ശബരിമല ശ്രീ ധര്‍മ്മശാസ്താവില്‍ സശരീരിയായി വിലയം പ്രാപിച്ച സ്വാമി അയ്യപ്പന്‍ കലിയുഗവരദനായി, കാനനവാസനായി, ആപത് ബാന്ധവനായി, സേവിപ്പോര്‍ക്കാനന്ദമൂര്‍ത്തിയായി, ഏകാന്തവാസിയായി, ധ്യാനനിരതനായി, പട്ടബന്ധിതനായി, പൊന്നും പതിനെട്ടാം പടി താണ്ടിയെത്തുന്നവര്‍ക്കാനന്ദമായി, കണ്ണിനും മനസ്സിനും ഇമ്പമായി പൊന്നമ്പലത്തില്‍ വസിക്കുന്നു.
പരശുരാമന്‍ കടലില്‍ നിന്നും വീണ്ടെടുത്തു എന്നു വിശ്വസിക്കപ്പെടുന്ന ഭാര്‍ഗ്ഗവഭൂമിയ്ക്ക് സുരക്ഷയും ഐശ്വര്യവും അനുഗ്രഹവും നല്‍കുന്നതിന് 108 ശിവാലയങ്ങളും 108 ദുര്‍ഗ്ഗാലയങ്ങളും പഞ്ചമഹാശാസ്താ ക്ഷേത്രങ്ങളും പ്രതിഷ്ഠിച്ചതായി കരുതുന്നു. അതുകൊണ്ടുതന്നെ കേരളം ഈശ്വരന്റെ സ്വന്തം നാട് എന്ന അര്‍ത്ഥത്തില്‍ എന്നറിയപ്പെടുന്നു.
പഞ്ചമഹാശാസ്താക്ഷേത്രങ്ങള്‍ കാനന ക്ഷേത്രങ്ങള്‍ തന്നെ ആയിരുന്നു. അച്ചന്‍കോവില്‍, ആര്യങ്കാവ്, കുളത്തൂപ്പുഴ, അയ്യന്‍ കോവില്‍ അഥവാ കാന്തമല, ശബരിമല ഇവയാണവ.
കാനനക്ഷേത്രമായ ശബരിമല രൂപത്തില്‍ ചെറുതാണെങ്കിലും വിശ്വാസികളുടെ ആധിക്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടനകേന്ദ്രമാണ്. കേവലം 65 ദിവസം ദൈര്‍ഘ്യം വരുന്ന മണ്ഡല-മകര മഹോത്സവമാണ് ശബരിമലയിലെ തീര്‍ത്ഥാടനക്കാലയളവ്. 65 ദിവസം മാത്രം (വൃശ്ചികം 1 മുതല്‍ മകരം 5 വരെ) നീളുന്ന ഇക്കാലത്ത് അയ്യപ്പദര്‍ശനത്തിനെത്തുന്ന ഭക്തരുടെ എണ്ണം കണക്കുകള്‍ക്കതീതമായി തുടരുന്നു. പൂങ്കാവനം എന്നു പുകള്‍പെറ്റ 18 മലകള്‍ ചുഴന്നു നില്‍ക്കുന്ന പ്രകൃതിമനോഹരമായ പ്രദേശമാണ് ശബരിമല. പുരാണ പ്രസിദ്ധമായ കഥകളാലും ആദിമഹാകാവ്യമായ രാമായണത്താലും വര്‍ണ്ണിക്കപ്പെട്ട പ്രദേശം. രാമായണകഥാപാത്രമായ ശബരീമാതാവ് രാമലക്ഷ്മണ ദര്‍ശനം കാംക്ഷിച്ച് തപം ചെയ്തിരുന്നിടം ശബരിമല. സമുദ്രനിരപ്പില്‍ നിന്നും 3000ത്തോളം അടി ഉയരെ ശബരിമല സ്ഥിതിചെയ്യുന്നു.
ലോകപ്രസിദ്ധങ്ങളായ ഭാരതത്തിലെ നിരവധി ക്ഷേത്രങ്ങളെക്കാള്‍ പ്രശസ്തി ഈ ചെറിയ കാനന ക്ഷേത്രത്തിന് കൈവരാന്‍ എന്തെങ്കിലും കാരണമുണ്ടോ? ആചാരാനുഷ്ഠാനങ്ങളിലും വിശ്വാസത്തിലും ഇതരക്ഷേത്രങ്ങളില്‍ നിന്നും ശബരിമല ക്ഷേത്രം ഏറെ വ്യത്യസ്തത പുലര്‍ത്തുന്നു. ഇതര ക്ഷേത്രങ്ങളിലെ നിത്യനിദാനവ്യവസ്ഥകളും ആചാരാനുഷ്ഠാനങ്ങളും തീരുമാനിക്കുന്നത് പ്രതിഷ്ഠാസമയത്ത് തന്ത്രിവര്യനാണ്. എന്നാല്‍ ശബരിമലയിലെ നിത്യനിദാനങ്ങളുള്‍പ്പെടെ ആചാരാനുഷ്ഠാനപദ്ധതികള്‍ തീരുമാനിച്ചിട്ടുള്ളത് സ്വാമി അയ്യപ്പന്‍ പന്തളത്തരചനു നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കിയിരിക്കുന്നതിലൂടെയാണ്.
രണ്ടുമാസം ദൈര്‍ഘ്യമുള്ള തീര്‍ത്ഥാടനക്കാലയളവില്‍ ശബരിമലദര്‍ശനത്തിനെത്തുന്നവര്‍ കഠിനമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന വ്രതധാരികളായിരിക്കണം. ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണവ്യത്യാസങ്ങള്‍ അയ്യപ്പ സ്വാമിയുടെ തിരുമുമ്പില്‍ ഇല്ല. പത്തുവയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്കും 50 വയസ്സുകഴിഞ്ഞ അമ്മമാര്‍ക്കും ഭഗവല്‍ദര്‍ശനം സാധ്യമാണ്. കുബേരകുചേല വ്യത്യാസമോ, പണ്ഡിത പാമര വ്യത്യാസമോ അവിടുത്തേക്കില്ല. ലോകത്തിലേതെങ്കിലും ഒരു ദേവാലയത്തില്‍ ദര്‍ശനത്തിനെത്തുന്നവര്‍ക്ക് സ്വന്തം നാമധേയം നല്‍കി, ‘നിങ്ങളും ഞാനും’ തിരിച്ച് വ്യത്യാസമില്ലാതെ ഒന്നെന്നു വ്യക്തമാക്കുന്നത് ശബരിമലയില്‍ മാത്രമാണ്. ദര്‍ശനത്തിനെത്തുന്ന പുരുഷന്മാര്‍ മുഴുവന്‍ സ്വാമിമാരാണ്, അയ്യപ്പന്മാരാണ്; സ്ത്രീകളാവട്ടെ മാളികപ്പുറങ്ങളുമാണ്. ഈശ്വരനും മനുഷ്യനും ഒന്നെന്നബോധ്യം രൂഢമൂലമാക്കുന്ന പ്രക്രിയകള്‍ തന്നെയാണ് ശബരിമലക്ഷേത്രത്തിലെത്തുന്ന ഭക്തന്മാര്‍ക്ക് അനുഷ്ഠിക്കാനുള്ളത്.
വ്രതാനുഷ്ഠാനത്തോടെ തീര്‍ത്ഥയാത്രക്ക് തുടക്കം കുറിക്കുകയും അത് പൂര്‍ത്തിയാക്കുന്നത് ശബരീശദര്‍ശനത്തോടെയുമാണ്. വൃശ്ചികം 1ന് മാലയിടുക എന്ന ചടങ്ങിലൂടെ തുടക്കം കുറിക്കുന്ന വ്രതാരംഭം ഒരു തപസ്യ തന്നെയാണ്. ഒരു ദിവസം ചുരുങ്ങിയത് 7 തവണ ശരണഘോഷം മുഴക്കണം. ഒരു തവണ ചുരുങ്ങിയത് അഞ്ചു തവണ ശരണം വിളിക്കണം. വെളുപ്പിന് ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ പ്രഥമമായും സ്‌നാനം കഴിഞ്ഞു രണ്ടാമതും പൂജാമുറിയില്‍ അഥവാ ഭസ്മചന്ദനധാരണശേഷം മൂന്നാമതും രാവിലെ ഭക്ഷണത്തിനു മുമ്പ് നാലാമതും ഉച്ചഭക്ഷണത്തിനുമുമ്പ് അഞ്ചാമതും സായംസന്ധ്യയില്‍ ആറാമതും രാത്രിഭക്ഷണത്തിനു മുമ്പ് ഏഴാമതും ശരണഘോഷം മുഴക്കുമ്പോള്‍ ഒരു സ്വാമി ഒരു ദിവസം 35 പ്രാവശ്യം ചുരുങ്ങിയ നിലയില്‍ ശരണം വിളിക്കും. ശബരിമല എന്ന കേന്ദ്രബിന്ദുവിനെ മനസ്സിലുറപ്പിച്ചാണ് ഈ ശരണം വിളി തുടരുന്നത്. 65 ദിവസം നീണ്ടുനില്‍ക്കുന്ന ഈ കാലയളവില്‍ ഒരാള്‍ ശരണഘോഷം മുഴക്കുന്നത് 65ഃ35 എന്നു കരുതിയാല്‍ പോലും ദശലക്ഷക്കണക്കിനു തീര്‍ത്ഥാടകര്‍ ‘സ്വാമിയെ ശരണമയ്യപ്പ’ എന്ന മന്ത്രം മുഴക്കുന്നു. ഈ നവാക്ഷരീമന്ത്രം ഏതാപത്തിനെയും തടയാന്‍ കഴിയുന്ന ഒരു കവചം അയ്യപ്പന്മാര്‍ക്ക് നല്‍കുന്നു എന്ന് നിസ്സംശയം പറയാം.
അക്ഷരലക്ഷം ഉരുക്കഴിക്കുന്നത് അതിതീവ്ര ശക്തിസ്രോതസ്സായിമാറും, അതുതന്നെയാണ് ശബരിമലയുടെ പ്രസക്തിയായി മാറുന്നത്. ശിരസ്സില്‍ ഇരുമുടിയേന്തിയ ഭക്തനുമാത്രമേ പതിനെട്ടാം പടിയില്‍ പ്രവേശനമുള്ളൂ. സത്യധര്‍മ്മങ്ങളുടെയും ജ്ഞാനത്തിന്റേയും മൂര്‍ത്തിമദ്ഭാവമാണ് പൊന്നുപതിനെട്ടാം തൃപ്പടി. പഞ്ചലോഹത്താല്‍ ആവരണം ചെയ്തിരിക്കുന്ന ഈ പടി പതിനെട്ടും ഒറ്റക്കല്ലില്‍ തീര്‍ത്തതാണെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. ‘ഭൂതനാഥസര്‍വ്വസ്വം’ എന്ന ഗ്രന്ഥത്തില്‍ ഇതു സംബന്ധമായ വിശദീകരണമുണ്ട്.
ഇരുമുടി എന്ന പള്ളിക്കെട്ടിന് രണ്ടുഭാഗങ്ങളുണ്ട്. മുന്‍കെട്ടില്‍ ഈശ്വര സമര്‍പ്പണത്തിനുള്ളവമാത്രവും പിന്‍കെട്ടില്‍ വ്യക്ത്യധിഷ്ഠിതമായ ആവശ്യങ്ങള്‍ക്കുള്ളവയും. മുന്‍കെട്ടില്‍ മൂന്നു ചെറുസഞ്ചികളിലായി ദേവസമര്‍പ്പണത്തിനുള്ള വസ്തുക്കള്‍ പ്രത്യേകം പ്രത്യേകം തയ്യാറാക്കുന്നു. പ്രഥമ സഞ്ചിയില്‍ അവില്‍, മലര്‍, ശര്‍ക്കര, കല്‍ക്കണ്ടം, മുന്തിരി എന്നിവ കന്നിമൂല ഗണപതി ഭഗവാന് എന്ന സങ്കല്പത്തോടെയും രണ്ടാമതു സഞ്ചിയില്‍ പ്രധാനമായി ഉണക്കലരി, ശര്‍ക്കര, കദളിപ്പഴം, കല്‍ക്കണ്ടം, മുന്തിരി എന്നിവയോടൊപ്പം ഒരു നാളികേരത്തില്‍ (മുദ്ര) അതിലെ ജലം പൂര്‍ണ്ണമായും ഒഴിവാക്കി അതില്‍ നറുനെയ് നിറച്ച് കോര്‍ക്കുകൊണ്ടടച്ച് പപ്പടത്താല്‍ സീല്‍ ചെയ്ത് ആയത് ഉള്‍പ്പെടുന്ന രണ്ടാമതു സഞ്ചിയും, മൂന്നാമത്തേതില്‍ ഒന്നില്‍ കൂടുതല്‍ വെറ്റിലകള്‍ ചുരുട്ടിയതും മുറിക്കാത്ത ഒരു പഴുക്കയും മഞ്ഞള്‍ പൊടിയും ദേവീ സങ്കല്പത്തിലും എടുക്കണം. ഈ വസ്തുക്കളും ഒരു നാളികേരവുമാണ് മുന്‍കെട്ടില്‍ ഉണ്ടാവുക. പിന്‍കെട്ടില്‍ രണ്ടുനാളികേരം, അരി, കര്‍പ്പൂരം, സാമ്പ്രാണി, ഭസ്മം തുടങ്ങി കിടക്കാനുള്ള പായ ചുരുട്ടിക്കെട്ടിയതുവരെ ബന്ധിക്കുന്നു. കെട്ടുനിറച്ചുയാത്ര പുറപ്പെടുന്നതിനു മുന്‍പ് ഒരു നാളികേരം വിളക്കിനു മുന്‍പില്‍ സ്ഥാപിച്ചിരിക്കുന്ന കല്ലില്‍ ബലി നല്‍കി യാത്ര ആരംഭിക്കണം. തുടര്‍ന്ന് ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന താവളമായ ഏരുമേലിയില്‍ എത്തി പേട്ട കെട്ടി എരുമേലി ക്ഷേത്രദര്‍ശനത്തിനു ശേഷം കാനനപാതയിലൂടെ തീര്‍ത്ഥയാത്ര തുടരണം.
തുടര്‍ന്ന് കാളകെട്ടിയില്‍ എത്തുന്നു. അവിടെ നിന്നും അഴുതാനദിയില്‍ ഇറങ്ങി സ്‌നാനം കഴിഞ്ഞ് കല്ലുമെടുത്ത് പ്രസ്തരകുന്നിലേക്ക്. പ്രസ്തരകുന്നില്‍ (കല്ലിടാംകുന്നില്‍) കല്ലു സമര്‍പ്പിച്ച് കരിമലയിലേക്ക്. കരിമല ഏറ്റം കഠിനം തന്നെ. കരിമല ഏറി കുളവും കിണറും ദര്‍ശിച്ച് കരിമല ഭഗവതിയെ തൊഴുത് നിരവധി തീര്‍ത്ഥസ്‌നാനങ്ങള്‍ പിന്നിട്ട് കരിമല ഇറക്കം അവസാനിക്കുന്നത് വലിയാനത്താവളം.
വലിയാനത്താവളം ആണ് യഥാര്‍ത്ഥ പമ്പാ സംഗമം അഥവാ ത്രിവേണീ സംഗമം. കല്ലാറും കക്കട്ടാറും പമ്പയില്‍ സംഗമിക്കുന്ന സ്ഥലമാണ് ത്രിവേണീ സംഗമം. പമ്പയില്‍ സ്‌നാനം, പിതൃതര്‍പ്പണം, പമ്പാസദ്യ തുടര്‍ന്ന് സന്നിധാനത്തേക്ക്. പമ്പയില്‍ ഗണപതി ഭഗവാന്‍, ദേവീസാന്നിദ്ധ്യം, ശ്രീരാമലക്ഷ്മണന്മാര്‍ ഹനുമത് ക്ഷേത്രം ഇവയിലെ ദര്‍ശനശേഷം യാത്ര തുടരണം. നീലിമല കയറാന്‍ ആരംഭിക്കുന്നു. നീലിമല നിരപ്പില്‍ ഇടതും വലതും ഭാഗങ്ങളില്‍ അഗാധഗര്‍ത്തങ്ങള്‍. അപ്പാച്ചിക്കുഴിയെന്നും ഇപ്പാച്ചിക്കുഴിയെന്നും പ്രസിദ്ധങ്ങളും അരിയുണ്ട വഴിപാടായി സമര്‍പ്പിക്കുന്നതും ഇവിടെയാണ്. അപ്പാച്ചിമേട് എന്നു ഖ്യാതിയുള്ള സ്ഥലമാണിത്. അവിടെ നിന്നും എത്തിച്ചേരുന്നത് ശബരിപീഠത്തിലേക്കാണ്. രാമായണ കാലഘട്ടത്തോളം പഴക്കമേറിയ സ്ഥലം. ശബരിമാതാവില്‍ നിന്നാണ് ഈ പവിത്ര ഭൂമിക്ക് ശബരിമല എന്ന നാമം തന്നെ ലഭിച്ചത്. ശബരിപീഠത്തില്‍ നാളികേരം ബലി നല്‍കി കര്‍പ്പൂരം കത്തിച്ച് അവിടെ നിന്നും മരക്കൂട്ടം താണ്ടി പരമ്പരാഗത പാതവഴി നാം എത്തിച്ചേരുന്നത് ശരംകുത്തിയാല്‍ ചുവട്ടിലാണ്. എരുമേലി പേട്ട തുള്ളിയതിനുശേഷം അവിടെ നിന്നും നാം കൊണ്ടുപോരുന്ന ശരക്കോല്‍ സമര്‍പ്പിക്കുന്നത് ഇവിടെയാണ്. ഇവിടെ മുതല്‍ നമുക്ക് സന്നിധാനത്തു നിന്നുമുള്ള വെടി വഴിപാടിന്റെ ശബ്ദം കേള്‍ക്കാം. വീണ്ടും മുന്നോട്ടേക്കുള്ള പ്രയാണത്തില്‍ സ്വാമിമാര്‍ എത്തിച്ചേരുന്നത് വലിയ നടപ്പന്തലിലേക്കാണ്. വലിയ നടപ്പന്തലില്‍ നിന്നും അഗ്നികുണ്ഡത്തിന്റെ സമീപത്തുകൂടി പൊന്നും പതിനെട്ടാം പടിക്കു മുന്‍പില്‍ എത്തിച്ചേരുന്നു. തീര്‍ത്ഥാടകന്റെ ലക്ഷ്യം സത്യമായ പൊന്നും പതിനെട്ടാം പടി ഭക്ത്യാദരപൂര്‍വ്വം കയറുക എന്നുള്ളതാണ്.
പതിനെട്ടാം പടി കയറി ഭഗവല്‍ സന്നിധിയില്‍ എത്തി ഒരുനോക്ക് ഭഗവത് ദര്‍ശനം ലഭിച്ചുകഴിയുമ്പോള്‍ അതുവരെ അനുഭവിച്ച യാത്രാക്ലേശങ്ങളും വിഷമതകളും എല്ലാം മറക്കുന്നു. സമത്വഭാവനയോടെ യാതൊരു ഉച്ചനീചത്വങ്ങളും ഇല്ലാതെ എല്ലാവരും ഒന്ന് എന്നു കാണുന്ന ‘വസുധൈവ കുടുംബകം’ എന്ന സനാതനധര്‍മ്മ സന്ദേശം പ്രത്യക്ഷത്തില്‍ നമുക്ക് ബോധ്യപ്പെടുന്നത് ശബരീശ സന്നിധിയില്‍ മാത്രമാണ്.
നമ്പൂതിരി മുതല്‍ നായാടിവരെ ഭേദചിന്തകള്‍ ത്യജിച്ച് നടത്തുന്ന ഈ തീര്‍ത്ഥാടനം അട്ടിമറിക്കാന്‍ ഏറെ നാളുകളായി കുത്സിത ബുദ്ധിയോടെ ഭരണകര്‍ത്താക്കളുള്‍പ്പെടെ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. അയ്യപ്പ സ്വാമിയുടെ മുന്‍പില്‍ ഏവര്‍ക്കും ലഭിക്കുന്ന സമത്വ സാഹോദര്യഭാവബോധം തങ്ങളുടെ കുത്സിത ബുദ്ധിക്കു വിപരീഫലം ഉണ്ടാക്കുന്നു എന്നു ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ശബരിമലക്ഷേത്രം തകര്‍ക്കാന്‍ നടത്തിയ ഗൂഢാലോചനയുടെ പരിണത ഫലമാണ് 1950-51ലെ ശബരിമല തീവെയ്പ്. ക്ഷേത്രം തീവെച്ചു നശിപ്പിച്ചു എന്നു മാത്രമല്ല വിഗ്രഹം പല കഷണങ്ങളായി തകര്‍ക്കുകയും ചെയ്തു. 1951ലാണ് ഇതുസംഭവിച്ചത്. ഇതോടെ ശബരിമല തീര്‍ന്നു എന്ന് വിശ്വസിച്ചവരെ ഞെട്ടിച്ചുകൊണ്ട് ശബരിമല ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേറ്റു, ശബരിമലയുടെ പ്രശസ്തി ലോകവ്യാപകമായി. ഈ നിഷ്ഠൂരസംഭവത്തെകുറിച്ച് അന്വേഷിച്ച് സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിച്ച, പോലീസ് സേനയില്‍ ഡിഐജിയായിരുന്ന കേശവമേനോന്റെ റിപ്പോര്‍ട്ട് ഇന്നും വെളിച്ചം കാണാതെ സെക്രട്ടറിയേറ്റില്‍ നിതാന്ത നിദ്രയിലാണ്.
ലോകത്തിലാദ്യമായി കമ്മ്യൂണിസം ബാലറ്റുയുദ്ധത്തിലൂടെ ഒരു സംസ്ഥാനത്ത് ഭരണത്തിലേറിയതും കേരളത്തിലാണ്. അതിനു കമ്മ്യൂണിസ്റ്റുകാരെ സഹായിച്ചത് അയ്യപ്പനോട് ജനങ്ങള്‍ക്കുണ്ടായിരുന്ന അദമ്യമായ വിശ്വാസമായിരുന്നു. ശബരിമല തീവെച്ചു നശിപ്പിച്ച ദുഷ്ടശക്തികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുമെന്ന വാഗ്ദാനത്തിലൂടെയാണ് അന്ന് കമ്മ്യൂണിസ്റ്റുകാര്‍ വിജയിച്ചത്.
കേരളത്തില്‍ പതിനെട്ടുമലകള്‍ ചുഴന്നു നില്‍ക്കുന്ന ശബരിമല അയ്യപ്പസ്വാമി വിശ്വരക്ഷകനാണ്. കലിയുഗവരദനാണ്. ഇരുമുടിയുമായി പതിനെട്ടാം പടിക്കു മുമ്പില്‍ എത്തുന്ന ഓരോ സ്വാമിമാരും തങ്ങള്‍ കൊണ്ടുവന്ന ഇരുമുടിക്കൊപ്പമുള്ള ഒരു നാളികേരം പതിനെട്ടാം പടിയില്‍ ബലി നല്‍കണം. അതോടെ നമ്മുടെ ഓരോരുത്തരുടെയും ഉള്ളില്‍ ഉണ്ടായിരുന്ന ‘ഞാനെന്നഭാവം’ അഹങ്കാരം ത്യജിച്ചിരിക്കുന്നു എന്നു മനസ്സിലാക്കുക. തുടര്‍ന്നു പതിനെട്ടാം പടി ഏറ്റം ആരംഭിക്കാം. ഓങ്കാരപ്പൊരുളായ സാക്ഷാല്‍ അയ്യപ്പ സ്വാമിയുടെ തിരുമുമ്പിലേക്കാണ് ഈ പതിനെട്ടുപടികള്‍ തരണം ചെയ്തു നാം എത്തുന്നതെന്നുള്ള ബോധ്യം ഓരോരുത്തരിലും ഉണ്ടാവണം.
അവരവരെതന്നെ ഭഗവാനില്‍ സമര്‍പ്പിച്ച് വലതുകാല്‍ വച്ച് പടി കയറാന്‍ ആരംഭിക്കുക. പഞ്ചഭൂതാത്മകമാണ് ശരീരം. അതില്‍ പഞ്ചേന്ദ്രിയങ്ങളും ജഞാനേന്ദ്രിയങ്ങളും പഞ്ചപ്രാണങ്ങളും തുടങ്ങി അഷ്ടവൈരികളും ത്രിഗുണങ്ങളും വിദ്യാ അവിദ്യാ ബോധ്യവും വന്നപ്പോള്‍ അത്ഭുതസ്തബ്ധനായി ഞാന്‍ ഈ കാണുന്ന ശരീരമല്ല എന്ന പരമാര്‍ത്ഥ ബോധമുണ്ടാവുന്നു. താന്‍ കേവലം ജീവാത്മാവ് മാത്രമാണെന്നും തന്റെ പരമമായ ലക്ഷ്യം പരമാത്മാവില്‍ വിലയം പ്രാപിക്കുക എന്നുള്ളതാണെന്നും ബോദ്ധ്യപ്പെടും. ഈ ബോധ്യം നമ്മളില്‍ രൂഢമൂലമാക്കുന്നതാണ് ശബരിമല യാത്ര.
കണ്ണ്, മൂക്ക്, നാക്ക്, ത്വക്ക്, ശ്രോത്രം ഇവയാണ് പഞ്ചേന്ദ്രിയങ്ങള്‍. ഇവയുടെ പ്രവര്‍ത്തനം യഥാക്രമം കാഴ്ച, ഗന്ധം, സ്വാദ്, സ്പര്‍ശം, ശ്രവണം ഇവയാണ്. ഇവ അനിയന്ത്രിതമാണെങ്കില്‍ നാം നാശത്തിലേക്ക് പതിക്കും എന്ന കാര്യത്തില്‍ സംശയംവേണ്ട. അതുകൊണ്ടുതന്നെ സാധകന്‍ നന്മതിന്മകള്‍ വേര്‍തിരിച്ചറിയാനുള്ള വിവേകബുദ്ധി ആര്‍ജ്ജിക്കണം. ആ ബോധ്യത്തോടെ വേണം ആദ്യത്തെ 5 പടികള്‍ കയറാന്‍. അടുത്ത 8 പടികള്‍ നമ്മുടെ ഉള്ളില്‍ തന്നെയുള്ള അഷ്ടവൈരികളാണ്. 8 ശത്രുക്കള്‍ ഓരോരുത്തരിലുമുണ്ട്. നമ്മെ തകര്‍ത്തു തരിപ്പണമാക്കുന്ന ഈ ശത്രുക്കളെ നാം ജയിച്ചേ പറ്റൂ. കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, അഹങ്കാരം, ഡംഭം. ഏതു ബുദ്ധിമാനേയും നാശത്തിന്റെ അഗാധഗര്‍ത്തത്തിലേക്ക് തള്ളിവിടുന്നത് ഈ ശത്രുക്കളാണ്. ഇവയെല്ലാം ഏകോപിപ്പിക്കുന്നത് ഒന്നില്‍ നിന്നാണ് ‘കാമ’ത്തില്‍ നിന്നാണ്.
അന്യവസ്തുക്കളില്‍ കാംക്ഷ പൂണ്ടിട്ടഥ
കൊണ്ടുവാ കൊണ്ടുവാ എന്നു ജല്പിക്കുന്ന
മനസ്സാണ് തകര്‍ച്ചക്കും നാശത്തിനുമുള്ള മുഖ്യകാരണം. ഇവയെ ജയിച്ചാല്‍ 5 പടികള്‍ ഉള്‍പ്പെടെ 13 പടികള്‍ നാം തരണം ചെയ്തു. അടുത്ത 3 പടികള്‍ ത്രിഗുണങ്ങളെ പ്രതിനിധീകരിക്കുന്നു. താമസം, രാജസം, സാത്വികം. താമസ ഭാവേന നടന്നയാള്‍ വ്രതധാരണത്തോടെ, സമൂല പരിവര്‍ത്തനത്തിനു തയ്യാറായി മലയാത്ര കഴിഞ്ഞ് വന്നിട്ടും വ്രതധാരണക്കാലത്ത് ജീവിച്ചിരുന്നതുപോലെ ആചാരാനുഷ്ഠാനങ്ങള്‍ തുടരുമ്പോള്‍ ആ വ്യക്തി സാത്വികഭാവത്തിലേക്ക് ഉയര്‍ന്നിരിക്കുന്നു എന്നു മനസ്സിലാക്കാം. ഇനി ശേഷിക്കുന്നത് രണ്ടു പടികള്‍ മാത്രം. അവ 17, 18 പടികള്‍; വിദ്യ, അവിദ്യ. ഭൗതികവിദ്യാഭ്യാസ സമ്പാദനത്തിലൂടെ നേടിയതു മുഴുവന്‍ യഥാര്‍ത്ഥ്യമുള്ളതാണെന്നും, ആത്യന്തികമായി താന്‍ എന്നത് ഇക്കാണുന്ന സ്ഥൂലശരീരമാണെന്നും കരുതിയിരിക്കുമ്പോള്‍ 18-ാമതു പടിയിലെത്തിയപ്പോള്‍ ഇതുവരെ നേടിയതു മുഴുവന്‍ നശ്വരമായതാണെന്നും, ശ്രേഷ്ഠമാണ് എന്നു താന്‍ വിശ്വസിച്ചിരുന്ന ശരീരവും മിഥ്യയാണെന്നും ബോധ്യമാവുകയും താന്‍ അന്വേഷിച്ചു വന്നത് തന്റെ തന്നെ ഉള്ളിലുള്ള ചൈതന്യത്തെയാണെന്നും ആയത് ജീവാത്മാവ് എന്ന സംജ്ഞയില്‍ പരമാത്മാവിന്റെ പ്രതിരൂപമാണെന്നും, ശബരിമല യാത്ര എന്ന പവിത്രമായ പ്രവൃത്തിയിലൂടെ പരമാത്മചൈതന്യദര്‍ശനമാണ് പൂര്‍ത്തീകരിക്കപ്പെടുന്നതെന്നും തീര്‍ത്ഥാടകന് ബോധ്യം വരുന്ന മംഗള മുഹൂര്‍ത്തമാണ് 18-ാം പടി ഏറുന്നതിലൂടെ നമുക്ക് കരഗതമാവുന്നത്. ഓങ്കാരപ്പൊരുളായ പരമാത്മചൈതന്യമാണ് എന്നു ഭഗവാന്‍ നമ്മെ ബോദ്ധ്യപ്പെടുത്തുന്നത് ഒരേ ഒരു വാക്യത്തിലൂടെയാണ് ‘തത്ത്വമസി.’ സാമവേദവുമായി ബന്ധപ്പെട്ടുള്ള ഛാന്ദോഗ്യോപനിഷത്തില്‍ ഏറെ പ്രാവശ്യം ഉപയോഗിച്ചിട്ടുള്ള മഹാവാക്യമാണ് തത്ത്വമസി. ഇതിനെ മൂന്നായി അന്വയിക്കാം. തത്+ത്വം+അസി=തത്ത്വമസി. അത് നീ തന്നെ. ഓരോ മനുഷ്യനിലും ഉള്‍ക്കൊള്ളുന്ന ചൈതന്യവത്തായ സ്വരൂപത്തെ നമുക്ക് ജീവാത്മാവെന്നു വിളിക്കാം. അനശ്വരമായ എന്തെങ്കിലും ശേഷിക്കുന്നെങ്കില്‍ ആ വസ്തുവാണ് പരമാത്മാ അഥവാ പരബ്രഹ്‌മം.
പതിനെട്ടു പടികള്‍ കയറി തത്ത്വമസിയുടെ സവിധത്തില്‍ നാം എത്തുന്നു. ശിരസ്സില്‍ ധരിച്ചിരുന്ന ഇരുമുടിയോടുകൂടി ഭഗവല്‍ സന്നിധിയില്‍ ചെന്നു കണ്‍കുളിര്‍ക്കെ ദര്‍ശനം ലഭിക്കും. ഈശ്വരാര്‍പ്പണത്തിനുള്ള സാധനങ്ങള്‍ ഒന്നൊന്നായി യഥാവിധി സമര്‍പ്പിക്കണം. നെയ്മുദ്ര ഉടച്ചു നാളികേരത്തിലുണ്ടായിരുന്ന നെയ് അഭിഷേകത്തിനായി അയ്യപ്പസന്നിധിയില്‍ സമര്‍പ്പിക്കണം. നാളികേരം, ചിരട്ട, ചിരട്ടക്കകത്ത് കാമ്പ്; സ്വാദേറിയ ജലം. ജലം പുറത്തുകളഞ്ഞു. തുടര്‍ന്ന് നാളികേരത്തില്‍ നെയ്‌നിറച്ചു. നാളികേരം എന്ന ഭൗതികശരീരത്തില്‍ നറുനെയ്. ജീവാത്മാവ് അഥവാ ചൈതന്യം പരമാവില്‍ ലയിക്കുന്ന പ്രക്രിയയാണ് യഥാര്‍ത്ഥത്തില്‍ നെയ്യഭിഷേകത്തിലൂടെ സംജാതമാകുന്നത്. ശേഷിക്കുന്ന ഭൗതികശരീര തുല്യമായ തേങ്ങാമുറികള്‍ അഗ്നിയില്‍ സമര്‍പ്പിക്കപ്പെടുമ്പോള്‍ സ്ഥൂലശരീര ദഹനം തന്നെയാണ് അവിടെ സംഭവിക്കുന്നത്. ശബരിമല തീര്‍ത്ഥയാത്രയിലൂടെ തീര്‍ത്ഥാടകന് ലഭിക്കുന്നത് ജീവാത്മാപരമാത്മാലയനം അഥവാ ഈശ്വര സാക്ഷാത്ക്കാരം തന്നെയാണ്.