കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല അടിമുടി താളം തെറ്റിയിരിക്കുകയാണ് എന്നത് വെറുമൊരു ആരോപണമല്ല; പച്ചയായ യാഥാര്‍ത്ഥ്യമാണ്. ഇടതുപക്ഷ ഭരണകൂടം തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ സര്‍ക്കാര്‍ സര്‍വ്വീസില്‍ തിരുകിക്കയറ്റാനും ഇഷ്ടക്കാരെ മാര്‍ക്ക് ദാനം നല്‍കി വിജയിപ്പിക്കാനും വേണ്ടി നിലവിലുള്ള സംവിധാനങ്ങളെ മുഴുവന്‍ തകര്‍ക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. മഹാത്മാഗാന്ധി സര്‍വ്വകലാശാല അനധികൃത ഗ്രേയ്‌സ് മാര്‍ക്ക്ദാന സംഭവത്തിന് ശേഷം കേരള സര്‍വ്വകലാശാലയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഇഷ്ടക്കാര്‍ക്ക് വാരിക്കോരി മോഡറേഷന്‍ മാര്‍ക്ക് കൊടുത്ത സംഭവം കൂടെ പുറത്ത് വന്നിരിക്കുന്നു. ഇതിനിടക്ക് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ എം.പി. എസ്സിന് ബിരുദസര്‍ട്ടിഫിക്കറ്റില്ലാതെ സിന്‍ഡിക്കേറ്റ് മെമ്പറും കായിക വകുപ്പ് താത്കാലിക തലവനുമായിരുന്ന വിന്‍സന്റിന്റെ അറിവോടെ ഒരു വിദ്യാര്‍ത്ഥിനിക്ക് അഡ്മിഷന്‍ കൊടുത്തതും, മേധാവിയെ ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തിയതും അധികമാരും അറിയാതെപോയി. കേരള പി.എസ്.സിയുടെ വിശ്വാസ്യതയും യുവതീയുവാക്കള്‍ക്ക് ഈ സ്ഥാപനത്തിലുള്ള പ്രതീക്ഷയും നശിപ്പിച്ചതിന് ശേഷമാണ് മേല്‍പ്പറഞ്ഞ സംഭവങ്ങളെല്ലാം നടന്നത് എന്നത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്ന അഴിമതിയുടെയും സ്വജനപക്ഷപാതിത്വത്തിന്റെയും സര്‍വ്വകലാശാലകളുടെ രാഷ്ട്രീയവല്‍ക്കരണത്തിന്റെയും നേര്‍ചിത്രം വരച്ചുകാട്ടിത്തരുന്നു.
ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലും, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയും തങ്ങളുടെ വീട്ടുകാര്യമോ, പാര്‍ട്ടികാര്യമോ കൈകാര്യം ചെയ്യുന്ന ലാഘവത്തോടെയും നിരുത്തരവാദപരവുമായാണ് മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയില്‍ അദാലത്ത് നടത്തി ഗ്രേയ്‌സ് മാര്‍ക്കും മോഡറേഷനും മറ്റും നല്‍കിയത്. എല്ലാ സര്‍വ്വകലാശാലകളും സ്വയംഭരണ സ്ഥാപനങ്ങളാണ്. ഗവര്‍ണ്ണര്‍മാരാണ് സംസ്ഥാന സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍, ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രോചാന്‍സലറും. സര്‍വ്വകലാശാലയുടെ റിസല്‍ട്ട് പ്രഖ്യാപനത്തിലോ, പരീക്ഷാ മൂല്യനിര്‍ണ്ണയത്തിലോ, മറ്റ് ഏതൊരു അക്കാദമിക കാര്യത്തിലായാലും സംസ്ഥാന സര്‍ക്കാരിനോ വകുപ്പ് മന്ത്രിക്കോ ഇടപെടാനുള്ള യാതൊരു അധികാരവുമില്ല. സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നത് ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിധേയമായിട്ടാണ്.
തിരഞ്ഞെടുക്കപ്പെട്ടതോ, നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതോ ആയ സിന്‍ഡിക്കേറ്റാണ് ഓരോ സര്‍വ്വകലാശാലയുടെയും ഭരണസമിതി. എന്നിരുന്നാല്‍പ്പോലും വൈസ് ചാന്‍സലര്‍ക്കാണ് പരമാധികാരം. കേരളത്തിലെ സര്‍വ്വകലാശാലകളില്‍ സിന്‍ഡിക്കേറ്റ് മെമ്പര്‍മാരായി ഉള്ളത് ഭരണവര്‍ഗ്ഗത്തിന്റെ പാര്‍ശ്വവര്‍ത്തികളും, ഏറാന്‍മൂളികളായ അദ്ധ്യാപകരും രാഷ്ട്രീയക്കാരുമാണ്. ഇവരില്‍ ഏറിയപങ്കും മന്ത്രിയുടെയും ഭരണവര്‍ഗ്ഗത്തിന്റെയും ഇംഗിതം നടപ്പാക്കാനുള്ള വെറും ചട്ടുകങ്ങള്‍ മാത്രമാണ്. അദ്ധ്യാപക സംഘടനാ രാഷ്ട്രീയത്തിലൂടെ വെറും ട്രേഡ് യൂണിയന്‍ സംസ്‌കാരം മാത്രം കൈമുതലായുള്ള ഇവരില്‍ പലരും ആ വക വിഷയങ്ങളില്‍ പണ്ഡിതരല്ലെന്നു മാത്രമല്ല, വിദ്യാഭ്യാസത്തെപ്പറ്റി വലിയ കാഴ്ചപ്പാടൊന്നുമില്ലാത്തവരാണ്. നല്ല ഒരു വിദ്യാഭ്യാസ വിചക്ഷണനെപ്പോലും കേരളത്തിലെ ഒരു സര്‍വ്വകലാശാലയുടെയും സിന്‍ഡിക്കേറ്റില്‍ കാണാനാകില്ല. കണ്ണൂര്‍ സര്‍വ്വകലാശാല ഒരു അക്കാദമിക സര്‍വ്വകലാശാലയാണെങ്കിലും സിന്‍ഡിക്കേറ്റില്‍ ജീവിതത്തിലൊരിക്കല്‍ പോലും ക്ലാസ്സ്‌റൂമുകളില്‍ പോയി പഠിപ്പിക്കുകയോ ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയം നടത്തുകയോ ചെയ്യാത്ത നാലോ അഞ്ചോ കായികാദ്ധ്യാപകരാണ് ഭരണനിര്‍വ്വഹണം നടത്തുന്നത്. സിന്‍ഡിക്കേറ്റംഗങ്ങളും യൂനിവേഴ്‌സിറ്റി ജീവനക്കാരുടെ ട്രേഡ് യൂണിന്‍ സംഘടനാ സംസ്‌കാരവും വിദ്യാര്‍ത്ഥി രാഷ്ട്രീയക്കാരുടെ പേശീബലവും കൂടി ചേര്‍ന്നാല്‍ പിന്നെ നടക്കാത്തതായൊന്നുമില്ല ഈ സര്‍വ്വകലാശാലകളില്‍.
കേരള സര്‍വ്വകലാശാലയില്‍ ഈ ഒരു അസാന്‍മാര്‍ഗ്ഗിക കൂട്ടുകെട്ടിന്റെ സംഘടിത പ്രവര്‍ത്തനത്തിന്റെ ബാക്കിപത്രമാണ് നമ്മള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേട്ടതും കണ്ടതും. സ്വന്തം ചേരിയില്‍പെട്ട നൂറുകണക്കിന് തോറ്റ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ സിസ്റ്റത്തിലും സോഫ്റ്റ്‌വെയറിലും തിരിമറി നടത്തി മാര്‍ക്ക് കൂട്ടിക്കൊടുത്ത കുറ്റം മുഴുവന്‍ ഒരു ഡെപ്യൂട്ടി റജിസ്ട്രാറുടെ തലയില്‍ കെട്ടിവെച്ചു. യൂസര്‍നെയിമും പാസ്‌വേഡും, പരീക്ഷാവിഭാഗത്തില്‍ നിന്നും മാറ്റപ്പെട്ട ജീവനക്കാര്‍ അനധികൃതമായി ഉപയോഗിക്കുകയും 2016 ജൂണിനും 2019 ജനുവരിക്കും ഇടക്ക് നടന്ന പതിനാറ് പരീക്ഷകളില്‍ അനുവദിക്കാവുന്നതിലധികം മോഡറേഷന്‍ നല്‍കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഈ സംഭവം ഡെപ്യൂട്ടി റജിസ്ട്രാറുടെ സസ്‌പെന്‍ഷനിലൊതുക്കി, ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച യൂനിവേഴ്‌സിറ്റി ജീവനക്കാരെയും, സിന്‍ഡിക്കേറ്റ് മെമ്പര്‍മാരെയും, ഉന്നതങ്ങളില്‍ നിന്നും നിര്‍ദ്ദേശം കൊടുത്തവരെയും സംരക്ഷിക്കാന്‍ വേണ്ടി ഒരാളെമാത്രം ബലിയാടാക്കുന്ന പരിപാടി കേരളം നിരവധി തവണ കണ്ടതാണ്. പരീക്ഷാ വിഭാഗത്തിന്ന് യാതൊരുവിധ സുരക്ഷിതത്വവും ഇല്ല.
ഈ ഇടപാടുകള്‍ വെറും രാഷ്ട്രീയവിധേയത്വത്തിന്റെയും കൂട്ടുകെട്ടിന്റെയും സൃഷ്ടികള്‍ മാത്രമാണോ അതോ ഇതില്‍ സാമ്പത്തിക അഴിമതി നടന്നിട്ടുണ്ടോ എന്നത് വിശദമായ അന്വേഷണത്തില്‍ വളരെ വേഗത്തില്‍ തെളിയിക്കാവുന്നതാണ്. വിദ്യാഭ്യാസം എന്നത് കണ്‍കറന്റ് ലിസ്റ്റിലാണെങ്കിലും ഗ്രാന്റ് നല്‍കുന്ന യുജിസി, റൂസ, എഐസിടിഇ, ബാര്‍ കൗണ്‍സില്‍, എം.എച്ച്.ആര്‍.സി തുടങ്ങിയ കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കും ഗവര്‍ണ്ണര്‍ക്കും അന്വേഷണത്തിനും ശക്തമായ നടപടികള്‍ക്കും നീതിപൂര്‍വ്വമായ ഉത്തരവിടാവുന്നതാണ്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ ചെയര്‍മാനായ ഡോ.രാജന്‍ ഗുരുക്കള്‍ ഇത്തരത്തിലുള്ള തെറ്റായ പ്രവര്‍ത്തികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയിട്ടും മന്ത്രി ധാര്‍ഷ്ട്യത്തോടെ ഇത് ഇനിയും ആവര്‍ത്തിക്കുമെന്നാണ് പറഞ്ഞത്. യാതൊരുവിധത്തിലുമുള്ള ശുഭപ്രതീക്ഷകള്‍ക്കും വക നല്‍കുന്നതല്ല ഈ പ്രസ്താവന. ഒരു രാഷ്ട്രത്തിന്റെ ഭാവിയെ നിര്‍ണ്ണയിക്കുന്ന വിദ്യാഭ്യാസ രംഗം താറുമാറാക്കുന്നതിലൂടെ തല്പരകക്ഷികള്‍ ലക്ഷ്യം വെക്കുന്നത് രാഷ്ട്രത്തിന്റെ പുരോഗതിയെ തന്നെയാണ് എന്നതാണ് യാഥാര്‍ത്ഥ്യം.