പൂനെ: ഭാരതത്തിന്റെ വിഭജനം ലോകചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത സംഭവമാണെന്നും അതിന്റെ ചരിത്രം മറക്കാന്‍ പാടില്ലെന്നും ആര്‍.എസ്.എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ അംബേക്കര്‍ പറഞ്ഞു. പൂനെ ഫെര്‍ഗൂസണ്‍ കോളേജ് ഗ്രൗണ്ടില്‍ നാഷണല്‍ ബുക്ക് ട്രസ്റ്റ് സംഘടിപ്പിച്ച ദേശീയ പുസ്തക പ്രദര്‍ശനത്തില്‍ സംസാരിക്കുകയായിരുന്നു. അദ്ദേഹം.
രാഷ്ട്രത്തിന്റെ ചരിത്രത്തെക്കുറിച്ച് ഇപ്പോള്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകളില്‍ നിന്നും പുറത്തു കടക്കേണ്ടത് ദേശീയ മുന്നേറ്റത്തിന് അനിവാര്യമാണ്. ശരിയായ ചരിത്രം അവതരിപ്പിക്കുക എന്നത് ദേശീയ ദൗത്യമാണ്. ഭാരതത്തെ വിഭജിച്ചത് ഈ നാട്ടുകാര്‍ തന്നെയാണ്. ഇത് മറക്കാന്‍ ഒരു തലമുറയെയും അനുവദിക്കരുത്. വിഭജനത്തിന്റെ വസ്തുതകള്‍ അറിയാതെ ഇന്ന് പലരും ആശയക്കുഴപ്പത്തിലാണ്. ഈ ആശയക്കുഴപ്പത്തിന്റെ അനന്തരഫലങ്ങളാണ് രാജ്യത്ത് ഉടലെടുക്കുന്ന അരക്ഷിതാവസ്ഥയ്ക്ക് കാരണം. ഏതെങ്കിലും പ്രവാചകന്റെയോ മതതത്വങ്ങളുടെയോ അടിസ്ഥാനത്തിലല്ല രാഷ്ട്രം രൂപം കൊള്ളുന്നത്. ആയിരക്കണക്കിന് വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിലൂടെയാണ് രാഷ്ട്രമെന്ന ആശയം തന്നെ രൂപപ്പെടുന്നത്. സുനില്‍ അംബേക്കര്‍ തുടര്‍ന്നു. ഡാ.ഗിരീഷ് അഫ്ളെ എഴുതിയ ‘വ്യത ഹിന്ദുസ്ഥാന്ച്യാ വിഭജനചി’ എന്ന മറാഠി പുസ്തകം സുനില്‍ അംബേക്കര്‍ പ്രകാശനം ചെയ്തു. എഴുത്തുകാരനും ചിന്തകനുമായ പ്രശാന്ത് പോള്‍, ഡോ. കേദാര്‍ നായിക്, എഴുത്തുകാരി പ്രതിഭ റാനഡെ, രാജന്‍ ധവാ ലി ക്കര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.