സ്‌കൂള്‍ മുറ്റത്തെ പേരറിയാമരത്തിനു ചുവട്ടില്‍ വെറുതെ നില്‍ക്കുകയാണു കുഞ്ഞന്‍ മാഷ്. നാലു മണിയുടെ ആരവങ്ങളില്‍ നിന്നകന്ന് സാവധാനം മുന്നോട്ടു നീങ്ങുകയാണു ഞാന്‍. മാഷെ കണ്ടതും കനലില്‍ ചവിട്ടിയതുപോലെ ഞാന്‍ പിന്മാറി. (എന്റെ സ്ഥാനത്ത് ആരാണെങ്കിലും അങ്ങനെ തന്നെ ചെയ്യും. കാരണം, ഞങ്ങള്‍ കുട്ടികള്‍ അത്രമേല്‍ പേടിച്ചിരുന്ന മാഷാണ് കുഞ്ഞന്‍ മാഷ്). ഒറ്റച്ചാട്ടത്തിനു വരാന്തയില്‍ കയറിയ ഞാന്‍ തൂണിനു പിന്നിലൊളിച്ചു.
”കുടുങ്ങിയല്ലോ, ഈശ്വരാ… ഇനിയെങ്ങനെ കോമ്പൗണ്ടിനു പുറത്തു കടക്കും.”
കൂട്ടുകാര്‍ക്കൊപ്പമാണെങ്കിലും ആരോടും മിണ്ടാതെ, എന്തെങ്കിലുമൊക്കെ ആലോചിച്ച് നേരെ വീട്ടിലേയ്ക്ക്. അതായിരുന്നു എന്റെ പതിവ്. ആ പതിവു തെറ്റാന്‍ കാരണം മുന്‍പൊരിക്കല്‍ തിരക്കില്‍പ്പെട്ടുണ്ടായ വന്‍ വീഴ്ചയാണ്. എടുത്തെറിഞ്ഞതുപോലെ എവിടെയോ പോയി വീണു! അന്ന് കൈമുട്ടിലും കാല്‍മുട്ടിലും, നീറുന്ന മരുന്ന് കുളിര്‍ക്കെ പുരട്ടുമ്പോള്‍ സ്‌നേഹവും ശകാരവും കലര്‍ന്ന സ്വരത്തില്‍ അച്ഛമ്മ പറഞ്ഞു:
”ഊക്കുള്ളോര്‍ മണ്ടിപ്പാഞ്ഞു വരുമ്പൊ ശേഷില്യാത്തോര്‍ മാറി നിക്കണം. ഉണ്ണി ഇനിയങ്ങോട്ട് കുട്യോള്‍ടെ തെരക്കൊഴിഞ്ഞിട്ടു പോന്നാ മതി.”
തൂണിന്റെ മറവില്‍ നിന്നു ഞാനെന്ന മൂന്നാം ക്ലാസ്സുകാരന്‍ മെല്ലെ തലനീട്ടി. കുഞ്ഞന്‍ മാഷ് അതേ നില്പു തന്നെ! എത്ര നേരമിങ്ങനെ ഒളിച്ചും പാത്തും കഴിയും. സ്‌കൂളിന്റെ വടക്കേ അതിര്‍ത്തി മമ്മുണ്ണിക്കയുടെ പീടികയാണ്. മുള്ളുവേലി ചാടിക്കടന്ന് പീടിക വരാന്ത വഴി വേണമെങ്കില്‍ മെയിന്‍ റോഡിലെത്താം. പക്ഷേ അതിന്റെ ‘റിസ്‌ക്’ ചെറുതല്ല. ആരെങ്കിലും കണ്ട് വീട്ടിലറിയിച്ചാല്‍പ്പിന്നെ അതു മതി. എന്തിനു മറ്റുള്ളവരെ പറയുന്നു? മമ്മുണ്ണിക്കയുടെ കണ്ണില്‍ത്തന്നെ പെടാനാണു സാധ്യത. ലുങ്കിയും കയ്യില്ലാത്ത തൂവെള്ള ബനിയനും ധരിക്കുന്ന മമ്മുണ്ണിക്കയ്ക്ക്, പീടികയില്‍ ആളൊഴിയുമ്പോള്‍ കണ്ണടയും വച്ച് മുറുക്കിച്ചുവപ്പിച്ചുള്ള ഒരിരുപ്പുണ്ട്. ആ ഇരിപ്പാണെങ്കില്‍ പിന്നെ നോക്കാനില്ല. വീട്ടില്‍, ഉമ്മറക്കോലായുടെ ഇറയത്തിരിക്കുന്ന ചൂരലിനെ ഓര്‍ത്തു ഞാന്‍ ഞെട്ടി.
കുഞ്ഞന്‍ മാഷ്ടെ ശ്രദ്ധയൊന്നു തെറ്റിയാല്‍ മതിയായിരുന്നു. ഒറ്റ ഓട്ടത്തിനു ഗെയ്റ്റു കടക്കാം. ക്ഷമ നശിച്ച ഞാന്‍ വീണ്ടും തൂണിനു പിന്നില്‍ നിന്ന് എത്തിനോക്കി. പൊടുന്നനെ….
”ഡാ….”
കനത്ത ശബ്ദം. തല ചെരിച്ച്, എന്നെത്തന്നെ നോക്കുന്ന കുഞ്ഞന്‍ മാഷ്.
”ഇവിടെ വാ…”
ശരിക്കും പെട്ടു പോയി ഞാന്‍. ഒരടി മുന്നോട്ടോ പിന്നോട്ടോ വെയ്ക്കാനാവുന്നില്ല! ഒരു മരവിപ്പ്! മാഷ് എന്തിനാണാവോ വിളിക്കുന്നത്? പോകണോ? പോകാതിരുന്നാലോ? വലിയ ദേഷ്യത്തിലാണെന്നു തോന്നുന്നു. പോയാലും അടി. പോയില്ലെങ്കിലും അടി. അല്ലെങ്കിലും പോകാതിരിക്കുന്നതെങ്ങനെ?
പട്ടാമ്പി കൊടുമുണ്ട ഗവ:സ്‌കൂളില്‍ ഞാന്‍ രണ്ടാം തരത്തില്‍ പഠിക്കുമ്പോള്‍ കുഞ്ഞന്‍ മാഷായിരുന്നു ക്ലാസ് മാഷ്. അന്നൊന്നുമില്ലാത്ത കര്‍ക്കശമായ വിളി ഇപ്പോഴെന്തിന്? ഞാനാണെങ്കില്‍ മര്യാദക്കാരനെന്ന പേരും സമ്പാദിച്ചിട്ടുണ്ട്. മടിച്ചു മടിച്ച് ഒരു വിധം ഞാന്‍ മാഷ്ടെ മുമ്പിലെത്തി. എന്നെ അടിമുടി നോക്കി, പടിഞ്ഞാറു ഭാഗത്തേയ്ക്കു കൈചൂണ്ടി മാഷ് ഒറ്റച്ചോദ്യം.
”കേരളത്തിന്റെ പടിഞ്ഞാറേ അതിര്‍ത്തി ഏതാടാ..?”
എന്റെ നെഞ്ച് ഇരമ്പിയാര്‍ത്തു. നെറ്റിയില്‍ ഉപ്പുരസം പൊടിഞ്ഞു. ആകപ്പാടെ സംഭ്രമത്തിന്റെ വേലിയേറ്റം. എനിക്കൊന്നും പറയാനാവുന്നില്ല. ഉത്തരമറിയാം… എന്നിട്ടും.
കുഞ്ഞന്‍ മാഷ് എന്റെ മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി. മാഷ്ടെ ഗൗരവം എന്നെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. പെട്ടന്നതാ… വല്ലാത്തൊരു ഭാവമാറ്റം! മാഷ് ചിരിക്കുന്നുവോ? (ക്ലാസില്‍ എല്ലാവരും ചിരിച്ചു മലര്‍ന്നപ്പോഴും മാഷ് ഒരു പൊടിക്കു പോലും ചിരിച്ചിട്ടില്ല. മൊട്ടത്തലയുമായി വന്ന ഹംസയെ വിളിച്ച് തലയില്‍ ചോക്കുകൊണ്ട് ‘എട്ട് ‘ എഴുതിയാണ് ഒരിക്കല്‍ മാഷ് ഞങ്ങളെ ചിരിയുടെ കൊടുമുടി കയറ്റിയത്. ‘എട്ടിന്റെ പണി’ കൊടുത്തതില്‍ ഹംസയ്ക്ക് തെല്ലും പരിഭവമുണ്ടായില്ലെന്നതും എടുത്തു പറയണം)
മാഷ്ടെ ചിരി സ്വപ്നത്തിലെന്ന പോലെ ഞാന്‍ കണ്ടുനിന്നു. സ്ഥലം ക്ലാസ് മുറിയല്ലെന്ന കാര്യമൊക്കെ മറന്നു. ഒന്നാം ബഞ്ചുകാരന്റെ ആവേശത്തോടെ ഞാന്‍ ഉത്തരം വിളിച്ചുപറഞ്ഞു:
‘അറബിക്കടല്‍’
‘ഉം…. പൊയ്‌ക്കോ…’ മാഷ് പുഞ്ചിരി തൂകി.
ഞാന്‍ ഓടി. നില്‍ക്കാതെ ഓടി. ഓടിയോടി വീട്ടുകോലായയില്‍ ചെന്നു നിന്നു കിതച്ചു.
ക്ലാസുകളോരോന്നായി കയറിപ്പോയപ്പോഴും കുഞ്ഞന്‍ മാഷ് എന്റെ ‘വലിയ’ മാഷായി തുടര്‍ന്നു. ഞാന്‍ സ്‌കൂള്‍ വിട്ടതും മാഷ് റിട്ടയര്‍ ചെയ്തതുമെല്ലാം ഇടയ്ക്കു സംഭവിച്ച കാര്യങ്ങള്‍. പിന്നെ പലപ്പോഴും പലയിടത്തും വച്ചു മാഷെ കണ്ടു.
”ടീച്ചര്‍ പോയത് അറിഞ്ഞില്ലേ?”
പ്രിയ പത്‌നി മീനാക്ഷി ടീച്ചറുടെ അപ്രതീക്ഷിത വിയോഗത്തിനു ശേഷം കണ്ടപ്പോള്‍ മാഷ് ചോദിച്ചത് എന്റെ മനസ്സിലെവിടെയോ തറച്ചു. വര്‍ഷങ്ങള്‍ പിന്നിട്ടു. ഇപ്പോള്‍ മാഷ് യാത്രയായത് പുതിയൊരു വാര്‍ത്തയായി ഇതാ എന്റെ മുന്‍പില്‍…..
പ്രിയപ്പെട്ട ഗുരുനാഥാ… അന്നത്തെ ആ അപൂര്‍വ്വഭാവത്തിന്റെ പൊരുള്‍ ഞാനിപ്പോള്‍ തിരിച്ചറിയുന്നു! ആ അറിവാണെന്റെ ഗുരുദക്ഷിണ.