ഭാരതത്തിന്റെ വടക്കും തെക്കും വ്യത്യസ്തമാണെന്നു സ്ഥാപിച്ചെടുക്കാന്‍ ചില ചരിത്രകാരന്മാരും ഭാഷാപണ്ഡിതന്മാരും ബോധപൂര്‍വം ഉയര്‍ത്തിക്കൊണ്ടുവരുന്ന കുറെ ദ്വന്ദ്വങ്ങളുണ്ട്. ഹിമാലയം/പശ്ചിമഘട്ടം, ഗംഗ/കാവേരി, സംസ്‌കൃതം/തമിഴ്, ഭഗവദ്ഗീത/തിരുക്കുറള്‍, മഹാഭാരതം/ചിലപ്പതികാരം, പാണിനീയം/തൊല്‍കാപ്പിയം, മഹാവിഷ്ണു/മുരുകന്‍ എന്നിങ്ങനെ പോകുന്നു ഇവ. ഭാരതത്തിന്റെയെന്നല്ല, വിശാല തമിഴകത്തിന് ഉണ്ടായിരുന്നത്. പശ്ചാത്തലത്തില്‍ പരിശോധിച്ചാല്‍പ്പോലും നിലനില്‍പ്പില്ലാത്തവയാണ് ഈ വിഭാഗീയ ചിന്താഗതി. പ്രത്യേക ഭാഷാ സംസ്ഥാനമായി രൂപംകൊണ്ട തമിഴ്‌നാടിന്റെ അതിരുകളല്ല വിശാല തമിഴകത്തിന്റേത്. വടക്ക് വെങ്കടം മുതല്‍ തെക്ക് കന്യാകുമാരിവരെയാണ് തമിഴകമെന്ന് പ്രാചീന തമിഴ് വ്യാകരണ ഗ്രന്ഥമായ തൊല്‍കാപ്പിയം പറയുന്നു. പതിമൂന്നാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ‘നന്നുല്‍’ എന്ന വ്യാകരണ കൃതിയും കുനക്കടല്‍ (കിഴക്കന്‍ കടല്‍), കുമരി (കന്യാകുമാരി), കുഡക് (കൂര്‍ഗ്) എന്നിവയെ തമിഴകത്തിന്റെ അതിരുകളായി കരുതുന്നു. ഇന്നത്തെ തമിഴ്‌നാടും കര്‍ണാടകയുടെയും ആന്ധ്രയുടെയും കേരളത്തിന്റെയും ഭാഗങ്ങളും ചേര്‍ന്നതായിരുന്നു വിശാല തമിഴകം. സാംസ്‌കാരികമായ വ്യാപനം ഈ അതിരുകളെയും ലംഘിക്കുന്നതായിരുന്നു.
ഭാരതത്തിന്റെ തെക്ക്-വടക്ക് ഭാഗങ്ങള്‍ തമ്മില്‍ വലിയ തോതിലുള്ള സാംസ്‌കാരിക വിനിമയങ്ങള്‍ ഉണ്ടായിരുന്നുവെന്ന് സംഘം കൃതികളില്‍നിന്ന് മനസ്സിലാക്കാനാവും. ചരിത്രകാരനായിരുന്ന കെ.എ. നീലകണ്ഠശാസ്ത്രി ഇത് ശരിവച്ചിട്ടുണ്ട്. ”ചരിത്രപൂര്‍വകാലഘട്ടം മുതല്‍ വര്‍ത്തമാനകാലം വരെ രാഷ്ട്രീയമായും സാംസ്‌കാരികമായും രണ്ട് മേഖലകളും തമ്മില്‍ പരസ്പരം സ്വാധീനിക്കപ്പെടാത്ത ഒരു കാലഘട്ടം ഉണ്ടായിട്ടേയില്ല” എന്നാണ് ശാസ്ത്രി അഭിപ്രായപ്പെട്ടിട്ടുള്ളത്.
വൈദിക സംസ്‌കാരമായി വിവക്ഷിക്കപ്പെടുന്ന മൂല്യസങ്കല്‍പ്പങ്ങളും ജീവിതരീതികളും ഭാരതത്തിന്റെ തെക്കുഭാഗത്തുള്ള ജനങ്ങള്‍ സ്വീകരിച്ചിട്ടും ഉള്‍ക്കൊണ്ടിട്ടുമുണ്ട്. അഗസ്ത്യമുനി ഇതിന് തുടക്കംകുറിച്ചതായാണ് കാണുന്നത്. അഗസ്ത്യന്‍ വിന്ധ്യനെ കീഴടക്കിയതും വാതാപി എന്ന രാക്ഷസനെ വധിച്ചതും കടല്‍ കുടിച്ചുവറ്റിച്ചതുമൊക്കെ ഇതിനെ പിന്തുണയ്ക്കുന്ന കഥകളാണല്ലോ. തമിഴ് സാഹിത്യത്തിന്റെയും വ്യാകരണത്തിന്റെയും ഉപജ്ഞാതാവുതന്നെ അഗസ്ത്യനാണെന്ന് വിശ്വസിക്കപ്പെടുന്നു. വൈദിക രീതിയായ യജ്ഞാനുഷ്ഠാനങ്ങളില്‍ പലതും തെക്കുള്ളവര്‍ സ്വീകരിച്ചപ്പോള്‍, വളരെ പ്രാചീനമായ മുരുകാരാധന വടക്കുനിന്നു വന്നവര്‍ക്കും സ്വീകാര്യമായി.
തെക്കുനിന്ന് പ്രചരിച്ച ദര്‍ശനങ്ങള്‍
വിന്ധ്യാപര്‍വതം ഭാരതത്തിന്റെ പൊതുവായ സംസ്‌കാരത്തെ വേര്‍തിരിച്ചു എന്നുപറയുന്നതില്‍ വാസ്തവമില്ല. മൗര്യസാമ്രാജ്യത്തിലെ അശോക ചക്രവര്‍ത്തിയും മഗധ സാമ്രാജ്യത്തിലെ സമുദ്രഗുപ്തനും ദക്ഷിണഭാഗങ്ങളിലേക്ക് അധികാരവും സ്വാധീനവും വ്യാപിപ്പിച്ചവരാണ്. ഇന്നത്തെ കര്‍ണാടകയിലെ രാഷ്ട്രകൂടരുടെയും തമിഴ്‌നാട്ടിലെ ചോളന്മാരുടെയും അധികാരം വടക്കോട്ടും വ്യാപിച്ചു. രാഷ്ട്രീയം എന്നതിനെക്കാള്‍ സാംസ്‌കാരികമായിരുന്നു ഈ സ്വാധീനം. രണ്ട് ഭാഗത്തും സമാനമായ സാംസ്‌കാരികരീതികളും ജീവിതമൂല്യങ്ങളും വളര്‍ന്നുവന്നു. എന്നുമാത്രമല്ല ഉത്തരഭാരതത്തില്‍ രൂപപ്പെട്ട ഭരണരീതി, മതങ്ങള്‍, തത്വചിന്ത, സാമൂഹ്യ ഘടന തുടങ്ങിയവയൊക്കെ ദക്ഷിണ ഭാരതത്തിലും സ്വീകരിക്കപ്പെട്ടു. അതൊക്കെ നിലനിര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്തു. ഇങ്ങനെ രൂപംകൊണ്ട പലതും ദക്ഷിണ ഭാരതത്തിന്റെ രീതികളെന്ന നിലയ്ക്ക് കാലാന്തരത്തില്‍ ഉത്തരഭാഗങ്ങളിലേക്ക് തിരിച്ചുപോവുകയും ചെയ്തിട്ടുണ്ട്. വടക്കും തെക്കും തമ്മില്‍ ഒരു കൊടുക്കല്‍ വാങ്ങല്‍ ചരിത്രത്തിലുടനീളം നടന്നിരിക്കുന്നു.
ഉത്തരഭാരതത്തിന്റെ സാംസ്‌കാരിക രീതികളാണ് കൂടുതല്‍ സ്വീകരിക്കപ്പെട്ടതെങ്കിലും ഭാരത സംസ്‌കാരത്തിന്റെ വളര്‍ച്ചയ്ക്ക് ദക്ഷിണ ഭാരതത്തിന്റെ സംഭാവനകള്‍ ഒരുവിധത്തിലും അപ്രധാനമായി കാണാനാവില്ല. ചരിത്രകാരന്മാരും പണ്ഡിതന്മാരും ഇക്കാര്യം ശരിവച്ചിട്ടുള്ളതുമാണ്. ഉത്തരഭാരത ചരിത്രത്തെ അപേക്ഷിച്ച് ദക്ഷിണഭാരത ചരിത്രത്തെക്കുറിച്ച് പഠനങ്ങള്‍ കുറവാണ്. ഭാരതീയ സംസ്‌കാരത്തിന് ഈ മേഖലയില്‍ നിന്നുള്ള സംഭാവനകളെ ശരിയായി മനസ്സിലാക്കുന്നതിനും അംഗീകരിക്കുന്നതിനും ഇപ്പോഴും ഇതൊരു തടസ്സമാണ്.
ഹിന്ദുധര്‍മത്തിലെ പ്രമുഖ ആരാധനാരീതിയായ ശൈവസിദ്ധാന്തത്തിന് കൂടുതല്‍ പ്രചാരം നല്‍കിയത് ദക്ഷിണ ഭാരതമാണ്. ലിംഗായത, പാശുപതി, കാപാലിക സമ്പ്രദായം ഉത്ഭവിച്ചത് തെക്കുനിന്നാണ്. ക്ഷേത്രങ്ങള്‍ മതസ്ഥാപനങ്ങളായി മാറുന്നതിന് തുടക്കം കുറിച്ചതും ഇവിടെനിന്നു തന്നെ. അനുഷ്ഠാനങ്ങളെ എതിര്‍ത്ത് ആത്മസാക്ഷാത്കാരത്തിനുള്ള അറിവിന്റെ പാത വെട്ടിത്തെളിച്ച കുമാരില ഭട്ടന്‍ ദക്ഷിണഭാരതീയനാണ്. അദ്വൈത വേദാന്തത്തിന് ഭാരതമാകെ പ്രചാരം നല്‍കിയത് കേരളത്തില്‍നിന്നുപോയ ആദിശങ്കരനാണല്ലോ. ഭക്തിമാര്‍ഗം ജനകീയമാക്കാന്‍ വഴിയൊരുക്കിയ ദ്വൈതസിദ്ധാന്തം പ്രചരിപ്പിച്ച രാമാനുജാചാര്യനും മാധ്വാചാര്യനും നിംബാര്‍ക്കാചാര്യനും ഇവിടുത്തുകാരായിരുന്നു. ഇങ്ങനെ നോക്കുമ്പോള്‍ ഹിന്ദുധര്‍മത്തിന്റെ മഹത്വവും മേധാവിത്വവും പുനഃസ്ഥാപിച്ച പല ആചാര്യന്മാരും പണ്ഡിതന്മാരും തെക്കുനിന്നുള്ളവരായിരുന്നു. ഇവരുടെ സംഭാവനകള്‍ ഭാരതീയ സംസ്‌കാരത്തിന്റെ ഈടുവെപ്പുകളായി മാറി. ഹിന്ദുധര്‍മത്തിലെ ഏറ്റവും ശക്തവും ജനകീയവുമായ ആരാധനാരീതിയായ ഭക്തിപ്രസ്ഥാനത്തിന് തുടക്കംകുറിച്ചതും ദക്ഷിണഭാരതത്തില്‍ നിന്നാണ്. ദക്ഷിണ ഭാരതത്തിലെ ക്ഷേത്രങ്ങള്‍ ആരാധനാകേന്ദ്രമെന്നതിനുപരി മതപ്രബോധന സ്ഥാപനങ്ങളായും മാറുകയുണ്ടായി. സത്‌സംഗങ്ങള്‍, മതപ്രഭാഷണം, ഭജനകള്‍ തുടങ്ങിയവയ്ക്ക് ആരംഭം കുറിച്ചതും ഈ ക്ഷേത്രങ്ങളിലാണെന്നും, പിന്നീട് ഇത് ഉത്തരഭാരതത്തിലേക്ക് വ്യാപിക്കുകയായിരുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെയൊക്കെ ഫലമായി ഹിന്ദുധര്‍മം കൂടുതല്‍ ശക്തിപ്പെടുകയുണ്ടായി.
ഉത്തരഭാരതത്തില്‍ ഭക്തിപ്രസ്ഥാനം ജനകീയമാക്കിയ രാമാനന്ദനും വല്ലഭാചാര്യനും തെക്കുനിന്നുള്ളവരായിരുന്നുവെന്ന് അധികംപേര്‍ക്കും അറിയില്ല. രാമാനന്ദന്‍ ജനിച്ചത് മൈസൂരിലായിരുന്നു. വല്ലഭാചാര്യന്റെ കുടുംബക്കാര്‍ ആന്ധ്രയില്‍നിന്നുള്ളവരായിരുന്നു. സുകുമാരകലകള്‍ക്കും ദക്ഷിണഭാരതത്തിന്റെ സംഭാവനകള്‍ മികച്ചതാണ്. ബൃഹദീശ്വര ക്ഷേത്രത്തിലെയും തഞ്ചാവൂര്‍ ക്ഷേത്രത്തിലെയും ചിത്ര-ശില്‍പ്പവിസ്മയങ്ങള്‍ ഭാരതീയകലകളുടെ ഈടുവയ്പ്പുകളാണല്ലോ. ഭാരതീയ വാസ്തുനിര്‍മിതിയുടെ ഭംഗി മുഴുവന്‍ കാണണമെങ്കില്‍ ദക്ഷിണഭാരതത്തിലേക്കുവരണം. നടരാജ ശിവന്റെ വെങ്കലശില്‍പ്പം ഭാരതീയകലയുടെ നിദര്‍ശനമാണല്ലോ.
പാണ്ഡ്യ-ചോളന്മാരുടെ ഭാരത ബന്ധം
പാണ്ഡ്യരാജ്യത്തിന്റെ ബന്ധങ്ങള്‍ വിശാല തമിഴകവും കടന്നുപോകുന്നതായിരുന്നു. മധുരയിലെ രാജാവായിരുന്ന മലയധ്വജ പാണ്ഡ്യന്‍ വിവാഹം ചെയ്തത് ഗുജറാത്തിലെ സുരസേന രാജാവിന്റെ മകളെയായിരുന്നു. കാഞ്ചനമാല എന്നുപേരുള്ള ഇവര്‍ മീനാക്ഷി രാജ്ഞിയുടെ മകളുമായിരുന്നു. അക്കാലത്തെ സമുദ്രയാത്രകളെക്കുറിച്ച് ജൈന സാഹിത്യ കൃതികള്‍ നിരവധി വിവരങ്ങള്‍ നല്‍കുന്നുണ്ട്. ഇതിലൊന്നായ ‘ആവാസ്യചൂര്‍ണി’ പറയുന്നതനുസരിച്ച് മധുരയ്ക്കും സൗരാഷ്ട്രയ്ക്കും (ഇന്നത്തെ ഗുജറാത്ത്) ഇടയില്‍ നിരന്തരം സമുദ്ര യാത്രകളുണ്ടായിരുന്നു. മധുരയിലെ രാജാവായിരുന്ന പാണ്ഡ്യസേനന്‍ തന്റെ രണ്ട് പെണ്‍മക്കളുമൊത്ത് സൗരാഷ്ട്രയിലേക്കു പൊയ്‌ക്കൊണ്ടിരുന്ന കപ്പലിന് കൊടുങ്കാറ്റില്‍ അപകടം സംഭവിച്ചു. തങ്ങളെ രക്ഷിക്കണമെന്ന് അവര്‍ ശിവഭഗവാനോടും സ്‌കന്ദ ദേവനോടും പ്രാര്‍ത്ഥിച്ചതായി മോതിചന്ദ്ര എഴുതിയ ‘പ്രാചീന ഭാരതത്തിലെ വാണിജ്യവും വാണിജ്യ പാതകളും’ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്.
2000 വര്‍ഷം മുന്‍പുള്ള തമിഴ് സംഘത്തില്‍ ശിവനും സ്‌കന്ദനും പങ്കെടുത്തിരുന്നതായി വിശ്വസിക്കപ്പെടുന്നു. അക്കാലത്ത് മധുര തുറമുഖ നഗരമായിരുന്നുവത്രേ. ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ശൈവസന്ന്യാസിയായ ജ്ഞാനസംബന്ധര്‍ പണ്ടുകാലത്ത് തോണിപുരത്ത് (തുറമുഖനഗരം) ഒരു മഹാദുരന്തം നടന്നതായും, തന്റെ നഗരമായ ശീര്‍കാഴി അതില്‍നിന്ന് രക്ഷപ്പെട്ടതായും പറഞ്ഞിരിക്കുന്നു. ആര്യ-ദ്രാവിഡ വിഭജന സിദ്ധാന്തത്തിന്റെ പൊള്ളത്തരമാണ് ഇതില്‍നിന്നൊക്കെ വ്യക്തമാവുന്നത്. അന്നത്തെ ഭാരതത്തിലുള്ളവര്‍ക്ക് ഏത് നഗരത്തിലും യാത്ര ചെയ്യാനും, ആരെ വേണമെങ്കിലും വിവാഹംകഴിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. ആര്യ-ദ്രാവിഡ സംഘര്‍ഷത്തെക്കുറിച്ച് സംസ്‌കൃത ഗ്രന്ഥങ്ങളിലും തമിഴ് കൃതികളിലും കാണുന്നില്ല എന്നത് ശ്രദ്ധേയമാണ്. പാണ്ഡവ രാജകുമാരനായ അര്‍ജുനന്‍ വിപുലമായി യാത്ര ചെയ്തതായും, വ്യത്യസ്ത ഗോത്രങ്ങളിലുള്ളവരെ വിവാഹം കഴിച്ചതായും മഹാഭാരതം പറയുന്നുണ്ടല്ലോ. അര്‍ജുനന്‍ അല്ലി റാണിയെ വധുവാക്കിയതിനെക്കുറിച്ച് തമിഴ്‌നാട്ടില്‍ നാടോടിനൃത്തം പോലുമുണ്ട്. കുതിരമലൈ ആസ്ഥാനമാക്കി ശ്രീലങ്കന്‍ തീരം ഭരിച്ചിരുന്നതായി സംഘകാല കൃതികളില്‍ പരാമര്‍ശിക്കുന്ന രാജ്ഞിയാണ് അല്ലി അരശി എന്നും അറിയപ്പെട്ട അല്ലിറാണി.
ദ്രാവിഡ എന്നുപേരുള്ള ഉത്തരഭാരതത്തിലെ ഒരു രാജ്ഞിയെക്കുറിച്ച് പുരാണങ്ങളില്‍ പരാമര്‍ശമുണ്ട്. തൃണബന്ധുവിന്റെ മകളായ ഇവര്‍ വിശ്രവസ്സിന്റെ അമ്മയുമാണ്. വിശ്രവസ്സിന്റെ മകന്‍ വിശാല. ഹേമചന്ദ്രന്‍, സുകന്ദ്ര, ധുമ്രാശ്വന്‍, സൃജയന്‍, സഹദേവന്‍, കൃശാശ്വന്‍, സോമദത്തന്‍, ജനമേജയന്‍, പ്രമാതി എന്നിങ്ങനെ പോകുന്നു ഈ രാജപരമ്പര. ഇതില്‍ പ്രമാതി ദശരഥന്റെയും ലോമപാദന്റെയും സമകാലികനായിരുന്നു. മോട്ടിലാല്‍ ബനാറസി ദാസ് പ്രസിദ്ധീകരിച്ച മോര്‍ട്ടോണ്‍ സ്മിത്തിന്റെ ‘ഡെയ്റ്റ്‌സ് ആന്‍ഡ് ഡൈനാസ്റ്റീസ് ഇന്‍ ഏര്‍ളിയസ്റ്റ് ഇന്ത്യ’ എന്ന പുസ്തകത്തില്‍ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്.
വിശാല തമിഴകം ഭരിച്ച ചോള സാമ്രാജ്യവും ഭാരതീയ സംസ്‌കാരവും തമ്മിലെ ബന്ധം അഭേദ്യമാണ്. മനുവിന്റെയും മകന്‍ ഇക്ഷ്വാകുവിന്റെയും പിന്മുറക്കാരാണ് തങ്ങളെന്ന് ചോള രാജാക്കന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ള താമ്രലിഖിതങ്ങളും ശിലാലിഖിതങ്ങളുമുണ്ട്. വിഷ്ണുവിന്റെ കണ്ണുകളില്‍നിന്ന് ഉത്ഭവിച്ചതാണ് ചോള രാജകുടുംബമെന്ന് രാജരാജചോളന്റെ പിതാവ് സുന്ദരചോളന്റെ താമ്ര ലിഖിതമുണ്ട്. താന്‍ ദൈവതുല്യനാണെന്ന് വരുത്താന്‍ രാജാവ് സ്വയം എഴുതിയുണ്ടാക്കിയതാണ് ഇതെന്ന് കരുതാനാവില്ല. ചോളന്മാര്‍ രാമന്റെ പിന്മുറക്കാരാണെന്നു പറയുന്ന വേറെയും ലിഖിതങ്ങളുണ്ട്. നെതര്‍ലാന്റിലെ ലെയ്ഡന്‍ യൂണിവേഴ്‌സിറ്റിയില്‍ സൂക്ഷിച്ചിരിക്കുന്ന രാജേന്ദ്ര ചോളന്‍ മൂന്നാമന്റെ താമ്രലിഖിതവും, ഇതേ രാജാവിന്റെ തിരുവലങ്ങാട് താമ്രലിഖിതവും മകന്‍ വീര രാജേന്ദ്ര ചോളന്റെ കന്യാകുമാരി ലിഖിതവുമാണിത്. ചോളരാജപരമ്പരയെക്കുറിച്ച് വാല്മീകി രാമായണത്തില്‍ വസിഷ്ഠനും പറയുന്നുണ്ട്. കന്യാകുമാരിയമ്മന്‍ ക്ഷേത്രത്തിലെ കല്‍ത്തൂണുകളില്‍ കൊത്തിയിട്ടുള്ള ശിലാലിഖിതങ്ങളില്‍ ചോളന്മാരുടെ പരമ്പര ബ്രഹ്‌മാവില്‍ തുടങ്ങുന്നു. ഈ പരമ്പര മരീചി, കശ്യപന്‍, വൈവസ്വത മനു, ഇക്ഷ്വാകു, ഹരിശ്ചന്ദ്രന്‍, സാഗരന്‍, ഭഗീരഥന്‍ എന്നിങ്ങനെ വന്ന് രാമനില്‍ അവസാനിക്കുന്നു. ഇവിടെയുള്ള മറ്റ് മൂന്നു ലിഖിതങ്ങളില്‍ ശിബി മഹാരാജാവിനെക്കുറിച്ചാണ് പറയുന്നത്.
ചോള പരമ്പരയുടെ രാമ പൈതൃകം
പൊതുവര്‍ഷം പത്താം നൂറ്റാണ്ടു മുതല്‍ പതിനൊന്നാം നൂറ്റാണ്ടുവരെയുള്ള നാല് തലമുറയില്‍പ്പെട്ട ചോളരാജാക്കന്മാരുടെ കാലത്തെ ശിലാലിഖിതങ്ങളാണിവ. സാധാരണഗതിയില്‍ ശിബിയുടെയും രാമന്റെയുമൊക്കെ പേരുകള്‍ ഇവയില്‍ ഉള്‍പ്പെടുത്തേണ്ടതില്ല. ശിബിയും രാമനും ഭരതനും പരസ്പരബന്ധമുള്ളവരല്ല. എന്നിട്ടും ഇവരെങ്ങനെ ആദ്യചോള രാജാവായ ചോളധര്‍മന്റെ മുന്‍ഗാമികളായെന്നത് കൗതുകകരമാണ്.
തങ്ങളുടെ വംശപരമ്പരയെക്കുറിച്ച് രണ്ട് ഭാഷകളിലും രേഖപ്പെടുത്തുകയെന്നത് തമിഴ്‌സാമ്രാജ്യങ്ങളുടെ പതിവ് രീതിയായിരുന്നു. ഒന്നു തമിഴിലും മറ്റൊന്ന് സംസ്‌കൃതത്തിലും. ഭാരതത്തില്‍ എവിടെയുള്ളവര്‍ക്കും വായിക്കുന്നതിനുവേണ്ടിയാവണം സംസ്‌കൃതത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. സുന്ദരചോളനെ ശിബിയുടെ പിന്മുറക്കാരനായും, ചെറുമകനായ രാജേന്ദ്ര ചോളന്റെ ശാസനത്തില്‍ ഭരതന്റെ മകനായും ചിത്രീകരിച്ചതില്‍ വൈരുദ്ധ്യമുണ്ട്. ആദ്യചോളന്‍ ജനിച്ചത് രാമന്റെ കുലത്തിലാണെന്നു പറഞ്ഞ് വീരരാജേന്ദ്ര ചോളന്‍ എല്ലാവരെയും പിന്നിലാക്കുകയും ചെയ്യുന്നു. എന്താണിതിലെ വസ്തുത?
ദുഷ്യന്തന്റെ മകനായ ഭരതന് മൂന്നു ഭാര്യമാരും ഇവരില്‍ ഒന്‍പത് പുത്രന്മാരുമുള്ളതായാണ് വിഷ്ണു പുരാണം പറയുന്നത്. മക്കള്‍ക്കാര്‍ക്കും തന്റെ ഛായ ഇല്ലെന്നു പറഞ്ഞ് ഭരതന്‍ ഭാര്യമാരെ ശകാരിച്ചതിനെ തുടര്‍ന്ന് അമ്മമാര്‍ എല്ലാ മക്കളെയും കൊല്ലുന്നു. പക്ഷേ തിരുവലങ്ങാട് ശാസനത്തില്‍ പറയുന്നത് മക്കളെ ഭരതന്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ്. ഇതിലൊരാള്‍ ചോളവര്‍മനായിരുന്നുവത്രേ. വീരരാജേന്ദ്രന്റെ കന്യാകുമാരി ലിഖിതത്തില്‍ പറയുന്നത് മാതാപിതാക്കളെ ഉപേക്ഷിച്ച് ചോളവര്‍മന്‍ ദക്ഷിണ ഭാഗത്തേക്ക് നീങ്ങി പൂംപുകാറിലെത്തി ഭരണം സ്ഥാപിച്ചു എന്നാണ്.
ചോളവര്‍മന്‍ ഭരതന്റെ മകനാണെന്നു വന്നാല്‍ തന്നെ ശിബിയുമായി ബന്ധമുണ്ടാകുന്നതെങ്ങനെ? ചോളരാജാക്കന്മാര്‍ക്ക് ‘ചെമ്പിയാന്‍’ എന്ന സ്ഥാനപ്പേരുണ്ട്. ഇതാകട്ടെ ശിബിയുമായി ബന്ധപ്പെട്ടതാണ്. നിരവധി സംഘം കൃതികളില്‍ പ്രാവിന്റെ ജീവന്‍ രക്ഷിക്കാന്‍ തന്റെ മാംസം അറുത്തുകൊടുത്ത ശിബിയുടെ കഥ പറഞ്ഞ് ചോളരാജാക്കന്മാരെ ചെമ്പിയാന്മാര്‍ എന്നു പുകഴ്ത്തുന്നുണ്ട്. ശിബിയുടെ മുന്‍ഗാമികള്‍ക്ക് ഭരതന്റെ പിതൃപരമ്പരയുമായി ബന്ധമുണ്ട്. യയാതിയുടെ അഞ്ച് മക്കളില്‍നിന്നാണ് ഇതിന്റെ തുടക്കം. യദു, തുര്‍വസു, ദ്രഷ്യു, അനു, പുരു എന്നിവരാണിവര്‍. പുരു സാമ്രാജ്യത്തില്‍ വരുന്നയാളാണ് ദുഷ്യന്തന്‍. പുരുവിന്റെ സഹോദരനായ തുര്‍വസുവിന്റെ പിന്മുറക്കാരനായ മരുത മക്കളില്ലാതിരുന്നതിനാല്‍ ദുഷ്യന്തനെ ദത്തെടുത്തതായാണ് വിഷ്ണു പുരാണത്തില്‍ പറയുന്നത്. അനുവിന്റെ കുടുംബത്തില്‍ പിറന്നയാളാണ് ഉശിതര. ഇവരെല്ലാവരും യയാതിയുടെ വംശപരമ്പരയില്‍ വരുന്നവരാണ്.
പുരുവിന്റെ വംശത്തിലുള്ള ഭരതന്റെ ബന്ധുവായ അനുവിന്റെ പരമ്പരയിലാണ് ശിബി ജനിക്കുന്നത്. ഇതുപ്രകാരം ഭരതന്റെ സ്വന്തം പുത്രനായ ചോളവര്‍മന്റെ അമ്മാവനായി ശിബി വരുന്നു. സംഘം കൃതികളില്‍ ചോളന്‍, ശിബിയുടെ വംശപരമ്പരയിലുള്ളയാളാണെന്ന് പറയുന്നത് ശിബി ദത്തെടുത്തയാള്‍ എന്ന അര്‍ത്ഥത്തിലായിരിക്കണം. ഭരതന്‍ മകനെ ഉപേക്ഷിക്കുകയായിരുന്നുവല്ലോ. ചോള രാജാക്കന്മാര്‍ക്ക് ഭരതനോട് ശത്രുതയുണ്ടാവാനുള്ള കാരണം തങ്ങളുടെ സാമ്രാജ്യം സ്ഥാപിച്ച ചോളവര്‍മനെ ഉപേക്ഷിച്ചതിനാലാവാം. ഭരതനെയോ പിതാവായ ദുഷ്യന്തനെയോ അല്ല, ശിബിയെ മാത്രം ചോളന്മാര്‍ സ്മരിക്കാനുള്ള കാരണവും ഇതായിരിക്കാം. പത്താം നൂറ്റാണ്ടുവരെ ഈ അകല്‍ച്ച തുടരുന്നുണ്ട്. രാജേന്ദ്ര ചോളനാണ് തന്റെ പരമ്പര ഭരതനില്‍നിന്നാണ് തുടങ്ങുന്നതെന്ന് രേഖപ്പെടുത്തിയത്.
ശ്രീരാമന്‍ ചോളന്മാര്‍ക്ക് നല്‍കിയ കുലധനം
ഇതില്‍നിന്ന് ഒരു കാര്യം വ്യക്തമാണ്. വിദേശ ക്രൈസ്തവ മിഷണറിമാരില്‍ നിന്ന് തുടങ്ങി ബ്രിട്ടീഷുകാരിലൂടെയും ഇടതുപക്ഷക്കാരിലൂടെയും പ്രചാരം നേടിയ ഭാരതത്തിന്റെ തെക്ക്-വടക്ക് വിഭജനം ഒരു കള്ളക്കഥയാണ്. കാവേരി നദി രൂപപ്പെടുന്നതിനു മുന്‍പേ ഇതിഹാസത്തിലെ ഇക്ഷ്വാകു ഭാരതത്തിന്റെ തെക്കേയറ്റമായ പൂംപുകാറില്‍ എത്തുകയുണ്ടായി. ഇതുകൊണ്ടാണ് ചോളധര്‍മന്റെ പിന്മുറക്കാരനും, ഭഗീരഥന്‍ വിണ്‍ഗംഗയെ മണ്ണിലേക്ക് കൊണ്ടുവന്നതുപോലെ പശ്ചിമ ഘട്ടത്തില്‍നിന്ന് കാവേരിയെ കൊണ്ടുവന്നയാളുമായ ചിത്രഭാനുവിനെക്കുറിച്ചുള്ള പരാമര്‍ശം തിരുവലങ്ങാട് ലിഖിതത്തിലുള്ളത്. തമിഴ്‌നാട്ടിലെ ശ്രീരംഗം ക്ഷേത്രത്തിലുള്ള രംഗനാഥന്റെ വിഗ്രഹം രാമന്‍ പൂജിച്ചിരുന്നതാണെന്നും, തന്റെ സ്ഥാനരോഹണ സമയത്ത് ഇത് രാമന്‍ തന്നെ വിഭീഷണന് നല്‍കിയതാണെന്നുമുള്ള കഥയുണ്ട്. രാമന്‍ വിഭീഷണന് ഈ ‘കുലധനം’ കൈമാറിയതായി വാല്മീകി രാമായണത്തില്‍ പരാമര്‍ശമുണ്ട്.
ദശരഥന്‍ സംഘടിപ്പിക്കുന്ന സ്ഥാനാരോഹണ ചടങ്ങില്‍ ശ്രീരാമന്‍ വിഷ്ണുവിനെ പൂജിക്കുന്നതായി വാല്മീകിരാമായണത്തില്‍ പറയുന്നുണ്ട്. രാമനും സീതയും വിഷ്ണുവിനായി യജ്ഞമനുഷ്ഠിക്കുകയും ഒരു രാത്രി വിഷ്ണുഗേഹത്തില്‍ (ക്ഷേത്രം) കഴിഞ്ഞതായും പറയുന്നു. ഇങ്ങനെ കുലധനമായി രാമന്‍ സൂക്ഷിച്ചിരുന്ന വിഗ്രഹമാണ് വിഭീഷണന് കൈമാറിയത്. എന്നാല്‍ ഇത് സ്വന്തം രാജ്യമായ ലങ്കയിലേക്കു കൊണ്ടുപോകാതെ ശ്രീരംഗത്ത് ഉപേക്ഷിക്കുകയായിരുന്നു. ശ്രീരംഗത്തെ ഈ ഭഗവാന്‍ രംഗനാഥന്‍ പിന്നീട് ചോളന്മാരുടെ കുലധനമായി മാറി. ശ്രീരംഗം ക്ഷേത്രത്തിന്റെ അകത്തെ ഭിത്തിയില്‍ കുലോത്തുംഗചോളന്‍ മൂന്നാമന്റെ കാലത്തെ ഒരു ലിഖിതമുണ്ട്. ശ്രീരംഗത്തെ വിഗ്രഹം ചോളന്മാരിലേക്ക് കുലധനമായി വന്നുചേര്‍ന്നതാണെന്ന് ഇതില്‍ പറയുന്നു.
ലങ്കയില്‍നിന്ന് മടങ്ങിവന്ന ശേഷം തിടുക്കത്തില്‍ നടന്ന തന്റെ സ്ഥാനാരോഹണത്തില്‍ പങ്കെടുക്കാന്‍ ചോളന്മാര്‍ക്ക് കഴിയാത്തതിനാല്‍ ‘കുലധനം’ വിഭീഷണന്‍ വഴി രാമന്‍ അവര്‍ക്ക് കൊടുത്തയയ്ക്കുകയായിരുന്നുവെന്ന് സങ്കല്‍പ്പിക്കാം. ആദ്യ ചോളനായ ചോളവര്‍മന്‍, രാമന്റെ കാലവുമായി അടുത്തുനില്‍ക്കുന്നയാളാണ്. രാമന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തശേഷം ചോളന്മാരുടെ നാട്ടിലൂടെ ലങ്കയിലേക്കു പോകുന്ന വിഭീഷണന്റെ കൈവശം വിഗ്രഹം കൊടുത്തയയ്ക്കുകയായിരുന്നു. ഇങ്ങനെയല്ല, രാമന്‍ വിഭീഷണനാണ് വിഗ്രഹം സമ്മാനിച്ചതെങ്കില്‍ അത് ശ്രീരംഗത്ത് ഉപേക്ഷിക്കില്ലായിരുന്നു. ഇതൊക്കെ ചോളന്മാര്‍ക്ക് രാമന്റെ പൈതൃകമാണെന്ന് കന്യാകുമാരി ലിഖിതത്തില്‍ പറയുന്നത് ശരിവയ്ക്കുന്നുണ്ട്. സംഘകാലം മുതല്‍ പത്താം നൂറ്റാണ്ടില്‍ ചോളന്മാരുടെ മധ്യകാലം വരെയുള്ള സാഹിത്യങ്ങളില്‍ രാമന്‍ ചോളന്മാരുടെ പൂര്‍വികനാണെന്നു പറഞ്ഞിരിക്കുന്നു. ഈ ബന്ധം ഇടയ്‌ക്കെപ്പോഴോ തമിഴ് ജനത വിസ്മരിക്കുകയായിരുന്നു.
അടുത്തത്:
തമിഴ് രാജാക്കന്മാരുടെ ഹിമാലയപര്യടനങ്ങള്‍