ന്യൂദല്‍ഹി: ഭാരതത്തിന്റെ വടക്കും തെക്കും തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കേണ്ടതിന്റെ അനിവാര്യത ഊന്നിപ്പറയുന്നതായിരുന്നു കേസരി വാരിക ന്യൂദല്‍ഹിയിലെ അശോക ഹോട്ടലില്‍ സംഘടിപ്പിച്ച ബ്രിഡ്ജിംഗ് സൗത്ത് കോണ്‍ക്ലേവ്. രാഷ്ട്രത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന ആഭ്യന്തര ഭീഷണികളെ എടുത്തുകാട്ടിക്കൊണ്ട്, ദേശീയ ഐക്യമാണ് പ്രധാനമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിനെപ്പോലുള്ള ചരിത്രപുരുഷന്മാരെ പരാമര്‍ശിച്ചുകൊണ്ട് രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തില്‍, ദക്ഷിണേന്ത്യയെ വിഭജിക്കാനുള്ള ആശയത്തിനെതിരായ പോരാട്ടത്തെ വിശദീകരിച്ചു കൊണ്ട് പ്രജ്ഞാപ്രവാഹിന്റെ ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കേസരി ചീഫ് എഡിറ്റര്‍ ഡോ. എന്‍.ആര്‍.മധു, ബാബു പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.
കേന്ദ്ര സഹമന്ത്രി ശോഭ കരന്തലെജെ, ജെഎന്‍യു വൈസ് ചാന്‍സലര്‍ ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ് തുടങ്ങിയ പ്രമുഖര്‍ അഖണ്ഡഭാരതത്തിന്റെയും സാംസ്‌കാരിക ഐക്യത്തിന്റെയും ആശയം ഊന്നിപ്പറയുന്ന സെഷനുകളില്‍ പങ്കെടുത്ത് സംസാരിച്ചു. ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി, ഓര്‍ഗനൈസര്‍ വാരിക മുഖ്യപത്രാധിപര്‍ പ്രഫുല്ല കേത്കര്‍, സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷക മോണിക്ക അറോറ തുടങ്ങിയ പ്രമുഖരും പ്രഭാഷണം നടത്തി.
സമാപന ചടങ്ങില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഭാരതീയ പാരമ്പര്യം സംരക്ഷിക്കുന്നതിന് കേരളീയര്‍ നല്‍കിയ സംഭാവന ഊന്നിപ്പറഞ്ഞു. ദേശീയ വികാരത്തില്‍ വടക്ക്-തെക്ക് എന്നിങ്ങനെയുള്ള ഭേദഭാവത്തെ നിരസിച്ച അദ്ദേഹം, സനാതന ധര്‍മ്മത്തിന്റെ സത്ത ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ വഹിച്ച പങ്ക് എടുത്തുകാട്ടി.
ഭിന്നിപ്പിക്കാന്‍ ശ്രമിച്ചാലും ഭാരതം എന്നും ഒറ്റക്കെട്ടായി തുടരുമെന്ന് കോണ്‍ക്ലേവിനെ വിശകലനം ചെയ്തുകൊണ്ട് ജെ. നന്ദകുമാര്‍ ആവര്‍ത്തിച്ചു. ശ്രീരാമന്‍ ഭാരതത്തിന്റെ വടക്കിനേയും തെക്കിനേയും സംയോജിപ്പിച്ചെങ്കില്‍ ശ്രീകൃഷ്ണന്‍ പടിഞ്ഞാറിനേയും കിഴക്കിനേയുമാണ് യോജിപ്പിച്ചത്. ഭഗവാന്‍ പരമശിവന്‍ ഭാരതത്തെ ആകമാനം യോജിപ്പിച്ചു. മറ്റ് സംസ്ഥാനങ്ങളുമായുള്ള കേരളത്തിന്റെ ദീര്‍ഘകാല സാംസ്‌കാരിക ബന്ധത്തെയും അദ്ദേഹം വിശദമാക്കി.
എഴുപത്തിയഞ്ചാം വാര്‍ഷികത്തിന് മുന്നോടിയായി കേസരി വാരിക സംഘടിപ്പിച്ച ഈ സംഗമത്തില്‍ പണ്ഡിതര്‍, അക്കാദമിക് വിദഗ്ധര്‍, മാധ്യമപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, വിശിഷ്ട വ്യക്തികള്‍ എന്നിവര്‍ പങ്കെടുത്തു. പ്രഭാഷകര്‍ക്കും പ്രതിനിധികള്‍ക്കും ഇടയില്‍ സംവാദവും സംശയ നിവാരണവും നടന്നു.