500 വര്‍ഷത്തിലേറെ പഴക്കമുള്ള തര്‍ക്കത്തിന് സര്‍വ്വസമ്മതിയോടുകൂടിയ ശുഭകരമായ പരിസമാപ്തി നിയമചരിത്രത്തില്‍ തന്നെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ അനുഭവമാണ്. സുപ്രീംകോടതിയുടെ 1045 പേജുള്ള വിധി തന്നെ പറയുന്നത്. ”ഇന്ത്യ എന്ന ആശയത്തോളം പഴക്കമുള്ള ഒരു തര്‍ക്കത്തിന് പരിഹാരം കണ്ടെത്തുക എന്ന ദൗത്യം” ആണ് തങ്ങള്‍ ഏറ്റെടുത്തത് എന്നാണ്. ഇത്രയും വിവാദം നിറഞ്ഞ ഒരു കേസ്സില്‍ അഞ്ചംഗ ബെഞ്ച് ഐകകണ്‌ഠേ്യന വിധി പ്രസ്താവിച്ചുവെന്നത് സുപ്രീംകോടതിക്ക് അഭിമാനിക്കാവുന്ന നിമിഷങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്. ഈ വിധി ഐകകണ്‌ഠ്യേന രൂപപ്പെടുത്താന്‍ കഴിഞ്ഞതിന്റെ നായകന്‍ എന്ന നിലയില്‍ ചരിത്രത്തിലേക്ക് നടന്നു കയറിയിരിക്കുകയാണ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി.
അന്തിമവിധി വിശദമായി ഇങ്ങിനെയാണ്:
1. മൂന്ന് മാസത്തിനകം കേന്ദ്രസര്‍ക്കാര്‍ 1993ലെ അയോദ്ധ്യാ നിയമപ്രകാരം ഒരു പദ്ധതിക്കു രൂപം നല്കണം. അതനുസരിച്ച് ഒരു ട്രസ്റ്റോ, സമാനമായ ഏതെങ്കിലും സ്ഥാപനമോ ഉണ്ടാക്കണം. അതിനുള്ള ഭരണ ട്രസ്റ്റ്‌ബോര്‍ഡും ഉണ്ടാക്കണം. അതില്‍ അന്യായം തള്ളിപ്പോയ നിര്‍മോഹി അഖാഡക്കും പ്രാതിനിധ്യം വേണം. പദ്ധതിയില്‍ ട്രസ്റ്റിന്റെ ഭരണക്രമം, അധികാരങ്ങള്‍, ക്ഷേത്ര നിര്‍മ്മാണ പദ്ധതി, അനുബന്ധമായ മറ്റു കാര്യങ്ങള്‍ എന്നിവ വ്യക്തമാക്കണം.
2. തര്‍ക്കസ്ഥലത്തിന്റെ ഉള്‍വശവും, പുറവും മുറ്റവും (1,500 സ്‌ക്വയര്‍ യാര്‍ഡ് അഥവാ 0.309 ഏക്കര്‍) ട്രസ്റ്റിന് കൈമാറണം. 1993ലെ നിയമപ്രകാരം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്തു ബാക്കി വരുന്ന സ്ഥലം പദ്ധതി പ്രകാരം കേന്ദ്രസര്‍ക്കാരിന് ട്രസ്റ്റിന് കൈമാറാം. ട്രസ്റ്റ് രൂപീകരിച്ച ശേഷം സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നത് വരെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ച നിലവിലുള്ള റിസീവര്‍ക്കു തര്‍ക്ക സ്ഥലങ്ങള്‍ കൈവശം വയ്ക്കാം.
3. പകരമായി സുന്നി കേന്ദ്ര വഖഫ് ബോര്‍ഡിന് അനുയോജ്യമായ അഞ്ച് ഏക്കര്‍ സ്ഥലം നിശ്ചിത കാലാവധിക്കുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ അയോദ്ധ്യക്കുള്ളില്‍ പ്രധാനപ്പെട്ട സ്ഥലത്തോ, അല്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ 1993ല്‍ ഏറ്റെടുത്ത ഭൂമിയിലോ നല്ക ണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം കൂടിയാലോചിച്ചു ഇത് ചെയ്യേണ്ടതാണ്. സുന്നി വഖഫ് ബോര്‍ഡിന് യുക്തമായ രീതിയില്‍ അതില്‍ പള്ളി പണിയാം. ഭരണഘടനയിലെ 142 വകുപ്പനുസരിച്ചുള്ള സുപ്രീംകോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചുകൊണ്ടാണ് ഇപ്രകാരം ഉത്തരവിട്ടത്.
4. ആദ്യത്തെ കേസ് ഫൈസാബാദ് കോടതിയില്‍ 1950ല്‍ ഫയല്‍ ചെയ്ത ഗോപാല്‍ സിംഗ് വിശാരദ് 33 വര്‍ഷം മുമ്പു മരിച്ച ശേഷം കേസ് തുടര്‍ന്നു നടത്തിയ മകന്‍ രാജേന്ദ്ര സിംഗിന് തര്‍ക്കഭൂമിയില്‍ ആരാധന നടത്താനുള്ള അവകാശവും സുപ്രീംകോടതി അനുവദിച്ചു.
5. നിര്‍മോഹി അഖാഡ 12 വര്‍ഷം വൈകി നല്കിയ അന്യായം കാലഹരണപ്പെട്ടതായി കണക്കാക്കി സുപ്രീംകോടതി തള്ളിക്കളഞ്ഞു. മറ്റ് കേസുകള്‍ കാലഹരണപ്പെട്ടിട്ടില്ലെന്നും സുപ്രീം കോടതി വിധിച്ചു.
തര്‍ക്ക സ്ഥലം അയോദ്ധ്യയിലെ കോട് രാമചന്ദ്ര അഥവാ രാംകോട് എന്ന വില്ലേജില്‍ ഉള്‍പ്പെടുന്നു. തര്‍ക്കസ്ഥലം നടുമുറ്റമെന്ന് പറയുന്ന ഭാഗം മാത്രമാണ്. ശിവശങ്കര്‍ലാല്‍ എന്ന ആളാണ് കമ്മീഷണര്‍ ആയി ആ സ്ഥലത്തിന്റെ മുഴുവന്‍ വിവരവും ഉള്‍ക്കൊള്ളുന്ന പ്ലാന്‍ തയ്യാറാക്കിയത്. അയോദ്ധ്യയില്‍ വിക്രമാദിത്യന്‍ പണിതതാണ് രാമക്ഷേത്രമെന്നാണ് കരുതപ്പെടുന്നത്. 1949 ല്‍ രാമവിഗ്രഹം പ്രത്യക്ഷപ്പെട്ട സമയത്തെ മജിസ്‌ട്രേറ്റ് ആയിരുന്ന മലയാളി കെ. കെ. നായര്‍ പിന്നീട് ഭാരതീയ ജനസംഘത്തിന്റെ സ്ഥാനാര്‍ത്ഥിയായി ലോക്‌സഭയിലേക്ക് മത്സരിച്ചു ജയിച്ചുവെന്നും സുന്നി ബോര്‍ഡ് കോടതിയില്‍ ആരോപിച്ചു. വിഗ്രഹം നീക്കം ചെയ്യാന്‍ മുകളില്‍ നിന്നും ആവശ്യപ്പെട്ടപ്പോള്‍, കെ. കെ. നായര്‍ തന്നെ മാറ്റി വേറെ ഉദ്യോഗസ്ഥനെ നിയമിക്കാനാണ് മറുപടി നല്കിയത്. പിന്നീട് മറ്റൊരു മജിസ്‌ട്രേറ്റ് ആണ് തര്‍ക്ക സ്ഥലം റിസീവര്‍ ഭരണത്തിനു കൈമാറിയത്.
1950 നും 1989 നും ഇടയില്‍ ഫയല്‍ ചെയ്ത 4 കേസുകളില്‍ അലഹബാദ് ഹൈക്കോടതി വിശദമായ തെളിവെടുത്ത് വാദം കേട്ടു. ക്ഷേത്രസ്ഥലത്ത് കാലാകാലങ്ങളായി ആചാരങ്ങള്‍ അനുഷ്ഠിച്ചുവന്നിരുന്നത് തന്റെ പൂര്‍വികരാണ് എന്ന് ആദ്യകേസ് ഫയല്‍ ചെയ്ത ഗോപാല്‍ സിങ് വിശാരദ് അവകാശമുന്നയിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഈ തര്‍ക്കത്തില്‍ തങ്ങള്‍ക്ക് യാതൊരു താല്പര്യവുമില്ലെന്ന് കോടതിയില്‍ പ്രസ്താവിച്ചു. മറ്റ് ഹിന്ദുക്കളുടെ വാദങ്ങളില്‍ നിന്നും വ്യത്യസ്തമായാണ് നിര്‍മോഹി അഖാഡ വാദങ്ങളുയര്‍ത്തിയത്. ശ്രീരാമന്റെ ജന്മഭൂമിയായ സ്ഥലത്തിന് നിയമപരമായ വ്യക്തിത്വമുണ്ടെന്ന് കണക്കാക്കുന്നത് അവര്‍ ചോദ്യംചെയ്തു. ഒടുവില്‍ അലഹബാദ് ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാര്‍ 4304 പേജുള്ള 3 വിഭിന്ന വിധികളാണ് പുറപ്പെടുവിച്ചത്. ഈ വിധികള്‍ പ്രകാരം നിര്‍മോഹി അഖാഡ, രാംലല്ല വിരാജ്മാന്‍ വിഗ്രഹം (ശ്രീരാമന്റെ ബാല്യ രൂപം), സുന്നി മുസ്ലിം വഖഫ് ബോര്‍ഡ് എന്നിവര്‍ക്ക് തര്‍ക്ക സ്ഥലം തുല്യം മൂന്നായി വിഭജിച്ചു നല്കി. എന്നാല്‍ സുപ്രീംകോടതി ഇതിലെ തെറ്റ് ചൂണ്ടിക്കാട്ടി പറഞ്ഞു, നിര്‍മോഹി അഖാഡയുടെയും, സുന്നി വഖഫ് ബോര്‍ഡിന്റെയും കേസുകള്‍ തള്ളിയ ഹൈക്കോടതി അവര്‍ക്ക് തര്‍ക്ക സ്ഥലം ഭാഗിച്ചു നല്കുന്നത് സാമാന്യ നിയമത്തിന് എതിരാണ്. ഇതൊരു ഭാഗക്കേസായി കണക്കാക്കി തീര്‍പ്പാക്കേണ്ട ഒന്നല്ല. മാത്രമല്ല, കേവലം 1500 സ്‌ക്വയര്‍ യാര്‍ഡ് മൂന്നായി ഭാഗിക്കുക ആശാസ്യമല്ല. അതൊരു ശാശ്വത പരിഹാരവുമാകില്ല. മാത്രവുമല്ല ആ സ്ഥലത്തിന്റെ സ്വഭാവവും സുപ്രീംകോടതി വിശദീകരിച്ചു- സ്ഥലത്തിന്റെ പവിത്രത മൂലം അത് ഒന്നിച്ചു മാത്രമേ കേസില്‍ പരിഗണിക്കാനാകൂ.
സുന്നി ബോര്‍ഡിന്റെ വാദം, അയോദ്ധ്യയില്‍ ക്ഷേത്രമുണ്ടെങ്കില്‍ തന്നെ സ്ഥലവും കൈവശവും വഖഫിന് ലഭിച്ചതിനാല്‍ ഇസ്ലാമിക നിയമപ്രകാരം സ്ഥലത്തിലുള്ള അവകാശം നഷ്ടപ്പെടില്ലെന്നായിരുന്നൂ. എന്നാല്‍ സുപ്രീംകോടതി തെളിവുകള്‍ പരിശോധിച്ച ശേഷം കണ്ടെത്തിയത്, 1528നും 1857നും ഇടയില്‍ അവിടെ പള്ളിയില്‍ ആരാധന നടത്തിയതായോ, മുസ്ലിംകള്‍ കൈവശം വച്ചതായോ, വഖഫിന് നല്കിയതായോ യാതൊരു തെളിവുമില്ല എന്നാണ്. സുന്നി വഖഫ് ബോര്‍ഡ് പള്ളി പണിതത് പതിനാറാം നൂറ്റാണ്ടിലാണെന്ന് വാദിച്ചുവെങ്കിലും, പത്തൊന്‍പതാം നൂറ്റാണ്ടു വരെ മുസ്ലിംകളുടെ കൈവശമാണെന്ന് കാണിക്കാന്‍ യാതൊരു തെളിവും ഹാജരാക്കാന്‍ കഴിഞ്ഞില്ല. ബാബരി മസ്ജിദ് പണിതത് ബാബറാണെന്നും, അമീര്‍ മിര്‍ബാകിയാണെന്നും, ഒരു ഖാന്‍ ആണെന്നും, ഔറംഗസീബ് ആണെന്നും പലവിധ പരാമര്‍ശങ്ങളാണ് പല ഗ്രന്ഥങ്ങളില്‍ കാണുന്നത്. അലഹബാദ് ഹൈക്കോടതിയിലെ ജഡ്ജി എസ്. യു. ഖാന്‍ കണ്ടെത്തിയത്: ”പള്ളി പണിയുവാന്‍ ഉത്തരവ് നല്കിയതായി പറയപ്പെടുന്ന ബാബറിന്റെതാണ് ഭൂമി എന്നു തെളിയിക്കാന്‍ മുസ്ലിങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല” എന്നാണ്. എന്നാല്‍ വിധിന്യായത്തിന്റെ ഒടുവില്‍ നേരെ തിരിച്ചും അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്. അതേസമയം 18-19 നൂറ്റാണ്ടുകളിലെ സഞ്ചാരികളുടെ യാത്രാവിവരണത്തില്‍ അത് ഹിന്ദു ആരാധനാ കേന്ദ്രമായിട്ടാണ് വിശദമായി രേഖപ്പെടുത്തിയിട്ടുള്ളത്.
ഹിന്ദുക്കളുടെ അവകാശം സ്ഥാപിച്ചെടുത്തത് വിശ്വാസത്തിന്റെയും, സഞ്ചാരികളുടെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലും, പുരാവസ്തു ഗവേഷണ വകുപ്പിന്റെ ഖനനതെളിവുകളുടെ അടിസ്ഥാനത്തിലും ആണ്. തെളിവുകള്‍ പരിശോധിക്കുമ്പോള്‍ സാധ്യതകളുടെ ബാഹുല്യം വിരല്‍ ചൂണ്ടുന്നത് തര്‍ക്കവസ്തു ഹിന്ദുക്കളുടെ കൈവശാവകാശത്തിലായിരുന്നു എന്നതിലേക്കാണ് എന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചത്. ഇക്കാര്യത്തില്‍ ഹിന്ദുഭാഗത്തു നിന്നുള്ള തെളിവുകള്‍ മുസ്ലിംഭാഗത്തു നിന്നുള്ള തെളിവുകളേക്കാള്‍ കൂടുതല്‍ ഉയര്‍ന്നു നില്ക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി വിധി വായിച്ചപ്പോള്‍ എടുത്തു പറഞ്ഞു.
വര്‍ഷം 1857 തെളിവിന്റെ കാര്യത്തില്‍ വളരെ പ്രധാനപ്പെട്ടതായി കോടതി വിലയിരുത്തി. ആ വര്‍ഷം നീഹാന്ത് സിങ് എന്നയാള്‍ അവിടെ പൂജ നടത്തിയതിന്റെ പേരില്‍ ഹിന്ദു-മുസ്ലിം ലഹള ഉണ്ടായി. അതേക്കുറിച്ച് താനെദാരുടെ 28-11-1958 ലെ റിപ്പോര്‍ട്ടും തെളിവായി കോടതിക്ക് മുമ്പിലെത്തി. ആ റിപ്പോര്‍ട്ടിെന്റ നിയമസാധുത കക്ഷികള്‍ ചോദ്യം ചെയ്തിട്ടില്ല. ആ റിപ്പോര്‍ട്ടില്‍ നൂറു കണക്കിനു വര്‍ഷങ്ങളായി അവിടെ ഹിന്ദുക്കള്‍ രാമജന്മസ്ഥാനമായി കണക്കാക്കി പൂജ നടത്തിവരുന്നുവെന്ന് പറയുന്നുണ്ട്. തര്‍ക്കം ഉണ്ടായത് മൂലമാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ വസ്തുവില്‍ മുസ്ലിം-ഹിന്ദു പ്രവേശനങ്ങളെ വേര്‍തിരിച്ചു ക്രമസമാധാനനില പാലിക്കാന്‍ ഒരു ഇരുമ്പ് വേലി കെട്ടി തിരിച്ചത്.
പുരാവസ്തു ഗവേഷണ സര്‍വെ വകുപ്പിന്റെ ഖനന തെളിവുകള്‍ വെളിച്ചത്തുകൊണ്ടുവന്നത് പള്ളി പണിതത് വെറുംപറമ്പില്‍ അല്ല; മറിച്ച്, മിനാരങ്ങള്‍ക്ക് താഴെ ഇസ്ലാമികമല്ലാത്ത തൂണുകളും മറ്റുമാണ് ഉള്ളത് എന്നാണ്. അവ ഹിന്ദു ക്ഷേത്രഭാഗങ്ങളാകാനേ കഴിയൂ. എന്നാല്‍ ഇതിനെ അടിസ്ഥാനമാക്കി മാത്രം ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്ന് കരുതാനാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. വസ്തുവിന്റെ ഉടമസ്ഥാവകാശം ഖനന തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം തീരുമാനിക്കുക സാധ്യമല്ല എന്നും സുപ്രീംകോടതി പറഞ്ഞു.
18-19 നൂറ്റാണ്ടുകളിലെ സഞ്ചാരികളായ ജസ്യൂട്ട് സഭാ വൈദികന്‍ ജോസഫ് തീഫെന്തലര്‍, ബ്രിട്ടീഷ് സര്‍വേയര്‍ റോബര്‍ട്ട് മോണ്ട്‌ഗോമെറി മാര്‍ട്ടി ന്‍ എന്നിവര്‍ തര്‍ക്കസ്ഥലത്തു വലിയതോതില്‍ ഹിന്ദുക്കള്‍ ആരാധന നടത്തുന്നതായി എഴുതിയിട്ടുണ്ട്. അയിനി അക്ബരി രാമനുമായും, ചൈത്ര ആഘോഷവുമായും ബന്ധപ്പെടുത്തിയാണ് അയോദ്ധ്യയെ വിശേഷിപ്പിക്കുന്നത്. ഫഹറെര്‍ 1889 ലെ ”ജൌണ്‍പൂരരിലെ ഷാര്‍ക്കി വാസ്തുവിദ്യ” എന്ന കൃതിയില്‍ ”ബാബരിമസ്ജിദ്,രാമക്ഷേത്രത്തിന്റെ” അവശിഷ്ടങ്ങള്‍ ഉപയോഗിച്ചാണ് ഉണ്ടാക്കിയതെന്ന് പറയുന്നുണ്ട്.
ശ്രീരാമന്‍ ജനിച്ച സ്ഥലത്തല്ലാതെ മറ്റെവിടെയാണ് രാമക്ഷേത്രത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം ഉള്ളത്? ഇതിനുള്ള ഉത്തരമാണ് ചരിത്രം കുറിച്ച അയോദ്ധ്യാ വിധി. ഇത് കേവലം ഒരു ഭൂമി തര്‍ക്കം മാത്രമാണെന്നാണ് കോടതി ആവര്‍ത്തിച്ചു പറഞ്ഞിരുന്നത്. വിശ്വാസം, ജനങ്ങളുടെ അഭിലാഷങ്ങള്‍ എന്നിവയോട് യോജിക്കുന്ന വിധത്തിലും, എന്നാല്‍ അവയൊന്നും സ്വാധീനിക്കാതെയും, കേവലം നിയമത്തിന്റെ, പ്രത്യേകിച്ചു തെളിവ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ മതേതര കോടതി പടുത്തുയര്‍ത്തിയ വിധി എന്നു പലരും വിശേഷിപ്പിക്കുന്നു. എന്നാല്‍ അത് പൂര്‍ണമായും ശരിയാണോ? ”കോടതി ഭൂമിയുടെ ഉടമസ്ഥാവകാശം വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല മറിച്ചു തെളിവിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കുമെന്ന്” പറഞ്ഞുവെങ്കിലും ഒടുവില്‍ ആത്യന്തികമായി ഹിന്ദുക്കളുടെ വിശ്വാസത്തിന്റെ പക്ഷത്തേക്ക് പോകുകയാണ് ചെയ്തത്. ഒരിക്കല്‍ വിശ്വാസം യഥാര്‍ത്ഥമാണെന്ന് ബോധ്യപ്പെട്ടാല്‍ പിന്നെ ആ വിശ്വാസം യുക്തിപൂര്‍ണമാണോ എന്നു കോടതിക്ക് പരിശോധിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഏഴംഗ സുപ്രീം കോടതി ബെഞ്ചിലേക്കു റഫര്‍ ചെയ്യപ്പെട്ട ശബരിമല കേസിലും ഈ നിയമസ്ഥിതിയാണ് നിര്‍ണായകമാകാന്‍ പോകുന്നത്.
സുപ്രീംകോടതിയില്‍ ഉയര്‍ന്ന വിശ്വാസവുമായി ബന്ധപ്പെട്ട ഒരു സുപ്രധാന ചോദ്യം രാമന്‍ ജനിച്ചത് അയോദ്ധ്യയിലാണെന്നത് തര്‍ക്കമറ്റതാണെങ്കിലും, രാമന്‍ തര്‍ക്കത്തിലുള്ള സ്ഥലത്താണ് ജനിച്ചതെന്നതിന് എന്തു തെളിവാണ് ഉള്ളത് എന്നതായിരുന്നു. വിധിന്യായത്തിന്റെ പരിശിഷ്ടത്തില്‍ രാമന്‍ ജനിച്ചത് തര്‍ക്ക സ്ഥലത്തു തന്നെയാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം നല്കുന്നുണ്ട്: ”കേസിലെ തെളിവുകള്‍ സാക്ഷ്യപ്പെടുത്തുന്നത് ഹിന്ദുക്കളുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്ന തരത്തില്‍ ശ്രീരാമന്റെ ജന്മസ്ഥാനത്ത് തന്നെയാണ് പള്ളി പണിതിട്ടുള്ളത് എന്നാണ്. മൂന്നു മിനാരങ്ങളുള്ള കെട്ടിടം തന്നെയാണ് രാമന്‍ ജനിച്ച സ്ഥലം.” ഹൈക്കോടതിയില്‍ വിസ്തരിച്ച സാക്ഷികള്‍ ഭഗവാന്‍ രാമന്‍ അയോദ്ധ്യയിലെ തര്‍ക്ക സ്ഥലത്തു തന്നെയാണ് ജനിച്ചതെന്ന് തീര്‍ത്തും വിശ്വസിച്ചിരുന്നതായി സുപ്രീംകോടതി പറഞ്ഞു. ക്ഷേത്രത്തിന് മുകളില്‍ പണിതുയര്‍ത്തിയ മിനാരങ്ങളില്‍ നടുവിലുള്ളതിന് താഴെയാണ് രാമലല്ല വിഗ്രഹമുള്ള ഗര്‍ഭഗൃഹമെന്നവര്‍ പറഞ്ഞു. തര്‍ക്കത്തിലുള്ള സ്ഥലത്തിന് അടുത്തുള്ള സീതാ രസോയി, ചബൂത്ര, ഭണ്ഡാര്‍ഗൃഹം എന്നിവയെല്ലാം ഒരു കാലത്തും തര്‍ക്കത്തിന്റെ ഭാഗമായിട്ടില്ല.
രാംലല്ല വിരാജ്മാന്‍ വിഗ്രഹം നിയമത്തിന്റെ ദൃഷ്ടിയില്‍ ഒരു പ്രായപൂര്‍ത്തിയാകാത്ത വ്യക്തിക്കു തുല്യമായി സുപ്രീംകോടതി പ്രഖ്യാപിച്ചു. വിഗ്രഹത്തിന് വേണ്ടി അഭ്യുദയകാംക്ഷി എന്ന നിലയില്‍ കേസ് ഫയല്‍ ചെയ്തത് അലഹബാദ് ഹൈക്കോടതിയിലെ ഒരു റിട്ടയേഡ് ജഡ്ജിയാണ്. എന്നാല്‍ രാമജന്മഭൂമിയെ അപ്രകാരം പ്രഖ്യാപിക്കാനുള്ള സീനിയര്‍ അഭിഭാഷകന്‍ കെ. പരാശരന്റെയും സി.എസ്. വൈദ്യനാഥന്റെയും നീണ്ടുനിന്ന വാദങ്ങള്‍ സുപ്രീംകോടതി സ്വീകരിച്ചില്ല. നിയമപരമായി അതിനു സ്വീകാര്യതയില്ല എന്നാണ് വിധി പറയുന്നത്.
മറ്റൊരാളുടെ സ്ഥലത്തു ബലം പ്രയോഗിച്ചു പണിയുന്നത് പള്ളിയായി കണക്കാക്കാനാകില്ലെന്ന് ഇസ്ലാം വിധിക്കുന്നുണ്ടെന്ന് പത്താം സാക്ഷി മൊഹമ്മദ് ഇദ്രിസ് ഹൈക്കോടതിയില്‍ മൊഴി നല്കിയിരുന്നു. പക്ഷേ ഇക്കാര്യത്തില്‍ സുപ്രീംകോടതി അഭിപ്രായം പറഞ്ഞില്ല. മുസ്ലിങ്ങള്‍ പ്രാര്‍ത്ഥന നടത്തിയതുകൊണ്ട് മാത്രം അത് പള്ളിയാണെന്ന് പറയാനാവില്ല. അതുകൊണ്ട് ഉടമസ്ഥാവകാശവുമുണ്ടാകില്ല. മുസ്ലിങ്ങള്‍ റോഡിലും പ്രാര്‍ത്ഥന നടത്താറുണ്ട്, അതുകൊണ്ട് റോഡ് അവരുടേതാകില്ലല്ലോ.
ഷിയാ വഖഫ് ബോര്‍ഡിന്റെ നിലപാട് തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക് നല്‍കണം, തര്‍ക്കസ്ഥലത്ത് രാമക്ഷേത്രം പണിയണം എന്നായിരുന്നു. തര്‍ക്കസ്ഥലത്തിന്റെ യഥാര്‍ത്ഥ ഉടമ ഷിയാ വഖഫ് ബോര്‍ഡാണ്, സുന്നി വഖഫ് ബോര്‍ഡല്ല എന്നും അവര്‍ വാദിച്ചു.
1949ല്‍ മുസ്ലിം നമാസ് നിയമ വിരുദ്ധമായി തടയുകയും, വിഗ്രഹം നിയമവിരുദ്ധമായ രീതിയില്‍ സ്ഥാപിക്കുകയും, 1992ല്‍ സുപ്രീംകോടതിക്ക് നല്കിയ ഉറപ്പിനും, സ്റ്റാറ്റസ്‌കോ ഉത്തരവിനും വിരുദ്ധമായി നിയമവിരുദ്ധമായി ബാബറി കെട്ടിടം തകര്‍ക്കുകയും ചെയ്തുവെന്ന് സുപ്രീംകോടതി രേഖപ്പെടുത്തി. അതിനാലാണ് സുപ്രീംകോടതി പ്രത്യേക അധികാരമുപയോഗിച്ചു അഞ്ച് ഏക്കര്‍ സ്ഥലം മുസ്ലിങ്ങള്‍ക്ക് നല്കാന്‍ ഉത്തരവിട്ടത്.
വിദേശ ആക്രമിയായ ബാബറിന്റെസ്മാരകമാണ് രാമജന്മസ്ഥാനില്‍ നിന്നും 500 വര്‍ഷത്തിന് ശേഷം തുടച്ചു നീക്കപ്പെടുന്നത്. ഇതേക്കുറിച്ച് കെ. കെ. മുഹമ്മദ് പറഞ്ഞത്, മുസ്ലിങ്ങള്‍ക്ക് മെക്ക എങ്ങിനെയാണോ, അതുപോലെയാണ് ഹിന്ദുക്കള്‍ക്ക് രാമജന്മഭൂമി എന്നാണ്; ബാബറി മസ്ജിദ് ആകട്ടെ പ്രവാചകനുമായിട്ടോ, ഏതെങ്കിലും ഇസ്ലാമിക നേതാവുമായിട്ടോ ബന്ധപ്പെട്ടതുമല്ല.
എല്ലാവരും അങ്ങേയറ്റം സ്വീകാര്യവും സന്തുലിതവുമായത് എന്നു പ്രകീര്‍ത്തിച്ച വിധിയാണ് രാമജന്മഭൂമി പ്രശ്‌നത്തിനു പരിഹാരമായി ഉണ്ടായത്. ഇരുത്തം വന്ന മുസ്ലിം മതനേതാക്കള്‍ ഒന്നടങ്കം വിധിയെ സ്വാഗതം ചെയ്തിരിക്കുന്നു. വിധിയെ ആരുടേയും വിജയ പരാജയമായി കണക്കാക്കരുതെന്നാണ് ആര്‍.എസ്.എസ്. സര്‍സംഘചാലക് അഭിപ്രായപ്പെട്ടിട്ടുള്ളത്. ഭാരതമാണ് വിജയിച്ചതെന്നു ഉപരാഷ്ട്രപതിയും അഭിപ്രായപ്പെട്ടു.
എല്ലാം ഭംഗിയായി പര്യവസാനിക്കുമ്പോള്‍ സുബ്രഹ്മണ്യസ്വാമി പറഞ്ഞത് ഈ വിധി നിയമത്തില്‍ പുതിയ ചില വാതിലുകള്‍ തുറന്നിടുകയാണ് ചെയ്തിട്ടുള്ളത് എന്നാണ്. രാമജന്മഭൂമി വിധിയുടെ തത്വങ്ങള്‍ ഇതുപോലെ ക്ഷേത്രം തകര്‍ത്ത് പള്ളിപണിതയിടങ്ങള്‍ക്കെല്ലാം ബാധകമാകുമെന്നാണ് സുബ്രഹ്മണ്യസ്വാമി പറഞ്ഞത്.