2023 നവംബര്‍ 29 ഭാരതത്തിന്റെ വടക്കു കിഴക്കന്‍ അതിര്‍ത്തിയായ മണിപ്പൂര്‍ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ചരിത്ര നിമിഷമാണ്. 1964 നവംബര്‍ 24 ന് മെയ്‌തെയികള്‍ക്ക് ഭാരതത്തില്‍ നിന്നും വേറിട്ട് ഒരു സ്വതന്ത്ര രാജ്യം വേണമെന്ന ആവശ്യവുമായി സ്ഥാപിക്കപ്പെട്ട യുനൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ കമാന്‍ഡര്‍മാര്‍ അടക്കമുള്ള 25 നേതാക്കള്‍ യു.എന്‍.ഏല്‍.എഫ് സംഘടന സ്ഥാപിക്കപ്പെട്ട് 60 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ആയുധം ഉപേക്ഷിച്ചു ഭാരതത്തിന്റെ മുഖ്യധാരാ ജീവിതത്തില്‍ ജനാധിപത്യപരമായി ലയിച്ചു ചേരുമ്പോള്‍ സമാധാനം കടന്നുവരുന്നത് ഒരു പ്രവിശ്യ മുഴുവനുമാണ്. കഴിഞ്ഞ 60 വര്‍ഷങ്ങളായി മണിപ്പൂരില്‍ രക്തപ്പുഴയൊഴുക്കിയിരുന്ന ഏറ്റവും പഴക്കം ചെന്ന വിഘടനവാദി ഭീകരവാദി സംഘടനയായ യു.എന്‍.എല്‍.എഫ്, കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈ എടുത്തു വടക്കു കിഴക്കന്‍ മേഖലയില്‍ നടത്തിവരുന്ന സമാധാന ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മണിപ്പൂര്‍ സര്‍ക്കാരിന്റെ സമാധാന കരാറില്‍ ഒപ്പിട്ട് ആയുധം താഴെവച്ചു സമാധാന ശ്രമങ്ങളില്‍ പങ്കാളികളാകുമ്പോള്‍ നിലയ്ക്കുന്നത് കഴിഞ്ഞ 60 വര്‍ഷങ്ങളായി നിലയ്ക്കാത്ത വെടിയൊച്ചകളാണ്.
സാധാരണ ജീവിതം അന്യമായ മണിപ്പൂര്‍ താഴ്‌വരകളില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി നടത്തിക്കൊണ്ടിരുന്ന തുടര്‍ച്ചയായ ശ്രമങ്ങളുടെ ഫലമാണ് ഈ സമാധാന കരാര്‍. മണിപ്പൂരിലെ ഒരിക്കലും ആര്‍ക്കുമുന്നിലും വഴങ്ങാത്ത കടുത്ത ഭീകരവാദികളായ സംഘടനയാണ് യു.എന്‍.എല്‍.എഫ്. ഏറ്റവും ശക്തരായ യു.എന്‍.എല്‍.എഫ് തന്നെ ആയുധം വച്ച് സമാധാന ശ്രമങ്ങളില്‍ പങ്കാളികളാകുന്നത് മറ്റു ഭീകരസംഘടനകള്‍ക്കും സമാധാനശ്രമങ്ങളില്‍ പങ്കാളികളാകാന്‍ പ്രേരണ നല്‍കും.
ഭീകരവാദികളാണെങ്കിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിഘടനവാദികള്‍ ഭാരതത്തിന്റെ തന്നെ പൗരന്മാരാണെന്നും അതുകൊണ്ടുതന്നെ വടക്കു കിഴക്കന്‍ മേഖലയിലെ ഭീകരവാദം ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമര്‍ത്തുന്നതിനേക്കാള്‍ നല്ലത് അവരോട് അനുഭാവപൂര്‍വ്വമുള്ള സമീപനം സ്വീകരിച്ചുകൊണ്ട് അവരെ മുഖ്യധാരയില്‍ കൊണ്ടുവന്നു ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാക്കുകയാണ് വേണ്ടതെന്നുള്ള കേന്ദ്ര സര്‍ക്കാരിന്റെ ദീര്‍ഘദര്‍ശിത്വം വിജയം കണ്ടതിന്റെ ഉദാഹരണങ്ങളിലൊന്നാണ് ഈ സമാധാന കരാര്‍.
യു.എന്‍.എല്‍.എഫിന്റെ ഒരു വിഭാഗം സമാധാന കരാറിനെ അനുകൂലിക്കാതെ സമാധാനകരാര്‍ മരണക്കെണിയാണ് എന്ന് സംശയ ദൃഷ്ടിയോടെ വീക്ഷിച്ചു മാറി നില്‍ക്കുന്നുണ്ടെങ്കിലും അവരുടെ മനസ്സിലെ സംശയങ്ങള്‍ ദുരീകരിക്കുന്നതോടെ അവരും ആയുധം ഉപേക്ഷിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
മണിപ്പൂര്‍ സംസ്ഥാനത്തിന്റെ വികസനത്തിന് തടസ്സമായി നില്‍ക്കുന്നത് ഭീകരവാദമായിരുന്നു. സുരക്ഷയുടെയും, ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ നഷ്ടപരിഹാരത്തിന്റെയും പേരില്‍ കോടികളാണ് മണിപ്പൂരിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചെലവഴിച്ചു കൊണ്ടിരുന്നത്. മാത്രമല്ല സ്ഥിരമായ ഭീകരാക്രമണങ്ങളും, സംഘര്‍ഷങ്ങളും കാരണം മണിപ്പൂരില്‍ വ്യാപാര വാണിജ്യ വ്യവസായ മേഖല ഒരിക്കലും ശക്തി പ്രാപിച്ചിരുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ ധനസഹായങ്ങളും, പ്രത്യേക പാക്കേജുകളും കൊണ്ട് മാത്രം നിലനിന്നു പോയിരുന്ന മണിപ്പൂര്‍ ഇനി സ്വതന്ത്രമായി ഭയഭീതികളില്ലാതെ സ്വന്തം കാലില്‍ നിന്നുകൊണ്ട് വികസനത്തില്‍ മുന്നോട്ട് കുതിക്കാന്‍ ഈയൊരു സമാധാന കരാര്‍ ഉപകരിക്കും.
കൗമാരം മുതല്‍ ഭീകരവാദ സംഘടനകളില്‍ അംഗങ്ങളായി കാട്ടിനകത്ത് മരണഭയവുമായി കഴിഞ്ഞിരുന്ന ഭീകരവാദികള്‍ക്ക് സാധാരണ ജനജീവിതം എങ്ങനെയാണ് എന്നുള്ളത് ഒരിക്കലും അനുഭവിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. സ്വന്തം കുടുംബങ്ങളെയും, കൂട്ടുകാരെയും പിരിഞ്ഞു വര്‍ഷങ്ങളായി കാട്ടിനകത്തു ടെന്റു കെട്ടി താമസിച്ചു സാധാരണക്കാരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടും, പട്ടാളക്കാരെ ആക്രമിച്ചും, സാധാരണക്കാരെ കൊലപ്പെടുത്തിയും നാളുകള്‍ കഴിച്ചു വന്നിരുന്ന യുവാക്കളായ ഭീകരവാദികള്‍ സ്വതന്ത്രമായ ജനജീവിതം അനുഭവിച്ചറിഞ്ഞാല്‍ ഒരിക്കലും പിന്നീട് ഭീകരവാദത്തിലേയ്ക്ക് തിരികെപോകില്ല. മാത്രമല്ല സര്‍ക്കാര്‍ ഈ ഭീകരവാദികളുടെ പുനരധിവാസത്തിനായി വിവിധ തൊഴില്‍ പരിശീലന സംരംഭകത്വ വികസന പാക്കേജുകളും നടപ്പാക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഒരിക്കല്‍ കാടിറങ്ങി വന്നു സ്വതന്ത്രമായ സാമൂഹിക ജീവിതം അനുഭവിച്ചറിഞ്ഞാല്‍ പിന്നീട് ഒരിക്കലും ഈ യുവാക്കള്‍ രക്തച്ചൊരിച്ചിലിന്റെ മാര്‍ഗ്ഗത്തിലേയ്ക്ക് മടങ്ങിപ്പോകില്ല.
കേന്ദ്രസര്‍ക്കാര്‍ ഭീകരവാദികളെ സായുധബലവും, സമ്മര്‍ദ്ദ തന്ത്രങ്ങളും ഉപയോഗിച്ച് കീഴടക്കി അവരെ മെരുക്കുന്നതിനു പകരം അവരോട് അനുഭാവപൂര്‍ണമായ ഒരു സമീപനം കൈക്കൊണ്ട്, അവര്‍ക്ക് പൊതു ജീവിതത്തില്‍ ഇഴുകി ചേരാനുള്ള അവസരം ഒരുക്കുകയാണ് ഈ സമാധാന കരാറിലൂടെ ചെയ്തിരിക്കുന്നത്. സാംസ്‌കാരികമായി ഉയര്‍ന്ന നിലയിലുള്ള ഒരു പരിഷ്‌കൃത സമൂഹത്തില്‍ സാമൂഹിക ജീവിതം എന്ത് എന്നറിയാത്ത ഭീകരവാദികള്‍ ഒരിക്കല്‍ സ്വതന്ത്രമായ ജീവിതത്തിന്റെ സുഖം അറിഞ്ഞാല്‍ പിന്നെ ഒരിക്കലും തീവ്രവാദത്തെക്കുറിച്ച് ചിന്തിക്കുകയോ, ഭീകരവാദത്തിലേയ്ക്ക് തിരിയുകയോ ചെയ്യില്ല. അവര്‍ക്ക് അതിനുള്ള ഒരു അന്തരീക്ഷം ഒരുക്കി കൊടുത്തതിലാണ് കേന്ദ്ര സര്‍ക്കാരിന്റെ വിജയം. കേന്ദ്രസര്‍ക്കാരിന്റെ അനുഭാവപൂര്‍ണമായ നയമാണ് ഇത്തരത്തിലൊരു സമാധാന സന്ധി ഒപ്പിടാന്‍ അവരെ പ്രേരിപ്പിച്ചത്.
കേന്ദ്രത്തില്‍ ഭരണം ഏറ്റെടുത്ത നാള്‍ മുതല്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നയമായിരുന്നു അഷ്ടലക്ഷ്മിമാരുടെ വികസനം. മുമ്പ് സപ്തസഹോദരിമാര്‍ എന്നറിയപ്പെട്ടിരുന്ന ഏഴു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ സിക്കിമിനെയും ചേര്‍ത്തു അഷ്ടലക്ഷ്മിമാര്‍ എന്ന് ആദ്യമായി വിളിച്ചത് പ്രധാനമന്ത്രി മോദിയാണ്. ഭാരതത്തിന്റെ മൊത്ത ആഭ്യന്തര ഉല്പാദനത്തില്‍ ഏറ്റവും കൂടുതല്‍ സംഭവന ചെയ്യാന്‍ ശേഷിയുള്ള മേഖലയാണ് വടക്കു കിഴക്കന്‍ മേഖല. എന്നാല്‍ 1947 മുതല്‍ ഭരണത്തില്‍ വന്ന മുന്‍ കേന്ദ്ര സര്‍ക്കാരുകളുടെ വികലമായ നയങ്ങള്‍ വടക്കു കിഴക്കന്‍ ജനതയെ മുഖ്യധാരയില്‍നിന്നും അകറ്റി. വടക്കുകിഴക്കന്‍ ജനതയോട് കുറച്ചെങ്കിലും അനുഭാവപൂര്‍വ്വമായ ഒരു സമീപനം ഉണ്ടായത് മുമ്പ് വാജ്പേയി ഭരണകാലത്തു മാത്രമാണ്. ”ഇന്ത്യന്‍ ഡോഗ്‌സ് ഗോ ബാക്ക്” എന്ന് മുദ്രാവാക്യം വിളിപ്പിക്കുന്ന തരത്തിലേക്ക് വടക്കുകിഴക്കന്‍ ജനതയുടെ മനസ്സില്‍ ഇന്ത്യാ വിരോധം വളരാന്‍ വികലമായ നയങ്ങളോടെ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാരുകളാണ് പ്രധാന ഉത്തരവാദികള്‍.
എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ആ സ്ഥിതി മാറി. മണിപ്പൂരിലെ ദുര്‍ഘടമായ ഗ്രാമഗ്രാമാന്തരങ്ങളില്‍പ്പോലും വെള്ളമായും, വെളിച്ചമായും, റോഡായും, വൈദ്യുതിയായും, സ്‌കൂളുകളായും, കോളേജുകളായും, യുവാക്കള്‍ക്ക് യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലിയായും വികസനമെത്തി. ഇന്ന് മുമ്പ് ഒരിക്കലും ഇല്ലാത്ത തരത്തില്‍ മണിപ്പൂര്‍ ഇന്ന് വികസനത്തിന്റെ പാതയിലാണ്. ഒരു തരിയെങ്കിലും ഭീകരവാദം മണിപ്പൂരിന്റെ മണ്ണില്‍ അവശേഷിച്ചാല്‍ അത് മണിപ്പൂരിന്റെ മാത്രമല്ല വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ആകമാനമുള്ള വികസനത്തെ ബാധിക്കുമെന്ന് അറിയുന്നതുകൊണ്ട് ഭീകരവാദികളെയല്ല ഭീകരവാദത്തെയാണ് ഇല്ലാതാക്കേണ്ടത് എന്നുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തിന്റെ ഈ വിജയം ഭാവിയില്‍ സമാധാന കരാറില്‍ ഒപ്പിടാന്‍ മടിച്ചു മാറിനില്‍ക്കുന്ന മറ്റു ചെറു സായുധ ഗ്രൂപ്പുകളെയും മുഖ്യധാരയിലെത്തിക്കാന്‍ പ്രേരിപ്പിക്കും. അത് വടക്കു കിഴക്കന്‍ മേഖലയിലെ അഷ്ടലക്ഷ്മിമാരെ മാത്രമല്ല ഭാരതത്തെ ആകമാനം സമാധാനത്തിലേയ്ക്ക് നയിക്കും. ഭീകരവാദത്തിന്റെയും, രക്തച്ചൊരിച്ചിലിന്റെയും കഥകള്‍ പേറുന്ന മണിപ്പൂരിന്റെ ചരിത്രത്തില്‍ സമാധാനത്തിന്റെയും, പ്രത്യാശയുടെയും ഒരു പുതിയ അധ്യായത്തിന്റെ തുടക്കമാണ് 2023 നവംബര്‍ 29 ന് ഒപ്പിട്ട സമാധാന കരാര്‍. ഈ കരാറിലൂടെ മണിപ്പൂരിന്റെ ചരിത്രം തന്നെ മോദി സര്‍ക്കാര്‍ തിരുത്തിക്കുറിക്കുമെന്ന് പ്രത്യാശിക്കാം.