കേസരി വാരികയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന അമൃതശതം പ്രഭാഷണ പരമ്പരയില്‍ ഒക്‌ടോബര്‍ 7ന് ‘രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സംഘടനാ ശാസ്ത്രം’ എന്ന വിഷയത്തെകുറിച്ച് പൂജനീയ സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് നടത്തിയ പ്രഭാഷണം (തുടര്‍ച്ച).
പരിഭാഷ: ഷാബുപ്രസാദ്
എങ്ങനെയാണ് ഒരു മനുഷ്യനെ മികച്ചവനാക്കി നിര്‍മ്മിച്ചെടുക്കുക എന്നതാണല്ലോ നാം പറഞ്ഞുകൊണ്ടിരുന്നത്. എന്തൊക്കെ വ്യത്യാസവും വ്യത്യസ്തകളും ഉണ്ടെങ്കിലും സംഘത്തില്‍ എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നു, ഒന്നിച്ച് ഭക്ഷണം കഴിക്കുന്നു, കളിക്കുന്നു, യാത്ര ചെയ്യുന്നു, ശാഖകളില്‍ പങ്കെടുക്കുന്നു. ഇതിലൂടെയൊക്കെ പരസ്പരം നിരീക്ഷിക്കുകയും ഹൃദയബന്ധം വളരുകയും ചെയ്യുന്നു. അവിടെ ഞങ്ങളും നിങ്ങളുമില്ല. നമ്മളെല്ലാം സ്വയംസേവകര്‍ മാത്രമാണ്. ഞാന്‍ സര്‍സംഘചാലകന്‍ ആണെങ്കിലും പ്രാഥമികമായി ഒരു സ്വയംസേവകനാണ്. സംഘത്തില്‍ സ്ഥിരമായുള്ള അവസ്ഥ അത് മാത്രമാണ്. സര്‍സംഘചാലകന്‍ അടക്കം എല്ലാ ചുമതലകളും നിരന്തരം മാറിക്കൊണ്ടിരിക്കും. എന്നാല്‍ ഒരു വ്യക്തി സ്വയംസേവകനായിക്കഴിഞ്ഞാല്‍ അതൊരിക്കലും മാറില്ല.
അതായത് ഒരു വ്യക്തി സ്വയംസേവകനായി മാറുന്ന പ്രക്രിയയില്‍ അയാള്‍ പോലുമറിയാതെ എല്ലാ കാര്യങ്ങളും അയാള്‍ പഠിക്കുന്നു. വളരെ വൈകാരികമായ ഈ പരിവര്‍ത്തനത്തിനിടയില്‍ അവരില്‍ ഒന്നും തന്നെ നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കാറില്ല. പകരം തെരഞ്ഞെടുക്കാനുള്ള അവസരം അവര്‍ക്ക് കൊടുക്കുകയാണ്. ഭഗവദ്ഗീതയില്‍ ഭഗവാന്‍ അര്‍ജ്ജുനനോട് പറയുന്നത് ഇങ്ങനെയാണ്. ഞാന്‍ നിനക്ക് എല്ലാം ഉപദേശിച്ചു തന്നു. ഇനി എന്ത് വേണമെന്ന് നീ തെരഞ്ഞെടുക്കുക. ഇത് തന്നെയാണ് സംഘത്തിന്റെയും സമീപനം. സംഘം അവസരങ്ങള്‍ നല്‍കുന്നു, ആവശ്യമുള്ളവര്‍ക്ക് അത് സ്വീകരിക്കാം. ഞങ്ങള്‍ തൊപ്പികള്‍ അന്തരീക്ഷത്തിലേക്ക് എറിയുന്നു. ചിലര്‍ക്ക് അത് ലഭിക്കുന്നു ചിലര്‍ക്ക് ലഭിക്കുന്നില്ല. പക്ഷെ ഞങ്ങള്‍ക്ക് അതില്‍ ഒരു ആശങ്കയുമില്ല. ഞങ്ങള്‍ തെരഞ്ഞെടുക്കാനും നിരാകരിക്കാനുമുള്ള അവസരമാണ് നല്‍കുന്നത്. ഇതിലൊന്നും യാതൊരു ആശങ്കയുമില്ലാതെ ഈ സമൂഹത്തിനെ സേവിക്കാന്‍ വേണ്ടി സംഘം എപ്പോഴും ഇവിടെയുണ്ടാകും.
നഗരങ്ങളില്‍ നീന്തല്‍ക്കുളങ്ങളും നീന്തല്‍ പരിശീലന കേന്ദ്രങ്ങളും ഉണ്ടാകും. എന്നാല്‍ ഗ്രാമങ്ങളില്‍ ഒരു പരിശീലനവും ഉണ്ടാകില്ല. അവിടെ വെറും വിനോദത്തിനു വേണ്ടി ആള്‍ക്കാര്‍ പുഴകളിലും കുളങ്ങളിലും നീന്തുന്നു. നീന്തല്‍ കാണാന്‍ വരുന്നവരെ ആരെങ്കിലും വെള്ളത്തിലേക്ക് തള്ളിയിടും. അവര്‍ മുങ്ങിപ്പോകാന്‍ ആരും അനുവദിക്കില്ല, പക്ഷെ അവര്‍ തന്നത്താന്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കാനും നീന്താനും പഠിക്കണം. ഇതാണ് ഞങ്ങള്‍ അനുവര്‍ത്തിക്കുന്ന സ്വാഭാവികമായ വ്യക്തിനിര്‍മ്മാണ പ്രക്രിയയും.
നിങ്ങള്‍ ചോദിക്കുന്നത് സംഘത്തിന്റെ സംഘടനാ ശാസ്ത്രമാണ്. ഇതില്‍ എത്ര ശാസ്ത്രമുണ്ടന്ന് എനിക്കറിയില്ല. പക്ഷെ ഇത് നന്നായി പ്രവര്‍ത്തിക്കുന്നു, ഫലവും ലഭിക്കുന്നു. ഈ പ്രക്രിയ അവസാനിക്കാതെ, ജീവിതാവസാനം വരെ തുടരുകയാണ്. കാരണം ആരും പൂര്‍ണ്ണരല്ല. പൂര്‍ണ്ണത എന്നത് ചക്രവാളത്തോളം അകലെയാണ്. പ്രവര്‍ത്തിക്കുക, പഠിക്കുക, എന്നത് അനുസ്യൂതമായ പ്രക്രിയയാണ്. പഠിപ്പിക്കുമ്പോള്‍ പോലും പഠിക്കുക എന്നതാണത്.അധ്യാപകരില്‍നിന്ന്, വിദ്യാര്‍ത്ഥികളില്‍ നിന്ന്, അപരിചിതരില്‍ നിന്ന് അങ്ങനെ എന്തിലും ഏതിലും നിന്ന് പഠിക്കുകയും പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുക എന്നത് വളരെ പ്രധാനമാണ്. ഈ പഠനത്തിന് അവസാനമില്ല, പരിമിതികളുമില്ല. അങ്ങനെ പൂര്‍ണ്ണതയിലെത്തുന്നത് വരെ പഠിക്കുക, ഈ ജന്മത്തില്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത ജന്മത്തില്‍.
ഇക്കാര്യങ്ങളിലൊക്കെ നമ്മുടെ മാതൃക എന്താണ്? നമ്മുടെ പുരാതന ഋഷിപരമ്പരകള്‍ മുതല്‍ ഡോ.ഹെഡ്‌ഗേവാര്‍ വരെ മാതൃകകളായി നമ്മുടെ മുമ്പിലുണ്ട്. എങ്കിലും യഥാര്‍ത്ഥ മാതൃകകള്‍ എന്നത് ആദര്‍ശം തന്നെയാണ്. വ്യക്തികളെ ഒഴിവാക്കി ഭഗവധ്വജത്തെ സംഘം ഗുരുവായി സ്വീകരിച്ചിരിക്കുന്നത് അതുകൊണ്ടാണ്. ഡോക്ടര്‍ജിക്ക് സ്വയം സംഘത്തിന്റെ ഗുരുവായി വാഴാമായിരുന്നു, എല്ലാ സ്വയംസേവകര്‍ക്കും അദ്ദേഹം ആരാധ്യനായിരുന്നു. ഇന്നും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ഞങ്ങള്‍ക്കെല്ലാം ആരാധ്യവുമാണ്. ആദ്യ ഗുരുദക്ഷിണ ദിനത്തില്‍ എല്ലാ സ്വയംസേവകരും കരുതിയത് തങ്ങള്‍ ഡോക്ടര്‍ജിക്കാണ് ഗുരുദക്ഷിണ അര്‍പ്പിക്കുന്നത് എന്നാണ്. എന്നാല്‍ ഡോക്ടര്‍ജി പറഞ്ഞത് നമ്മുടെ ഗുരു ഭഗവധ്വജമാണ്, ദക്ഷിണ അര്‍പ്പിക്കേണ്ടത് അവിടെയാണ് എന്നാണ്. ഇങ്ങനെയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്, ഇങ്ങനെയാണ് സംഘം സ്വയംപര്യാപ്തമായത്. ഇങ്ങനെയാണ് സംഘം കാര്യകര്‍ത്താക്കളെ സൃഷ്ടിച്ചത്.
സംഘപ്രവര്‍ത്തനത്തിനു വേണ്ടി ഞങ്ങള്‍ ഒരു നയാപൈസ പോലും പുറത്തു നിന്ന് സ്വീകരിക്കില്ല. സ്വയംസേവകര്‍ വര്‍ഷത്തിലൊരിക്കല്‍ ചെയ്യുന്ന ദക്ഷിണയില്‍ നിന്നാണ് സംഘം അത് കണ്ടെത്തുന്നത്. ചിലപ്പോള്‍ സംഘത്തിന് സാമ്പത്തിക ഞെരുക്കം ഉണ്ടാകാറുണ്ട്. പക്ഷേ ഞങ്ങള്‍ അത് മാനേജ് ചെയ്യുന്നു. ആവശ്യത്തില്‍ കൂടുതല്‍ പണമുണ്ടായാലും പ്രശ്‌നമാണല്ലോ. സേവനപ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ സമാജം എന്നും ഒപ്പമുണ്ട്. സ്വയംസേവകര്‍ സമയം കൊണ്ടും പണം കൊണ്ടുമൊക്കെ സമാജകാര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ സമാജം അവരുടെ ഒപ്പം നില്‍ക്കുന്നു. പക്ഷേ സംഘം പ്രവര്‍ത്തിക്കുന്നത് മറ്റൊന്നിന്റേയും സഹായമില്ലാതെ സ്വയമാണ്. അതുകൊണ്ട് ഞങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും സംസാരിക്കാനും കഴിയുന്നു. ഞങ്ങള്‍ക്ക് സംസാരിക്കാനും സംസാരിക്കാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്. കാരണം ഞങ്ങള്‍ പ്രശസ്തിക്ക് പിന്നാലെ പോകാറില്ല. ഞങ്ങള്‍ക്ക് അതാവശ്യവുമില്ല. ഒന്നിനെയും ഭയപ്പെടാതെ മാനവരാശിക്കും, രാഷ്ട്രത്തിനും, വ്യക്തികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ സംഘത്തിന് കഴിയുന്നത് അതുകൊണ്ടാണ്.
ഓരോ സ്വയംസേവകന്റെയും ചിന്ത സംഘത്തെ എങ്ങനെയൊക്കെ സേവിക്കാം എന്നാണെങ്കില്‍ സംഘത്തിന്റെ ചിന്ത ഓരോ സ്വയംസേവകനെയും എങ്ങനെ വളര്‍ത്താം എന്നാണ്. സംഘത്തിന്റെ ഒരു ക്യാമ്പില്‍ വെച്ച് ഒരു ഗടനായകനോട് സര്‍സംഘചാലകന്‍ ചോദിച്ചു, താങ്കളുടെ ഗടയില്‍ എത്ര സ്വയംസേവകര്‍ ഉണ്ട് എന്ന്. ഒരു ഇരുപത് ഇരുപത്തഞ്ച് എന്ന് അയാള്‍ മറുപടി പറഞ്ഞു. സര്‍സംഘചാലകന്‍ പറഞ്ഞു, നോക്കൂ ഇവര്‍ ഓരോരുത്തരും വ്യക്തികളാണ് ഉരുളക്കിഴങ്ങോ തക്കാളിയോ അല്ല. ഇരുപത് അല്ലെങ്കില്‍ ഇരുപത്തഞ്ച് എന്ന് വ്യക്തത ഉണ്ടാകണം. കാരണം ഓരോ വ്യക്തിയും നമുക്ക് പ്രധാനമാണ്. അതായത് ഓരോ സ്വയംസേവകനെയും തുല്യ പ്രാധാന്യത്തോടെ പരിഗണിച്ചാല്‍ മാത്രമേ നാം നേരിടുന്ന പ്രശ്‌നങ്ങളെ ശരിയായ രീതിയില്‍ അഭിമുഖീകരിക്കാന്‍ നമുക്ക് കഴിയുകയുള്ളൂ. കൊച്ചു കുട്ടികള്‍ ശാഖയില്‍ വരാറുണ്ട്, അവരെയും വ്യക്തികളായിത്തന്നെ ആണ് കണക്കാക്കുന്നത്. ആരെങ്കിലും വന്നില്ലെങ്കില്‍ അയാളുടെ വീട്ടില്‍ അന്വേഷിച്ച് പോകും. അയാള്‍ സംഘത്തിന് കൃത്യമായ സംഭാവന ഒന്നും നല്കുന്നുണ്ടാകില്ല, പക്ഷെ ഒരു വ്യക്തി എന്ന നിലയില്‍ ഞങ്ങള്‍ അയാളെ പ്രാധാന്യത്തോടെ കാണുന്നു. അതായത് ഒരാള്‍ എല്ലാവര്‍ക്കും വേണ്ടിയും എല്ലാവരും ഒരാള്‍ക്കുവേണ്ടിയും എന്ന സമവാക്യമാണത്.
ഒരു ചുമതലയിലേക്ക് ഒരാളെ നിശ്ചയിക്കുമ്പോള്‍ അയാളുടെ ആദ്യ പ്രതികരണം എന്നേക്കാള്‍ യോഗ്യതയുള്ള മറ്റെയാള്‍ അല്ലേ നല്ലത് എന്നാണ്. എല്ലാ മൂന്നു വര്‍ഷത്തിലും സംഘത്തില്‍ വിവിധ ചുമതലകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാറുണ്ട്. സര്‍സംഘചാലകന്‍ ഒഴിച്ചുള്ള എല്ലാ ചുമതലകളും തെരഞ്ഞെടുക്കപ്പെടുന്നവരോ നിര്‍ദ്ദേശിക്കപ്പെടുന്നവരോ ആണ് വരിക. തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഞങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥികളെ ലഭിക്കാറില്ല. ചുമതലയുടെ കാര്യത്തില്‍ എല്ലാവരും താന്‍ വേണ്ട, മറ്റൊരാളെ നോക്കൂ എന്നാണ് പറയുക. എന്നാല്‍ ഒരു ഉത്തരവാദിത്തം അല്ലെങ്കില്‍ വെല്ലുവിളി ഏറ്റെടുക്കാന്‍ എല്ലാവരും ഓടിയെത്തുകയും ചെയ്യും. നമുക്കറിയാം, വിജയങ്ങള്‍ക്ക് അനേകം അവകാശികള്‍ ഉണ്ടാകും എന്നാല്‍ വീഴ്ചകള്‍ ഏറ്റെടുക്കാന്‍ ആരുമുണ്ടാകില്ല. പക്ഷെ സംഘത്തില്‍ ഇത് നേരെ തിരിച്ചാണ്. എനിക്ക് ഉത്തരവാദിത്തമുണ്ട് എന്നാല്‍ എനിക്ക് ഒരുക്രഡിറ്റും ആവശ്യമില്ല എന്നതാണ് നിലപാട്. ഇത് ഒരു ടീമാണ്, എന്തെങ്കിലും പ്രശസ്തി വരികയാണെങ്കില്‍ അത് ഈ ടീമിനാണ് വരിക, വ്യക്തികള്‍ക്കല്ല. ഇതിന് ഒരു ഔദ്യോഗിക പരിവേഷങ്ങളുമില്ലാത്ത വ്യക്തിബന്ധങ്ങള്‍ ആവശ്യമാണ്. ഇവിടെ ആര്‍ക്കും സര്‍സംഘചാലകനോട് എന്ത് ചോദ്യവും ചോദിക്കാം. രസകരമായ ഒരു ഉദാഹരണം പറയാം. ഞാന്‍ സര്‍കാര്യവാഹ് ആയപ്പോള്‍ എനിക്ക് നല്ല കൊമ്പന്‍ മീശ ഉണ്ടായിരുന്നു. ഒരിക്കല്‍ കാര്യാലയത്തില്‍ പ്രബന്ധകനായി വന്നിരുന്ന ഒരു ഒമ്പതാം ക്ലാസ്സുകാരനായ കുട്ടിയോട് ആരോ തമാശയായി, എന്റെ മീശ സ്വാഭാവിക മീശയല്ല അത് വാങ്ങിയതാണ് എന്ന് പറഞ്ഞു. അവന്‍ എന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടേ ഇരുന്നു, ഞാനും കരുതി എന്തിനാണ് ഇവന്‍ ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നത് എന്ന്. ഭക്ഷണശേഷം എന്റെ മുറിയില്‍ വന്ന അവന്‍ ഒരു ചോദ്യം ചോദിച്ചോട്ടെ എന്ന് ചോദിച്ചു. ആയിക്കോട്ടെ എന്ന് ഞാന്‍ പറഞ്ഞു. ആ കുട്ടി എന്നോട് ചോദിച്ചത് ഈ മീശ വാങ്ങിയതാണോ യാഥാര്‍ത്ഥമാണോ എന്നാണ്. ഇതൊക്കെ ഇവിടെ സംഭവിക്കാറുണ്ട്. ബാലാസാഹേബ് ദേവറസ്ജി സര്‍സംഘചാലക് ആയിരിക്കെ, അദ്ദേഹം മുറ്റത്ത് നിന്ന് അവിടെ നടക്കുന്ന ശാഖയെ വീക്ഷിക്കുകയായിരുന്നു. അപ്പോള്‍ ശാഖയില്‍ ഉണ്ടായിരുന്ന തീരെ ചെറിയ ഒരു വികൃതിക്കുട്ടി എന്തോ കുസൃതി കാണിച്ചപ്പോള്‍ മുഖ്യശിക്ഷകന്‍ അവനെ ഒന്ന് ചെറുതായി അടിച്ചു. ആ കുട്ടി പരാതി പറയാന്‍ ഓടിയെത്തിയത് സര്‍സംഘചാലകന്റെ അടുത്തായിരുന്നു. ഇതെല്ലം ഇവിടെ നടക്കുന്നത്, വ്യവസ്ഥകള്‍ക്ക് എല്ലാം അതീതമായി നമ്മളെല്ലാം സ്വയംസേവകരും സുഹൃത്തുക്കളുമാണ് എന്ന വികാരം ഉള്ളത് കൊണ്ടാണ്. ഈ അനൗപചാരികമായ ബന്ധങ്ങളാണ് സംഘത്തെ ഒരു കുടുംബമായി നിലനിര്‍ത്തുന്നത്. ഇതൊരു പരിമിതമായ കുടുംബമല്ല, പകരം സമാജത്തെ സംഘടിപ്പിക്കുന്നതരത്തില്‍ വളര്‍ന്നുകൊണ്ടേയിരിക്കുന്ന യാഥാര്‍ഥ്യമാണ്. സംഘം എന്നത് സമാജത്തിനകത്തുള്ള സംഘടനയല്ല പകരം സമാജത്തെ ഒന്നാക്കി നിര്‍ത്തുന്ന സംഘടനയാണ്.മുന്‍പ് പറഞ്ഞ ദൗത്യങ്ങള്‍ സമാജം ഏറ്റെടുക്കാത്ത കാലത്തോളം നമ്മള്‍ ഉദ്ദേശിക്കുന്ന ലക്ഷ്യപൂര്‍ത്തീകരണം സാധ്യമാവുകയില്ല. സംഘടന എത്ര ശക്തിമത്തായാലും സമാജം ഏറ്റെടുക്കുന്നില്ല എങ്കില്‍ അത് അസാധ്യമാണ്. സമാജത്തിലെ ഓരോ വ്യക്തിയും രാഷ്ട്രത്തിനു വേണ്ടി പ്രവര്‍ത്തിക്കാനും ത്യാഗം ചെയ്യാനും തയ്യാറായാല്‍ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ. അതുകൊണ്ട്, സംഘം എല്ലാവരെയും ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്നു, ആ ഹിന്ദുസമാജം ലോകത്തെ ഉള്‍ക്കൊള്ളുന്നു.
സംഘം സമാജത്തെ സംഘടിപ്പിക്കുന്നു, നല്ല വ്യക്തികളെ സൃഷ്ടിക്കുന്നു, അവര്‍ എല്ലാ കാര്യങ്ങളും ചെയ്യുന്നു. സംഘം നല്ല കാര്യങ്ങള്‍ പഠിപ്പിക്കുക മാത്രമേ ചെയ്യാറുള്ളൂ, ബലമായി മാറ്റാന്‍ ശ്രമിക്കാറില്ല. അവരവരുടെ നല്ല ഗുണങ്ങളും കരുത്തും കൊണ്ട് സ്വയം വികസിക്കാനും മാനവരാശിയുടെ വികാസത്തിന് വേണ്ടി പ്രവര്‍ത്തിക്കാനും പ്രേരിപ്പിക്കുന്നു. ഇങ്ങനെയാണ് സംഘം പ്രവര്‍ത്തിക്കുന്നത്, ഇത് ഞങ്ങളുടെ രക്തത്തിലുള്ളതാണ്. അതുകൊണ്ടാണ് അത് സമൂഹത്തിന് നല്‍കാന്‍ സാധിക്കുന്നത്. അതുകൊണ്ടാണ് സമാജത്തിന്റെ സമഗ്രനന്മക്ക് വേണ്ടി ഈ സംഘടന അത്യാവശ്യമാണെന്ന് പറയുന്നത്.
അതായത്, നല്ല വ്യക്തികള്‍ക്ക് വേണ്ടി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. അവരുടെ കഴിവുകളെ വിലയിരുത്തണം, അതിനനുസരിച്ചുള്ള ഉത്തരവാദിത്തങ്ങള്‍ അവരെ ഏല്‍പ്പിക്കണം. ആ ഉത്തരവാദിത്തങ്ങള്‍ ഫലത്തിനുവേണ്ടിയല്ല പകരം ആ വ്യക്തിയുടെ വികാസത്തിനുവേണ്ടിയാകണം. സംഘത്തില്‍ ഞങ്ങള്‍ക്ക് ചുമതലകള്‍ ലഭിക്കുന്നത് ഞങ്ങള്‍ക്ക് കഴിവുണ്ടായിട്ടല്ല, പകരം ആ ചുമതലകള്‍ ഞങ്ങളെ കഴിവുള്ളവരാക്കും എന്നത് കൊണ്ടാണ്. അങ്ങനെ ഓരോരുത്തര്‍ക്കും അനുയോജ്യമായ ചുമതലകള്‍ കൊടുത്ത് അവരെ ഉയര്‍ത്തിക്കൊണ്ടു വരുന്നു. അതുമാത്രമല്ല അവരെ ഞങ്ങള്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. രാഷ്ട്രീയത്തില്‍ ഒരാള്‍ താഴെ തട്ടില്‍ നിന്നും ഉയര്‍ന്നു വന്നാല്‍ മറ്റുള്ളവര്‍ അയാളെ എങ്ങനെയും ഒതുക്കാന്‍ ആണ് ശ്രമിക്കുക. എന്നാല്‍ സംഘത്തില്‍ ഒരിക്കലും അങ്ങനെയല്ല.
ഞാന്‍ ഒരു ബാലസ്വയംസേവകന്‍ ആയിരിക്കെ ഒരു ജില്ലാ പ്രചാരകന്‍ ഉണ്ടായിരുന്നു. അദ്ദേഹമാണ് എന്നോട് ആദ്യമായി ഡോക്ടര്‍ജിയെപ്പറ്റി പറഞ്ഞുതന്നത്. ഞാന്‍ കുസൃതികള്‍ കാട്ടിയപ്പോഴും ശാഖയില്‍ വരാതെ ഇരുന്നപ്പോഴുമെല്ലാം അദ്ദേഹം എന്നെ ശകാരിച്ചിട്ടുണ്ട്. തൊണ്ണൂറ്റൊമ്പത് വയസ്സുള്ള അദ്ദേഹം ഇപ്പോഴും നാഗ്പൂരില്‍ ഉണ്ട്. അദ്ദേഹം പ്രാന്തീയ തലത്തിലുള്ള ചുമതല വരെയേ ഇരുന്നിട്ടുള്ളൂ. പക്ഷെ ഞാന്‍ സര്‍സംഘചാലക് ആയി. പക്ഷെ അതില്‍ അദ്ദേഹത്തിന് ഒരു വിഷമവുമില്ല, ഞങ്ങള്‍ ഇപ്പോഴും നല്ല ബന്ധം തുടരുന്നു. അദ്ദേഹം എന്റെ ജില്ലാ പ്രചാരകനായിരുന്നു എന്ന് ഒരിടത്തും പറയാറില്ല. നമ്മള്‍ വളര്‍ത്തിക്കൊണ്ടുവന്ന ഒരു സ്വയംസേവകന്‍ ഉയരങ്ങളിലേക്ക് പോകുമ്പോഴുള്ള സംതൃപ്തി പറഞ്ഞറിയിക്കാന്‍ പ്രയാസമാണ്.
ഇങ്ങനെയൊക്കെയാണ് സംഘം പ്രവര്‍ത്തിക്കുന്നത്. ഇതിലെത്ര ശാസ്ത്രമുണ്ടന്ന് എനിക്കറിയില്ല. പക്ഷെ എല്ലാ ശാസ്ത്രത്തിലും കുറച്ചു കല വേണം എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുപോലെ എല്ലാ കലയിലും ശാസ്ത്രവും വേണം. സത്യം, ശിവം, സുന്ദരം എന്ന ആപ്തവാക്യം അറിയാമല്ലോ. സത്യം എന്നത് ശാസ്ത്രമാണെങ്കില്‍ കല സുന്ദരമാണ്, ഇവ പരസ്പരപൂരകമാകുമ്പോഴാണ് ശിവം എന്ന അവസ്ഥയില്‍ എത്തുക. ഇങ്ങനെയുള്ള, ലോകസംഗ്രഹം എന്ന ആദര്‍ശത്തില്‍ ഉറച്ചു, സമ്പര്‍ക്കങ്ങളിലൂടെ സുഹൃത്തുക്കളെ സൃഷ്ടിച്ചാണ് സംഘം പ്രവര്‍ത്തിക്കുന്നത്. ഇങ്ങനെയാണ് ഞങ്ങള്‍ ഹൃദയങ്ങളിലേക്ക് ചേക്കേറുന്നത്, ഇങ്ങനെയാണ് മറ്റുള്ളവര്‍ ഞങ്ങളുടെ ഹൃദയങ്ങളിലേക്ക് വരുന്നതും. സംസാരിക്കാതെ തന്നെ മറ്റുള്ളവരുടെ ചിന്തകളും മനസ്സുകളും അറിയുന്നു..അങ്ങനെയാണ് ഞങ്ങള്‍ സമ്പര്‍ക്കം ചെയ്യുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്. ചെറിയ പ്രവൃത്തികളിലൂടെ ഞങ്ങള്‍ സംസ്‌കാരത്തിന്റെ പാഠങ്ങള്‍ പകരുന്നു, അത് സ്വഭാവമായി മാറുന്നു, സ്വഭാവം ഗുണങ്ങളായി മാറുന്നു, ഗുണങ്ങള്‍ സംസ്‌കാരമായി മാറുന്നു. ഇങ്ങനെയാണ് വ്യക്തികളും അതിലൂടെ രാഷ്ട്രസ്വഭാവവും സംഘശാഖകളില്‍ രൂപപ്പെടുന്നത്. ഈ വ്യക്തികള്‍ക്ക് നമ്മള്‍ ചുമതലകള്‍ കൊടുക്കുമ്പോള്‍ അനുഭവങ്ങളിലൂടെ അയാള്‍ കൂടുതല്‍ പഠിക്കുന്നു. ക്ലാസ്സ് റൂമുകള്‍ക്ക് പുറത്ത് യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നാണ് അയാള്‍ പഠിക്കുക.
കേരളത്തില്‍ സംഘപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച ദത്തോപാന്ത് ഠേംഗ്ഡിജി എന്നോട് അദ്ദേഹത്തിന്റെ ആദ്യകാല അനുഭവം പറയുകയുണ്ടായി. കേരളത്തിലേക്ക് വരുന്നതിനു മുമ്പ് അദ്ദേഹം ചെന്നൈയിലേക്കാണ് പോയത്. അവിടെ ദാദാജി പരമാര്‍ത്ഥ് ഉണ്ടായിരുന്നു. രാവിലെ ജിടി എക്‌സ്പ്രസ്സില്‍ ചെന്നെയില്‍ ഇറങ്ങിയ അദ്ദേഹത്തോട് ഉച്ച കഴിഞ്ഞുള്ള ട്രെയിനില്‍ കേരളത്തിലേക്ക് പോകാന്‍ ദാദാജി ആവശ്യപ്പെട്ടു. അപ്പോള്‍ ഠേംഗ്ഡിജി പറഞ്ഞു, എനിക്കൊന്നുമറിയില്ല, എനിക്ക് ഭാഷയറിയില്ല, ഞാന്‍ പുതിയതാണ്.. ഞാന്‍ എങ്ങനെ പോകും. അപ്പോള്‍ ദാദാജി പറഞ്ഞ മറുപടി, അറിയില്ല എങ്കില്‍ പ്രവര്‍ത്തിച്ചു പഠിക്കുക എന്നാണ്. അങ്ങനെയാണ് സംഘം പ്രവര്‍ത്തിക്കുന്നത്. ഈ രീതി ഫലപ്രദമാണ് എന്ന് കാലം തെളിയിക്കുകയും ചെയ്തിട്ടുണ്ട്.
ഇതാണ് സംഘപ്രവര്‍ത്തനം എന്ന് പറയുന്നത്. നിങ്ങള്‍ക്കിതിനെ സംഘടനാശാസ്ത്രമെന്നു വിളിക്കാം, ശാസ്ത്രീയ കല എന്നോ കലയിലെ ശാസ്ത്രീയത എന്നോ വിശേഷിപ്പിക്കാം. എന്ത് പേരിട്ടുവിളിച്ചാലും ഈ രീതി ഫലപ്രദമായിത്തന്നെ പ്രവര്‍ത്തിക്കുന്നു. എന്തുകൊണ്ടെന്നാല്‍, സമാജസേവനം, രാഷ്ട്രത്തിന്റെ ഉന്നമനം, അതിലൂടെ ലോകസമാധാനം, മാനവരാശിയുടെ പുരോഗതി എന്നതല്ലാതെ മറ്റൊരു ലക്ഷ്യവും സംഘത്തിനില്ല.
(അവസാനിച്ചു)