കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രന്‍, ശശി തരൂര്‍ തുടങ്ങിയവര്‍ക്കെല്ലാം അയോധ്യയിലെ പ്രാണപ്രതിഷ്ഠയില്‍ പങ്കെടുക്കാനും രാംലല്ലയെ കണ്ടു തൊഴാനും കലശലായ മോഹം. സോണിയയ്ക്കും രാഹുലിനും ക്ഷണം കിട്ടിയെന്നു മാത്രമല്ല ദിഗ് വിജയ്‌സിംഗിനെ പോലുള്ള നേതാക്കള്‍ പോകുന്നതിന് പച്ചക്കൊടി വീശുകയും ചെയ്തു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ 2024ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ട് സ്വന്തം പെട്ടിയിലാക്കാമെന്ന കണക്കുകൂട്ടലുമായി അയോധ്യക്ക് പോയാലോ എന്നു ചിന്തിച്ചിരിക്കുമ്പോഴാണ് സമസ്തയുടെ പത്രത്തിന്റെ മുഖപ്രസംഗം ഇടിത്തീ പോലെ വീണത്. ബാബരി പൊളിച്ച സ്ഥലത്ത് പോകണോ എന്നായിരുന്നു മുഖപ്രസംഗത്തിലെ കണ്ണുരുട്ടല്‍. അതു വരുമ്പോഴേക്കും സതീശന്‍ നൂറ്റൊന്ന് ഏത്തമിട്ട ശേഷം നൂറ്റമ്പതു തവണ ഇമ്പോസിഷന്‍ എഴുതി: ‘സമസ്തയാണേ സത്യം കേരളത്തിലെ ഒരു കോണ്‍ഗ്രസ്സുകാരനും അയോധ്യക്കില്ല.’ സമസ്തയും സി.പി.എമ്മും തമ്മില്‍ ചക്കയും ഈച്ചയും പോലെയാണ്. അതിനാല്‍ സീതാറാം യെച്ചൂരി മേനി നടിച്ചു: ‘ഞങ്ങളെ ആരും ക്ഷണിച്ചിട്ടില്ല.’ അപ്പോഴതാ വി.എച്ച്.പിയുടെ ക്ഷണം വരുന്നു. ഉടനെ യെച്ചൂരി അടവുമാറ്റി. ‘ഞങ്ങള്‍ പങ്കെടുക്കില്ല.’
ഇത്രയുമായപ്പോള്‍ സമസ്ത പ്രസിഡന്റ് സയ്യിദ് ജഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു കോണ്‍ഗ്രസ്സുകാര്‍ പ്രതിഷ്ഠയ്ക്ക് പോയാലും മുസ്ലിങ്ങളുടെ വികാരം വ്രണപ്പെടില്ല. തങ്ങളുടെ പത്രത്തിന്റെ മുഖപ്രസംഗം തങ്ങളുടെ നിലപാടല്ല. നാട്ടുകാരായ നാട്ടുകാരൊക്കെ കേള്‍ക്കേ പോകില്ല എന്നു സുന്നി പണ്ഡിതന്മാരെ പിടിച്ച് ആണയിട്ട കോണ്‍ഗ്രസ് നേതാക്കള്‍ വല്ലാത്ത കെണിയിലാണ് പെട്ടുപോയത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് 19 സീറ്റും കോണ്‍ഗ്രസ് തൂത്തുവാരിയത് ശബരിമല സംബന്ധിച്ച ഹിന്ദു വികാരം മുതലെടുത്തായിരുന്നു. ഈ തന്ത്രം വരുന്ന തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനുള്ള മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നവുമായി കോണ്‍ഗ്രസ് കഴിയുമ്പോഴാണ് സമസ്തയുടെ ഇരുട്ടടി വന്നത്. സ്വപ്‌നം തകര്‍ന്ന കോണ്‍ഗ്രസ്സുകാരെ നോക്കി തോളില്‍ കയ്യിട്ട് കളിയാക്കി ചിരിക്കുകയാണ് സമസ്ത നേതാക്കളും സി.പി.എം നേതാക്കളും.