വീണ്ടും ഒരു മണ്ഡലകാലം സമാഗതമായിരിക്കുകയാണ്. അയ്യപ്പ ഭക്തന്മാരെ സംബന്ധിച്ച് ദശമാസങ്ങളായിട്ടുള്ള കാത്തിരിപ്പിന് വിരാമമാവുകയാണ്. അവര്‍ക്കിത് ആനന്ദത്തിന്റെ കാലഘട്ടമാണ്. കഴിഞ്ഞ വര്‍ഷത്തെ മണ്ഡല മകരവിളക്ക് ഉത്സവങ്ങള്‍ക്കുശേഷം വിഭൂതി അഭിഷേകം ചെയ്ത് രുദ്രാക്ഷമാലയണിയിച്ച് യോഗദണ്ഡുംകൊടുത്ത് അയ്യപ്പനെ ധ്യാനനിരതനാക്കി നട അടയ്ക്കുന്നതു മുതല്‍ അടുത്ത വൃശ്ചികം ഒന്ന് വരെയുള്ള കാലഘട്ടം കാത്തിരിപ്പിന്റെതാണ്. വൃശ്ചികം ഒന്നിനു തന്നെ അയ്യപ്പദര്‍ശന സൗഭാഗ്യം ലഭിക്കുന്നതിനായി കന്നിമാസം 20-22 ഓടുകൂടി മുദ്രധരിച്ച് വ്രതം തുടങ്ങുന്ന അയ്യപ്പഭക്തന്മാരുടെ എണ്ണവും വര്‍ഷാവര്‍ഷം ഗണ്യമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. വൃശ്ചികം ഒന്നിന് കോടിക്കണക്കായ അയ്യപ്പഭക്തര്‍ മുദ്രയണിഞ്ഞ് വ്രതം തുടങ്ങുമ്പോള്‍, അവരോടൊപ്പം വ്രതത്തില്‍ പങ്കുചേരുന്ന കുടുംബംഗങ്ങളുടെ എണ്ണവും കൂടി കൂട്ടുകയാണെങ്കില്‍ ഏതാണ്ട് 15 മുതല്‍ 20 കോടിയോളം ജനങ്ങള്‍ ഈ പുണ്യവേളയില്‍ ഒരു മണ്ഡലകാലം വ്രതം അനുഷ്ഠിക്കുന്നതായി നമുക്ക് ബോധ്യപ്പെടും.
സമാനതകളില്ലാത്ത, ലോകത്ത് മറ്റൊരിടത്തും കാണാനോ അനുഭവിക്കാനോ കഴിയാത്ത ഒരത്യപൂര്‍വ്വ തീര്‍ത്ഥാടനകേന്ദ്രമാണ് ശബരിമല. ഭക്തനും ദേവനും ഒന്നാകുന്ന സവിശേഷത ഇവിടെ കാണാന്‍ കഴിയും. ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്’ എന്ന ശ്രീനാരായണഗുരുദേവന്റെ മഹത് വചനം, അതിന്റെ എല്ലാ ഭാവങ്ങളും ഉള്‍ക്കൊണ്ടുകൊണ്ട് ശബരിമലയില്‍ യാഥാര്‍ത്ഥ്യമാകുന്നത് നമുക്ക് ദര്‍ശിക്കാന്‍ കഴിയും. മാനവികതയോടൊപ്പം ഏകത്വത്തെയും സമന്വയിപ്പിക്കുന്ന രീതിയിലാണ് അയ്യപ്പഭക്തി ചിട്ടപ്പെടുത്തിയിട്ടുള്ളത്. ചിരപുരാതനവും നിത്യനൂതനവുമായ സനാതന ധര്‍മ്മത്തെപോലെ പുരോഗമനാത്മകവും പരിവര്‍ത്തനാത്മകവുമായി വര്‍ത്തിക്കുകയാണ് അയ്യപ്പധര്‍മ്മവും അയ്യപ്പസങ്കല്‍പ്പവും. നാനാത്വത്തില്‍ ഏകത്വം എന്ന വാക്യത്തിന്റെ സഫലീകരണം ശബരിമല ഭക്തിപ്രസ്ഥാനത്തില്‍ നിറഞ്ഞു വിളങ്ങുകയാണ്. വ്യാവഹാരികതലത്തിലും ദാര്‍ശനികതലത്തിലും അതു ബോധ്യപ്പെടുത്തുന്നതാണ് ശബരിമലവ്രതവും തീര്‍ത്ഥാടനവും. കന്നിമൂല ഗണപതി ഭഗവാനേ ശരണമയ്യപ്പാ, ഗുരുവായൂരപ്പനേ ശരണമയ്യപ്പാ, ചോറ്റാനിക്കര അമ്മയേ ശരണയ്യപ്പാ, വൈക്കത്തപ്പനേ ശരണമയ്യപ്പാ, പഴനിമല ആണ്ടവനേ ശരണമയ്യപ്പാ എന്നീ ശരണം വിളികളിലൂടെ ഗാണപത്യവും വൈഷ്ണവവും ശാക്തേയവും ശൈവവും കൗമാരവും എത്ര ലളിതമായാണ് അയ്യപ്പധര്‍മ്മത്തില്‍ സമന്വയിക്കുന്നത്. ‘ഏകംസദ് വിപ്രാ ബഹുദാ വദന്തി:’ എന്ന മഹത് വചനത്തിന്റെ പൊരുള്‍ ശരണം വിളിക്കുന്ന അയ്യപ്പന്മാര്‍ക്ക് സ്വയം ബോധ്യപ്പെടുകയാണ്. ‘ജീവികള്‍ക്കെല്ലാമേകരൂപനാം ജീവനാകും ദേവ ദേവനാം ഭവാനായി’ – ബ്രഹ്മസ്വരൂപമായി, സച്ചിദാനന്ദ മൂര്‍ത്തിയായി ശബരിമലയില്‍ കുടിക്കൊള്ളുന്ന ഇഷ്ടദൈവമായി അഖിലാണ്ഡകോടി ബ്രഹ്മാണ്ഡനായകനേ ശരണമയ്യപ്പ എന്ന് ചങ്കുപൊട്ടും വിധം മനസ്സുരുകി വിളിച്ച് ഭജിക്കുകയാണ് അയ്യപ്പന്മാര്‍. ഒരു മണ്ഡലകാലം ഇതേ ചിന്തയോടെ അയ്യപ്പ ഭജന നടത്തി പതിനെട്ടു പടികള്‍ താണ്ടി വരുന്ന ഭക്തനോട് ആ ഭഗവാന്‍ എന്താണ് പറഞ്ഞുകൊടുക്കുന്നത്? ”നീയാണ് അയ്യപ്പന്‍! അതു നീ ആകുന്നു! തത്ത്വമസി!!”
ഈ പവിത്രമായ ഭാരതഭൂമിയില്‍ വന്നു ജന്മംകൊണ്ട ഓരോ ജീവനും അനുഷ്ഠിക്കേണ്ട കര്‍മ്മ പദ്ധതിയുടെ ലഘുപരിചയമാണ് ശബരിമല യാത്രയും അതിനോടനുബന്ധിച്ചുള്ള എല്ലാ ചടങ്ങുകളും. പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രണവിധേയമാക്കി, അഷ്ടരാഗങ്ങളില്‍ നിന്നും മുക്തനായി, ത്രിഗുണങ്ങളെയും കടന്ന് അവിദ്യയില്‍ നിന്നും വിദ്യയിലേക്കുള്ള പ്രയാണമാണ് ശബരിമലയാത്ര. അതു തന്നെയാണല്ലോ ഓരോ മനുഷ്യന്റെയും ജന്മോദ്ദേശ്യവും. ഈ പ്രയാണം ലക്ഷ്യസ്ഥാനത്തെത്താന്‍ ഒരു മാര്‍ഗദര്‍ശി ഏവര്‍ക്കും ആവശ്യമായിവരും.
ഈ മനുഷ്യജന്മത്തെ മോക്ഷപ്രദമാക്കുന്നതിലേക്കുള്ള ശബരിമല തീര്‍ത്ഥാടനപദ്ധതിയെ അയ്യപ്പഭക്തന്മാര്‍ക്ക് വേണ്ടുംവിധം ഉപദേശിച്ചുകൊടുക്കുന്ന മാര്‍ഗദര്‍ശിയുടെ സല്‍പ്രവര്‍ത്തനമാണ് ഗുരുസ്വാമികള്‍ക്ക് നിറവേറ്റാനുള്ളത്. ഗുരുസ്വാമിയില്ലാതെ ശബരിമലയാത്ര പൂര്‍ണമാകില്ല. നിര്‍ബന്ധമായും ഓരോ അയ്യപ്പനും ഗുരുസ്വാമി കൂടിയേതീരൂ. മറ്റു ക്ഷേത്രങ്ങളിലേക്കെന്ന പോലെ ഒരു ഹ്രസ്വകാല തീര്‍ത്ഥാടനത്തിലൂടെ അയ്യപ്പദര്‍ശനം നടത്തി മടങ്ങി വരാനുദ്ദേശിക്കുന്ന വ്യക്തിക്ക്, കന്നിസ്വാമിക്ക് ഒരു മണ്ഡലകാലം വ്രതം അനുഷ്ഠിക്കേണ്ട ആവശ്യകതയും പൊരുളും പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നതിലൂടെ ഗുരുസ്വാമി തന്റെ കര്‍ത്തവ്യത്തിലേക്ക് കടക്കുകയായി. അയ്യപ്പ ധര്‍മ്മത്തിലേക്ക് കൈപിടിച്ച് ആനയിച്ചുകൊണ്ടുവന്ന ആ ശിഷ്യനെ അടുത്തതായി ‘ജ്ഞാനമുദ്രാം ശാസ്തൃമുദ്രാം..’ എന്ന് മന്ത്രത്തോടെ മുദ്രാധാരണം നടത്തി വ്രതാചാരണത്തിലേക്ക് പ്രവേശിപ്പിക്കുകയാണ്. അച്ചടക്കവും ചിട്ടയും നിഷ്‌ക്കര്‍ഷിച്ച് നിത്യേന കുളി, തേവാരം, കൂട്ടശരണംവിളി, ഭജന, പൂജകളിലൂടെ പഞ്ചേന്ദ്രിയ നിയന്ത്രണങ്ങള്‍ക്കും അഷ്ടരാഗങ്ങളില്‍ നിന്ന് വിമുക്തനാകുന്നതിനും ശിഷ്യന് ഗുരു കരുത്ത് പകര്‍ന്നു നല്‍കുന്നു. ശബരിമലയും അയ്യപ്പനുമായി ബന്ധപ്പെട്ട താന്‍ അറിഞ്ഞതും അനുഭവിച്ചതുമായ കാലങ്ങളിലൂടെ ഗുരുനാഥന്‍ ശിഷ്യനെ ഭൗതികാസക്തിയില്‍ നിന്നും ആദ്ധ്യാത്മികതയുടെ പടവുകള്‍ കയറാന്‍ സഹായിക്കുകയായി. ഇരുമുടിക്കെട്ടിലൂടെയും നെയ്യഭിഷേകത്തിന്റെ താത്പര്യത്തിലൂടെയും ശിഷ്യന്റെ അകക്കണ്ണ് മെല്ലെ തുറക്കുകയായി.
ഇന്നലെവരെ സാധാരണക്കാരനില്‍ സാധാരണക്കാരനായി യാതൊരു ആധ്യാത്മിക ബോധവുമില്ലാതെ അലസമായി ജീവിച്ചുകൊണ്ടിരുന്ന ആ വ്യക്തി, തന്റെ ഒന്നാംവര്‍ഷ ശബരിമലയാത്രയോടെ എല്ലാ ജീവജാലങ്ങളിലും ഈശ്വരനെ ദര്‍ശിക്കുന്ന, ”എല്ലാം എല്ലാം അയ്യപ്പന്‍, എല്ലാര്‍ക്കും പൊരുള്‍ അയ്യപ്പന്‍” എന്ന സങ്കല്‍പ്പത്തിലേക്ക് കടക്കുകയായി. ഈ പറഞ്ഞ വ്യക്തിയെ പോലെ കലിയുഗത്തിന്റെ കരാള ഹസ്തത്തിലകപ്പെട്ടു സ്വന്തം ശരീരമനോബുദ്ധിയില്‍ അടിമപ്പെട്ട് ജീവിത ദിനങ്ങള്‍ തള്ളിനീക്കുന്ന കോടിക്കണക്കായ മാനുഷര്‍ക്ക്, സ്വഹൃദയപത്മങ്ങളില്‍ കുടികൊണ്ട് പരിലസിക്കുന്ന ആ പരമാനന്ദ സ്വരൂപത്തെ-സച്ചിദാനന്ദ മൂര്‍ത്തിയെ പരിചയപ്പെടുത്തിക്കൊടുക്കുന്ന പരിപാവനമായ തീര്‍ത്ഥയാത്രയുടെ കാലഘട്ടമാണ് മണ്ഡലകാലം. അതനുഭവിച്ചറിഞ്ഞവര്‍ അതിനുവേണ്ടി പത്തുമാസം കാത്തിരിപ്പാണ്. പിന്നീട് ആനന്ദചിത്തരായി മാലയിടുന്നു. ശബരിമലയ്ക്ക് ഇതുവരെ പോകാത്ത, അയ്യപ്പ വ്രതം അനുഷ്ഠിച്ചിട്ടില്ലാത്ത കുടുംബാംഗങ്ങളും ജാതിമതവ്യത്യാസമെന്യേ ഈ മണ്ഡലകാലത്തെ വ്രതകാലമായി അനുഷ്ഠിക്കുകയാണെങ്കില്‍ അത് ശാരീരിക തലത്തിലും മാനസികതലത്തിലും തീര്‍ച്ചയായും ചൈതന്യവര്‍ദ്ധനവിന് ഹേതുവാകും.
സൗകര്യങ്ങളുടെ അപര്യാപ്തം
കോടിക്കണക്കിന് അയ്യപ്പഭക്തര്‍ വെറും രണ്ടുമാസങ്ങളില്‍ ഒത്തുചേരുന്ന ഒരു പുണ്യസങ്കേതമാണ് ശബരിമല. പ്രധാനമായും ദക്ഷിണ ഭാരതത്തില്‍ നിന്നും അതോടൊപ്പം ഭാരതത്തിന്റെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും അയ്യപ്പഭക്തര്‍ ഇവിടേക്ക് ഒഴുകിയെത്തുകയാണ്. പ്രത്യക്ഷമായും പരോക്ഷമായും കേരള സര്‍ക്കാരിന്റെ ഖജനാവിലേക്ക് ആയിരക്കണക്കിന് കോടി രൂപ ഈ കാലയളവില്‍ മാത്രം ലഭ്യമാകുന്നുണ്ട്. പക്ഷേ ദൗര്‍ഭാഗ്യമെന്നു പറയട്ടെ, ശബരിമലയ്ക്ക് വരുന്ന അയ്യപ്പഭക്തന്മാര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കുറ്റകരമായ വീഴ്ചയാണ് ഈ സര്‍ക്കാരിന് പറ്റിയിട്ടുള്ളത്.
പൊട്ടിപ്പൊളിഞ്ഞ റോഡുകളിലൂടെയാണ് അയ്യപ്പന്മാരുടെ വാഹനങ്ങള്‍ കടന്നുവരേണ്ടത്. നിലയ്ക്കലില്‍ മതിയായ സംവിധാനങ്ങളില്ല. ശുദ്ധമായ കൂടിവെള്ള ലഭ്യതയ്ക്ക് വ്യവസ്ഥ ചെയ്തിട്ടില്ല. പല വര്‍ഷങ്ങളായി കുന്നാര്‍ഡാമിന്റെ ഉയരം അല്‍പംകൂടെ കൂട്ടണമെന്ന് പല അയ്യപ്പഭക്ത പ്രസ്ഥാനങ്ങളും മുറവിളി കൂട്ടിയിട്ടും അതൊന്നും സര്‍ക്കാരിന്റെ ചെവിയില്‍ എത്തിയിട്ടില്ല. നിലയ്ക്കലും പമ്പയിലും കക്കൂസുകളും ആവശ്യത്തിനനുസരിച്ചില്ല. കഴിഞ്ഞ വര്‍ഷത്തിലുണ്ടായ അമിതമായ വെള്ളപ്പൊക്കത്തിലൂടെ തകര്‍ന്നുപോയ പമ്പയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഭരണകൂടം അമ്പേ പരാജയപ്പെട്ടിരിക്കുന്നു. അല്‍പനേരം വിശ്രമിക്കണമെങ്കില്‍ ഹോട്ടലുകാര്‍ക്കും വഴിയോര കേന്ദ്രങ്ങളിലും അവര്‍ പറയുന്ന പണം നല്‍കേണ്ടുന്ന ഗതികേടാണ് അയ്യപ്പന്മാര്‍ക്കുള്ളത്.
ശബരിമല തീര്‍ത്ഥാടനത്തിന് സൗകര്യമൊരുക്കുന്നതില്‍ ജാഗ്രത കാണിക്കേണ്ട ഭരണകൂടം പോലീസ് സംവിധാനത്തെയും അധികാര സൗകര്യങ്ങളെയും ഉപയോഗപ്പെടുത്തി 2018-2019 മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് ശബരിമലയെയും ചുറ്റുമുള്ള മറ്റുപ്രദേശങ്ങളേയും യുദ്ധഭൂമിയാക്കി മാറ്റുകയാണ് ചെയ്തത്. ഭരണഘടന പ്രകാരം കക്ഷി രാഷ്ട്രീയങ്ങള്‍ക്കതീതമായി എല്ലാ പൗരന്മാരെയും തുല്യരായി കാണേണ്ട മന്ത്രിമാര്‍ പലരും അമ്പലത്തില്‍ കുളിച്ച് തൊഴാന്‍ പോകുന്ന സ്ത്രീകളെയും ശരണം വിളിക്കുന്ന അയ്യപ്പഭക്തന്മാരെയും ശബരിമല തന്ത്രിയെയും ശബരിമല അയ്യപ്പനെയും കുറിച്ച് പറഞ്ഞ വാക്കുകള്‍ ഓരോ അയ്യപ്പഭക്തന്റേയും മനസ്സില്‍ ഒരിക്കലും ഉണങ്ങാത്ത മുറിവുകളാണ് സമ്മാനിച്ചത്. നിരീശ്വരവാദികളും ആക്ടിവിസ്റ്റുകളുമായ സ്ത്രീകളെ മലകയറ്റാന്‍ കൊണ്ടുവന്ന സര്‍ക്കാര്‍, കോടിക്കണക്കിന് അയ്യപ്പഭക്തന്മാരുടെ വിശ്വാസങ്ങള്‍ക്ക് പുല്ലുവില കല്‍പിച്ച കാഴ്ചയും നാം കണ്ടതാണ്.
ശാന്തിയുടേയും സമാധാനത്തിന്റേയും ദിവ്യസന്ദേശം ജീവരാശികള്‍ക്ക് പകര്‍ന്നു നല്‍കുന്ന ശബരിമലയുടെ പവിത്രത സംരക്ഷിക്കാന്‍ ഭക്തജനസമൂഹത്തോടൊപ്പം സര്‍ക്കാരും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരും പോലീസുകാരും മുന്നോട്ടുവരണം. രാഷ്ട്രീയ പ്രതികാരം തീര്‍ക്കേണ്ട സ്ഥലമായി ശബരിമലയെ കാണരുത്.
ഈ വരുന്ന മണ്ഡല മകരവിളക്ക് കാലം സമാധാനപൂര്‍ണ്ണമായ ആദ്ധ്യാത്മിക ചൈതന്യം നിറഞ്ഞുവിളങ്ങുന്ന മാസങ്ങളാകട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.