ചാലക്കുടി: രാഷ്ട്ര സേവികാ സമിതി പ്രാന്തീയ ശിബിരം മെയ് 22ന് സമാപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രവേശ്, പ്രബോധ് ശിബിരം ചാലക്കുടി വിദ്യാനികേതന്‍ സ്‌കൂളില്‍ മെയ് 7 മുതലാണ് ആരംഭിച്ചത്.
മെയ് 21ന് പഥസഞ്ചലനത്തിന് ശേഷം നടന്ന പൊതുചടങ്ങില്‍ സേവികമാരുടെ യോഗ, കായിക പരിപാടികളും ഉണ്ടായിരുന്നു. സമാപന സമ്മേളനത്തില്‍ രാഷ്ട്ര സേവികാ സമിതി പ്രമുഖ സഞ്ചാലിക ശാന്ത അക്ക മുഖ്യപ്രഭാഷണം നടത്തി. സേവികാസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ വനിതകളില്‍ ബൗദ്ധികവും ശാരീരികവുമായ ഉന്നമനം സാധ്യമാക്കുന്നതാണെന്ന് ശാന്ത അക്ക പറഞ്ഞു. ദൈനംദിന ശാഖാ പ്രവര്‍ത്തനത്തിലൂടെ ത്യാഗവും സേവനവും മനസ്സിലേക്ക് കടന്നുവരും. ഇത്തരം ചിന്തകള്‍ സമൂഹത്തിന് ഗുണകരമാവുംവിധം വിനിയോഗിക്കാന്‍ സേവികാസമിതി പ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നുണ്ട്. അതുകൊണ്ടാണ് പ്രളയ ബാധിത പ്രദേശങ്ങളില്‍ നിസ്വാര്‍ത്ഥമായി സേവനപ്രവര്‍ത്തനം നടത്താന്‍ സേവികാസമിതി പ്രവര്‍ത്തകര്‍ക്ക് സാധിച്ചത്. തീവ്രവാദം കൊടികുത്തി വാഴുന്ന നാഗാലാന്റ് പോലുള്ള സംസ്ഥാനങ്ങളില്‍ വനിതകള്‍ക്കിടയില്‍ ദേശാഭിമാനം സൃഷ്ടിക്കാനും ദേശീയധാരയിലേക്ക് അവരെ കൊണ്ടുവരാനും സേവികാ സമിതിക്ക് സാധിച്ചിട്ടുണ്ട് – അവര്‍ പറഞ്ഞു.
ചടങ്ങില്‍ സന്ധ്യ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ഉഷാവര്‍മ്മ, ശിബിര കാര്യവാഹിക മഞ്ജുള എന്നിവരും സംബന്ധിച്ചു.