2023 ജൂണ്‍ മാസത്തില്‍ കാനഡയില്‍ നടത്തിയ ഒരു വാര്‍ത്താസമ്മേളനത്തില്‍ ‘വളര്‍ന്നു കൊണ്ടിരിക്കുന്ന സിഖ് വിഘടനവാദത്തിന് കാനഡ നല്‍കുന്ന പിന്തുണ ഇരു രാജ്യത്തിന്റെയും ബന്ധത്തെ വഷളാക്കും’ എന്ന് ഭാരതത്തിന്റെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.ജൂണ്‍ മാസം നാലാം തീയതി കാനഡയിലെ ഒന്റ്റാറിയോയില്‍ ഖാലിസ്ഥാന്‍ വിഘടനവാദികള്‍ ഭാരത വിരുദ്ധ പ്രകടനം നടത്തിയത് സംബന്ധിച്ച ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഈ പ്രസ്താവന പുറത്തു വന്ന് പത്ത് ദിവസങ്ങള്‍ കഴിഞ്ഞാണ് ഖാലിസ്ഥാന്‍ വിഘടനവാദി നിജ്ജര്‍ ഗുരുദ്വാരയില്‍ അജ്ഞാതരാല്‍ കൊല്ലപ്പെടുന്നത്.
കാനഡയിലെ ഖാലിസ്ഥാനികള്‍
ഇപ്പോള്‍ നടക്കുന്ന ഭാരത- കാനഡ പ്രശ്‌നം ശരിയായ ദിശയില്‍ മനസ്സിലാക്കണമെങ്കില്‍ കാനഡയിലെ ഖാലിസ്ഥാന്‍ വിഘടനവാദികളുടെ ചരിത്രം പറഞ്ഞ് പോകാതെ കഴിയില്ല.
കാനഡയിലെ സിഖ് വിഭാഗത്തിന്റെ കുടിയേറ്റം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ കാലം മുതല്‍ക്ക് തന്നെ തുടങ്ങിയതാണ്. ബ്രിട്ടീഷ് ആര്‍മിയുടെ ഭാഗമായിരുന്ന ഒരു കൂട്ടം സിഖ് പോരാളികളാണ് കാനഡയുടെ സാധ്യതകള്‍ ആദ്യമായി കണ്ടെത്തിയത്. 1970 കളോട് അടുക്കുമ്പോള്‍ കാനഡയില്‍ സിഖ് വിഭാഗത്തിന്റെ ക്രമാതീതമായ വളര്‍ച്ച നമുക്ക് കാണാന്‍ കഴിയും. നിലവില്‍ 7,70,000 ത്തോളം സിഖ് മതസ്ഥര്‍ കാനഡയില്‍ ഉണ്ടെന്നാണ് കണക്ക്. അത് കാനഡയുടെ ജനസംഖ്യയുടെ ഏതാണ്ട് 2% വരും.
1984 ല്‍ ഇന്ദിരാഗാന്ധിയുടെ വധത്തോട് അനുബന്ധിച്ച് നടന്ന ആസൂത്രിത സിഖ് കൂട്ടകൊല ഖാലിസ്ഥാന്‍ വിഘടനവാദികള്‍ക്ക് കാനഡയില്‍ വേരുറിപ്പിച്ച് തങ്ങളുടെ ആശയങ്ങളിലേക്ക് സിഖ് യുവാക്കളെ ചേര്‍ക്കുവാന്‍ ഒരു കാരണമായി Sikhs For Justice (SFJ പോലുള്ള ഖാലിസ്ഥാന്‍ വിഘടനവാദ സംഘടനകള്‍ ഇത്തരം സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സിഖ് യുവാക്കളെ തങ്ങളുടെ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്തിരുന്നത്. കാനഡയിലെ അവരുടെ വികാസം, അവരുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് ഒന്നും കാര്യമായ വെല്ലുവിളികള്‍ കനേഡിയന്‍ സര്‍ക്കാരില്‍ നിന്നോ, സുരക്ഷാ ഏജന്‍സികളില്‍ നിന്നോ നേരിടേണ്ടി വന്നിട്ടില്ല എന്നതാണ് വാസ്തവം.
എയര്‍ ഇന്ത്യ ഫ്‌ളൈറ്റുകള്‍ക്ക് നേരെയുള്ള ബോംബാക്രമണം
1985 ജൂണ്‍ 23നാണ് ഖാലിസ്ഥാന്‍ തീവ്രവാദം എത്രമാത്രം വളര്‍ന്നു പന്തലിച്ചു എന്നത് ലോകം തിരിച്ചറിഞ്ഞത്. കാനഡയില്‍ നിന്നും ഭാരത ത്തിലേക്ക് ടേക് ഓഫ് ചെയ്ത എയര്‍ ഇന്ത്യ 182 നെ അതിന്റെ ആകാശ മാര്‍ഗ്ഗമധ്യേ ബോംബ് വെച്ച് തകര്‍ക്കുകയായിരുന്നു ഖാലിസ്ഥാന്‍ തീവ്രവാദികള്‍. 329 നിരപരാധികളായ സാധുക്കളുടെ ജീവന്‍ അപഹരിച്ച ഈ തീവ്രവാദ ആക്രമണം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എവിയേഷന്‍ ആക്രമണങ്ങളില്‍ ഒന്നാണ്. കാനഡ കണ്ട ഏറ്റവും വലിയ തീവ്രവാദ ആക്രമണങ്ങളിലൊന്നായിരുന്നു അത്. ആക്രമണത്തില്‍ ഇരയാക്കപ്പെട്ട 131 പേരുടെ മൃതേഹങ്ങള്‍ മാത്രമേ അന്ന് വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.
അതേ ദിവസം തന്നെ മറ്റൊരു എയര്‍ ഇന്ത്യാ വിമാനത്തെയും തീവ്രവാദികള്‍ ബോംബ് ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും,സാങ്കേതിക കാരണങ്ങള്‍ കൊണ്ട് ബോംബ് പ്രവര്‍ത്തനരഹിതമായി മാറിയത് വലിയൊരു ദുരന്തത്തില്‍ നിന്നും നിരപരാധികളായ ജനങ്ങളെ രക്ഷിച്ചു. ടോക്യോയില്‍ നിന്നും പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ 301 നെ ആക്രമിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ബോംബ്, ടോക്യോ എയര്‍പോര്‍ട്ടില്‍ ബാഗേജ് കൈകാര്യം ചെയ്യുന്നതിനിടയില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
ഈ ബോംബ് നിര്‍മ്മാണ പ്രക്രിയകളും, അതിന്റെ ആസൂത്രണവും ഒക്കെ നടന്നത് കാനഡയിലായിരുന്നു. ഈ ആക്രമണങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിനായി ഭാരത സര്‍ക്കാര്‍ കൃപാല്‍ കമ്മീഷനെ പില്‍ക്കാലത്ത് ചുമതലപ്പെടുത്തി. ജസ്റ്റിസ് കൃപാല്‍ നയിച്ച കമീഷന്റെ കണ്ടെത്തല്‍ പ്രകാരം ഇതെല്ലാം ഖാലിസ്ഥാന്‍ വിഘടനവാദികള്‍ ഒരു സ്വതന്ത്ര സിഖ് രാഷ്ട്രത്തിന് വേണ്ടി നടത്തിയ ഭീകര ആക്രമണങ്ങള്‍ തന്നെയായിരുന്നു എന്ന് സ്ഥിരീകരിച്ചു.
സമാനമായി സിബിഐ നടത്തിയ അന്വേഷണത്തില്‍, ഈ തീവ്രവാദി ആക്രമണങ്ങളുടെയൊക്കെ പിന്നില്‍ ഖാലിസ്ഥാന്‍ വാദികളുടെ സംഘടനയായ പഞ്ചാബിലെ ബാബര്‍ ഖത്സാ ഇന്റര്‍നാഷണല്‍ BKI) ആണെന്നും, ആക്രമണങ്ങളുടെ സൂത്രധാരന്‍ തല്‍വീന്ദര്‍ സിംഗ് ആണെന്നും കണ്ടെത്തി.
കാനഡയുടെ അനാസ്ഥകള്‍
എയര്‍ ഇന്ത്യ 182 നെ ബോംബ് വെച്ച് തകര്‍ത്തത് കാനഡ കണ്ട ഏറ്റവും വലിയ തീവ്രവാദി ആക്രമണങ്ങളില്‍ ഒന്നായിരുന്നുവെങ്കിലും പ്രസ്തുത തീവ്രവാദി ആക്രമണത്തില്‍ കുറ്റം ചുമത്തപ്പെട്ടത് ഒരാള്‍ക്ക് എതിരെ മാത്രമായിരുന്നു നടപടി ഉണ്ടായത് എന്നത് നമ്മെ അത്ഭുതപ്പെടുത്തിയേ ക്കാം. ഇന്ദ്രജിത്ത് സിംഗിന് എതിരായി കുറ്റം ചുമത്തിയത് ബോംബാക്രമണം നടന്നതിനും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് എന്നത് തന്നെ കാനഡ, ഇത്തരം ഭീകരാക്രമണങ്ങളെ എത്രമാത്രം ലാഘവത്തോടെയാണ് അന്വേഷിച്ചിരുന്നത് എന്നതിന് തെളിവാണ്. എയര്‍ ഇന്ത്യാ ഫ്‌ളൈറ്റുകളുടെ ബോംബാക്രമണത്തിന്റെ സൂത്രധാരന്‍ തല്‍വീന്ദര്‍ സിംഗ് ഒരിക്കലും ശിക്ഷിക്കപ്പെട്ടില്ല. 1992ല്‍ ഭാരതത്തിലേക്ക് മടങ്ങിയെത്തിയ തല്‍വീന്ദരിനെ വധിച്ചത് പഞ്ചാബ് പോലീസാണ്.
2006ല്‍ അന്നത്തെ കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പര്‍ ഈ ബോംബാക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മീഷ നെ നിയമിച്ചു. 2010 ല്‍ പുറത്ത് വന്ന കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗുരുതരമായ സുരക്ഷാ വീഴ്ച ആക്രമികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയതായി കണ്ടെത്തിയിട്ടുണ്ട്.
Royal Canedian Mount Police (RCMP),Canadian Security Intelligence Services (CSIS) എന്നീ രണ്ട് കനേഡിയന്‍ സുരക്ഷാ ഏജന്‍സികള്‍ക്കും തീവ്രവാദ ആക്രമണത്തെക്കുറിച്ച് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നതായി വ്യക്തമാക്കുന്നുണ്ട്.
(“The RCMP and CSIS were in possession of significant pieces of information ‘that, taken together, would have led a competent analyst to conclude that Flight 182 was at high risk of being bombed by known Sikh terrorists in June 1985’…)
(കമ്മീഷന്‍ റിപ്പോര്‍ട്ടിനേ ഉദ്ധരിച്ച് cbc news െപുറത്ത് വിട്ടത്)
റിപ്പോര്‍ട്ട് തയാറാക്കിയ ജസ്റ്റിസ് ജോണ്‍ മേയര്‍ ഇത്തരമൊരു ആക്രമണം കനേഡിയന്‍ സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് സ്ഥാപിച്ച് അതിനിശിതമായി വിമര്‍ശിക്കുന്നുണ്ട്.
(I stress this is a Canadian atrocity. For too long the greatest loss of Canadian lives at the hands of terrorists has somehow been relegated outside the Canadian consciounsess.”)
ട്രൂഡോയും ഖാലിസ്ഥാനും
2015ല്‍ ട്രൂഡോ അധികാരത്തില്‍ എത്തിയതിനു ശേഷം അദ്ദേഹത്തിന്റെ മുപ്പത് അംഗ മന്ത്രിസഭയില്‍ സിഖ് വിഭാഗത്തില്‍ നിന്നുള്ള അഞ്ച് മന്ത്രിമാര്‍ അധികാരമേല്‍ക്കുകയുണ്ടായി. പരസ്യമായ പിന്തുണ ഖാലിസ്ഥാന്‍ വിഘടനവാദികള്‍ക്ക് നല്‍കുന്ന നേതാവാണ് ജസ്റ്റിന്‍ ട്രൂഡോ എന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ശ്രദ്ധിച്ചാല്‍ നമുക്ക് തിരിച്ചറിയാന്‍ കഴിയും. ഭിന്ദ്രന്‍ വാലെയുടെയും തല്‍വീന്ദര്‍ സിംഗിന്റെയും പോസ്റ്ററുകള്‍ കാനഡയില്‍ പതിപ്പിച്ചിരിക്കുന്നത് രക്തസാക്ഷി പരിവേഷത്തോടെയാണ്. അതിനെതിരെ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊണ്ടിട്ടില്ല. ഖാലിസ്ഥാന്‍ വിഘടനവാദ റാലികളില്‍ ട്രൂഡോ പങ്കെടുത്തിട്ടുണ്ട്. ഭിന്ദ്രന്‍ വാലയെ വാഴ്ത്തിപ്പാടുന്ന ധാരാളം ചടങ്ങുകളില്‍ അദ്ദേഹം സന്നിഹിതനായിരുന്നു എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ട്രൂഡോയുടെ സര്‍ക്കാരില്‍ സഖ്യ കക്ഷിയായ New Democratic Party നേതാവ് ജഗ്മീത് സിംഗ് ‘ഖാലിസ്ഥാന്‍ മുന്നേറ്റത്തിന് ജന്മം നല്‍കിയ ഭിന്ദ്രന്‍ വാലേയെ എവിടെയൊക്കെ ബഹുമാനിക്കുന്നുവോ, അത്തരം പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ തനിക്ക് യാതൊരുവിധ മനസ്ഥാപവും ഇല്ല’ എന്ന് വ്യക്തമാക്കിയിരുന്നു. എന്നിട്ടും ഇവര്‍ക്കെതിരെ ഒരു താക്കീത് പോലും നല്‍കാത്തത് ശക്തമായ ഭാരത വിരുദ്ധതയെ പ്രോത്സാഹിപ്പിക്കുന്നതിന് കാനഡയുടെ മൗനാനുമതി ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നു.
ഉലയുന്ന നയതന്ത്രം?
ഭാരതം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ ജി-20 ഉച്ചകോടിയില്‍ ജസ്റ്റിന്‍ ട്രൂഡോയ്ക്ക് നല്‍കിയത് തണുപ്പന്‍ സ്വീകരണമായിരുന്നു. എന്ന് മാത്രമല്ല, സപ്തംബര്‍ 10ന് നരേന്ദ്രമോദി, കാനഡയില്‍ വളര്‍ന്നു വരുന്ന ഖാലിസ്ഥാന്‍ വിഘടന വാദത്തില്‍ ഭാരതത്തിന്റെ ആശങ്ക ട്രൂഡോയെ അറിയിച്ചിരുന്നു. ട്രൂഡോ സിഖ് വിഘടനവാദി കൂടിയായ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഭാരതത്തിന് പങ്ക് ഉണ്ടെന്ന് ആരോപിച്ചതിനെ തുടര്‍ന്നാണ് കാര്യങ്ങളുടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുന്നത്. തുടര്‍ന്ന് നടന്ന ഇരു രാജ്യങ്ങളുടെയും സ്ഥാനപതികളുടെ നിഷ്‌കാസനം അല്‍പ്പം ഗൗരവം കലര്‍ന്ന നിറം തന്നെയാണ് പ്രശ്‌നങ്ങള്‍ക്ക് ചാര്‍ത്തുന്നത്.
ഔദ്യോഗിക രേഖകള്‍ പ്രകാരം, ഭാരതം കാനഡയുടെ ഏറ്റവും വലിയ പത്താമത്തെ വ്യാപാര പങ്കാളിയാണ്. തിരിച്ച് ഭാരതത്തിന്റെ ആദ്യത്തെ 25 രാജ്യങ്ങളുടെ ലിസ്റ്റില്‍ പോലും കാനഡ ഇല്ല. എന്ന് മാത്രമല്ല, ഇന്ത്യന്‍ കമ്പനികള്‍ കാനഡയില്‍ ഇന്‍വെസ്റ്റ് ചെയ്തിരിക്കുന്നത് 4.92 ബില്ല്യനാണ്. അതുവഴി 17,000ത്തില്‍ പരം തൊഴിലും അവിടെ സൃഷ്ടിച്ചിട്ടുണ്ട്.
2022-23 വര്‍ഷ കാലയളവില്‍ ഭാരത – കാനഡ വ്യാപാര കരാര്‍ ഏതാണ്ട് 8.16 ബില്യണ്‍ എത്തിയിരുന്നു. അതില്‍ തന്നെ ഭാരതത്തിന്റെ കാനഡയിലേക്കുള്ള കയറ്റുമതി 4.1 ബില്യണ്‍ ആണെന്നാണ് കണക്ക്. കാനഡ ഭാരതത്തിലേക്ക് കയറ്റുമതി ചെയ്യുന്നത് 4.06 ബില്ല്യനും. ഭാരതം, മരുന്നുകള്‍, മുത്തുകള്‍, ആഭരണങ്ങള്‍, തുണിത്തരങ്ങള്‍, യന്ത്ര സാമഗ്രികള്‍ ഒക്കെയാണ് കയറ്റുമതി ചെയ്യുന്നത് എങ്കില്‍ കാനഡ തടി, പേപ്പര്‍, ഖനന വസ്തുക്കള്‍, ധാതുക്കള്‍ എന്നിവയാണ് തിരികെ കയറ്റി അയക്കുന്നത്.
കനേഡിയന്‍ ബ്യൂറോ ഫോര്‍ ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ (ഇആകഋ) പ്രകാരം 2021ല്‍ മാത്രം കാനഡയിലെ ഭാരത വിദ്യാര്‍ ത്ഥികള്‍ 4.9 ബില്യനാണ് കനേഡിയന്‍ സമ്പദ് വ്യവസ്ഥയ്ക്ക് സംഭാവന ചെയ്തത്. അതുകൊണ്ട് തന്നെ ഈ പ്രശ്‌നം അധികകാലം നീട്ടിക്കൊണ്ട് പോകുകയാണെങ്കില്‍ കാനഡയെ സംബന്ധിച്ച് നഷ്ടം മാത്രമായിരിക്കും ഫലം.
തീവ്രവാദത്തിന് എതിരായി ശക്തമായ നടപടികള്‍ തന്നെയാണ് ഭാരതം ഇനി സ്വീകരിക്കുക എന്ന വ്യക്തവും ശക്തവുമായ സന്ദേശം തന്നെയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഇന്ന് ലോകത്തിന് മുന്നില്‍ വിളിച്ച് പറയുന്നത്. ഒരു സ്ഥാനപതിയെ നിഷ്‌കാസനം ചെയ്താല്‍ പേടിച്ച് നില്‍ക്കുന്ന മൗനി ബാബമാരുടെ ഭാരതമല്ല ഇപ്പോഴത്തെ ഭാരതമെന്ന് അവസാനമായി മനസ്സിലാക്കിയ രാജ്യമായിരിക്കും കാനഡ.