ഹരിയേട്ടനെക്കുറിച്ച് ചിന്തിക്കുന്നതും പറയുന്നതും അദ്ദേഹത്തെക്കുറിച്ച് എഴുതുന്നതും ഒക്കെ വൈകാരികമായ ഒരനുഭവമാണ്. രാഷ്ട്രീയ സ്വയംസേവക സംഘത്തിലും, പൊതുസമൂഹത്തിലും ഏറെ ആദരണീയരായ വ്യക്തിത്വങ്ങളില്‍ ഉന്നതസ്ഥാനം വഹിച്ചിരുന്ന ആര്‍.ഹരി എന്നൊരു വ്യക്തിയുണ്ടെന്ന് വര്‍ഷങ്ങള്‍ മുന്നേ ഞങ്ങള്‍ കേട്ടിരുന്നു. അദ്ദേഹം തണല്‍ ബാലാശ്രമം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. അത്തരം സന്ദര്‍ശന ങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ക്ക് ഉത്തമമായ സന്ദേശങ്ങള്‍ അടങ്ങിയ ചെറു സംഭാഷണങ്ങള്‍ അദ്ദേഹം എപ്പോഴും നല്‍കിയിരുന്നു. എല്ലാവരും അത് വളരെയേറെ ആസ്വദിച്ചിരുന്നു. സങ്കീര്‍ണ്ണമായ ആശയങ്ങളെ ലളിതമാക്കി പറയുന്നതും വ്യക്തികളിലേക്ക് അദ്ദേഹം അപാരമായി ഊര്‍ജ്ജം പകരുന്നതും ഒക്കെ ഞങ്ങളെ എപ്പോഴും അത്ഭുതപ്പെടുത്തിയിരുന്നു. ഇത്രയും അറിവുള്ള ഹരിയേട്ടന്‍ ഒരു ജിജ്ഞാസുവായ പഠിതാവും, സൂക്ഷ്മനിരീക്ഷകനും കൂടിയായിരുന്നു. തണലിലെ ഓരോ കുട്ടിയെയും അവരുടെ സവിശേഷമായ ഗുണങ്ങളിലൂടെ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. അങ്ങനെ അദ്ദേഹം കുട്ടികളെ പ്രത്യേകം നിരീക്ഷിക്കുകയും തിരിച്ചറിയുകയും ചെയ്യുന്നത് ഞങ്ങളില്‍ വളരെ സന്തോഷം ഉളവാക്കിയിരുന്നു.
2019-നു ശേഷം ആയുര്‍വ്വേദ ചികിത്സയുടെ ഭാഗമായി ഹരിയേട്ടന്‍ തണല്‍ ബാലാശ്രമത്തില്‍ താമസിച്ചിരുന്ന കാലത്താണ് നമ്മുടെ പല കുട്ടികള്‍ക്കും, പ്രത്യേകിച്ച് മുതിര്‍ന്നവര്‍ക്ക് ഹരിയേട്ടനോടൊപ്പം സംവദിക്കാനും, ഇടപെഴകാനും, അദ്ദേഹത്തില്‍ നിന്നും പഠിക്കാനുമുള്ള അവസരങ്ങള്‍ ലഭിച്ചത്. ആത്മീയ ഉണര്‍വ്വ് നല്‍കുന്ന രീതിയില്‍ ബാലാശ്രമത്തില്‍ അദ്ദേഹം ഭഗവദ്ഗീതാ ക്ലാസുകള്‍ നടത്തിയിരുന്നു. എല്ലാ വൈകുന്നേരങ്ങളിലും ചെറിയ കഥകളും തന്റെ യാത്രകളില്‍ ഉണ്ടായിട്ടുള്ള അനുഭവങ്ങളും അദ്ദേഹം കുട്ടികളോട് പങ്കുവെച്ചിരുന്നു. ആശ്രമത്തിലെ കൊച്ചുകുട്ടികള്‍ അദ്ദേഹത്തെ ‘മുത്തശ്ശാ’ എന്നാണ് വിളിച്ചിരുന്നത്. ഞങ്ങളെ സംബന്ധിച്ചേടത്തോളം അതൊരു അപൂര്‍വ കാര്യമായിരുന്നു, കാരണം ആരെയെങ്കിലും പൂര്‍ണ്ണഹൃദയത്തോടെ അങ്ങനെ വിളിക്കുവാനോ, അഭിസംബോധന ചെയ്യാനോ, ഇടപെഴകാനോ ഉള്ള അവസരങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല. ഒരു കുടുംബാംഗത്തെപ്പോലെ അദ്ദേഹം എന്നും ഞങ്ങളില്‍ ഒരാളായിരുന്നു. കുറേ നാളുകള്‍ക്ക് ശേഷം വീണ്ടും ഞങ്ങളുടെ ബാലാശ്രമത്തിലെത്തിയപ്പോള്‍ അദ്ദേഹം അസുഖബാധിതനായിരുന്നു, കഴിക്കാന്‍ ഒരുകെട്ട് മരുന്നുകള്‍ ഉണ്ടായിരുന്നു, പക്ഷേ അപ്പോഴും അദ്ദേഹത്തിന്റെ ഊര്‍ജ്ജം ഒരല്‍പ്പം പോലും മങ്ങിയിട്ടുണ്ടായിരുന്നില്ല.
അസുഖാവസ്ഥയിലും ഹരിയേട്ടന്‍ വെറുതെ ഇരിക്കുന്നതോ രോഗത്തെക്കുറിച്ച് പരാതി പറയുന്നതോ കണ്ടിട്ടില്ല. ശാരീരിക ആരോഗ്യം മോശമായ സമയത്തു പോലും തന്റെ കാര്യങ്ങള്‍ അദ്ദേഹം സ്വയം നോക്കിയിരുന്നു. ഞങ്ങള്‍ അദ്ദേഹത്തില്‍ കണ്ട മറ്റൊരു പ്രത്യേകത ഒന്നിനോടും അമിതമായ അടുപ്പമോ അകല്‍ച്ചയോ അദ്ദേഹത്തിന് ഇല്ലായിരുന്നു എന്നതാണ്. അത് വ്യക്തികളോടായാലും, ഭൗതികമായ കാര്യങ്ങളോടായാലും. അദ്ദേഹം ഒന്നിനോടും ഉടമസ്ഥാവകാശം കാണിച്ചിരുന്നില്ല, പക്ഷേ എല്ലാറ്റിനെയും ഉത്തരവാദിത്തബോധത്തോടെ സമീപിച്ചിരുന്നു. ഇത് നാമെല്ലാവരും നമ്മുടെ ജീവിതത്തില്‍ ഉള്‍പ്പെടുത്തേണ്ടുന്ന ഒരു പ്രധാന ഗുണമാണ്, ഒരുതരം അടുപ്പവും- അതേ സമയം നിസ്സംഗതയും. പലപ്പോഴും ഞങ്ങള്‍ക്ക് അനാഥരാണെന്നോ അല്ലെങ്കില്‍ പ്രത്യേക ബന്ധങ്ങള്‍ ഒന്നുമില്ലെന്നോ ഉള്ള തോന്നലുകള്‍ ഉണ്ടാകാറുണ്ട്, എന്നാല്‍ ഹരിയേട്ടനെ അറിയുമ്പോള്‍ ആ ചിന്തയ്ക്ക് മറ്റൊരു വശം ഉണ്ടെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ‘ഇപ്പോള്‍ നമുക്ക് എല്ലാം ഉണ്ട്, അതേ സമയം തന്നെ ഒന്നുമില്ല.’
ആ നല്ല മനുഷ്യനുമായുള്ള എല്ലാ അനുഭവങ്ങളും വളരെ നന്ദിയോടും ആനന്ദത്തോടും കൂടി ഒരു നിധിപോലെ എന്നും സൂക്ഷിക്കേണ്ടതാണ്. ഹരിയേട്ടന്റെ അറിവിനോടുള്ള ആദരവോടു കൂടി, അദ്ദേഹത്തില്‍ നിന്നും അറിവ് നേടി അത് സമൂഹത്തിലെ മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കാന്‍ കഴിയുന്ന ഒരു വിലപ്പെട്ട നിധി സ്വീകരിക്കാന്‍ വരുന്നതുപോലെ ബാലാശ്രമത്തില്‍ അദ്ദേഹത്തെ കാണാന്‍ വരുന്ന വ്യക്തികളെ ഞങ്ങള്‍ കണ്ടിട്ടുണ്ട്.
ഹരിയേട്ടനെ പരിചയപ്പെടാന്‍ അവസരം ലഭിച്ച ഓരോ വ്യക്തികള്‍ക്കും പകരം വെക്കാനില്ലാത്ത അനുഭവങ്ങള്‍ ഉണ്ടാകുമെന്നത് ഉറപ്പാണ്. ഭഗവദ്ഗീതയിലെ ഈ ശ്ലോകത്തിലൂടെ അദ്ദേഹത്തെ സ്മരിക്കാന്‍ ആഗ്രഹിക്കുന്നു:-
ന ജായതേ മ്രിയതേ വാ കദാചിത്
നായം ഭൂത്വാ ഭവിതാ വാ ന ഭൂയഃ
അജോ നിത്യഃ ശാശ്വതോƒയം പുരാണോ
ന ഹന്യതേ ഹന്യമാനേ ശരീരെ!