കോഴിക്കോട്: ആസ്വാദന നിലവാരമുള്ള നല്ല സിനിമകള്‍ മലയാളത്തില്‍ പിറക്കുന്നില്ലെന്ന് കേസരി ചീഫ് എഡിറ്റര്‍ ഡോ.എന്‍.ആര്‍ മധു. ഹരിയാനയിലെ പഞ്ച്കുലയില്‍ ഭാരതീയ ചിത്രസാധന സംഘടിപ്പിച്ച ചിത്രഭാരതി നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ കാമ്പസ് ഫിലിം (പ്രൊഫഷണല്‍) വിഭാഗത്തില്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട അശ്വതി രാംദാസിനുള്ള പുരസ്‌കാരദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരിക്കല്‍ നാം പുച്ഛിച്ച തമിഴ് സിനിമകള്‍ മലയാളത്തെ മറികടന്ന് മുന്നോട്ടുപോയപ്പോള്‍ കാലത്തെ അതിജീവിക്കാത്ത ദുരന്തങ്ങളായി മലയാള സിനിമ മാറുന്നു.
അരവിന്ദന്റെയും അടൂരിന്റെയും പത്മരാജന്റെയും ഭരതന്റെയും പാരമ്പര്യമുള്ള സിനിമാ സംസ്‌കാരം കേരളത്തിന് ഉണ്ട്. ക്യാംപസുകളില്‍ പുതിയ ആശയങ്ങളില്‍ നിര്‍ഭയത്വത്തോടെ ഹ്രസ്വചിത്രങ്ങള്‍ പിറക്കുന്നുവെന്നത് ആശ്വാസകരമാണ്. അതിനാല്‍ ചിത്രഭാരതിയുടെ അവാര്‍ഡുകള്‍ക്ക് എല്ലാവര്‍ഷവും കേരളം പരിഗണിക്കപ്പെടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിത്രഭാരതിയുടെ പുരസ്‌കാരം അശ്വതിക്ക് ഉയരങ്ങളില്‍ എത്തിച്ചേരാനുള്ള വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചലച്ചിത്ര സംവിധായകന്‍ പ്രവീണ്‍ചന്ദ്രന്‍ മൂടാടി പുരസ്‌കാരം നല്‍കി. അശ്വതി അഭിനയിക്കുകയല്ല സിനിമയില്‍ ജീവിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി അനുരാജ്‌സിങ് ഠാക്കൂര്‍ സമ്മാനിച്ച പുരസ്‌കാരം കോഴിക്കോട് ഫിലിം സൊസൈറ്റി പ്രസിഡന്റ് ഹരീഷ് പി.കടയപ്രത്ത് സ്വീകരിച്ച് ഭാരതീയ ചിത്ര സാധനയും കോഴിക്കോട് ഫിലിം സൊസൈറ്റിയും ചേര്‍ന്ന് നടത്തിയ പരിപാടിയില്‍ സമ്മാനിക്കുകയായിരുന്നു. മലയാള ചിത്രം ബര്‍സയിലെ അഭിനയത്തിനാണ് അശ്വതിക്ക് പുരസ്‌കാരം. പതിനയ്യായിരം രൂപയും പ്രശസ്തിപത്രവും വെങ്കല ശില്‍പവും അടങ്ങിയതാണ് അവാര്‍ഡ്. കോഴിക്കോട് വടകര മേമുണ്ട സ്വദേശിയായ അശ്വതി മടപ്പള്ളി ഗവണ്‍മെന്റ് കോളജില്‍ മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്. പുരസ്‌കാരം ലഭിച്ച ‘ബര്‍സ’ എന്ന ചിത്രത്തിന്റെപ്രദര്‍ശനവുമുണ്ടായിരുന്നു. ചടങ്ങില്‍ ഹരീഷ് കടയപ്രത്ത് അധ്യക്ഷത വഹിച്ചു. ടി.സുധീഷ്, എം.എന്‍. സുന്ദര്‍രാജ് എന്നിവര്‍ സംസാരിച്ചു.