ഒക്‌ടോബര്‍ 24: വിജയദശമി
ഭാരതീയ ജനത ശക്തിയെ ഉപാസിക്കുന്നവരാണ്. ഭാരതീയ സങ്കല്‍പമനുസരിച്ച് ശക്തി വിശ്വമംഗളകാരിണിയാണ്. പാശ്ചാത്യ പുരുഷ കേന്ദ്രിത സങ്കല്‍പത്തില്‍ നിന്ന് വിഭിന്നമായി ശക്തിയെ മാതൃഭാവത്തില്‍ സങ്കല്‍പം ചെയ്യുന്നവരാണ് ഭാരതീയര്‍. ശക്തിയുടെ വിജയം ആഘോഷിക്കുന്ന ഉത്സവമാണ് വിജയദശമി. അറിവിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും കര്‍മനൈപുണിയുടെയും ഭാഷയാണ് വിജയദശമി പറയുന്നത്. ഇച്ഛാശക്തിയായും ക്രിയാശക്തിയായും ജ്ഞാനശക്തിയായും അത് ഭാരത ചരിത്രത്തില്‍ പ്രകീര്‍ത്തിക്കപ്പെടുന്നു. ഭാരതീയ ശക്തിസങ്കല്പത്തിന്റെ ഈ മൂന്നു തലങ്ങള്‍ സാമാജിക ഭാവത്തിലാണ് നിലകൊള്ളുന്നത്. അതിനാല്‍ ഇതിന്റെ സ്വഭാവം സമാജത്തെ ധാരണം ചെയ്യുക എന്നതാണ്. ‘ധാരണാത് ധര്‍മമിത്യാഹുഃ’ എന്ന പ്രമാണമനുസരിച്ച് ധര്‍മ്മ സംരക്ഷണമാണ് ഭാരതീയ ശക്ത്യുപാസനയുടെ പിറകിലെ സങ്കല്‍പം. സാമാജിക ശക്തിയുടെ നിര്‍മാണത്തിലൂടെയും വിനിയോഗത്തിലൂടെയും ഉള്ള ധര്‍മ്മസംസ്ഥാപനവും ധര്‍മ്മ സംരക്ഷണവുമാണ് വിജയദശമി നല്‍കുന്ന സന്ദേശം.
നാം സങ്കല്‍പിക്കുന്ന ശക്തിയുടെ ഭാവം ലോകഹിതമാണ്, വിശ്വമംഗളമാണ്. ശിവശക്തൈ്യക്യരൂപിണിയായ ദുര്‍ഗയെയാണ് നാം ആരാധിക്കുന്നത്. ‘സര്‍വ്വഭൂതഹിതേരതാ’ എന്നതാണതിന്റെ കാഴ്ചപ്പാട്. ‘ബഹുജന ഹിതായ ബഹുജന സുഖായ’ എന്നതാണതിന്റെ വിചാരം. സനാതനധര്‍മത്തില്‍ അധിഷ്ഠിതമായതും കാലാനുസൃതമായതുമായ ജീവിത വ്യവഹാരങ്ങളിലൂടെ വ്യക്തികളിലും പ്രസ്ഥാനങ്ങളിലും പ്രവര്‍ത്തനങ്ങളിലും രൂപപ്പെടുന്ന ധാര്‍മ്മിക ബലത്തിന്റെ ഏകീകരണവും വിനിയോഗവുമാണ് ഇതിനായി ചെയ്യേണ്ട പ്രവര്‍ത്തനം. സംഘപ്രാര്‍ത്ഥനയില്‍ ഇതിനെ സംഹതാ കാര്യശക്തി എന്ന് പറയുന്നു. ഭാരതീയ സാമാജിക ജീവിതത്തില്‍ സഹജമായി കാണാന്‍ സാധിക്കുന്ന ധാര്‍മ്മിക ജീവിതത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയും ചെറിയ ചെറിയ മാതൃകകളെ സംയോജിപ്പിച്ച് ഏക ശക്തിയാക്കി മാറ്റുക എന്നതാണ് കാലം ആവശ്യപ്പെടുന്ന പ്രവര്‍ത്തനം. ഈ സജ്ജനശക്തിയെ കൂട്ടിയിണക്കാന്‍ സാധിക്കുന്ന യോഗ്യരായ വ്യക്തികളെ സാമാന്യ സമൂഹത്തില്‍ നിന്ന് നിര്‍മ്മിക്കുകയെന്നതാണ് ഇതില്‍ രാഷ്ട്രീയ സ്വയംസേവക സംഘം ചെയ്യുന്ന കാര്യം. സമാജത്തില്‍ പരക്കെയുള്ള സജ്ജന ശക്തിക്ക് പ്രേരണയും മാതൃകയുമാവാന്‍ കഴിയുന്ന തരത്തില്‍ വിചാരത്തിലും ആചാരത്തിലും ഭാരതീയത നിറഞ്ഞവര്‍ നേതൃത്വം നല്‍കുമ്പോള്‍ മാത്രമേ മേല്‍ പറഞ്ഞ സജ്ജനശക്തി വിജയശാലിയായ സംഹതാകാര്യശക്തിയായി മാറുകയുള്ളൂ. അതിനായി സ്വയം സമര്‍പ്പിച്ച വ്യക്തിത്വങ്ങളെ അതിന്റെ നിത്യസിദ്ധമായ കാര്യപദ്ധതിയിലൂടെ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനമാണ് രാഷ്ട്രീയ സ്വയംസേവക സംഘം നൂറ്റാണ്ടായി ചെയ്യുന്നത്.
ശതാബ്ദി പിന്നിടാന്‍ പോകുന്ന സംഘചരിത്രം പരിശോധിച്ചാല്‍ ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇന്ന് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സ്വയംസേവകരുടെ പങ്കാളിത്തത്തിലൂടെയും നിശ്ശബ്ദ നേതൃത്വത്തിലൂടെയുമുണ്ടായ സമാജ പരിവര്‍ത്തനത്തിന്റെ സഫല മാതൃകകള്‍ കാണാം. ഇതിന്റെ തുടര്‍ച്ചയെന്നോണം ധര്‍മ്മ സംരക്ഷണമെന്ന സാമൂഹ്യ പ്രവര്‍ത്തനം ഇന്ന് സമാജം സ്വയം ചെയ്തു തുടങ്ങിയിരിക്കുന്നു. സംഘടനകളെയും സ്ഥാപനങ്ങളെയും കൂട്ടായ്മകളെയും വ്യക്തികളെയുമെല്ലാം കേന്ദ്രീകരിച്ച് സമഗ്രവും ഭാവാത്മകവുമായ സാമാജിക പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോയ്‌ക്കൊണ്ടേയിരിക്കുന്നു. ഈ പ്രവര്‍ത്തനങ്ങളുടെയെല്ലാം ചാലകശക്തി സമാജത്തിലെ ഭാവാത്മകമായ എല്ലാ പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിക്കുന്ന, ജീവിതത്തിന്റെ എല്ലാ മേഖലകളിലും സജ്ജന ശക്തിയെ കൂട്ടിയിണക്കുന്ന വ്യക്തികള്‍ തന്നെയാണ്. അത്തരം വ്യക്തികളെ സംഘം ശാഖാ പദ്ധതിയിലൂടെ ദേശമാസകലം തയ്യാറാക്കിയെടുത്തുകൊണ്ടേയിരിക്കുന്നു. ഇത്തരം വ്യക്തികളുടെ സംഘടിതവും വിജയശാലിയായതുമായ കാര്യശക്തി ഇന്ന് ഭാരതത്തില്‍ മാത്രമല്ല മറ്റു രാജ്യങ്ങളിലും അതാതിടങ്ങളിലെ സാമൂഹ്യ സംവിധാനങ്ങള്‍ക്ക് ഹിതകാരിയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
രാഷ്ട്രത്തിന്റെ നാനാവിധങ്ങളായ ജീവിത മണ്ഡലങ്ങളെ രൂപപ്പെടുത്തുന്ന സംവിധാനങ്ങളിലും സ്ഥാപനങ്ങളിലും സമ്പ്രദായങ്ങളിലും ഇന്ന് സംഘശക്തിയുടെ പ്രഭാവത്തിലൂടെയും വിനിയോഗത്തിലൂടെയും വ്യവസ്ഥാ പരിവര്‍ത്തനം എന്ന നിലയില്‍ ശുഭോദര്‍ക്കമായ മാറ്റങ്ങള്‍ വന്നുകൊണ്ടേയിരിക്കുന്നു. ദേശമാസകലം സംഘത്തിന്റെ സാധാരണ സ്വയംസേവകരും കാര്യകര്‍ത്താക്കളും തങ്ങളുടെ ജീവിത പരിസരങ്ങളില്‍ സ്വാഭാവികമായി ചെയ്തു കൊണ്ടിരിക്കുന്ന ശ്രദ്ധേയമായ, ചെറുതും വലുതുമായ ഒട്ടനവധി പ്രവര്‍ത്തനങ്ങളിലൂടെ ദേശവ്യാപകമായ പരിവര്‍ത്തനം ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്നു. ഗതിവിധികള്‍ എന്നറിയപ്പെടുന്ന ഇത്തരം കാര്യങ്ങളിലൂടെ പരിസ്ഥിതി സംരക്ഷണം, ഗ്രാമീണ ജീവിത വികാസം, ജൈവകൃഷി, സാമൂഹ്യ സമത്വം, കൗടുംബിക ഭാവന തുടങ്ങി ഹൈന്ദവജീവിത മൂല്യങ്ങളുടെ ഭാവപൂര്‍ണമായ സ്വാധീനം ഇന്ന് അനുഭവിച്ചറിയാന്‍ സാധിക്കുന്നു.
ഈ ദൃഷ്ടികോണിലൂടെയുള്ള സംഘശക്തിയുടെ നിര്‍മ്മാണത്തിലൂടെയും വിനിയോഗത്തിലൂടെയുമാണ് ഭാരതം ഇന്ന് ലോകത്തില്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്. ഈ മുന്നേറ്റം തികച്ചും ഭാവാത്മകമാണ്. ഭാരതം ശക്തിയാര്‍ജിക്കുന്നതും വിജയശാലിയാകുന്നതും കേവലം ആത്മരക്ഷാര്‍ത്ഥമല്ല മറിച്ച് ഭാരതത്തിന് ലോകത്തിന്റെ മുന്നിലുള്ള നിയോഗം നിറവേറ്റാന്‍ വേണ്ടിയാണ്. സമ്പൂര്‍ണ ലോകവും ഒരു കുടുംബമായിത്തീരട്ടെ എന്നതാണ് ഭാരതത്തിന്റെ കാഴ്ചപ്പാട്. സമസ്ത ജീവരാശിക്കും സൗഖ്യമുണ്ടാകട്ടെ എന്നതാണ് ഭാരതം മുന്നോട്ട് വെക്കുന്ന ലോക വീക്ഷണം. ഇന്ന് കാണുന്ന വിശ്വ സങ്കടങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ഭാരതീയ ജീവിതമാതൃകക്ക് മാത്രമേ കഴിയൂ.