‘വിദ്യാഭ്യാസത്തിലൂടെ ആത്മനിര്‍ഭരത’ എന്ന ആശയത്തിലൂടെ കടന്നു പോകുമ്പോള്‍ ആദ്യം വിശകലനം ചെയ്യേണ്ടത് ഭാരത ചരിത്രത്തിലെ രണ്ടുഘട്ടങ്ങളെയാണ്. നരേന്ദ്രമോദി ഭാരതത്തിന്റെ പ്രധാനമന്ത്രിപദം അലങ്കരിക്കുന്നതിന് മുന്‍പുള്ള ഭാരതവും, അദ്ദേഹം ഭാരതത്തിന്റെ നേതൃത്വം ഏറ്റെടുത്തതിനു ശേഷമുള്ള ഭാരതവും. ഈ രണ്ടു ഘട്ടങ്ങളിലും ഭാരതത്തിന്റെ വളര്‍ച്ചയുടെ തോതുകള്‍ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചുള്ള ഒരു വിശകലനം ആവശ്യമാണ്. 2014- ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം ഭാരതപുരോഗതിയുടെ തോത് അതിദ്രുതമായി ഉയര്‍ന്നതായി കാണാം. ഈ പുരോഗതിയുടെയും വികസനത്തിന്റെയും ഒരു പ്രധാന ഘടകമാണ് ‘ആത്മ നിര്‍ഭരത’ എന്ന കാതലായ പദം. ‘സ്വയം പര്യാപ്തത’ അല്ലെങ്കില്‍ ‘സ്വദേശിവല്‍ക്കരണം’ എന്ന പവിത്രമായ ആശയത്തെയാണ് ഈ പദം പ്രതിപാദിക്കുന്നത്. സ്വന്തം ജനങ്ങളുടെ ആവശ്യത്തിനനുസരിച്ച് രാജ്യം തന്നെ ഉല്‍പാദനം നടത്തുകയും സ്വാശ്രയശീലത്തെ പരിപോഷിപ്പിക്കുകയും ചെയ്യുക എന്നു സാരം. എല്ലാ മേഖലകളിലേക്കും യുവജനങ്ങളുടെ കടന്നുവരവിനെ പ്രോത്സാഹിപ്പിക്കുകയും, അതതു മേഖലകളില്‍ യുവജനങ്ങളുടെ കഴിവും കാര്യക്ഷമതയും ഉറപ്പുവരുത്തുകയും ചെയ്യുകയും, അതോടൊപ്പം രാജ്യത്തിന്റെ ഏതൊരാവശ്യവും നിറവേറ്റത്തക്ക രീതിയിലുള്ള ഉല്‍പാദനം കാഴ്ചവയ്ക്കുക എന്നതും ഇതിന്റെ ഭാഗമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ഈ ആശയം ജനങ്ങള്‍ക്കു മുന്‍പില്‍ അവതരിപ്പിച്ചത്. ‘ആത്മനിര്‍ഭരത’ എന്ന പദം നരേന്ദ്രമോദി സര്‍ക്കാരിന്റെ ‘ആത്മനിര്‍ഭര്‍ഭാരത് അഭിയാന്‍’ എന്ന സാമ്പത്തിക വികസന പദ്ധതിയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്.
‘കൊറോണ’ എന്ന മഹാവ്യാധി ഭാരതത്തെ മാത്രമല്ല ലോകത്തെ മുഴുവന്‍ കീഴടക്കിയ സമയത്ത്, 2020 മെയ് 12 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മഹാമാരിക്കെതിരെ പോരാടുവാന്‍ ഒരു പ്രത്യേക സാമ്പത്തിക പദ്ധതി പ്രഖ്യാപിച്ചു. അതാണ് ‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍’. ഇതിന്റെ കീഴില്‍ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജുകളാണ്, ഭാരതത്തെ സ്വാശ്രയമാക്കുക എന്ന ലക്ഷ്യത്തോടുകൂടി, പ്രഖ്യാപിച്ചിട്ടുള്ളത്. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ 2020 മെയ് 13 മുതല്‍ 17 വരെ നാല് ഘട്ടങ്ങളിലായി, നിരന്തരമായ പത്രസമ്മേളനങ്ങളിലൂടെ ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തു. ഈ സ്വദേശി സങ്കല്പത്തെ അടിസ്ഥാനമാക്കിയാണ് ‘ആത്മനിര്‍ഭരത’ എന്ന ആശയം നിലവില്‍ വന്നത്. നമ്മുടെ രാജ്യത്തിനു വേണ്ട സാധനങ്ങള്‍ നമ്മള്‍ തന്നെ ഉല്പാദിപ്പിക്കുക എന്നു പറയുമ്പോള്‍ എല്ലാ മേഖലകളിലും നമ്മള്‍ കാര്യക്ഷമമായ പ്രവര്‍ത്തനം കാഴ്ചവയ്‌ക്കേണ്ടതുണ്ട്. ഒരോ മേഖലയുടെയും ഉയര്‍ച്ചയ്ക്ക്, അതതു മേഖലകളില്‍ ആവശ്യമായ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായി വ്യത്യസ്ത മേഖലയിലേക്ക് ആവശ്യമായ മാനുഷിക വിഭവങ്ങളെ എത്തിക്കേണ്ടതും ആവശ്യമാണ്. ‘സ്വാശ്രയശീലമുള്ളത്’ എന്നര്‍ത്ഥമുള്ള ആത്മനിര്‍ഭര്‍ പദ്ധതിയുടെ ആധാരശിലകളാണ് ധനലഭ്യത, ഭൂമി, തൊഴില്‍, നിയമങ്ങള്‍ എന്നിവ. എന്നാല്‍ രാജ്യത്തിന്റെ അഞ്ച് തൂണുകളായി വിശേഷിപ്പിക്കുന്നത് സമ്പദ് വ്യവസ്ഥ, ജനസംഖ്യാശാസ്ത്രം, അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാഭ്യാസം സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനം എന്നിവയാണ്. ഇതിന്റെ മുന്നോടിയായാണ് മെയ്ക്ക് ഇന്‍ ഇന്ത്യ എന്ന പദ്ധതി 2014 സപ്തംബര്‍ 25-ാം തീയതി നിലവില്‍ വന്നത്. വാഹന നിര്‍മ്മാണം, വ്യോമഗതാഗതം, രാസവളം, ബയോടെക്‌നോളജി തുടങ്ങിയ 25 മേഖലകളില്‍ നേരിട്ടുള്ള വിദേശനിക്ഷേപം നടത്തി രാജ്യത്തിന്റെ ആഭ്യന്തര ഉല്‍പാദനവും കയറ്റുമതിയും വര്‍ദ്ധിപ്പിക്കാനുള്ള ഒരു ആഗോള ആഹ്വാനമാണ് മെയ്ക്ക് ഇന്‍ ഇന്ത്യ കൊണ്ട് ലക്ഷ്യമിടുന്നത്. ഭാരതത്തെ ഒരു ആഗോള ഉല്‍പാദന കേന്ദ്രമാക്കി വികസിപ്പിച്ച് ഇറക്കുമതി ചെലവ് കുറയ്ക്കുകയും കയറ്റുമതി വരുമാനം കൂട്ടുകയും ചെയ്യുക എന്നര്‍ത്ഥം. ഒരേ ലക്ഷ്യങ്ങള്‍ തന്നെയാണ് ദേശീയ ഉത്പാദന നയവും മേക്ക് ഇന്‍ ഇന്ത്യയും ചേര്‍ന്ന് മുന്നോട്ട് വയ്ക്കുന്നത്. 2022ല്‍ മൊത്തം ഉല്പാദന മേഖലയുടെ സംഭാവന ദേശീയ വരുമാനത്തിന്റെ 25 ശതമാനമാക്കി ആ മേഖലയില്‍ നിന്നുള്ള തൊഴില്‍ സാധ്യത 10 കോടിയാക്കി ഉയര്‍ത്താനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്.
സ്റ്റാര്‍ട്ടപ്പ് സ്‌കീമുകള്‍
ഒരു രാജ്യത്തിന്റെ സമ്പത്ത് എന്ന് പറയുന്നത് ആ രാജ്യത്തെ അഭ്യസ്തവിദ്യരായ യുവജനത തന്നെയാണ് എന്ന കാര്യത്തില്‍ സംശയമില്ല. അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യ പദ്ധതി രൂപീകരിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കേന്ദ്ര സര്‍വകലാശാലകളെയും സംയോജിപ്പിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ലോകത്തിന്റെ സ്റ്റാര്‍ട്ട്അപ്പ് തലസ്ഥാനമാക്കി ഭാരതത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാര്‍ട്ട്അപ്പ് പദ്ധതി ആരംഭിച്ചത്. ഐടി മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്നതിനോടൊപ്പം സാധാരണക്കാരന്റെ ജീവിതത്തെ പ്രോത്സാഹിപ്പിക്കുവാന്‍ കഴിയുന്ന സംരംഭങ്ങളും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. വിദ്യാസമ്പന്നരായ യുവജനതയ്ക്ക് നവവ്യവസായ-വാണിജ്യ സംരംഭങ്ങള്‍ തുടങ്ങാനുള്ള സാഹചര്യം സൃഷ്ടിക്കുന്ന പദ്ധതിയാണ് സ്റ്റാര്‍ട്ട് അപ്പ്. ഇതുവഴി വിദ്യാഭ്യാസ സമ്പന്നരായ, മുന്‍ പരിചയമില്ലാത്ത വ്യക്തികള്‍ക്ക് ജോലി ചെയ്യാനുള്ള അവസരം ഈ പദ്ധതിയിലൂടെ ലഭ്യമാവുന്നു. ‘വിദ്യാഭ്യാസത്തിലൂടെ ആത്മനിര്‍ഭരത’ എന്ന ആശയത്തിലൂന്നിക്കൊണ്ടാണ് സ്റ്റാര്‍ട്ട്അപ്പ് പദ്ധതി നിലവില്‍ വന്നത്. ഇതിന്റെ ഭാഗമായി ധാരാളം നൂതന വാണിജ്യ സ്ഥാപനങ്ങള്‍ നിലവില്‍ വന്നു. രാജ്യത്തുടനീളം ഗതാഗതസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു. ഇന്ത്യയിലെ മാനുഷിക വിഭവങ്ങള്‍ ഉല്‍പാദന മേഖലയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെട്ടു. അതിനനുസൃതമായി വിദ്യാഭ്യാസ മേഖലയില്‍ ധാരാളം കോഴ്‌സുകള്‍ ആരംഭിച്ചു. ഉല്‍പാദന മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം വന്നതോടെ ഉത്പാദനത്തിന്റെ അളവ് അതിദ്രുതമായി വര്‍ദ്ധിച്ചു. അതോടൊപ്പം ഭാരതത്തിലെ യുവജനതയ്ക്ക് ഒരു ദിശാബോധം ഉരുത്തിരിഞ്ഞുവന്നു. ഭാരതത്തിലെ തന്നെ പ്രകൃതി വിഭവങ്ങളെ പരമാവധി ഉപയോഗപ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തു.
സ്വകാര്യവല്‍ക്കരണം
സ്റ്റാര്‍ട്ട്അപ്പ് പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ നിയന്ത്രണത്തിലായിരുന്ന, പല മേഖലകളെയും സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ചു. വിമാന കമ്പനിയായ എയര്‍ ഇന്ത്യയെ കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ നിന്നും ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിലൂടെ, പൊതുമേഖലാ സ്ഥാപനങ്ങളെ വിജയകരമായി സ്വകാര്യവല്‍ക്കരിക്കാന്‍ സാധിക്കുമെന്ന ദൃഢവിശ്വാസം കേന്ദ്രസര്‍ക്കാരിന് കൈവന്നു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ 2.1 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. കോവിഡ് പ്രതിസന്ധിയില്‍ ഈ കണക്കുകൂട്ടലുകള്‍ പിഴച്ചെങ്കിലും ഈ വര്‍ഷം പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിലൂടെ 1.75 ലക്ഷം കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇങ്ങനെ വിവിധ മേഖലയിലെ പുതുമേഖലാ സംരംഭങ്ങള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ സര്‍ക്കാര്‍ നീക്കമുണ്ട്. പ്രതിരോധ മേഖലയില്‍ സ്വകാര്യവല്‍ക്കരണം വന്നാല്‍ ഓഹരി വിപണിയില്‍ മുന്നേറാന്‍ സാധ്യതയുള്ള മൂന്ന് സ്ഥാപനങ്ങളുണ്ട്.
ബി.ഇ.എം.എല്‍
വൈദ്യുതി, പ്രതിരോധം, ഖനനം, റെയില്‍വേ, അടിസ്ഥാനവികസനം എന്നീ അതിപ്രധാന മേഖലകളില്‍ പ്രവര്‍ത്തനം നടത്തുന്ന പൊതുമേഖലാസ്ഥാപനമാണ് ബി.ഇ.എം.എല്‍. അതായത് ഭാരത് എര്‍ത്ത് മൂവേഴ്‌സ്. ഇപ്പോള്‍ കേന്ദ്രസര്‍ക്കാറിന്റെ 54.03 ശതമാനം ഓഹരി പങ്കാളിത്തമാണ് ഇതിലുള്ളത്. ഇതില്‍ 26% ഓഹരികള്‍ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, അശോക് ലെയ്‌ലാന്‍ഡ്, ഭാരത് ഫോര്‍ജ്, മേഘ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ കമ്പനികള്‍ ഇതില്‍പ്പെടുന്നവയാണ്. ബി.ഇ.എം.എല്‍ ലിമിറ്റഡ് ഇന്ത്യയിലും ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്കായി ഡിഫന്‍സ് &എയ്‌റോസ്‌പേസ്, മൈനിങ് &കണ്‍സ്ട്രക്ഷന്‍, റെയില്‍ ആന്‍ഡ് മെട്രോ എന്നിവയ്ക്ക് ഉല്‍പ്പന്നങ്ങളും സേവനങ്ങളും പിന്തുണയും നല്‍കുന്ന വൈവിധ്യമാര്‍ന്ന കമ്പനിയാണ്. 2022- 2023 സാമ്പത്തിക വര്‍ഷത്തില്‍ ബി.ഇ.എം.എല്‍ 18 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുന്നു. ബി.ഇ.എം.എല്‍, ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായിക്കൊണ്ട്, വിവിധ മേഖലകളിലെ സ്വദേശിവല്‍ക്കരണത്തിന്റെ നിലകള്‍ സൂചിപ്പിക്കുന്നത് ഇപ്രകാരമാണ്. പ്രതിരോധ ഉത്പന്നങ്ങള്‍ 90%, ഉയര്‍ന്ന മൊബിലിറ്റിയുള്ള വാഹനങ്ങള്‍ 75%, ഖനനവും നിര്‍മ്മാണവും 90%, റെയില്‍ ആന്‍ഡ് മെട്രോ 90%, മെട്രോ കാറുകള്‍ 65%.
മിശ്ര ധാതു നിഗം
1973ല്‍ സ്ഥാപിക്കപ്പെട്ട മിശ്രധാതുനിഗം കമ്പനിയുടെ പ്രവര്‍ത്തനം കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലാണ്. 74% കേന്ദ്രപങ്കാളിത്തമുള്ള ഈ കമ്പനി 10% സ്വകാര്യവല്‍ക്കരിക്കാനാണ് തീരുമാനം. ഓര്‍ഡിനന്‍സ് ഫാക്ടറി ബോര്‍ഡ്, ഡി.ആര്‍.ഡി.ഒ, ഐ.എസ്.ആര്‍.ഒ, ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ്,ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അറ്റോമിക് എനര്‍ജി, ലാര്‍സന്‍ &ടര്‍ബോ, മേല്‍ തുടങ്ങിയ സ്ഥാപനകള്‍ ഈ കമ്പനിയുടെ ക്ലൈന്റുമാരാണ്. നിലവിലുള്ള വിപണിയനുസരിച്ച് ഒക്ടോബര്‍ 29ന് ലാഭവിഹിതം 1.58 രൂപയായി ഉയര്‍ത്തും എന്നാണ് കമ്പനി പ്രവചിക്കുന്നത്. ഭാരതത്തിലും വിദേശത്തും സാങ്കേതികവിദ്യയുടെ പുരോഗതിക്കൊപ്പം മിധാനിയുടെ പ്രധാന ഉല്‍പ്പന്നങ്ങളായ സൂപ്പര്‍ അലോയ്ഡ്, ടൈറ്റാനിയം അലോയ്‌സ്, സ്‌പെഷ്യല്‍ സ്റ്റീല്‍സ് തുടങ്ങിയ സാമഗ്രികള്‍ വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയും അതുവഴി വര്‍ഷങ്ങളായി ഉല്‍പാദനം വര്‍ദ്ധിക്കുകയും ചെയ്യുന്നു.
ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ്
ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് എന്ന കമ്പനിയാണ് ഇന്ത്യന്‍ നാവികസേനക്കും തീരദേശ സേനയ്ക്കും കപ്പല്‍ നിര്‍മ്മിച്ചു കൊടുക്കുന്ന പൊതുമേഖലാസ്ഥാപനം. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള ഈ കമ്പനിയുടെ 74.5% ഓഹരി പങ്കാളിത്തം കേന്ദ്രസര്‍ക്കാറിന്റെതാണ്. ഇതില്‍ 10% ഓഹരികള്‍ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാനാണ് കേന്ദ്രസര്‍ക്കാറിന്റെ നീക്കം. നിലവില്‍ ഇതുവരെ 8.94 ശതമാനം നേട്ടം ഗാര്‍ഡന്‍ റിച്ച് അവകാശപ്പെടുന്നു. ലോകത്തിനു മുമ്പില്‍ സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും സൈനികപരമായും മുന്നേറുക എന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കിയ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി ഭാരതത്തിലെ വിവിധ മേഖലകളില്‍ ധാരാളം തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുന്നതോടൊപ്പം അഭ്യസ്തവിദ്യരായ മാനുഷിക വിഭവങ്ങളെ സ്വന്തം രാജ്യത്തെ സ്വദേശീകരിക്കാന്‍ ഉപയോഗപ്പെടുത്തുന്നു. വിവിധ മേഖലയിലെ പുരോഗതി, ഇവിടുത്തെ അഭ്യസ്തവിദ്യരായ യുവാക്കളെ, സ്വന്തം രാജ്യത്തിന്റെ പുരോഗതിക്കായി സേവനം ചെയ്യാന്‍ പ്രാപ്തരാക്കുന്നു. യൂറോപ്പിലും യുകെയിലും ജോലി ചെയ്യുന്ന ശാസ്ത്രജ്ഞന്മാരിലും ഡോക്ടര്‍മാരിലും ഭൂരിപക്ഷം പേരും ഭാരതീയരാണ്. കാരണം അവിടുത്തെ അടിസ്ഥാന സൗകര്യങ്ങള്‍, ശമ്പളം, അവിടുന്ന് നേടുന്ന പുതിയ അനുഭവങ്ങളും കഴിവും ഇക്കൂട്ടരെ അങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നു. യുഎസിലും യുകെയിലുമാണ് ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാര്‍ ജോലി ചെയ്യുന്നത്. ഇത്തരം വ്യക്തികളെ ഭാരതത്തില്‍ തന്നെ ഉപയോഗപ്പെടുത്തുമ്പോള്‍ ‘ആത്മനിര്‍ഭരത വിദ്യാഭ്യാസത്തിലൂടെ’ എന്ന ആശയത്തിന് പ്രാധാന്യം കൈവരുന്നു. ശാസ്ത്രം, എന്‍ജിനീയറിങ് എന്നീ മേഖലകളാണ് പ്രധാനമായും സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ടു കിടക്കുന്നത്. സാങ്കേതികവിദ്യയുടെ പ്രധാന മേഖല എന്ന് പറയുന്നത് യന്ത്രസാമഗ്രികളുടെ നിര്‍മ്മാണവും ഉപയോഗവുമാണ്. സൈനിക സാങ്കേതികവിദ്യയിലെ അതിദ്രുതമായ വളര്‍ച്ച കൂടുതല്‍ സംഹാര ശേഷിയുള്ള ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ കാരണമായി. സാങ്കേതികവിദ്യയുടെ വളര്‍ച്ച ആഗോള വ്യവസ്ഥയെ ഉള്‍പ്പെടെ മറ്റു സമ്പദ് വ്യവസ്ഥകളുടെ ഉയര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്.
മിസൈല്‍ സാങ്കേതികവിദ്യ
മിസൈല്‍ സാങ്കേതികവിദ്യയില്‍ ഭാരതം ആത്മനിര്‍ഭരത തന്നെയാണ് കാഴ്ചവയ്ക്കുന്നത് എന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വകാര്യമേഖലയുടെ പ്രധാനപ്പെട്ട ദൗത്യം എന്നു പറയുന്നതുതന്നെ വിതരണ ശൃംഖല സുരക്ഷിതമാക്കുക, സ്വാശ്രയത്തിനുള്ള സാങ്കേതികവിദ്യ ലഭ്യമാക്കുക എന്നതാണ്. പ്രതിരോധ മേഖലയില്‍ ഭാരതം സ്വാശ്രയത്വത്തിലേക്കുള്ള പാതയില്‍ തന്നെയാണ്. അതിന്റെ പ്രധാന ഉദാഹരണമാണ് സെമി ആക്ടീവ് റഡാര്‍ ഹോമിങ്ങ് (എസ്എആര്‍എച്ച്). ഇത് ഒരു സാധാരണ മിസൈല്‍ മാര്‍ഗ്ഗ നിര്‍ദേശ സംവിധാനമാണ്. ലക്ഷ്യത്തില്‍ നിന്ന് പ്രതിഫലിപ്പിക്കുന്ന സിഗ്‌നല്‍ ശ്രദ്ധിച്ച് ശരിയായ ദിശയിലേക്ക് വിരല്‍ചൂണ്ടുന്ന ഒരു സംവിധാനമാണ് ഇത്. അതുപോലെ തന്നെ ആന്റി ഷിപ്പ് ബാലിസ്റ്റിക് മിസൈല്‍ (എഎസ്ബിഎം). കടലില്‍ ഒരു യുദ്ധക്കപ്പലില്‍ പതിക്കാന്‍ രൂപകല്പന ചെയ്ത ഒരു സൈനിക ബാലിസ്റ്റിക് മിസൈല്‍ സംവിധാനമാണിത്. 2022 സപ്തംബര്‍ മാസത്തില്‍, ബംഗാള്‍ ഉള്‍ക്കടലിലെയും അറബിക്കടലിലെയും ഇന്ത്യന്‍ കരിയറുകളെ കവര്‍ ചെയ്യുന്നതിനായി വിമാന വാഹിനി കപ്പലുകള്‍ക്കെതിരെ കപ്പല്‍ വിരുദ്ധ പതിപ്പ് ഉപയോഗിച്ച് യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് കുറുകെയുള്ള ലക്ഷ്യത്തെ ആക്രമിക്കാന്‍, കര അധിഷ്ഠിത 1500 കിലോമീറ്റര്‍ (930 മൈല്‍) റെയിഞ്ച് മിസൈലിന്റെ ഡിസൈന്‍ വര്‍ക്കുകള്‍ ഡിആര്‍ഡിഒ പൂര്‍ത്തിയാക്കിയിരിക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍, പ്രതിരോധ ചിലവിലും കയറ്റുമതിയിലും എട്ടുമടങ്ങ് വര്‍ദ്ധനവ് ഉണ്ടായി. ഇന്ന് ലോകമെമ്പാടുമുള്ള 75ല്‍ അധികം രാജ്യങ്ങളിലേക്ക് ഭാരതം പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്നു. വരുംവര്‍ഷങ്ങളില്‍ ഭാരതത്തിന്റെ പ്രതിരോധ കയറ്റുമതി 5 ബില്യണ്‍ ഡോളര്‍ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്റഗ്രേറ്റഡ്, ഗൈഡഡ് മിസൈല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമിന് (ഐജിഎംഡിപി) കീഴില്‍ ആകാശ്, തൃശൂല്‍, അഗ്‌നി, നാഗ്, പൃഥ്വി എന്നീ അഞ്ചു മിസൈലുകള്‍ ഭാരതം വിജയകരമായ വികസിപ്പിച്ചെടുത്തു. കുറച്ചു വര്‍ഷങ്ങളായി മിസൈല്‍ സാങ്കേതികവിദ്യകള്‍ക്കായുള്ള നൂതന സംവിധാനങ്ങളുടേയും പ്ലാറ്റ്‌ഫോമുകളുടേയും വികസനത്തില്‍ ഭാരതത്തിന് ഒരു വന്‍ ഉയര്‍ച്ച തന്നെ ഉണ്ടായിട്ടുണ്ട്. ഇന്ന് ലോകത്തിന് മിസൈല്‍ വില്‍ക്കാന്‍ പ്രാപ്തമായി നില്‍ക്കുകയാണ് ഭാരതം. സ്വന്തം മിസൈല്‍ പദ്ധതി വികസിപ്പിക്കുന്നതിന് പല അന്താരാഷ്ട്ര സംഘടനകളില്‍ നിന്നും വിലക്കുണ്ടായിട്ടും ഇക്കാര്യത്തില്‍ ഭാരതം വിജയിച്ചു എങ്കില്‍ അത് വലിയ നേട്ടം തന്നെയാണ് എന്നതില്‍ സംശയമില്ല. 2018ലെ ഡിഫന്‍സ് പ്രൊഡക്ഷന്‍ പോളിസി (ഡി പി ആര്‍ പി 2018), ‘ആത്മനിര്‍ഭര്‍ ഭാരത്’ മിഷന്‍ ഡിഫ്‌സ്‌പേസ് തുടങ്ങിയ വിവിധ സംരംഭങ്ങള്‍ക്ക് കീഴില്‍ 411 പ്രതിരോധ ഇനങ്ങളും ഉപകരണങ്ങളും നിര്‍മ്മിക്കാന്‍ രാജ്യത്തെ വിവിധ കമ്പനികളും ഓര്‍ഗനൈസേഷനുകളും തയ്യാറായി. ഐ.ഐ.ടി മദ്രാസ്, ഐ.ഐ.ടി പട്‌ന, അമൃത വിശ്വവിദ്യാപീഠം, ഡി.എസ്.ഐ.ആര്‍-എന്‍.എ.എന്‍, സിഎസ്.ഐ.ആര്‍, സി.ജി. ആന്‍ഡ് സി.ആര്‍.ഐ, ഡി ആര്‍.ഡി.ഒ എന്നിവ ഉള്‍പ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളുമായും സി. യു. എം. ഐ സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. ഇന്‍- ഹൗസ് ആര്‍ ആന്‍ഡ്ഡി. ജോയിന്റ് ഡെവലപ്‌മെന്റ് പ്രൊജക്ടുകള്‍, (ജെഡിപികള്‍), ടോട്ടുകള്‍ എന്നിവയിലൂടെ കമ്പനി നാനോ ക്രിസ്റ്റലിന്‍ ഡയമണ്ട് കോട്ടിംഗ് സാങ്കേതികവിദ്യ, എയ്‌റോ സ്‌പേസ്, ഡിഫന്‍സ് അപ്ലിക്കേഷനുകള്‍ക്കുള്ള നേര്‍ത്ത ഫിലിം കോട്ടിംഗ് സാങ്കേതികവിദ്യ, ബോഡി/വെഹിക്കിള്‍ കവചങ്ങള്‍ക്കുള്ള ലൈറ്റ് വെയിറ്റ് സെറാമിക്‌സ് തുടങ്ങിയ സാങ്കേതികവിദ്യയും ഭാരതം വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതിനുപുറമേ സോളിഡ് ഓക്‌സൈഡ് ഫ്യുവല്‍ സെല്‍സാങ്കേതികവിദ്യയും സോളിഡോക്‌സൈഡ് ഇലക്ട്രോലൈസര്‍ സാങ്കേതികവിദ്യയും വികസിപ്പിച്ചെടുക്കുന്ന പ്രവര്‍ത്തനത്തിലുമാണ് ഭാരതം. സ്വകാര്യമേഖല ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്ന കാഴ്ചപ്പാടിലേക്ക് ഉയര്‍ന്നു വരുമ്പോള്‍ പ്രതിരോധ മേഖലയില്‍ സ്വയം പര്യാപ്തത നേടാനും മിസൈല്‍ സാങ്കേതികവിദ്യയില്‍ ആഗോള നേതാവാകാനുമുള്ള ഭാരതത്തിന്റെ നീക്കം അഭിമാനാര്‍ഹം തന്നെയാണ്.
പ്രകൃതിവാതകം, ഗതാഗതം, സംഭരണം
2030 ആകുമ്പോഴേക്കും ഭാരതത്തിന്റെ ഊര്‍ജ മിശ്രിതത്തില്‍ പ്രകൃതിവാതകത്തിന്റെ അളവ് ആറു ശതമാനത്തില്‍ നിന്ന് പതിനഞ്ച് ശതമാനം വരെ ആക്കി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഇന്ത്യന്‍ എനര്‍ജി ഔട്ട് ലുക്ക് 2021 പ്രകാരം വിഭാവനം ചെയ്ത സാഹചര്യം അനുസരിച്ച് പ്രകൃതിവാതകത്തിന്റെ ആവശ്യകത 2019- ല്‍ 63 ബി സി എമ്മില്‍ നിന്ന് 2030-ല്‍ 131 ബിസി എമ്മായി വളരുമെന്ന് കണക്കാക്കപ്പെടുന്നു. ഇക്കഴിഞ്ഞ ആറ് വര്‍ഷത്തോടെ സൗരോര്‍ജ്ജത്തിന്റെ ശേഷി ഏകദേശം 15 മടങ്ങ് വര്‍ദ്ധിച്ചു. രാജ്യത്തെ വിമാനത്താവളങ്ങളും സൗരോര്‍ജത്തില്‍ നിന്നുള്ള വൈദ്യുതി ദ്രുതഗതിയില്‍ ഉപയോഗിക്കുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 2014-ന് മുന്‍പ് ഏഴ് വിമാനത്താവളങ്ങളില്‍ മാത്രമാണ് സൗരോര്‍ജ്ജ സൗകര്യമുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് അത് 50ല്‍ അധികമായി വര്‍ദ്ധിച്ചിട്ടുണ്ട്. ശുദ്ധവും കാര്യക്ഷമവും ആയ ഊര്‍ജ്ജ സംവിധാനങ്ങള്‍, പ്രതിരോധശേഷിയുള്ള നഗര അടിസ്ഥാന സൗകര്യങ്ങള്‍, ആസൂത്രിത ഇക്കോ റീസ്റ്റോറേഷന്‍ എന്നിവ ആത്മനിര്‍ഭര്‍ ഭാരത് ക്യാമ്പയിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി 2023 ജൂണ്‍ 6ന് പരിസ്ഥിതി ദിനത്തില്‍ സംസാരിക്കവേ സൂചിപ്പിച്ചിരുന്നു.
ഭാരതത്തിന്റെ ഇറക്കുമതി സംവിധാനത്തില്‍ ഏറ്റവും കൂടുതല്‍ ചെലവ് വരുന്ന മേഖലയാണ് പെട്രോളിയം. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി, ഓയില്‍ ഇന്ത്യ ലിമിറ്റഡില്‍ ‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍’ പ്രചാരണം നടത്തുന്നതിനും തദ്ദേശീയമായി ഓയില്‍ ഫീല്‍ഡ് നിര്‍ദിഷ്ട ഉല്‍പ്പന്നം വികസിപ്പിക്കുന്നതിനുമായ ഐഎന്‍ഡിഇജി എന്ന പേരില്‍ ഒരു പുതിയ വകുപ്പ് രൂപീകരിച്ചു. ആത്മനിര്‍ഭര്‍ ഭാരത് അഭിയാനെ എല്ലാ വശങ്ങളില്‍ നിന്നും പിന്തുണയ്ക്കുക എന്നതായിരുന്നു ഈ വകുപ്പിന്റെ ഉദ്ദേശ്യം. ലോക പരിസ്ഥിതി ദിനത്തില്‍ സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്രമോദി എഥനോള്‍ മേഖലയുടെ വികാസത്തിനായി വിശദമായ റോഡ് മാപ്പ് രാജ്യം പുറത്തിറക്കിയതായി ചൂണ്ടിക്കാട്ടി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പ്രധാന ഇന്ധനമായി എഥനോള്‍ മാറിയെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതിയിലും കര്‍ഷകരുടെ ജീവിതത്തിലും എഥനോളിന് വളരെ സ്വാധീനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2014 വരെ ശരാശരി 1.5% മാത്രമേ എഥനോള്‍ പെട്രോളിയത്തില്‍ കലര്‍ത്താന്‍ കഴിയുമായിരുന്നുള്ളൂ. ഇപ്പോള്‍ 8.5% വരെ എഥനോള്‍ ചേര്‍ക്കാമെന്നായി. ഇനി 2025 ആകുമ്പോഴേക്കും പെട്രോളിയത്തില്‍ 20% എഥനോള്‍ കലര്‍ത്തുന്ന രീതിയിലേക്ക് പെട്രോളിയം മേഖല എത്തും. 2013 -14ല്‍ രാജ്യത്ത് 38 കോടി ലിറ്റര്‍ എഥനോള്‍ വാങ്ങിയത് ഇപ്പോള്‍ 320 കോടി ലിറ്ററിലേറെയായി. ഇത് കരിമ്പ് കര്‍ഷകര്‍ക്ക് വളരെയേറെ ഗുണം ചെയ്യും. പഞ്ചസാര ഉത്പാദനം കൂടുതലുള്ള സംസ്ഥാനങ്ങളില്‍ എഥനോള്‍ നിര്‍മ്മാണ യൂണിറ്റുകള്‍ കേന്ദ്രീകരിച്ചിരിക്കുന്നു.
2017 ലെ കണക്കനുസരിച്ച് രാജ്യത്തെ ഏറ്റവും കൂടുതല്‍ ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നായിരുന്നു ഭാരതം. ലോകത്തിലെ ഏറ്റവും കൂടുതല്‍ ക്രൂഡോയില്‍ കയറ്റുമതി ചെയ്യുന്ന രാജ്യം സൗദി അറേബ്യയാണ്. മുന്‍വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ക്രൂഡോയില്‍ ഇറക്കുമതി 197.9 മില്യന്‍ ടണ്‍ ആണെങ്കില്‍ 2022- 23 ആയപ്പോഴേക്കും 57.3 മില്യണ്‍ ടണ്ണായി കുറഞ്ഞു എന്നത് സൂചിപ്പിക്കുന്നത് ഭാരതത്തിന്റെ ആത്മനിര്‍ഭരതയെ തന്നെയാണ്. ഭാരതത്തിലെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉപയോഗം പരമാവധി കുറച്ച് ഇലക്ട്രിക് വാഹനങ്ങള്‍ ഇറക്കുന്നു. 2047 ഓടെ ഭാരതത്തിന് ഊര്‍ജ്ജ സ്വാതന്ത്ര്യം നേടാനാകുമെന്ന് യുഎസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വൈദ്യുത ഗതാഗതത്തിലേക്കുള്ള മാറ്റം 2047 ഓടുകൂടി ക്രൂഡോയില്‍ ഇറക്കുമതിയില്‍ 90%ത്തിലധികം ലാഭിക്കുമെന്ന് യുസി ബെര്‍ക്ക്‌ലിയിലെ ഗോള്‍ഡ് മാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് പോളിസിയില്‍ സ്ഥിതിചെയ്യുന്ന ദി ഇന്ത്യ എനര്‍ജി ആന്‍ഡ് ക്ലൈമറ്റ് സെന്ററുമായി (ഐഇസിസി) ഫെഡറല്‍ ധനസഹായത്തോടെയുള്ള ഗവേഷണ വികസന കേന്ദ്രമായ ലോറന്‍സ് ബെര്‍ക്ക്‌ലി നാഷണല്‍ ലബോറട്ടറി ‘ആത്മനിര്‍ഭര്‍ ഭാരതത്തിലേക്കുള്ള പാതകള്‍’ എന്ന റിപ്പോര്‍ട്ട് പറയുന്നു. എണ്ണ, കല്‍ക്കരി ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രാജ്യം 80-85% ഇറക്കുമതിയെ ആശ്രയിക്കുന്നു. ഇത് സമ്പദ് വ്യവസ്ഥയില്‍ പണപ്പെരുപ്പം സൃഷ്ടിക്കുന്നു. എന്നിരുന്നാലും ശുദ്ധമായ ഊര്‍ജ്ജച്ചെലവില്‍ അടുത്തിടെ ഉണ്ടായ നാടകീയമായ ഇടിവ്, പുനരുപയോഗ ഊര്‍ജ്ജം, ബാറ്ററി സംഭരണം, ഇവികള്‍, ഗ്രീന്‍ ഹൈഡ്രജന്‍ എന്നിവയിലെ നിക്ഷേപത്തിലൂടെ ഊര്‍ജ്ജ ഇറക്കുമതി കുറയ്ക്കാന്‍ ഭാരതം അവസരം ഒരുക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 2030 ഓടെ ഇരുചക്ര വാഹനങ്ങള്‍ 80 ശതമാനവും കൂടാതെ പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് വെള്ളം വിഘടിപ്പിച്ച് അഞ്ച് ദശലക്ഷം ടണ്‍ ഗ്രീന്‍ഹൈഡ്രജന്‍ ഉത്പാദനം ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. കേന്ദ്രസര്‍ക്കാറിന്റെയും കോര്‍പ്പറേറ്ററുകളുടെയും പിന്തുണയോടെ ഇന്ത്യ ഹൈഡ്രജന്‍ അധിഷ്ഠിത ഗതാഗത ആവാസവ്യവസ്ഥയ്ക്ക് തയ്യാറെടുക്കുന്നു. ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന ആദ്യ സെറ്റ് ഉത്പാദന വാഹനങ്ങള്‍ 2024 ല്‍ അല്ലെങ്കില്‍ 2025ല്‍ നമ്മുടെ നിരത്തുകളില്‍ എത്തുമെന്നു പ്രതീക്ഷിക്കുന്നു. ഒരു പൈലറ്റ് പ്രോജക്ടിന്റെ ഭാഗമായി, ടൊയോട്ടയുടെ മൂന്ന് ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ പവര്‍ കാര്‍ മിറായി ഭാരതത്തിന്റെ റോഡുകളില്‍ ഓടുന്നു. അതിലൊന്ന് ജൈവ ഇന്ധനങ്ങളുടെ ശക്തനായ വക്താവ് കൂടിയായ കേന്ദ്രമന്ത്രി നിധിന്‍ ഗഡ്ഗരിക്കൊപ്പമാണ്. 2023 ഡിസംബര്‍ ഓടുകൂടി ഭാരതത്തില ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിന്‍ പുറത്തിറക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ അമേരിക്കയ്ക്കും ചൈനയ്ക്കും മുമ്പേ ലോകത്തിനുതന്നെ അത്ഭുതമായി ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിന്‍ പുറത്തിറക്കിയിരിക്കുകയാണ് ഭാരതം.
ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇറക്കുമതിയെ ആശ്രയിക്കാത്ത ഒരു സ്വാശ്രയ ഭാരതത്തിനു വേണ്ടിയാണ് ഇതെല്ലാം. സൗരോര്‍ജ്ജം, കാറ്റ് എന്നിവയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുമ്പോള്‍ ഇറക്കുമതി കുറയ്ക്കാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല. 2030 ഓടെ 500 ജി ഡബ്ലിയുവിലധികം ഫോസില്‍ ഇതര വൈദ്യുതി ഉല്പാദനശേഷിയും 2040 ഓടെ 80 ശതമാനവും ശുദ്ധമായ ഗ്രിഡും സ്ഥാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
2035 ഓടുകൂടി പുതിയ വാഹനങ്ങള്‍ ഏതാണ്ട് നൂറുശതമാനവും വൈദ്യുതിയിലായിരിക്കും. കനത്ത വ്യാവസായിക ഉല്‍പാദനം പ്രാഥമികമായി ഹരിത ഹൈഡ്രജനിലേക്കും മാറും. ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം 2047 ഓടെ ക്രൂഡോയില്‍ ഇറക്കുമതിയില്‍ 90%ത്തിലധികം (240 ബില്യണ്‍ ഡോളര്‍) ലാഭിക്കും. അതേസമയം ഗ്രീന്‍ ഹൈഡ്രജന്‍ അധിഷ്ഠിതവും വൈദ്യുതീകരിച്ച വ്യാ വസായിക ഉത്പാദനവും വ്യാവസായിക കല്‍ക്കരി ഇറക്കുമതി 95% കുറയ്ക്കും. പുതിയ വൈദ്യുത വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനും ഗ്രിഡ് സ്‌കെയില്‍ ബാറ്ററി സംഭരണ സംവിധാനങ്ങള്‍ക്കും ആവശ്യമായ ലിഥിയം, പുതുതായി കണ്ടെത്തിയ കരുതല്‍ ശേഖരം ഉപയോഗിച്ച് ആഭ്യന്തരമായി ഉത്പാദിപ്പിക്കാന്‍ സാധിക്കും. ലിഥിയം അധിഷ്ഠിത ഉല്‍പ്പന്നങ്ങളുടേയും അസംസ്‌കൃത വസ്തുക്കളുടേയും ഇറക്കുമതി ചെലവ് ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്ന സമയത്താണ് ജമ്മു കാശ്മീരിലും രാജസ്ഥാന്റെ ചില ഭാഗങ്ങളിലും ലിഥിയം ശേഖരം കണ്ടെത്തിയെന്ന വാര്‍ത്ത പുറത്തുവരുന്നത്. ഇലക്ട്രിക്ക് കാറുകളിലും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളിലും ഉപയോഗിക്കുന്ന ബാറ്ററികളുടെ നിര്‍മാണത്തിലെ പ്രധാനിയായ ലിഥിയത്തിന്റെ ശേഖരം കണ്ടെത്തിയത് ഭാരതത്തിന് മൊത്തത്തില്‍ വളരെ നല്ല വാര്‍ത്തയാണ്. 2018 നും 2021നും ഇടയില്‍ ലിഥിയം ഇറക്കുമതി ചെയ്യുന്നതിന് ഭാരതം ഏകദേശം 3.2 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചു എന്ന് വാണിജ്യമന്ത്രാലയ ഡാറ്റ സൂചിപ്പിക്കുന്നുണ്ട്. ആണവ വൈദ്യുത നിലയങ്ങളിലും നാവിക കപ്പലുകളിലും അന്തര്‍വാഹിനികളിലും പ്രവര്‍ത്തിക്കുന്ന ആണവ റിയാക്ടറുകളിലും ഇന്ധനമായി ഉപയോഗിക്കുന്ന മൂലകമായ യുറേനിയം ഇറക്കുമതി ചെയ്യുകയായിരുന്നു. വളരെ വിലപിടിപ്പുള്ള ഈ മൂലകം വളരെ സുരക്ഷിതമായിട്ട് മാത്രമേ കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ. ഇതിന് പകരമായി തോറിയം ഇന്ധനമായി ഉപയോഗിക്കാന്‍ തുടങ്ങി. ഇത് യുറേനിയത്തേക്കാള്‍ മൂന്നിരട്ടി സമൃദ്ധവും ഭാരതത്തില്‍ സുലഭവുമാണ്. യുറേനിയം, ഫോസില്‍ ഇന്ധനങ്ങള്‍ എന്നിവയില്‍ നിന്നും ഉള്ളതിനേക്കാള്‍ കൂടുതല്‍ ഊര്‍ജ്ജം തോറിയത്തില്‍ നിന്നും ലഭ്യമായിരിക്കും. യുറേനിയത്തേക്കാള്‍ പ്രകൃതിയില്‍ തോറിയം വളരെ കൂടുതലാണ്. പ്രകൃതിദത്ത തോറിയം മിക്കവാറും എല്ലാ പാറകളിലും മണ്ണിലും ജലത്തിലും സസ്യങ്ങളിലും മൃഗങ്ങളിലും ചെറിയ അളവില്‍ കാണപ്പെടുന്നു. കേരളത്തില്‍ കൊല്ലത്ത് കരുനാഗപ്പള്ളിയില്‍ ചവറയുടെ തീരത്തുള്ള കരിമണലില്‍ നിന്നും കേരളത്തിലെ ബീച്ചുകളില്‍ നിന്നും തോറിയം വിഘടിപ്പിച്ച് ആണവ റിയാക്ടറുകളില്‍ ഇന്ധനമായി ഉപയോഗിക്കാനുള്ള ഒരു പരീക്ഷണം നടക്കുന്നുണ്ട്. അത് 90% വിജയത്തില്‍ എത്തി നില്‍ക്കുകയാണ്. അപ്പോള്‍ ഇറക്കുമതി കുറയ്ക്കുക എന്നതിലുപരി തോറിയം കയറ്റുമതി ചെയ്യാനും സാധിക്കും. കാര്‍ഷിക മേഖലയിലും നവ കണ്ടുപിടുത്തങ്ങള്‍ കാഴ്ചവയ്ക്കുകയാണ് ഭാരതം. ലംബ കൃഷിയും ജൈവകൃഷിയും ഇതിനുദാഹരണമാണ്.
ഓരോ മേഖലകള്‍ അതിന്റെ പുരോഗതി കാഴ്ചവയ്ക്കുമ്പോള്‍ നാം എടുത്ത് കാണിക്കേണ്ടത് വിദ്യാഭ്യാസ മേഖലയെ തന്നെയാണ്. ഓരോ മേഖലയുടെയും ഉയര്‍ച്ച കാഴ്ചവെക്കുന്നത് അഭ്യസ്തവിദ്യരായ യുവതലമുറയുടെ കാഴ്ചപ്പാടും കഠിനാധ്വാനവും ശേഷിയും ബുദ്ധിയുമൊക്കെ തന്നെയാണ്. ഓരോ മേഖലയുടെയും ആവശ്യങ്ങള്‍ക്ക് അനുസരിച്ച് പ്രത്യേകം വിഭാവനം ചെയ്ത കോഴ്‌സുകള്‍ പഠിച്ച്, അതിലധിഷ്ഠിതമായ ഗവേഷണങ്ങള്‍ നടത്തിയാണ് ഓരോ കണ്ടുപിടിത്തങ്ങളിലേക്കും എത്തുന്നത്. മാത്രമല്ല ആത്മനിര്‍ഭരവിദ്യാഭ്യാസത്തിലൂടെ അല്ലാതെ മറ്റെങ്ങനെ ഇതെല്ലാം നേടാന്‍ സാധിക്കും? ആത്മനിര്‍ഭരമായ ഭാരതത്തെ കെട്ടിപ്പടുക്കാന്‍ വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ എന്ന് ഭാരതത്തിന്റെ ഇത്രയും നേട്ടങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. അതുകൊണ്ട് ഭാരതത്തെ ലോകത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍, ആത്മനിര്‍ഭരമാക്കാന്‍ വിദ്യാഭ്യാസത്തിന്റെ പങ്ക് വളരെ വലുതാണ് എന്ന് നമുക്ക് അഭിമാനിക്കാം.
(ലേഖിക മലപ്പുറത്തെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്.)