ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍, കൃത്യമായി പറഞ്ഞാല്‍ ലോകമാന്യ തിലകന്റെ രംഗപ്രവേശത്തോടെയാണ് ഭാരതത്തില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. 1905ലെ ബംഗാള്‍ വിഭജനത്തെ എതിര്‍ത്തുകൊണ്ട് നടന്ന വന്‍ പ്രക്ഷോഭം തെക്കേ ഇന്ത്യയില്‍ ഒഴിച്ച് ഭാരതത്തിന്റെ മറ്റു മേഖലകളില്‍ ഉണ്ടാക്കിയ അലയൊലികളും, തുടര്‍ന്നു 1911ല്‍ ബ്രിട്ടീഷ് ഭരണകൂടത്തിന് വിഭജനം റദ്ദാക്കേണ്ടി വന്നതുമെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്. അന്ന്, മഹാരാഷ്ട്രയില്‍ തിലകന്‍ ഉപയോഗിച്ച ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം, ഗണേശോത്സവത്തിന്റെ ജനകീയതയായിരുന്നു. വിശ്വാസങ്ങളെ സാമ്രാജ്യത്വഭരണകൂടങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭമാര്‍ഗ്ഗമാക്കിയപ്പോള്‍, സൂര്യനസ്തമിക്കാത്ത സാമ്രാജ്യം വിറച്ചു പോയി എന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെയാണ് തിലകനെ അവര്‍ ഇന്ത്യന്‍ അസ്വസ്ഥതകളുടെ പിതാവ് ((Father of Indian Unrests) എന്ന് വിശേഷിപ്പിച്ചത്..
1920ല്‍ തിലകന്‍ അന്തരിക്കുകയും, മഹാത്മാ ഗാന്ധി സ്വാതന്ത്ര്യസമരത്തിന്റെ ചുക്കാന്‍ ഏന്തുകയും ചെയ്തതോടെ അന്നുവരെ തുടര്‍ന്നുവന്ന ദേശീയതയിലൂന്നിയ സമരങ്ങളുടെ തീവ്രത, ഗാന്ധിജിയുടെ സൗമ്യതക്ക് വഴിമാറി. സഹന സമരം, അഹിംസ എന്നീ പുതിയ സിദ്ധാന്തങ്ങള്‍ സ്വാതന്ത്ര്യ സമരത്തിന്റെ മുഖ്യധാരയില്‍ ഇടം പിടിച്ചു. തന്റെ ആദര്‍ശങ്ങളോടുവാശിയോടെയുള്ള ഗാന്ധിജിയുടെ സമര്‍പ്പണം തിലകന്റെ ചിന്തകള്‍ പേറിയിരുന്ന വിഭാഗത്തില്‍ നിന്നു കടുത്ത എതിര്‍പ്പുകള്‍ ഉണ്ടാക്കിയെങ്കിലും പിന്നീടുളള സ്വാതന്ത്ര്യസമരത്തിന്റെ നാള്‍വഴികള്‍ സഞ്ചരിച്ചത് ഗാന്ധിജിയുടെ ഒപ്പം തന്നെ ആയിരുന്നു എന്നത് വാസ്തവമാണ്.
ഇവിടെ ഗാന്ധിജി സ്വീകരിച്ച മാര്‍ഗ്ഗം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അദ്ദേഹം ഉപയോഗിച്ച പ്രതീകങ്ങള്‍ രാമരാജ്യവും,അദ്ദേഹത്തിന് പ്രിയപ്പെട്ട ഗാനമായി ജനകീയമായത് രഘുപതി രാഘവ രാജാറാമുമായിരുന്നു. തിലകന്‍ ഗണപതിയെ ജനകീയ സമരങ്ങളുടെ പ്രതീകമാക്കിയപ്പോള്‍ ഗാന്ധിജി സ്വീകരിച്ചത് രാമനെ ആയിരുന്നു. അതായത്, ഭാരത സമൂഹത്തില്‍ സനാതന ധര്‍മ്മത്തിനും ഹിന്ദു ബിംബങ്ങള്‍ക്കുമുള്ള ആഴത്തിലുള്ള സ്വാധീനമാണ് സ്വാതന്ത്ര്യ മുന്നേറ്റങ്ങളുടെ ആത്മാവായി വര്‍ത്തിച്ചത്.
വിദേശ വസ്ത്ര ബഹിഷ്‌കരണം, നിസ്സഹകരണ സമരം, ഉപ്പ് സത്യഗ്രഹം, ക്വിറ്റ് ഇന്ത്യ സമരം എന്നിങ്ങനെ ക്രമേണ ഗാന്ധിജിയുടെ ജനകീയത വര്‍ദ്ധിച്ചു. പക്ഷേ, അതല്ലാതെ ഇതില്‍ ഏതെങ്കിലും സമരം അവയുടെ പ്രഖ്യാപിത ലക്ഷ്യം കൈവരിച്ചോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നുതന്നെ പറയേണ്ടിവരും. വന്‍ പ്രക്ഷോഭമായി വളര്‍ന്ന ക്വിറ്റ് ഇന്ത്യ സമരം പാതി വഴിയില്‍ ഉപേക്ഷിക്കുകയാണ് ചെയ്തത്. 1942നു ശേഷം ബ്രിട്ടനെതിരെ ഒരു ജനകീയ പ്രക്ഷോഭവും സംഭവിച്ചിട്ടില്ല. 1947ല്‍ ബ്രിട്ടീഷുകാര്‍ ഭാരതം വിടാനുള്ള കാരണങ്ങള്‍ മൂന്നാണ്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം മാറിയ ലോകക്രമങ്ങള്‍, ഐ.എന്‍.എയുടെ നേതൃത്വത്തില്‍ നടന്ന നാവിക കലാപം, യുദ്ധം തകര്‍ത്ത ബ്രിട്ടന് ഇന്ത്യപോലെ അതിവിശാലവും സങ്കീര്‍ണവുമായ ഒരു പ്രദേശത്തെ കൊണ്ടുനടക്കാനുള്ള ശേഷി ഇല്ലാതായത്.
ചുരുക്കത്തില്‍, തിലകന് ശേഷം ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങളുടെ ആകെത്തുക ഗാന്ധിജി എന്ന സമാനതകളില്ലാത്ത വിഗ്രഹം സൃഷ്ടിക്കപ്പെട്ടു, നെഹ്‌റുവിന്റെ അപ്രമാദിത്വം ഭാരതജനതയില്‍ അടിച്ചേല്പിക്കപ്പെട്ടു, ഈ മഹാരാജ്യം ലോകത്തിലെ ഏറ്റവും കടുത്ത രണ്ടു ശത്രുരാജ്യങ്ങളായി വിഭജിക്കപ്പെട്ടു എന്നത് മാത്രമാണ്.
പക്ഷേ ജനകീയ സമരങ്ങളുടെ പ്രാധാന്യം ലോകത്തിനു കാട്ടിക്കൊടുക്കുന്നതില്‍ ഗാന്ധിജി ഒരു വലിയ വിജയം തന്നെ ആയിരുന്നു. അതിന്റെ പ്രധാനകാരണം അദ്ദേഹം സ്വീകരിച്ച സനാതന മാര്‍ഗ്ഗവും ശ്രീരാമന്‍ എന്ന പ്രതീകവുമാണ്.
സ്വാതന്ത്ര്യാനന്തര ഭാരതം രാജ്യവ്യാപകമായ വന്‍പ്രക്ഷോഭങ്ങള്‍ക്ക് അധികം സാക്ഷ്യം വഹിച്ചിട്ടില്ല. ഗാന്ധിജിയെപ്പോലെ സര്‍വ്വസ്വീകാര്യനായ ഒരു നേതാവ് ഇല്ലായിരുന്നു എന്നതും അതിനൊരു കാരണമാണ്. 1970കളില്‍ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ ഇന്ദിരാ ഗാന്ധിയുടെ അഴിമതി ഭരണത്തിനെതിരെ നടന്ന വന്‍ പ്രക്ഷോഭം സ്വാതന്ത്ര്യാനന്തര കാലത്തെ ആദ്യത്തേതാണെങ്കിലും ദക്ഷിണ ഭാരതത്തില്‍ അത് വലിയ ചലനമൊന്നും ഉണ്ടാക്കിയില്ല. അടിയന്തിരാവസ്ഥാവിരുദ്ധ പ്രക്ഷോഭത്തില്‍ കേരളത്തില്‍ ആയിരക്കണക്കിന് അറസ്റ്റുകള്‍ നടന്നെങ്കിലും പിന്നീട് വന്ന തിരഞ്ഞെടുപ്പില്‍ ഇന്ദിരയുടെ കോണ്‍ഗ്രസ് രാജ്യം മുഴുവന്‍ തകര്‍ന്നപ്പോഴും ഇവിടെ വിജയകിരീടം ചൂടുന്ന കാഴ്ചയാണ് ഉണ്ടായത്.
1980ല്‍ ഇന്ദിരാഗാന്ധി വീണ്ടും തിരിച്ചു വന്നതോടെ അടിയന്തിരാവസ്ഥാവിരുദ്ധ പ്രക്ഷോഭങ്ങളെ ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ തള്ളാനുള്ള അവരുടെ ശ്രമങ്ങള്‍ ഒരു പരിധി വരെ വിജയിച്ചു.
ഇതൊക്കെയാണ് ഇരുപതാം നൂറ്റാണ്ടില്‍ രാജ്യത്ത് നടന്ന പ്രക്ഷോഭങ്ങളുടെ രത്‌നച്ചുരുക്കം. ഒരു സമരവും, ഒരുപോലെ രാജ്യത്തിന്റെ മുക്കിലും മൂലയിലും സ്വാധീനം ചെലുത്തിയിട്ടില്ല.
എന്നാല്‍ എണ്‍പതുകളുടെ മധ്യത്തില്‍ ആരംഭിച്ച രാമജന്മഭൂമി പ്രക്ഷോഭം, നമ്മുടെ സമരചരിത്രത്തിന്റെ ഗതിയെ കീഴ്‌മേല്‍ മറിക്കുന്നതാണ്. മഹാത്മാ ഗാന്ധിക്ക് ശേഷം ശ്രീരാമന്‍ എന്ന മഹത്തായ സങ്കല്‍പം പൊതുബോധത്തിന്റെ ആണിക്കല്ലായി മാറുന്ന കാഴ്ചക്കാണ് എണ്‍പതുകള്‍ക്ക് ശേഷമുള്ള ഭാരതചരിത്രം സാക്ഷ്യം വഹിച്ചത്. 1980 കള്‍ക്ക് ശേഷമുള്ള ഭാരതത്തിലെ രാഷ്ട്രീയം സഞ്ചരിച്ചത് മുഴുവന്‍ രാമന്‍ തെളിച്ച വീഥികളിലൂടെ ആണെന്ന് പറഞ്ഞാല്‍ അതിലൊട്ടും അതിശയോക്തിയില്ല.
1983ല്‍ വിശ്വഹിന്ദു പരിഷത്ത് രാമജന്മഭൂമിയില്‍ ഭവ്യമായ ഒരു രാമക്ഷേത്രം പണിയുക തന്നെ ചെയ്യും എന്ന പ്രഖ്യാപനത്തോടെ സമരരംഗത്ത് ഇറങ്ങുമ്പോള്‍, നല്ലൊരു ശതമാനം ആള്‍ക്കാര്‍ക്കും വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തോടെ രാജ്യം ഭരിക്കുന്നു, എല്ലാ ചരിത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളും കമ്മ്യൂണിസ്റ്റുകള്‍ കൈയ്യടക്കി വെച്ചിരിക്കുന്നു, വികലമാക്കപ്പെട്ട ചരിത്രം കൊണ്ട് വിദ്യാഭ്യാസ രംഗം ആകെ മലിനപ്പെട്ടു കിടക്കുന്നു. ഇങ്ങനെയുള്ള അവസ്ഥയില്‍ 1984 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി കേവലം രണ്ടു സീറ്റിലേക്ക് ഒതുക്കപ്പെട്ടു. ഇങ്ങനെ എല്ലാം കൊണ്ടും പ്രതികൂലമായ അവസ്ഥയില്‍, അയോദ്ധ്യയിലെ ജന്മസ്ഥാനത്ത് നില്‍ക്കുന്ന നാനൂറു വര്‍ഷം പഴക്കമുള്ള തര്‍ക്കമന്ദിരത്തിന്റെ സ്ഥാനത്ത് രാമക്ഷേത്രം ഉയരുക എന്നത് ഏതാണ്ട് അസാധ്യമായ ലക്ഷ്യമായിട്ടാണ് പൊതുവെ വിലയിരുത്തപ്പെട്ടത്.
പക്ഷേ ലക്ഷ്യത്തിന്റെ സത്യസന്ധതയും, തീരുമാനത്തിന്റെ ദൃഢതയും ഒത്തുചേര്‍ന്നപ്പോള്‍ അവിടെ പുതിയൊരു ചരിത്രം പിറന്നു. ഗാന്ധിജിക്ക് ശേഷം രാജ്യം മുഴുവന്‍ രാമമന്ത്രം കൊടുങ്കാറ്റുപോലെ ആഞ്ഞുവീശി. ആ കരുത്തിന്റെ ബലത്തിലാണ് 1987 നവംബറില്‍ അയോദ്ധ്യയില്‍ രാമക്ഷേത്രത്തിന് ശിലാന്യാസം നടത്താന്‍ കേന്ദ്ര സര്‍ക്കാരിന് അനുവദിക്കേണ്ടി വന്നത്. അതേ തുടര്‍ന്ന് 1989 ലെ തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചരണം രാജീവ് ഗാന്ധി ആരംഭിച്ചതും അയോദ്ധ്യയില്‍ നിന്നാണ്. രാമനാമത്തിന്റെ സ്വാധീനവും കരുത്തും തിരിച്ചറിഞ്ഞു നടത്തിയ കോണ്‍ഗ്രസ്സിന്റെ ആ നീക്കം പക്ഷേ പരാജയപ്പെട്ടു. ആ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റുതുന്നം പാടി. രാമനോടുള്ള ആത്മാര്‍ത്ഥതയല്ല പകരം വെറും രാഷ്ട്രീയ നേട്ടം മാത്രമായിരുന്നു രാജീവിന്റെ ലക്ഷ്യം എന്ന് തിരിച്ചറിഞ്ഞ പൊതുജനം അന്ന് കോണ്‍ഗ്രസ്സിനെ യുപി രാഷ്ട്രീയത്തില്‍ നിന്നും പടിയിറക്കി വിട്ടതാണ്.
വലിയ സന്യാസി സമൂഹവും, മഹാരഥന്മാരും അണിനിരന്ന ശിലാന്യാസ വേദിയില്‍ രാമക്ഷേത്രത്തിന്റെ അടിസ്ഥാനശില പാകിയത് ബീഹാറില്‍ നിന്നുള്ള കാമേശ്വര്‍ ചൌപ്പാല്‍ എന്ന ദളിത യുവാവായിരുന്നു. രാമരാജ്യം എന്ന മഹാലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ഹിന്ദുസമാജത്തില്‍ നിലനില്‍ക്കുന്ന ഉച്ചനീചത്വങ്ങളുടെ ഉന്മൂലനം എന്ന ലക്ഷ്യം കൂടിയുണ്ട് എന്ന വലിയ ഒരു സന്ദേശം കൂടിയായിരുന്നു അന്ന് ആര്‍.എസ്.എസ്. സമൂഹത്തിനു നല്‍കിയത്.
അതിനു ശേഷം നിരവധി അനുരഞ്ജന ശ്രമങ്ങള്‍ നടത്തിയെങ്കിലും പ്രധാനമന്ത്രി വി.പി.സിങ്ങിന്റെ ആത്മാര്‍ത്ഥതയില്ലായ്മ കാരണം അവ എങ്ങുമെത്തിയില്ല. കേവലമൊരു ശിലാന്യാസം കൊണ്ട് മാത്രം തൃപ്തിപ്പെടാന്‍ ഹിന്ദു സമൂഹവും തയ്യാറല്ലായിരുന്നു. അങ്ങനെയാണ് 1990 സപ്തംബര്‍ ഒക്ടോബര്‍ മാസങ്ങള്‍ ഭാരതത്തെ സമരപൂരിതമാക്കുന്നത്. സപ്തംബര്‍ 25നു ഗുജറാത്തിലെ സോമനാഥില്‍ നിന്നും അയോദ്ധ്യയിലേക്ക് ബിജെപി നേതാവ് എല്‍.കെ. അദ്വാനി ആരംഭിച്ച രഥയാത്ര ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്തതാണ്. ഉപ്പു സത്യഗ്രഹത്തിന് വേണ്ടിയുള്ള ഗാന്ധിജിയുടെ ദണ്ഡിയാത്രക്ക് ശേഷം ഇത്ര വലിയ ഒരു ജനകീയ മുന്നേറ്റം ചരിത്രത്തിലില്ല. പങ്കെടുത്ത ജനങ്ങളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ദണ്ഡിയാത്രയേക്കാള്‍ പതിന്മടങ്ങ് ജനപങ്കാളിത്തം ആയിരുന്നു രഥയാത്രക്ക് ഉണ്ടായിരുന്നത്. ബീഹാറിലെ സമസ്തിപ്പൂരില്‍ വെച്ച് അദ്വാനിയെ അറസ്റ്റ് ചെയ്തപ്പോള്‍ തൊട്ടടുത്ത ദിവസം പ്രഖ്യാപിക്കപ്പെട്ട ഭാരതബന്ദില്‍ രാജ്യം മുഴുവന്‍ സ്തംഭിച്ചു. ഒരൊറ്റ ആഹ്വാനത്തില്‍ രാജ്യം മുഴുവന്‍ ഒരുപോലെ പ്രതികരിച്ച സംഭവം അന്നുവരെ കേട്ടുകേള്‍വി പോലും ഇല്ലാത്തതായിരുന്നു. അങ്ങനെ ഒരു അവസ്ഥ സ്വാതന്ത്ര്യസമര കാലത്ത് ഇല്ലായിരുന്നു. അതായിരുന്നു ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഏറ്റവും വലിയ ശക്തിയും.
ഒരു സൈനിക താവളം പോലെ ഭദ്രമാക്കിയ അയോദ്ധ്യയില്‍ ആണ് പ്രഖ്യാപിച്ച പോലെ 1990 ഒക്ടോബര്‍ 30 നു കര്‍സേവകര്‍ തര്‍ക്കമന്ദിരത്തില്‍ പ്രവേശിച്ച് കര്‍സേവ നടത്തുക തന്നെ ചെയ്തു. അതും ഭാരതത്തിന്റെ സമരചരിത്രത്തില്‍ വലിയൊരു നാഴികക്കല്ലായി മാറി.
ഇങ്ങനെയൊക്കെയാണങ്കിലും ഭാരതത്തിലെ ബിജെപി, സംഘപരിവാര്‍ സംഘടനകള്‍ ഒഴിച്ചുള്ള ഒരു സംഘടനയും യഥാര്‍ത്ഥ ജനവികാരം മനസ്സിലാക്കുന്നതില്‍ വിജയിച്ചില്ല എന്നുതന്നെ പറയണം. 1991 പൊതുതിരഞ്ഞെടുപ്പിന്റെ മധ്യത്തില്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിന്റെ സഹതാപതരംഗത്തില്‍ പോലും കേവലഭൂരിപക്ഷം നേടാന്‍ കോണ്‍ഗ്രസ്സിന് സാധിക്കാതെ വന്നതും, യുപിയില്‍ വന്‍ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തില്‍ വന്നതുമെല്ലാം രാമനിലൂടെ ബിജെപി ഉയര്‍ത്തിയ രാമരാജ്യം എന്ന വാഗ്ദാനത്തിന്റെ കരുത്തു കൊണ്ടായിരുന്നു.
ഇത്രയും അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കാനും, പ്രശ്‌നത്തിന്റെ രമ്യമായ പരിഹാരത്തിന് ഒരു ആത്മാര്‍ത്ഥതയും കാട്ടാതെ വീണ്ടും മുതലെടുപ്പുകള്‍ക്ക് നരസിംഹറാവു ഭരണകൂടം തുനിഞ്ഞതില്‍ നിന്നുമാണ് വന്‍ ജനരോഷത്തിലേക്കും 1992 ഡിസംബര്‍ ആറിന് തര്‍ക്കമന്ദിരം തകര്‍ക്കപ്പെടുന്ന അവസ്ഥയിലേക്കുമൊക്കെ കാര്യങ്ങളെ കൊണ്ടെത്തിച്ചത്. അന്ന് അയോദ്ധ്യ എന്ന ചെറുനഗരത്തില്‍ തടിച്ചു കൂടിയത് അഞ്ചുലക്ഷത്തിലധികം രാമഭക്തര്‍ ആണ്.
സരയൂവിലൂടെ വെള്ളം ഒരുപാടൊഴുകി, കോടതിയും വ്യവഹാരങ്ങളുമായി കാല്‍നൂറ്റാണ്ട് പിന്നിട്ടു. പക്ഷേ രാമക്ഷേത്ര പ്രക്ഷോഭം നാള്‍ക്കുനാള്‍ കരുത്താര്‍ജ്ജിച്ചതേയുള്ളു. അയോദ്ധ്യക്കടുത്ത കര്‍സേവാപുരത്ത് ക്ഷേത്രസാമഗ്രികള്‍ സംഭരിച്ച് പണികള്‍ ആരംഭിച്ചിട്ട് ഇരുപത് വര്‍ഷമായി. ഇതിനിടയില്‍ ബിജെപി നേതൃത്വത്തിലുള്ള വാജ്‌പേയി സര്‍ക്കാര്‍ ആറു വര്‍ഷം ഭരിച്ചു, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ പത്തു വര്‍ഷം ഭരിച്ചു, ഇപ്പോള്‍, കഴിഞ്ഞ ആറു കൊല്ലമായി ബിജെപി ഒറ്റക്ക് ഭരിക്കുന്നു. രാമക്ഷേത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പും ക്ഷമയും ഹിന്ദുസമൂഹം അടങ്ങാത്ത കനലായി കാത്തുസൂക്ഷിച്ചു. ആ കാത്തിരിപ്പാണ് ഇപ്പോള്‍ അവസാനിക്കുന്നത്.
അതായത്, പ്രക്ഷോഭത്തിന്റെ ദൈര്‍ഘ്യംകൊണ്ടും ജനകീയത കൊണ്ടും പങ്കെടുത്ത ആള്‍ക്കാരുടെ എണ്ണം കൊണ്ടും, ലക്ഷ്യ പൂര്‍ത്തീകരണംകൊണ്ടും എല്ലാം അയോദ്ധ്യാ പ്രക്ഷോഭം ഭാരതചരിത്രത്തിലെന്നല്ല ലോകചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്തതാണ്. ഇത് കേവലം അവകാശവാദമല്ല, ഏത് ചരിത്രകുതുകിക്കും മുന്‍വിധികളില്ലാതെ പരിശോധിച്ചാല്‍ ബോധ്യപ്പെടുന്ന ലളിതയമായ സത്യം.
എന്തുകൊണ്ടാണിത് സാധിച്ചത്? ഒരു ജനസമൂഹത്തിനെ ഇത്രയധികം സ്വാധീനിക്കാന്‍ ഈ പ്രക്ഷോഭത്തിന് എങ്ങനെ കഴിഞ്ഞു? ഉത്തരം ലളിതമാണ്, ഇത് കേവലം ഒരു രാമക്ഷേത്രം എന്ന ഭൗതിക അസ്തിത്വത്തിനു വേണ്ടിയുള്ള സമരമായിരുന്നില്ല. ഗാന്ധിജിയടക്കമുളള മഹാത്മാക്കള്‍ വിഭാവനം ചെയ്ത രാമരാജ്യം എന്ന മഹത്തായ സങ്കല്പ്പത്തിലേക്കുളള യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലായിരുന്നു രാമക്ഷേത്രം. സംഘത്തിന്റെ ലക്ഷ്യമായ പരമവൈഭവമാര്‍ന്ന ഭാരതത്തിലേക്കുള്ള പ്രയാണത്തിലെ ഐതിഹാസികമായ ചുവടുവെപ്പ്.