ഓരോ രാഷ്ട്രത്തിന്റെയും ഫാലസ്തടത്തില്‍ ഈശ്വരന്‍ ഓരോ വരിയെഴുതിയിട്ടുണ്ടെന്നും ഇത് അവയുടെ ദൗത്യമാണെന്നും ആ ദൗത്യം സാധൂകരിക്കാതെ രാഷ്ട്രങ്ങള്‍ ചരിത്രത്തിന്റെ) തിരശ്ശീലക്കു പിന്നിലേക്ക് തിരോധാനം ചെയ്യുകയില്ലെന്നും ഇറ്റലിയുടെ ഭാവിദാര്‍ശനികനായ ജോസഫ് മസ്സീനി അഭിപ്രായപ്പെടുന്നു. എന്താണ് ഈശ്വരദത്തമായ ഈ രാഷ്ട്രദൗത്യം എന്നതിനെപ്പറ്റി ഭാരതത്തിന്റെ രാഷ്ട്രദാര്‍ശനികനും മസ്സീനിയുടെ ആരാധകനുമായ മഹര്‍ഷി അരവിന്ദഘോഷ് തന്റെ ചരിത്ര പഠനത്തില്‍ വിശകലനം ചെയ്തിട്ടുണ്ട്. ഇതിനദ്ദേഹം പാത്രമാക്കിയത് വിശ്വസംസ്‌കൃതികളെയാണ്. ഭാരതത്തെപ്പോലെയുള്ള ഏതാനും രാഷ്ട്രങ്ങളൊഴിച്ചാല്‍ പ്രാചീന സംസ്‌കൃതികളൊക്കെത്തന്നെ ജീവിതത്തോട് ഭാഗികമായ സമീപനമാണു പുലര്‍ത്തിപ്പോന്നതെന്ന് മഹര്‍ഷി അരവിന്ദന്‍ പറയുന്നു. ഓരോ ഭൂവിഭാഗത്തിലേയും ജനതയുടെ സ്വഭാവമനുസരിച്ച് അവിടങ്ങളിലെ സംസ്‌കൃതികളിലും വ്യത്യാസങ്ങളുണ്ടാവുന്നു.
ഈ ചരിത്രസത്യത്തെ ഉദാഹരിക്കുവാന്‍ അദ്ദേഹം രണ്ടു പുരാതന സംസ്‌കൃതികളായ ഗ്രീസിനെയും റോമിനെയും പഠനവിധേയമാക്കി. പൗരാണിക ഗ്രീസിന്റേത് സൗന്ദര്യസംസ്‌കൃതിയായിരുന്നു (Aesthetic Culture). സൗന്ദര്യാവബോധത്തിനു മാത്രമായിരുന്നു ഗ്രീസ് പ്രാമുഖ്യം നല്‍കിയിരുന്നത്. ശരീരം ബലിഷ്ഠമായില്ലെങ്കില്‍പ്പോലും സുന്ദരമായിരിക്കണമെന്ന് നിര്‍ബന്ധമായിരുന്നു. സൗന്ദര്യാസ്വാദനത്തെ അവര്‍ ജീവിതലക്ഷ്യമാക്കി മാറ്റി. എന്നാല്‍ നിത്യാനന്ദദാതാവായ ഈ സൗന്ദര്യത്തെ സക്ഷാത്ക്കരിക്കാനുള്ള മാര്‍ഗ്ഗത്തിനെയോ നിഷ്ഠകളെപ്പറ്റിയോ അവര്‍ ചിന്തിച്ചിരുന്നില്ല. ലക്ഷ്യമുണ്ടായിരുന്നു. പക്ഷെ പന്ഥാവില്ലായിരുന്നു.
പുരാതന റോമിന്റെ സംസ്‌കൃതി ഗ്രീസിന്റേതില്‍ നിന്നും തികച്ചും വിഭിന്നവും വിപരീതവുമായിരുന്നുവെന്നാണ് മഹര്‍ഷി അരവിന്ദന്റെ മതം. കാരണം സൗന്ദര്യത്തെക്കാള്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം റോമാക്കാര്‍ നല്‍കിയിരുന്നത് നിഷ്ഠകള്‍ക്കും നിയമങ്ങള്‍ക്കുമായിരുന്നു. സുന്ദരമായ ശരീരത്തെക്കാള്‍ അവര്‍ പ്രാധാന്യം നല്‍കിയത് ശക്തവും ഉന്തിനില്‍ക്കുന്നതുമായ പേശികളോടുകൂടിയ ഗൂഢഗാത്രത്തിനായിരുന്നു. ബാല്യത്തിലേ സൈനികപരിശീലനം, കളരികളിലെ ശാരീരികാഭ്യാസങ്ങള്‍, ശക്തമായ നിയമാവലികള്‍ എന്നുവേണ്ടാ സകലതും നിഷ്ഠാധിഷ്ഠിതങ്ങളായിരുന്നു. സൗന്ദര്യത്തിനുള്ള പ്രാധാന്യം തീരെയില്ലായിരുന്നു. റോമന്‍ സംസ്‌കൃതിയെ നിഷ്ഠാധിഷ്ഠിത സംസ്‌കൃതിയെന്നാണ് (Ethical Culture) അരവിന്ദന്‍ വിളിക്കുന്നത്.
എന്നാല്‍ ഇതില്‍ നിന്നൊക്കെ തികച്ചും വിഭിന്നവും സര്‍വ്വസംഗ്രഹതരവുമായിരുന്നു ഭാരതത്തിന്റെ സംസ്‌കൃതി. സര്‍വ്വധര്‍മ്മസമന്വയവും സമവായവുമായിരുന്നു ഭാരതസംസ്‌ക്കാരത്തിന്റെ മുഖമുദ്ര. ഗ്രീസിന് പന്ഥാവില്ലാതെ ലക്ഷ്യവും റോമിന് ലക്ഷ്യമില്ലാതെ പന്ഥാവുമുണ്ടായിരുന്നപ്പോള്‍ ഭാരതത്തിനിതു രണ്ടുമുണ്ടായിരുന്നു. രണ്ടിനെയും അതു സമന്വയിപ്പിച്ചിരുന്നു. സൗന്ദര്യസക്ഷാത്ക്കാരത്തിനു വേണ്ട നിഷ്ഠകള്‍ ഭാരതത്തിനു സ്വായത്തമായിരുന്നു. സൗന്ദര്യം സത്യവും ശിവവുമായിരുന്നെന്ന് മനനംചെയ്തറിഞ്ഞ ഭാരതത്തിന്റെ മനീഷികള്‍ സൗന്ദര്യത്തെ സാക്ഷാത്ക്കരിക്കുവാന്‍ തപസ്സിന്റെ പാതയെ ചിട്ടപ്പെടുത്തിയെടുത്തു. സമബുദ്ധിയിലൂടെ അല്ലെങ്കില്‍ സമാധിയിലൂടെ ബുദ്ധിഗ്രാഹ്യവും അതീന്ദ്രിയവുമായ ആത്യന്തികസുഖദായകമായ സൗന്ദര്യത്തെ സ്വായത്തമാക്കുവാന്‍ ഭാരതം ചിട്ടപ്പെടുത്തിയെടുത്തത് യോഗപദ്ധതിയെയാണ്. ജീവിതത്തെത്തന്നെ ഈ പുണ്യഭൂമി യോഗമാക്കി. അങ്ങനെ സൗന്ദര്യാസ്വാദനം സുഖകരമാക്കി. സുഖത്തെ ജീവിതലക്ഷ്യമാക്കി. ധര്‍മ്മത്തെ അതിന്റെ അടിസ്ഥാനവുമാക്കി.
സമന്വയമാണ് ധര്‍മ്മം. ‘സമായ എവ സാധു’ – ഈ മന്ത്രമായിരുന്നു ചരിത്രാതീതകാലം മുതല്‍ക്കേ കാലത്തിന്റെ കുത്തൊഴുക്കിനെ അതിജീവിക്കുവാന്‍ ഭാരതത്തെ ശക്തമാക്കിയത്. ഈ സമന്വയം, ഈ പാരസ്പര്യത ജഗതോദ്ധാരകവും ജഗന്നിയന്ത്രിതാവുമായ മൂല്യമാണെന്ന് ഭാരതത്തിന്റെ പൂര്‍വ്വികരായ ചിന്തകര്‍ പണ്ടേ പാര്‍ത്തുകണ്ടറിഞ്ഞിരുന്നു. ഈ പാരസ്പര്യത (Law of Universal Mutuality) വിശ്വത്തെ മുഴുവനും എക്കാലവും നിലനിര്‍ത്തുന്ന ആദര്‍ശമാതണെന്നു മനസ്സിലാക്കിയ ഭാരതത്തിന്റെ മനീഷികള്‍ ഇതിനെ ജീവിതദര്‍ശനത്തിന്റെ അടിസ്ഥാനമാക്കി. ഇതിനെ അവര്‍ ധര്‍മ്മമെന്നു വിളിച്ചു. ഈ ധര്‍മ്മമാകട്ടെ സനാതനവും. കാരണം ഇതെക്കാലവും നമ്മെ നിലനിര്‍ത്തുന്നു.
സനാതനധര്‍മ്മമെന്നാല്‍ ത്രികാലത്തിലും അസ്തിത്വമുള്ള ധര്‍മ്മമെന്നര്‍ത്ഥം. ‘നാ’ എന്നത് ത്രികാലവാചകമായ അവ്യയമാണ്. – ഭൂതം, വര്‍ത്തമാനം, ഭാവി എന്നീ മൂന്നു കാലങ്ങളെയും സൂചിപ്പിക്കുന്ന അവ്യയം. അതിനോട് ‘തന’ എന്ന് പ്രത്യയം ചേര്‍ക്കുമ്പോള്‍ ആ കാലത്തെ സംബന്ധിക്കുന്നത് എന്നര്‍ത്ഥമാകും. ത്രികാലബാധിതം, നിത്യം, ശാശ്വതം. ധരിക്കുന്നത് യാതൊന്നാണോ അതു ധര്‍മ്മഃധ്രുഞ് ധാരണേ’ എന്ന ധാതു. ധരിക്കുക എന്നാല്‍ നിലനിര്‍ത്തുക (To Sustain), ‘ധാരയതേതി ധര്‍മ്മ’. എന്തിനേ എന്നു പറഞ്ഞിട്ടില്ല എന്നതുകൊണ്ട് എല്ലാറ്റിനെയും അല്ലെങ്കില്‍ മുഴുവന്‍ ജഗത്തിനെയും എന്നര്‍ത്ഥം. ചുരുക്കിപ്പറഞ്ഞാല്‍ നിത്യവും വിശ്വധാരകവുമായ ധര്‍മ്മമാണ് സനാതനധര്‍മ്മം. ഈ ധര്‍മ്മത്തെ പ്രത്യക്ഷം കൊണ്ടും അനുഭവം കൊണ്ടുമാണറിയേണ്ടത്, ഉദാഹരണത്തിന് സ്ഥൂലം സൂക്ഷ്മത്തിലൂടെയറിയാമെന്ന് ആത്മജ്ഞാനികളും ഭൗതികശാസ്ത്രജ്ഞരും പറയുന്നു. പരമാണുവാകട്ടെ പ്രോട്ടോണ്‍, ന്യൂട്രോണ്‍. ഇലക്‌ട്രോണ്‍ എന്നീ കണങ്ങള്‍ ചേര്‍ന്നുണ്ടായി. ഇവയുടെ പാരസ്പര്യതയാണ് അണുവിനെ നിലനിര്‍ത്തുന്നത്. സസ്യജന്തുശരീരങ്ങളുടെയും, ഗ്രഹയൂഥങ്ങളുടെയും, താരാപഥങ്ങളുടെയും, ഒടുവില്‍ മുഴവന്‍ ജഗത്തിന്റെയും എല്ലാം യാഥാര്‍ത്ഥ്യം ഇതാണ്.
പ്രകൃതിയുടെ അല്ലെങ്കില്‍ വിശ്വത്തിന്റെ ഈ പാരസ്പര്യാധിഷ്ഠിതമായ ഘടന (Symmetry) ഈശ്വരന്റെ ചൂതുകളിയാണോയെന്ന് ഐന്‍സ്റ്റീനെപ്പോലെ വിശ്വവിഖ്യാതരായ ഭൗതികശാസ്ത്രജ്ഞര്‍ പോലും അത്ഭുതപ്പെട്ടിട്ടുണ്ട്. സാധാരണ അണുവില്‍പ്പോലും സൂക്ഷ്മദൃഷ്ടിയില്‍ ഈ പാരസ്പര്യത ദൃശ്യമാണ്. ഒരു ആറ്റത്തിന്റെ ഉള്‍ഭാഗം കൂടുതലും ശൂന്യമായിരിക്കെ ശൂന്യതയെ നികത്തുന്നത് അതിനുള്ളിലെ ന്യൂട്രോണിന്റെയും ഇലക്ട്രോണിന്റെയും കറക്കമാണെന്ന് രസതന്ത്രം പറയുന്നു. ന്യൂട്രോണ്‍ ഒരു നിമിഷം ഏകദേശം നാല്‍പ്പതിനായിരം കിലോമീറ്റര്‍ വേഗതയില്‍ കറങ്ങുമ്പോള്‍ ഇലക്ട്രോണിന്റെ വേഗത ഒരു സെക്കന്റില്‍ ഏകദേശം എണ്ണായിരത്തോളം കിലോമീറ്ററുകളാണ്. ഈ വേഗതയാണ് കൂടുതലും ശൂന്യതകൊണ്ട് നിറഞ്ഞ അണുവിനെ ദൃശ്യമാക്കുന്നത് അല്ലെങ്കില്‍ അണുവിന് ഖരത്വമേകുന്നത്. വേഗതയാണ്(Speed) ദൃശ്യതയെ (Visibility) ഉണ്ടാക്കുന്നത്. ‘വേഗ’തയുള്ളത് അല്ലെങ്കില്‍ ‘ഗതികത’യുള്ളത് (ഗതമായിക്കൊണ്ടിരിക്കുന്നത്) യാതൊന്നാണോ അത് ‘ജഗത്ത്’. ഗതികതയുള്ളതിനാല്‍ ജഗത്ത് ലോചനങ്ങള്‍ക്കു വിധേയമാവുന്നു അല്ലെങ്കില്‍ ലോകമാവുന്നു. ജഗത്തായതുകൊണ്ടാണത് ലോകമാവുന്നത്. ഗൗഡപാദാചാര്യര്‍ തന്റെ മാണ്ഡൂക്യകാരികയില്‍ ‘അലാതഭ്രമണം’ (പന്തം ചുഴറ്റല്‍) എന്ന ഉദാഹരണമാണിതിനെടുക്കുന്നത്. അലാതം (തീപ്പന്തം) ഒരു വൃത്തത്തിനകത്ത് അതിവേഗം ചുഴറ്റിയാല്‍ അതൊരു തീത്തളികപോലെ തോന്നും. ഇവിടെ വേഗത ദൃശ്യതയെ സൃഷ്ടിക്കും. വേഗത്തില്‍ കറങ്ങുന്ന പങ്കപോലെ അപ്പുറത്തുള്ളതിനെ മറയ്ക്കും.
ഋജുവക്രാദികാഭാസമലാതസ്പന്ദിതം യഥാ
ഗ്രഹണഗ്രാഹകാഭാസം വിജ്ഞാനസ്പന്ദിതം തഥാ
(അലാതശാന്തിപ്രകരണം. 47. മാണ്ഡൂക്യകാരിക)
ഈ ലോകത്തിന്റെ നിലനില്‍പ്പിന്റെ പിന്നിലെ രഹസ്യം പല കണങ്ങളുടെയും ദ്രുതഗതിയിലുള്ള കറക്കമാണെന്നിരിക്കെ ഇവ യെല്ലാം ഏതോ അദൃശ്യശക്തി വരച്ചിട്ട പാതയിലൂടെ ചലിക്കുന്നതുപോലെയാണ്. പരസ്പരം സംഘര്‍ഷമില്ല പ്രത്യുത ഇവിടെയെല്ലാം സമവായത്തിന്റെ സ്‌നിഗ്ദ്ധതയാണനുഭവപ്പെടുന്നത്. അഖണ്ഡബോധസത്തയുടെ ബോധസ്വരൂപങ്ങളെപ്പോലെ പ്രകൃതി വിരചിതമായ ഖണ്ഡിതാവിഷ്‌ക്കാരങ്ങളായ ചെറുബോധ സ്വരൂപങ്ങളെപ്പോലെ ബോധപൂര്‍വ്വമാണിവയുടെ പെരുമാറ്റം. കാരണം ഈ ആദിബോധത്തിന്റെ ബാഹ്യാവിഷ്‌ക്കാരമാണ് സമന്വയം, പാരസ്പര്യത അല്ലെങ്കില്‍ ധര്‍മ്മം.
ദൃശ്യത്തിലെന്നപോലെ സൂക്ഷ്മമായ മാനസികതലത്തില്‍പ്പോലും ഈ സിദ്ധാന്തം സാധുവാണ്. ആഭ്യന്തരമോ ബാഹ്യമോ ആയ പാരസ്പര്യഹാനി മനസ്സിന്റെയും ബുദ്ധിയുടെയും അഹംബോധത്തിന്റെയുമെല്ലാം സുസ്ഥിതിയെ ഹനിക്കുന്നു.
ധര്‍മ്മത്തിന്റെ തത്വം മനന ധ്യാനാദികളിലൂടെ അറിയേണ്ടതാണ്. ഉപനിഷത്തിലെ വിശ്വോത്ക്രാന്തി സിദ്ധാന്തം ഇതു വ്യക്തമാക്കുന്നു. ആദിയില്‍ ഒന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. (ആസീദേവമേവാദ്വിതീയം, ഛാന്ദോഗ്യം, 1.3). ഈ സത്ത് (ഉണ്‍മ) എന്നത് ആദിബോധമായ ജഗത്ക്കാരണമാണ്. സത്തുത്ക്രമിച്ചാണ് ജഗത്തുണ്ടായത്. അതില്‍നിന്നു മേല്‍ക്കുമേല്‍ ബോധതലങ്ങളും (Levels of Consciousness) ശക്തിമണ്ഡലങ്ങളും (Quantum fields), ഉണ്ടാവുന്നു. ഞാന്‍ ഉത്ക്രമിക്കട്ടെ ‘ബഹുസ്യാം പ്രജായേതി’ (May I evolve)), അല്ലെങ്കില്‍ ഞാന്‍ പലതാവട്ടെ എന്ന സങ്കല്‍പം കൊണ്ട് സത് ബോധമണ്ഡലം (Consciousness Field) ആകുന്നു. അപ്പോഴാണ് ദേശകാലം (Space-Time) ആവിര്‍ഭവിക്കുന്നത്. ഭൗതികശാസ്ത്രവും പ്രപഞ്ചത്തിന്റെ വ്യാപനസ്വഭാവത്തെപ്പറ്റി (Law of Expansion) സൂചിപ്പിക്കുന്നു. ബോധമണ്ഡലങ്ങള്‍ തന്നെ വീണ്ടും വീണ്ടും വിഭജിക്കപ്പെടുന്നു. അങ്ങനെ അനവധി ശക്തിമണ്ഡലങ്ങള്‍ ഉണ്ടാകുന്നു. ‘അദ്വൈതം പരമാര്‍ത്ഥോഹി’ ജഗത്തിന്റെ മൗലികമായ ഏകത്വത്തെയാണ് Fundamental Unity of the Universe) ഉപനിഷത്ത് വിവക്ഷിക്കുന്നത്. ആധുനിക ഭൗതികശാസ്ത്രം പോലും ‘നിരീക്ഷകന്‍’ (Observer) എന്ന പദത്തിനു പകരം ‘പങ്കാളി’ (Participator) എന്നു പ്രയോഗിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എന്തിന്, നിരീക്ഷകനും നിരീക്ഷിതവസ്തുവും തമ്മിലുള്ള വ്യത്യാസത്തെപ്പോലും അതു തള്ളിക്കളയുന്നു. നിരീക്ഷിച്ചറിയുന്നതിനേക്കാള്‍ നല്ലത് അനുഭവിച്ചറിയുന്നതാണെന്ന് അത് പറയുന്നു.
ഭേദം കാര്യത്തിലേയുള്ളൂ. കാരണത്തിലെ യാഥാര്‍ഥ്യം അഭേദമാണ്. അതുകൊണ്ട് ലോകവ്യവഹാരത്തില്‍ ഈ അഭേദത്തിന്റെ അടിസ്ഥാനം വേണം. താനും ലോകവും സത്തിന്റെ രണ്ടു രൂപങ്ങളിലുള്ള ആവിഷ്‌ക്കാരങ്ങളാണ്. ലോകത്തെ താനായിക്കണ്ടു പെരുമാറണം. തന്നില്‍ ലോകത്തെയും കാണണം. ‘ആത്മാനമേവ ലോകമുപാസീത’ എന്ന് ഉപനിഷത്ത്‌വാക്യം. ‘ആനന്ദചിന്മയ ഹരേ ഗോപികാരമണ ഞാനെന്നഭാവമതുതോന്നായ്കവേണമിഹ. തോന്നുന്നതാകിലഖിലം ഞാനിതെന്ന വഴിതോന്നേണമേ’യെന്ന തുഞ്ചത്ത് ഗുരുപാദരുടെ പ്രാര്‍ത്ഥന സനാതനധര്‍മ്മമെന്ന മന്ത്രമാണ്. എല്ലായിടത്തും അനുഭവിക്കുന്നത് പാരസ്പര്യതയും പരസ്പരാശ്രിതത്ത്വവുമാണ്. അതുകൊണ്ടു സങ്കല്‍പ്പത്തിലും വാക്കിലും പ്രവൃത്തിയിലും പരസ്പരപൂരകങ്ങളായ ആചരണങ്ങള്‍ വേണം.
ഇതാണ് സനാതനധര്‍മ്മത്തിന്റെ രഹസ്യം. ജഗത്തിന്റെ പരമാര്‍ത്ഥമാലോചിക്കുമ്പോള്‍ നിലനില്‍പ്പിനും പുരോഗതിക്കും ഈ സനാതനധര്‍മ്മമാണു അവലംബിക്കേണ്ടത്. ലോകനിരീക്ഷണത്തില്‍, ശാരീരികമായും മാനസികമായും, നിലനില്‍പ്പും പുരോഗതിയുമാണ് സുഖം തരുന്നത്. എല്ലാ പ്രവൃത്തികളുടെയും ലക്ഷ്യം സുഖമാണ്. എന്നാല്‍ ധര്‍മ്മം കൂടാതെ സുഖമുണ്ടാകുകയില്ല. അതുകൊണ്ടാണ് ധര്‍മ്മപരനാവണം എന്നു പറയുന്നത്. (സുഖാര്‍ഥാഃ സര്‍വ്വഭൂതാനാം).
ഒരുപോലെയാണെങ്കിലും ജ്ഞാനകര്‍മ്മങ്ങളുടെ വ്യത്യാസം കൊണ്ട് വ്യക്തിത്വത്തിലും വ്യത്യാസമുണ്ടാവുന്നു. ശ്രേയസ്‌ക്കരമായ കര്‍മ്മംകൊണ്ട് വ്യക്തിയെ സംസ്‌ക്കരിക്കേണ്ടത് രാഷ്ട്രത്തിന്റെ ധര്‍മ്മമാണ്. സങ്കുചിതമായ വ്യക്തിതാത്പര്യത്തില്‍നിന്ന് വിശ്വഹിതത്തിലേക്കുയരാന്‍, പൂര്‍ണ്ണനായ മനുഷ്യനാവാന്‍ സഹായിക്കുന്ന സാധനാപഥമാവണം രാഷ്ട്രം. താനും രാഷ്ട്രവും വിശ്വവുമൊന്നാണെന്നുള്ള അനുഭൂതിയാവണം ഓരോ ഭാരതീയനിലും ഉണ്ടാവേണ്ടത്. ഇതാണ് വ്യക്തിനിര്‍മ്മാണം കൊണ്ടു ലക്ഷ്യമാക്കുന്നത്. വ്യക്തിനിര്‍മ്മാണത്തിലൂടെ രാഷ്ട്രനിര്‍മ്മാണവും തദ്വാരാ വിശ്വമാനവികതയുടെ ബോധവികാസവുമാണ് ഭാരതത്തിന്റെ ദൗത്യം. മാനവസേവ ഈശ്വരസേവയാണെന്നും അതുകൊണ്ട് ഭാരതത്തിന്റെ മതം മാനവസേവ അല്ലെങ്കില്‍ മനുഷ്യമതം (Religion of Many) ആണെന്നുമുള്ള മഹര്‍ഷി അരവിന്ദന്റെ മതം ഇവിടെ സ്മരണീയമാണ്. അരവിന്ദഘോഷിനെ ഉദ്ധരിച്ചുകൊണ്ട് ഈ ലേഖനം ഇവിടെ അവസാനിപ്പിക്കാം.
‘മനുഷ്യന്‍ മനുഷ്യന്റെ പവിത്രമായ അസ്ഥിത്വത്തെ അംഗീകരിക്കണം. ജനവിഭാഗങ്ങളുടെയോ വിശ്വാസത്തിന്റെയോ നിറത്തിന്റെയോ ദേശീയതയുടേയോ, വ്യക്തിപരമോ സാമൂഹികരാഷ്ട്രീയപരമോ ആയ വ്യത്യാസങ്ങള്‍ക്കുപരിയാവണം ഈ അംഗീകാരം. മനുഷ്യശരീരത്തെ ആദരിക്കണം. എല്ലാവിധമായ അക്രാമികതകളില്‍ നിന്നും അതിനെ സംരക്ഷിക്കണം. രോഗങ്ങളില്‍നിന്നും ഒഴിവാക്കാവുന്ന മരണത്തില്‍നിന്നും ശാസ്ത്രത്താല്‍ സംരക്ഷിക്കണം. മനുഷ്യജീവിതത്തെ പവിത്രമാക്കണം. അനന്തസാദ്ധ്യതകള്‍ കൊടുക്കണം, ധ്വംസനങ്ങളില്‍ നിന്നും അടിച്ചമര്‍ത്തലില്‍നിന്നും, അതിനെ വെറും യാന്ത്രികമാക്കുന്നതില്‍ നിന്നും എന്നുവേണ്ടാ എല്ലാവിധമായ ഹീനസ്വാധീനങ്ങളില്‍നിന്നും സംരക്ഷണം നല്‍കണം. എല്ലാ ബന്ധനങ്ങളില്‍ നിന്നും മാനവഹൃദയം സ്വതന്ത്രമാവണം. സ്വാതന്ത്ര്യവും വിശാലതയും അവസരങ്ങളും നല്‍കണം. ആത്മനിഷ്ഠയുടെയും സ്വയം പുരോഗതിയുടെയും മാര്‍ഗ്ഗത്തിലൂടെ മാനവസേവനത്തിന് അതിനെ പ്രാപ്തമാക്കണം. ഈ ആദര്‍ശം വെറും വൈകാരികതയിലും വാചാടോപത്തിലും ഒതുങ്ങാന്‍ പാടില്ല. പ്രത്യുത, ഈ ആദര്‍ശത്തിനു മനുഷ്യരും രാഷ്ട്രങ്ങളും മാനവരാശിയും തങ്ങളുടെ പൂര്‍ണ്ണവും പ്രായോഗികവുമായ അംഗീകാരം നല്‍കണം. ഇതാണ് ശരിക്കുമുള്ള മാനവമതം(Religion of Man). (Sri Aurobindo, The Human Cycle-The Ideal of Human Unity-War and Self-Determination, Pondicherry, 1985, pp. 542-543.)
(ടി.ആര്‍.സോമശേഖരന്റെ ‘മതോത്തരജീവിതദര്‍ശനം’ എന്ന ഗ്രന്ഥത്തോട് കടപ്പാട്)