അജയ്യമായ ആത്മചൈതന്യത്തിന്റെ ആവിഷ്‌ക്കാരത്തിലൂടെ ഭാരതത്തിന്റെ സൂര്യതേജസ്സായി കാലം ചരിത്രത്തില്‍ കുറിച്ചിട്ട അതുല്യ പ്രതിഭയായിരുന്നു ഡോ.എ.പി.ജെ. അബ്ദുള്‍കലാം.
ധര്‍മ്മസംരക്ഷണാര്‍ത്ഥം അവതാരം കൊണ്ട ശ്രീരാമചന്ദ്രന്‍ ശിവപ്രതിഷ്ഠ നടത്തിയ പുണ്യഭൂവില്‍, രാമേശ്വരത്ത് ഒരു സാധാരണ കുടുംബത്തില്‍ 1931 ഒക്‌ടോബര്‍ 15ന് ജനിച്ച അവുല്‍പക്കീര്‍ ജയ്‌നു ലബ്ദീന്‍ അബ്ദുള്‍ കലാം കഠിനപരിശ്രമത്തിലൂടെ, ദുര്‍ഘടമായ ജീവിത സാഹചര്യങ്ങളെ അതിജീവിച്ച് ആത്മസമര്‍പ്പണത്തിന്റെ പാതയില്‍ അസാധാരണമായ ഇച്ഛശക്തിയോടെ തന്റെ സ്വപ്‌നങ്ങള്‍ക്ക് അഗ്നിച്ചിറകുകള്‍ നല്‍കി ജീവിത വിജയാകാശത്തിലേക്ക് പറന്നുയര്‍ന്ന് രാഷ്ട്രത്തിന്റെ പ്രഥമ പൗരപദത്തിലെത്തിച്ചേര്‍ന്നു.
കുഞ്ഞുനാളില്‍ മനസ്സില്‍ കുറിച്ചിട്ട ലക്ഷ്യത്തിലേക്ക് ഏകാഗ്രചിത്തനായി നടന്നുകയറിയ നിതാന്ത കര്‍മ്മയോഗി. രാഷ്ട്രത്തെ സ്വജീവിതത്തിലും ജീവിതത്തെ രാഷ്ട്രത്തിലും ലയിപ്പിച്ച അതുല്യനായ ദേശസ്‌നേഹി.
1958-ല്‍ ഭാരതത്തിന്റെ പ്രതിരോധ ഗവേഷണ കേന്ദ്രത്തില്‍ നിന്നാരംഭിച്ച തന്റെ ഔദ്യോഗിക ജീവിതം 1969ല്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലൂടെ തുടര്‍ന്ന് നീണ്ട 34 വര്‍ഷക്കാലം സമര്‍പ്പിതമായ സേവനം നിര്‍വ്വഹിച്ച ഡോ. കലാം രാഷ്ട്രത്തിന്റെ മിസൈല്‍ പദ്ധതിക്ക് പുത്തന്‍ ദിശാബോധം നല്‍കി.
പിന്നീട് ഭാരതസര്‍ക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവായും 2002 മുതല്‍ 2007 വരെയുള്ള കാലഘട്ടത്തില്‍ ഭാരതത്തിന്റെ രാഷ്ട്രപതിയായും രാഷ്ട്രത്തെ സേവിക്കാനും നേതൃത്വം നല്‍കാനും സൗഭാഗ്യം സിദ്ധിച്ച അപൂര്‍വ്വ വ്യക്തിത്വമായിത്തീര്‍ന്നു ഡോ. അബ്ദുള്‍കലാം.
രാഷ്ട്രത്തിന്റെ സമഗ്രവികാസം സാധ്യമാക്കാനുള്ള ചിന്തയും സങ്കല്പങ്ങളും സമാജ മനസ്സിലേക്ക് നിരന്തരം പകര്‍ന്നു നല്‍കിയ ധിഷണാശാലിയായിരുന്നു അദ്ദേഹം. കുട്ടികളിലും യുവജനങ്ങളിലുമായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷകളത്രയും. ഭാവി ഭാരതത്തെ ചിട്ടപ്പെടുത്താനുള്ള കഴിവും കരുത്തും അവരില്‍ നിക്ഷിപ്തമാണെന്ന ബോധ്യത്തില്‍ പുതുതലമുറയുമായുള്ള സമ്പര്‍ക്കവും ആശയവിനിമയവും ജീവിതവ്രതമാക്കിയ സര്‍ഗ്ഗാത്മക ചിന്തകനായിരുന്നു അദ്ദേഹം.
ശാശ്വതമായ ജീവിത മൂല്യങ്ങളെകുറിച്ച് പുതുതലമുറയോട് നിരന്തരം സംവദിച്ചിരുന്നു ഡോ.കലാം. ഭരണാധികാരി മുതല്‍ സാധാരണക്കാരന്‍ വരെയുള്ളവരില്‍ ധര്‍മ്മനിഷ്ഠയുള്ള ജീവിതചര്യ ഉണ്ടാവുക എന്നത് പരമപ്രധാനമാണെന്നും അതിനായി ധാര്‍മ്മികമൂല്യങ്ങളെ സംബന്ധിച്ച ശരിയായ രീതിയിലുളള വിദ്യാഭ്യാസം അനിവാര്യമാണെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.
”സ്‌കൂളുകളിലും കോളേജുകളിലും ആഴ്ചയില്‍ ഒരു ദിവസം ഒരു മണിക്കൂര്‍നേരം ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തെക്കുറിച്ച സമര്‍ത്ഥനായ ഒരദ്ധ്യാപകന്റെ പ്രഭാഷണം അവശ്യം വേണ്ടതാണ്. ഇതിനെ മോറല്‍ സയന്‍സ് ക്ലാസ് എന്നുവിളിക്കാം. യുവ മനസ്സുകളില്‍ രാജ്യസ്‌നേഹവും സഹജീവി സ്‌നേഹവും വളര്‍ത്താനും യുവാക്കളുടെ മാനസികമായ ഉന്നമനത്തിനും ഇത് പ്രയോജനപ്പെടും. ധാര്‍മ്മിക മൂല്യങ്ങളെ കുറിച്ചുള്ള ശരിയായ വിദ്യാഭ്യാസം നാടിനെയും സമൂഹത്തെയും അഭിവൃദ്ധിപ്പെടുത്തും.” (ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ സൗത്ത് ഏഷ്യന്‍ ചാപ്ടറുകളുടെ റീജനല്‍ സമ്മേളനത്തിലെ പ്രസംഗം, ന്യൂദല്‍ഹി – 25-11-2005).
”ധര്‍മ്മനിഷ്ഠയോടെയുള്ള അദ്ധ്വാനമാണ് നമുക്ക് വഴി കാട്ടുന്നത്. മഹത്തായ ചിന്തകളെ പരിപോഷിപ്പിക്കുക. മഹത്തായ കര്‍മ്മങ്ങള്‍ ചെയ്യുക. ധര്‍മ്മത്തിന്റെ മാര്‍ഗ്ഗം നമ്മെ നയിക്കട്ടെ.”
ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഭാരതത്തിന്റെ ചാന്ദ്രയാന്‍ 3 ദൗത്യവിജയത്തിലെ ഏറ്റവും സന്തോഷവാനായ ഭാരതീയന്‍ ഭാരതീയ മിസൈല്‍ പദ്ധതിയുടെ പിതാവായ ഡോ. അബ്ദുള്‍കലാം ആയിരിക്കും എന്ന കാര്യം തീര്‍ച്ചയാണ്. നമ്മുടെ ബഹിരാകാശ ഗവേഷണ ദൗത്യങ്ങളോട് അത്രമാത്രം ആത്മാര്‍ത്ഥതയും സമര്‍പ്പണവും കടപ്പാടും ഉണ്ടായിരുന്നു അദ്ദേഹത്തിന്.
ആധുനികശാസ്ത്രത്തെയും ഭാരതത്തിന്റെ ആത്മീയതയെയും സമന്വയിപ്പിച്ചെടുത്ത സമഗ്ര വ്യക്തിത്വമായിരുന്നു ഡോ. കലാം. അതുകൊണ്ടാണ് ശാസ്ത്ര-സാങ്കേതികവിദ്യയും ആത്മീയതയും തമ്മിലുള്ള കൂടിച്ചേരലാണ് ഭാവിയില്‍ സംഭവിക്കാന്‍ പോകുന്നതെന്ന് ദീര്‍ഘദര്‍ശനം ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്. കൂടുതല്‍ മെച്ചമായ ഒരു ഭൗതിക ജീവിതത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ ഓരായാനാണ് സയന്‍സിന്റെ ശ്രമമെങ്കില്‍ ആത്മീയത ധര്‍മ്മനിഷ്ഠമായ ഒരു ജീവിതം നയിക്കേണ്ടതെങ്ങനെയെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നുവെന്ന വിലയിരുത്തല്‍ ആത്മീയതയും സയന്‍സും ജീവിതത്തിന്റെ അവിഭാജ്യമായ രണ്ട് ഘടകങ്ങളാണെന്ന അദ്ദേഹത്തിന്റെ ബോധ്യത്തെ സാക്ഷ്യപ്പെടുത്തുന്നതാണ്.
ഡോ.അബ്ദുള്‍കലാം വികസിത ഭാരതത്തിലേക്കുള്ള മുന്നേറ്റത്തില്‍ സ്ത്രീകളുടെ പങ്കും പ്രാധാന്യവും ഏറെയാണെന്ന ചിന്ത പലപ്പോഴായി സാമൂഹ്യശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. പ്രബുദ്ധരായ സ്ത്രീകളുടെ ചിന്തയും പ്രവര്‍ത്തനരീതിയും മൂല്യബോധവും ഒരു നല്ല കുടുംബത്തിന്റെയും നല്ല സമൂഹത്തിന്റെയും നല്ലൊരു രാഷ്ട്രത്തിന്റെയും ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്കു സഹായിക്കുമെന്നതുകൊണ്ട് രാഷ്ട്രനിര്‍മ്മാണത്തില്‍ അവര്‍ക്കുള്ള പങ്ക് സുപ്രധാനമാണെന്നും രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ നാല്‍പ്പത്തിയെട്ട് ശതമാനം വരുന്ന സ്ത്രീകളുടെ സംഭാവന ദേശീയ വികസനത്തിന് നല്‍കുന്ന പക്ഷം ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കുക എന്ന ലക്ഷ്യം നേരത്തെ നേടാന്‍ കഴിയുമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.
ഏതുരംഗത്തും കഴിവുതെളിയിക്കാന്‍ കഴിയുംവിധം സ്ത്രീകള്‍ക്ക് തുല്യമായ അവസരം നല്‍കിയിരുന്ന സുദീര്‍ഘമായ ഭാരതത്തിന്റെ പാരമ്പര്യത്തെ തന്റെ പല പ്രഭാഷണങ്ങളിലും അദ്ദേഹം അഭിമാനത്തോടെ അവതരിപ്പിക്കുകയുണ്ടായി. പുതിയ സഹസ്രാബ്ദത്തില്‍ ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും സ്ത്രീകളുടെ ഗവേഷണം ചെലുത്തുന്ന സ്വാധീനത്തെ സംബന്ധിച്ച് രണ്ടായിരത്തി അഞ്ച് നവംബര്‍ ഇരുപത്തി ഒന്നിന് ബംഗളൂരില്‍ ചെയ്ത പ്രഭാഷണം വളരെ ശ്രദ്ധേയമായിരുന്നു. ”പല വികസിത രാഷ്ട്രങ്ങളെക്കാളും നേരത്തെ ഇന്ത്യയിലെ വനിതകള്‍ക്ക് വോട്ടവകാശം ലഭിച്ചു. പുരാതന കാലത്തുപോലും ഝാന്‍സി റാണിയെയും റാണി മങ്കമ്മയെയും പോലുളള പേരുകേട്ട പോരാളികളും ഭരണാധികാരികളും ഇവിടെ ഉണ്ടായിരുന്നു. പൗരാണിക ഭാരതത്തില്‍ ശാസ്ത്രത്തിനും തത്വചിന്തയ്ക്കും വിലപ്പെട്ട സംഭാവന നല്‍കിയ വനിതകളാണ് മൂവായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പു ജീവിച്ചിരുന്ന ഗാര്‍ഗിയും, 12-ാം നൂറ്റാണ്ടിലെ ലീലാവതിയും മൈത്രേയിയും മറ്റും. വിദേശാധിപത്യത്തില്‍ ഇന്ത്യന്‍ സ്ത്രീത്വം പൊതുവെ അസ്വതന്ത്രമായിരുന്നെങ്കിലും, സ്വാതന്ത്ര്യലബ്ധിക്കുശേഷം ഒരു ഉയിര്‍ത്തെഴുന്നേല്പ് കാണാനുണ്ട്.”
സ്ത്രീശാക്തീകരണം സംബന്ധിച്ച് ഡോ.കലാമിന്റെ സങ്കല്പങ്ങളുടെ സാഫല്യമാണ് യഥാര്‍ത്ഥത്തില്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ചേര്‍ന്ന ആദ്യ സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട വനിതാസംവരണബില്‍. പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസ്സാക്കപ്പെട്ടതോടെ അത് നിയമമായിക്കഴിഞ്ഞു. ഭാവിഭാരതത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കപ്പെടാന്‍ പോകുന്നത് പെണ്‍കരുത്തിലായിരിക്കും എന്നത് അത്യന്തം അഭിമാനകരവും പുരോഗമനപരവുമാണ്. രാഷ്ട്രനിര്‍മ്മാണത്തില്‍ ഭാഗഭാക്കാവാന്‍ സ്ത്രീകള്‍ ആവേശപൂര്‍വ്വം മുന്നോട്ടുവരുമെന്നുള്ള ഡോ.അബ്ദുള്‍ കലാമിന്റെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുന്ന സന്ദര്‍ഭം കൂടിയാണിത്.
അചഞ്ചലമായ രാഷ്ട്രഭക്തിയില്‍ അധിഷ്ഠിതമായിരുന്നു ഡോ.കലാമിന്റെ ജീവിതം. ഏതൊരു വ്യക്തിയെക്കാളും സംഘടനയെക്കാളും വലുതാണ് രാഷ്ട്രമെന്ന സുവ്യക്തമായ കാഴ്ചപ്പാടാണ് അദ്ദേഹം എല്ലായ്‌പ്പോഴും മുന്നോട്ടുവച്ചത്. അതുകൊണ്ടുതന്നെ ‘വികസിത ഇന്ത്യ’ എന്നത് ഊണിലും ഉറക്കത്തിലും ഉരുവിട്ടുകൊണ്ടിരുന്ന മന്ത്രമായി മാറി. ഉയര്‍ന്ന പൗരബോധവും അതിവിപുലമായ മനുഷ്യ വിഭവശേഷിയുടെ വിനിയോഗവും രാഷ്ട്ര വികസനത്തിന്റെ അനിവാര്യഘടകങ്ങളായി കരുതിയിരുന്നു അദ്ദേഹം. ഏതൊരു രാഷ്ട്രത്തിനും അവിടുത്തെ പൗരന്മാരുടെ ഗുണങ്ങളാണ് ഉണ്ടാവുകയെന്നും അവരുടെ സംസ്‌കാരവും മൂല്യങ്ങളും വ്യക്തിവൈശിഷ്ട്യങ്ങളും രാഷ്ട്രത്തിന്റെ സഹജസ്വഭാവത്തില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. സത്യസന്ധത, ആത്മാര്‍ത്ഥത, സഹിഷ്ണുത എന്നീ ഗുണങ്ങള്‍ ദൈനംദിന ജീവിതത്തില്‍ നാമെല്ലാവരും ശീലിക്കണം. അപ്പോള്‍ മാത്രമാണ് നമ്മുടെ രാഷ്ട്രീയം രാഷ്ട്ര തന്ത്രജ്ഞതയുടെ നിലവാരത്തിലേക്കുയരുകയെന്ന ഉയര്‍ന്ന ജനാധിപത്യബോധത്തെയും അദ്ദേഹം സമാജചിന്തയിലെത്തിച്ചു.
തന്റെ വികസിത ഇന്ത്യയുടെ രൂപരേഖയില്‍ സമ്പല്‍സമൃദ്ധവും ആരോഗ്യമുള്ളതും സുരക്ഷിതവും സന്തുഷ്ടവും സമാധാനപൂര്‍ണ്ണവുമായ ഒരു രാഷ്ട്രത്തെ അദ്ദേഹം വിഭാവനം ചെയ്യുന്നുണ്ട്. ഈ ഭൂമിയിലെ ഏറ്റവും ആവാസയോഗ്യമായ ഒരിടവും നൂറ് കോടിയില്‍പ്പരം മുഖങ്ങളില്‍ പുഞ്ചിരി വിടര്‍ത്തുന്നതുമായ ഒരു രാഷ്ട്രം!
അസാമാന്യധിഷണാശാലിയും നിസ്വര്‍ത്ഥ രാഷ്ട്രഭക്തനുമായ ഡോ. അബ്ദുള്‍കലാമിന്റെ വികസിത ഭാരതത്തെകുറിച്ചുള്ള ഭവ്യവും ഉദാത്തവുമായ ലക്ഷ്യങ്ങളോരോന്നും പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുകയാണ് സമകാലീനഭാരതം.
ശാസ്ത്ര-സാങ്കേതിക രംഗത്തെ പുരോഗതിയും, സ്ത്രീശാക്തീകരണവും ഭാരതത്തിന്റെ ലോകനേതൃത്വപദവിയുമെല്ലാം സ്വപ്‌നം കണ്ട ആ മഹാനുഭാവന്റെ 93-ാം ജന്മദിനം ചാന്ദ്രയാന്‍ 3 ന്റെ വിജയദൗത്യം കൊണ്ടും വനിതാസംവരണനിയമത്താലും ജി-20 ഉച്ചകോടിയുടെ അഭിമാനകരമായ വിജയത്താലും സമുജ്ജ്വലമായി തീര്‍ന്നിരിക്കുന്നു.
ഡോ.കലാമിനു തുല്യം സത്യസന്ധതയും ആത്മാര്‍ത്ഥതയും അക്ഷീണമായ കര്‍മ്മകുശലതയും സര്‍വ്വോപരി അത്യഗാധമായ രാഷ്ട്രഭക്തിയും ഒത്തുചേര്‍ന്ന നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഈ നവീന ഭാരതം തന്നെ ഒരര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ ആത്മസായൂജ്യത്തിന്റെ അടയാളപ്പെടുത്തലാണ്.
കാലാകാലങ്ങളില്‍ അസാധാരണമായ അദ്ഭുത പ്രതിഭകളാല്‍ നയിക്കപ്പെടുന്നു എന്നതാണ് അമരവും അജയ്യവുമായ ഭാരതത്തിന്റെ പുണ്യം.