കോഴിക്കോട്: കേസരിഭവനില്‍ നടത്തിവരുന്ന നവരാത്രി സര്‍ഗ്ഗോത്സവത്തിന് തുടക്കം കുറിച്ചു. കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര അര്‍ച്ചകന്‍ വിഘ്‌നേശ് അഡിഗയുടെ കാര്‍മ്മികത്വത്തില്‍ നടന്ന സാരസ്വതാര്‍ച്ചനയോടെയാണ് ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങള്‍ ആരംഭിച്ചത്.
ഒന്‍പത് ദിവസങ്ങളിലായി വിവിധ പരിപാടികളോടെയാണ് ഈ വര്‍ഷവും കേസരി ഭവനില്‍ നവരാത്രി ആഘോഷം നടക്കുന്നത്. സര്‍ഗ്ഗസംവാദങ്ങളില്‍ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പ്രഭാഷണം നടത്തും. എല്ലാ ദിവസവും വിവിധ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാവിരുന്ന്, ആഘോഷങ്ങളെ വര്‍ണ്ണാഭമാക്കും. വിദ്യാര്‍ത്ഥികള്‍ക്കായി ലളിതഗാനം, ശാസ്ത്രീയ സംഗീതം, ചിത്രരചന എന്നിവയില്‍ മത്സരങ്ങള്‍ നടത്തപ്പെടും. സാധനാശിബിരം, യോഗശിബിരം, പുസ്തകോത്സവം എന്നിവയും ആഘോഷങ്ങളുടെ ഭാഗമായുണ്ടാകും.
വിജയദശമി ദിനത്തില്‍ ആചാര്യന്മാര്‍ അക്ഷരദീക്ഷ നല്‍കി കുരുന്നുകളെ അറിവിന്റെ ലോകത്തേക്ക് ആനയിക്കും. നൃത്ത-ചിത്രകലാ വിദ്യാരംഭവും ഈ വര്‍ഷം ഉണ്ടാകുന്നതാണ്. സരസ്വതീ ദേവിയുടെ തിരുനടയില്‍ സംഗീതാര്‍ച്ചന, നൃത്താര്‍ച്ചന എന്നിവ നടത്താന്‍ കലാകാരന്മാര്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളിലേതുപോലെ വിപുലമായ നവരാത്രി ആഘോഷങ്ങളാണ് ഇത്തവണയും കേസരിഭവനില്‍ നടക്കുന്നത്.