ബോം ജീസസ് ബസലിക്കായുടെ മുമ്പിലെ പച്ചപ്പുല്‍ മൈതാനവും കവാടവും കടന്ന് ഇടത്തേക്ക് നടന്നു. കുറച്ചുപോയാല്‍ ഗാന്ധിസര്‍ക്കിളാണ്. അവിടെയടുത്ത് മോനായാന്റിയുടെ റസ്റ്റോറന്റുണ്ട്. ഓള്‍ഡ് ഗോവയിലെ ഏറ്റവും രുചിയേറിയ മീന്‍മപ്പാസ് കിട്ടുന്നയിടമാണ്. എന്നെപ്പോലുള്ള ഗൈഡുകള്‍ക്ക് താങ്ങാവുന്ന വിലയും. വരുന്ന കാര്യം നേരത്തേ വിളിച്ചുപറഞ്ഞാല്‍ വീട്ടില്‍ തയ്യാറാക്കിയ ബെബനിക്കാ കൊണ്ടുവരും. അത് ആര്‍ത്തിയോടെ കഴിക്കുന്ന എന്നെ അവര്‍ നോക്കിനില്‍ക്കും. ആള് കുറവാണെങ്കില്‍ അടുത്തിരുന്ന് തലയില്‍ തലോടും. അവിടെയെങ്ങും അമ്മമണം നിറയും.
ബസലിക്കയുടെ അകത്ത് കയറാന്‍ തോന്നാറില്ല. ഗോവയിലുള്ള അസംഖ്യം പള്ളികളും ശവകുടീരങ്ങളും അമ്പലങ്ങളും തരാത്ത വികാരമാണ് ബോം ജീസസ്സ് ബസലിക്ക തരാറുള്ളത്. പുറത്തേക്ക് തള്ളുന്ന കാന്തതരംഗങ്ങള്‍. പക്ഷേ വരുന്ന ടൂറിസ്റ്റുകള്‍ ആദ്യം പറയുന്ന പേര് ബസലിക്കായുടെ തന്നെയായിരിക്കും. ജോസേയും അങ്ങനെതന്നെയായിരുന്നു.
രണ്ടുദിവസം മുമ്പേ സിന്‍ക്വേരിം ബീച്ചിന്റെയടുത്ത് റിസോര്‍ട്ടിനു വെളിയിലുള്ള ഷാക്കില്‍ ഉച്ചവെയിലില്‍ നിന്നും രക്ഷതേടി ഒരു ബിയറും കുടിച്ചിരിക്കുകയായിരുന്നു. തിരക്കൊന്നുമില്ല. ഒരാള്‍ പതിയെ തിരകളില്‍ ചവിട്ടി തീരത്തുകൂടി നടക്കുന്നു. സ്പാനിഷ് ആണെന്ന് തോന്നുന്നു. അധികം പ്രായമില്ല. എന്തോ പുറകേകൂടാന്‍ തോന്നിയില്ല. കഴിഞ്ഞ ഒരാഴ്ചയുണ്ടായിരുന്ന ശ്രീലങ്കന്‍ ഫാമിലി ഇന്നുരാവിലെ പോയതേയുള്ളൂ. തൊലിക്കറുപ്പുകണ്ട് പലരും ഉപേക്ഷിച്ചതാണ്. തന്ന ടിപ്പ് കണ്ടപ്പോള്‍ ഞെട്ടിപ്പോയി. നല്ല കനമുണ്ടായിരുന്നു. അയാള്‍ നേരെ നടന്ന് ഷാക്കിലേക്ക് കയറി അഭിവാദ്യം ചെയ്തു. മറുപടി കൊടുത്തിട്ട് മേശയുടെ പുറകിലിരുന്ന് ഉറക്കംതൂങ്ങുന്ന ബംഗാളിപ്പയ്യനെ വിളിച്ചു. അവന്‍ ഞെട്ടിയെഴുന്നേറ്റ് ഗ്ലാസ്സുകള്‍ നിരത്തി. എന്നോടുള്ള സംസാരത്തിന് തുടക്കം കുറിച്ചത് ജോസേയാണ്. ബീച്ചുകളും പഴയ വാസ്തുനിര്‍മ്മിതികളും മ്യൂസിയങ്ങളുമാണ് വിഷയമായത്. അതിലുള്ള തന്റെ അറിവുമൂലമോ അതോ ദൂദ്‌സാഗറിന്റെ അടുത്തുള്ള അധികമാരും പോകാത്ത ഹോളോകോസ്റ്റ് മ്യൂസിയത്തെപ്പറ്റി പറഞ്ഞതുകൊണ്ടാണോ എന്നറിയില്ല ഞങ്ങള്‍ പെട്ടെന്നടുത്തു. നാളെ മുതല്‍ ഒരുമിച്ച് കറങ്ങാമെന്ന് തീര്‍ച്ചയാക്കി. ജോസേ മെല്‍ബണ്‍കാരനാണ്. ഒരു ചരിത്രവിദ്യാര്‍ത്ഥി.
രണ്ടുദിവസം കഴിഞ്ഞ് ദൂരേക്കുപോകാം, അതുവരെ ബീച്ചുകളില്‍ കറങ്ങാമെന്നായിരുന്നു തീരുമാനം. അവിടെ വെറുതെ മണലില്‍ തലവച്ചുകിടക്കും. അടുത്തു ഞാനുമുണ്ടാവണം. ചര്‍ച്ചകളായിരിക്കും. ഗോവയുടെ ചരിത്രം… കടമ്പന്‍മാര്‍ക്കു ശേഷം വിജയനഗരസാമ്രാജ്യത്തിന്റെ ഭാഗമായതും പിന്നെ സുല്‍ത്താന്മാര്‍ ഭരണം പിടിച്ചതും ബീജാപ്പൂര്‍ സുല്‍ത്താനെ തോല്‍പ്പിച്ച് പോര്‍ച്ചുഗീസുകാര്‍ വന്നതും ഗോവയെ അടിമുടിമാറ്റിയ ജസ്യൂട്ട് പാതിരിമാരും എല്ലാം എല്ലാം… ടാബില്‍ എന്തെല്ലാമോ എഴുതുന്നതു കാണാം. ഇളനീര്‍ പകുതിമാറ്റി വോഡ്ക്കയൊഴിച്ച് അല്‍പ്പം നാരങ്ങയും ചേര്‍ത്ത കരിക്ക് ഇടയ്‌ക്കെല്ലാം കുടിക്കും. തീരുമ്പോള്‍ അടുത്തത്. ഞാന്‍ എഴുതി തയ്യാറാക്കിയ ഗോവന്‍ചരിത്രത്തിന്റെ കൈയെഴുത്തുപ്രതി അവനെ കാണിച്ചു. അനുവാദം വാങ്ങിയ ശേഷം താളുകള്‍ സ്‌കാന്‍ ചെയ്‌തെടുത്തപ്പോള്‍ കണ്ട അവന്റെ കണ്ണിലെ സന്തോഷം എനിക്ക് സംതൃപ്തി നല്‍കി.
‘രാഹുല്‍ നീ പറയുന്നത് ജസ്യൂട്ട് പാതിരിമാര്‍, ഫ്രാന്‍സിസ് സേവ്യര്‍ ഉള്‍പ്പെടെ നടത്തിയത് ക്രൂരതകള്‍ മാത്രമാണെന്നാണോ? ഇവിടെയുണ്ടായിരുന്ന ദുരാചാരങ്ങള്‍ക്കെതിരെയായിരുന്നില്ലേ ഗോവന്‍ ഇന്‍ക്വസിഷന്‍?’
‘ക്ഷമിക്കണം ജോസേ, ഗോവയിലെ ഹിന്ദുക്കളും ജൂതന്മാരും മുസ്ലീങ്ങളും അനുഭവിച്ചത് സമാനതകളില്ലാത്ത ക്രൂരതകളാണ്. വര്‍ഗ്ഗ ഉന്മൂലനം തന്നെയായിരുന്നു ലക്ഷ്യം. പലതും ചരിത്രത്തിലില്ല. പക്ഷേ ഇവിടുത്തെ ജനങ്ങള്‍ക്കറിയാം, ഇന്നും യഥാര്‍ത്ഥചരിത്രം പൊടിപിടിച്ച് കിടക്കുന്നുണ്ട്. ഞാന്‍ നേരത്തെ പറഞ്ഞ മ്യൂസിയംപോലെ ചിലയിടങ്ങളില്‍ ഗോവന്‍ ഹോളോകോസ്റ്റിന്റെ തെളിവുകളിന്നുമുണ്ട്’
‘കാണണം രാഹുല്‍, എനിക്ക് സത്യങ്ങള്‍ അറിയണം. ഗൂഗിളില്‍ തിരയുമ്പോള്‍ ചില തീവ്രഹിന്ദു സൈറ്റുകളാണ് പ്രധാനമായും കാണുന്നത്. അതിലെനിക്ക് വിശ്വാസമില്ല. ഏതായാലും നാളെ ഫ്രാങ്കോയെ കാണാം. മമ്മിയാക്കപ്പെട്ട ആ മുഖത്തോട് നേരിട്ടെനിക്ക് ചിലത് ചോദിക്കാനുണ്ട്. അപ്പോള്‍ നാളെ രാവിലെ ബോം ജീസസ് ബസലിക്ക. അതുകഴിഞ്ഞ് മ്യൂസിയം.’
‘ഒരു പരാജയപ്പെട്ടവന്റെ മുഖമായിരിക്കും താങ്കള്‍ക്ക് കാണാന്‍ സാധിക്കുക. അനേകരെ ചുട്ടെരിച്ചെങ്കിലും കുടുംബങ്ങള്‍ ഛിന്നഭിന്നമാക്കിയെങ്കിലും അവസാനം തോല്‍വി സമ്മതിക്കേണ്ടിവന്നു. മുസ്ലീങ്ങളും യഹൂദരുമില്ലാത്തയിടമാണ് എനിക്ക് വേണ്ടത്. കലര്‍പ്പില്ലാത്ത പേഗന്മാരെ എനിക്കു തരികയെന്നു പറഞ്ഞാണ് അദ്ദേഹം മലാക്കായിലേക്ക് യാത്രയായത്.’
റസ്റ്റോറന്റില്‍ മോനയാന്റി ഉണ്ടായിരുന്നില്ല. ആരുടേയോ ഓര്‍മ്മദിവസത്തിന് പള്ളിയില്‍ പോയതാണത്രെ. പകരം സോഫിയാണ്. മൂത്തമകള്‍. മിടുക്കി. എങ്കിലും അധികം നേരമിരുന്നില്ല. തിരിച്ച് ബസലിക്കയില്‍ ചെന്നിട്ടും ജോസേ പുറത്തെത്തിയിട്ടില്ല. പുല്‍ത്തകിടിക്കരികെയിരുന്നു. വെറുതെ മൊബൈലിലെ ഗാലറിയിലൂടെ കണ്ണോടിച്ചു. തമ്പിടി സുര്‍ളാ മ്യൂസിയത്തിലെ ഫോട്ടോകള്‍ വീണ്ടും കണ്ടു. ഇന്നലെ രാത്രിയില്‍ ഇതുകണ്ട ജോസേയുടെ മുഖം ഓര്‍മ്മവന്നു. ദേഷ്യമായിരുന്നോ? സങ്കടമായിരുന്നോ? അതോ ആകാംക്ഷയോ? ഹോളോക്കോസ്റ്റിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളായിരുന്നു ചിത്രത്തില്‍. ജൂഡാസ് ചെയറും ഹെഡ് വൈസും പിയറുകളും റാക്കും എല്ലാം. അതിലെല്ലാമുള്ള പീഡനമുറകള്‍ വിശദീകരിക്കുമ്പോള്‍ വികാരം നിയന്ത്രിക്കാന്‍ പ്രയാസപ്പെട്ടു.
പെട്ടെന്നെന്തോ ശബ്ദം കേട്ട് മൊബൈലില്‍ നിന്ന് കണ്ണുമാറ്റി ശ്രദ്ധിച്ചപ്പോളാണ് പള്ളിയില്‍ നിന്നിറങ്ങി ധൃതിയില്‍ നടന്നുവരുന്ന ജോസേയെ കണ്ടത്. പരിചിതമല്ലാത്ത ഭാവവും തിരക്കും.
‘രാഹുല്‍ .. തിരിച്ച് ഹോട്ടലിലേക്ക് പോകാം.’
‘അപ്പോള്‍ തമ്പിടി മ്യൂസിയം?’
‘മറ്റൊരിക്കലാകാം…’
തിരിച്ചുപോന്നപ്പോള്‍ ജോസേ നിശ്ശബ്ദനായിരുന്നു. ചോദ്യങ്ങള്‍ക്കുള്ള മറുപടി ഒറ്റവാക്കിലൊതുങ്ങി.
ഹോട്ടലിന് മുമ്പിലെത്തി ബൈക്കില്‍ നിന്നിറങ്ങുമ്പോള്‍ പോക്കറ്റില്‍ തിരുകിയത് പറഞ്ഞുറപ്പിച്ചതിലും കൂടുതല്‍ ഉണ്ടെന്നുതോന്നി.
‘വീണ്ടും കാണാം… ഞാന്‍ നാളെ പോകുന്നു.’
ഹോട്ടലിലേക്ക് കയറിപ്പോകുന്ന ജോസയെ നോക്കി അല്‍പ്പനേരം നിന്നു. ഗൈഡുകള്‍ക്ക് ഇതെല്ലാം പതിവാണ്. പല രീതിയിലുള്ള ആളുകള്‍. ഒരുപാട് അടുത്തു എന്നു തോന്നിക്കാതിരിക്കുകയെന്നതാണ് ആദ്യനിയമം.
മാസങ്ങള്‍ കടന്നുപോയി. ജോസേയുടെകാര്യം മറന്നു തുടങ്ങിയിരുന്നു. പക്ഷേ സ്ഥിതി മാറിയത് മാര്‍ത്തയേയും സ്റ്റീഫനേയും കണ്ടുമുട്ടിയ അന്നാണ്. ആങ്ങളയും പെങ്ങളുമാണ്. കണ്ടപ്പോള്‍ത്തന്നെ മാര്‍ത്ത എന്നെ സൂക്ഷിച്ചുനോക്കുന്നുണ്ട്. എന്നിട്ട് സ്റ്റീഫന്റെ ചെവിയിലെന്തോ പറഞ്ഞു. സ്റ്റീഫന്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി. എങ്കിലും മാര്‍ത്തയുടെ മുഖത്തെ സംശയം മാറാതെ നിന്നു. സാധാരണപോലെ ചരിത്രങ്ങളിലേക്ക് എന്റെ സംഭാഷണങ്ങള്‍ നീണ്ടപ്പോള്‍ മാര്‍ത്തയില്‍ ചിരിപരക്കുന്നതും അവള്‍ സ്റ്റീഫനെ ഏറുകണ്ണിട്ട് നോക്കുന്നതും കണ്ടു. പിന്നെയവര്‍ എന്തോ പറഞ്ഞ് തര്‍ക്കിച്ചുതുടങ്ങി. പോര്‍ച്ചുഗീസല്ല മിറന്‍ഡീസൊ മറ്റോ ആണെന്ന് തോന്നുന്നു ഭാഷ. ഒട്ടും മനസ്സിലാകുന്നില്ല. മാര്‍ത്ത പെട്ടെന്ന് ബാഗില്‍നിന്ന് ഒരു പുസ്തകമെടുത്ത് എന്റെ നേരെ നീട്ടി. അതിന്റെ കവറിലൊരു ചിത്രം. ദൈവമേ ഞാനല്ലേയിത്? വരച്ചതാണ്. പണ്ട് ജോസേ എടുത്ത ചിത്രത്തിന്റെ കോപ്പി!
മാര്‍ത്ത വാചാലയായി
‘നിന്റെ പുസ്തകമല്ലേയിത്? നാട്ടിലെ ബെസ്റ്റ് സെല്ലറാണ്. എഴുത്തുകാരന്റെ പേരുവയ്ക്കാതെ പുറത്തുവന്ന പുസ്തകം. അന്നേ ഞാന്‍ പറഞ്ഞിരിന്നു ഇന്ത്യയില്‍ ദീര്‍ഘനാള്‍ ജീവിച്ചവര്‍ക്കു മാത്രമേ ഇത്ര വിശദമായി എഴുതുവാന്‍ കഴിയുകയുള്ളൂന്ന്. സ്വന്തം രാജ്യത്തിന്റെ സംസ്‌കാരത്തെ ഇത്ര കരിവാരിത്തേക്കാനും ഒരു ഇന്ത്യക്കാരനേ കഴിയൂ.’
അവരോട് എല്ലാം പറഞ്ഞു. ജോസേയേ കണ്ടതു മുതല്‍ പെട്ടെന്നു പിരിഞ്ഞതുവരെ.
അവര്‍ പിന്നേയും എന്തെല്ലാമോ തമ്മില്‍ സംസാരിച്ചു.
‘നീ പറ്റിക്കപ്പെട്ടിരിക്കുന്നു. നീ പറഞ്ഞ സംഭവങ്ങള്‍ ഒരു കഥയാക്കി മാറ്റിയിരിക്കുകയാണ്. ചരിത്രവും യാഥാര്‍ത്ഥ്യവും ഇടകലര്‍ത്തിയെഴുതിയ ഒരു ക്രൈം ത്രില്ലര്‍. പക്ഷേ ഇതില്‍ എല്ലാ തെറ്റുകളും ചെയ്തവര്‍ നിങ്ങളാണ്. അപരിഷ്‌കൃതരായ നിങ്ങളെ സഹായിക്കുക മാത്രമാണ് പുറത്തുനിന്നും വന്നവര്‍ ചെയ്തത്. തലമുറകള്‍ കഴിഞ്ഞിട്ടും പ്രതികാരവുമായി നടക്കുന്ന ഒരു സീരിയല്‍ കില്ലറായിട്ടാണ് നീ ഇതില്‍. പോര്‍ച്ചുഗീസ് സ്പാനീഷ് വംശജരെ തിരഞ്ഞു പിടിച്ചു വധിക്കുന്ന ഗോവന്‍ഗൈഡ്. അതുപോലെ ഗോവന്‍ ഇന്‍ക്വിസിഷന്‍ കാലഘട്ടത്തിന്റെ ആവശ്യമായിരുന്നുവെന്നും വരുത്തിതീര്‍ത്തിട്ടുണ്ട്. പോര്‍ച്ചുഗലിലെ തീവ്രവലതുപക്ഷ യാഥാസ്ഥിതികരുടെ ജിഹ്വായാണീ പുസ്തകമിപ്പോള്‍. നേരിട്ടനുഭവിച്ചപോലുള്ള എഴുത്തുരീതികൊണ്ട് വിമര്‍ശകരുടേയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.’
എല്ലാം കേട്ട് തല ചെകിടിച്ചു. പുസ്തകത്തിന്റെ പല ഭാഗങ്ങളും മാര്‍ത്തയും സ്റ്റീഫനും കൂടെ ഇംഗ്ലീഷില്‍ പറഞ്ഞുതന്നു. ഇതിന്റെ പരിഭാഷ കിട്ടിയാലുടന്‍ അയക്കാമെന്ന് പറഞ്ഞാണ് തിരിച്ചുപോയത്. അതോടൊപ്പം മറ്റൊന്നുകൂടി പറഞ്ഞു. ജോസേയെന്നു പേരുള്ള എഴുത്തുകാര്‍ ആരും തന്നെ ആ നാട്ടിലില്ല.
അസാധാരണമായ കാര്യങ്ങളാണ് ജീവിതത്തില്‍ സംഭവിക്കുന്നത്. ചിന്തക്കും അപ്പുറമാണ് മനുഷ്യമനസ്സ്. സ്വന്തം ഗ്രാമമായ ഡോന്‍ഗുര്‍ലിയില്‍ പോകണമെന്ന് തോന്നി. അവിടെയാരുമില്ല. അമ്മ മരിച്ചു, അച്ഛന്‍ വേറെ വിവാഹം ചെയ്തപ്പോള്‍ പോന്നതാണ്. തിരിച്ചു വിളിച്ച് അച്ഛന്‍ പറഞ്ഞത് ഒന്നുമാത്രം. ഇനിയിങ്ങോട്ട് വരരുതെന്ന്. ബൈക്കെടുത്ത് പുറപ്പെട്ടു. ഡോന്‍ഗുര്‍ലിയിലെ വയലുകളും കുളങ്ങളും കാടും തനിക്കുവേണ്ടി കാത്തിരിക്കുന്നുണ്ടാവും.
മൂന്ന് ദിവസം കഴിഞ്ഞു തിരിച്ചെത്താന്‍. ബൈക്ക് നിര്‍ത്തിയിറങ്ങി റൂമിലേക്ക് നടക്കുമ്പോള്‍ അടുത്തവീട്ടിലെ കുട്ടി ഓടിവന്ന് ഒരു കത്തു തന്നു. വായിച്ചു… കത്ത് കയ്യിലിരുന്ന് വിറച്ചു. തിരികെ ബൈക്കില്‍ സിന്‍ക്വേരിലേക്ക് കുതിക്കുമ്പോള്‍ എന്താ ചെയ്യേണ്ടതെന്ന ചിന്തയുണ്ടായിരുന്നില്ല. പഴയപോലെ ബീച്ചില്‍ കിടക്കുന്നുണ്ട് ജോസേ. സമീപത്ത് കരിക്കും. ചെന്ന് കരിക്ക് തട്ടി ദൂരേക്ക് തെറിപ്പിച്ചു. ഷര്‍ട്ടില്‍ പിടിച്ച് എഴുന്നേല്‍പ്പിച്ചു. ഞാന്‍ അലറി വിളിക്കുകയായിരുന്നു. സമീപത്തുള്ള ടൂറിസ്റ്റ് പോലീസ് അടുത്തേക്ക് വന്നപ്പോള്‍ ജോസേ തടഞ്ഞു. കരഞ്ഞിരിക്കുന്ന എന്നെയും നിര്‍ബന്ധിച്ച് റിസോര്‍ട്ടിലെ റൂമിലേക്ക് കൊണ്ടുപോയി. അവിടെച്ചെന്ന് ബാഗില്‍ നിന്ന് ചില പേപ്പറുകള്‍ പുറത്തെടുത്തു. ടാബ് മോഷണം പോയതിന്റെ എഫ്‌ഐആര്‍, പ്രസാധകര്‍ക്കെതിരെ പകര്‍പ്പവകാശ ലംഘനത്തിനുള്ള വക്കീല്‍നോട്ടീസ്… അങ്ങനെ പലതും. ക്യാന്‍സര്‍ ബാധിതനായിരുന്ന ജോസേയുടെ പിതാവ് മരിച്ചതിനെത്തുടര്‍ന്നായിരുന്നു പെട്ടെന്നുള്ള മടക്കം. യാത്രയില്‍ ബാഗ് നഷ്ടപ്പെട്ടു. സന്തതസഹചാരിയായ ടാബും. കുറിപ്പുകള്‍, ചിത്രങ്ങള്‍ എല്ലാം അതിനകത്തായിരുന്നു. കുറച്ചുനാള്‍ കഴിഞ്ഞ് അത് മറ്റൊരു രൂപത്തില്‍ പുറത്തുവന്നതിനുശേഷം നിയമയുദ്ധം തുടങ്ങി. തെളിവുകളുടെ അഭാവത്തില്‍ വിജയിക്കുമെന്നുറപ്പില്ല. പക്ഷേ ചെയ്യാന്‍ കഴിയുന്നതൊന്നുണ്ട്. പേപ്പര്‍ പൂര്‍ത്തിയാക്കി തീസീസ് സമര്‍പ്പിക്കണം. പിന്നെ എനിക്ക് അഭിമാനത്തോടെ മുന്നോട്ടുപോകാം. പോപ്പിന്റെ ക്ഷമയാണ് എന്റെ ലക്ഷ്യം. നീ കൂടെനില്‍ക്കില്ലേയെന്ന അവന്റെ ചോദ്യത്തിനുമുമ്പില്‍ ഞാനെല്ലാം മറന്നു. തെറ്റിദ്ധരിച്ചതില്‍ മാപ്പ് പറഞ്ഞു.
പിറ്റേന്ന് നേരംപുലരുന്നതിന് മുമ്പുതന്നെ മ്യൂസിയത്തിലേക്ക് പുറപ്പെട്ടു. തീരെ ആള്‍പ്പാര്‍പ്പുകുറഞ്ഞ സ്ഥലമാണത്. ഇടയ്ക്കു നിര്‍ത്തി ഭക്ഷണവും മറ്റും മേടിച്ചു. പ്രൈവറ്റ് മ്യൂസിയമാണ്. നോക്കാന്‍ ഇപ്പോളാരുമില്ല. ഒരു വയസ്സന്‍ സെക്യൂരിറ്റിയുണ്ട്. വല്ലപ്പോഴും വരുന്നവര്‍ കൊടുക്കുന്നതും വാങ്ങി അയാള്‍ ജീവിക്കുന്നു. ചെന്നപ്പോഴേ ഒരുകുപ്പി ഫെനി അയാള്‍ക്ക് കൊടുത്തു. അതയാള്‍ മൂടി കളഞ്ഞ് വായിലേക്ക് കമഴ്ത്തുന്ന ഗ്ലും ഗ്ലും ശബ്ദം കേട്ടുകൊണ്ട് അകത്തേക്കു കയറി. പൊടിനിറഞ്ഞ മുറികള്‍. പേരുകളെഴുതിയ ബോര്‍ഡുകള്‍ പലതും മങ്ങിത്തുടങ്ങി. നിസ്സഹായരായ മനുഷ്യരെ പീഡിപ്പിച്ചു കൊല്ലുന്നതിന് ഉപയോഗിച്ചിരുന്ന പലവിധ ഉപകരണങ്ങള്‍. സ്വോവിങ്ങിലെ ചങ്ങലകള്‍ തൂങ്ങിക്കിടക്കുന്നു. നെടുകെ അറക്കുമ്പോള്‍ വീഴുന്നചോര താഴെ കെട്ടിനില്‍ക്കുന്നതു പോലെ… റാക്കില്‍ സന്ധികള്‍ വേര്‍പെട്ട ശരീരം തുള്ളിവിറക്കുന്നതു പോലെ … പിയറിന്റെഅഗ്രം നിറഞ്ഞുപൊട്ടുന്ന ശ്വാസകോശത്തിന്റെ അവസാനനിശ്വാസം അവിടെല്ലാം പടരുന്നതുപോലെ….
‘എവിടെ കാള?’
‘കാളയല്ല പശു’ ജോസേയെ ഞാന്‍ ലോഹപ്പശുവിന്റെ മുറിയിലേക്ക് നയിച്ചു. ചെമ്പില്‍തീര്‍ത്ത പശുരൂപം. അകം പൊള്ള. അകത്ത് ഒരാള്‍ കഷ്ടിച്ചിരിക്കും. കയറ്റിയിരുത്തി അടച്ചശേഷം ചുറ്റും തീയിടും. ചുട്ടുപൊള്ളുന്ന ലോഹത്തിനകത്തിരുന്നുള്ള സാവധാനമരണം. ലോകത്തുള്ള ഏറ്റവും വേദനനിറഞ്ഞ മരണം.
‘ഞാനൊന്നു കയറട്ടേ?’
ജോസേ പതിയെ നൂണ്ടുകയറാന്‍ ശ്രമിച്ചു. സാധിച്ചില്ല.
‘അതിനകത്ത് അടക്കുമ്പോള്‍ സംഭവിക്കുന്ന വേദന എനിക്കറിയണം. ആ നിസ്സഹായാവസ്ഥ അനുഭവിക്കണം.’
ജോസേ പിന്നേയും ശ്രമിച്ചു. ഉയരം കൂടിയ അവന്റെ ശരീരം അതിലുള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല.
‘രാഹുല്‍ നീയൊന്ന് ശ്രമിക്ക്’
ലോഹപ്പശുവിന്റെ ഉള്‍വശത്ത് ചെറിയ ക്യാമറകള്‍ ഘടിപ്പിച്ച ശേഷം അവന്‍ എന്നോടായി പറഞ്ഞു.
എനിക്ക് സുഖമായി കയറാന്‍ പറ്റി. വാതില്‍ അടക്കാനും തുറക്കാനുമുള്ള ലിവറുകള്‍ ജോസേയേ പഠിപ്പിച്ചശേഷം ഞാന്‍ അകത്തു കയറി. വാതിലുകള്‍ അടഞ്ഞു. നിശ്ശബ്ദം.. അകലേ നിന്നെ പോലെ ജോസേയുടെ ശബ്ദം കേള്‍ക്കാം. ഇരുട്ടില്‍ ക്യാമറകളുടെ ലേസര്‍ബീമുകള്‍ മാത്രം. കുറച്ചുകഴിഞ്ഞ് എനിക്ക് ശ്വാസംമുട്ടിത്തുടങ്ങി. ജോസേ തുറക്ക്… പുറത്ത് ശബ്ദമെന്നും കേള്‍ക്കാത്തപ്പോള്‍ ഞാനലറി. കൈകളും കാലും ഒന്നുമനങ്ങാന്‍ പറ്റാത്തവിധമാണ് നിര്‍മ്മാണം. ഞാന്‍ വിയര്‍ത്തുതുടങ്ങി. ഒച്ചവച്ച് തൊണ്ടയടഞ്ഞു. പെട്ടെന്ന് പുറത്തെന്തോ ശബ്ദം കേട്ടപ്പോള്‍ പിന്നെയും അലറി… ചൂട് നിറയുന്നോ? പുറത്ത് തീ പടരുന്നതുപോലെ.. തുണി കരിയുന്ന മണം… രോമങ്ങളുരുകുന്നു. തൊലി പൊള്ളിയടരുന്നു. മാംസങ്ങളിലേക്ക് പൊള്ളല്‍ പടരുന്നു….. പിന്നെ…
ജോസേ പുറത്തേക്ക് നടന്നു. ഹോട്ടലിലെത്തി തന്റെ ടാബ് തുറന്നു. വര്‍ഷങ്ങളായുള്ള അന്വേഷണം ഇന്നവസാനിച്ചിരിക്കുന്നു. ലോകം മുഴുവന്‍ തേടുന്ന സീരിയല്‍ കില്ലര്‍ അവനര്‍ഹിച്ച മരണം കൊടുക്കുവാന്‍ കഴിഞ്ഞെന്ന തൃപ്തിയോടെ തനിക്കു മടങ്ങാം. കള്ളങ്ങളുടെ കൂടാരമായ ആ പഴയ മ്യൂസിയവും അതിന്റെ ഭ്രാന്തനായ ഓണറും അവനോടൊപ്പം വെണ്ണീറാകുന്നു. തിരിച്ചുചെന്ന് പ്രിയതമയുടെ കല്ലറക്കുമുമ്പില്‍ കുറച്ചുനേരം കണ്ണടച്ചു നില്‍ക്കണം.
നിര്‍ത്തുന്നു…
ഗോവന്‍ ഗൈഡ് (അവസാന ഭാഗം)
ദിവസങ്ങള്‍ക്കുശേഷം ഒരു പാഴ്‌സല്‍ രാഹുലിനെ തേടിവന്നു. മെയില്‍ ബോക്‌സില്‍ അനാഥമായി ഉപേക്ഷിച്ച അതിനകത്ത് ‘ഗോവന്‍ ഗൈഡ് (ഒന്നാം ഭാഗം) എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായിരുന്നു.