ഇന്ത്യയില്‍ നക്‌സലൈറ്റ് പ്രസ്ഥാനം ഉദയം കൊണ്ടത്, 1967 ല്‍ പശ്ചിമബംഗാളിലെ വടക്കുകിഴക്കന്‍ അറ്റത്തെ നക്‌സല്‍ബാരി എന്ന ഗ്രാമത്തിലെ ഒരു കര്‍ഷകസമരത്തില്‍ നിന്നാണ്. കഴിഞ്ഞ 56 വര്‍ഷത്തിനിടയില്‍, സകല അരാജകത്വ ശക്തികളെയും കൂട്ടി യോജിപ്പിച്ചു കൊണ്ട്, അത്, ദേശീയതയ്ക്ക് ഭീഷണിയാകുന്ന വിധം പടര്‍ന്നു. അതിന്റെ സൈദ്ധാന്തിക തലം, വിഘടനവാദത്തിന്റേതാണ്. പാവപ്പെട്ട കര്‍ഷകന് വേണ്ടി നിലകൊള്ളുന്നു എന്ന വാചകമടി പുറംപൂച്ച് മാത്രം.
സ്വാതന്ത്ര്യശേഷം ഇന്ത്യയില്‍ അപകടകരമായി വ്യാപിച്ച പ്രസ്ഥാനമാണ് ഇതെങ്കിലും, ഒറ്റതിരിഞ്ഞാണ് പലയിടത്തും നില്‍പ്. അവയെ കൂട്ടിയിണക്കുന്നത്, അരാജക പ്രത്യയശാസ്ത്രം, ആയുധങ്ങള്‍, രാജ്യാന്തര പണമിടപാട്, വനാന്തര നീക്കങ്ങള്‍ തുടങ്ങി നൂറുകൂട്ടം സംഗതികളാണ്. ”രാജ്യം ദര്‍ശിച്ച ഏറ്റവും വലിയ ആഭ്യന്തര സുരക്ഷാ ഭീഷണിയാണ്” അതെന്ന് പ്രധാനമന്ത്രി ആയിരുന്നപ്പോള്‍, മന്‍മോഹന്‍ സിംഗ് പറഞ്ഞിട്ടുണ്ട്.
ഇന്ത്യയില്‍ 1971 ലെ സെന്‍സസ് പ്രകാരം, ജനസംഖ്യയില്‍ 60 ശതമാനവും ഭൂമിയില്ലാത്തവരാണ്. നാല് ശതമാനം ധനികരുടെ കൈയിലാണ്, വലിയ അംശം ഭൂമിയും. ചൂഷണം നടക്കുന്നു എന്നത് സത്യമാണ്. ഇത് വച്ച്, 1925 ല്‍ രൂപം കൊണ്ട കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അരാജക പ്രത്യയശാസ്ത്ര അടിത്തറയാണ്, നക്‌സലൈറ്റുകള്‍ക്കുമുള്ളത്. അതായത്, മാര്‍ക്‌സിസം – ലെനിനിസം. എന്റെ കൗമാരത്തില്‍ പല നക്‌സലൈറ്റ് പ്രസിദ്ധീകരണങ്ങളും വായിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. തൃശൂര്‍ വാഞ്ചി ലോഡ്ജ് വിലാസത്തില്‍ ആയിരുന്നു, പ്രേരണ പോലെ ചിലത്. പാവങ്ങളുടെ പ്രസ്ഥാനമാണെന്ന് പറയുകയും ആര്‍ക്കും മനസ്സിലാകാത്ത മറുഭാഷ എഴുതുകയും ചെയ്യുന്നത്, ഒരു പ്രസ്ഥാനത്തെ എങ്ങനെ സമൂഹത്തില്‍ വേരോടിക്കും എന്ന് എനിക്ക് മനസ്സിലായില്ല. ലിന്‍ പിയാവോ, ദിമിത്രോവ് തുടങ്ങി ഏതൊക്കെയോ വിവരദോഷികളെപ്പറ്റി നക്‌സലുകള്‍ തര്‍ക്കിക്കുകയും പിരിയുകയും ചെയ്തു.
റഷ്യയില്‍ 1917 ല്‍ നടന്ന വ്യാജ ഒക്ടോബര്‍ വിപ്ലവം ആയിരുന്നു, പ്രചോദനം. ഫെബ്രുവരിയില്‍ യഥാര്‍ത്ഥ വിപ്ലവം നടക്കുമ്പോള്‍ ലെനിന്‍ ഉണ്ടായിരുന്നില്ല. ആ വിപ്ലവം നടന്ന്, കെറന്‍സ്‌കി ജനാധിപത്യ ഭരണകൂടം ഉണ്ടാക്കിയിരുന്നു. അതിനെ ഒറ്റനാള്‍ കൊണ്ട് മറിച്ചിട്ട അട്ടിമറി ആയതിനാലാണ്, ഒക്ടോബര്‍ വിപ്ലവത്തെ ഞാന്‍ വ്യാജം എന്ന് പറയുന്നത്. അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ്, കമ്യൂണിസ്റ്റ് പാര്‍ട്ടി 1946 ല്‍ തെലങ്കാനയിലും പുന്നപ്രവയലാറിലും കലാപങ്ങള്‍ നടത്തിയത്. രണ്ടും അനാവശ്യമായിരുന്നു; കാരണം, നെഹ്രുവിന്റെ ഇടക്കാല മന്ത്രിസഭ നിലവില്‍ വന്നിരുന്നു. കലാപം ബ്രിട്ടന് എതിരായിരുന്നില്ല. ഇന്ത്യന്‍ ദേശീയതയ്ക്ക് എതിരായിരുന്നു. 1951 ല്‍ മോസ്‌കോയില്‍ സ്റ്റാലിനെ കാണാന്‍ പോയ കമ്യൂണിസ്റ്റ് നേതാക്കളോട് തെലങ്കാന കലാപം നിര്‍ത്താന്‍ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.
സായുധ വിപ്ലവത്തിന് 1948 ല്‍ കൊല്‍ക്കത്ത തീസിസ് വഴി പാര്‍ട്ടി തീരുമാനിക്കുകയും കേരളത്തില്‍ ഇടപ്പള്ളി സ്റ്റേഷന്‍ ആക്രമണം, ശൂരനാട് കലാപം, പൂജപ്പുര സെന്‍ട്രല്‍ ജയില്‍ കലാപം എന്നിവ നടക്കുകയും ചെയ്തിരുന്നു. ഈ സായുധ കലാപ സിദ്ധാന്തം പൊടി തട്ടി എടുത്തതാണ്, നക്‌സലിസം. 1964 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് രണ്ടു പാര്‍ട്ടികള്‍ ഉണ്ടാവുകയും വിപ്ലവം വേണ്ടെന്ന് വയ്ക്കുകയും ബൂര്‍ഷ്വ ആവുകയാണ് കമ്യൂണിസ്റ്റ് ലക്ഷ്യം എന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു.
1967ല്‍, പശ്ചിമബംഗാളില്‍ സിപിഎം, ബംഗ്‌ളാകോണ്‍ഗ്രസുമായി മുന്നണിയുണ്ടാക്കി വിപ്ലവം വേണ്ടെന്നു വച്ചു. കേരളത്തില്‍ സിപിഎം, സപ്തകക്ഷി മുന്നണിയുണ്ടാക്കി, മുസ്ലിം ലീഗിനെ കൂടെ കൂട്ടി, അവസരവാദത്തിലേക്ക് കാല്‍ വച്ചു. ബംഗാളില്‍ അത് യുവാക്കളെ നിരാശരാക്കി. നക്‌സലിസത്തിന്റെ പിതാവായ ചാരു മജുംദാര്‍, പാര്‍ട്ടി അംഗത്വം വിട്ട്, ചൈനീസ് മാതൃകയില്‍ വടക്ക് ഗോത്രവര്‍ഗ്ഗത്തെ സംഘടിപ്പിച്ചു. തെലങ്കാനയും നക്‌സല്‍ബാരിയും കര്‍ഷക കലാപങ്ങളാണെന്ന് അവകാശപ്പെടുന്നത്, മാപ്പിളലഹള വര്‍ഗ്ഗസമരമാണെന്ന് പറയും പോലെയേ ഉള്ളൂ. പ്രചോദനം മാവോ ആയിരുന്നു. അത്, ജനാധിപത്യ സര്‍ക്കാരുകള്‍ക്കെതിരായ കലാപമായി. നക്‌സല്‍ബാരിയില്‍, ബിഗു കിഷന്‍ എന്ന കര്‍ഷകനെ ജന്മിയുടെ ഗുണ്ടകള്‍ തല്ലിയപ്പോള്‍, നക്‌സലൈറ്റ് പ്രസ്ഥാനം ഉണ്ടായി. ഒരു പോലീസ് ഇന്‍സ്‌പെക്ടറെ കൊന്നു, 11 കലാപകാരികള്‍ കൊല്ലപ്പെട്ടു. ചൈന കലാപത്തെ, ”വസന്തത്തിന്റെ ഇടിമുഴക്കം” എന്ന് വിളിച്ചു. അന്ന് മുതല്‍ ഇന്ന് മണിപ്പൂര്‍ വരെയുള്ള, വിഘടനവാദങ്ങളില്‍, ചൈനയുടെ പങ്ക് ചെറുതല്ല. അന്ന് ചാരു മജുംദാര്‍ ചൈനയില്‍ പല തവണ പോയി. നക്‌സലുകള്‍ക്ക് ചൈനയില്‍ നിന്ന് ആയുധവും പരിശീലനവും പണവും കിട്ടി.
ഡാര്‍ജിലിംഗില്‍ 1967 ജൂലൈ 20ന് ജംഗല്‍ സന്താള്‍ ഉള്‍പ്പെടെ നക്‌സല്‍ നേതാക്കളൊക്കെ അറസ്റ്റിലായി. 1971 ല്‍ സര്‍ക്കാര്‍ Operation Steeplecha പട്ടാളം, സിആര്‍പിഎഫ് എന്നിവയുടെ സഹായത്തോടെ നടപ്പാക്കി, നക്‌സലുകളെ കൈകാര്യം ചെയ്തു. ചാരു മജുംദാര്‍ മരിച്ചതും ക്ഷീണമായി.
അവിടെ പ്രസ്ഥാനത്തെ അമര്‍ച്ച ചെയ്‌തെങ്കിലും, കേരളം ഉള്‍പ്പെടെ മറ്റിടങ്ങളില്‍, അനുഭാവികള്‍ മുളച്ചു പൊന്തി. ഞാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ആയിരിക്കെ, ഇവിടെ നക്‌സലുകള്‍ ചില ജന്മികളുടെ തല കൊയ്തു. കണ്ണൂരില്‍ പാര്‍ട്ടിക്കാര്‍ പലരും നക്‌സല്‍ അനുഭാവികളായി. പിണറായി വിജയനും എം.വി.ഗോവിന്ദനും അതില്‍ പെടും. കേരളത്തില്‍ പാര്‍ട്ടി പ്ലീനം ചേര്‍ന്ന് സി.എച്ച്. കണാരനെ മാറ്റി എകെജിയെ സംസ്ഥാന സെക്രട്ടറിയാക്കി. എകെജി ഓടിനടന്ന് അനുഭാവികള്‍ക്ക് ഘര്‍വാപസി വാഗ്ദാനം ചെയ്തു.
1980 ആയപ്പോള്‍ ഇന്ത്യയില്‍ 30 നക്‌സല്‍ ഗ്രൂപ്പുകളായി. അവയില്‍ 30000 പ്രവര്‍ത്തകര്‍ ഉണ്ടായി എന്നാണ് കണക്ക്. ആദ്യഘട്ടം നക്‌സലുകളെ 1975ല്‍ നിര്‍മാര്‍ജ്ജനം ചെയ്തിരുന്നു. 1977 ല്‍ നിലവില്‍ വന്ന ജനതാ സര്‍ക്കാര്‍, നക്്‌സല്‍ നേതാക്കളെ വിട്ടയച്ചപ്പോള്‍, രണ്ടാം ഘട്ടം തുടങ്ങി. അപ്പോഴാണ്, ആദ്യ പ്രാകൃത പ്രത്യയശാസ്ത്രം, ഭീകരതയായി മാറിയത്. 1990കളില്‍, ഉദാരവല്‍ക്കരണം നടപ്പായപ്പോള്‍, സുഘടിതമായി, നക്‌സലിസം പൊന്തി വന്നു.
1990-കളുടെ ഒടുവില്‍, പീപ്പിള്‍സ് വാര്‍ പ്രസ്ഥാനം ശക്തിപ്പെട്ടത്, ഭീകരവാദം കൊണ്ടാണ്. സമാന്തര പട്ടാളം പോലെ നീങ്ങിയ നക്‌സലുകള്‍, ഓരോ ഇടത്തെയും സംഘടിത ക്രിമിനല്‍ സംഘങ്ങളുമായും രാജ്യാന്തര ഭീകര സംഘങ്ങളുമായും ബന്ധപ്പെട്ടു. പണം പിടുങ്ങല്‍, ബന്ദിപ്പണം പിരിക്കല്‍, കടകളുടെ കൊള്ള, സ്‌കൂളുകള്‍ തകര്‍ക്കല്‍, പൊലീസിന് വിവരം കൊടുക്കുന്നവര്‍ എന്ന് സംശയിക്കുന്നവരെ ഉന്മൂലനം ചെയ്യല്‍ തുടങ്ങിയവ, റെഡ് കോറിഡോറില്‍ ഭീകരത വിതച്ചു.
റെഡ് കോറിഡോര്‍, ആഗോള ശൃംഖല
മാവോയിസ്റ്റ് ഭീകരത നടമാടുന്ന ഇന്ത്യയുടെ കിഴക്കന്‍, മധ്യ, തെക്കന്‍ ഭാഗങ്ങളാണ്, റെഡ് കോറിഡോര്‍. ഇവിടങ്ങളില്‍ ഭീകരത കുറഞ്ഞു വരുന്നു. 2021 ല്‍ 25 എണ്ണം ഏറ്റവും ഭീകരത കൂടിയ ജില്ലകള്‍ ആയിരുന്നു. 70 പൂര്‍ണബാധിത ജില്ലകള്‍. പത്ത് സംസ്ഥാനങ്ങള്‍. ദണ്ഡകാരണ്യ – ഛത്തിസ്ഗഢ ്- ഒഡിഷ മേഖലയിലെ ജാര്‍ഖണ്ഡ് – ബിഹാര്‍ – പശ്ചിമബംഗാള്‍ മുക്കൂട്ട് കവലയില്‍ വിദൂര ഖനി, വന, ഗിരി ഭൂവിഭാഗമാണിത്. ആന്ധ്ര, ബിഹാര്‍, ഛത്തിസ്ഗഡ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, തെലങ്കാന, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലാണ്, മാവോയിസ്റ്റ് ഭീകരത കൂടുതലായി നിലനില്‍ക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) സായുധ ഗുവേറിസ്റ്റ് കേഡറുകള്‍ അക്രമം വിതയ്ക്കുന്നു.
ഒഡിഷയിലാണ്, ഇന്ത്യയിലെ 60 ശതമാനം ബോക്‌സൈറ്റ് നിക്ഷേപവും. അവിടെത്തന്നെയാണ്, 25% കല്‍ക്കരി, 28% ഇരുമ്പയിര്, 92% നിക്കല്‍, 28% മാംഗനീസ്. എന്റെ യാത്രകളില്‍, പ്രത്യക്ഷത്തില്‍ ഇത്രയും ദരിദ്രമായ വേറെ സ്ഥലം കണ്ടിട്ടില്ല. ആദിവാസികള്‍ ധാരാളമുള്ള മേഖലയിലാണ്, നക്‌സല്‍ താവളങ്ങള്‍. ഈ മേഖലകള്‍ നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്നു. ഒഡിഷയിലെ തീരപ്രദേശമല്ലാത്ത റെഡ് കോറിഡോര്‍ ഭാഗത്ത്, സാക്ഷരത വളരെ താഴെയാണ് -ദേശീയ ശരാശരിയെക്കാള്‍ താഴെ.
വലിയ രാജ്യാന്തര കുത്തകകള്‍ ഈ മേഖലയിലുണ്ട്. കോര്‍പറേറ്റുകള്‍, ജന്മിമാര്‍ എന്നിവരില്‍ നിന്ന് പ്രതിവര്‍ഷം നക്‌സലുകള്‍ 1400 കോടി രൂപ ഭീഷണിപ്പണമായി വാങ്ങുന്നുവെന്നാണ് കണക്ക്.
1990 കളുടെ ഒടുവില്‍, നക്‌സലുകള്‍ രണ്ടു ചേരികളായി-ഒന്ന് ജനാധിപത്യ തിരഞ്ഞെടുപ്പുകള്‍, തൊഴിലാളി യൂണിയനുകള്‍ തുടങ്ങിയവയ്ക്കായി വാദിച്ചു. അതാണ്, സിപിഐ (മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ്) പീപ്പിള്‍സ് വാര്‍. മറ്റേത്, മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്റര്‍ (എംസിസിഐ), സായുധ ഗറില്ലാ സമരത്തിനായി നിലകൊണ്ടു. 1990 -2000 ല്‍, പീപ്പിള്‍സ് വാര്‍ ആയിരുന്നു, ഇന്ത്യന്‍ സര്‍ക്കാരിന് ഭീഷണി. ആന്ധ്രയില്‍ കൊണ്ടപ്പള്ളി സീതാരാമയ്യ നയിച്ച ഈ ഗ്രൂപ്പ്, ഒഡിഷയിലും മഹാരാഷ്ട്രയിലും കൂടി സാന്നിധ്യം അറിയിച്ചു. ഇവര്‍ ജന്മികളെയും വ്യവസായികളെയും തട്ടിക്കൊണ്ട് പോയി, കുമ്പസാരിപ്പിച്ചു. അവരെ അവരുടെ ഭൂമിയില്‍ നിന്ന് ഒഴിപ്പിച്ചു. സാമൂഹിക നീതി നടപ്പാക്കാനെന്ന പേരില്‍, സമാന്തര നീതി സംവിധാനമുണ്ടാക്കി. 2000 ല്‍ 3000 നക്‌സലൈറ്റുകള്‍ കിഴക്കന്‍ മേഖലയില്‍ സജീവമായിരുന്നു.
2001 ജൂലൈയില്‍, തെക്കനേഷ്യയിലെ നക്‌സലൈറ്റുകള്‍ കോ -ഓര്‍ഡിനേഷന്‍ കമ്മിറ്റിയുണ്ടാക്കി. പീപ്പിള്‍സ് വാര്‍ ഗ്രൂപ്പും എംസിസിഐയും അതില്‍ അംഗങ്ങള്‍ ആയതോടെ, രാജ്യാന്തര ബന്ധമായി. എല്‍ടിടിഇ, നേപ്പാള്‍ മാവോയിസ്റ്റുകള്‍, പാകിസ്ഥാന്‍ ഐഎസ്‌ഐ എന്നിവയില്‍ നിന്ന് ഇവര്‍ക്ക് ആയുധങ്ങളും പരിശീലനവും കിട്ടി.
നാലാം ഘട്ടം, 2004 ല്‍ തുടങ്ങി ഇന്നുവരെയുള്ളതാണ്. സിപിഐ (മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ്), പിഡബ്‌ള്യുജി, എംസിസിഐ എന്നിവയും 40 ഗ്രൂപ്പുകളും 2004 ല്‍ ലയിച്ചത്, സായുധകലാപങ്ങള്‍ വ്യാപിക്കാന്‍ ഇടയാക്കി. സിപിഐ (മാവോയിസ്റ്റ്) സായുധ വിഭാഗമായ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മി പിജിഎല്‍എ) 20,000 പേരുടെ സേനയെ തീറ്റിപ്പോറ്റി. ഇതില്‍ 10,000 പേരും സ്ഥിരമായിരുന്നു. ഓട്ടോമാറ്റിക് തോക്കുകള്‍, ചുമലില്‍ വയ്ക്കാവുന്ന റോക്കറ്റ് ലോഞ്ചര്‍, മോര്‍ട്ടാറുകള്‍, ലൈറ്റ് മെഷീന്‍ ഗണ്ണുകള്‍, എകെ 47, ഗ്രനേഡുകള്‍ എന്നിവ പ്രയോഗിച്ചു എന്ന് മാത്രമല്ല, ഐഇഡി സ്‌ഫോടകങ്ങള്‍ ഉണ്ടാക്കാന്‍ പരിശീലനവും കിട്ടി.
രാഷ്ട്രീയ നേതാക്കളെ അവര്‍ കൊന്നു, പൊലീസ് വാഹനങ്ങള്‍ മറിച്ചിട്ടു, കുട്ടി ഭടന്മാരെ സൃഷ്ടിച്ചു മറയാക്കി, പുറത്തു നിന്നുള്ള നിക്ഷേപകരെ പേടിപ്പിച്ചു, ജയിലുകള്‍ ആക്രമിച്ച് അണികളെ മോചിപ്പിച്ചു. പൊലീസിലും പട്ടാളത്തിലും ചേരുന്നതില്‍ നിന്ന് നാട്ടുകാരെ വിലക്കി. 1980-2015 ല്‍ 20012 പേര്‍ നക്‌സല്‍ കലാപങ്ങളില്‍ കൊല്ലപ്പെട്ടു; ഇതില്‍, 4761 പേര്‍ നക്‌സലുകള്‍ ആയിരുന്നു. 3105 സുരക്ഷാ ഭടന്മാര്‍. 12146 സാധാരണ മനുഷ്യര്‍. 2019 ല്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് ഇറക്കിയ രേഖപ്രകാരം, 2010 -2019 ല്‍, പ്രതിവര്‍ഷം 1200 നക്‌സല്‍ ഭീകര ആക്രമണങ്ങളില്‍ ശരാശരി 417 നാട്ടുകാര്‍ കൊല്ലപ്പെടുന്നു. ആധിപത്യം കുറയുമ്പോള്‍, ഗ്രാമവാസികളെ പിഴിയുന്നതിനാല്‍, അവര്‍ പൊലീസിനെ വിവരം അറിയിക്കുന്നില്ല. 2018 ല്‍ 61 പേരെയും 2019 ല്‍ 21 പേരെയും പൊലീസിന് വിവരം നല്‍കി എന്നാരോപിച്ച് വെടിവച്ചു കൊന്നു. നക്‌സലുകളെ വിപ്ലവത്തില്‍ സഹായിക്കുന്ന ഗ്രാമവാസികള്‍ തന്നെ ഇരകള്‍.
2015 -2020ല്‍, 10,000ന് മേല്‍ നാട്ടുകാര്‍ക്കും പൊലീസുകാര്‍ക്കും നക്‌സലുകളില്‍ നിന്ന് ജീവഹാനി നേരിട്ടു. പേടിച്ചാണ്, നക്‌സല്‍ മേഖലകളില്‍ ജനം കഴിയുന്നത്. ഇപ്പോള്‍, പ്രത്യയശാസ്ത്രം വിട്ട് ഭീകരതയിലാണ്, നക്‌സലുകള്‍ ജീവിക്കുന്നത്. ”ആദ്യം അത് സിപിഐ (മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് ആയിരുന്നു; പിന്നെ മാവോ ചേര്‍ത്തു. ആശയവ്യക്തതയില്ലാതെ തട്ടിത്തടഞ്ഞു നില്‍ക്കുന്നു. സര്‍ക്കാര്‍ അവരെ കെണിയിലാക്കി, അതിനെതിരെ യുദ്ധം ചെയ്യുന്നു,” പഴയ എംഎല്‍ നേതാവ് ദീപാങ്കര്‍ ഭട്ടാചാര്യ, നക്‌സലുകള്‍ വീണ പടുകുഴിയെപ്പറ്റി നിരീക്ഷിക്കുന്നു.
നക്‌സലുകള്‍ മറ്റ് ക്രിമിനല്‍ ശൃംഖലകളുമായി ബന്ധപ്പെടുന്നതായി, ഇന്റലിജന്‍സ് രേഖകളില്‍ കാണുന്നു. 2018 ല്‍ 70 കോടി വിലയുള്ള അസംസ്‌കൃത ഹെറോയിന്‍, നക്്‌സല്‍ മേഖലകളില്‍ നിന്ന് പൊലീസ് പിടിച്ചിരുന്നു. 2007 മുതല്‍ നക്‌സലുകള്‍ ജാര്‍ഖണ്ഡില്‍ കറപ്പ് വളര്‍ത്തുന്നു. ഇതിന് സമ്മതിച്ചാല്‍, സംരക്ഷണം ഗ്രാമവാസികള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ഫലം, ഗ്രാമവാസികള്‍ ദേശവിരുദ്ധരാകുന്നു എന്നതാണ്. മയക്കുമരുന്ന് ശൃംഖലയില്‍ പെട്ട അവര്‍ക്ക് അതില്‍ നിന്ന് പ്രതിഫലം കിട്ടുന്നു. ഒഡിഷയില്‍ നക്‌സലുകള്‍ക്ക് കഞ്ചാവ് കച്ചവടമുണ്ട്. കള്ളക്കടത്തുകാരന്‍ ചോട്ടാ ഷക്കീലിന്റെ ആളുകളും നക്‌സല്‍ നേതാക്കളും കൂടിക്കാഴ്ച നടത്തിയ വിവരം 2010 ല്‍ ബംഗളൂരു പൊലീസിന് കിട്ടിയിരുന്നു. അതായത്, ഐഎസ്‌ഐ, നക്‌സല്‍-ദാവൂദ് ഇബ്രാഹിം പങ്കാളിത്തത്തെ ഇന്ത്യക്കെതിരായ നിഴല്‍ യുദ്ധത്തിന് (proxywar) ഉപയോഗിക്കുന്നു എന്നര്‍ത്ഥം. അന്ന് ആ സംഘത്തെ പിടിച്ചെങ്കിലും, നക്‌സല്‍ – ഐഎസ്‌ഐ ബന്ധം എന്നും ഇന്ത്യയ്ക്ക് തലവേദനയായിരുന്നു.
എല്‍ടിടിഇയില്‍ നിന്ന് മാവോയിസ്റ്റുകള്‍ക്ക് വാഹനങ്ങളും പരിശീലനവും കിട്ടിയിരുന്നുവെന്ന് വിവരമുണ്ട്. ജര്‍മനി, ഫ്രാന്‍സ്, തുര്‍ക്കി, ഇറ്റലി എന്നിവിടങ്ങളിലെ ചെറുസംഘങ്ങളും സഹായിച്ചു. 2005 ലും 2011 ലും മുതിര്‍ന്ന മാവോയിസ്റ്റ് കേഡറുകള്‍ക്ക് ഫിലിപ്പീന്‍സില്‍ പരിശീലനം കിട്ടി. 2008 ല്‍ സിമി, 500 നക്‌സലുകളെ പരിശീലിപ്പിച്ചു. 2010 ല്‍ ലഷ്‌കറെ തൊയ്ബ നേതാക്കള്‍ നക്‌സല്‍ നേതാക്കളെ കണ്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ്) ഇവിടത്തെ മാവോയിസ്റ്റുകളുമായി ചേര്‍ന്ന് സംയുക്ത ഓപ്പറേഷനുകളും പരിശീലനവും നടത്തുന്നു. നേപ്പാള്‍ വഴി, ഇവിടത്തെ നക്‌സലുകള്‍ക്ക് ചൈനയില്‍ നിന്ന് ആയുധങ്ങള്‍ കിട്ടുന്നു. അസം, കശ്മീര്‍ തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്ന്, കേന്ദ്രത്തെ അട്ടിമറിക്കാന്‍ ശ്രമങ്ങളും നടത്തി. താലിബാന്‍, ഐഎസ്, അല്‍ ശബാബ്, ബോക്കോ ഹറാം, ഫിലിപ്പീന്‍സ് കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവ കഴിഞ്ഞാല്‍, ആഗോളതലത്തില്‍ ഏറ്റവും ഭീകരമായ സംഘടന, സിപിഐ (മാവോയിസ്റ്റ്) ആണെന്ന് 2018 ല്‍ US Country Report on Terrorism വ്യക്തമാക്കിയിരുന്നു.
ഇനി കേരളമോ?
മോദി അധികാരത്തില്‍ വന്ന ശേഷം 2015 ല്‍ National Policy and Action Plan to address Left wing Extremism-2015 എന്ന നയമുണ്ടാക്കി. അതിന് ശേഷം, നക്‌സല്‍ ആക്രമണങ്ങള്‍ കുറഞ്ഞു വന്നു. എട്ട് ജില്ലകളില്‍ അതിന്റെ വേരറുത്തു. ആറ് ജില്ലകളില്‍ അമര്‍ച്ച ചെയ്തു. 2017 ല്‍ കേന്ദ്രം, മാവോയിസ്റ്റുകള്‍ക്കെതിരെ, SAMADHAN പ്രഖ്യാപിച്ചു. കോവിഡ് വ്യാപനവും നക്‌സലുകളെ ബാധിച്ചു. 2009 ലെ 2258 നക്‌സല്‍ ആക്രമണ കേസുകള്‍ 2020-ല്‍ 349 ആയി ചുരുങ്ങി. മരണം 908 ല്‍ നിന്ന് 110 ആയി.
അമര്‍ത്യ ദേബ് എഴുതിയ Naxals in Kerala: Their Networks, Resources, Legitimacy and Solutions for Curbing Future Growth എന്ന പ്രബന്ധത്തില്‍ കാണുന്നത്, റെഡ് കോറിഡോറില്‍ നക്‌സല്‍ സ്വാധീനം കുറഞ്ഞെങ്കിലും, കേരളത്തില്‍ നക്‌സലിസം വളരുന്നുവെന്നാണ്. കര്‍ണാടകം, കേരളം, തമിഴ്‌നാട് എന്നിവയുടെ സംഗമസ്ഥാനമാണ്, ഇവിടെ വളക്കൂറുള്ള മണ്ണ്. 2014 ഏപ്രിലില്‍, നാല് നക്‌സലുകള്‍ ഇവിടെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. വയനാടും പാലക്കാടും അവര്‍ക്ക് വലിയ പ്രതിരോധം നേരിട്ടില്ല. തെക്ക്, കേരളം നക്‌സലുകളുടെ കോട്ടയാകുമെന്ന് സൂചനയുണ്ടായി. ഭാവി കേന്ദ്രം കേരളമായിരിക്കുമെന്ന്, ദല്‍ഹിയിലെ Centre for Land Warfare Studies പുറത്തിറക്കിയ ഈ ദീര്‍ഘ പ്രബന്ധം വ്യക്തമാക്കുന്നു.
മൂന്ന് സംസ്ഥാനങ്ങളുടെ മുക്കൂട്ട് കവല (trijunction) ഇവിടെയും റെഡ് കോറിഡോര്‍ പോലെ സൗകര്യമായി ഉണ്ട്. വനങ്ങളില്‍ അദൃശ്യരായി കഴിയാം. സുരക്ഷാ ഭടന്മാര്‍ക്ക് സഞ്ചരിക്കാന്‍ എളുപ്പമുള്ള ഭൂപ്രകൃതി അല്ല. അതിര്‍ത്തികളെ സംബന്ധിച്ച് സംസ്ഥാനങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നില്‍ക്കുന്നതിനാല്‍, നടപടി എളുപ്പമല്ല. കാടിന് ചുറ്റുമുള്ള ഗ്രാമങ്ങളില്‍ നിന്ന് ആയുധങ്ങള്‍ കിട്ടാനുണ്ട്.
സമീപകാലങ്ങളില്‍ ഇവിടെ നക്‌സല്‍ പ്രചാരണവും ഏറ്റുമുട്ടലുകളും വര്‍ധിച്ചിരിക്കുന്നു. കേരളം വിസ്തൃതി കുറവായതിനാല്‍, ആ മുക്കൂട്ട് കവലയില്‍ നിന്ന് മുഖ്യനഗരം വരെ ആക്രമണം ആസൂത്രണം ചെയ്യാം. 2014 നവംബറില്‍ കൊച്ചിയില്‍ നീറ്റാ ജെലാറ്റിന്‍ ആക്രമണം നടന്നത്, അങ്ങനെയായിരുന്നു.
ഈ പ്രബന്ധത്തില്‍ പറയാത്ത രാഷ്ട്രീയ സാഹചര്യങ്ങള്‍ കേരളത്തിലുണ്ട്. അരാജക പ്രത്യയശാസ്ത്രം, മാര്‍ക്‌സിസ്റ്റ് ഭരണവര്‍ഗത്തിന്റെ പക്കലുണ്ട്. ദേശീയവിരുദ്ധതയെ ഊട്ടിയുറപ്പിക്കുന്ന കട്ടിങ് സൗത്ത് പോലുള്ള വിഘടനവാദങ്ങള്‍ ധാരാളമുണ്ട്. കപട മതേതരതയുടെ വിളനിലമാണ്. ഇസ്ലാമിക – മാര്‍ക്‌സിസ്റ്റ് ചങ്ങാത്തമുണ്ട്. മതമൗലികവാദത്തിന് സിപിഎം നല്‍കുന്ന രാഷ്ട്രീയ പിന്തുണയുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആട്ടിപ്പായിക്കുന്ന ദേശീയവിരുദ്ധര്‍ക്ക് സ്വാഗതം ഓതുന്ന മാര്‍ക്‌സിസ്റ്റ് പ്രചാരണ യന്ത്രമുണ്ട്. നക്‌സലിസത്തിന് വേരാഴ്ത്താനുള്ള ക്രിമിനല്‍ ശൃംഖലയുമുണ്ട്. മോദി, ബിജെപി, ആര്‍എസ്എസ്, ഹിന്ദു വിരുദ്ധമായതെന്തും ഇവിടെ വില്‍ക്കും. ഈ രാഷ്ട്രീയ കാലാവസ്ഥയെ സംബന്ധിച്ചാണ്, നമുക്ക് ജാഗ്രത വേണ്ടത്.