കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അയോദ്ധ്യയിലെത്തിയപ്പോള്‍ കണ്ടു പരിചയപ്പെട്ട ഒരു സന്യാസിവര്യന്‍ പറഞ്ഞതോര്‍മ്മ വരുന്നു: ‘ശ്രീരാമചന്ദ്രന് എന്നും കഷ്ടകാലമേ ഉണ്ടായിട്ടുള്ളൂ; വനവാസം, സീതയെ തട്ടിക്കൊണ്ടുപോകല്‍ …… ധര്‍മ്മിഷ്ഠര്‍ക്ക് എന്നും അങ്ങിനെയാണ്. എന്നാല്‍ അത് മാറും. അതിനൊപ്പം അയോദ്ധ്യയും ഇന്ത്യയും മാറും ……. അത് ചരിത്രമാണ്, യാഥാര്‍ത്ഥ്യമാണ്, പുരാണങ്ങളില്‍ നമുക്ക് അത് കാണാനാവും……..’. 1984- 85 കാലഘട്ടത്തിലാണിത്. അക്കാലത്ത് രാമജന്മഭൂമി പ്രക്ഷോഭമൊക്കെ തുടങ്ങുന്നതേയുള്ളൂ; ആദ്യഘട്ടമെന്ന നിലക്ക് രാജ്യമെമ്പാടും ഒരു പ്രചാരണ – സമ്പര്‍ക്ക പരിപാടി നടന്നിരുന്നു എന്നതൊഴിച്ചാല്‍ വേറെ എന്തെങ്കിലും കേട്ടിരുന്നില്ല. എന്നാല്‍ ഇന്നിപ്പോള്‍ ഒന്ന് പിന്തിരിഞ്ഞു നോക്കൂ.
ഈ വേളയില്‍ വേറൊന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്; അത് ഈ കാലഘട്ടത്തിന്റെ പ്രാധാന്യവും പ്രത്യേകതയുമാണ്. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാമത് വര്‍ഷത്തിലേക്കെത്തുന്നു; 2022ല്‍. മറ്റൊന്ന്, ആര്‍എസ്എസ്സിന്റെ ജന്മശതാബ്ദി വര്‍ഷമാണ് 2025 എന്നതാണ്; 2020 ആവട്ടെ ബിജെപി സ്ഥാപിതമായതിന്റെ നാല്പതാം വര്‍ഷമാണ്; 2021 ജനസംഘം സ്ഥാപിതമായിട്ട് ഏഴു ദശാബ്ദം പിന്നിടുന്നു……. കുറെ സുപ്രധാന മുഹൂര്‍ത്തങ്ങള്‍. ഈ പ്രധാനപ്പെട്ട കാലഘട്ടത്തില്‍ ഇന്ത്യയില്‍ മറ്റൊരു വലിയ മാറ്റമുണ്ടാവുന്നത് സ്വാഭാവികമാണ്…….. ഹിന്ദുത്വത്തിന്റെ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്ന മുഹൂര്‍ത്തമായി അത് മാറുകയാണ്….. അയോദ്ധ്യ സംബന്ധിച്ച സുപ്രീംകോടതി വിധി അതിന്റെ മറ്റൊരു തുടക്കവും.
1980 -കളുടെ മധ്യത്തിലാണ് രാമക്ഷേത്ര നിര്‍മ്മാണ പ്രക്ഷോഭം രാജ്യത്ത് തുടങ്ങുന്നത്. വിശ്വഹിന്ദുപരിഷത്ത് അതിനായി കുറേക്കാലമായി കരുക്കള്‍ നീക്കിയിരുന്നു. രാജ്യമെമ്പാടുമുള്ള സന്യാസിവര്യന്മാരെ അണിനിരത്തിക്കൊണ്ടായിരുന്നു അവരുടെ ശ്രമങ്ങള്‍. കുംഭമേളയിലും മറ്റും അവര്‍ ഒത്തുചേര്‍ന്ന് അയോദ്ധ്യ പ്രശ്‌നം ഉയര്‍ത്തുകയും ചെയ്തു. അവസാനം ധര്‍മ്മചാര്യന്മാര്‍ പറയുന്നതനുസരിച്ച് ഇക്കാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കുക എന്നതായി ക്ഷേത്ര നിര്‍മ്മാണ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന വിഎച്ച്പി യുടെയും രാമജന്മഭൂമി ന്യാസിന്റെയും മറ്റും തീരുമാനം. വിവിധ രീതികളില്‍ പ്രശ്‌നം സമൂഹത്തില്‍ ഉയര്‍ത്താനാണ് അന്ന് തീരുമാനിച്ചത്. ഇന്ദിരാഗാന്ധി സര്‍ക്കാരിന്റെ കാലഘട്ടത്തില്‍, അതായത് 1984 സപ്തംബര്‍ – ഒക്ടോബര്‍ മാസത്തില്‍, രാജ്യമെമ്പാടും നടന്ന സമ്പര്‍ക്ക പ്രചാരണ പരിപാടിയാണ് അതില്‍ ആദ്യത്തേത്. അത് വലിയ ഫലങ്ങളുണ്ടാക്കി. രാമജന്മഭൂമി പ്രശ്‌നത്തെ രാജ്യത്തിന്റെ മുഴുവന്‍ സജീവ ശ്രദ്ധയിലെത്തിക്കാന്‍ അത് സഹായകരമായി. ഇന്ദിരാഗാന്ധി യുഗത്തിന് ശേഷം, രാജീവ് ഗാന്ധിയുടെ കാലഘട്ടത്തില്‍, മറ്റൊരു ആവശ്യം ഹിന്ദു സമൂഹം സര്‍ക്കാരിന് മുന്നില്‍ വെച്ചു. അയോദ്ധ്യയിലെ തര്‍ക്ക മന്ദിരത്തിന്റെ താഴ് തുറന്നുകൊടുക്കണം, അവിടെ പൂജക്ക് അവസരമൊരുക്കണം …… അതില്ലെങ്കില്‍ അടുത്ത ശിവരാത്രി നാള്‍ ( മാര്‍ച്ച് 8 ) ഹിന്ദുക്കള്‍ താഴ് തല്ലിപ്പൊളിക്കും. 1986 ജനുവരിയില്‍ നടന്ന ഹിന്ദു സമ്മേളനമാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചതും സമര പരിപാടികള്‍ പ്രഖ്യാപിച്ചതും. അന്ന് യുപിയില്‍ കോണ്‍ഗ്രസ് സര്‍ക്കാരാണുണ്ടായിരുന്നത് എന്നതോര്‍ക്കുക.
ഇതോടെ സംസ്ഥാന സര്‍ക്കാര്‍ കോടതിയിലെത്തി; താഴ് തുറന്നുകൊടുക്കാന്‍ അനുമതി തേടി. അത് ആദ്യം കോടതി നിരാകരിച്ചു; പക്ഷെ അപ്പീല്‍ കൊടുക്കാന്‍ യു.പി സര്‍ക്കാര്‍ തയ്യാറായി……. ക്രമസമാധാന പ്രശ്‌നം ഉണ്ടാവില്ല എന്ന് സര്‍ക്കാര്‍ കൊടുത്ത ഉറപ്പ് മുഖവിലക്കെടുത്തുകൊണ്ടാണ് രാമവിഗ്രഹം ഇരുന്നിരുന്ന ഭാഗത്തെ വാതിലുകള്‍ ഹിന്ദുക്കള്‍ക്ക് ആദ്യമായി തുറന്നുകിട്ടിയത്. വലിയ പ്രക്ഷോഭത്തിന്റെ ചരിത്രത്തില്‍ അതൊരു വലിയ വഴിത്തിരിവായിരുന്നു. 33 വര്‍ഷങ്ങള്‍ക്ക് മുമ്പാണിത്.
അയോദ്ധ്യ വിഷയത്തെ ആദ്യമേ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ തീരുമാനിച്ചത് യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസും രാജീവ് ഗാന്ധിയുമാണ് എന്നതാണിത് കാണിക്കുന്നത്. വെറുതെയല്ല അവര്‍ ഇങ്ങനെ ഒക്കെ ചെയ്തത്…….. ഹിന്ദു പാര്‍ട്ടിയായി മാറാനുള്ള അല്ലെങ്കില്‍ ഹിന്ദു വോട്ട് ബാങ്ക് സുരക്ഷിതമായി നിലനിര്‍ത്താനുള്ള ആസൂത്രിതമായ നീക്കമായിരുന്നു അത്. ഇവിടെ വേറൊന്നു കൂടി ഓര്‍ക്കേണ്ടതുണ്ട്; ഇന്ദിരാഗാന്ധിയുടെ മരണത്തിന് ശേഷം നടന്ന 1984- ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ എന്തുവലിയ വിജയമാണ് കോണ്‍ഗ്രസ് നേടിയത് എന്നതാണത്. അപ്പോള്‍ അവര്‍ക്കുണ്ടായ വെളിപാടാണ് ഇതൊക്കെ.
മറ്റൊന്ന്, ഷാബാനോ കേസിലെ സുപ്രീം കോടതി വിധി വന്നപ്പോഴുണ്ടായ മുസ്ലിം പ്രതിഷേധം തണുപ്പിക്കാന്‍ നിയമനിര്‍മാണത്തിന് കോണ്‍ഗ്രസ് തയ്യാറായതാണ്. യഥാര്‍ത്ഥത്തില്‍ മുസ്ലിം വനിതകളെ അവര്‍ വഞ്ചിക്കുകയായിരുന്നു; അന്നുയര്‍ന്ന പ്രശ്‌നമാണ് ഇപ്പോഴത്തെ മുത്തലാക്ക് നിയമനിര്‍മ്മാണം വരെ നീണ്ടത് എന്നതും ഓര്‍ക്കേണ്ടതാണ്. അന്ന് മുസ്ലിം മതമൗലിക വാദികള്‍ക്ക് കീഴടങ്ങി എന്നും അതുകൊണ്ട് ഹിന്ദു സമൂഹത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു എന്നും രാജീവ് ഗാന്ധി തിരിച്ചറിഞ്ഞു. ആ ചീത്തപ്പേര് മാറ്റുന്നതിന് എന്തുവേണം എന്ന ചിന്തയാണ് അടുത്ത പൊതുതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രചാരണം അയോദ്ധ്യയില്‍ നിന്ന് തുടങ്ങുന്നതില്‍ ചെന്നെത്തിയത്. നേരത്തെ സൂചിപ്പിച്ചത് പോലെ, അയോദ്ധ്യയിലെ തര്‍ക്കമന്ദിരത്തിലെ താഴ് തുറന്നുകൊടുത്ത തീരുമാനമുണ്ടായതും അതിന്റെ ഭാഗമായിട്ടാണ്. എന്നാല്‍ ഇത് രണ്ടും മുസ്ലിങ്ങളെ കോണ്‍ഗ്രസിനെതിരാക്കി എന്നതാണ് നാം കാണുന്നത്. ഷാബാനോ കേസിന്റെ സമയത്ത് പിന്തുണച്ച മുസ്ലിം മതമൗലിക വാദികളും അപ്പോള്‍ രാജീവ് ഗാന്ധിക്കെതിരായി.
അയോദ്ധ്യ പ്രശ്‌നത്തിലെ പലരുടെയും കാപട്യങ്ങള്‍ മുന്‍പ് ബിജെപി തന്നെ തുറന്നുകാട്ടിയിട്ടുണ്ട്. അയോദ്ധ്യ സംബന്ധിച്ച ബിജെപിയുടെ ധവളപത്രം (1993) അത് വിശദീകരിക്കുന്നുണ്ട്. വി.പി.സിങ് സ്വീകരിച്ച നിലപാടാണ് അതില്‍ പ്രധാനം. 1989-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്‍പായി മുംബൈയില്‍ നടന്ന ഒരു യോഗത്തില്‍ വി.പി.സിങ് പറഞ്ഞ കാര്യമാണത്. എക്‌സ്പ്രസ് ടവേഴ്‌സില്‍ ആയിരുന്നു ആ യോഗം. രാംനാഥ് ഗോയങ്കയാണ് അതിന് വഴിയൊരുക്കിയത്. ഗോയങ്കക്ക് പുറമെ ആര്‍എസ്എസ് നേതാക്കളായ ഭാവുറാവു ദേവറസ്, പ്രൊഫ. രാജേന്ദ്ര സിങ്, വി.പി.സിങ്, എല്‍. കെ. അദ്വാനി, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പ്രഭാഷ് ജോഷി, എസ്.ഗുരുമൂര്‍ത്തി എന്നിവരൊക്കെ അവിടെയുണ്ടായിരുന്നു. അധികാരത്തിലേറിയാല്‍ അയോദ്ധ്യാപ്രശ്‌നം നാലു മാസത്തിനകം പരിഹരിച്ചോളാം എന്നതായിരുന്നു അന്ന് വി.പി.സിങ് നല്‍കിയ ഉറപ്പ്. അതിന്റെകൂടി അടിസ്ഥാനത്തിലാണ് വി.പി. സിങ് സര്‍ക്കാരിന് പുറത്തുനിന്ന് പിന്തുണ നല്കാന്‍ ബി.ജെ.പി തീരുമാനിച്ചത്. അന്ന് മുംബൈയിലെ ആ യോഗത്തില്‍ വി.പി.സിങ് പറഞ്ഞത് ഏതാണ്ട് ഇങ്ങനെയാണ്……………… ‘അരെ ഭായ്, മസ്ജിദ് ഇപ്പോള്‍ എവിടെയാണ്; അതിപ്പോള്‍ തന്നെ ഒരു ക്ഷേത്രമാണ്’. ‘ആ കെട്ടിടം തകര്‍ന്ന ഒന്നാണ്, ഒന്ന് ഉന്തിയാല്‍ താഴെ വീഴും …’എന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നീട് അക്കാലത്ത് അരുണ്‍ ഷൂറി ഒരു ലേഖനത്തില്‍ ഈ പരാമര്‍ശങ്ങള്‍ എടുത്തുപറഞ്ഞതുമോര്‍ക്കുക. അതുപോലെ അനവധി നേതാക്കള്‍ സ്വകാര്യമായി പറഞ്ഞതും മറ്റും ചൂണ്ടിക്കാണിക്കാനുണ്ട്.
അയോദ്ധ്യ പ്രശ്‌നം പൊന്തിവരുമ്പോള്‍, ഹിന്ദു സമൂഹം ഒറ്റക്കെട്ടായി ഇതിനൊപ്പം അണിനിരക്കുമ്പോഴും, രാഷ്ട്രീയ കക്ഷി എന്ന നിലക്ക് ബിജെപി ഈ പ്രക്ഷോഭ പരിപാടികളില്‍ അണിനിരന്നിരുന്നില്ല. ബിജെപി നേതാക്കളായ രാജമാതാ വിജയരാജ സിന്ധ്യ, വിനയ് കത്യാര്‍ തുടങ്ങിയവര്‍ അതിന്റെ മുന്നിരയിലുണ്ടായിരുന്നു എന്നത് ശരി; എന്നാല്‍ അത് വ്യക്തികള്‍ എന്ന നിലക്കായിരുന്നു. അതിന് കാരണം എന്താണ് ചെയ്യേണ്ടത് എന്നത് സംബന്ധിച്ച് ബിജെപി ഒരു നിലപാട് ഔപചാരികമായി സ്വീകരിച്ചിരുന്നില്ല എന്നതാണ്. പാര്‍ട്ടി പ്രവര്‍ത്തകരൊക്കെ രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു; അവര്‍ക്ക് മാറിനില്‍ക്കുക അസാധ്യവുമാണല്ലോ. എന്നാല്‍ പാര്‍ട്ടി ഔപചാരികമായി ഒരു നിലപാട് എടുക്കണ്ടേ? ക്ഷേത്രം നിര്‍മ്മിക്കാന്‍ ഒരു പാര്‍ട്ടിക്ക് കഴിയില്ല. മുന്‍പ് സോമനാഥ ക്ഷേത്ര പുനര്‍നിര്‍മ്മാണം സര്‍ക്കാര്‍ മുന്‍കൈയെടുത്താണ് നടത്തിയത് ….. അതൊക്കെ കണക്കിലെടുത്തുകൊണ്ട് ഒരു പ്രമേയം പാലംപൂരില്‍ നടന്ന ബിജെപി ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ അവതരിപ്പിക്കുകയായിരുന്നു. രാമജന്മഭൂമി വീണ്ടെടുത്ത് ഹിന്ദുക്കള്‍ക്ക് കൈമാറണം, അവിടെ സോമനാഥില്‍ ചെയ്തത് പോലെ ഒരു മഹാക്ഷേത്രം തന്നെ നിര്‍മ്മിക്കണം എന്നതായിരുന്നു ആ പ്രമേയത്തിന്റെ അന്തസ്സത്ത. കേന്ദ്രത്തില്‍ അധികാരത്തിലേറിയാല്‍ അയോദ്ധ്യയില്‍ രാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന് വേണ്ടുന്ന എല്ലാ സഹായങ്ങളും ചെയ്യും എന്ന് പിന്നീട് പ്രകടനപത്രികയില്‍ ബിജെപി വ്യക്തമാക്കുകയും ചെയ്തു. അങ്ങിനെ തികച്ചും ഭാവാത്മകമായിട്ടാണ് കോണ്‍ഗ്രസ് നടത്തിയ ‘ഹിന്ദു കാര്‍ഡ്’ നീക്കത്തെ കൈകാര്യം ചെയ്യാനായി ബിജെപി രംഗത്ത് വന്നത്. അതാവട്ടെ, രാഷ്ട്രീയമായി വലിയ മാറ്റങ്ങള്‍ക്കാണ് വഴിയൊരുക്കിയത്.
യഥാര്‍ത്ഥത്തില്‍ രാജ്യത്ത് നടന്ന ഹൈന്ദവ- ദേശീയ മുന്നേറ്റത്തിന് അനവധി ഘടകങ്ങള്‍ കാരണമായിട്ടുണ്ട്. രാജ്യമെമ്പാടും അലയടിച്ച ശ്രീരാമ ഭക്തി അതില്‍ പ്രധാനപ്പെട്ടതാണ്. കോടാനുകോടി പേരെ രാമക്ഷേത്ര നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെടുത്താന്‍ സാധിച്ചു എന്നതാണ് അതില്‍ പ്രധാനം. സ്വാതന്ത്ര്യ സമരകാലത്ത് പോലും നടക്കാത്ത വലിയൊരു ബഹുജന -ഹൈന്ദവ മുന്നേറ്റമായിരുന്നല്ലോ അത്. അതിന് സാധിച്ചത് എന്തുകൊണ്ടാണ്?. തീര്‍ച്ചയായും ശ്രീരാമന്‍ എല്ലാവരുടെ ഹൃദയത്തിലുമുണ്ടായിരുന്നു; അതിനെ ഒന്ന് ഉണര്‍ത്തുക എന്നതാണ് ചെയ്യേണ്ടിയിരുന്നത്. അതിന് സംഘ ഹൈന്ദവ പ്രസ്ഥാനങ്ങള്‍ക്ക് സാധിച്ചു. എന്നാല്‍ അതിനായി അവര്‍ നടത്തിയ ഉദ്യമങ്ങള്‍, അവര്‍ക്ക് നേരിടേണ്ടിവന്ന പ്രയാസങ്ങള്‍ ഒക്കെ പറഞ്ഞറിയിച്ചുകൂടാ. മാസങ്ങള്‍നീണ്ട തയ്യാറെടുപ്പുകള്‍, രാജ്യമെമ്പാടുമുള്ള ഒരുക്കങ്ങള്‍, ഗ്രാമഗ്രാമാന്തരങ്ങളില്‍ നടന്ന വിവിധ പരിപാടികള്‍ ……. അങ്ങിനെ അയോദ്ധ്യയെ ഓരോ ഭവനങ്ങളിലേക്കും എത്തിക്കുകയാണ് ചെയ്തത്. അതിനൊക്കെ ഹിന്ദു സംഘടനാ നേതാക്കള്‍ ഉണ്ടായിരുന്നുവെങ്കിലും പിന്നിലെ കരുത്ത് സംഘ പ്രസ്ഥാനങ്ങള്‍ തന്നെയായിരുന്നു.
ഇവിടെ നാമെല്ലാം ഓര്‍ക്കേണ്ടുന്ന ഒരു പ്രധാന പ്രചാരണ പരിപാടിയുണ്ട് …. സോമനാഥില്‍ നിന്ന് അയോദ്ധ്യയിലേക്ക് എല്‍.കെ.അദ്വാനി നടത്തിയ രഥയാത്ര. മറ്റെന്ത് പരിപാടികളും രാജ്യമെമ്പാടും നടക്കുമ്പോഴും അയോദ്ധ്യ പ്രക്ഷോഭത്തില്‍ നിര്‍ണായകമായത് അദ്വാനിയുടെ ഈ യാത്ര തന്നെയായിരുന്നു. അത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ച സാഹചര്യമൊക്കെ അദ്ദേഹം തന്റെ ആത്മകഥയില്‍ വിശദീകരിക്കുന്നുണ്ട്. അന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന പ്രമോദ് മഹാജന്‍ അയോദ്ധ്യ പ്രശ്‌നത്തെ സമീപിച്ചതും ആ ചര്‍ച്ചകള്‍ രഥയാത്രയുടെ ദിശയിലേക്ക് നീങ്ങിയതുമൊക്കെ. രാഷ്ട്രീയമായി തകര്‍ന്നു എന്ന് പ്രതിയോഗികള്‍ കുറിച്ചുവെച്ച ബിജെപിയെ ബഹുജന പ്രസ്ഥാനമാക്കി ഉയര്‍ത്തിയ വലിയ പരിപാടികൂടിയായിരുന്നു അത്. അയോദ്ധ്യയില്‍ നടത്താന്‍ ഹിന്ദു സംഘടനകള്‍ പദ്ധതിയിട്ട കര്‍സേവയുമായി ബന്ധപ്പെടുത്തിയായിരുന്നു ആ രഥയാത്ര എന്നതുമോര്‍ക്കുക. അത് രാജ്യത്തെമ്പാടും ശ്രീരാമ ചിന്ത വ്യാപിപ്പിച്ചു…….. രാമക്ഷേത്ര പ്രശ്‌നത്തെ ദേശീയ തലത്തിലേക്ക് മാത്രമല്ല ആര്‍ക്കും ഒഴിച്ചുനിര്‍ത്താനാവാത്ത വിധത്തിലേക്ക് എത്തിച്ചു. ബിജെപിയുടെയും അദ്വാനിയുടെയും രാഷ്ട്രീയ ഗ്രാഫ് വാനോളമെന്നോണം ഉയരുന്നതും അതിനൊപ്പം കണ്ടു. അതാണ് യഥാര്‍ത്ഥത്തില്‍ ഈ നൂറ്റാണ്ടില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ മാറ്റി മറിച്ച ഒരു സുപ്രധാന സംഭവം എന്ന് വിലയിരുത്തുന്നതില്‍ തെറ്റില്ല. എന്നാല്‍ രഥത്തിലേറി അയോദ്ധ്യ വരെ എത്താന്‍ അന്ന് അദ്വാനിക്കായില്ല; ഇടക്ക് ബീഹാറിലെ സമസ്തിപ്പൂരില്‍ വെച്ച് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. പക്ഷെ അതും അദ്വാനിയുടെ യശസ്സ് വര്‍ദ്ധിപ്പിച്ചിട്ടേയുള്ളു.
ഇതേത്തുടര്‍ന്നാണ് ബിജെപി ശക്തമായ രാഷ്ട്രീയ മുന്നേറ്റം രാജ്യത്ത് നടത്തുന്നത്. യു. പി അടക്കം ഒട്ടനവധി സംസ്ഥാനങ്ങളില്‍ അവര്‍ അധികാരത്തിലേറി…… 1998 ലും 1999 ലും കേന്ദ്രത്തില്‍ ഭരണകക്ഷിയായി; അഞ്ചുവര്‍ഷകാലം ഒരു ബിജെപിക്കാരന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ആയതുമോര്‍ക്കുക. ഇതിനിടയിലാണ് 1992 ഡിസംബര്‍ ആറിന് അയോദ്ധ്യയിലെ തര്‍ക്ക മന്ദിരം തകര്‍ന്ന സംഭവം, നരസിംഹ റാവു സര്‍ക്കാരിന്റെ കാലത്താണത്; യുപിയില്‍ കല്യാണ്‍ സിങ് സര്‍ക്കാരും. ഹിന്ദു സമൂഹം ആഗ്രഹിച്ചതാണ് അന്ന് നടന്നത് എന്നതില്‍ തര്‍ക്കമില്ല. ഒന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്, അപ്പോഴൊക്കെ അതൊരു മുസ്ലിം പള്ളി ആയിരുന്നില്ല; അവിടെ രാമലാലയുടെ വിഗ്രഹം എത്രയോ കാലമായുണ്ടായിരുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ രാജീവ് ഗാന്ധി സര്‍ക്കാരിന്റെ കാലത്ത് ആ കെട്ടിടം ഭക്തര്‍ക്കായി തുറന്നുകൊടുക്കുകയും നിത്യപൂജ ആരംഭിക്കുകയുമൊക്കെ ചെയ്തിരുന്നു. ശ്രീരാമ വിഗ്രഹവും നിത്യപൂജയുമൊക്കെ ഉള്ള സ്ഥലമെങ്ങിനെയാണ് മുസ്ലിം പള്ളിയാവുക? അതുകൊണ്ടുതന്നെ, അന്ന് തകര്‍ന്നത് മുസ്ലിം പള്ളിയുടെ മാതൃകയിലുള്ള ഒരു കെട്ടിടം മാത്രമായിരുന്നു. ഈ കാര്യങ്ങള്‍ നേരത്തെ സൂചിപ്പിച്ചത് പോലെ, ഇന്ത്യയിലെ ഒട്ടെല്ലാ രാഷ്ട്രീയക്കാരും മനസ്സുകൊണ്ട് അംഗീകരിച്ചിരുന്നതാണ്, പ്രത്യേകിച്ചും സ്വകാര്യ സംഭാഷണങ്ങളില്‍. എന്നാല്‍ മുസ്ലിം വോട്ടിനെ ഭയന്നും ‘കപട സെക്കുലര്‍ ഇമേജ്’ ഓര്‍ത്തുമൊക്കെ അവര്‍ അത് പരസ്യമായി സമ്മതിച്ചിരുന്നില്ല എന്നുമാത്രം. ആ തര്‍ക്ക മന്ദിരം തകര്‍ന്നതോടെ രാമക്ഷേത്ര പ്രശ്‌നത്തില്‍ ഒരു പുതിയ അധ്യായം തുടങ്ങുകയായിരുന്നു. കേവലം നിയമവശത്തിലൂടെയാണ് ആ കെട്ടിടം തകര്‍ത്തത് നീചമായ നിയമലംഘനമായി കോടതി വിലയിരുത്തിയത്. ആ കെട്ടിടം ഇന്നുണ്ടായിരുന്നെങ്കില്‍ അത് പൊളിച്ചുകളയാന്‍ കോടതിക്ക് തന്നെ നിര്‍ദ്ദേശിക്കേണ്ടിവരുമായിരുന്നു. ഇക്കാര്യം വിധിയില്‍ സ്പഷ്ടമാണ്.
രാമജന്മഭൂമി പ്രശ്‌നവും ബിജെപിയുടെ വളര്‍ച്ചയും ഏതാണ്ടൊക്കെ ചേര്‍ന്ന് നില്‍ക്കുന്നതാണ് എന്നത് ശ്രദ്ധിക്കാതെ വയ്യ. 1984 ല്‍ വെറും രണ്ടു സീറ്റുകള്‍ മാത്രമുണ്ടായിരുന്ന ബിജെപി ദേശീയതലത്തില്‍ പ്രധാന കക്ഷിയാക്കിയത് ആ പ്രക്ഷോഭത്തിന്റെ കാലഘട്ടത്തിലാണ്. അതില്‍ മുന്‍പ് സൂചിപ്പിച്ച അദ്വാനിയുടെ രഥയാത്ര, ബിജെപി ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാട്, സംഘപ്രസ്ഥാനങ്ങള്‍ ഈ വേളയില്‍ കൈക്കൊണ്ട സമീപനം ഒക്കെ കൂട്ടിവായിക്കേണ്ടതുണ്ട്. ഒരര്‍ത്ഥത്തില്‍ ഇന്ത്യയിലെ വിവിധ സംഘപ്രസ്ഥാനങ്ങള്‍ ഒരു മനസ്സോടെ ഒരേ ദിശയില്‍ ശക്തമായി മുന്നോട്ട് പോയിക്കൊണ്ടിരുന്ന കാലഘട്ടമാണിത്. രാഷ്ട്രീയ രംഗത്ത് അതിന്റെ പ്രയോജനം ബിജെപിക്ക് കരഗതമായി. ഇതിനൊപ്പമുള്ള കണക്ക് ഒന്ന് നോക്കൂ; ബിജെപിയുടെ വളര്‍ച്ചയുടെയും തളര്‍ച്ചയുടെയും ഗ്രാഫ് ആണിത്.
1992 ഡിസംബര്‍ ആറിലെ അയോദ്ധ്യ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ നരസിംഹറാവു സര്‍ക്കാര്‍ രാജ്യത്തുണ്ടായിരുന്ന എല്ലാ ബിജെപി സംസ്ഥാന സര്‍ക്കാരുകളെയും പിരിച്ചുവിട്ടു എന്നതോര്‍ക്കുക. മാത്രമല്ല ആര്‍എസ്എസ്സിന് നിരോധനവും കൊണ്ടുവന്നു. അതിനൊക്കെ ശേഷമാണ് 1996 മുതല്‍ 1999 വരെ ബിജെപി വലിയ വളര്‍ച്ച കൈവരിച്ചത്; 1998 ലും 1999 ലും എ.ബി.വാജ്‌പേയി ഇന്ത്യയുടെ പ്രധാനമന്ത്രിയുമായി; ആദ്യത്തേത് കുറച്ചു നാളത്തേക്ക് ആയിരുന്നുവെങ്കില്‍ അടുത്തത് അഞ്ചുവര്‍ഷത്തെ ഭരണമായിരുന്നു.
വാജ്‌പേയി സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ അയോദ്ധ്യ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കുറെയേറെ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയം കണ്ടില്ല. അന്നത്തെ സാഹചര്യങ്ങള്‍ അങ്ങിനെയായിരുന്നു; കേസുകള്‍ കോടതിയിലുമെത്തി. ഇപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ആ കേസുകള്‍ വേഗത്തിലാവുകയും അതില്‍ അന്തിമമായി ഒരു വിധി ഉണ്ടാവുകയും ചെയ്തു. ഇവിടെ കോടതിയാണ് വിധി പ്രസ്താവിച്ചതെങ്കിലും അനാവശ്യ തടസ്സങ്ങള്‍ ഒഴിവാക്കിക്കൊണ്ട് കേസ് വേഗം പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ സഹകരണം കേന്ദ്ര- യു. പി സര്‍ക്കാരുകള്‍ നല്‍കി എന്നതേ പറയേണ്ടതുള്ളൂ. അതല്ലാതെ കോടതിയിലുള്ള കേസ് സര്‍ക്കാരായിട്ട് വേഗം തീര്‍ത്തു എന്നൊക്കെ പറയുന്നത് പരമ അബദ്ധമാണല്ലോ. അതിനിടയില്‍ കാശ്മീരം മുതല്‍ കന്യാകുമാരി വരെ സംഘവും അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രസ്ഥാനങ്ങളും കൈവരിച്ച വളര്‍ച്ച, അവര്‍ക്കുണ്ടായ വര്‍ദ്ധിത ജനപിന്തുണ ഒക്കെ ലോകത്തിന് തന്നെ അതിശയമുണ്ടാക്കുന്നതാണ് എന്നതില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടാവാനിടയില്ല.
അയോദ്ധ്യ പ്രക്ഷോഭത്തിന്റെ മറ്റൊരു വലിയ സംഭാവന ഹിന്ദു സമൂഹത്തിലുണ്ടായ ഏകതയും ഐക്യവുമൊക്കെയാണ്. അത് ആ നിലക്ക് സൃഷ്ടിക്കുന്നതില്‍ സംഘപ്രസ്ഥാനങ്ങള്‍ക്ക് ഒപ്പം ഹിന്ദു സന്യാസിമാരും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ജാതിയില്‍ ചുറ്റിപ്പിണഞ്ഞു കഴിഞ്ഞിരുന്ന ഹിന്ദു സമൂഹത്തെ ഒരു ചരടില്‍ കോര്‍ക്കാന്‍ രാമജന്മഭൂമി പ്രസ്ഥാനത്തിന് സാധിച്ചു. എല്ലാ ജാതിക്കാരും അതിനൊപ്പം അണിനിരന്നു; ജാതീയത അവിടെ നാടുനീങ്ങുന്നതാണ് നാം കണ്ടത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അത് വലിയ മാറ്റം തന്നെയായിരുന്നു. ഹിന്ദുത്വത്തിന്റെ വിജയം എന്നൊക്കെ രാമജന്മഭൂമി പ്രസ്ഥാനത്തെ വിലയിരുത്തുന്നത് അതുകൊണ്ടുതന്നെയാണ്. അത് തീര്‍ച്ചയായും ബിജെപിക്കും ഗുണകരമായി…… കല്യാണ്‍ സിങ് മന്ത്രിസഭ യുപിയില്‍ അധികാരമേറ്റപ്പോള്‍ നാം കണ്ടത് ഹൈന്ദവ മുന്നേറ്റം തന്നെയായിരുന്നല്ലോ. പിന്നീട് ഇപ്പോള്‍ അത് തന്നെയാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇന്ത്യയില്‍ ബിജെപിയും നരേന്ദ്ര മോദിയും കാഴ്ചവെച്ചത്. ഒരു ‘ഹിന്ദു ഐക്കണ്‍’ എന്ന നിലയില്‍ നരേന്ദ്ര മോദിയും യോഗി ആദിത്യനാഥുമൊക്കെ വളരുന്നതും ഇതിനിടയില്‍ നമുക്ക് കാണാനായി. ഒരര്‍ത്ഥത്തില്‍ ഇതൊക്കെ ഹിന്ദുത്വത്തിന്റെ വിജയമാണ്. അതിലുപരി ശ്രീരാമചന്ദ്രന്റെ ആശീര്‍വാദവും അനുഗ്രഹവുമാണ്.