അമ്മ മനസ്സുകളിലെ അമരസ്മൃതികള്‍ –
ആര്‍ ഹരിയേട്ടന്‍ അന്തരിച്ചിട്ട് നാളുകളായെങ്കിലും അദ്ദേഹത്തെക്കുറിച്ചുള്ള സ്മൃതിപ്പെയ്ത്തുകള്‍ അവസാനിക്കുന്നില്ല. അമ്മമാരുടെയും സഹോദരിമാരുടെയും മനസ്സില്‍ ആ മഹാരഥന്‍ ചാര്‍ത്തിയ ഓര്‍മ്മയുടെ സുഗന്ധം… അക്ഷരസ്മൃതികളായി രേഖപ്പെടുത്തുന്നു.
ഹരിയേട്ടന്‍….സ്‌നേഹത്തിന് നിര്‍വ്വചനം നല്‍കാന്‍ പറഞ്ഞാല്‍ എനിക്ക് ഈ ഒരൊറ്റ വാക്ക് മതിയാവും. ഹരിയേട്ടന്റെ സ്‌നേഹവാത്സല്യങ്ങളുടെ തണലില്‍ ജീവിക്കാന്‍ സാധിച്ചത് മുജ്ജന്മ സുകൃതം കൊണ്ടാവാം.
ഒരു സംഘകുടുബത്തില്‍ ജനിച്ചുവളര്‍ന്ന എനിക്ക് ഹരിയേട്ടന്‍ എന്ന പേര് ചിരപരിചിതമായ ഒന്നായിരുന്നു. ഹരിയേട്ടനെ കുറിച്ച് പറയുന്നത് കേള്‍ക്കുമ്പോള്‍ സംഘത്തിലെ വലിയ ഒരാള്‍ എന്ന തോന്നലാണ് അന്നുണ്ടായിരുന്നത്. പിന്നീട് കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതീയ വിദ്യാനികേതനില്‍ അധ്യാപിക ആയിരിക്കെ ഹരിയേട്ടന്റെ ബൗദ്ധിക്കുകള്‍ കേള്‍ക്കാനുള്ള ഭാഗ്യം സിദ്ധിച്ചു. അന്ന് ഹരിയേട്ടന്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആയിരുന്നു. അധ്യാപകര്‍ക്കുള്ള ബൗദ്ധിക്കുകള്‍ വാക്കുകളുടെ സ്വച്ഛപ്രവാഹമായിരുന്നു. തെളിനീരായി ഒഴുകുന്ന ജ്ഞാനഗംഗ. ഋജുവായ വാക്യങ്ങള്‍. വളരെ ആഴത്തിലുള്ള വസ്തുതകളെ എളുപ്പത്തില്‍ ഗ്രഹിക്കുന്നതിനായി ലളിതമായ ഉദാഹരണങ്ങള്‍. സദാ പ്രസന്നമായ മുഖത്തോടെ അത്യന്തം ശാന്തമായ അവതരണശൈലി..
ദൂരെനിന്ന് ഹരിയേട്ടനെ ഭക്ത്യാദരപൂര്‍വ്വം കാണാനേ അന്നൊക്കെ കഴിഞ്ഞിരുന്നുള്ളൂ. പരിപാടികള്‍ക്ക് ഹരിയേട്ടന്‍ വന്നു, തിരികെപോകാന്‍ തുടങ്ങുമ്പോള്‍ ചുറ്റും ഒരു സ്‌നേഹവലയം ഉണ്ടാവും. അവരില്‍ ഒരാളായി മാറാന്‍, ഹരിയേട്ടനെ ഒന്നു പരിചയപ്പെടാന്‍ അന്നൊക്കെ വളരെയേറെ ആഗ്രഹിച്ചിരുന്നു. ഹരിയേട്ടനോട് ആത്മബന്ധം പുലര്‍ത്തിയിരുന്ന എന്റെയൊരു സുഹൃത്തും സഹപ്രവര്‍ത്തകയും ആയിരുന്ന മായ (പാല) ഹരിയേട്ടനെകുറിച്ച് പറയുമ്പോഴും ഹരിയേട്ടന്റെ കയ്യൊപ്പ് പതിഞ്ഞ പുസ്തകങ്ങള്‍ നല്‍കിയതിനെക്കുറിച്ച് പറയുമ്പോഴും അതിനൊക്കെ ഭാഗ്യം ഉണ്ടാവാത്തതില്‍ അല്‍പ്പം സങ്കടം തോന്നുമായിരുന്നു. ഒന്ന് പരിചയപ്പെടാന്‍ അവസരം ഉണ്ടാക്കിത്തരണം എന്ന് ചിലരോട് അപേക്ഷിച്ചെങ്കിലും സാഹചര്യം ലഭിച്ചില്ല.
ആ അദമ്യമായ ആഗ്രഹം (അങ്ങനെതന്നെ വിശേഷിപ്പിക്കാം) സാക്ഷാല്‍ക്കരിച്ചത് 2002 ലാണ്. കൃത്യമായി പറഞ്ഞാല്‍ 2002 ഡിസംബറില്‍. ഹരിയേട്ടന്റെ കാല്‍തൊട്ടു വന്ദിച്ചതിന് ശേഷമാണ് ഞാന്‍ ഗൃഹസ്ഥാശ്രമത്തിലേക്ക് കടന്നത്. മുജ്ജന്മ ബന്ധത്തിന്റെ തുടര്‍ച്ച അവിടെനിന്നും ആരംഭിക്കുകയായിരുന്നു എന്നാണ് എനിക്ക് ഇതേപ്പറ്റി തോന്നിയിട്ടുള്ളത്. കാലം എനിക്കായി സജ്ജമാക്കി വച്ച പുണ്യാനുഭവം.
അന്നുമുതല്‍ ഇന്നോളമുള്ള 21 വര്‍ഷം അക്ഷരാര്‍ത്ഥത്തില്‍ ഹരിയേട്ടന്റെ സ്‌നേഹവാത്സല്യത്തണലില്‍ ആയിരുന്നു ഞങ്ങളുടെ കുടുംബം. സുഖദുഃഖങ്ങളില്‍ മറ്റാരേക്കാളും എന്നും ഹരിയേട്ടനായിരുന്നു ഞങ്ങള്‍ക്ക് ഒപ്പമുണ്ടായിരുന്നത്. ഏത് ഇരുട്ടിലും പ്രകാശമായി ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. ആ അനുപമസാന്നിധ്യം കൊണ്ട് നിറവാര്‍ന്ന നിരവധി സന്ദര്‍ഭങ്ങള്‍, ഓര്‍മ്മകള്‍. അതാണ് ഞങ്ങള്‍ക്ക് മുന്നോട്ടുള്ള ജീവിതത്തില്‍ ശക്തി പകരാനുള്ളത്.
വീട്ടിലും യാത്രകളിലും
ഹരിയേട്ടനോടൊപ്പം ചില യാത്രകള്‍ ചെയ്യാന്‍ സാധിച്ചത് വലിയൊരു അനുഗ്രഹം ആയിരുന്നു. അതില്‍ അവിസ്മരണീയമായ ഒന്ന് 2015 ല്‍ സംഘത്തിന്റെ രണ്ടാംവര്‍ഷ ഒ.ടി.സിയില്‍ എത്തിയ പരംപൂജനീയ സര്‍സംഘചാലക് മോഹന്‍ജി ഭാഗവതിനെ സന്ദര്‍ശിക്കുന്നതിനായി ഹരിയേട്ടന്‍ കന്യാകുമാരിയിലേക്ക് നടത്തിയ ഒരു യാത്രയാണ്. സക്ഷമയുടെ ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറി കൃഷ്ണകുമാറും കുടുംബവും ഞങ്ങളുടെ കുടുംബവും ഹരിയേട്ടനോടൊപ്പം ഉണ്ടായിരുന്നു. ട്രെയിനില്‍ കുട്ടികളോട് കളിതമാശകള്‍ പറഞ്ഞും വീട്ടില്‍ നിന്നും ഞങ്ങള്‍ തയ്യാറാക്കി കൊണ്ടുവന്ന ഭക്ഷണം പങ്കിട്ട് കഴിച്ചും ഏറെ ആസ്വദിച്ച ഹൃദ്യമായ യാത്ര. ഹരിയേട്ടന്റെ അനുജന്റെ മകള്‍ സുചേതചേച്ചിയുടെ കൂടംകുളത്തെ വീട്ടിലായിരുന്നു ഞങ്ങള്‍ താമസിച്ചത്. അതേ വര്‍ഷം സമാദരണീയനായ എല്‍.കെ. അദ്വാനിജിക്ക് ഒപ്പം പള്ളിക്കത്തോട് അരവിന്ദവിദ്യാമന്ദിരത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഹരിയേട്ടന്‍ പോയപ്പോള്‍ അനുഗമിക്കാനുള്ള നിയോഗവും ഞങ്ങള്‍ക്ക് ലഭിച്ചു. സംഘബന്ധുക്കളുടെ കുടുംബങ്ങളിലെ മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ ഹരിയേട്ടനൊപ്പം പോകാനും സാധിച്ചിട്ടുണ്ട്. ഓരോ യാത്രകളും ഓരോ അനുഭവങ്ങള്‍ ആയിരുന്നു. ഹരിയേട്ടന്‍ ഞങ്ങള്‍ക്ക് (ഞങ്ങള്‍ക്കു മാത്രമല്ല ഇതുപോലെ മറ്റുപലര്‍ക്കും) നല്‍കിയ പരിഗണന, സ്‌നേഹം, കാരുണ്യം എല്ലാം മനുഷ്യാതീതമായ ഒന്നായിരുന്നു. തികച്ചും ഈശ്വരീയം. ഇത്രയും നിരുപാധിക സ്‌നേഹം പകര്‍ന്നു നല്‍കാന്‍ സാധാരണ മനുഷ്യര്‍ക്ക് സാധ്യമല്ല എന്നത് നിശ്ചയമാണ്.
ചെങ്ങമനാടുള്ള ഞങ്ങളുടെ വീട്ടില്‍ ഹരിയേട്ടന്‍ താമസിക്കാന്‍ എത്തുമ്പോള്‍ മനസ്സ് ഉത്സവലഹരിയില്‍ ആയിരിക്കും. ഇഷ്ടമുള്ള ഭക്ഷണം പാകം ചെയ്ത് അത് വിളമ്പിക്കൊടുത്ത് ഹരിയേട്ടന്റെയടുത്ത് ഇരിക്കുമ്പോള്‍ ഒരു ഋഷിവര്യനെ പരിചരിക്കുന്നതായാണ് ഞാന്‍ കരുതാറുണ്ടായിരുന്നത്. ഞാന്‍ എറ്റവും ആനന്ദത്തോടെ പാചകം ചെയ്തിട്ടുള്ളത് ഹരിയേട്ടനു വേണ്ടി ഭക്ഷണം ഒരുക്കുമ്പോഴാണ്. ചക്ക വരട്ടിയത് ഹരിയേട്ടന് ഇഷ്ടപ്പെട്ട വിഭവമായിരുന്നു. കിട്ടുന്ന ചക്കയെല്ലാം പഴുപ്പിച്ച് വരട്ടി ഹരിയേട്ടന് ഇടയ്ക്കിടെ കൊടുത്ത് വിടും. ഒരിയ്ക്കല്‍ ഞാന്‍ പറഞ്ഞു – ഹരിയേട്ടാ ഇത് എല്ലാവര്‍ക്കും കൊടുക്കാനുണ്ടാവില്ലല്ലോ. അപ്പോ എന്ത് ചെയ്യും? മായ ഒരു കാര്യം ചെയ്താല്‍ മതി – കുപ്പിയുടെ പുറത്ത് ‘പനസാദി ലേഹ്യം’ എന്ന് എഴുതി വച്ചാല്‍ മതി എന്ന് പറഞ്ഞ് ചിരിച്ചു. പ്രഭാതഭക്ഷണ വേളകളില്‍ സൂര്യന് താഴെയുള്ള എന്തും സംഭാഷണ വിഷയം ആവും. സംഘശാഖ മുതല്‍ പാചകം വരെ. ചിലപ്പോള്‍ വിവിധ ഭാഷകള്‍ പരിചയപ്പെടുത്തല്‍. അങ്ങനെ പ്രാതല്‍വേള നീണ്ടുപോവും. ഹരിമുത്തച്ഛന്റെ തൊട്ടടുത്ത കസേരയിലേ ഇരിക്കൂ എന്ന വാശിയോടെ ഞങ്ങളുടെ മകള്‍ നേരത്തെ തന്നെ ഊണ് മേശയ്ക്കരികില്‍ സ്ഥാനം ഉറപ്പിച്ചിട്ടുണ്ടാവും. ഉച്ചയൂണിന് ശേഷമുള്ള അല്‍പം മയക്കം ഒഴികെ പകല്‍ ഏതാണ്ട് മുഴുവന്‍ സമയവും വായനയിലും എഴുത്തിലും ആയിരിക്കും ഹരിയേട്ടന്‍. ഇടയ്ക്ക് ഒരു ചായയുമായി ഞാന്‍ ചെല്ലുമ്പോള്‍ എഴുത്തിന്റെ തിരക്കില്‍ ചിലപ്പോള്‍ അറിഞ്ഞെന്ന് വരില്ല. മറ്റു ചിലപ്പോള്‍ എഴുതിയതിനെക്കുറിച്ച് കുറേസമയം സംസാരിക്കുകയും ചെയ്യും. വ്യാസനും കാളിദാസനും ടാഗോറും സ്വാമി വിവേകാനന്ദനും തുടങ്ങി സമസ്തമേഖലകളും ഉള്‍ക്കൊള്ളുന്ന ഹരിയേട്ടന്റെ ജ്ഞാന സാഗരത്തിലെ ചില മുത്തുകള്‍ ആ നേരത്ത് എനിക്ക് വീണു കിട്ടാറുണ്ടായിരുന്നു. വൈകുന്നേരങ്ങളില്‍ ഹരിയേട്ടന്റെ സാമീപ്യം തേടി സ്വയംസേവകര്‍ എത്തും. ഇന്നാരാണ് എത്തുക എന്ന ആലോചനയില്‍ ഒരു കുസൃതിച്ചിരിയോടെ ഹരിയേട്ടന്‍ കാത്തിരിക്കുകയും ചെയ്യും. ആ സായാഹ്നവേളകള്‍ നല്‍കിയ ആനന്ദം അവാച്യമാണ്. ഇടയ്ക്ക് ഹരിയേട്ടനുമായി ഏറെ അടുപ്പം കാത്തു സൂക്ഷിക്കുന്ന സ്വയംസേവകരുടെ കുടുംബങ്ങളുടെ ഒത്തുകൂടലുകള്‍ ഹരിയേട്ടന്റെ സാന്നിധ്യത്തില്‍ നടത്തിയിരുന്നു. പലവിധ ചര്‍ച്ചകളും നര്‍മ്മത്തില്‍ പൊതിഞ്ഞ സംഭാഷണങ്ങളും പൊട്ടിച്ചിരികളും കൊണ്ട് സമൃദ്ധമായിരുന്ന ഒത്തുചേരലുകളില്‍ കുടുംബിനികളും സധൈര്യം അഭിപ്രായം പറയുകയും തമാശകള്‍ പൊട്ടിക്കുകയും ചെയ്യും. സംഘപ്രവര്‍ത്തകരായ കുടുംബനാഥന്മാരെക്കുറിച്ച് അവരുടെ സഹധര്‍മ്മിണിമാരുടെ നുറുങ്ങു പരാതികളും മറ്റും ഹരിയേട്ടനോട് പങ്കിടും. തലമുതിര്‍ന്ന കാരണവരായി എല്ലാം കേട്ട് ആസ്വദിച്ചു രസിച്ചു ഹരിയേട്ടന്‍ ചില പരിഹാരങ്ങളും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും മറ്റും നല്‍കും.
ഹരിയേട്ടന് അഭിജ്ഞാനശാകുന്തളത്തിലെ കണ്വമഹര്‍ഷിയെ പോലെ ആയിരുന്നു എന്നെനിക്ക് പലപ്പൊഴും തോന്നിയിട്ടുണ്ട്. ഗൃഹസ്ഥാശ്രമി അല്ലാതിരുന്നിട്ടും വാത്സല്യനിധിയായ പിതാവും മുത്തച്ഛനും എല്ലാമായിരുന്നു താതകണ്വന്‍. സ്‌നേഹവാല്‍സല്യങ്ങള്‍ കൊണ്ടും സമഭാവന കൊണ്ടും എല്ലാവരെയും ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയ ഹരിയേട്ടനും അങ്ങനെ ആയിരുന്നു. നിളാതീരത്ത് ഐവര്‍മഠത്തിലെ അഗ്‌നിയില്‍ ആ പുണ്യജന്മം എരിഞ്ഞടങ്ങിയപ്പോള്‍ ഞങ്ങള്‍ അനാഥരായി എന്ന് ചിന്തിച്ച എത്രയോ കുടുംബങ്ങള്‍ ഇവിടെയുണ്ട്. അത്തരം കുടുംബങ്ങളുടെ എണ്ണം എടുക്കാന്‍ സാധിക്കില്ല എന്നതാണ് ഹരിയേട്ടന്‍ ചെയ്ത പ്രവര്‍ത്തനത്തിന്റെ വ്യാപ്തി. അതിലെ ഓരോ അംഗങ്ങളിലും ഇതേ വികാരം ഉണ്ടാക്കി എന്നതാണ് ഹരിയേട്ടന്‍ ചെയ്ത പ്രവര്‍ത്തനത്തിന്റെ ആഴം.
നല്ല മഴയുള്ള സമയത്ത് വീട്ടില്‍ താമസിക്കണം എന്നൊരിക്കല്‍ ഹരിയേട്ടന്‍ ആഗ്രഹം പ്രകടിപ്പിച്ചു. മഴ പെയ്യുന്നത് ജനലിലൂടെ നോക്കിയിരിക്കണം എന്ന് പറഞ്ഞു ഹരിയേട്ടനിലെ കവി. അങ്ങനെ ഒരു കാലവര്‍ഷക്കാലത്ത് ഹരിയേട്ടന്‍ വന്നു. മഴയുടെ ഭംഗി ആസ്വദിച്ചു ഞങ്ങളോട് വര്‍ത്തമാനങ്ങളും പറഞ്ഞ് മൂന്നുനാലു ദിവസം.
മറ്റൊരിക്കല്‍ ചെങ്ങമനാട് മഹാദേവക്ഷേത്രത്തിലെ ഉത്സവകാലം. ധനുമാസത്തിലെ തണുപ്പില്‍ രാത്രി ഉത്സവക്കാഴ്ചകള്‍ കാണാന്‍ ഹരിയേട്ടനും ഒപ്പം കൂടി. ഉത്സവപ്പറമ്പില്‍ നിന്നപ്പോള്‍ ബജി കഴിച്ചാലോ എന്ന് ഹരിയേട്ടനൊരു കുസൃതിച്ചോദ്യം. ബജി വാങ്ങി കഴിക്കാനൊരുങ്ങവെ അപ്രതീക്ഷിതമായി ഹരിയേട്ടനെ അവിടെ കണ്ടതും സ്വയംസേവകര്‍ ചുറ്റും കൂടി. പിന്നത്തെ കഥ പറയേണ്ടല്ലോ.
2014-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലം. ഹരിയേട്ടന്‍ ഇവിടെ താമസിക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് ഫലം അറിയുന്നത്. രാവിലെ തന്നെ ടെലിവിഷനില്‍ വാര്‍ത്തകള്‍ സജീവമായി. ഹരിയേട്ടന്‍ പതിവുപോലെ പ്രഭാതഭക്ഷണം കഴിഞ്ഞ് എഴുത്തും വായനയുമായി മുകളിലെ മുറിയില്‍. ഇടയ്ക്ക് ഞാന്‍ ചായയുമായി ചെല്ലുമ്പോള്‍ ഹരിയേട്ടന്‍ തെരഞ്ഞെടുപ്പ് ഫലത്തെപ്പറ്റി ചോദിക്കും എന്ന് പ്രതീക്ഷിച്ചു. അതുണ്ടായില്ല. അപ്പോള്‍ ഞാന്‍ അങ്ങോട്ട് പറഞ്ഞു ഹരിയേട്ടാ ബി.ജെ.പി വിജയിച്ചു മുന്നേറിക്കൊണ്ടിരിക്കുകയാണ് എന്ന്. അമിതസന്തോഷം ഒന്നും കാണിക്കാതെ ഹരിയേട്ടന്‍ പറഞ്ഞു. എനിക്ക് അപ്പപ്പോള്‍ ഫലം അറിയണമെന്നൊന്നുമില്ല. എന്തായാലും വൈകുന്നേരം ആകുമ്പോള്‍ അറിയാന്‍ സാധിക്കുമല്ലോ. അങ്ങനെയായിരുന്നു ഹരിയേട്ടന്‍. ‘സിദ്ധ്യ സിദ്ധ്യോര്‍ നിര്‍വ്വികാര:’ എന്ന ഗീതാവചനം ഞാന്‍ അപ്പോള്‍ ഓര്‍ത്തുപോയി.
ഏറ്റവും ഒടുവില്‍ ഹരിയേട്ടന്‍ ഞങ്ങളുടെ വീട്ടില്‍ താമസിച്ചത് 2019 ആഗസ്റ്റില്‍ ആണ്. അതിനു ശേഷം പലപ്രാവശ്യം വീട്ടില്‍ വന്നു പോവുകയുണ്ടായി. എങ്കിലും താമസിക്കാന്‍ സാധിച്ചില്ല. കാരണം പിന്നീട് കോവിഡ് മഹാമാരിയുടെ കാലം ആയിരുന്നല്ലോ. അതുകഴിയുംമുന്‍പ് 2021 നവംബറില്‍ ഹരിയേട്ടന്‍ രോഗബാധിതനായി. പിന്നീട് ഇടയ്ക്കിടെയുള്ള ആശുപത്രിവാസങ്ങള്‍. വാക്കറിന്റെ സഹായമില്ലാതെ നടക്കാന്‍ സാധിച്ചിരുന്നില്ല. എങ്കിലും ഒരിക്കല്‍ ഹരിയേട്ടന്‍ വീട്ടില്‍ വന്നു താമസിക്കാം എന്ന് ഉറപ്പു തന്നിരുന്നു. ഇനി വരുമ്പോള്‍ താഴത്തെ മുറിയില്‍ താമസിക്കാം എന്നുള്ള ഹരിയേട്ടന്റെ വാക്കുകള്‍ വിങ്ങലോടെയെ ഓര്‍ക്കാന്‍ കഴിയുന്നുള്ളൂ. ഏറ്റവും ഒടുവില്‍ വീട്ടില്‍ വന്നത് 2022 ല്‍ ആണ്. അന്നും പ്രിയ ഹരിയേട്ടനേ കാണാനായി ഞങ്ങളുടെ അയല്‍ക്കാരെത്തി. മഞ്ജുവും പ്രിയയും ദേവികയും പാര്‍വതിയും ഹരിശങ്കറും എല്ലാവരും ഒത്തുചേര്‍ന്നു. ഓര്‍മ്മകളുടെ ആല്‍ബത്തില്‍ ഒരു ചിത്രം കൂടി..
ഓരോ പ്രാവശ്യത്തെയും താമസത്തിനുശേഷം ഹരിയേട്ടന്‍ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ വല്ലാത്തൊരു ശൂന്യതാബോധം ഞങ്ങളെ പൊതിയും. പിന്നീട് അത് മറികടക്കാനായി ഞങ്ങളും എളമക്കരയിലെ പ്രാന്തകാര്യാലയം വരെ പോയി, ഹരിയേട്ടനെ അവിടെയാക്കി തിരികെ പോരുന്ന പതിവ് ആരംഭിച്ചു. തിരികെ ഞങ്ങള്‍ പോരുമ്പോള്‍ നിറകണ്‍ചിരിയോടെ ഹരിയേട്ടന്‍ ഞങ്ങളെ യാത്രയാക്കും.
ഏറെ നാള്‍ ഹരിയേട്ടനെ കാണാന്‍ സാധിക്കാതെ ഇരുന്നത് കോവിഡ് ലോക്ക് ഡൗണ്‍ കാലത്താണ്. അപ്പോള്‍ ഫോണ്‍ വിളികളുടെ എണ്ണം കൂടി. കാണാന്‍ ആഗ്രഹം തോന്നുമ്പോള്‍ ഇടയ്ക്ക് വല്ലപ്പോഴും വീഡിയോ കോളുകളും. ഹരിയേട്ടന്റെ സ്‌നേഹവും വാത്സല്യവും വേണ്ടുവോളം കിട്ടിയിട്ടുണ്ടെങ്കിലും ഹരിയേട്ടന്റെ ശിഷ്യത്വത്തില്‍ ഞാന്‍ പഠിച്ചിട്ടുണ്ടായിരുന്നില്ല. കോവിഡ് കാലം അതിനൊരു അവസരം തന്നു. ഭഗവദ്ഗീതയിലെ ഭക്തിയോഗം ആണ് ഹരിയേട്ടന്‍ എനിക്ക് പഠിപ്പിച്ചു തന്നത്. എനിക്ക് അനുയോജ്യം അതാവും എന്ന് ഹരിയേട്ടന്‍ മനസ്സിലാക്കിയിട്ടുണ്ടാവാം. പകല്‍ 11-മണി മുതല്‍ എന്നും അരമണിക്കൂര്‍ ഫോണിലൂടെയായിരുന്നു പഠനം. ഭക്തിയോഗം സ്വയം വായിച്ചപ്പോള്‍ എനിക്കുണ്ടായ പല ധാരണകളും ഹരിയേട്ടന്റെ വ്യാഖ്യാനത്തിലൂടെ തിരുത്തപ്പെട്ടു. ഒരു സാഹിത്യ അധ്യാപകന്റെ തന്മയത്വത്തോടെ കുമാരസംഭവത്തിലെ പാര്‍വ്വതീ വടു സംവാദം ഫോണിലൂടെ എനിക്ക് പറഞ്ഞു തന്നത് ഇന്നലത്തെതുപോലെ ഓര്‍മ്മിക്കുന്നു.
കഴിഞ്ഞവര്‍ഷം മായന്നൂരിലെ തണല്‍ ബാലാശ്രമത്തിലേക്ക് ഹരിയേട്ടന്‍ വിശ്രമത്തിനായി പോകുമ്പോള്‍ വായനയ്ക്കായി എന്റെ കൈവശം ഉണ്ടായിരുന്ന കാളിദാസ സമ്പൂര്‍ണ്ണ കൃതികള്‍ വാങ്ങി കൊണ്ടുപോയിരുന്നു. കാളിദാസകൃതികള്‍ ഒരിക്കല്‍ കൂടി പൂര്‍ണമായി വായിച്ചുതീര്‍ത്ത സന്തോഷം ഫോണില്‍ വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു. ഒറ്റ പുസ്തകമായിരുന്ന അത് കാവ്യങ്ങള്‍, നാടകങ്ങള്‍ എന്നിങ്ങനെ തരം തിരിച്ച് രണ്ടു ഭാഗങ്ങളായി ഭംഗിയായി ബയന്റ് ചെയ്താണ് എനിക്ക് തിരികെ നല്‍കിയത്. നിധി പോലെ സൂക്ഷിക്കാന്‍ ഒരു സ്മരണ കൂടി. ഇതിഹാസഭാഗങ്ങളും കാളിദാസ സാഹിത്യവും ഭാരതപര്യടനവും എല്ലാം പഠിപ്പിക്കേണ്ടി വരുമ്പോള്‍ സന്ദേഹനിവൃത്തിക്കായി ഞാന്‍ എപ്പോഴും ഹരിയേട്ടനെ ആണ് ആശ്രയിച്ചിരുന്നത്. ഇതിഹാസങ്ങള്‍ പ്രത്യേകിച്ച് മഹാഭാരതത്തെ വേണ്ടവിധം മനസ്സിലാക്കി തന്നത് ഹരിയേട്ടനാണ്. മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങളെക്കുറിച്ച് വിശിഷ്യാ ദ്രൗപദിയെ കുറിച്ച് പറയുമ്പോള്‍ ഹരിയേട്ടന്റെ സ്ത്രീപക്ഷ നിലപാട് എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്.
ഹരിയേട്ടന്റെ മഹാഭാരതഗ്രന്ഥ പരമ്പരയിലെ ചിലത് പ്രൂഫ് റീഡിങ് നടത്താനുള്ള ധന്യമായ അവസരം എനിക്ക് ലഭിച്ചുവെന്നതും ഇപ്പോള്‍ ഓര്‍ക്കുന്നു. അതിലൊന്ന് ‘മഹാഭാരതത്തിലെ ഭീഷ്മര്‍’ ആയിരുന്നു. ആ ഗ്രന്ഥത്തിന്റെ രചനാവേളയില്‍ ആയിരുന്നു ഹരിയേട്ടന്‍ രോഗബാധിതനായത്. വിവരമറിഞ്ഞ് ഞങ്ങള്‍ കാര്യാലയത്തില്‍ എത്തുമ്പോള്‍ ശയ്യാവലംബിയായ ഹരിയേട്ടനെയാണ് കാണുന്നത്. വല്ലാതെ സങ്കടപ്പെട്ടു. ഇനി എഴുത്തില്ല എന്ന് പറഞ്ഞുവെങ്കിലും ഗാണ്ഡീവധാരിയായ അര്‍ജ്ജുനനെ പോലെ ഹരിയേട്ടന്‍ തിരികെ വന്നു. രോഗത്തെ അംഗീകരിച്ചുകൊണ്ട് തന്നെ രണ്ടുവര്‍ഷക്കാലം രചനാതപസ്യയില്‍ മുഴുകി. വിവേകാനന്ദനില്‍ തുടങ്ങി പരമഹംസരില്‍ അവസാനിക്കുന്നത് ഒരു നിമിത്തം എന്ന് ഹരിയേട്ടന്‍ പറഞ്ഞത് ഓര്‍ക്കുന്നു.
ഈ കഴിഞ്ഞ ആഗസ്റ്റില്‍ മായന്നൂരിലെ തണലില്‍ ഹരിയേട്ടനൊപ്പം ഒരു ദിവസം താമസിക്കാനായി പോയിരുന്നു. രോഗം ഹരിയേട്ടന്റെ ശരീരത്തെ കീഴ്‌പ്പെടുത്തി കൊണ്ടിരിക്കുന്ന സമയം ആയിരുന്നു. എങ്കിലും ഏകദേശം രണ്ടു മണിക്കൂര്‍ സമയം ഒപ്പം ഇരിക്കാന്‍ എനിക്ക് അനുവാദം തന്നു. പതിഞ്ഞ ക്ഷീണിതമായ സ്വരത്തില്‍ ആണെങ്കിലും സംസാരിച്ചു. വീട്ടിലെ എല്ലാവരുടെയും കാര്യങ്ങള്‍ പേരെടുത്ത് ചോദിച്ചു. ‘മഹാഭാരതത്തിലെ യുധിഷ്ഠിരന്‍’ പ്രസിദ്ധീകരിച്ചതിനെ സംബന്ധിച്ച വിവരങ്ങള്‍ ഉള്ള കേസരി എടുത്ത് തന്നു. അതിലെ ചിത്രങ്ങളും മറ്റും കാണിച്ചു. പിന്നെയും ഇടയ്ക്ക് വല്ലപ്പോഴും ഫോണ്‍ ചെയ്തിരുന്നു. പിന്നെ അതും കുറഞ്ഞു കുറഞ്ഞു വന്നു. ഹരിയേട്ടന്റെ വിയോഗത്തിന് ഒരാഴ്ച മുന്‍പുള്ള ഞായറാഴ്ചയാണ് ഒടുവില്‍ കാണുന്നത്. അന്ന് പാദങ്ങളില്‍ നമസ്‌കരിച്ച് മടങ്ങി.
അവസാന കത്ത്
2021 മാര്‍ച്ച് 15 നാണ് തന്റെ അന്തിമ കത്ത് ഹരിയേട്ടന്‍ എഴുതുന്നത്. ‘മരണശേഷം തുറന്നു നോക്കി ആവുന്നതും ചെയ്യാന്‍ ശ്രമിക്കുക. അന്നുമിന്നും മമത്വം അനുഭവിക്കുന്ന എത്രയും പ്രിയപ്പെട്ട ജയന് സ്വന്തം ഹരിയേട്ടന്‍’എന്ന് കവറിന്റെ പുറത്ത് എഴുതിച്ചേര്‍ത്തിരുന്നു. എന്തിനാണ് ഇപ്പോള്‍ ഹരിയേട്ടന്‍ ഇതൊക്കെ എഴുതി കയ്യില്‍ തന്നുവിട്ടത്. ഇതൊക്കെ എത്രയോ കാലം കഴിഞ്ഞു നടക്കാന്‍ പോകുന്നതാണ് എന്നായിരുന്നു അന്ന് എന്റെ ആദ്യപ്രതികരണം. പിന്നീട് ഇക്കഴിഞ്ഞ ഒക്ടോബര്‍ 29 ന് രാവിലെ കത്ത് തുറന്നു വായിക്കാനുള്ള നിയോഗം എനിക്കാണ് ഈശ്വരന്‍ ഒരുക്കിവച്ചിരുന്നത്. സംഘത്തിന്റെ സമന്വയ ബൈഠക് തിരുവനന്തപുരത്ത് നടക്കുന്നതുകൊണ്ട് പ്രാന്തപ്രചാരകന്‍ സുദര്‍ശന്‍ജി ഉള്‍പ്പടെ മുതിര്‍ന്ന പ്രവര്‍ത്തകരെല്ലാം അവിടെയായിരുന്നു. സുദര്‍ശന്‍ജി പറഞ്ഞതനുസരിച്ച് ആ കത്ത് പൊട്ടിച്ച് വായിച്ചു. വിറയ്ക്കുന്ന കൈകളോടെ, വിങ്ങുന്ന മനസ്സോടെ കത്ത് തുറന്നു വായിക്കുമ്പോള്‍ ഉണ്ടായ മാനസികാവസ്ഥ എങ്ങനെയാണ് പറയേണ്ടത് എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. കത്തിന്റെ അവസാനത്തെ വരി ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കണ്ണീരടക്കാനും ആവുന്നില്ല. ആ കത്ത് ഒരു നിധിയായിട്ടാണ് സൂക്ഷിക്കുന്നത്.
ഇന്നിപ്പോള്‍ ഹരിയേട്ടന്‍ നമ്മോടൊപ്പം ഇല്ല എന്ന സത്യം ഉള്‍ക്കൊള്ളാന്‍ മനസ്സിനാവുന്നില്ല. ഇനിയുള്ള പ്രഭാതങ്ങളും സന്ധ്യകളും ഹരിയേട്ടന്‍ ഇല്ലാതെ എങ്ങനെ കടന്നുപോവും എന്നാലോചിച്ചു ഹൃദയം തപിക്കുന്നു. സ്‌നേഹം മാത്രം നിറഞ്ഞ ഫോണ്‍ കോളുകള്‍ക്കും സന്ദര്‍ശനങ്ങള്‍ക്കും ഇനി കാത്തിരിക്കേണ്ടതില്ലല്ലോ. ഒരു യുഗമാണ് അവസാനിക്കുന്നത്. എങ്കിലും നിര്‍മ്മലവും നിരുപമവുമായ ആ സ്‌നേഹഗംഗ അദൃശ്യസാന്നിധ്യമായി ഞങ്ങള്‍ക്കൊപ്പം ഉണ്ടാവും എന്ന് ഉറച്ചു വിശ്വസിക്കുന്നു. അതിലൂടെയാണ് ഇപ്പോള്‍ ജീവിതം മുന്നോട്ട് പോകുന്നത്.
ഹരിയേട്ടന്റെ പ്രചാരകജീവിതത്തെക്കുറിച്ചോ പാണ്ഡിത്യത്തെക്കുറിച്ചോ ഞാന്‍ പറയാന്‍ ശ്രമിക്കുന്നത് മിന്നാമിനുങ്ങ് സൂര്യനെ അളക്കാന്‍ ശ്രമിക്കുന്നത് പോലെയാണ് എന്ന് എനിക്കറിയാം. അതൊക്കെ പറയാന്‍ അര്‍ഹത ഉള്ള എത്രയോ മുതിര്‍ന്ന സംഘ പ്രവര്‍ത്തകരുണ്ട്. എങ്കിലും ഒന്നെനിക്ക് തോന്നാറുണ്ട്. സംഘപ്രവര്‍ത്തരൊക്കെ ഹരിയേട്ടനെപ്പോലെ ആവണം എന്ന്. അവസാനനാളുകള്‍ വരെ നിര്‍മ്മമതയോടെ സ്വധര്‍മം അനുഷ്ഠിച്ച കര്‍മയോഗിയും ജ്ഞാനയോഗിയും ആയ ഹരിയേട്ടന്‍. ഭഗവദ് ഗീത വിഭൂതിയോഗത്തില്‍ ഭഗവാന്റെ തേജാംശ സംഭവരായ മഹത് ജന്മങ്ങളുടെ ലക്ഷണങ്ങളെ കുറിച്ച് പറയുന്നുണ്ട്. ആ ലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടാല്‍ അത് ഞാന്‍ തന്നെയാണെന്ന് അറിയണം എന്ന് ഉദ്‌ബോധിപ്പിക്കുന്നു. അങ്ങിനെയൊരു വിഭൂതിയായിരുന്നു ഹരിയേട്ടന്‍.
(ലേഖിക എറണാകുളം ജില്ലയിലെ മുപ്പത്തടം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ അധ്യാപികയാണ്)