ഉത്പാദകന് കണ്ണീരും ചുഷകന് സിംഹാസനവും ലഭിക്കുന്നതിനാല്‍ വിശുദ്ധ വിളയെ കാക്കുന്നവര്‍ കേരളത്തില്‍ ജീവാഹൂതി നല്‍കേണ്ട ഗതികേടിലാണ്. നഷ്ടസൗഭാഗ്യങ്ങളെ വീണ്ടെടുക്കുവാന്‍ കര്‍ഷകന്റെ ആത്മാവ് വെമ്പുമ്പോള്‍ ഭരണകൂടം അവരെ നിരന്തരം വേദനിപ്പിക്കുന്നു. വികസനം എന്നാല്‍ ഒട്ടും അഭികാമ്യമല്ലാത്ത അവസ്ഥയില്‍ നിന്നും അഭികാമ്യമായ അവസ്ഥയിലേക്കുള്ള പ്രയാണമാണ്. പക്ഷേ നമ്മുടെ രാഷ്ട്രീയ അധികാരി വര്‍ഗ്ഗത്തിന് അഭികാമ്യ അവസ്ഥ കൃഷിയേയും കര്‍ഷകനേയും ഇല്ലാതാക്കലാണ്. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം നോക്കുകൂലിയിലേക്ക് മാറിയതുപോലെ കേരളത്തിലെ മന്ത്രി പറയുന്നു; ”നിങ്ങള്‍ കൃഷി ചെയ്തില്ലെങ്കിലും കേരളത്തിന് ഒന്നും സംഭവിക്കില്ല, തമിഴ്‌നാട്ടില്‍ കൃഷിയുണ്ടല്ലോ” എന്ന്.
നോക്കുകൂലിയിലൂടെ സംസ്ഥാനത്തെ പരാശ്രയ സംസ്ഥാനമാക്കാന്‍ ഇത്രകാലം ചെയ്തത് പോരാ, ഇനിയും ചിലത്കൂടി ചെയ്യാനുണ്ട് എന്ന് ജനാധിപത്യത്തില്‍ പ്രതിജ്ഞചൊല്ലി അധികാരത്തില്‍ വന്ന മന്ത്രിയും പറയുന്നു.
സ്വന്തം മണ്ണില്‍ പണിയെടുത്ത് ജീവിക്കുവാന്‍ നിവൃത്തിയില്ലാതെ പലായനം ചെയ്യുന്ന യുവാക്കള്‍ വിദേശ നാടുകളില്‍ സ്വത്വം നശിച്ച് അടിമയെപ്പോലെ പണിചെയ്യുന്നു. നാട്ടിലേക്ക് അയക്കുന്ന പണം പിടിച്ചുവാങ്ങുന്ന, ആദര്‍ശം പ്രസംഗിക്കുന്ന കപട രാഷ്ട്രീയംകണ്ട് കേരളം മടുത്തിരിക്കുന്നു. അദ്ധ്വാനത്തിന് ആദരവ് കൊടുത്ത് ഉത്പാദകനെ തലോടുന്ന തമിഴ്‌നാടും, ഗുജറാത്തും, ഉത്തര്‍പ്രദേശും ഒക്കെയല്ലേ നമ്പര്‍ വണ്‍. പരാശ്രയത്വംകൊണ്ട് നട്ടെല്ല് വളഞ്ഞ് ശിരസ്സ് ഉയര്‍ത്താന്‍ ആവാത്ത മലയാളി എങ്ങനെ നമ്പര്‍ വണ്‍ ആകും. വിദ്യാഭ്യാസത്തില്‍ ഊറ്റംകൊള്ളുന്നവര്‍ ശിശുഹത്യയ്ക്കും കര്‍ഷക ആത്മഹത്യയ്ക്കും ഇരയാകുമ്പോള്‍ നാം എങ്ങനെയാണ് നമ്പര്‍ വണ്‍ ആകുന്നത്. പിറന്ന മണ്ണില്‍ കാലുറപ്പിച്ച് നില്ക്കുവാന്‍ ഭയപ്പെടുന്നവര്‍ അന്യമണ്ണില്‍ അന്നം തേടി അലയുന്നവരെ സൃഷ്ടിക്കുന്നതാണോ സ്വാശ്രയം? അന്നമേകാനും സ്വന്തം കാലില്‍ നില്‍ക്കാനും സാമൂഹ്യ സമരസതയിലേക്ക് മാറാനും കഴിയാത്ത ഈ സാക്ഷരത നമുക്ക് ഭൂഷണമാണോ? കേരളം ആധുനിക വികാസ സമൂഹത്തിന് അപമാനമായിത്തീര്‍ന്നിരിക്കുന്നു.
ബി.സി. 3000 മുതല്‍ കേരളത്തില്‍ നെല്‍കൃഷി സജീവമാകുകയും മലയാളിയുടെ പ്രധാന ആഹാരമായി അരിയും ചോറും സ്വീകരിക്കപ്പെടുകയും ചെയ്തു. നെല്ലും നെല്‍കൃഷിയുമായും ചേര്‍ന്നല്ലാതെ കേരളത്തെ കാണുവാന്‍ പ്രയാസമായിരുന്നു. എല്ലാ വീടും നെല്‍കൃഷിയിലും അതിനോടനുബന്ധിച്ച തൊഴിലിലും വ്യാപൃതമായിരുന്നു. നെല്ല് കുത്താന്‍ മില്ലുകള്‍, പണിയായുധങ്ങള്‍ ഉണ്ടാക്കുവാന്‍ ഇരുമ്പ് പണിക്കാര്‍, തടിപ്പണിക്കാര്‍, കുട്ടയും പായും മുറവും ഉണ്ടാക്കുവാന്‍ തൊഴിലാളികള്‍, പണികഴിഞ്ഞ് വിശ്രമത്തിന് എത്തുന്നവര്‍ക്ക് ആഹാരവും വെള്ളവും മുറുക്കാനും ഒരുക്കുന്ന ചെറുകിട കച്ചവടക്കാര്‍, വളവും കീടനാശിനിയും വില്‍ക്കുന്ന കച്ചവടക്കാര്‍, പശുവിനെ വളര്‍ത്തി കൃഷിയ്ക്ക് ചാണകവും നാടിന് പാലും നല്കുന്നവര്‍ എന്നുവേണ്ട സമഗ്ര മേഖലയും കൃഷിയെ ആശ്രയിച്ച് നിലനിന്നിരുന്നു.
ലോകത്ത് നെല്ല് ഉത്പാദനത്തില്‍ ഭാരതം രണ്ടാം സ്ഥാനത്താണ്. 129 മില്ല്യണ്‍ മെട്രിക്ക്ടണ്‍ നെല്ല് ഇന്ത്യ ഉത്പാദിപ്പിക്കുന്നു. കേരളത്തില്‍ കുട്ടനാട്, പാലക്കാട്, ഓണാട്ടുകര, തൃശൂര്‍ കോള്‍ നിലങ്ങള്‍, എറണാകുളം ഭാഗത്തുള്ള പൊക്കാളി നിലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം നെല്‍കൃഷി ചെയ്യുന്നു. കേരളത്തില്‍ പാലക്കാട് ആണ് ഏറ്റവും കൂടുതല്‍ നെല്‍കൃഷിയുള്ളത്. ചുവന്ന തവിടുള്ള അരി ഏറ്റവും അധികം ഇഷ്ടപ്പെട്ടിരുന്ന പ്രദേശമാണ് കേരളം. പാലക്കാടന്‍ മട്ടയരി അങ്ങനെ പേരുകേട്ടതായി. നമ്മുടെ നാട് നെല്‍കൃഷിയില്‍ ദരിദ്രമായപ്പോള്‍ ആന്ധ്ര, തെലുങ്കാന എന്നിവിടങ്ങളിലെ വെളുത്ത തവിടുള്ള ജയ അരിയാണ് ഇന്ന് കൂടുതല്‍ ലഭ്യമാകുന്നത്. കേരളത്തില്‍ വിരിപ്പ്, മുണ്ടകന്‍, പുഞ്ച എന്നീ മൂന്ന് സീസണിലും കൃഷി ഇറക്കുകയും വിളവെടുക്കുകയും പതിവായിരുന്നു. റൈസ് മാന്‍ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ഡോ.എം.എസ്. സ്വാമിനാഥന്‍ ജനിച്ചതും വളര്‍ന്നതും കുട്ടനാട്ടിലായിരുന്നു.
1970-71 കാലത്ത് 8.65 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷിയുണ്ടായിരുന്നു. 1980-81 കാലമായപ്പോഴേക്കും 8.4 ലക്ഷം ഹെക്ടറായും 2019-20 കാലത്ത് 1.96 ഹെക്ടറായും നെല്‍കൃഷി കുറഞ്ഞു. 50 വര്‍ഷംകൊണ്ട് നെല്ല് കൃഷിചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതിയില്‍ 76.68% കുറവാണ് ഉണ്ടായത്. ലോകാത്ഭുതങ്ങളില്‍ ഒന്നായിരുന്നു, കടല്‍നിരപ്പില്‍ നിന്നും നാല് ഡിഗ്രി താഴെയുള്ള കുട്ടനാട്ടിലെ കൃഷി. ഈ കൃഷിയെ സംരക്ഷിക്കുവാനും ഉപ്പുവെള്ളം കടലില്‍ നിന്നും കയറാതിരിക്കാനുമായി പണികഴിപ്പിച്ച തോട്ടപ്പള്ളി സ്പില്‍വേയും, തണ്ണീര്‍മുക്കം ബണ്ടും കൃഷിയുടെ പ്രതാപത്തെ സാക്ഷ്യപ്പെടുത്തുന്നു. കുട്ടനാടിന്റെ ഭാഗമായ അമ്ലത കൂടുതലുള്ള 9000 ഹെക്ടര്‍ വരുന്ന കരിമണ്ണിന്റെ ഭാഗമാണ് തകഴിപ്രദേശം. അവിടുത്തെ പി.എച്ച്. വളരെ കുറവാണ്. ആ പ്രതികൂല സാഹചര്യത്തില്‍ കൃഷി നടത്തിയ പ്രസാദ് എന്ന കര്‍ഷകന് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലമാണ് ജീവനൊടുക്കേണ്ടി വന്നത്.
മലയാളിയുടെ മനസ്സാക്ഷിയുടെ നൊമ്പരം ഭയമായും ആത്മഹത്യയായും പരിണമിക്കുന്നു. പിച്ചവച്ച മണ്ണില്‍ കാലുറപ്പിക്കാനാവാതെ കാലിടറുവാന്‍ കാരണം പ്രകൃതിയല്ല, മണ്ണല്ല, മനുഷ്യത്വം വറ്റിയ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലമായി മാറുന്നു. മലയാളി നിരന്തരം ഭീരുവാകുന്നു, അടിമയാകുന്നു, ബുദ്ധിയെ പണയപ്പെടുത്തുന്നു. തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം ഉപയോഗിച്ച് കര്‍ഷകനെ തുരത്തിയവര്‍ ക്രമേണ തൊഴില്‍ സംസ്‌കാരത്തേയും ഇല്ലാതാക്കി. അദ്ധ്വാനത്തെ ആരാധനയാക്കിയവര്‍ അദ്ധ്വാനം ചൂഷണമാണെന്ന് പഠിപ്പിക്കുവാന്‍ ഇസങ്ങള്‍ കെട്ടിപ്പടുത്ത് സ്വയം തലകറങ്ങി ദിശാബോധം കെട്ടവരായി മലയാളി മാറി.
അഞ്ച് പതിറ്റാണ്ടായി തുടരുന്ന കാര്‍ഷിക വിരുദ്ധത ഇന്ന് അതിന്റെ പത്തികള്‍ വിടര്‍ത്തി ആടുന്നു. മനുഷ്യശരീരത്തെ വിളങ്ങാനും തിളങ്ങാനും നിലനില്‍ക്കാനും സഹായിച്ച വിളകളെ ഒന്നൊന്നായി ഇല്ലാതെയാക്കി. വയലേലകളില്‍ നെല്ലിന്റെ അന്തകരായി രാഷ്ട്രീയവും അധികാരിവര്‍ഗ്ഗവും പിടിമുറുക്കുമ്പോള്‍ ഭൂപരിഷ്‌കരണത്തിന്റെ മറവില്‍ തോട്ടങ്ങളിലേക്ക് കടന്നവര്‍ക്ക് റബ്ബര്‍, ഏലം എന്നീ വിളകളും ലാഭകരമല്ലാതായിരിക്കുന്നു. കേരളത്തില്‍ നെല്‍കൃഷി കുറഞ്ഞപ്പോള്‍ വാഴകൃഷിയും, കിഴങ്ങ് വിളകള്‍ കുറഞ്ഞപ്പോള്‍ റബ്ബര്‍ കൃഷിയും, കാടുകയറാന്‍ മനുഷ്യര്‍ തുടങ്ങിയപ്പോള്‍ തേയില കൃഷിയും കൂടി എന്നത് യാഥാര്‍ത്ഥ്യമാണ്. കേരളത്തിലെ എല്ലാ കൃഷികള്‍ക്കും ഉത്പാദന ചെലവിന് ആനുപാതികമായ വിലയില്ല. ശരിയായ വിപണ സംവിധാനവും കേരളത്തിലെ കര്‍ഷകര്‍ക്ക് ലഭ്യമല്ല.
തട്ടിപ്പും ചൂഷണവുമായി ജീവിക്കുവാന്‍ അഭിമാനം അനുവദിക്കാത്ത തകഴിയിലെ പ്രസാദ് കൃഷിയെ സ്‌നേഹിച്ചു, നാടിനെ വിശ്വസിച്ചു. ഗതികേടിന്റെ പടുകുഴിയില്‍ നെല്‍ കര്‍ഷകര്‍ക്കായി ആ ജീവിതം സമര്‍പ്പിച്ചു. നാടിനെ ഊട്ടുവാന്‍ രക്തത്തെ വിയര്‍പ്പാക്കി ധാന്യം ഉത്പാദിപ്പിച്ചാല്‍ ആ നെല്ലിന്റെ വില സര്‍ക്കാര്‍ ലോണായി തരുമെന്ന് പറയുന്നവരെ നരാധമ മനസ്സുള്ളവരായേ കാണാന്‍ കഴിയൂ. കടം വാങ്ങി നാടിനെ മുടിക്കുന്നവര്‍ പണിയെടുത്ത് നാടിനെ രക്ഷിക്കുന്ന കര്‍ഷകരെ കടക്കെണിയില്‍ മുക്കാന്‍ എങ്ങനെ ഒരു ഭരണകൂടത്തിന് സാധിക്കുന്നു. ഇതാണോ സുന്ദര സ്വപ്‌നങ്ങള്‍ വാരിവിതറുന്ന കേരളം.
സൗരോര്‍ജ്ജത്തെ മണ്ണിന്റെ മൂലധനമാക്കി കര്‍ഷകര്‍ ഓര്‍ഗ്ഗാനിക് കാര്‍ബണ്‍ മണ്ണില്‍ ശക്തിപ്പെടുത്തി വളവും പരിചരണവും നല്‍കി സൗരോര്‍ജ്ജത്തെ പുനരാവിഷ്‌കരിക്കുമ്പോള്‍ ലഭിക്കുന്ന കനികളും ധാന്യങ്ങളുമാണ് സമൂഹത്തിന്റെ ആഹാരമെന്ന തിരിച്ചറിവ് എന്നാണ് ഈ നാടിനുണ്ടാവുക. മനുഷ്യനും മരവുമായുള്ള വ്യത്യാസം തലതിരിവാണ്. മരങ്ങളുടെ തല ഭൂമിയില്‍ വേരായി ആഴത്തിലും കൈകാലുകള്‍ ശിഖരങ്ങളായി ആകാശത്തിലും നില്‍ക്കുന്നു. മനുഷ്യന് ആകാശത്ത് തലയുയര്‍ത്തി നില്‍ക്കാന്‍ മണ്ണിലാര്‍ന്ന വേരുകളാണ് മനുഷ്യനെ സഹായിക്കുന്നത്. കൃഷിയാണ് മലയാളിയ്ക്ക് ഭാഷയും വേഷവും ശരീരവും കവിതയും കലകളും മാനവികതയും സംസ്‌കാരവും പകര്‍ന്ന് തന്നത്. മണ്ണില്‍ പണിയെടുക്കുന്ന മനുഷ്യരെ നാം അന്യരാക്കി അവഹേളിക്കുന്നതും പീഡിപ്പിക്കുന്നതും എങ്ങനെ പരിഷ്‌കൃത കാഴ്ചപ്പാടാകും.
കഴിഞ്ഞകാലത്തിന്റെ നോവുകളും നൊമ്പരങ്ങളും ഉള്‍ക്കൊള്ളുകയും ഇന്നില്‍ ഉറച്ച് നിന്ന് യാഥാര്‍ത്ഥ്യബോധത്തോടെ നാളേയ്ക്ക് ചുവടുവയ്ക്കുകയും ചെയ്യേണ്ടത് ചിന്തിക്കുന്ന ജനതയുടെ ബാദ്ധ്യതയാണ്. പ്രത്യയ ശാസ്ത്രങ്ങളും, മതാധിപത്യങ്ങളും, മുതലാളിത്തവത്കരണവും കേരളത്തിന്റെ സാംസ്‌കാരിക മേഖലയേയും കാര്‍ഷിക പ്രകൃതിയേയും, സാമൂഹ്യ ജീവിതത്തേയും നോവിച്ചതിന്റെയും തലോടിയതിന്റെയും ആഴങ്ങള്‍ നാം തിരിച്ചറിയേണ്ടതല്ലേ. ആത്മീയതയും അദ്ധ്വാനവും ഇഴചേര്‍ന്ന കര്‍ഷകന്റെ കര്‍മ്മാധിഷ്ഠിത സമര്‍പ്പണമായ നിതാന്തശാന്തതയെ കുത്തിനോവിക്കാതെയെങ്കിലും ഇരിക്കണം. കാര്‍ഷിക വൃത്തിയിലൂടെ പക്വമായി രൂപപ്പെട്ട മനസ്സാണ് കേരള സംസ്‌കൃതിയെ സമ്പന്നമാക്കിയിരുന്നത്.
സമൂഹത്തിന്റെ ആധാരം സമ്പത്തല്ല സംസ്‌കാരമാണ് എന്ന തിരിച്ചറിവ് കര്‍ഷകന് ഉള്ളതുകൊണ്ടാണ് നാട് അന്നം കഴിച്ച് കഴിയുന്നത്. കര്‍ഷകനേയും തൊഴിലാളികളേയും ഇല്ലാതാക്കുന്ന പണി നാം പരീക്ഷിച്ചു നോക്കി വിജയിച്ചവരാണ്. അതിന്റെ പ്രത്യാഘാതം നാം നേരിട്ടുകൊണ്ടിരിക്കുന്നു. ജീവിത യാഥാര്‍ത്ഥ്യങ്ങളോട് ഏറ്റുമുട്ടിയ ഗ്രാമീണര്‍ തങ്ങളുടെ കാലടിയിലെ മണ്ണും അതിലൂന്നിയ മനസ്സും തകരുന്നതിന്റെ വേദന തകഴിയിലെ കര്‍ഷക ബലിദാനി നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. മണ്ണില്‍ പണിയെടുത്ത അഭിമാനബോധത്തെ അന്യഥാബോധത്തിലേക്ക് വഴിമാറ്റി, കൃഷിയിലൂന്നി ഒരു നാടിന്റെ സംസ്‌കൃതിയെ കടപുഴക്കി, ഭക്ഷ്യ ദരിദ്രമായ സംസ്ഥാനമാക്കുവാന്‍ പാടുപെടുന്നവര്‍ക്ക് കര്‍ഷകന്റെ വേദന മനസ്സിലാകില്ല. കര്‍ഷകന്റെ കണ്ണീര്‍ വീണ് കുതിരേണ്ട മണ്ണല്ല ഈ കേരള ഭൂമിയെന്ന് ഓര്‍ക്കാനുള്ള മനോഭാവം അധികാരകേന്ദ്രത്തിന് എന്നാണുണ്ടാവുക?