നാഗ്പൂര്‍: പ്രവര്‍ത്തന സൗകര്യത്തിനായി ഇനി മുതല്‍ കേരളം രണ്ട് പ്രാന്തങ്ങളായി പ്രവര്‍ത്തിക്കും. ദക്ഷിണ, ഉത്തര പ്രാന്തങ്ങളായിട്ടാണ് കേരളം പ്രവര്‍ത്തിക്കുക.
തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഉള്‍പ്പെടുന്ന മേഖല ദക്ഷിണ കേരള പ്രാന്തമെന്നും തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് ഉള്‍പ്പെടുന്ന മേഖല ഉത്തര കേരള പ്രാന്തമെന്നുമായി പ്രവര്‍ത്തിക്കാന്‍ നാഗ്പൂര്‍ രേശിംഭാഗിലെ അഖില ഭാരതീയ പ്രതിനിധിസഭയിലാണ് തീരുമാനമുണ്ടായത്. ഇതുവരെ 38 സംഘ ജില്ലകളും 11 വിഭാഗുകളുമായാണ് കേരളത്തില്‍ ആര്‍ എസ്എസ് പ്രവര്‍ത്തനം നടന്നിരുന്നത്. തിരുവനന്തപുരം, കൊല്ലം, ശബരിഗിരി, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ആറ് വിഭാഗുകള്‍ പുതിയതായി രൂപീകരിച്ച ദക്ഷിണകേരളത്തിന്റെയും തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ വിഭാഗുകള്‍ ഉത്തരകേരളത്തിന്റെയും ഭാഗമാകും. ഇരുപത് സംഘജില്ലകള്‍ ദക്ഷിണപ്രാന്തത്തിലും പതിനേഴ് സംഘജില്ലകള്‍ ഉത്തര പ്രാന്തത്തിലും പെടും. 1964ലാണ് കേരള പ്രാന്തം രൂപീകരിക്കുന്നത്. അതുവരെ കേരളം മദിരാശി പ്രാന്തത്തിന്റെ ഭാഗമായിരുന്നു. കാസര്‍കോട് ജില്ലയിലെ ചന്ദ്രഗിരിപ്പുഴയ്ക്ക് തെക്കോട്ട് തിരുവനന്തപുരം റവന്യൂജില്ല വരെയാണ് കേരളപ്രാന്തത്തിന്റെ ഭാഗമായിരുന്നത്. കഴിഞ്ഞ വര്‍ഷമാണ്(2023) കാസര്‍കോട് ജില്ല പൂര്‍ണമായും കേരള പ്രാന്തത്തിന്റെ ഭാഗമായത്.
പ്രതിനിധിസഭയില്‍ പുതിയ ചുമതലക്കാരെയും സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പ്രഖ്യാപിച്ചു. ദക്ഷിണ കേരള പ്രാന്ത സംഘചാലക് പ്രൊഫ. എസ്. രമേശന്‍, പ്രാന്ത പ്രചാരക് എസ്.സുദര്‍ശന്‍, സഹ പ്രാന്തപ്രചാരക് കെ.പ്രശാന്ത്, പ്രാന്ത കാര്യവാഹ് ടി.വി.പ്രസാദ് ബാബു, പ്രാന്തസഹകാര്യവാഹ് കെ.ബി. ശ്രീകുമാര്‍ എന്നിവരായിരിക്കും. അഡ്വ.കെ.കെ. ബാലറാമാണ് ഉത്തരകേരള പ്രാന്ത സംഘചാലക്. പ്രാന്തപ്രചാരക് എ.വിനോദ്, സഹ പ്രാന്തപ്രചാരക്. വി. അനീഷ്, പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്‍, പ്രാന്ത സഹകാര്യവാഹ്. പി.പി. സുരേഷ് ബാബു എന്നിവരാണ് മറ്റു ചുമതലക്കാര്‍. കേരള പ്രാന്തത്തിന്റെ സഹകാര്യവാഹായിരുന്ന കെ.പി. രാധാകൃഷ്ണന്‍ ഉത്തര, ദക്ഷിണ പ്രാന്തങ്ങളുടെ ബൗദ്ധിക് പ്രമുഖായി പ്രവര്‍ത്തിക്കും.
കേരളത്തില്‍ നിന്നുള്ള ഓ.കെ.മോഹനന്‍ അഖിലഭാരതീയ സഹശാരീരിക് ശിക്ഷണ്‍ പ്രമുഖും എം.രാധാകൃഷ്ണന്‍ ക്ഷേത്രീയകാര്യവാഹും പി.എന്‍.ഹരികൃഷ്ണകുമാര്‍ ക്ഷേത്രീയ പ്രചാരകും ആയി നിയുക്തരായി.