ഒരു കാലഘട്ടത്തില്‍ എഴുതുന്നവരെല്ലാം സമകാലികരാണ്. പക്ഷേ സവിശേഷമായ ദര്‍ശനവും ശൈലിയിലുള്ള നൂതനത്വവും ഉള്ളവരെ ആധുനികര്‍ എന്നു വിളിക്കുന്നു. ”കാഫ് കാസ്‌ക്” (Kafkaesque) ആധുനികതയുടെ പ്രഖ്യാപിത ലക്ഷണങ്ങളില്‍ ഒന്നാണ്. നിത്യജീവിതത്തില്‍ യുക്തിയെ ഭഞ്ജിച്ചു കൊണ്ട് കടന്നുവരുന്ന ആകസ്മികവും വിചിത്രവുമായ ഏത് സംഭവത്തേയും വിവരിക്കാന്‍ ഈ പദം യൂറോപ്യന്‍ പത്രലേഖകന്മാര്‍ പോലും ഉപയോഗിക്കുന്നു. വാസ്തവത്തിനും പേക്കിനാവിനും ഇടയിലൂടെ തെന്നിനീങ്ങുന്ന ആത്മാവിന്റെ അവസ്ഥകളാണ് ആധുനിക എഴുത്തുകാര്‍ ഉപയോഗിച്ചത്, അതുകൊണ്ടാണ് ആധുനിക സാഹിത്യത്തെ മൊത്തത്തില്‍ ‘കാഫ്കാസ്‌ക്’ സാഹിത്യം എന്ന് പറയുന്നത്. യുദ്ധാനന്തര യൂറോപ്യന്‍ സാഹിത്യത്തില്‍ കാണപ്പെടുന്ന സാഹിത്യഭാവനയെ നിര്‍വ്വചിക്കാന്‍ ഇത്രയും സത്യസന്ധമായ ഒരു പദം വേറെയില്ല എന്ന് നവീന നിരൂപകര്‍ പറയുന്നു.
ആധുനികത ഉന്നതമായ സ്വാതന്ത്ര്യമാണ്. അത് എഴുത്തുകാരന് സ്വന്തം സ്വാതന്ത്ര്യം കൈകാര്യം ചെയ്യാനുള്ള അവസരങ്ങള്‍ നല്‍കുന്നു. അതുകൊണ്ടാണ് ആധുനികതയെ സ്വാതന്ത്ര്യത്തിന്റെ സ്വതന്ത്ര്യം എന്ന് പറയുന്നത്. ആധുനികത വ്യക്തിയുടെ ആന്തരികതയിലും ജീവിതത്തിന്റെ യുക്തി രാഹിത്യത്തിലും ഉന്നതമായ യാഥാര്‍ത്ഥ്യം കാണുന്നു. യാഥാര്‍ത്ഥ്യത്തെ ഫാന്റസിയുടെ രൂപത്തില്‍ അവതരിപ്പിക്കാനും ആധുനിക എഴുത്തുകാര്‍ ശ്രമിച്ചു. കേരളത്തില്‍ എഴുപതുകളിലും എണ്‍പതുകളിലും വിശ്വസാഹിത്യത്തിലെ ആധുനികതയും മലയാളത്തിലെ ആധുനികതയും ഏറെ ചര്‍ച്ച ചെയ്തിരുന്നു. ആല്‍ബേര്‍കമ്യുവിന്റേയും സാര്‍ത്രിന്റേയും അയണസ് കോയുടേയും കാഫ്കയുടെയും രചനകള്‍ മലയാളത്തില്‍ പകര്‍ത്തിവെക്കുകയാണ് കാക്കനാടനും എം.മുകുന്ദനും ഓ.വി. വിജയനും ആനന്ദും സേതുവും ചെയ്തതെന്ന ആരോപണവുമായി എം.കൃഷ്ണന്‍നായരും അഴീക്കോടും എം. ലീലാവതിയും മാര്‍ക്‌സിയന്‍ നിരൂപകരും രംഗത്ത് വന്നു. കെ.പി. അപ്പനും വി.കൃഷ്ണനുമാണ് ഇവര്‍ക്ക് മറുപടി നല്‍കിയത്.
കാക്കനാടന്‍
ആധുനികത മലയാള ചെറുകഥയില്‍ പരീക്ഷിച്ച പ്രമുഖ എഴുത്തുകാരില്‍ ഒന്നാംസ്ഥാനത്ത് കാക്കനാടനും ഓ.വി.വിജയനും എം.മുകുന്ദനുമുണ്ട്. സേതുവും ആനന്ദും പുനത്തിലും പി.പത്മരാജനും സക്കറിയായും ടി.ആറും ആധുനികതയുടെ വക്താക്കളാണ്. കാക്കനാടന്റെ ആദ്യകാലകഥകള്‍ പൊതുവെ വികാരത്തോടൊപ്പം വിചാരത്തിനും പ്രാധാന്യം നല്‍കുന്നവയായിരുന്നു. വികാരമാകട്ടെ സെന്റിമെന്റലിസത്തിന് വഴുതിപ്പോയില്ല. ആധുനിക മലയാള ചെറുകഥയില്‍ കാക്കനാടന്റെ സ്ഥാനം ഉറപ്പിച്ചത് ‘കുമിളകള്‍’ എന്ന കഥയാണ്. ശിഥില ബിംബങ്ങളിലൂടെയും ശിഥില ചിന്തകളിലൂടെയും ഒരു മനുഷ്യനേയും അയാള്‍ ജീവിച്ച ജീര്‍ണ്ണമായ ചുറ്റുപാടുകളെയും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ഈ കഥ കാക്കനാടന്‍ എഴുതിയ മികച്ച കഥകളില്‍ ഒന്നാണ്. ‘ഒറ്റയാന്‍’, ‘ചെല്ലവ്വ’, ‘ചിതലുകള്‍’ തുടങ്ങിയവയാണ് എണ്‍പതുകളില്‍ ശ്രദ്ധിക്ക പ്പെട്ട കാക്കനാടന്‍ കഥകള്‍. മലയാള ചെറുകഥയില്‍ ആരും എത്തിനോക്കിയിട്ടില്ലാത്ത ചില മാനസികാവസ്ഥകളെ 1980-ല്‍ കാക്കനാടന്‍ പരീക്ഷിച്ചു. സ്വവര്‍ഗ്ഗരതിയുടെ ചിത്രീകരണമാണ് ‘ഒറ്റയാന്‍’. ‘ചിതലുകള്‍’ നഗരജീവിതത്തിന്റെ ജീര്‍ണ്ണമായ ഒരു മുഖമാണ് ആവിഷ്‌ക്കരിക്കുന്നത്. ഒരു തുറമുഖ നഗരത്തില്‍ സ്വാധീനമുള്ള ചിലര്‍ ഒരു പെണ്‍കുട്ടിയെ കരുവാക്കി പണം സമ്പാദിക്കുന്ന ‘ചിതലുകള്‍’ അസാധാരണമായ ആഖ്യാനമാണ്. അസ്തിത്വദുഃഖം തളംകെട്ടി നില്‍ക്കുന്ന കഥകളില്‍ എല്ലാറ്റിനോടും പുച്ഛം സ്വഭാവികമാണ്. ‘പതിനേഴ്’ എന്ന കഥയില്‍ ഒരു രോഗിയുടെ മാനസികാവസ്ഥയാണ് കാക്കനാടന്‍ ഒപ്പിയെടുക്കുന്നത്. ‘പുറത്തേക്കുള്ള വഴി’, ‘ലൂക്കോസ്’, ‘പ്രവാചകന്‍’ തുടങ്ങിയ കഥകള്‍ എണ്‍ പതുകള്‍ക്ക് ശേഷമാണ് വന്നത്.
കാക്കനാടന്റെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട കഥകളാണ് ‘ശ്രീചക്രം’, ‘നീലഗ്രഹണം, ‘അശ്വത്ഥാമാവിന്റെ ചിരി’ തുടങ്ങിയ കലാസൃഷ്ടികള്‍. ഹൈന്ദവപുരാണങ്ങളിലെ കഥാസന്ദര്‍ഭങ്ങളെ പുതിയ കാലഘട്ടത്തിലെ ഹിംസാത്മക പ്രവണതകള്‍ക്കെതിരായി വ്യാഖ്യാനിക്കുന്നതില്‍ ഓ.വിയുടെ മിടുക്ക് കാക്കനാടനും കാണിച്ചു. അടിയന്തരാവസ്ഥയില്‍ എഴുതിയ ‘കാളിയമര്‍ദ്ദനം’ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കഥയാണ്.
കാക്കനാടന്റെ ‘കാലപ്പഴക്കം’, ‘കച്ചവടം’, ‘ചെല്ലവ’, ‘ലൂക്കോസ്’ തുടങ്ങിയ കഥകള്‍ കേരളീയ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ടതാണ്. പക്ഷേ ‘കുമിളകള്‍’, ‘ചിതലുകള്‍’ തുടങ്ങിയവ മദിരാശിയിലെ ചില സ്ഥലങ്ങളിലെ നിത്യ സംഭവങ്ങളുമായി ബന്ധപ്പെട്ട് എഴുതിയതാണ്. മറീനാ ബീച്ചും, സെന്റ്‌തോമസ് മൗണ്ടും, കാക്കനാടന്‍ കഥകളില്‍ ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടാറുണ്ട്. ദല്‍ഹിയിലെ ജീവിതകാലത്ത് ഉത്തരേന്ത്യന്‍ ജീവിതത്തെക്കുറിച്ച് ഒരു കാഴ്ചപ്പാട് രൂപപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ‘യൂസഫ് സരാ’യിലെ ചരസ് വ്യാപാരി, ‘ആരണ്യ കാണ്ഡം’ തുടങ്ങിയ കഥകള്‍ ദല്‍ഹിയുടെ പള്‍സ് ഏറ്റുവാങ്ങുന്നു.
യൂറോപ്പില്‍ അനേകം വര്‍ഷം കഴിഞ്ഞ കാക്കനാടന്‍ ഓറിയന്റല്‍ ദര്‍ശനവും പാശ്ചാത്യ ദര്‍ശനവും പഠിച്ചു. യൂറോപ്യന്‍ ദര്‍ശനത്തിന്റെ മികവും കോട്ടവും ചിത്രീകരിക്കുന്ന ‘ഉതുപ്പാന്‍’, ‘അര്‍ജന്റീന’ തുടങ്ങിയ കഥകള്‍ അദ്ദേഹത്തിന്റെ പാശ്ചാത്യ ജീവിതം മലയാള ചെറുകഥയ്ക്ക് നല്‍കിയ സംഭാവനയാണ്. ഗവേഷണത്തിനായി ജര്‍മനിയില്‍ പോയ കാക്കനാടന്‍ അത് പൂര്‍ത്തിയാക്കാതെ യൂറോപ്പ് മുഴുവന്‍ അലഞ്ഞ് തിരിഞ്ഞ് ജീവിതം പഠിച്ചു. കാക്കനാടന്റെ ‘ഉതുപ്പാന്‍’ ആത്മകഥാപരമായ ഒരു രചനയാണ്. ഉതുപ്പാനിലെ മുഖ്യ കഥാപാത്രം ഒന്നും നേടാനാവാതെ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകുന്നു. ഇതുതന്നെയാണ് കാക്കനാടന്റെ അനുഭവവും, ജീവിതം കരുപ്പിടിപ്പിക്കാന്‍ യൂറോപ്പിലെത്തി. പക്ഷേ ഒന്നും നേടാനാവാതെ നാട്ടിലേക്ക് മടങ്ങി.
കാക്കനാടന്‍ മലയാള ചെറുകഥയ്ക്ക് നല്‍കിയ വലിയ സംഭാവനയായി കെ.പി. അപ്പന്‍ ‘ശ്രീചക്രം’ ചൂണ്ടിക്കാണിക്കുന്നു. താന്ത്രിക കലയിലേക്കും ഹൈന്ദവ പുരാവൃത്തങ്ങളിലേക്കും കാക്കനാടന്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിന്റെ ഫലമാണിത്. ‘പ്രാഹ’ എന്ന കാക്കനാടന്‍ കഥ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആരാധകരെ വല്ലാത്ത വിഷമവൃത്തത്തിലാക്കിയിരുന്നു. ‘പ്രാഹ’ എന്ന പദത്തിനര്‍ത്ഥം ‘പ്രാഗ്’ എന്നാണ്. പ്രാഗ് വസന്തം തകര്‍ക്കപ്പെടുമ്പോള്‍, സോവിയറ്റ് ടാങ്കുകള്‍ പ്രാഗിനെ കീഴടക്കുമ്പോള്‍ താന്‍ പ്രാഗിലുണ്ടായിരുന്നുവെന്ന് കാക്കനാടന്‍ പറഞ്ഞിട്ടുണ്ട്. സോവിയറ്റ് യൂണിയന്റെ മനുഷ്യത്വഹീനതയെ കുറിച്ച് കാക്കനാടന്‍ ചില ലേഖനത്തിലും എഴുതിയപ്പോള്‍ കേരളത്തിലെ സി.പി.എം, സി.പി.ഐ തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ കാക്കനാടനെ കൂകിയിരുത്താന്‍ തീരുമാനിച്ചു. ‘കറുത്തഗിത്താറും’ കാക്കനാടന്റെ യൂറോപ്യന്‍ അനുഭവമാണ് വായനക്കാരുമായി പങ്കുവെക്കുന്നത്. അമേരിക്കയില്‍ അടിമത്തം നിലനില്‍ക്കുന്ന സാഹചര്യം കാക്കനാടന്‍ ഈ കഥയില്‍ പ്രതീകാത്മകമായി അവതരിപ്പിക്കുന്നു. താന്ത്രിക കല, ശക്തിപൂജ, രാഷ്ട്രീയ പ്രശ്‌നങ്ങള്‍, സ്റ്റാലിനിസത്തിന്റെ ഭയാനകത തുടങ്ങിയ വിഷയങ്ങള്‍ ഇത്രയും ആഴത്തിലും പരപ്പിലും കൈകാര്യം ചെയ്ത മറ്റൊരു കഥാകൃത്ത് ഓ.വി.വിജയന്‍ മാത്രമാണ്. ഓ.വി വിജയനെപ്പോലെ രാഷ്ട്രീയത്തേയും ആത്മീയതയേയും, കൂട്ടിയിണക്കാനുള്ള കഴിവ് കാക്കനാടനുമുണ്ട്. മലയാള ചെറുകഥാ സാഹിത്യത്തിന് തീരെ പരിചയമില്ലാത്ത ശൈലിയും ദര്‍ശനവും സംഭാവന ചെയ്ത ഈ എഴുത്തുകാരന്റെ ശൈലിയെ വിലയിരുത്തുന്ന ‘വീണ്ടും ശിഥില സമാധിയില്‍’ എന്ന പഠനം വളരെ പ്രസിദ്ധമാണ്.