തുള്ള ഛിദ്രശക്തികള്‍ക്കായുള്ള കള്ളനോട്ടുകളുടെയും മയക്കുമരുന്നിന്റെയും ആയുധങ്ങളുടെയും പ്രവാഹത്തിന്റെ സുരക്ഷിതമായ ഇടനാഴിയായും വര്‍ത്തിക്കുന്നുണ്ട് ഇന്ന് നേപ്പാള്‍. നേപ്പാളിന്റെയും ചൈനയുടെയും പിന്തുണയോടെ ഇന്ത്യന്‍ മാവോയിസ്റ്റുകള്‍ നമ്മുടെ ജന്മഭൂമിക്ക് ഇന്ന്, നിരന്തരം ഭീഷണികള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. മാതൃകാപ്രസാദ് കൊയ്‌രാളയുടെ അഭ്യര്‍ത്ഥന സ്വീകരിച്ചുകൊണ്ട്, സീതാദേവിയുടെ ജന്മംകൊണ്ട് ഭാരതീയസാംസ്‌ക്കാരികസ്പന്ദങ്ങളുടെ അനുരണനങ്ങളുള്ള നേപ്പാളെന്ന സുകൃതഭൂമിയെ ഭാരതത്തോടു ചേര്‍ക്കാനുള്ള ആര്‍ജ്ജവം നെഹ്രു അന്ന് പ്രദര്‍ശിപ്പിച്ചിരുന്നുവെങ്കില്‍ ഇന്ന് നമ്മുടെ മണ്ണിന്റെ സുരക്ഷയുടെ കഥതന്നെ മറ്റൊന്നാകുമായിരുന്നു.
(തുടരും)