നവമ്പര്‍ 9ന് രാമജന്മഭൂമി സംബന്ധിച്ച സുപ്രീംകോടതി വിധി വന്നതിനുശേഷം ആര്‍.എസ്.എസ്. സര്‍സംഘചാലക് വിധിയെ സ്വാഗതം ചെയ്തുകൊണ്ട് പത്രസമ്മേളനം നടത്തി. പത്രസമ്മേളനത്തില്‍ അദ്ദേഹം വിശദീകരിച്ച കാര്യങ്ങള്‍:
ഈ രാജ്യത്തെ ജനതയുടെ ആഗ്രഹത്തിനും ധാര്‍മികവിശ്വാസത്തിനും നീതി ലഭിക്കുന്ന വിധം ബഹുമാനപ്പെട്ട സുപ്രീംകോടതി പുറപ്പെടുവിച്ച, ശ്രീരാമജന്മഭൂമി ഹിന്ദുസമൂഹത്തിന് വിട്ടുനല്‍കിക്കൊണ്ടുള്ള വിധി രാഷ്ട്രീയ സ്വയംസേവക സംഘം പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്യുന്നു.
ദശകങ്ങള്‍ നീണ്ട നിയമനടപടികള്‍ക്കു ശേഷമാണ് സുപ്രധാനമായ ഈ അന്തിമവിധി വന്നിരിക്കുന്നത്. ഈ നീണ്ട പ്രക്രിയയില്‍ രാമജന്മഭൂമിയുമായി ബന്ധപ്പെട്ട് എല്ലാ വശങ്ങളും ബഹുമാനപ്പെട്ട കോടതി വളരെ സൂക്ഷ്മമായി പരിശോധിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് എല്ലാ കക്ഷികളുടെയും വാദങ്ങളും തര്‍ക്കങ്ങളും കോടതി വിശദമായി കേട്ടു വിലയിരുത്തി. എല്ലാ വശങ്ങളും ക്ഷമയോടെ പരിശോധിച്ച് ഈ നീണ്ട പ്രക്രിയയിലൂടെ സത്യവും നീതിയും വെളിച്ചത്തുകൊണ്ടുവന്ന എല്ലാ ന്യായാധിപന്മാര്‍ക്കും അഭിഭാഷകന്മാര്‍ക്കും ഹൃദയപൂര്‍വ്വം നന്ദി പറയുന്നു, അഭിനന്ദിക്കുന്നു.
ഈ നീണ്ട പ്രക്രിയയില്‍ വിവിധ രീതിയില്‍ പങ്കുചേര്‍ന്ന മുഴുവന്‍ സഹപ്രവര്‍ത്തകരെയും ബലിദാനികളെയും ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു. ഈ വിധി വേണ്ടവിധം നടപ്പാക്കാനും സാഹോദര്യം നിലനിര്‍ത്താനും എല്ലാവിധ തയ്യാറെടുപ്പുകളും നടത്തിയവരെ അഭിനന്ദിക്കുന്നു. വിധി അംഗീകരിക്കാനുള്ള മനഃസ്ഥിതിയുണ്ടാക്കാന്‍ സര്‍ക്കാര്‍ തലത്തിലും സാമൂഹ്യതലത്തിലും പരിശ്രമിച്ച എല്ലാവരെയും സ്വാഗതം ചെയ്യുന്നു. സംയമനത്തോടെ നീതി പുലരുമെന്ന് പ്രതീക്ഷിച്ച ഭാരതീയരും അഭിനന്ദനാര്‍ഹരാണ്.
ഈ വിധി ആരുടെയെങ്കിലും വിജയമോ പരാജയമോ ആയി കാണേണ്ടതില്ല. സത്യത്തിന്റേയും നീതിയുടേയും വിശകലനത്തിലൂടെ എത്തിച്ചേര്‍ന്ന നിഗമനത്തെ ഭാരതത്തിന്റെ ഏകാത്മതയും സാഹോദര്യവും പരിപോഷിപ്പിക്കാന്‍ നടന്ന പരിശ്രമമായി കണ്ട് പ്രയോഗത്തില്‍ വരുത്തണം. ഭരണഘടനയുടെയും നിയമത്തിന്റെയും പരിധിക്കുള്ളില്‍ നിന്നുകൊണ്ട്, തികഞ്ഞ സംയമനത്തോടെ സാത്വികമായ ആഹ്ലാദമാണ് നടത്തേണ്ടതെന്ന് സമ്പൂര്‍ണ ദേശവാസികളോടും അഭ്യര്‍ത്ഥിക്കുന്നു.
ഈ വിവാദത്തിന് പരിസമാപ്തി കുറിച്ചുകൊണ്ടുള്ള, ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ വിധിക്കനുസരിച്ച് പരസ്പരവിവാദം അവസാനിപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അതിവേഗം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ വിഷയവുമായി ബന്ധപ്പെട്ട പഴയ കാര്യങ്ങളെല്ലാം വിസ്മരിച്ചുകൊണ്ട് ശ്രീരാമജന്മഭൂമിയില്‍ ഭവ്യക്ഷേത്രം നിര്‍മ്മാണത്തില്‍ പങ്കാളികളായി നമ്മുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കാം.

2018 ഡിസംബര്‍ 7 ലക്കം കേസരിയുടെ കവര്‍. നവംബര്‍ 25ന് നാഗ്പ്പൂരില്‍ നടന്ന ഹുങ്കാര്‍ റാലിയില്‍ പൂജനീയ സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് ‘കാത്തിരിപ്പ് കഴിഞ്ഞു. ഇനി രാമക്ഷേത്രം’ എന്ന ആഹ്വാനം നല്കിയിരുന്നു. ഇതാണ് സുപ്രീംകോടതി വിധിയോടെ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്.